<font face="mangal" size="3">21-ാം നൂറ്റാണ്ടിലെ ബാങ്കിങ് ദൃശ്യരൂപം - 2020 ഫെബ്ര! - ആർബിഐ - Reserve Bank of India
21-ാം നൂറ്റാണ്ടിലെ ബാങ്കിങ് ദൃശ്യരൂപം - 2020 ഫെബ്രുവരി 24 ന് മിന്റ് വാര്‍ഷിക ബാങ്കിങ് കോണ്‍ക്ലേവില്‍ ഭാരതീയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രീ. ശക്തികാന്ത ദാസ് നടത്തിയ പ്രഭാഷണം
1. മിന്റിന്റെ വാര്‍ഷിക ബാങ്കിങ് കോണ്‍ക്ലേവില്‍ ഇന്ന് ഇവിടെ സന്നിഹിതനാകാന്‍ കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. ധനകാര്യ രംഗത്തും ബാങ്കിങ് വ്യവസായത്തിലുമുള്ള ഏറ്റവും മികച്ചവരും നിപുണരുമായ വ്യക്തികളെ ആകര്‍ഷിക്കുന്ന, അത്യധികം ആദരിക്കപ്പെടുന്ന ഒരു വാര്‍ഷിക പരിപാടിയായിത്തീര്‍ന്നിരിക്കുന്ന കോണ്‍ക്ലേവിന്റെ 13-ാമത്തെ പതിപ്പാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇന്ത്യയുടെ ധനകാര്യ മേഖലയിലും ബാങ്കിങ് മേഖലയിലും പ്രത്യേക താത്പര്യം കാണിക്കുന്ന ബന്ധപ്പെട്ട എല്ലാവര്‍ക്കും ഒരു സുപ്രധാന വേദിയൊരുക്കുകയാണ് കോണ്‍ക്ലേവ് ചെയ്യുന്നത്. നാം ഇന്ന് എവിടെ നില്‍ക്കുന്നുവെന്നത് അപഗ്രഥിക്കുകയും നാളെ നാം എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നിടത്തേയ്ക്ക് എത്താന്‍ നമ്മെ സ്വയം സജ്ജരാക്കുകയുമാണ് ഈ വേദി ചെയ്യുന്നത്. 2. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന അനേകം പ്രശ്‌നങ്ങള്‍ ബാങ്കിങ് നയം രൂപീകരിക്കുന്ന അധികൃതരുടെ ശ്രദ്ധയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബാങ്കുകളുടെ നിയാന്താവും മേല്‍ വിചാരിപ്പുകാരനുമെന്ന നിലയില്‍ രാജ്യത്ത് ഭദ്രവും കരുത്തുള്ളതുമായ ഒരു ബാങ്കിങ് വ്യവസ്ഥ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് പ്രതിജ്ഞാബദ്ധമായി നിലകൊള്ളുകയാണ്. പുതിയ ബിസിനസ് മാതൃകകളുടെയും പുതിയ സാങ്കേതിക വിദ്യാരീതികളുടെയും ആവിര്‍ഭാവവും, ബാങ്കിങ് ധനകാര്യ മേഖലകളില്‍ അവയുടെ പ്രയോഗവും പുതിയ അവസരങ്ങള്‍ നല്‍കുന്നുണ്ട്. ഈ പുത്തന്‍ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ബാങ്കിങ് രംഗത്തെ ആഴത്തില്‍ പരിശോധിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇന്നത്തെ പ്രഭാഷണത്തിനായി ഞാന്‍ '21-ാം നൂറ്റാണ്ടിന്റെ ബാങ്കിങ് ദൃശ്യങ്ങള്‍' എന്ന വിഷയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അഗോള സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള ഉപായങ്ങളായി ധനകാര്യവും ബാങ്കിങും ഉയര്‍ന്നുവന്നിരിക്കുകയാണ്. ധനകാര്യ സേവനങ്ങളുടെ പെട്ടെന്നുള്ള വര്‍ധനവില്‍ സാങ്കേതിക വിദ്യ ഒരു പരമപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പറയാറുണ്ട്. എന്റെ അഭിപ്രായത്തില്‍ അത് ശരിയുമാണ്. അത്തരത്തിലുള്ള സുപ്രധാനമായ നവരീതികളായിരുന്നു ചെക്കുകള്‍, കമ്പിസന്ദേശത്തിലൂടെയുള്ള പണകൈമാറ്റങ്ങള്‍, എടിഎം-കള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ. കൂടുതല്‍ അടുത്തകാലത്തേക്ക് വേഗത്തില്‍ വരുമ്പോള്‍, മെച്ചമായ രീതിയില്‍ ഉപഭോക്തൃ അനുഭവവും നഷ്ടസാധ്യതാ കൈകാര്യകര്‍ത്തുത്വവും ഓഹരിയുടമകള്‍ക്ക് ലാഭവും വാഗ്ദാനം ചെയ്യുന്ന ഒരു സാങ്കേതിക വിദ്യാ വിപ്ലവത്തിന്റെ പിന്‍ബലത്തോടെ ബാങ്കിങ് രംഗത്ത് വീണ്ടും മറ്റൊരു മാതൃകയ്ക്ക് നാം ഇതിനോടകം തന്നെ സാക്ഷ്യം വഹിക്കുകയാണെന്ന് കാണപ്പെടുന്നു. നിലവിലുള്ള ഈ പരിസ്ഥിതിയില്‍ ബാങ്കിങ് മേഖലയ്ക്ക് എന്താണ് ആവശ്യമായി വരുന്നതെന്നും അതിനായി ഭാവികാലത്തേയ്ക്കുവേണ്ടി നമുക്ക് എങ്ങനെ സ്വയം സജ്ജരാകാനാവുമെന്നും മനസ്സിലാക്കേണ്ടത് അത്യന്തം സുപ്രധാനമായിത്തീരുകയാണ്. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ആഗോള ബാങ്കിങ് രംഗത്തെ പ്രവണതകള്‍ ചര്‍ച്ച ചെയ്തു കൊണ്ട് ഞാന്‍ ആരംഭിച്ചുകൊള്ളട്ടെ. തുടര്‍ന്ന് ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ ചില സമീപകാല പ്രവണതകളെയും, ബാങ്കിങിലെ പുതിയ മാനങ്ങളെയും, മുന്നോട്ടുള്ള പാതയെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കാം. I. ആഗോള ബാങ്കിങ്: ഉരുത്തിരിയുന്ന നിയന്ത്രണാധികാര പ്രവണതകള്‍ 4. ബാങ്കിങ് മേഖലയെ സംബന്ധിച്ചിടത്തോളം ആഗോള സാമ്പത്തിക പ്രതിസന്ധി ഒരു നിര്‍ണായക ഘട്ടമാണ്. സാമാന്യേന അഭേദ്യമായ അന്താരാഷ്ട്ര ധനകാര്യ വ്യവസ്ഥയുടെ അന്തര്‍ലീന അസംരക്ഷിതാവസ്ഥയെ അത് തുറന്നു കാട്ടി. നിയന്ത്രണാധികാരചട്ടക്കൂടിന്റെ ഒരു പൊളിച്ചെഴുത്തിനും, സാമ്പത്തിക-ധനകാര്യ പരിസ്ഥിതിയിലെ ദൂരവ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്കും ധനകാര്യ സേവന വ്യവസായ മേഖലയിലെ മത്സരാധിഷ്ഠിത മാറ്റങ്ങള്‍ക്കും ഈ പ്രതിസന്ധി വഴിതെളിച്ചു. 