<font face="mangal" size="3">നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ് - ആർബിഐ - Reserve Bank of India
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്‍റിന്‍റെ സുവർണ ജൂബിലി ആഘോഷവേളയിൽ ഭാരതത്തിന്‍റെ ആദരണീയനായ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ചെയ്ത പ്രസംഗം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്‍റിന്‍റെ സുവർണ ജൂബിലി ആഘോഷവേളയിൽ ഭാരതത്തിന്‍റെ ആദരണീയനായ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ചെയ്ത പ്രസംഗം പൂന, 2020 ഫെബ്രുവരി 12
1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്‍റിന്‍റെ സുവർണ ജൂബിലി ആഘോഷവേളയിൽ നിങ്ങൾ എല്ലാവരോടും ഒപ്പം ഇവിടെ സന്നിഹിതനായിരിക്കുവാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അമ്പതു വർഷത്തെ രാഷ്ട്ര സേവനം എന്നത് അഭിമാനം കൊള്ളേണ്ട കാര്യം തന്നെയാണ്. ഈ അവസരത്തിൽ ഇൻസ്റ്റിട്യൂട്ടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഓരോരുത്തർക്കും എന്‍റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. 2. ഭാരതീയ റിസർവ് ബാങ്കിന്‍റെയും മറ്റു ബാങ്കുകളുടെയും മഹത്തായ ദീർഘദൃഷ്ടി കൊണ്ടാണ് കാര്യഗ്രഹണശേഷിയുടെ സൃഷ്ടിക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്‍റ സ്ഥാപിതമായത്. ബാങ്ക് മാനേജ്മെന്‍റിൽ ഗവേഷണം, പരിശീലനം, പഠനം, വിദഗ്ദ്ധോപദേശം നൽകൽ എന്നിവയ്ക്കായിട്ടുള്ള ഒരു ശീർഷസ്ഥാന സ്വയംഭരണ സ്ഥാപനമായിട്ടാണ് ഇത് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അതിനു നൽകിയിട്ടുള്ള നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടാണ് അത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെ 1.1 ലക്ഷത്തിൽ കൂടുതൽ ബാങ്കർമാർ ഇവിടെ പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. NIBM ക്യാമ്പസ് ഏകദേശം 9000 വിദേശ വിദ്യാർത്ഥികൾക്കും ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഇപ്രകാരം വിദേശത്തു ഭാരതത്തിന്‍റെ ‘സോഫ്റ്റ് പവർ’ സൃഷ്ടിച്ചെടുക്കുന്നതിനായി ഈ സ്ഥാപനം വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ഭാരതത്തിൽ നിന്നുള്ളവരും ഭാരതത്തിൽ വിദ്യാഭ്യാസം അല്ലെങ്കിൽ പരിശീലനം നടത്തിയിട്ടുള്ളവരുമായ യുവജനങ്ങളുടെ സ്വാധീനം അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മഹതികളെ, മാന്യരേ 3. ബാങ്കുകൾ നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ ആധാരമാകുന്നു. ഈ കർമ്മം നിർവ്വഹിക്കുന്നതിലുള്ള അവരുടെ കാര്യക്ഷമത ജനങ്ങളുടെ വിശ്വാസവും ബഹുമാനവും നേടിയിട്ടുണ്ട്. നമ്മുടെ ഭരണഘടന