RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78518300

ഉയർന്നു വരുന്ന വിപണി സമ്പദ്ഘടനകൾ നേരിടുന്ന ആഗോള ആപത് ശങ്കകളും നയപരമായ വെല്ലുവിളികളും

പ്രഭാഷണം : ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്തദാസ്

വാഷിങ്.ടൺ ഡി.സി.യിൽ നടന്ന ഫണ്ട് - ബാങ്ക് സ്.പ്രിങ് മീറ്റിങ്‌സ്, 2019-ന്റെ
ഭാഗമായി നടന്ന 'ഗവർണർ സംസാരിക്കുന്നു' എന്ന പരിപാടിയിൽ
2019 ഏപ്രിൽ 12ന് നടത്തിയത്

ഈ വേദിയിലേക്ക് എന്നെ ക്ഷണിച്ചതിന് നിങ്ങൾക്ക് നന്ദി.

ഉയർന്നു വരുന്ന വിപണി സമ്പദ്ഘടന (എമർജിങ് മാർക്കറ്റ് ഇക്കോണമീസ് - ഇഎംഇ) കളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ചില ആഗോള ആപത് ശങ്കകളെയും നയപരമായ വെല്ലുവിളികളെയും പരാമർശിക്കുവാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. പ്രക്ഷുബ്ധമായ 2018-ാമാണ്ടിൽ നിന്നു ഭൂരിഭാഗം ഇഎംഇ-കളും പണ്ടെന്നത്തേക്കാളും മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള വർധിച്ച കഴിവോടു കൂടി ഉയർന്നു വന്നിരിക്കുകയാണെന്നത് നമുക്കറിയാം. 2018-മാണ്ടിന്റെ ഏറെ സമയത്തും മൂലധനത്തിന്റെ പുറത്തേക്കുള്ള പ്രവാഹം, കറൻസികളുടെയും ആസ്തിവിലകളുടെയും അസ്ഥിരത, അയവില്ലാത്ത സാമ്പത്തിക അവസ്ഥകൾ എന്നിവയിലേക്ക് നയിച്ച കരകവിഞ്ഞൊഴുകുന്ന ആഗോള ആപത് ശങ്കകളുടെ ആർത്തിരമ്പുന്ന അലകളെയാണ് ഇഎംഇ-കൾ അഭിമുഖീകരിച്ചത്. ഈ സംഭവ പരിണാമങ്ങൾ വളർച്ചയെ അപകടത്തിലാക്കുകയും വിലക്കയറ്റത്തിന് വഴിവയ്ക്കുകയും ചെയ്തു. എന്നാൽ ശക്തമായ അസ്തിവാരവും, വിദേശനാണ്യ മിച്ചവും, ബാങ്കിങ് വ്യവസ്ഥയിലെ മൂലധനവും, മുൻകരുതലുകളുള്ള സ്ഥൂല സാമ്പത്തിക നയങ്ങളും ആഗോള പ്രത്യാഘാതങ്ങളെ ആഗിരണം ചെയ്യുവാൻ ഈ സമ്പദ്ഘടനകളെ പ്രാപ്തമാക്കി. എങ്കിൽത്തന്നെയും, അഗസ്റ്റിൻ കാർസ്റ്റെൻസും ഹ്യൂയാങ് ഷോങ്ഷിനും ഗൗരവത്തോടെ ചൂണ്ടിക്കാണിച്ചതു പോലെ, 'ഇഎംഇ-കൾ ഇപ്പോഴും ഊരാക്കുടുക്കിൽ നിന്നും രക്ഷ പ്രാപിച്ചിട്ടില്ല'1

ആഗോള ആപത് ശങ്കകൾ

ഇഎംഇ-കൾ 2019ൽ നേരിടുന്ന മൂന്ന് മുഖ്യമായ അപകട സാധ്യതകളെ ഞാൻ എടുത്തുകാട്ടുകയാണ്.