5. ഈ പ്രതിസന്ധിയ്ക്ക് മുന്‍പ് നിലവിലിരുന്ന നിയന്ത്രണാധികാര്യ ചട്ടക്കൂടിന്റെ പോരായ്മകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ ബേസല്‍ കമ്മിറ്റി ഓണ്‍ ബാങ്കിങ് സൂപ്പര്‍ വിഷന്‍ (ബിസിബിഎസ്) പോലുള്ള അന്താരാഷ്ട്ര നിലവാര നിര്‍ണയ സമിതികള്‍ ഈര്‍ജിതമായി പ്രവര്‍ത്തിച്ചു. തത്ഫലമായി, ആഗോള ധനകാര്യ വ്യവസ്ഥയെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഏറെ പര്യാപ്തമാക്കിത്തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ ഋണ-ഓഹരി മൂല്യ അനുപാതം, ആസ്തിവിക്രയ ക്ഷമത, മൂലധന പര്യാപ്തത എന്നിവയുള്‍പ്പെടെയുള്ള അനേകം നിയന്ത്രണാധികാര മാനദണ്ഡങ്ങള്‍ ബേസല്‍ -III പരിഷ്‌കാരങ്ങളുടെ ഭാഗമായി പുനരവലോകനം ചെയ്യപ്പെട്ടു. ആസ്തി വിക്രയക്ഷമതയുമായി ബന്ധപ്പെട്ട നഷ്ട സാധ്യതയ്ക്ക് പരിഹാരമായി ലിക്വിഡിറ്റി കവറേജ് റേഷ്യോ(എല്‍ സി ആര്‍), നെറ്റ് സ്റ്റേബിള്‍ഫണ്ടിങ് റേഷ്യോ, (എന്‍ എസ് എഫ് ആര്‍) പോലുള്ള പുതിയ സാമഗ്രികള്‍ രംഗത്ത് വന്നു. നഷ്ടസാധ്യതയുള്ളതും വന്‍തോതിലുള്ളവയുമായ വായ്പകള്‍ക്ക് പരിധി വയ്ക്കുന്ന ചട്ടക്കൂടും ഇതിന് അനുബന്ധമായി നിലവില്‍ വന്നു. 'പരാജയപ്പെടാത്തത്രയും വലുത് (ടു ബിഗ് ടു ഫെയില്‍- ടിബിടിഎഫ്) എന്ന പ്രശ്‌നത്തെ നേരിടാനുള്ള ഉദ്ദേശ്യത്തോടെ ഗ്ലോബല്‍ സിസ്റ്റമിക്കലി ഇംപോര്‍ട്ടന്റ് ബാങ്കുകള്‍ (ജി-എസ് ഐ ബികള്‍)ക്ക് അവരുടെ മൂലധന ശേഖരം വീണ്ടെടുക്കുന്നതിനായി ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ബോര്‍ഡ് (എഫ് എസ് ബി) അവരുടെ നഷ്ടം ആഗിരണം ചെയ്യുവാനുള്ള കഴിവ് ഘട്ടംഘട്ടമായി ക്രമീകരിച്ചിട്ടുണ്ട്. വ്യത്യസ്ത അധികാരകേന്ദ്രങ്ങളും എഫ് എസ് ബി തുടങ്ങിവച്ച മറ്റ് മുഖ്യമായ പരിഷ്‌കാരങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാര രീതികള്‍ ഫലവത്തായി മേല്‍നോട്ടം നിര്‍വഹിച്ച് തീര്‍പ്പ് കല്പിക്കാനുള്ള ഭദ്രമായ സംവിധാനങ്ങള്‍ അതിലൊന്നാണ്. ബാങ്കിങ്- ഇതര ധനകാര്യ മധ്യവര്‍ത്തി (എന്‍ ബി എഫ് ഐ) സ്ഥാപനങ്ങളുടെ കാര്യത്തില്‍ 2011 മുതല്‍ക്ക് എഫ് എസ് ബി വാര്‍ഷികാടിസ്ഥാനത്തില്‍ ക്രമമായ നിരീക്ഷണം നടത്തി വരുന്നുണ്ട്. പൊതുവെ പറഞ്ഞാല്‍, ബാങ്കിങ് ഇതര മധ്യവര്‍ത്തിസ്ഥാപനങ്ങളില്‍ ധനകാര്യ പ്രതിസന്ധിയ്ക്കിടയാക്കിയ സംഗതികള്‍ മിക്കവയും ഗണ്യമായ തോതില്‍ കുറഞ്ഞതായിട്ടാണ് കാണപ്പെടുന്നത്. 6. അന്താരാഷ്ട്ര സംഘടനകള്‍ മുന്‍പ് സൂചിപ്പിച്ച പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ വ്യത്യസ്ത രാജ്യങ്ങളില്‍ നയം രൂപീകരിക്കുന്നവര്‍ അവരവരുടെ നിയന്ത്രണപരമായ ചട്ടക്കൂടുകള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇടക്കാലത്തിലും ദീര്‍ഘകാലത്തിലുമായി ആഗോള ബാങ്കിങ് വ്യവസ്ഥയുടെ ഭദ്രതയും മാന്ദ്യത്തില്‍ നിന്നും വിമുക്തമാകാനുള്ളശേഷിയും വര്‍ദ്ധിപ്പിച്ച് ഈ നയങ്ങള്‍ക്ക് പ്രയോജനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊട്ടടുത്തകാലത്ത് 2018 -ലെ ആഗോള വളര്‍ച്ചാ മാന്ദ്യത്തോടെ വായ്പാ വളര്‍ച്ചയുടെ വേഗത മുഖ്യ രാജ്യങ്ങളിലും കുറയുകയാണ് ചെയ്തത്. ഇത് ബാങ്കുകളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചു. ആസ്തി ഗുണനിലവാരത്തില്‍ വ്യതിരിക്തമായ അഭിവൃദ്ധിയുണ്ടായെങ്കില്‍ക്കൂടിയും യൂറോ മേഖലയില്‍ ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നടത്തുന്ന നിക്ഷേപത്തെ തുടര്‍ന്നും അമിതമായി ആശ്രയിക്കുന്ന പോലുള്ള ഘടനാപരമായ ദൗര്‍ബല്യങ്ങളും മൊത്തമായ ഫണ്ടിങ് രീതിയും അനേകം വികസിത രാജ്യങ്ങളില്‍ തുടരുക തന്നെയാണ്. എന്നിരുന്നാല്‍ കൂടിയും ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്കു ശേഷം നടപ്പാക്കിയ നിയന്ത്രണപരമായ വ്യത്യസ്ത പരിഷ്‌ക്കാരങ്ങളുടെ സഹായത്തോടെ വന്‍കിട വികസിത രാജ്യങ്ങളിലും വളര്‍ന്നു വരുന്ന വിപണി സമ്പദ് ഘടനകളിലും ബാങ്കുകളുടെ മൂലധനത്തിന്റെ അവസ്ഥ സ്ഥിരമായി അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുകയാണ്. II. ഇന്ത്യന്‍ ബാങ്കിങ് രംഗം 7. ഭാരതീയ റിസര്‍വ് ബാങ്കില്‍ ഞങ്ങള്‍ കൗണ്ടര്‍ സൈക്ലിക്കല്‍ ക്യാപിറ്റല്‍ ബഫര്‍ (സിസിസിബി) -ന്റെ കാര്യത്തില്‍ പൊതുവെ ബേസല്‍ മാനദണ്ഡങ്ങള്‍ക്കനുസരണമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്യാപ്പിറ്റല്‍ റിക്വയര്‍മെന്റ്‌സ് ഫോര്‍ സെന്‍ട്രല്‍ കൗണ്ടര്‍ പാര്‍ട്ടീസ് (സിസിപി-കള്‍); ലിവറേജ് റേഷ്യോ ഫ്രെയിം വര്‍ക്ക്, ലിക്വിഡിറ്റി കവറേജ് റേഷ്യോ, (എല്‍ സി ആര്‍), നെറ്റ് സ്റ്റേബിള്‍ ഫണ്ടിങ് റേഷ്യോ (എന്‍ എസ് എഫ് ആര്‍); ഡൊമസ്റ്റിക്- സിസ്റ്റമിക്കലി ഇംപോര്‍ട്ടന്റ് ബാങ്ക്‌സ് (ഡി-എസ് ഐ ബി-കള്‍) വന്‍കിട വായ്പകളുടെ മൂല്യം നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുവാനായി മേല്‍നോട്ടം നടത്തുന്നതായ ഒരു ചട്ടക്കൂട് എന്നിവ തയ്യാറാക്കിയിരിക്കുന്നു. തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പ് കല്പിക്കുന്ന വിഷയത്തില്‍ ഐ ബി സി യുടെ 227-ാം നമ്പര്‍ സെക്ഷന്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനമനുസരിച്ച് അല്പം പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം സംബന്ധിച്ച് ഒരു ഏകീകൃത ചട്ടക്കൂട് സമീപ ഭാവിയില്‍ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ധനകാര്യ വ്യവസ്ഥ ഉണ്ടാകുന്നതിലേക്കായി ഈ പരിഷ്‌കാരം നടപ്പിലാക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. 8. ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്രപ്റ്റ്‌സി കോഡ് (ഐ ബി സി) മുഖേന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള മെച്ചമായ രീതിയോടൊപ്പം ആസ്തി ഗുണ നിലവാരത്തിന്റെ അഭിവൃദ്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥ സാവധാനം അനുകൂലമായ ഒരു മാറ്റത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നത് അടുത്തകാലത്തുണ്ടായ പുരോഗതിയിലൂടെ ദൃശ്യമാകുന്നതാണ്. മൂല്യമിടിയുന്ന ആസ്തികളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ബാങ്കിങ് വ്യവസ്ഥയുടെ ലാഭക്ഷമത ദുര്‍ബലമായി തുടരുകയാണ്. എന്നാല്‍ സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകള്‍ക്ക് പുനര്‍ മൂലധനം നല്‍കിയതിനാലും സ്വകാര്യമേഖലാ ബാങ്കുകള്‍ മൂലധനമുയര്‍ത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനാലും ബാങ്കുകളുടെ മൂലധനത്തിന്റെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട് എന്നുവരികിലും ടെലികോം മേഖലയെച്ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളില്‍ നിന്നും ബാങ്കിങ് രംഗം തുടര്‍ന്നും വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. 9. തത്ഫലമായി നിഷ്‌ക്രിയ ആസ്തികളുടെ (എന്‍ പി എ) ഭാരം വായ്പാ വളര്‍ച്ചയെ ദുര്‍ബലമാക്കുംവിധം താരതമ്യേന കൂടുതലായി തുടരുന്നു. കൂടാതെ, ലാഭക്ഷമത യിലെ കുറവും ചില കമ്പനികള്‍ ആസ്തികള്‍ വിറ്റ് ഋണഭാരം കുറക്കുന്ന രീതിയും പരിഗണിച്ച് നഷ്ടം വരാതെ നോക്കാന്‍ ശ്രമിക്കുന്ന ബാങ്കുകള്‍ അവരുടെ ശ്രദ്ധ വന്‍കിട അടിസ്ഥാന സൗകര്യ വികസന വായ്പകളില്‍ നിന്നും വ്യാവസായിക വായ്പകളില്‍ നിന്നും ശ്രദ്ധ തിരിച്ച് ചെറുകിട വായ്പകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഈ വൈവിധ്യവല്‍ക്കരണ തന്ത്രം നഷ്ട സാധ്യത കുറയ്ക്കാനുള്ള ഉപായമെന്ന നിലയില്‍ സഹായകരമാകുമ്പോള്‍ത്തന്നെ അതിന്റേതായ പരിമിതികളും വെളിവാക്കുന്നുണ്ട്. മാത്രവുമല്ല ഞെരുക്കം അനുഭവിക്കുന്ന മേഖലകള്‍ പ്രത്യേകമായിക്കണ്ട് ധനകാര്യ നയത്തിന്റെ ശ്രദ്ധ അവിടേയ്ക്ക് പതിപ്പിക്കേണ്ടതുണ്ട്. അതേസമയം തന്നെ, തക്കതായ ജാഗ്രതയും വായ്പകള്‍ നല്‍കുന്നതിലെ സാധ്യതാ നിര്‍ണ്ണയവും പരമ പ്രധാനമാണ്. സമ്പദ് വ്യവസ്ഥയിലെ ഉത്പാദനക്ഷമമായ മേഖലകളിലേക്ക് വേണ്ടിടത്തോളം വായ്പാപ്രവാഹം ഉണ്ടാകുന്നുണ്ട് എന്ന കാര്യം ഉറപ്പ് വരുത്തുമ്പോള്‍ തന്നെ ബാങ്കിങ് മേഖലയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. 10. ആര്‍ ബി ഐ യുടെ 2019 ഡിസംബറിലെ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി റിപ്പോര്‍ട്ടില്‍ കാണുന്നതിന്‍ പ്രകാരം ബാങ്കിങ് ദൃഢതാ സൂചകം മികവ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. എല്ലാ ഷെഡ്യൂള്‍സ് വാണിജ്യ ബാങ്ക് (എസ് സി ബി) കളുടെയും മൊത്തം നിഷ്‌ക്രിയ ആസ്തി (ജി എന്‍ പി എ) അനുപാതങ്ങള്‍ കുറച്ചു കൊണ്ടുവരാനായി വേഗത്തിലുള്ള തര്‍ക്ക പരിഹാരം, ഭേദപ്പെട്ട വായ്പാ വീണ്ടെടുപ്പ് മുതലായ അവസരോചിതമായ കാഠിന്യ ശമന മാര്‍ഗങ്ങള്‍ തുടര്‍ന്നു പോകേണ്ടതായിട്ടുണ്ട്. താഴ്ന്ന നിരക്കിലുള്ള വായ്പാ വര്‍ധന, മൊത്തം നിഷ്‌ക്രിയ ആസ്തി അളക്കുവാനുള്ള ഹാരകത്തിന്റെ വലുപ്പത്തെ പരിമിതപ്പെടുത്തുമ്പോള്‍ ആഗോളവും ആഭ്യന്തരവുമായ സാമ്പത്തിക അവസ്ഥകളില്‍ നിന്നും ഭൂരാഷ്ട്ര തന്ത്രപരമായ സംഭവ വികാസങ്ങളില്‍ നിന്നും ഉടലെടുക്കുന്ന നഷ്ടസാധ്യതകള്‍ ഒരേ നിലയില്‍ തുടരുകയാണ്. III. ബാങ്കിന്റെ പുതിയ മാനങ്ങള്‍ ഉയര്‍ന്ന് കാണാറാകുന്ന ബാങ്കിങ് ഘടന ഉയർന്നുവരുന്ന ബാങ്കിങ് ഘടന 11. ആഗോള ബാങ്കിങ് സാമ്പത്തിക പ്രതിസന്ധി തുറന്നു കാട്ടിയ കുറവുകള്‍ പരിഹരിക്കുന്നതില്‍ ആഗോള ബാങ്കിങ് വ്യവസ്ഥ വ്യാപൃതമായിരിക്കുമ്പോള്‍ത്തന്നെ പരാമ്പരാഗത ബാങ്കിങ് ബിസിനസിന്റെ അന്തസാരത്തെത്തന്നെ ചോദ്യം ചെയ്യുകയുമാണ്. ആഗോളതലത്തിലെ ബാങ്കുകള്‍ ഡിജിറ്റല്‍ നവ മാതൃകകളുടെ പ്രയോജനം ലഭിക്കുന്ന പാരമ്പര്യേതര ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വര്‍ധമാനമായ മത്സരം നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ബാങ്കിങ് ഘടനകള്‍ പുതിയ ഡിജിറ്റല്‍ രീതികള്‍ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നു. 12. ബാങ്കിങ്, ധനകാര്യസേവന വ്യവസായത്തില്‍ കടന്നു വന്ന് അനേകം ഫിന്‍ടെക് സ്റ്റാര്‍ടെക് സ്റ്റാര്‍ട്ട-അപ്പുകള്‍ രൂപമെടുത്തിട്ടുണ്ട്. ഇവ പീര്‍-ടു-പീര്‍ ലെന്റിങ്, ക്രൗഡ്-ഫണ്ടിങ്, ട്രേഡ് ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, അക്കൗണ്ട് അഗ്രിഗേഷന്‍, ഹെല്‍ത്ത് മാനേജ്‌മെന്റ് എന്നീ രംഗങ്ങളില്‍ പണം നല്‍കുകയും പണം സ്വീകരിക്കുകയും ചെയ്യുന്ന മേഖലയില്‍ പ്രവേശിച്ചിരിക്കുന്നു. ഫിന്‍ടെക് സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് അനേകം ബാങ്കുകള്‍ ബാങ്കിങ് സേവനങ്ങളും മൊബൈല്‍ സേവനങ്ങളും ഇടകലര്‍ന്ന സങ്കര രീതികള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. 