എല്ലാ പൗരന്മാർക്കും സാമ്പത്തിക നീതി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭരണഘടനാപരമായ ഈ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള നിർണ്ണായക സംവിധാനം ആയിട്ടാണ് ബാങ്കുകള്‍ പരിഗണിക്കപ്പെടുന്നത്. ധനകാര്യ മധ്യവർത്തി എന്ന നിലയിലുള്ള പരമ്പരാഗത പ്രവർത്തനങ്ങൾക്കും വളരെ അപ്പുറത്തേക്ക് ഭാരതീയ ബാങ്കുകൾ അവരുടെ പ്രവർത്തന മണ്ഡലം വ്യാപിപ്പിച്ചിട്ടുണ്ട് എന്നുള്ള കാര്യത്തിനു ഈ അവസരത്തിൽ ഞാൻ അവരെ പ്രശംസിക്കുകയാണ്. ജനസംഖ്യയുടെ ഓരോ വിഭാഗത്തിലും കടന്നു ചെല്ലുവാനുള്ള രാജ്യത്തിൻറെ പരിശ്രമങ്ങളിലെ അവിഭാജ്യഘടകമായി അവർ വർത്തിക്കുന്നു. 4. വർഷങ്ങളായി ഭാരതത്തിന്‍റെ സാമ്പത്തിക വളർച്ചക്ക് ഇന്ധനം പകരുന്നതിൽ മികച്ച പങ്കാണ് ബാങ്കുകൾ വഹിച്ചു കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്തു ബാങ്കിങ് മേഖല അഭിമുഖീകരിച്ചത് അസ്ഥിരതയും സാന്നിധ്യമില്ലായ്മയും ഉൾപ്പെടെയുള്ള വളരെയധികം വെല്ലുവിളികളാണ്. പുതുതായി പിറവിയെടുത്ത ഒരു റിപ്പബ്ലിക്കിനെ സംബന്ധിച്ച് അതിന്‍റെ പൗരന്മാർക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇവ ദുഷ്കരമായ പ്രതിബന്ധങ്ങളായിരുന്നു. എന്നാൽ ബാങ്കിങ് മേഖല അതിനുശേഷം നേടിയ പുരോഗതി ഒരു സംതൃപ്ത മനോഭാവത്തോടുകൂടി കാണാൻ കഴിയുന്നതാണ്. ഇന്ന് ഒരു വർഷം തുറക്കുന്ന ബാങ്ക് ശാഖകളുടെ എണ്ണം സ്വാതന്ത്ര്യം കിട്ടിയ സമയത്തുണ്ടായിരുന്ന ആകെ ശാഖകളുടെ എണ്ണവുമായി സാമ്യമുള്ളതാണ്. ഭാരതത്തിലെ ബഹുഭൂരിപക്ഷം ഗ്രാമങ്ങളിലും ബാങ്കുകൾ അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭാരതീയ റിസർവ് ബാങ്കിന്‍റെ നിയന്ത്രണാത്മക മേൽനോട്ടം ബാങ്കിങ് പ്രവർത്തനങ്ങൾക്ക് കൂടുതൽ സ്ഥിരത കൈവരുത്തിയിട്ടുണ്ട്. നിയന്ത്രണാധികാരി എന്നുള്ള റിസർവ് ബാങ്കിന്‍റെ പങ്ക് അടുത്ത കാലത്തായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇത് അഴിമതി തടയുകയും ധനകാര്യ സംവിധാനം കൂടുതൽ വിശ്വസനീയമാക്കുകയും ചെയ്യുമെന്ന് നാം വിശ്വസിക്കുന്നു. 5. സ്വാതത്ര്യാനന്തരം വളരെ ദീർഘമായ കാലയളവിൽ വലിയ വിഭാഗം ആളുകൾക്ക്, പ്രത്യേകിച്ചും ദരിദ്രർക്ക് ബാങ്കിങ് സേവനങ്ങൾ പ്രാപ്യമായിരുന്നില്ല . "പ്രധാൻ മന്ത്രി ജൻ ധൻ യോജന" യ്ക്ക് കീഴിൽ ബാങ്കുകൾ നടത്തിയ പരിശ്രമങ്ങൾ അർത്ഥവത്തായ രീതിയിൽ ഈ സ്ഥിതി മാറ്റിയിട്ടുണ്ട്. ചരിത്രത്തിൽ മുൻപൊരിക്കലും ഇത്രയധികം പേരെ ഔപചാരിക ധനകാര്യ സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നിട്ടില്ലെന്നു ആർക്കും പറയാൻ കഴിയും. ഈ പദ്ധതി പുരോഗമിച്ചപ്പോൾ 35 കോടിക്കടുത്തുള്ള ബാങ്ക് അക്കൗണ്ടുകൾ തുറക്കപ്പെടുകയുണ്ടായി. ഈ സംഖ്യ നമ്മുടെയും ചൈനയുടെയും ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും ജനസംഖ്യയേക്കാൾ വലുതാണ്. 