2. ആഗോളവളർച്ചയും വ്യാപാരവും ദുർബലമായിക്കൊണ്ടിരിക്കുന്നു വെന്നതിന്റെ വർദ്ധിച്ചു വരുന്ന തെളിവാണ് ഈ സമ്പദ്ഘടനകൾ നേരിടുന്ന ഏറ്റവും വലിയ ആപത് ശങ്ക. സ്വസ്ഥമാകാത്ത വ്യാപാരസംഘർഷങ്ങളും ബ്രെക്‌സിറ്റിനെ ചുറ്റിപ്പറ്റിയുള്ള സംഭവപരിണാമങ്ങളും കാഴ്ചയിൽ കൂടുതൽ ആപത് ശങ്കകളുളവാക്കുന്നു. ഈ ദൗർബല്യം താത്.കാലികമാണോ, അല്ലെങ്കിൽ വികസിത സമ്പദ്ഘടനകളിലെ ഒരു മാന്ദ്യത്തിന്റെ തുടക്കമാണോ എന്നതിൽ വളരെയധികം അനിശ്ചിതത്വം നിലനിൽക്കുകയാണ്. 2019 ലെ ആഗോള വളർച്ചയെക്കുറിച്ച് ഐഎംഎഫ് നടത്തിയ പ്രവചനത്തിൽ പിന്നീട് പല തവണ വരുത്തിയ തിരുത്തലുകളിലും ഈ അനിശ്ചിതത്വം നിഴലിക്കുന്നതായി തോന്നുകയാണ്. മാത്രമല്ല, നാണ്യനയം ഞെരുക്കുന്നതിൽ നിന്നും ലോകത്തെ മ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ പിന്നാക്കം പോവുകയാണ്. അവയിൽ ചിലവ അനായാസമായ വായ്പ വ്യവസ്ഥകളെ പ്രോത്സാഹിപ്പിക്കുകയുമാണ്. ചില സമ്പദ്ഘടനകളിൽ നികുതി സംബന്ധമായ ഉത്തേജനങ്ങൾ വളർച്ചയ്ക്ക് പിൻബലമേകാനായി ഉപയോഗിക്കുകയും ചെയ്യുുന്നുണ്ട്.

3. രണ്ടാമത്തെ ആപത് ശങ്ക, 2018 ലെ അനുഭവം കാണിച്ചു തന്നത്‌പോലെ, ഇഎംഇ-കൾ ധനകാര്യ വിപണിയിലെ അസ്ഥിരതകളിൽ നിന്നും എളുപ്പത്തിൽ പരുക്കേൽക്കാവുന്ന നിലയിൽ കഴിയുന്നുവെന്നതാണ്. മൂലധനപ്രവാഹം നിനച്ചിരിയാതെ നിലച്ചുപോകുന്നതിനെയും നേർവിപരീതമാകുന്നതിനെയും കുറിച്ചുള്ള ആപത് ശങ്കവർദ്ധിച്ചിരിക്കുന്നു. അനന്തരഫലമായ വിദേശ ധനാഗമത്തിലെ കുറവുകളും കറൻസിയുടെ മൂല്യത്തകർച്ചയും, ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഒരു ദശാബ്ദം പിന്നിട്ടപ്പോൾ ആഗോള വളർച്ച കഷ്ടിച്ച് ഒരു ഏകകായികമായ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങിയപ്പോൾ സംഭവിച്ചത് ഈ സമ്പദ്ഘടനകളുടെ സ്ഥൂല സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് തുരങ്കം വച്ചേയ്ക്കാം. എന്നു മാത്രമല്ല, പ്രതികൂലമായ സാമ്പത്തിക പരിതസ്ഥിതികൾ ചില ഇഎംഇ-കളിലെ ധനകാര്യ സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റുകളിൻമേൽ ഇപ്പോൾ നിലവിലുള്ള സമ്മർദ്ദത്തെ രൂക്ഷമാക്കുകയും അവയുടെ മൂലധന ആവശ്യകതയെ വലിച്ചു നീട്ടുകയും ചെയ്യും.

