<font face="mangal" size="3">അഞ്ചു ട്രില്യൺ സമ്പദ് വ്യവസ്ഥ: അഭിലാഷങ്ങളിൽ - ആർബിഐ - Reserve Bank of India
അഞ്ചു ട്രില്യൺ സമ്പദ് വ്യവസ്ഥ: അഭിലാഷങ്ങളിൽ നിന്ന് കർമ്മപഥങ്ങളിലേക്ക് - 2019 ഡിസംബർ 16 ന് മുംബൈയിൽ നടന്ന ഇൻഡ്യാ എക്കണോമിക് കോൺക്ലേവിൽ റിസർവ് ബാങ്ക് ഗവർണർ ശ്രീ. ശക്തികാന്തദാസ് ചെയ്ത മുഖ്യ പ്രസംഗം
ഈ പ്രഭാതത്തിൽ ടൈംസ് നെറ്റ് വർക്ക് സംഘടിപ്പിക്കുന്ന അതി പ്രശസ്തമായ ഈ ഇൻഡ്യ എക്കണോമിക് കോൺക്ലേവിൽ, പങ്കെടുക്കാൻ സാധിച്ചത് ഒരു ഭാഗ്യമായികരുതുന്നു. മുൻവർഷം ഡിസംബർ 12 നാണ് ഞാൻ റിസർവ് ബാങ്കിൽ ചുമതലയേൾക്കുന്നത്. ഏതാണ്ട് ആ സമയത്താണ് ഈ സമ്മേളനം നടന്നത്. കഴിഞ്ഞ വർഷം ടെലിവിഷനിൽ ഈ സമ്മേളനത്തിന്‍റെ കാര്യപരിപാടികൾ വീക്ഷിച്ചപ്പോൾ മുതൽ, ഇക്കൊല്ലത്തെ കോൺക്ലേവിൽ പങ്കെടുക്കാൻ ഉറ്റുനോക്കുകയായിരുന്നു. ഞാൻ ടൈംസ് നെറ്റ് വർക്കിലെ ശ്രീ ആനന്ദിനേയും, ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്‍റെ ശ്രീ വൈദ്യനാഥനേയും വിഷയവും പ്രമേയവും സംക്ഷിപ്തമായി അവതരിപ്പിച്ചതിനു അനുമോദിക്കുന്നു. 2. ഇന്നു, നമ്മൾ ഇവിടെയാകട്ടെ, മറ്റെവിടെയെങ്കിലുമാകട്ടേ കൂടിയിരുന്നു സംസാരിക്കുമ്പോൾ, മിയ്ക്കവാറും ഓരോ ചർച്ചയും ഇൻഡ്യൻ സമ്പദ് വ്യവസ്ഥയുടെ അവസ്ഥയിലേക്ക് വന്നെത്തുന്നു. വൈവിദ്ധ്യമാർന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കപ്പെടുന്നു. വിവിധ തരത്തിലുള്ള വിശകലനങ്ങൾ നടക്കുന്നു. വിവിധ നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെടുകയുംചെയ്യുന്നു. രാജ്യമാകെ സമ്പദ് വ്യവസ്ഥ യിൽ കാണിക്കുന്ന താല്പര്യം ഒരു നല്ല ലക്ഷണമാണ്. ഇൻഡ്യൻ സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ സ്ഥിതിയെ സംബന്ധിച്ച് നല്ല അറിവു ള്ളതും ലക്ഷ്യോൻമുഖവുമായ സംവാദങ്ങൾ, പ്രധാനമായി ഭാവി കർമ്മ പരിപാടികളെ സംബന്ധിച്ച്, നടക്കേണ്ടത് തീർച്ചയായും ഒരാവശ്യമാണ്. 3. ഈ സന്ദർഭത്തിൽ 21 –ാം നൂറ്റാണ്ടിനുവേണ്ടി, വളർച്ച കേന്ദ്രീകൃതമായ ഒരു സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിന്, റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്കുള്ള പങ്കിനെ സംബന്ധിച്ച് സംസാരിക്കാമെന്ന് ഞാൻ കരുതുന്നു. വളർച്ചയ്ക്കും സാമ്പത്തിക വികാസത്തിനും ആവശ്യമായ, സാമ്പത്തിക സുസ്ഥിരതയെ സംബന്ധിച്ചും ഞാൻ സ്പർശിച്ചേക്കാം. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ പങ്ക് 4. ഒരു ദേശീയ സ്ഥാപനമെന്ന നിലയിൽ, റിസർവ്വ് ബാങ്കിന്‍റെ നിലനില്പ്, സ്വതന്ത്ര ഭാരതത്തിനു മുമ്പുള്ളതാണ്. 1934- ലെ ആർ ബി ഐ ആക്ടിന്‍റെ ആമുഖത്തിൽ ആർ ബി ഐ യുടെ പങ്ക് എന്താണെന്ന് പറയുന്നു:-
5. കാലം കഴിഞ്ഞുപോകെ, ഈ അനുശാസനത്തെ, നിലവിലെ സ്ഥൂല സാമ്പത്തിക സ്ഥിതിവിഗതികൾ നിയന്ത്രിക്കുക, വിലസ്ഥിരത, സാമ്പത്തിക വളർച്ച എന്നിവ പരിപാലിക്കുക എന്ന് വിവക്ഷിച്ചു പോരുന്നു. 2016 മെയ് മാസത്തിൽ ആർ ബി ഐ ആക്ട് ഭേദഗതി ചെയ്യപ്പെട്ടു. പണനയത്തിന്‍റെ രംഗത്ത് ആർ ബി ഐ യുടെ പങ്ക് പുനർ നിർവചിക്കപ്പെട്ടു.
6. ഈ അനുശാസനത്തിന്‍റെ അധികാരത്തിൽ ആർ ബി ഐ ഒരു അയവുള്ള നാണയപ്പെരുപ്പത്തെ ലക്ഷ്യമാക്കുന്ന ഒരു ചട്ടക്കൂട് സ്വീകരിച്ചു. അതനുസരിച്ച് വിലസ്ഥിരത എന്ന ലക്ഷ്യത്തിന് പ്രാമുഖ്യം കല്പിച്ചു. സംഖ്യാപരമായി, കൺസ്യൂമർ പ്രൈസ് ഹെഡ് ലൈൻ നാണയപ്പെരുപ്പം, 4 ശതമാനം, ഒപ്പം +/-2 ശതമാനം ഇളവ് പരിധി എന്ന ലക്ഷ്യം സ്വീകരിച്ചു. അതേസമയം നാണയപ്പെരുപ്പം നിയന്ത്രണത്തിലാവുമ്പോൾ വളർച്ചയിലേക്കു കേന്ദ്രീകരിക്കുക. നാണയപ്പെരുപ്പത്തിലും വളർച്ചയിലും ആപേക്ഷികമായ ഊന്നൽ, സ്ഥൂല സാമ്പത്തിക രംഗം, നാണയപ്പെരുപ്പവും വളർച്ചാവിക്ഷണവും, ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ നൽകുന്ന സൂചനകൾ, എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 7. ആഗോള സാമ്പത്തിക പ്രതിസന്ധിക്കു (GFC) ശേഷം, സാമ്പത്തിക സുസ്ഥിരതയെന്നത് ലോകമാകെയുള്ള സെൻട്രൽ ബാങ്കുകളുടെ മുഖ്യ മുൻഗണനയായിട്ടുണ്ട്. ഇതു പണനയത്തിന്‍റെ പ്രത്യക്ഷമായ ലക്ഷ്യമായി കണക്കാക്കണമെന്ന തീരുമാനമായിട്ടില്ലെങ്കിലും, ഈ നിബന്ധനയ്ക്കുള്ളിൽ അന്തർഭവിച്ചിട്ടുള്ള പ്രമേയമായിട്ടുണ്ടെന്ന സത്യം അവശേഷിക്കുന്നു. ഈ നിബന്ധനയെ ആസ്പദമാക്കി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഈ അടുത്ത മാസങ്ങളിൽ നിരവധി നയപരിപാടി കൾ നടപ്പിലാക്കിയിട്ടുണ്ട്. ആന്തരികചോദനകളെ (domestic demand) ഊർജ്ജസ്വലമാക്കുന്നതിനും സാമ്പത്തികവളർച്ചയുടെ വേഗം വർദ്ധിപ്പിക്കാനുമുള്ള പണപരവും, ലിക്വിഡിറ്റി സംബന്ധവുമായ മാർഗ്ഗങ്ങളും, മാക്രോ പ്രുഡെൻഷ്യൽ മാർഗ്ഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ബാങ്കിംഗും, ബാങ്കിംഗിതര മേഖലകളും ശക്തിപ്പെടുത്താനുള്ള നടപടികളും എടുക്കുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വളർച്ചാമാന്ദ്യം, നാണയപ്പെരുപ്പസമ്മർദ്ദങ്ങളുടെ കരിമുള്ളുകൾ, ആന്തരിക ബാങ്കിംഗ് മേഖല, എൻബിഎഫ് സികൾ തുടങ്ങിയവ ഉയർത്തുന്ന വെല്ലുവിളികൾ എന്നിവ നേരിടാൻ ആവശ്യമുള്ള തെല്ലാം, അനുസ്യൂതം തുടരും. 8. റിസർവ് ബാങ്കിന്‍റെ പങ്കിനെ സംബന്ധിച്ച് ചുരുക്കത്തിൽ പരാമർശിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ഇനി ഞാൻ വളർച്ച, സാമ്പത്തിക സുസ്ഥിരത എന്നീ വിഷയങ്ങളിലേക്ക് തിരിയട്ടേ. ആഗോള വളർച്ച 9. ഈ അടുത്ത വർഷങ്ങളിൽ, ഇതരകാര്യങ്ങൾക്കു പുറമേ, വ്യാപാര സമ്മർദ്ദങ്ങൾ, സംരക്ഷണ പ്രവണതകൾ, ബ്രക്സിറ്റ് സംബന്ധമായി ഉരുണ്ടുകൂടുന്ന അനിശ്ചിതത്ത്വങ്ങൾ എന്നിവ കാരണം ആഗോളതല വളർച്ച മന്ദീഭവിച്ചിട്ടുള്ളതായി നാം കണ്ടു. ഇവയിന്മേലുള്ള വീക്ഷണഗതി സദാ മാറികൊണ്ടിരിക്കുന്നു എന്നതാണ് ഗുരുതരമായ കാര്യം. 10. വ്യാപാരമേഖലയിലെ, തുടർന്നുകൊണ്ടിരിക്കുന്ന സമ്മർദ്ദങ്ങളെ സംബന്ധിച്ച് സംസാരിക്കുമ്പോൾ, രണ്ടു പ്രമുഖ രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാരയുദ്ധം ഒരു ദിവസം അവസാനിക്കുന്നു എന്നും, തുടർന്ന് അടുത്തനാൾ അതിനു വിപരീതമാവുന്നു എന്നുമാണ് പ്രത്യേകിച്ചും കഴിഞ്ഞ കുറേ മാസങ്ങളിലായി നാം സാധാരണ കേൾക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ചൈനയും ചില ധാരണകളിലെത്തുന്നു എന്ന ഇന്നലത്തെ പ്രഖ്യാപനം സ്ഥായിയാണെന്നും അടുത്ത ഏതാനും ആഴ്ചകളിലോ, മാസങ്ങളിലോ പിന്നാക്കം പോകുന്ന ഒന്നാകില്ലെന്നും പ്രതീക്ഷിക്കുന്നു. ചൈന യുഎസ്എ യിൽ നിന്നുള്ള അതിന്‍റെ കാർഷിക ഇറക്കുമതികൾ വർദ്ധിപ്പിക്കുന്നുവെന്നും, യു.എസ്.എ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിന്മേൽ പുതിയ തീരുവ ചുമത്താനുള്ള നിർദ്ദേശം താളത്തിലാക്കുന്നുവെന്നു മുള്ള മാദ്ധ്യമ റിപ്പോർട്ടുകൾ, ആഗോള വ്യാപാരമണ്ഡലത്തിലും വളർച്ചാമണ്ഡലത്തിലും ഒരുപാട് നിശ്ചിതത്ത്വം കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 11. അതുപോലെ, ബ്രക്സിറ്റിന്‍റെ കാര്യത്തിലും, ഒരു ശുഭകരമായ പുരോഗതി കാണുന്നു. അവിടെ ബ്രക്സിറ്റുമായി പ്രതിബദ്ധതയുള്ള ഒരു ഉറച്ച ഗവൺമെന്‍റുണ്ട്. മുമ്പ് യുകെയിൽ പൊതുജനമദ്ധ്യത്തിൽ ബ്രക്സിറ്റ് വേണം, ബ്രക്സിറ്റ് വേണ്ട എന്ന തർക്കം അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിക്കുകയായിരുന്നു. ഭാഗ്യവശാൽ, നിശ്ചിതത്ത്വത്തിന്‍റെ ഒരംശം അവിടെവന്നുചേരുന്നതുപോലെ തോന്നുന്നു. 12. ഏതുവിധമുള്ള അനിശ്ചിതത്ത്വത്തിന്‍റെ കാലത്താണ് നാം ജീവിക്കുന്നത് എന്നത് പ്രമുഖമാക്കി കാട്ടുവാൻ, ഞാൻ മറ്റൊരു സംഭവ വികാസംകൂടി പ്രതിപാദിക്കാം. കുറച്ചുമാസങ്ങൾക്കുമുമ്പ് സൗദി എണ്ണപ്പാടങ്ങളിൽ ഡ്രോൺ ആക്രമണം നടന്നപ്പോൾ ഈറ്റിനൗ (ET Now) എന്ന നിങ്ങളുടെ ചാനൽ എന്നോടു ഒരു ചോദ്യം ചോദിച്ചു. സൗദിയുടെ പുനരുദ്ധാരണ പദ്ധതി കാണാൻ ഞാൻ രണ്ടാഴ്ച കാത്തിരിക്കുമെന്നു പറഞ്ഞു. എന്നാൽ, ഭാഗ്യവശാൽ അല്പവും സമയമെടുക്കാതെ, സൗദി അധികാരികൾക്ക്, ഒരു പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞു. ഉണ്ടായ നടുക്കം ക്ഷണികമാക്കി മാറ്റി. കാലം അനിശ്ചിതമാകുമ്പോൾ, അനിശ്ചിതത്ത്വത്തിന്‍റെ അംശം കുറയ്ക്കാൻ പരിശ്രമങ്ങൾ നടത്തുന്നത് നല്ലതാണ്. 13. ഈ പശ്ചാത്തലത്തിൽ, ഐഎംഎഫി ന്‍റെ, 2019 ഒക്ടോബറിൽ നടന്ന ഇൻറർ നാഷണൽ മോണിറ്ററി ആൻറ് ഫൈനാൻസ് കമ്മിറ്റി (IMFC) മീറ്റിംഗിൽ, ഇടപെട്ടുകൊണ്ട്, (അംഗങ്ങളായ എല്ലാ രാജ്യങ്ങളും), മാന്ദ്യം നമ്മെ മുക്കിക്കളയുന്നതു തടയാൻ, നാം ഇപ്പോൾ പ്രവർത്തി ക്കണമെന്ന് ഞാൻ നിരീക്ഷിച്ചു. 14. ആഗോളതല വളർച്ചയെ സംബന്ധിച്ച് ഇൻഡ്യയിൽ പരക്കെ സംസാരമുണ്ട്. എന്തെന്നാൽ അത് ആന്തരികവളർച്ചയേയും സ്വാധീനിക്കുന്നു. ഇപ്പോൾ രാജ്യം അനുഭവിക്കുന്ന മാന്ദ്യം ആഗോള ഘടകങ്ങൾ മാത്രം കാരണമാണെന്നും അർത്ഥമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ അവയ്ക്ക് തീർച്ചയായും ശക്തമായ ഒരു സ്വാധീനമുണ്ട്. ഇന്ത്യയെപോലെ ഉണർന്നുയരുന്ന വിപണിസമ്പദ് വ്യവസ്ഥയ്ക്ക് ദ്രുത വളർച്ചയുടെ പുനരുത്ഥാനം വളരെ പ്രധാനമാണ്. അതിനാൽ, ആഗോളതല വളർച്ചയ്ക്ക് ഇൻഡ്യയുടെ സംഭാവന പരിഗണിക്കുമ്പോൾ, എല്ലാ രാജ്യങ്ങളും ഏകോപിച്ചുള്ള, സമയോ ചിതമായ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഈ വസ്തുത ശക്തമായി എല്ലാവരിലും എത്തിക്കണം. 