13. ബാങ്കുകള്‍ മത്സരം നേരിടുന്നത് ഫിന്‍ടെക് കമ്പനികളില്‍ നിന്നും മാത്രമല്ല, ധനകാര്യ സേവന വ്യവസായത്തില്‍ വന്‍തോതില്‍ പ്രവേശിച്ചിരിക്കുന്ന വന്‍കിട സാങ്കേതിക വിദ്യാകമ്പനികളില്‍ (ബിഗ് ടെക്ക്-കള്‍) നിന്നും കൂടിയത്രെ. അവയുടെ ഡേറ്റാ-നെറ്റ് വര്‍ക്ക് പ്രവര്‍ത്തനങ്ങളുടെ ബലിഷ്ഠമായ പ്രകൃതത്തിന്റെ പ്രയോജനങ്ങള്‍ മുതലെടുത്തുകൊണ്ട് ചില ബിഗ് ടെക്-കള്‍ പെയ്‌മെന്റ്‌സ്, മണി മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ്, വായ്പാവിതരണം എന്നീ സംരംഭങ്ങളിലേര്‍പ്പെടാന്‍ ഉദ്യമിക്കുകയാണ്. ഇപ്പോള്‍ ധനകാര്യ സേവനങ്ങള്‍ ആഗോളടിസ്ഥാനത്തിലുള്ള അവരുടെ ബിസിനസിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. എന്നാല്‍ അവയുടെ വലുപ്പവും വ്യാപന ശക്തിയും കണക്കിലെടുക്കുമ്പോള്‍, ധനകാര്യ സേവനങ്ങളിലേക്കുള്ള അവയുടെ കടന്നു വരവിന് ധനകാര്യ മേഖലയില്‍ ദ്രുതഗതിയിലുള്ള പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശക്തിയുണ്ട് എന്ന് കാണാം. തീര്‍ച്ചയായും അവ ധാരാളം പ്രായോജനങ്ങള്‍ കൊണ്ടുവന്നേയ്ക്കാം. ബൃഹത്തായ ഡേറ്റ ഉപയോഗിച്ചുകൊണ്ട് ബിഗ്‌ടെക്-കള്‍ക്ക് പാര്‍ശ്വസ്ഥ ഈടിന്റെ ആവശ്യകത കുറച്ചുകൊണ്ട്, വായ്പയെടുക്കുന്നവരുടെ കാര്യത്തിലെ നഷ്ട സാധ്യത നിര്‍ണ്ണയിക്കാന്‍ കഴിയും. ഇത് നിമിത്തം, അവയുടെ ചെലവ് കുറഞ്ഞ ബിസിനസ് ഘടന, ബാങ്കുകളുടെ പ്രയോജനം ലഭിക്കാത്ത ജനവിഭാഗത്തിന് അടിസ്ഥാന ധനകാര്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയുംവിധം അനായാസം രൂപപ്പെടുത്തിയെടുക്കാനാവും. 14. ഇത്തരത്തിലുള്ള സംഭവ വികാസങ്ങള്‍ ബാങ്കുകള്‍ക്കും അതോടൊപ്പം ബാങ്കുകളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഒരു വെല്ലുവിളിയാണ്. ബാങ്കിങ് രംഗത്തെ ഇതര സ്ഥാപനങ്ങളുമായി കിടപിടിച്ചു പ്രവര്‍ത്തിക്കണമെങ്കില്‍ ബാങ്കുകള്‍ക്ക് പുതിയ സാങ്കേതിക വിദ്യയും ബിസിനസ് ശീലങ്ങളും ഉള്‍ക്കൊള്ളേണ്ടതായിട്ടുണ്ട്. ബാങ്കിങ് നിയന്ത്രകര്‍ക്കാകട്ടെ നേരേമറിച്ച്, നൂതന രീതികള്‍ പ്രോത്സാഹിപ്പിക്കുയെന്നതും ഒരു നിശ്ചിത/ ആനുപാതിക മേല്‍നോട്ട-നിയന്ത്രണ ചട്ടക്കൂട് ഉപയോഗിക്കുകയെന്നതും തമ്മില്‍ ഒരു സമതുലിതാവസ്ഥ കൈവരിക്കേണ്ടതില്‍ ശ്രദ്ധ ചെലുത്താനുണ്ട്. ഇവയെല്ലാം അര്‍ഥമാക്കുന്നത്, ബാങ്കിങ് വ്യവസ്ഥയുടെ ഭാവി, ഭൂതകാലത്തിന്റെ ഒരു തുടര്‍ച്ചയായിരിക്കുകയില്ലെന്നതത്രെ. വരും വര്‍ഷങ്ങളില്‍ ഘടനയുടെയും ബിസിനസ് മാതൃകയുടെയും അടിസ്ഥാനത്തില്‍ വളരെയേറെ വ്യത്യസ്തമായ ഒരു ബാങ്കിങ് മേഖലയെയാണ് നാം കാണാനിരിക്കുന്നത്. 15. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ എന്തായിരിക്കാം സംഭവ്യമായ ഒരു ദൃശ്യരൂപം? ബാങ്കിങ് സ്ഥാപനങ്ങളുടെ ഭിന്നമായ വിഭാഗങ്ങള്‍ വരും വര്‍ഷങ്ങളില്‍ ആവിര്‍ഭവിച്ചേയ്ക്കാം. ഒന്നാമത്തെ വിഭാഗത്തില്‍ ആഭ്യന്തര- അന്താരാഷ്ട്ര സാന്നിധ്യമുള്ള വന്‍കിട ഇന്ത്യന്‍ ബാങ്കുകള്‍ ഉള്‍പ്പെടാം. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഈ പ്രക്രിയകള്‍ക്ക് ആക്കം കൂട്ടും. രണ്ടാമത്തെ വിഭാഗത്തില്‍ രാജ്യമാകെ സാന്നിധ്യമുള്ള ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അനേകം ഇടത്തരം ബാങ്കിങ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടാനിടയുണ്ട്. മൂന്നാമത്തെ വിഭാഗത്തിലാകട്ടെ, ഗ്രാമ/പ്രാദേശിക മേഖലകളിലെ അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വായ്പക്കാരുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്ന ചെറുകിട സ്വകാര്യ മേഖലാ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവയായിരിക്കും ഉള്‍പ്പെടുന്നത്. നാലാമത്തെ വിഭാഗത്തില്‍ വരുന്നത്, ഏജന്റുകളായോ, അഥവാ സഹസ്ഥാപനങ്ങളായോ പ്രവര്‍ത്തിച്ച് ബാങ്കുകളിലൂടെയോ അല്ലെങ്കില്‍ നേരിട്ടോ, സേവനം നല്‍കുന്ന ഡിജിറ്റല്‍ സ്ഥാപനങ്ങളായിരിക്കും. പുന:ക്രമീകരിക്കപ്പെട്ട ബാങ്കിങ് വ്യവസ്ഥ തീര്‍ച്ചയായും ബാങ്കുകളുടെ പ്രത്യേക തരത്തിലുള്ള ഒരു അനുസ്യൂത ശൃംഖലയായിരിക്കും . ശക്തമായ ഉപഭോക്തൃ അടിത്തറയുടെ പരമ്പരാഗത സ്ഥാപനങ്ങളും, ഒപ്പം പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സ്ഥാപനങ്ങളും ഉള്‍പ്പെടുന്നതായിരിക്കും ബാങ്കിങ് വേദി. 16. ഉരുത്തിരിഞ്ഞു വരുന്ന ദൃശ്യരൂപത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരെയും ശാഖളെയും വിന്യസിപ്പിക്കുന്നതില്‍ കൂട്ടായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനോടൊപ്പമായി ഭാവി വെല്ലുവിളികളെ നേരിടാനായുള്ള പ്രവര്‍ത്തനങ്ങള്‍ സുസംഘടിതമാക്കാന്‍ ഉചിതമായ രീതിയില്‍ രൂപകല്പന ചെയ്ത പൊതുമേഖലാ ബാങ്ക് സംയോജനത്തിന് കഴിയും. മൂലധന പര്യാപ്തത സംബന്ധമായ ആവശ്യകതകള്‍ നിറവേറ്റാനായി ദുര്‍ല്ലഭമായ മൂലധനത്തെ യുക്തി പൂര്‍വകമായി വിന്യസിക്കുന്നതിലും കാര്യക്ഷമത വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിലുമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സാങ്കേതിക വിദ്യയിലും നൈപുണ്യവികസനത്തിലുമുള്ള മുതല്‍മുടക്കുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അഭിവൃദ്ധിപ്പെട്ട സാങ്കേതിക വിദ്യ, നൈപുണ്യം, ബിസിനസ് മാതൃകകള്‍ എന്നിവയുടെ പിന്‍ബലത്തോടെ വന്‍കിട ബാങ്കുകള്‍ക്കും ഊര്‍ജ്ജസ്വലമായ ബാങ്കുകള്‍ക്കും മെച്ചപ്പെട്ട മുദ്രകളോടെ സ്വയം പുതിയ നില കൈവരിക്കാന്‍ കഴിയും. 