6. ഇത് സാധ്യമാക്കിയ ബാങ്കിങ് മേഖലയിലുള്ള എല്ലാ വ്യക്തികളുടെയും പരിശ്രമങ്ങളെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ഒരു പൗരനെയും ഇക്കാര്യത്തിൽ ഉപേക്ഷിക്കരുതെന്നുകൂടിയാണ് ഞാൻ അവരോടു് ശക്തമായി ആവശ്യപെടുന്നത്. മാർക്കറ്റ് ഡെപ്തും ഡി-റിസ്കിങ് ഓപറേഷൻസും കൈവരിക്കുന്നതിനുള്ളഏറ്റവും നല്ല മാർഗ്ഗം കൂടിയാണിതെന്ന് ഒരു ബാങ്കറോട്ഉറപ്പിച്ചു പറയേണ്ട ആവശ്യമില്ല. 7. സാമ്പത്തിക ഉൾപ്പെടുത്തലിലൂടെ, നമ്മുടെ ജനസംഖ്യയുടെ ബാങ്ക് രഹിത മേഖലകളെ ഉൾപ്പെടുത്തുന്നതിൽ നമ്മൾ അതിവേഗത്തിലുള്ള കാൽവെപ്പുകളാണ് നടത്തിയത്. ഇപ്പോൾ നമ്മുടെ മുൻപിലുള്ള വെല്ലുവിളി അവരെ ആഴത്തിൽ ഉൾക്കൊള്ളിക്കുക എന്നതാണ്. സാമ്പത്തികമായി തഴേത്തട്ടിലുള്ളവരുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ധനകാര്യ ഉല്പന്നങ്ങളെപ്പറ്റി ചിന്തിക്കാനാണ് നിങ്ങൾ എല്ലാവരോടും ഞാൻ ശക്തമായി ആവശ്യപ്പെടുന്നത്. . NIBM ന് നല്ല രീതിയിലുള്ള ഗവേഷണ സൗകര്യങ്ങൾ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ജനസംഖ്യയിലെ വളരെ ദരിദ്രരായ വിഭാഗത്തിന് വേണ്ടിയുള്ള ധനകാര്യ ഉത്പന്നങ്ങളുടെ സൃഷ്ടിക്കായി ഇവയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിന്‍റെ പുരോഗതി പാവപ്പെട്ടവരുടെ കൂട്ടായ സാമ്പത്തിക ശക്തിയുടെ സംഭാവനയെ ആശ്രയിച്ചിരിക്കുന്നു. സ്ത്രീകളാൽ നയിക്കപ്പെടുന്ന സ്വയം സഹായ പ്രസ്ഥാനങ്ങൾ, പാവപ്പെട്ടവർക്കുവേണ്ടി നടത്തുന്ന നിക്ഷേപങ്ങളിൽ നിന്ന് കൊയ്തെടുക്കാവുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് കാണിച്ചുതന്നിട്ടുണ്ട്. 8. സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടിലുള്ളവരെ ആഴത്തിൽ ബന്ധപ്പെടുത്തുന്നതിനു ബാങ്കർമാരുടെ സഹാനുഭൂതിയും അനുകമ്പയുമാണ് ആവശ്യമായിട്ടുള്ളത്. ബാങ്കർമാരുടെ ഭാഗത്തു നിന്ന് ഇതിനുവേണ്ടത് ജനസംഖ്യയിലെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായുള്ള കൂടുതൽ ഇടപഴകലുംഅവരോടുള്ള മനോഭാവപരമായ മാറ്റവുമാണ്. വിശിഷ്ട ജനങ്ങളുടെ ഒരു തൊഴിൽ മേഖല എന്നതിൽ നിന്നും ബാങ്കിങ്ങിനെ സാധാരണക്കാരന് ലഭിക്കേണ്ട സേവനത്തിലേക്കു മാറ്റിയെടുത്തതിന് ബാങ്കുകൾ നിർവഹിച്ചത് പ്രശംസനീയമായ പ്രവൃത്തിയാണ്. വിവിധ ക്ഷേമപദ്ധതികൾക്കു കീഴിൽ പാവപ്പെട്ടവരുടെയും അത്യാവശ്യക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറ്റം ചെയ്തതുവഴി ദശലക്ഷങ്ങളുടെ ജീവിതം സ്പർശിക്കപ്പെട്ടിട്ടുണ്ട്. ഈ പണം മൊത്തത്തിൽ 9.2 ലക്ഷം കോടിയോളം രൂപ വരുമെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇത് നിശ്ചയമായും വളരെ ആശ്വാസകരമാണ്, ഒപ്പം നമ്മുടെ പ്രതീക്ഷകളുടെ വിതാനം ഉയർത്തുവാനും കഴിയും. 