15. 2008-ൽ ആഗോളതല സാമ്പത്തിക പ്രതിസന്ധി (GFC) സംഭവിച്ച പ്പോൾ ബഹുസഹജത്വമായിരുന്ന (multilateralism) ലോകമാകെയുള്ള ചർച്ചകൾക്കുമുന്നിൽ പത്തു വർഷങ്ങൾക്കുശേഷം ഇന്ന് ആഗോള മാന്ദ്യം അനുഭവപ്പെടുമ്പോൾ അത് ഒരു പ്രബലമായ ചർച്ചാവിഷയമേ അല്ലാതായിരിക്കുന്നു. ബൈലാറ്ററലിസം മൾട്ടി ലാറ്ററലിസം എന്ന പ്രവണതയെ കവച്ചുവച്ചുകഴിഞ്ഞു. ആഗോളതല സാമ്പത്തിക പ്രതിസന്ധിയ്ക്കുശേഷം, യുഎസ്എ നയിക്കുന്ന എല്ലാ G-20 രാജ്യങ്ങളും ഒരുമിച്ചുനിന്ന് വളർച്ച പുനരുജ്ജീവിപ്പിക്കാനായി. ഒരു ആഗോളപദ്ധതി തയാറാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അതുപോലെയുള്ള ഒരു ആഗോളപ്രവർത്തനം കാണുന്നില്ല. ആഗോളതല വളർച്ച ഒരിക്കലും ശൈഥില്യത്താൽ ക്ലേശിക്കപ്പെടാൻ പാടില്ല. അതായത്, രാജ്യങ്ങളുടെ വൈകിയ പ്രവർത്തനം മാന്ദ്യത്തിൽനിന്നുള്ള മോചനത്തെ കടത്തിവെട്ടിപ്പോകരുത്. അഥവാ, ആ പ്രക്രിയയെ സ്തംഭിപ്പിക്കരുത്. ഉദാഹരണത്തിന് യൂറോ മേഖലയിലെ (Euro Area EA) ത്രൈമാസിക വളർച്ച (വാർഷിക കണക്കിന്) അവസാനത്തെ രണ്ട് ത്രൈമാസികത്തിൽ സുസ്ഥിരമായിരുന്നു. ഇക്കൊല്ലം Q-2 വിലും Q-3 യിലും അത് 0.8 ശതമാനമായിരുന്നു. ഇത് EA നേടേണ്ടതരത്തിലുള്ളതല്ല. പല വലിയ യൂറോപ്യൻ സമ്പദ് വ്യവസ്ഥകളിലും ധനനയ പരിപാടികൾക്ക് ഇനിയുമിടമുള്ളതായാണ് നാം കാണുന്നത്. എന്നാൽ, ആ രംഗത്ത് എന്തെങ്കിലും ഗതിവേഗം (traction) നാം കാണുന്നില്ല. ഈ രാജ്യങ്ങൾക്ക്, ഇത്തരം ധനപരമായ നടപടികൾ കൈക്കൊള്ളാ തിരിക്കുന്നതിന് അവരുടേതായ കാരണങ്ങൾ കണ്ടേക്കാം. എന്നാൽ, പുറത്തുള്ളൊരാൾ എന്ന നിലയ്ക്കും, മറ്റു പ്രമുഖ സമ്പദ് വ്യവസ്ഥകളിലെ സെൻട്രൽ ബാങ്കുകളുടെ ഗവർണർമാരുമായുള്ള എന്‍റെ ആശയവിനിമയത്തിനുശേഷവും എനിക്കു തോന്നിയത് യൂറോപ്പിൽ എങ്ങിനെയോ ധനപരമായ നടപടികൾക്ക് കാലതാമസം വന്നിരിക്കുന്നു എന്നാണ്. 2008-ൽ വന്ന നടപടികൾപോലുള്ളവ ഇനിയും വരാനിരിക്കുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കിലെ പുതിയ പരമാധികാരി മിസ് ക്രീസ്റ്റിൻ ലഗാർഡേ, EA യിലുള്ള രാജ്യങ്ങളിൽ കഴിവുള്ളവ കുറേയെങ്കിലും ധനവികാസം നേടേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട് എന്നുള്ളത്, വാസ്തവത്തിൽ ശ്രദ്ധാർഹമാണ്. 16. ലോകത്തിലെ വളർച്ചാരംഗത്തെ സംബന്ധിച്ച് സംസാരിക്കുമ്പോൾ. യുഎസ് സമ്പദ് വ്യവസ്ഥ പുരോഗമിക്കുന്നതിന്‍റെ ചില നേരിയ ലക്ഷണങ്ങൾ നാം കാണുന്നുണ്ട്. 2019 Q-2 വിലെ 2.0 ശതമാനത്തിൽ നിന്നും Q-3 യിൽ വളർച്ച 2.1 ശതമാനമായി ഉയർന്നു. യു.കെ. Q-2 ൽ അതിശയിപ്പിച്ചുകൊണ്ട് - 0.8 ശതമാനം വളർച്ച രേഖപ്പെടുത്തിയ പ്പോൾ Q-3 യിൽ വാർഷികാടിസ്ഥാനത്തിൽ 1. 2 ശതമാനം റിപ്പോർട്ടു ചെയ്തു. ചൈനയുടെ വളർച്ച മന്ദീഭവിച്ചു. തെക്കേ ആഫ്രിക്ക Q-2 യിൽ 3.2 ശതമാനം കുറഞ്ഞ് Q-3 യിൽ - 0.6 ശതമാനമായി. ബ്രസീൽ നേരിയ മെച്ചം രേഖപ്പെടുത്തി. മൊത്തത്തിൽ ചിത്രം അവ്യക്തമായി അവശേഷിക്കുന്നു. 17. ഇന്ത്യയിൽ, ഭാഗ്യവശാൽ, ഗവൺമെൻറും റിസർവ് ബാങ്കും സമയോചിതമായി പ്രവർത്തിച്ചു. ആർബിഐ-യെ സംബന്ധിച്ചാണെ ങ്കിൽ, വേണ്ടതിലും അല്പം സമയം മുമ്പുതന്നെ കൈക്കൊണ്ട നടപടി വിപണികളെ അസാരം അതിശയിപ്പിച്ചു എന്നുതന്നെ എനിക്ക് പറയാൻ കഴിയും. മാന്ദ്യത്തിന്‍റെ വേഗത വർദ്ധിച്ചുവരുന്നു എന്ന് മുൻകൂട്ടികണ്ട് 2019 ഫെബ്രുവരിയിൽ മുൻകൂറായി പോളിസി റേറ്റിൽ കുറവു വരുത്തി. ഗവൺമെൻറും അതിന്‍റെ ഭാഗത്തുനിന്ന്, കഴിഞ്ഞ അഞ്ചാറുമാസങ്ങളിൽ നിരവധി നയപരിപാടികൾ പ്രഖ്യാപിച്ചി രുന്നു. 18. രാജ്യങ്ങളിലൊട്ടാകെയുണ്ടാകുന്ന ഏകീകൃത രീതിയിലുള്ള മാന്ദ്യം, പ്രമുഖ സമ്പദ് വ്യവസ്ഥകളുടെ ഏകോപിത നയ പരിപാടികൾ ആവശ്യപ്പെടുന്നു എന്നു പറഞ്ഞുകൊണ്ട് ഞാൻ എന്‍റെ ഇതു സംബന്ധിച്ചുള്ള പരാമർശങ്ങൾ ഉപസംഹരിക്കുകയാണ്. 19. തദ്ദേശ സാമ്പത്തിക വളർച്ച തദ്ദേശ സമ്പദ് വ്യവസ്ഥയിലേക്കു വരുമ്പോൾ, ഭൂത വർത്തമാന കാലങ്ങളിലെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളെ തിരിച്ചറിയുകയും പ്രമുഖ സ്ഥാനത്തേയ്ക്കു കൊണ്ടുവരികയു മെന്നത് അനിവാര്യമാണ്. കഴിഞ്ഞ രണ്ട് മൂന്ന് ദശാബ്ദങ്ങളിലെ ഇന്ത്യയുടെ വളർച്ചയുടെ കഥ എങ്ങിനെ ഉണ്ടായി? ഏതെല്ലാം മേഖലകൾക്ക് ഇന്ന് അതേ റോൾ വഹിക്കാനാവും? ഇന്നലെകളിലെ വളർച്ചാത്വരകങ്ങൾ 20. 