17. ആത്യന്തികമായി, ആരോഗ്യകരവും നൈതികതാധിഷ്ഠിതവുമായ ഒരു അനുവര്‍ത്തന സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്ന ഒരു കോര്‍പ്പറേറ്റ് ഭരണകര്‍ത്തൃത്വത്തിന്റെ ശക്തിയിലാണ് ഒരു ബാങ്കിങ് വ്യവസ്ഥയുടെ ദൃഢത ആശ്രയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കോര്‍പ്പറേറ്റ് ഭരണകര്‍ത്തൃത്വത്തെ സംബന്ധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കി വരുന്നുണ്ട്. ഉദാഹരണത്തിന്, മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍, ചീഫ് എക്‌സിക്യട്ടീവ് ഓഫീസര്‍മാര്‍, ബാങ്കുകളുടെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ എന്നിവരുടെ പ്രതിഫലം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഗണ്യമായി പരിഷ്‌കരിച്ചിട്ടുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കാണാനിടയാകുന്ന വന്‍തോതിലുള്ള ഭൃംശങ്ങളും കൃത്രിമങ്ങളും അപകട സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനായി ബാങ്കുകള്‍ക്കുള്ളിലെ അന്തരീക്ഷ നിയന്ത്രണ രീതികളുടെ ഫലപ്രദമായ ഉപയോഗത്തെയും പങ്കിനെയും കുറിച്ചുള്ള സന്ദേഹങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ശ്രീ വൈ എച്ച്. മലേഗാമിന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയുടെ ശിപാര്‍ശകളുടെ ചുവടുപിടിച്ച, ബാങ്കുകളിലെ കണ്‍കറന്റ് ഓഡിറ്റ് സമ്പ്രദായത്തെ സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ രേഖകള്‍ ആര്‍ ബി ഐ പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്ക് ബോര്‍ഡുകളിലെ ഓഡിറ്റ് സമിതികള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ത്തന്നെ അവയുടെ ആന്തരിക ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുദ്ദേശിച്ചുള്ളവയാണ് ഈ മാര്‍ഗനിര്‍ദ്ദേശ രേഖകള്‍. കൂടാതെ ഞങ്ങളുടെ ഓഗസ്റ്റ് 2019 ല്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കും പോലെയും, ഡിസംബര്‍ 2019 ല്‍ പ്രസിദ്ധീകരിച്ച 2018-19 വര്‍ഷത്തിലെ ബാങ്കിങ് ഗതികളെയും പുരോഗതിയെയും കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ച് പറയുംപോലെയും, ബാങ്കുകളിലെ കോര്‍പ്പറേറ്റ് ഭരണകര്‍ത്തൃത്വത്തെക്കുറിച്ച് ഞങ്ങള്‍ കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നതായിരിക്കും. ഡിജിറ്റല്‍ സ്‌ഫോടനങ്ങള്‍ 18. ഘടനാപരമായ പരിവര്‍ത്തനങ്ങള്‍ക്ക് പുറമേ ഡിജിറ്റല്‍ സ്‌ഫോടനങ്ങള്‍ ബാങ്കിങ് മേഖലയെ തുടര്‍ന്നും രൂപാന്തരത്തിന് വിധേയമാക്കിക്കൊണ്ടിരിക്കും. സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിന് ഉത്തേജനമേകിയ സര്‍വ്വവ്യാപിയായ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്കുള്ള സമൂലമായ ഒരു മാറ്റത്തിന് വഴി തെളിക്കുന്ന മുന്‍കൈയെടുക്കലുകള്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ബാങ്കിങ് വ്യവസായവും നടത്തിയിട്ടുണ്ട്. ജനസംഖ്യാപരമായ നേട്ടം, ജെ എ എം ത്രിത്വം മുതലായ അനുകൂല ഘടകങ്ങളുടെ അതുല്യമായ ഒരു സംഗമം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ധനകാര്യസേവനങ്ങളുടെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷന് ഇത് കൂടുതലായി പിന്‍ബലമേകും. 19. തങ്ങളുടെ പരമ്പരാഗത ബിസിനസ് മേഖലയിലേയ്ക്കുള്ള ഇതരസ്ഥാപനങ്ങളുടെ കടന്നുകയറ്റത്തോടെ, ബാങ്കുകള്‍ ഇന്‍ഷുറന്‍സ്, അസറ്റ് മാനേജുമെന്റ്, ബ്രോക്കറേജ് തുടങ്ങിയ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളുടെ മനോഭാവം മാറുകയാണെന്നതും അവ ഫിന്‍ടെക് കമ്പനികളെ വിനാശകാരികളായി ഇനിയും കാണുകയില്ലെന്നതും ആവേശകരമാണ്. നിലപാടിലെ ഈ മാറ്റം ധനകാര്യസേവനമേഖലയ്ക്ക് ഒരു സുരക്ഷിതത്വ ബോധം നല്‍കിയിട്ടുണ്ട്. ബാങ്കിങ് ജൈവ വ്യവസ്ഥയില്‍ ഫിന്‍ടെക് കമ്പനികള്‍ കാര്യനിര്‍വഹണ സഹായികളായാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് തെളിവുണ്ട്. സാങ്കേതിക വിദ്യയുടെ നവരീതികള്‍ സ്വീകരിക്കുവാനായി ബാങ്കുകള്‍ നിരവധി തന്ത്രങ്ങളെ ആശ്രയിക്കുന്നുണ്ട്.- ഫിന്‍ടെക് കമ്പനികളില്‍ മുതല്‍ മുടക്കുന്നത് മുതല്‍ ഫിന്‍ടെക് കമ്പനികളുമായി യോജിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് സ്വന്തമായി ഫിന്‍ടെക് സബ്‌സിഡിയറികള്‍ സ്ഥാപിക്കുന്നതുവരെ ബാങ്കുകളും ബാങ്ക്-ഇതര സ്ഥാപനങ്ങളും ഇന്ത്യയിലെ ഇടപാടുകാരന് വിശ്വാസത്തിന്റെയും നവരീതികളുടെയും ഒരു സമ്മിശ്രണം നല്‍കുന്നതില്‍ പങ്കാളികളാവുകയാണ്. 'രണ്ട് ലോകങ്ങ'ളിലെയും മികച്ചത് നല്‍കുകയെന്ന സമീപനം ഡിജിറ്റല്‍ ഇടപാടുകളുടെ അതിമാത്രമായ വളര്‍ച്ചയ്ക്കിടയാക്കിയിരിക്കുന്നു. ഇത് തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകാര്‍ വര്‍ധമാനമായ തോതില്‍ കൂടുതല്‍ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ സേവനങ്ങള്‍ക്കാണ് മതിപ്പ് കല്‍പ്പിക്കുന്നതെന്നതിനാല്‍ ബാങ്കുകള്‍ വിപണിയിലെ അവരുടെ പങ്ക് നിലനിര്‍ത്തുന്നുവെന്നത് ഫലപ്രദമായി ഉറപ്പാക്കാന്‍ കഴിയും. 