9. സ്ത്രീകൾക്കു ധനകാര്യ ബുദ്ധികൂർമ്മത കൂടുതലാണെന്ന് നിങ്ങളെല്ലാവരും സമ്മതിക്കും. ഞാൻ സംതൃപ്തിയോടെ വീക്ഷിക്കുന്ന കാര്യം അക്കൗണ്ടുകളുടെ ഉടമസ്ഥതയിലെ ലിംഗപരമായ ഏറ്റക്കുറച്ചിലുകള്‍ വളരെ വേഗത്തിൽ ഇല്ലാതായി വരുന്നു എന്നതാണ്. ഇത് നമ്മുടെ ഭരണഘടനാപരമായ സാമൂഹ്യ സാമ്പത്തിക നീതി എന്ന ലക്ഷ്യത്തിലേക്ക്‌നമ്മെ കുറച്ചു ചുവടുകൾ കൂടി അടുപ്പിക്കുന്നു..ധനകാര്യ ആസ്തികളുടെ ഉടമസ്ഥാവകാശത്തിൽ കൂടുതൽ ലിംഗ സമത്വം കൊണ്ടുവരുന്നതിന് സജീവമായ നടപടികൾ എടുക്കുവാൻ ഞാൻ ബാങ്കുകളോട് അഭ്യർത്ഥിക്കുന്നു. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായി സ്ത്രീകൾക്കിടയിൽ ധനകാര്യ അവബോധം കൂട്ടുന്നതിന് ബാങ്കുകൾക്ക് ചില ഭൂപ്രദേശങ്ങൾ ദത്തെടുക്കാവുന്നതാണ്. ബാങ്കുകൾക്ക് ഉപയോഗപ്പെടുത്താവുന്ന ഉപകരണങ്ങൾ രൂപപ്പെടുത്തുന്ന കാര്യം NIBM പരിഗണിക്കേണ്ടതാണ്. 10. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തുമ്പോൾ പല തരത്തിലുള്ള ശാരീരിക വെല്ലുവിളി നേരിടുന്നവരെ കണ്ടുമുട്ടാറുണ്ട്. അവരുമായിട്ടുള്ള ആശയവിനിമയത്തിൽ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ വളരെ വലിയ ശക്തി പ്രകടമാകാറുണ്ട്. നമ്മുടെ ജനസംഖ്യയുടെ 2 ശതമാനത്തിൽ കൂടുതൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവരാണ്. അവരെ ധനകാര്യ മുഖ്യ ധാരയിലേക്ക് കൊണ്ട് വന്ന് പൂർണമായും സംയോജിപ്പിക്കുന്നതിന് നമുക്ക് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് എളുപ്പത്തിൽ ബാങ്കിങ് സൗകര്യങ്ങൾ പ്രാപ്തമാകുന്നതു സംബന്ധിച്ച് വിശദമായ മാർഗരേഖകൾ ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ടെന്നു ഞാൻ മനസിലാക്കുന്നു. നമ്മുടെ ദിവ്യാംഗ് സഹോദരീ സഹോദരന്മാർക്ക് ധനകാര്യ സേവനങ്ങളുടെ പ്രാപ്യത മെച്ചപ്പെടുത്തുവാനായി വേണ്ട എല്ലാ നടപടികളും എടുക്കുവാന്‍ ഭാരതീയ റിസർവ് ബാങ്ക് മുന്നോട്ടു വരണമെന്ന് ഞാൻ അടിയന്തിരമായി ആവശ്യപെടുന്നു. മഹതികളെ, മാന്യരേ, 11. ഭാരതം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നായി തീർന്നിട്ടുണ്ട്. ന്‍റെ ഇന്ത്യയുടെ വളർച്ചയില്‍ ബാങ്കുകൾ സ്ഥിരം ഭാഗഭാക്കുകൾ ആണ്. അഞ്ചു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാണ് ഭാരതത്തിന്‍റെ ലക്‌ഷ്യം എന്നതിനാൽ അടുത്ത വലിയ കുതിച്ചു ചാട്ടത്തിനായി ബാങ്കിങ് മേഖല തയ്യാറെടുക്കേണ്ടതുണ്ട്. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് “ബാങ്ക് രഹിതർക്ക് ബാങ്കിങ്”, “സുരക്ഷിതരല്ലാത്തവരെ സുരക്ഷിതരാക്കല്‍” എന്നീ കാര്യങ്ങളാണ്. ഇത് ആർജ്ജിക്കാൻ വേണ്ടിയുള്ള ശ്രമത്തിൽ ആഗോള നിലവാരത്തിലുള്ള ബാങ്കിങ് സ്ഥാപനങ്ങളിൽ സേവനം നടത്താൻ പ്രാവിണ്യമുള്ള പരിശീലനം ലഭിച്ചിട്ടുള്ളവരുടെ ഒരു സഞ്ചയം സൃഷ്ടിച്ചെടുക്കുന്നതിന്‍റെ ഉത്തരവാദിത്വം അടിയന്തിരമായി ഏറ്റെടുക്കുവാൻ ഞാൻ NIBM നോട് ആവശ്യപെടുന്നു. 12. ഭാരതത്തിന്‍റെ ഭാവിയാത്രക്ക് വലിയ അളവിൽ സഹായകമാകുന്നത് ബാങ്കുകളുടെ കൂടുതൽ ആഴത്തിലുള്ള ഉൾക്കൊള്ളലും കൂടുതൽ കാര്യക്ഷമത കൈവരിക്കലുമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ വലുപ്പം കണക്കിലെടുത്താൽ നമ്മൾ ലക്‌ഷ്യം വയ്ക്കേണ്ടത് ലോകത്തിലെ ഏറ്റവും മികച്ച 100 ബാങ്കുകളിൽ ഒന്നിൽ കൂടുതൽ നമ്മുടേതാകണം എന്നുള്ളതാണ്. 13. നമ്മുടെ ഭാവി റോഡ് മാപ് ‘നമ്മുടെ ഡെമോഗ്രാഫിക് ഡിവിഡണ്ടും’ കൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. ഈ ആനുകൂല്യം ഉചിതമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നു എന്ന് ഉറപ്പാക്കുന്നതിൽ ബാങ്കുകൾക്ക് ഒരു പ്രധാന പങ്കുണ്ട്. മുദ്ര (MUDRA), സ്റ്റാൻഡ് അപ്പ് ഇന്ത്യ (STAND UP INDIA) പോലുള്ള പദ്ധതികൾ ഉന്നത ലക്ഷ്യങ്ങളുള്ള സംരംഭകരിലേക്ക് പണം എത്തിക്കുന്നു. എല്ലാ ബാങ്കർമാരോടും എനിക്ക് അഭ്യർത്ഥിക്കുവാനുള്ളത് ഇക്കാര്യത്തിൽ വളരെ ശ്രദ്ധ വയ്ക്കണമെന്നും പണത്തിന്‍റെ ഇല്ലായ്മ പറഞ്ഞ് ഒരു നല്ല ആശയത്തിനെ ഇല്ലാതാക്കുവാന്‍ അനുവദിക്കരുതെന്നുമാണ്. 14. ബാങ്കുകൾ പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിൽ എന്നും മുൻപിലാണ്. വേഗത്തിലുള്ള സെറ്റിൽമെന്‍റ് സംവിധാനങ്ങൾ, ഇന്റർനെറ്റ് ബാങ്കിങ്, പേയ്മെന്‍റ് ബാങ്കുകൾ എന്നിങ്ങനെയുള്ള നൂതന സൗകര്യങ്ങൾ ബാങ്കിങ് ഒരു ഇടപാടുകാരന് വളരെ എളുപ്പമുള്ളതാക്കിത്തീർത്തിട്ടുണ്ട്. ലോകത്തിന്‍റെ പ്രശംസ നേടിയെടുത്ത, ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത യുണൈറ്റഡ് പേയ്‌മെന്‍റ് ഇന്റർഫേസ് ( UPI ) റിസർവ് ബാങ്കിന്‍റെ നേതൃത്വത്തിനുള്ള ഒരു ബഹുമതിയാണ്. എല്ലാ ഭാരതീയർക്കും അതിൽ അഭിമാനിക്കാം. ഉന്നതമായ നിലവാരം പുലർത്തുന്നതിന് പുതുതായി രൂപപ്പെട്ടു വരുന്ന സാങ്കേതിക വിദ്യകളെ ബാങ്കുകൾ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്ന് എനിക്ക് തീർച്ചയുണ്ട്. സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിന് ആവശ്യമായ മാർഗ്ഗദർശനം നൽകുന്നതിനും ശരിയായ സുരക്ഷാ വ്യവസ്ഥയെ സംബന്ധിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും റിസർവ് ബാങ്ക് ശ്രമിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മഹതികളെ, മാന്യരേ 15. സ്വാതന്ത്ര്യത്തിനു ശേഷം ബാങ്കുകളെയും നീതിയും സമത്വവുംഅടങ്ങിയ വളർച്ച ഉറപ്പാക്കുന്നതിനുള്ള ഒരു സാമൂഹ്യ ഉടമ്പടിയുടെ ഭാഗമായിട്ടാണ് കരുതപ്പെട്ടത് .രാജ്യത്തിൻറെ സാമ്പത്തിക സംവിധാനത്തിൽ ബാങ്കുകളുടെ പ്രാധാന്യം പരിഗണിച്ചു് 1949 ൽ ബാങ്കിങ് നിയന്ത്രണ നിയമം നടപ്പാക്കപ്പെട്ടു. പൊതുമുതലിന്‍റെ കൈവശാവകാശികൾ എന്ന നിലക്കുള്ള ബാങ്കുകളുടെ പങ്കിനെ കുറിച്ച് നമ്മുടെ രാജ്യത്തിന്‍റെ സ്ഥാപക പിതാക്കൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എല്ലാ ബാങ്കർമാരും അവരുടെ പ്രവർത്തനങ്ങൾ നമുക്ക് തന്നിട്ടുള്ള ഈ ഉരകല്ലുപയോഗിച്ച് വിലയിരുത്തണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു. പൊതുധനത്തിന്‍റെ സൂക്ഷിപ്പുകാരൻ എന്ന നിലക്ക് ബാങ്കുകൾക്ക് സമ്പദ് വ്യവസ്ഥയിൽ പ്രധാനപ്പെട്ട വിശ്വാസാധിഷ്ഠിത ഉത്തരവാദിത്വം ഉണ്ട്. അവരിൽ അർപ്പിച്ചിട്ടുള്ള വിശ്വാസം ഒരുതരത്തിലും വഞ്ചിക്കപെടുന്നില്ലെന്നു ഉറപ്പു വരുത്തുവാനുള്ള സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും അവർ എടുക്കേണ്ടതായിട്ടുണ്ട്. നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയാക്കുവാനുള്ള അടുത്ത കാലത്തെ നിർദ്ദേശം സമ്പാദിക്കുന്നവർക്ക് ഉറപ്പു കൊടുക്കുന്ന കാര്യത്തിലുള്ള വസ്തുനിഷ്ഠമായ ഒരു നടപടിയാണ്. 16. ബാങ്കുകൾ ചെറിയ തുടക്കത്തിൽ നിന്നും ബഹുവിധ സാംസ്കാരിക സ്ഥാപനങ്ങളയിട്ടുണ്ട്. അതുകൊണ്ട് ബാങ്കുകൾ നമ്മുടെ ഭരണഘടന വിഭാവന ചെയ്തിട്ടുള്ള നാനാത്വത്തിന്‍റെ മൂല്യങ്ങൾക്കായി നില കൊള്ളുന്നു. ബാങ്കുകളിൽ സമത്വവും വൈവിധ്യവും തുടർന്നുകൊണ്ട് പോകേണ്ടതും സമൂഹത്തിനു നമ്മുടെ സേവനങ്ങൾ എത്തിക്കേണ്ടതും വളരെ പ്രധാനമാണ്. 17. ഭാരതത്തിലും വിദേശത്തും പഠനത്തിന്‍റേയും ശ്രേഷ്ഠതയുടെയും ഒരു കേന്ദ്രമായി NIBM അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് വളരെ സന്തോഷം തരുന്നു. നമ്മുടെ ബാങ്കിങ് മേഖലയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി NIBM മനുഷ്യ വിഭവശേഷി വികസിപ്പിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു. ഭാരതീയ റിസർവ് ബാങ്ക് ഗവർണർ, ഇപ്പോഴുള്ളവരും മുൻപ് ഉണ്ടായിരുന്നവരുമായ ഡയറക്ടര്‍മാർ, ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഫാക്കൽറ്റി, ജീവനക്കാർ, ഇവരെ എല്ലാം ഈ നേട്ടം കൈവരിച്ചതിൽ ഞാൻ അഭിനന്ദിക്കുകയും ബാങ്കിങ് വ്യവസായത്തെ പിന്തുണയ്ക്കുവാനായി അവരുടെ കൂടുതൽ സമർപ്പണവും സംഭാവനയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. 18. NIBM ന്‍റെ വിദ്യാർത്ഥികൾക്കും ഫാക്കൽട്ടിയ്ക്കും അവരുടെ ഭാവിശ്രമങ്ങളിൽ എല്ലാ വിജയവും ഒപ്പം ശ്രേയസ്കരമായ വരും വർഷങ്ങളും ആശംസിക്കുന്നു. എല്ലാവർക്കും നന്ദി |