1990 ഒടുവിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിലും പ്രധാനമായും, ഇൻഫർമേഷൻ ടെക്നോളജി മേഖലയാണ് വളർച്ചയെ നയിച്ചത്. ഇന്ത്യക്ക്, ഐ.റ്റി മേഖലയിലുണ്ടായ വൻവളർച്ചയെ മുതലാക്കാൻ കഴിഞ്ഞു. ഇന്ത്യയുടെ സോഫ്റ്റ് വെയർ കയറ്റുമതി 13 ഇരട്ടികണ്ട് ഉയർന്നു. 2000-2001-ലെ 6.3 ബില്യൺ യു.എസ് ഡോളറിൽ നിന്നും ഇത് 2018-19-ൽ 83.5 ബില്യൺ യു.എസ്. ഡോളറായി ഉയർന്നു. ടെലികോം രംഗത്തും, ഇതേ കാലത്ത് വിപ്ലവകരമായമാറ്റ മാണുണ്ടായത്. ധാരാളം പുതിയ തൊഴിലവസരങ്ങളുണ്ടാവുകയും, മൊത്ത ദേശീയോല്പന്നം (GDP) കൂടുകയും ചെയ്തു. പശ്ചാത്തല നിർമ്മാണമേഖല, പ്രത്യേകിച്ചും ഹൈവേകളുടെ നിർമ്മാണം, ഗോൾഡൻ ക്വാഡ്രിലാറ്ററലിനും മറ്റു സംരംഭങ്ങൾക്കു മൊപ്പം, തുടർന്നുണ്ടായി. ആഗോളതല വളർച്ചയ്ക്കൊപ്പം പ്രധാനമായും ആട്ടോമൊബൈൽ മേഖലയിലെ ഉല്പാദനപ്രവർത്തനങ്ങൾ വേഗതയാർജ്ജിച്ചു. മറ്റു കമ്പനികൾ കൂടാതെ ഫോർഡ്, ഹ്യുയുണ്ടായ്, ടോയോട്ട, നിസ്സാൻ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ പ്രവേശിച്ചു. മാരുതിയും ലെയ്ലാൻഡും വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. പുതിയ ഉല്പാദന കേന്ദ്രങ്ങൾ ഉയർന്നുവന്നു. ഇവയ്ക്കൊപ്പം വലിയ ആഗോള ഇലക്ട്രോണിക് ഹാർഡ് വെയർ കമ്പനികളും ഉല്പാദന പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള മറ്റു കമ്പനികളും അവരുടെ ആസ്ഥാനങ്ങൾ ഇവിടെ സ്ഥാപിക്കാൻ തുടങ്ങി. ഇതിനൊക്കെപുറമെ, ഇൻക്രെഡിബിൾ ഇന്ത്യ എന്ന പ്രചരണം തുടങ്ങുകയും, ഒരു വലിയ കൂട്ടം വിദേശവിനോദ സഞ്ചാരികൾ ഇന്ത്യയിൽ താല്പര്യം കാണിക്കാൻ തുടങ്ങുകയും ചെയ്തു. വാസ്തവത്തിൽ വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം എട്ടിരട്ടിയോളം വളർന്നു. 2000-01-ലെ 3.5 ബില്യൺ യു.എസ്. ഡോളറിൽ നിന്നും 2018-19-ൽ 28.4 ബില്യൺ യു.എസ്. ഡോളറായി വളർന്നു. അങ്ങിനെ, 1990 അവസാനത്തെയും ഈ നൂറ്റാണ്ടിന്‍റെ ആദ്യവർഷങ്ങളിലെയും വളർച്ച പ്രാഥമികമായും വേഗതയാർജ്ജിച്ചത് ഐ.റ്റി, ടെലികോം, ഉല്പാദന പ്രവർത്തനങ്ങൾ പ്രത്യേകിച്ചും ആട്ടോമൊബൈൽ ഇലക്ട്രോണിക്സ്, വിനോദ സഞ്ചാരം എന്നീ മേഖലകളിലൂടെയാണ്. സേവനമേഖലയിലെ ഇതുമായി ബന്ധപ്പെട്ട ഖണ്ഡങ്ങളും ആനുഷംഗികമായി വികാസം പ്രാപിച്ചു. വർത്തമാനകാലത്തെ വളർച്ചാത്വരകങ്ങൾ എന്തൊക്കെ ആകാം? 21. മുമ്പോട്ടുപോകുമ്പോൾ, ഇന്ത്യ നന്നായി പരിശ്രമിക്കുകയും, ആഗോള ഉല്പാദന മൂല്യശൃംഖലയുടെ ഭാഗമാവുകയും വേണം. നാം ആഗോള മൂല്യശൃംഖലയിൽനിന്നും കാര്യമായ അകൽച്ച പാലിക്കുകയായി രുന്നു. ആയതിനാൽ, കഴിഞ്ഞകാലത്തെ വൻ ഉല്പാദക സമ്പദ് വ്യവസ്ഥകൾ മാന്ദ്യം അനുഭവിച്ചപ്പോൾ, ഇന്ത്യക്ക് കാര്യമായ ആഘാതമുണ്ടായില്ല. അതിൽനിന്നും സ്ഥിരമായി ദീർഘകാല ത്തേക്ക് മാറിനിൽക്കുന്നത് ന്യായീകരിക്കാവുന്നതല്ല. നമ്മുടേതു പോലെ വർദ്ധിതമായ തോതിൽ ആഗോള സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രമുഖ സമ്പദ് വ്യവസ്ഥ, ആഗോള ഉല്പാദന മൂല്യശൃംഖലയിൽ, അതിപ്രധാനമായ ഒരു പങ്ക് വഹിക്കേണ്ടതുണ്ട്. ഗവൺമെന്‍റിലെ നയരൂപീകരണക്കാർ ഇക്കാര്യത്തിന് അർഹിക്കുന്ന ശ്രദ്ധ നൽകുമെന്ന് എനിക്കുറപ്പുണ്ട്. ഈ അടുത്ത വർഷങ്ങളിലും മാസങ്ങളിലുമായി തീർച്ചയായും കുറെ നടപടികൾ സ്വീകരി ച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ നടപടികൾ ആവശ്യമാണ്. 22. ഫുഡ് പ്രോസസ്സിംഗ് മറ്റൊരു രംഗമാണ്. നമുക്ക് ടെക്സ്റ്റൈൽ രംഗത്തുള്ള പ്രാമുഖ്യം വീണ്ടെടുക്കേണ്ടതും ഒരാവശ്യമാണ്. ഉല്പാദനം, ടൂറിസ്റ്റ് മേഖലകളിലുള്ള അവസരങ്ങൾ എന്നിവ ഇനിയും ആരായേണ്ടതുണ്ട്. കേന്ദ്രവും സംസ്ഥാന ഗവൺമെൻറുകളും പശ്ചാത്തലവികസനത്തിനുവേണ്ടി ഉപയോഗിക്കുന്ന ചിലവുകൾ മറ്റൊരു മേഖലയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, സംസ്ഥാനങ്ങളുടെ മൂലധനചിലവ്, ഗ്രോസ്സ്ഡൊമസ്റ്റിക് പ്രോഡക്ടിന്‍റെ (GDP) 2.6- 2.7 ശതമാനത്തിൽ നിശ്ചലമായി നിലകൊള്ളുന്നു. ഇ-കോമ്മേർസും, സ്റ്റാർട്ടപ്പുകളും, പുതിയ അവസരങ്ങൾ നൽകുകയാണ്. ഈ മേഖലകളിൽ, അനുകൂലമായ ഒരു ഇക്കോ സിസ്റ്റം നിർമ്മിക്കാ നായി നിരവധി നടപടികളെടു ത്തിട്ടുണ്ട്. 