20. ഈ വികാസപരിമാണങ്ങളുടെ വെളിച്ചത്തില്‍ സാമ്പ്രദായികമായ ബാങ്കിങ്, ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും ആധുനിക വത്കരണത്തിലും കേന്ദ്രീകരിച്ചു കൊണ്ടുള്ള അടുത്ത ബാങ്കിങ് തലമുറയ്ക്ക് വഴിയൊരുക്കുകയാണ്. കല്ലിലും കുമ്മായത്തിലും പണി തീര്‍ത്ത ശാഖകള്‍ ആവശ്യമുണ്ടോ എന്നത് തുടര്‍ച്ചയായി പുനരാലോചനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കാരണം ബാങ്കിങ് സേവനങ്ങളില്‍ ഏറിയ കൂറും ലഭിക്കുവാനായി ഒരു ബാങ്ക് ശാഖ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യം ഒഴിവാക്കിക്കൊണ്ട് ഡിജിറ്റല്‍ സാങ്കേതിക വിദ്യ അക്ഷരാര്‍ത്ഥത്തില്‍ ബാങ്കിങിനെ ഓരോരുത്തരുടെയും വിരല്‍ത്തുമ്പിലെത്തിച്ചു കഴിഞ്ഞിരിക്കുകയാണ്. 21. ഇരുപത്തിനാല് മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതും, ഉപഭോക്താക്കള്‍ക്ക് ഉടന്‍ പണം എത്തിക്കുന്നതുമായ ഇമ്മീഡിയറ്റ് പെയ്‌മെന്റ് സര്‍വീസ് (ഐ എം പി എസ്), യൂണൈറ്റഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) എന്നിവ പോലുള്ള അതിവേഗ പണമിടപാട് രീതികള്‍ നിലവില്‍ വന്നതോടെ ഡിജിറ്റല്‍ പണമിടപാട് രീതികളിലേക്കുള്ള മാറ്റം സാധ്യമായി ത്തീരുകയും ചെയ്തിരിക്കുന്നു. ഡിജിറ്റല്‍ രീതികള്‍ എത്രമാത്രം ആഴത്തില്‍ ഇറങ്ങിച്ചെന്നിട്ടുണ്ടത്, ഓരോ ദിവസവും ശരാശരി കണക്കനുസരിച്ച് 6 ലക്ഷം കോടി രൂപയ്ക്കുള്ള 10 കോടി ഇടപാടുകള്‍ ഇന്ത്യയിലെ പെയ്‌മെന്റ് മാര്‍ഗങ്ങളിലൂടെ നടത്തപ്പെടുന്നുണ്ട് എന്നതില്‍ നിന്നും നിര്‍ണ്ണയിക്കാനാവും. ഇപ്പോള്‍ ദിവസേനയുള്ള പെയ്‌മെന്റ് രീതി പണമിടപാടുകളുടെ വ്യാപ്തി പരിശോധിക്കുമ്പോള്‍ ഏതാണ്ട് 97 ശതമാനവും ഡിജിറ്റല്‍ പെയ്‌മെന്റുകളാണെന്നു കാണാം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ ഡിജിറ്റല്‍ പെയ്‌മെന്റ് പണമിടപാടുകളുടെ അളവില്‍ 50 ശതമാനത്തിലേറെയായി വമ്പിച്ച വളര്‍ച്ചയുണ്ടായതുകൊണ്ടാണ് ഇത് സാധ്യമായിത്തീര്‍ന്നത്. 22. അടുത്തകാലത്ത് റിസര്‍വ് ബാങ്ക് അതിന്റെ റീട്ടെയില്‍ പെയ്‌മെന്റ് സിസ്റ്റം, അതായത് നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി) 24 x 7 എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാരംഭിച്ചിരിക്കുന്നു. ഇത് ഒരു ശ്രദ്ധേയമായ മാറ്റമാണ്. ഈ സൗകര്യമൊരുക്കുന്ന വളരെ വിരളമായ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. രാജ്യങ്ങള്‍ക്കുള്ളില്‍ മാത്രമല്ല, രാജ്യങ്ങള്‍ക്കപ്പുറത്ത് പോലും ദ്രുതമായതും തടസ്സമില്ലാത്തതുമായ പണമിടപാടുകള്‍ സാധ്യമാക്കുന്ന ഒരു അന്താരാഷ്ട്ര മാതൃകയായിത്തീരാന്‍ ഇന്ത്യയിലെ യു പി ഐ സംവിധാനത്തിനു കഴിയുമെന്ന് ബാങ്ക് ഫോര്‍ ഇന്‍ര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് (ബി ഐ എസ്) അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു രേഖയില്‍ സൂചിപ്പിച്ചിരിക്കുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിലുള്ള നമ്മുടെ അനുഭവ സമ്പത്തില്‍ നിന്നും പഠിക്കാനും മനസ്സിലാക്കാനും അന്താരാഷ്ട്ര വേദികളില്‍ ഗണ്യമായ താത്പര്യം പ്രകടമാണ്. ഇക്കാര്യത്തില്‍ പങ്ക് ചേരാനും സഹകരിക്കാനും നമുക്ക് സന്തേഷവുമാണ്. യി പി ഐ മാതൃക മറ്റ് രാജ്യങ്ങളിലേക്ക് പകരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനായി ഒരു സബ്‌സിഡിയറി സ്ഥാപിക്കാനും നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ പേയ്‌മെന്റ് രീതികളുടെ ആഗോള തല വ്യാപനത്തെ അധികമാക്കാന്‍ ഇത് സഹായകരമാകുകയും ചെയ്യും. റീട്ടെയില്‍ പെയ്‌മെന്റ്‌സ് രംഗത്ത് മത്സരം പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ നവരീതികള്‍ സ്വീകരിക്കാനുമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി റീട്ടെയില്‍ പെയ്‌മെന്റ് വ്യവസ്ഥയുടെ ഇന്ത്യയൊട്ടാകെ ബാധകമായ ഒരു ന്യൂ അംബ്രലാ എന്റിറ്റി (എന്‍ യു ഇ) യുടെ ഒരു കരട് ചട്ടക്കൂട് ഞങ്ങളുടെ വെബ്‌സൈറ്റില്‍ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണാധികാരവും മേല്‍നോട്ടവും ശക്തിപ്പെടുത്തല്‍ 23. 21-ാം നൂറ്റാണ്ടിലെ ബാങ്കിങ് മേഖലയുടെ വികസിച്ചുകൊണ്ടേയിരിക്കുന്ന വ്യാപ്തിയുടെ പശ്ചാത്തലത്തില്‍ ബാങ്കിങ് മേഖലയുടെ ദൃഢതയും പൂര്‍ണ്ണതയും ഉറപ്പ് വരുത്തുന്നതിന് വേണ്ട സമഗ്ര രൂപത്തിലുള്ള നിയന്ത്രണപരവും ഉപരിപരിശോധനപരവുമായ പരിഷ്‌ക്കരണങ്ങളെക്കുറിച്ച് നമുക്ക് അവബോധമുണ്ടിരിക്കേണ്ടതിന്റെ ആവശ്യമുണ്ട്. നിയന്ത്രണവിധേയമായ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചു വരാനുള്ള പ്രാപ്തി വര്‍ധിപ്പിക്കുമാറ്, നിയന്ത്രണപരവും ഉപരിപരിശോധനപരവുമായ പ്രവര്‍ത്തനങ്ങളുടെ ഫലക്ഷമത വര്‍ധിപ്പിക്കുന്നതിനായി നിരന്തരം ശ്രമിക്കുകയെന്നത് ആര്‍ ബി ഐ യുടെ പ്രയത്‌നമാണ്. ഈ വിഷയത്തില്‍ അടുത്ത കാലത്ത് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിരുന്നു. ഏകോപനം മെച്ചപ്പെടുത്തുകയും വിഭവങ്ങളെ കൂടുതല്‍ ഏറ്റവും അനുയോജ്യമായി വിനിയോഗിക്കുകയും ചെയ്യുക എന്ന ഉദ്ദ്യേശ്യത്തോടെ ഞങ്ങള്‍ ഉപരിപരിശോധനയ്ക്കും നിയന്ത്രണത്തിനുമായുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പുന:സംഘടിപ്പിച്ചിട്ടുണ്ട്. ഉപരിപരിശോധനയുടെ പരിപ്രേക്ഷ്യത്തില്‍ നിന്നും വീക്ഷിക്കുമ്പോള്‍, ഇത് വ്യവസ്ഥാനുസാരവും സവിശേഷവുമായ അപകട സാധ്യതകളെ തിരിച്ചറിയുന്നതിന് കൂടുതല്‍ ആക്കം കൂട്ടും. ഓഫ് -സൈറ്റ്, ഓണ്‍-സൈറ്റ് ടീമുകള്‍ തമ്മില്‍ കൂട്ടുപ്രവര്‍ത്തനത്തിന് ഇത് സഹായകരമാകുകയും ചെയ്യും. 24. ആവശ്യമായ സ്വയം പര്യാപ്തതയും സംരക്ഷണവും വളര്‍ത്തിയെടുക്കാനും സ്ഥാപനങ്ങളിലും അപകട സാധ്യതയുള്ള രീതികളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞങ്ങളുടെ മേല്‍നോട്ട പരമായ ഉദ്ദേശ്യങ്ങള്‍ കൈവരിക്കാനാവശ്യമുള്ള അനുയോജ്യമായ വ്യത്യസ്ത കരുക്കള്‍ വിന്യസിക്കാനുമായി ഒരു മികവുള്ള മേലന്വേഷണ രീതിയും ഞങ്ങള്‍ പിന്തുടര്‍ന്നു വരുന്നുണ്ട്. ഞങ്ങളുടെ ഓണ്‍സൈറ്റ് മേല്‍നോട്ടത്തിന് ഒരു തുണയെന്ന നിലയ്ക്ക് ഞങ്ങള്‍ കൂടുതല്‍ കര്‍ക്കശമായതും ഊര്‍ജ്ജസ്വലവുമായ ഒരു കാവലിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏകോപിതമായ അനുവര്‍ത്തന കൈകാര്യത്തിന്റെയും നിരീക്ഷണ സമ്പ്രദായത്തിന്റെയും ഭാഗമായി ഒരു സൂപ്-ടെക് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇത് ഒരു വെബ്-അധിഷ്ഠിത ഇന്റര്‍ഫേസ് വഴി, മേല്‍നോട്ടത്തിന് വിധേയമായ സ്ഥാപനങ്ങളുടെ എല്ലാ തീര്‍ച്ചപ്പെടാത്ത അനുവര്‍ത്തനങ്ങളുടെയും സുതാര്യവും കാര്യക്ഷമവുമായ ഒരു മേല്‍ നോട്ടത്തിന് വഴിയൊരുക്കുകയും, ഇന്‍സ്‌പെക്ഷന്‍ ആസൂത്രണ രീതിയെയും സൈബര്‍ സംഭവ അറിയിപ്പിനെയും യന്ത്രവല്‍ക്കരിക്കുകയും തടസ്സമില്ലാത്ത ഡേറ്റാ സമ്പാദനം ഉറപ്പ് വരുത്തുകയും ചെയ്യും. ഈ വിഷയത്തെക്കുറിച്ച് ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ മേഖല സ്ഥാപനങ്ങള്‍ക്കുമിടയില്‍ പഠനങ്ങള്‍ നടത്തുന്നതായിരിക്കും. മേല്‍നോട്ടത്തിനായുള്ള പുതിയ രീതികള്‍ അതത് കാലത്ത് പ്രയോഗത്തില്‍ കൊണ്ടു വരികയും ചെയ്യുന്നതായിരിക്കും. നിര്‍ദ്ദിഷ്ട 'റിസര്‍ച്ച് ആന്റ് പോളിസി ഡിവിഷന്‍ ആന്റ് സ്‌പെഷ്യലിസ്റ്റ് ഡിവിഷന്‍' ഈ പദ്ധതിയെ സഹായിക്കും. 25. ബാങ്കിങ്- ഇതര ധനകാര്യ കമ്പനി (എന്‍ ബി എഫ് സി) കളുടെ വ്യവസ്ഥാനുസാരമായ പ്രാധാന്യത്തെയും, ധനകാര്യ വ്യവസ്ഥയിലെ അവരുടെ അന്തര്‍-ബന്ധന രീതികളെയും ഉചിത രൂപത്തില്‍ അംഗീകരിച്ചുകൊണ്ട്, അവയുടെ ആസ്തി ഗുണ നിലവാരത്തെയും ലിക്വിഡിറ്റിയെയും സംബന്ധിച്ച ഉത്കണ്ഠകള്‍ തിരുത്താനായി ആവശ്യമയ നടപടികള്‍ റിസര്‍വ്ബാങ്ക് കൈക്കൊണ്ടിട്ടുണ്ട്. 2019 ഓഗസ്റ്റ് 1 മുതല്‍ക്ക് പ്രാബല്യമുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934-ല്‍ വരുത്തിയ ഭേദഗതി, എന്‍.ബി.എഫ്.സി -കളുടെ ഇടപാടുകളില്‍ സൃഷ്ടിപരമായ ഇടപെടലുകള്‍ നടത്താന്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ അധികാരം നല്‍കുന്നുണ്ട്. 5000 കോടി രൂപയ്ക്ക് മുകളില്‍ ആസ്തി വലുപ്പമുള്ള എല്ലാ എന്‍ബിഎഫ് സി കളും ഉള്‍പ്പെടുന്ന 50 മുന്തിയ എന്‍ ബി എഫ് സി കളുടെ അസറ്റ് -ലയബിലിറ്റി മാനേജ്‌മെന്റ് (എ എല്‍ എം) നിലയും മറ്റ് പ്രസക്ത ഘടകങ്ങളും അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു വരുന്നു. ഉയര്‍ന്ന നിലയിലുള്ള 51 മുതല്‍ 100 വരെയുള്ള എന്‍ ബി എഫ് സി കളുടെ എ എല്‍ എം - ഉം അതത് പ്രദേശത്തെ റിസര്‍വ് ബാങ്ക് റീജിയണല്‍ ഓഫീസുകള്‍ പരിശോധിച്ചു വരുന്നുണ്ട്. 26. മേല്‍നോട്ട സംവിധാനത്തിന്റെ നാല് തൂണുകളായ ഓണ്‍സൈറ്റ് ഇന്‍സ്‌പെക്ഷന്‍, ഓഫ് സൈറ്റ് സര്‍വേയ്‌ലന്‍സ്, മാര്‍ക്കറ്റ് ഇന്റലിജന്‍സ്, സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരുടെ (എസ് എ) റിപ്പോര്‍ട്ടുകള്‍ എന്നിവയ്ക്ക് പുറമേ, മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരോടും- സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാര്‍, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, എന്‍ ബി എഫ് സി-കള്‍ക്ക് വന്‍തോതില്‍ വായ്പകള്‍ നല്‍കിയിരിക്കുന്ന ബാങ്കുകള്‍- എന്നിവയുമായി ആനുകാലിക പരസ്പര പ്രവര്‍ത്തനത്തിന്റെ രൂപത്തിലുള്ള ഒരു അഞ്ചാമത്തെ തൂണും മേല്‍നോട്ടത്തിന്റെ ഭാഗമായി സ്ഥാപിതമായിട്ടുണ്ട്. ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍ണ്ണായകമായ വിവരം ലഭിക്കുമാറ്, ഉയര്‍ന്നു വരുന്ന അപകട സാധ്യതകളെല്ലാം സംഭവ പരിണാമങ്ങളെയും കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാകാന്‍ വേണ്ടിയാണിത്. 27. സഹകരണ ബാങ്കിങ് മേഖലയിലേക്ക് കടന്നാല്‍, അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് (യു സി ബി) കള്‍ക്കായി ഒരു ആയാസ പരിശോധന ചട്ടക്കൂടിന് ഞങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടികള്‍ സ്വീകരിക്കാനായി ദുര്‍ബല ബാങ്കുകളെക്കുറിച്ച് മുന്‍കൂട്ടി അപകട സൂചന നല്‍കാനുള്ള സമ്പ്രദായമായും അത് പ്രവര്‍ത്തിക്കുന്നു. ഇത് യു സി ബി-കളിലെ അസംരക്ഷിതത്വത്തെ സ്ഥിരമായി നിരീക്ഷിക്കുവാനുദ്ദേശിച്ച് പ്രതികരണക്ഷമമായ മേല്‍നോട്ട രീതിയില്‍ പ്രത്യേക താത്പര്യമെടുത്ത് സാഹചര്യം നിയന്ത്രിക്കുന്ന ഒരു മേല്‍നോട്ട രീതിയിലേക്കുള്ള പരിവര്‍ത്തനമാണ്. അതിനുമപ്പുറമായി, 2019 ഡിസംബര്‍ 31-ലെ നിലയനുസരിച്ച് ഈ ബാങ്കുകളില്‍ 90 ശതമാനത്തിലേറെയും ഇപ്പോള്‍ കോര്‍ബാങ്കിങ് സൊല്യൂഷന്‍സ് (സിബിഎസ്) വേദി സ്വീകരിച്ചിരിക്കുകയുമാണ്. എന്നിരിക്കിലും സൊല്യൂഷന്‍സ് ക്രമീകരിക്കുന്നതിനും, മെച്ചപ്പെട്ട ഫലസിദ്ധിക്കായി കുറ്റമറ്റ ആന്തരിക നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പാക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും ആവശ്യമായിട്ടുണ്ട്. യു സി ബി കള്‍ക്കായുള്ള മേല്‍നോട്ട റേറ്റിങ് രീതിയായ കാമെല്‍സ് (ക്യാപിറ്റല്‍, അസറ്റ് ക്വാളിറ്റി, മാനേജ്‌മെന്റ്, ഏണിങ്‌സ്, ലിക്വിഡിറ്റി ആന്റ് സിസ്റ്റംസ് ആന്റ് കണ്‍ട്രോള്‍) സമഗ്രമായി പുതുക്കുകയും ചെയ്തിട്ടുണ്ട്. വായ്പാ കേന്ദ്രീകരണത്തിലെ അപകടം ലഘൂകരിക്കുന്നുതിനും, കൂടുതല്‍ സാമ്പത്തിക ഉള്‍ച്ചേരലിനായി മുന്‍ഗണനാ മേഖല വായ്പാ ടാര്‍ഗറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള വായ്പാമാനദമണ്ഡങ്ങളെക്കുറിച്ച് കരട് മാര്‍ഗ നിര്‍ദ്ദേശ രേഖകള്‍ പുറപ്പെടുവിക്കുകയും ചെയ്യുകയും, യു.സി.ബി.കളെ സി ആര്‍ ഐ എല്‍ സി റിപ്പോര്‍ട്ടിങ് ചട്ടക്കൂടിന്‍ കീഴില്‍ കൊണ്ടു വരാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭരണ നിര്‍വ്വഹണം മെച്ചപ്പെടുത്തുന്നതിനുവേണ്ടി 100 കോടി രൂപയും അതിലധികവും വരുന്ന നിക്ഷേപങ്ങളോടുകൂടിയ യു സി ബി-കള്‍ക്കായി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് (ബി ഒ എം) രൂപീകരിക്കാന്‍ ഞങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ചെറിയ യുസിബി കള്‍ക്ക് ഇത് സ്വമേധയാ ചെയ്താല്‍ മതിയാകും എന്ന് വ്യക്തമാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ സഹകരണബാങ്കുകളുടെ കാര്യത്തില്‍ ഏതാണ്ട് മറ്റ് ബാങ്കിങ് കമ്പനികളുടെ കാര്യത്തിലെന്നപോലെ തന്നെ, യുക്തമായ നിയന്ത്രണാധികാരങ്ങള്‍ ലഭിക്കുന്നതിനായി ബാങ്കിങ് റഗുലേഷന്‍ ആക്ട് 1949-ല്‍ ചില ദേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. IV. മുന്നോട്ടുള്ള പാത 28. ശക്തമായ ഒരു നിയന്ത്രണാധികാര-മേല്‍നോട്ട വ്യവസ്ഥിതി, ബാങ്കുകളുടെ മേല്‍ വര്‍ധിച്ച തീവ്രതയോടെയും, ടെക്‌നോളജി പ്രാപ്തമാക്കിയ മികവോടെയും നിലവില്‍ വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ബാങ്കിങ് വ്യവസായത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ദൃശ്യം വ്യക്തമാണ്. ബാങ്കുകളുടെ മുന്നിലുള്ള വെല്ലുവിളി, അവയുടെ അസ്തിവാരം സംരക്ഷിച്ചുകൊണ്ട് മധ്യസ്ഥിതമായ ചെലവുകള്‍ കുറച്ചുകൊണ്ട് വരാനായി സാങ്കേതിക വിദ്യയുടെയും നവരീതികളുടെയും സാധ്യതകളെ മെച്ചപ്പെട്ട വിധം ഉപയോഗിക്കുകയെന്നതാണ്. അതിനുപുറമെ, ധനകാര്യസേവനങ്ങളിലെ നവരീതികളില്‍ കേന്ദ്രസ്ഥാനത്തേക്ക് കടന്നു വരികയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ യേണിങ്(എം എല്‍), ബിഗ് ഡേറ്റാ എന്നിവ തട്ടിപ്പുകള്‍കണ്ടെത്തുന്നതിലും, വായ്പയെടുക്കുന്നവര്‍ വായ്പ ത്തുക ഉപയോഗിക്കുന്നത് നിരീക്ഷിക്കാനുള്ള മെച്ചമായ മാര്‍ഗങ്ങള്‍ വേര്‍തിരിച്ചറിയുന്നതിലും, സംശയകരമായ ഇടപാടുകള്‍ പിന്തുടര്‍ന്ന് പിടികൂടുന്നതിലും ബ്രഹത്തായ ഡേറ്റാശേഖരം കൈകാര്യം ചെയ്തു കൊണ്ട് ഈ നവരീതികള്‍ക്ക് സഹായിക്കാന്‍ കഴിയും. 29. ധനകാര്യസേവനങ്ങള്‍ക്കായുള്ള ചെലവ് കുറച്ചുകൊണ്ടു വരികയും സുരക്ഷിതമായ ഒരു മാര്‍ഗത്തിലൂടെ ധനകാര്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള അവസരങ്ങളുടെ വ്യാപ്തിവര്‍ധിപ്പിച്ചു കൊണ്ടും ബാങ്കിങ് മേഖലയിലെ നവരീതികള്‍ ഇടപാടുകാരന് ഗുണകരമായിത്തീരുന്നുവെന്നത് ഉറപ്പു വരുത്തുകയാണ് നയം രൂപീകരിക്കുന്നവരുടെ മുന്നിലുള്ള, പ്രത്യകിച്ചും ഇന്ത്യയെ പ്പോലുള്ള രാജ്യങ്ങളിലെ, വെല്ലുവിളികളിലൊന്ന്. സംഭവ്യമായ ഭീഷണികള്‍ കണ്ടുപിടിക്കുകയും മുന്‍കൂട്ടി പ്രതിരോധം തീര്‍ക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതില്‍ ആധുനികമായ അപഗ്രഥനവും, സൈബര്‍ സുരക്ഷാ സംബന്ധമായ അവയുടെ സാധ്യതകളുടെ തല്‍ക്ഷണ നിരീക്ഷണവും മര്‍മ്മ പ്രധാനമായിരിക്കും. 30. ഇന്ത്യയിലെ ബാങ്കിങ് മേഖല ഉയര്‍ന്ന ഭ്രമണപഥത്തിലേക്ക് കുതിച്ചുയരുന്നതിനാല്‍, ബിസിനസ് തന്ത്രങ്ങള്‍ പുനരാസൂത്രണം ചെയ്തും, ബാങ്കുകളുടെ സേവനങ്ങളുടെ കാര്യക്ഷമത അഭിവൃദ്ധിപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചും, ഇടപാടുകാരന്റെ ആവശ്യമനുസരിച്ചുള്ള ഉത്പന്നങ്ങള്‍ രൂപ കല്പന ചെയ്തും, മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിസ്ഥിതിയില്‍ പ്രസക്തമായി നിലനില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കഠിനമായി പരിശ്രമിക്കേണ്ടതായി വരും. സാധ്യതകള്‍ അപാരമാണ്. പ്രശ്‌നങ്ങളെക്കുറിച്ച് നമുക്ക് അവബോധമുണ്ടാകുകയും തക്കസമയത്ത് പ്രവര്‍ത്തിക്കുകയും വേണം. |