23. വളർച്ചയുടെ പുനരുജ്ജീവന സന്ദർഭത്തിൽ ആർബിഐ ബഹുമുഖമായ പങ്കാണ് വഹിക്കേണ്ടത്. ഞാൻ മുമ്പു പരാമർശിച്ചതു പോലെ, 2019 ഫെബ്രുവരി മുതൽ ചോദനയെ വീണ്ടും ഊർജ്ജസ്വല മാക്കുന്നതിനുവേണ്ടി ഇതുവരെയുള്ള കാലയളവിൽ ഞങ്ങൾ മുൻകൂട്ടിതന്നെ, പോളിസി നിരക്കിൽ 135 പോയിൻറ്സ് കുറച്ചു. റിസർവ് ബാങ്ക് അതിന്‍റെ സഹകരണ നിലപാടിന് യോജ്യമായ രീതിയിൽ സമ്പദ് വ്യവസ്ഥയിൽ വളരെക്കാലമായി കുറഞ്ഞ നിലയിലായിരുന്ന ലിക്വിഡിറ്റി വലിയ തോതിൽ സന്നിവേശിപ്പിച്ചി ട്ടുണ്ട്. നിലവിൽ, സമ്പദ് വ്യവസ്ഥ 2.5- 3.0 ലക്ഷം കോടി രൂപവരെ മിച്ചം കാണിക്കുകയാണ്. ഈയളവ് ധനമാണ് ഞങ്ങൾ റിവേഴ്സ് റിപോ പ്രക്രിയയിലൂടെ ആഗിരണം ചെയ്തെടുക്കുന്നത്. 24. മെച്ചപ്പെട്ടതും, വലിയതോതിലുമുള്ള വായ്പാ പ്രവാഹം ഉറപ്പുവരു ത്തുന്നതിന് ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടി ട്ടുണ്ട്. എൻബിഎഫ് സികൾക്കുള്ള, ബാങ്കുകളുടെ ഒറ്റയ്ക്കുള്ള വായ്പാ ത്തോത് വർദ്ധിപ്പിക്കുകയും, മുൻഗണനാവിഭാഗത്തിൽ ചില നിശ്ചിത വിഭാഗങ്ങൾക്ക് വായ്പ നൽകാൻ, എൻബിഎഫ് സികൾക്ക് വാണിജ്യ ബാങ്കുകൾ വായ്പകൾ നൽകാൻ അനുവാദം നൽകുകയും, വ്യക്തികൾക്കുനൽകുന്ന ചില നിശ്ചിത വിഭാഗം വായ്പകളിന്മേൽ ഏതെങ്കിലും ബേസൽ വ്യവസ്ഥകൾ നിർദ്ദേശിച്ചിട്ടുള്ള ബൃഹത് പ്രൂഡെൻഷ്യൽ വ്യവസ്ഥകൾ വിട്ടുവീഴ്ച ചെയ്യാതെ, ബാങ്കുകൾക്കുള്ള റിസ്ക് വെയ്റ്റ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ധനകാര്യ സുസ്ഥിരത നിലനിർത്തുന്നതിൽ ആർബിഐ യുടെ പങ്ക് 25. ധനകാര്യ സുസ്ഥിരത നിലനിർത്തുന്നതിൽ ആർബിഐ വഹിക്കുന്ന പങ്ക് എന്താണ് എന്നതിലേക്കാണ് ഇതെന്നെ ചെന്നെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില രസകരമായ വസ്തുതകൾ പങ്കുവയ്ക്കു വാൻ ഞാൻ ആഗ്രഹിക്കുന്നു. പണനയ പ്രഖ്യാപനത്തിനുശേഷമുള്ള എന്‍റെ പത്രസമ്മേളനത്തിൽ ഞാൻ ചുരുക്കത്തിൽ ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. എന്നാലും, ചില കാര്യങ്ങൾ വീണ്ടും ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ, 1539 ലിസ്റ്റുചെയ്ത ഉല്പാദക സംരംഭങ്ങളുടെ സർവ്വേ നടത്തി 2019-20-ലെ H1 അർദ്ധ വാർഷിക കണക്കുകൾ (ആഡിറ്റ് ചെയ്യാത്തവ) വിശകലനം ചെയ്തു. അത് താഴെപ്പറയുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നു- i) 2019-20–ലെ ഒന്നാം അർദ്ധ-വാർഷികത്തിൽ, ഈ ഉല്പാദക സംരംഭ ങ്ങൾ, പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജോലികൾ ഉൾപ്പെടെ അവയുടെ സ്ഥിര-ആസ്തികൾക്കായി നിക്ഷേപം കൂട്ടിയിട്ടുണ്ട്. ii) കഴിഞ്ഞ വർഷം ആദ്യ ആറു മാസങ്ങളിൽ മുടക്കിയ 18.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ പക്കലുള്ള പണത്തിന്‍റെ 45.6 ശതമാനം സ്ഥിര ആസ്തികൾക്കായി മുടക്കിയി ട്ടുണ്ട്. ഇതിനർത്ഥം, ഈ ഉല്പാദക കമ്പനികളുടെ പക്കൽ ഒരളവ് പണമുണ്ടായിരുന്നുവെന്നതാണ്. നിക്ഷേപചക്രം ഉണർവ്വിന്‍റെ സൂചകങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയെന്നാണ്, ഒരു പക്ഷേ ഇതിനർത്ഥം. ഇങ്ങനെയൊരു നിഗമനത്തിൽ ധൃതിവച്ചെത്തു ന്നത് വളരെ നേരത്തേയാണ് എന്ന് വിശേഷിപ്പിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ശ്രദ്ധയർഹിക്കുന്ന ഒരു രസകരമായ വസ്തുത തന്നെയാണ് ഇത്. iii) ഈ സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധപാദത്തിൽ, കുറച്ച് ഡിലെവെറേജിംഗ് (അതായത്, വായ്പ എടുക്കുന്നതിലെ കുറവ്), ഉണ്ടായതിനും തെളിവുണ്ടെന്നാണ് ഞങ്ങളുടെ വിശകലനത്തിൽ കണ്ടത്. ദീർഘകാല വായ്പകളും ഹ്രസ്വകാല വായ്പകളും കുറയ്ക്കാനായി ഉപയോഗിച്ച കൈയ്യിലുണ്ടായിരുന്ന തുകയുടെ അനുപാതം, 2019-20-ലെ ഒന്നാം അർദ്ധപാദത്തിൽ, യഥാക്രമം, 11 ശതമാനവും 4.2 ശതമാനവുമായിരുന്നു. iv) പല കമ്പനികളും പ്രവർത്തന മൂലധന പരിധികൾ പൂർണ്ണമായി ഉപയോഗിക്കുന്നില്ല എന്നത് ഒരു നല്ല ലക്ഷണമാവില്ല. സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള മാന്ദ്യമാണ് അത് ചൂണ്ടിക്കാണിക്കുന്നത്. നേരെമറിച്ച്, പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടത്ര മിച്ചം അവരുടെ കൈവശമുണ്ടായിരിക്കുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. കാലം പുരോഗമിക്കുമ്പോൾ, നിക്ഷേപാവശ്യങ്ങൾക്ക് ഈ പണം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സിസ്റ്റത്തിൽതന്നെ കുറെ മൂലധനം ലഭ്യമാണ്. ഇത് നിക്ഷേപ ചക്രത്തിലേക്ക് നിയോഗിക്കേണ്ടത് ആവശ്യമാണ്. 26. ഈ പ്രതിഭാസം എന്താണ് വ്യക്തമാക്കുന്നത്? കമ്പനികളിൽ, ബാലൻസ്ഷീറ്റുകൾ ശുചീകരിക്കുന്ന ഒരു പ്രക്രിയ നടന്നുകൊണ്ടിരി ക്കുന്നു എന്നാണ് എന്‍റെ ബോദ്ധ്യം. ആയതിനാൽ, ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം, അവർ പുതിയ നിക്ഷേപങ്ങൾ നടത്താൻ ശ്രദ്ധയോടെ ആലോചിച്ചുവരികയാണ്. അവരുടെ പക്കൽ കുറെ പണം ലഭ്യമാണ്, നിക്ഷേപാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ധനം അവർക്കുണ്ട്. പക്ഷേ, അവരുടെ നിക്ഷേപപദ്ധതികൾ പുനരാരം ഭിക്കുന്നതിനായി. അവർ ഒരു ഡിലിവറേജിംഗ് പ്രക്രിയയിലും, സ്വന്തം ബാലൻസ് ഷീറ്റുകൾ ശുചീകരിക്കുന്നതിലും, ഏർപ്പെട്ടിരി ക്കുകയാണ്, 27. ബാങ്കുകളും എൻബിഎഫ് സികളും അവരുടെ ബാലൻസ് ഷീറ്റുകളും ശുചീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇവയൊക്കെ ഭാവിവളർച്ച യ്ക്കുള്ള അടിസ്ഥാനമുണ്ടാക്കുന്ന ഗുണപരമായ ലക്ഷണങ്ങളാണ്. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ കാര്യത്തിലാണെങ്കിൽ, 2019 മാർച്ച് അവസാനം, സിസ്റ്റംവൈഡ് മൂലധനവും, റിസ്ക് വെയിറ്റഡ് ആസ്തികളും (crar) തമ്മിലുള്ള അനുപാതം 14.3 ശതമാനമാണ്. ചൈന, യുഎസ് തുടങ്ങിയ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് യഥാക്രമം 14.1 ശതമാനവും, 14.9 ശതമാനവുമാണ്. ഫ്രാൻസ്, ജർമ്മനി തുടങ്ങിയ പുരോഗമിച്ച യൂറോപ്യൻ രാജ്യങ്ങളിൽ 18-19 ശതമാനം എന്ന നിലയിൽ ഉയർന്നു നിൽക്കുകയാണെന്ന് പറയുകയും വേണം. പക്ഷേ 14.3 ശതമാനമെന്നത് നിയന്ത്രണ നിബന്ധനയ്ക്ക് വളരെ മുകളിലാണ്. (2019 സെപ്റ്റംബറിൽ സി ആർ എ ആർ 14.3 ശതമാനത്തിൽ നിന്നും, 2019 മാർച്ച് അവസാനത്തിൽ 15.1 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്). 28. സമ്മർദ്ദാസ്തികളുടെ (stressed assets) പ്രശ്നവും നോൺ പെർഫോമിംഗ് ആസ്തികളുടെ പ്രശ്നവും പരിഹരിക്കുന്നതിൽ വേഗത കൈവരിച്ചി ട്ടുണ്ട്. എസ്സാർ സ്റ്റീലിന്‍റെ (Essar steel) കാര്യത്തിലുണ്ടായ സുപ്രീംകോടതിവിധി, കുറേക്കാലമായി മുടങ്ങിക്കിടന്ന ഒരു വലിയ പരിഹാരവിഘ്നത്തിന് നിവൃത്തിയുണ്ടാക്കിയിട്ടുണ്ട്. മൊത്തം എൻപിഎ (NPA) സംഖ്യകളിൽ കുറവുണ്ടായിട്ടുണ്ട്. വളരെക്കാല ത്തിനുശേഷം, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ, പ്രത്യേകിച്ചും പൊതുമേഖല ബാങ്കുകളുടെ, ലാഭസാദ്ധ്യതയിൽ പ്രകടമായ മെച്ച മുണ്ടായിട്ടുണ്ട്. 29. ഈ സന്ദർഭത്തിൽ, റിസർവ് ബാങ്കിന്‍റെ പങ്ക്, നിയന്ത്രണവും മേൽനോട്ടവും ശക്തിപ്പെടുത്തുന്നതിൽ കേന്ദ്രീകരിക്കുക എന്നതാണ്. ഇതുവഴി സാമ്പത്തിക സുസ്ഥിരത ഉണ്ടാക്കുന്നതിനും ത്വരിതപ്പെടു ത്തുന്നതിനുംവേണ്ട ശക്തിമത്തായ ഒരു രൂപഘടന നിർമ്മിക്കു ന്നതിനും, അങ്ങിനെ ബാങ്കുകൾക്കും, എൻ ബി എഫ് സി കൾക്കും സമൂഹത്തിന്‍റെ പ്രതീക്ഷകൾ സഫലീകരിക്കാൻ ശേഷിയുണ്ടാവു കയും ചെയ്യും. ഈ അടുത്ത മാസങ്ങളിൽ ഞങ്ങൾ ബാങ്കുകൾക്കും എൻബിഎഫ്സികൾക്കുമുള്ള നിയന്ത്രണ നിർദ്ദേശങ്ങളുടെ ഒരു പുനരവലോകനം നടത്തുകയും, അവയുടെ മേൽനോട്ട സംബന്ധമായി നിരവധി പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയുമുണ്ടായി. ഞങ്ങൾ മേൽനോട്ടത്തിന്‍റെയും, നിയന്ത്ര ണത്തിന്‍റെയും പ്രത്യേക വിഭാഗങ്ങൾതന്നെ സജ്ജീകരിക്കുകയും ചെയ്തു. ഞങ്ങളുടെ ജീവനക്കാരുടെ മേൽനോട്ട സംബന്ധമായ വൈദഗ്ദ്ധ്യം മെച്ചപ്പെടു ത്താനായി, അവർക്കുവേണ്ടി ഒരു കോളേജുതന്നെ സജ്ജീകരിച്ചു വരികയാണ്. നിയന്ത്രണവും, മേൽനോട്ടവും വിഭാഗത്തിൽ ഒരു ഗവേഷണ-വിശകലന വിഭാഗം രൂപീകരിച്ചു. ഈ ഗവേഷണ ത്തിന്‍റെയും വിശകലനത്തിന്‍റെയും ഗുണഫലങ്ങൾ അവർക്കുവേണ്ട പിന്തുണ നൽകുകയും ചെയ്യും. നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കുള്ള പാരസ്പര്യം കാരണം, ഈ ഗവേഷണ-വിശകലന ശാഖയ്ക്ക് കാര്യങ്ങൾ മൊത്തത്തിൽ കാണാനുള്ള കഴിവുണ്ടാവും, കൂട്ടിയോജിപ്പിക്കുവാനും, പ്രശ്നങ്ങളെ സമഗ്രമായി വീക്ഷിക്കാനും കഴിയും. സംഭാവ്യമാകാം എന്ന ലക്ഷണം കാണിക്കുന്ന ലോല ദുർബ്ബലമേഖലകളെ തിരിച്ചറിയാനും കഴിയും. 30. നിലവിൽ, കർമ്മനിരതമായിരിക്കുന്ന 21-ാം നൂറ്റാണ്ടിന്‍റെ ഡിജിറ്റൽ ബാങ്കിംഗും, നമ്മുടെ കേന്ദ്രബിന്ദുവായിരിക്കേണ്ടത് ആവശ്യമാണ്. ഫിൻടെകിനുവേണ്ടി നാം ഒരു നിയന്ത്രക സാൻഡ് ബോക്സ് (Regulatory sand box) സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ പേയ്മെന്‍റുകളുടെ മേഖലയിൽ അന്താരാഷ്ട്രതലത്തിൽ നിരീക്ഷിക്കുന്ന ഒരു മാതൃക (യൂണിഫൈഡ് പേയ്മെന്‍റെ്സ് ഇൻറർഫേസ്–UPI) നിർമ്മിച്ചിട്ടുണ്ട്. ഇൻറർനാഷണൽ സെറ്റിൽമെൻറ് ബാങ്ക് (Bank of International Settlements –BIS), ഈ അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു രേഖയിൽ, ഇന്ത്യയുടെ യുപിഐ (UPI) രൂപഘടന, രാജ്യത്തിനുള്ളിൽ മാത്രമല്ല, രാജ്യങ്ങൾ തമ്മിലും, വേഗത്തിലും, തടസ്സരഹിതവുമായ പെയ്മെന്‍റുകൾ സുഗമമാക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. നാഷണൽ പെയ്മെന്‍റു കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), അതിന്‍റെ ഒരു സബ്സിഡിയറി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ഒരു ബിസിനസ്സ് നിർദ്ദേശമെന്ന രൂപത്തിൽ, യുപിഐ മാതൃക മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. ആശയവിനിമയത്തിനുള്ള പങ്ക് 31. ഇതൊക്കെ ചെയ്യുമ്പോഴും, ആശയവിനിമയം എന്ന ഒരു സുപ്രധാന ഘടകം ചർച്ചചെയ്യപ്പെടാതെ പോകുന്നുണ്ട്. ഇത് ഞാൻ പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുന്നു. ആശയവിനിമയത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉള്ളപ്പോഴും, സെൻട്രൽ ബാങ്കിന്‍റെ പ്രവർത്തനത്തിൽ അത് ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന സത്യം നിരാകരിക്കാനാവുകയില്ല. ചില സെൻട്രൽ ബാങ്കു മേധാവികൾ കഴിഞ്ഞകാലങ്ങളിൽ വിശ്വസിച്ചിരു ന്നത് സെൻട്രൽ ബാങ്കിൽനിന്നുള്ള ആശയവിനിമയം സന്തോഷകരമായി അവ്യക്തമായിരിക്കണമെന്നാണ്. അതായത്, ഗവർണരുടെ ഒരു പ്രസംഗത്തിൽ എന്താണ് അദ്ദേഹം പറഞ്ഞത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നോ, പുതുതായി ഒന്നും പറഞ്ഞില്ലെന്നോ ഉള്ള ബോധ്യത്തിലെത്തുന്നു. വിപരീതാഭി പ്രായം എന്തെന്നാൽ, സെൻട്രൽ ബാങ്ക് ആശയ വിനിമയം വ്യക്തത നൽകുന്ന, നയരൂപീകരണത്തിൽ സുതാര്യത പ്രകടിപ്പിക്കുന്ന, മുമ്പോട്ടുപോകാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ഒന്നായി രിക്കണം എന്നതാണ്. 32. ഈ കാര്യത്തിൽ ഞങ്ങൾ എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്ന് നിങ്ങളാണ് വിലയിരുത്തേണ്ടത്. എന്നാൽ, ഈയടുത്ത മാസങ്ങളിൽ, ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനു ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഇതാദ്യമായാണെന്ന് ഞാൻ പറയുകയില്ല. മുമ്പും ഇത് സംഭവിച്ചിട്ടുണ്ട്. പക്ഷേ അത്, പൊതുവേ, ആർബിഐ യുടെ ആശയവിനിമയത്തിന്‍റെ ലക്ഷ്യം, തീരുമാനങ്ങൾക്ക് പുറകിലെന്താണ് എന്നതിനെസംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാക്കാനും കഴിയുംവിധം സുതാര്യമാകാനു മായിരുന്നു. വാസ്തവത്തിൽ, കഴിഞ്ഞ ഏതാനും മസങ്ങളിൽ, എപ്പോഴെല്ലാം പ്രധാന നയ തീരുമാനം എടുത്തിട്ടുണ്ടോ, അപഗ്രഥന വിദഗ്ദർ, ഗവേഷകർ, മാദ്ധ്യമപ്രവർത്തകർ എന്നിവരുമായി ദീർഘവും, വിശദവുമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന കാര്യം ഞാൻ നിങ്ങളുമായി പങ്കിടട്ടേ. ഞങ്ങൾ അക്കാഡമിക് സംഘടനകളുമായും, ഗവേഷണസ്ഥാപനങ്ങളുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. സ്വതന്ത്രവും, തുറന്ന രീതിയിലുള്ളതാകുന്നതിനും, ഞങ്ങളുടെ തീരുമാന പ്രക്രിയയ്ക്കു അടിസ്ഥാനമായി എന്തൊക്കെ ആയിരുന്നുവെന്ന് വിശദീകരിക്കാനും, ചർച്ചകൾ രഹസ്യമായാണ് നടത്തിയിരുന്നത്. ആദ്യമായി, ഞങ്ങളുടെ മുഖ്യനയ തീരുമാനങ്ങളെ സംബന്ധിച്ച്, പ്രത്യേകിച്ചും പണനയത്തെകുറിച്ചും മുൻകൂർ നിർദ്ദേശങ്ങളും നൽകിതുടങ്ങിയിട്ടുണ്ട് ചില ഉദാഹരണങ്ങൾ നൽകട്ടേ. i) ഏകദേശം ആറുമാസങ്ങൾക്കുമുമ്പ് പണനയ കമ്മിറ്റിയുടെ പ്രമേയങ്ങളിൽ ഒന്നിൽ, ഞങ്ങൾ പറഞ്ഞു. നാണയപ്പെരുപ്പം നിയന്ത്രണത്തിലായിരിക്കുമ്പോൾ വളർച്ചതന്നെയാണ് ഏറ്റവും മുൻഗണനയായുള്ളത് എന്ന്. റിസർവ് ബാങ്കിനെ സംബന്ധിച്ചിട ത്തോളം, പണനയത്തെ സംബന്ധിച്ചിടത്തോളം, എംപിസി (MPC) യെ സംബന്ധിച്ചിടത്തോളം വളർച്ചതന്നെയാണ് ഏറ്റവും മുൻഗണനാസ്ഥാനത്തുള്ളത്. ii) കുറച്ചു മാസങ്ങൾക്കുമുന്പ് ഞങ്ങൾ അനുയോജ്യമായ ഒരു സമീപനത്തിലേക്ക് മാറിയതിനുശേഷം വിപണിക്കും, വിശകലനം ചെയ്യുന്നവർക്കും കുറച്ച് മുൻകൂർനിർദ്ദേശങ്ങൾ നൽകാൻ കഴിഞ്ഞു, ഞങ്ങളുടെ എംപിസി (MPC) പ്രമേയത്തിൽ പറഞ്ഞത്. റിസർവ് ബാങ്ക്, പണപ്പെരുപ്പത്തിന്‍റെ ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ടു തന്നെ, ഞങ്ങളുടെ അനുയോജ്യമായ നിലപാട്, വളർച്ച പുനരുജ്ജീവിപ്പിക്കാൻ എത്രകാലം ആവശ്യമുണ്ടോ അത്രയും കാലം തുടരും എന്നാണ്. iii) ഒടുവിലത്തെ എംപിസി മീറ്റിംഗിൽ ഞങ്ങൾ പലിശസബന്ധമായി ഒരിടവേള എടുത്തപ്പോൾ, വിപണികൾ അതിശയിച്ചു എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഫെബ്രുവരി യിലെ ഞങ്ങളുടെ നയതീരുമാനങ്ങൾ വിപണിയെ അതിശയ പ്പെടുത്തുക യുണ്ടായി എന്നാണ് എന്നോടുപറഞ്ഞത്. എനിക്ക് സന്തോഷമുണ്ട്. എടുക്കാവുന്ന ഒരു ശരിയായ തീരുമാനമെന്ന നിലയിൽ അതിനെ സ്വീകരിച്ചതിന് നിങ്ങളോട് നന്ദിയുമുണ്ട്. ഇത്തവണയും, ഞങ്ങളെടുത്ത പലിശഇടവേളയിലൂടെ എംപിസി യുടെ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുംവിധം സംഭവങ്ങൾ വികസിച്ചുവരുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. ഞാൻ എടുത്തുപറ യാൻ ശ്രമിക്കുന്ന പോയിന്‍റ് ഇതല്ല. സാഹചര്യം എങ്ങിനെ പരിണമിക്കുമെന്ന് കാലത്തിനുമാത്രമേ പറയാൻ കഴിയൂ. ഞങ്ങൾ പലിശഇടവേളയെടുത്തപ്പോൾ, പണസംബ ന്ധമായ അയവ് (monetory space) ലഭ്യമാണ് എന്ന് എംപിസിയ്ക്ക് വളരെ വ്യക്തമായി ബോദ്ധ്യപ്പെട്ടിരുന്നു. പണപ്പെരുപ്പത്തേയും, വളർച്ചയേയും സംബന്ധിച്ച വിവരങ്ങൾ കണക്കിലെടു ത്തുകൊണ്ട് ഈ അയവ് ആവശ്യങ്ങൾക്കുപയോഗിക്കാ മെന്നുകരുതി. ഇതിനെ മുൻകൂർ നിർദ്ദേശത്തിന് ഉദാഹരണമായി എടുക്കാം. പലിശഇടവേളയ്ക്കു ള്ള കാരണങ്ങൾ എംപിസി യുടെ പ്രമേയത്തിലും പത്രസമ്മേളന ത്തിൽ ഞാൻ നടത്തിയ പ്രസ്താവനയിലും, വിസ്തരിച്ച് വിശദമാക്കി യിരുന്നു. ഇത് ആർബിഐ യുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പലിശഇടവേള നടപ്പാക്കാനുള്ള തീരുമാനത്തിലും, തുടർന്നുള്ള നയനടപടികൾക്ക് അയവുണ്ടെന്ന് പറഞ്ഞപ്പോഴും, ഞങ്ങൾ വളരെ ശ്രദ്ധാപൂർവ്വം, ഉറപ്പായും പറഞ്ഞു. സമയം നിശ്ചയിക്കേണ്ടത് അനന്തരഫലം ഏറ്റവും ശ്രേഷ്ടമായും വ്യാപ്തി ഉച്ചത്തിലുള്ള തുമായി ഭവിക്കുമ്പോഴായിരിക്കണം. 33. മറ്റു നയനടപടികളിലും, ആശയ വിനിമയത്തിലുള്ള ഞങ്ങളുടെ ഊന്നൽ വെളിപ്പെടുത്താൻ ഞങ്ങൾ യഥാർത്ഥത്തൽ വലിയ തോതിൽ സുതാര്യത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ആശയ വിനിമയത്തിന്‍റെ ശക്തി വിശദീകരിക്കുവാൻ, 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും യുഎസ്.ഫെഡ് അന്ന് നടപ്പാക്കിയ വികസനനയത്തെയും സംബന്ധിച്ചു ഞാൻ പരാമർശിക്കട്ടേ. ആ സമയത്ത് ആശയവിനിമയം അതിശക്തമായിരുന്നു. ആയതിനാൽ അന്താരാഷ്ട്രവിപണികളും വിശകലനവിദഗ്ദരും അത് അംഗീക രിച്ചു. ഫെഡ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് കൃത്യമായി എല്ലാവരും മനസ്സിലാക്കി. 2013-ൽ നാമൊക്കെകണ്ട പിൻമാറ്റ പരിഭ്രാന്തി എന്ന് പറയപ്പെടുന്ന അവസരത്തിൽ യുഎസ് ഫെഡിന്‍റെ ആശയവിനിമയം അത്ര ശക്തിമത്തായിരുന്നില്ല. അവർ ഒരു പക്ഷേ, അവരുടെ വികസന നയം അയച്ചുവിടാൻ പോകുന്നുവെന്നോ, അവർ പിന്നാക്കം പോകുന്നു എന്നോ കേവലം ഒരു പരാമർശം മാത്രമേ അതിൽ നടത്തിയിരുന്നുള്ളൂ. അന്താരാഷ്ട്രവിപണികളിൽ ഇത് പരക്കെ നാശവും, അസ്ഥിരതയുമുണ്ടാക്കി. ആയതിനാൽ, ആശയവിനിമയം ശക്തിമത്തായ ഒരായുധമാണ്. സെൻട്രൽ ബാങ്കിന്‍റെ ഏതൊരു തീരുമാനത്തിനും ആശയവിനിമയത്തിന്‍റെ പിന്തുണ ഉണ്ടായിരിക്കണം. ആശയവിനിമയം, തീർച്ചയായും പ്രവൃത്തികളാൽ പിന്തുണ യ്ക്കപ്പെടുന്നതായിരിക്കണം. അത് വെറും പൊള്ളയായ വാക്കുക ളായിരിക്കരുത്. ഉപസംഹാരം 34. ഇന്ത്യയുടേതുപോലെ സങ്കീർണ്ണവും, പരസ്പര ബന്ധിതവുമായ സമ്പദ് വ്യവസ്ഥയിൽ, വെല്ലുവിളികൾ ഉയരുന്നത് മറ്റു കാര്യങ്ങൾ കൂടാതെ പണനയത്തിൻറെ മണ്ഡലങ്ങളിൽ നിന്നും ധനവിപണികളുടെ നിയന്ത്രണം അവയുടെ മേൽനോട്ടം, വെട്ടിപ്പുകൾ കണ്ടുപിടിക്കൽ, നഷ്ടസാദ്ധ്യതകളുടെ നിർവ്വഹണം, ബാങ്കുകളുടേയും, ബാങ്കിതര സ്ഥാപനങ്ങളുടെയും ആന്തരിക നിയന്ത്രണ വ്യവസ്ഥകൾ, എന്നിവയിൽ നിന്നുമാണ്. ഇതിന്‍റെ ഫലമായി, സെൻട്രൽ ബാങ്കിൽ വിരസനിമിഷങ്ങൾ ഒരിക്കലുമില്ല. എപ്പോഴും അത് വെല്ലുവിളികൾ നിറഞ്ഞവയാണ്. ഇവയോട്, യഥാസമയം പ്രതികരിക്കണം, എന്നതാണ് പ്രധാനം. അടുത്തകാലത്ത് മുംബൈയിലെ ഒരു പഴമക്കാരൻ പറഞ്ഞു. റിസർവ് ബാങ്കിന്‍റെ മുകൾനിലകളിൽ രണ്ടുവശങ്ങളിൽ നിന്നുമാണ് കാറ്റുവീശുന്നത് എന്ന്. ഞാൻ വിചാരിച്ചു, അദ്ദേഹം അർത്ഥമാ ക്കിയത് റിസർവ് ബാങ്കിന്‍റെ പങ്കെന്താണ്, അതെത്രത്തോളം സങ്കീർണ്ണമാണ് എന്നായിരുന്നു. ഒടുവിൽ, അദ്ദേഹം അർത്ഥമാക്കി യത് എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അവിടെ കാറ്റു യഥാർത്ഥത്തിൽ വീശുന്നത് രണ്ടു വശങ്ങളിലും കൂടിയാണ്. അദ്ദേഹത്തിനുള്ള എന്‍റെ മറുപടി ഇതായിരുന്നു. “ശരിയാണ്, ഇന്ത്യയുടേതുപോലെ സങ്കീർണ്ണമായ ഒരു സമ്പദ് വ്യവസ്ഥയിൽ റിസർവ് ബാങ്കിനു വഹിക്കാനുള്ള പങ്ക് എത്രത്തോളം സങ്കീർണ്ണവും വെല്ലുവിളികൾ നിറഞ്ഞതുമാണ്!” നന്ദി... 1. തൽസമയ പ്രസംഗം പകർത്തി ചെറിയതോതിൽ എഡിറ്റുചെയ്ത് ത്. |