4. ഇഎംഇ-കളുടെ മൂന്നാമത്തെ ആപത് ശങ്ക അന്തർദേശീയ എണ്ണ വിലകളിലെ ഉയർന്ന അസ്ഥിരതയാണ്. ഊർജ ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യയെപ്പോലുള്ള വയ്ക്ക് മുഖ്യ എണ്ണ വിതരണ രാജ്യങ്ങൾ അടുത്തകാലത്തായി ഉത്.പാദനം വെട്ടിക്കുറച്ച് വിലകൾ ഉറപ്പിച്ചു നിർത്തിയത് കറന്റ് അക്കൗണ്ട് കമ്മിക്കും വിലക്കയറ്റത്തിനും സാധ്യതയുളവാക്കുന്നു. ആവശ്യം നിയന്ത്രിതമാ യിട്ടുണ്ടെങ്കിൽക്കൂടിയും ഊർജ വിപണികളുടെ സാമ്പത്തിക പരിപാലനവും ആഗോള എണ്ണ വിപണിയ്ക്ക് താങ്ങായി നിൽക്കുന്ന ബലതന്ത്രത്തിലെ മാറ്റങ്ങളും മൂലം വിലകൾ ഉയരുമെന്ന ആശങ്ക വർധിക്കുകയാണ്. പ്രകൃതി വാതക ഉത്.പാദനച്ചെലവുകൾ പ്രത്യക്ഷമായി വർദ്ധിക്കുമ്പോൾ, മുതൽ മുടക്കുകാർ നഷ്ടാവസ്ഥയെ ഭയക്കുകയും പണപ്രവാഹത്തിലും ധനപരമായ വരവുകളിലും ശ്രദ്ധകേന്ദ്രീകരിക്കുകയുമാണ് ചെയ്തു വരുന്നത്. ഒപെക് രാജ്യങ്ങൾ സൃഷ്ടിച്ച ഉത്.പാദനക്കുറവ് നികത്താനായി പ്രകൃതിവാതക ഉത്.പാദനത്തിനുള്ള വഴക്കം കുറയാൻ ഇതിടയാക്കും.

നയപരമായ വെല്ലുവിളികൾ

അങ്ങനെയാവുമ്പോൾ, ഈ പരിസ്ഥിതിയിൽ ഇഎംഇ-കൾ അഭിമുഖീകരിക്കുന്ന നയപരമായ മാറ്റങ്ങൾ എന്തൊക്കെയാണ്?

5. ആഗോളസാമ്പത്തിക പ്രതിസന്ധി (ഗ്ലോബൽ ഫിനാൻഷ്യൽ ക്രൈസിസ്) യുടെ അനന്തരഫലമായി അനേകം ഇഎംഇ-കൾ അവരുടെ സമ്പദ്ഘടനകളെ നവീകരിക്കാനാവശ്യമായ ഘടനാപരമായ പരിഷ്‌കാരങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാൽത്തന്നെയും ഹൃസ്വകാലത്ത് ഈ പരിഷ്‌കാരങ്ങൾ അനിവാര്യമായും വളർച്ചയുടെ ആക്കത്തിന് സംഭവിക്കുന്ന കോട്ടങ്ങൾ ഉൾപ്പെടെയുള്ള ത്യാഗങ്ങൾക്കിടയാകും. വ്യവസ്ഥാനുരൂപമായി ഈ പരിഷ്‌കാരങ്ങൾ സാമ്പത്തിക പരിവൃത്തിയുടെ വികസ്വരഘട്ടത്തിലാണ് ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാവുന്നത്. ആഗോളതലത്തിൽ ഏകകാലികമായ രീതിയിൽ വളർച്ച മന്ദഗതിയിലായതോടെ ഘടനാപരമായ പരിഷ്‌കാരങ്ങൾ ഏറ്റെടുക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഇടം തീരെകുറയുകയോ അല്ലെങ്കിൽ തടസ്സപ്പെടുകയോ പോലും ചെയ്യാനിടയുണ്ട്. എന്നാൽ സമ്പദ്ഘടന മന്ദഗതിയിലാകുന്നന്പോൾ വളർച്ചയ്ക്ക് സ്ഥായിയായ ആക്കം കൂട്ടുന്നത് ഉറപ്പ് വരുത്താനായി നമുക്ക് കൃത്യമായും കൂടുതൽ ഘടനാപരമായ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന വസ്തുത നിലനിൽക്കുകയാണ്. ഞാൻ ഊന്നൽ നൽകാനാഗ്രഹിക്കുന്ന ഒരു കാര്യം ഇതാണ്.

6. ആഗോള സമ്പദ്ഘടനയ്ക്ക് ഗതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയും, ധനസംബന്ധിയായ ഇടം ചുരുങ്ങിക്കൊണ്ടിരക്കുകയും ചെയ്യുമ്പോൾ ഇഎംഇ-കളിലും അതോടൊപ്പം വികസിത സമ്പദ്ഘടനകളിലും ആദ്യപ്രതിരോധ നടപടിയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ധനനയത്തിലാകാനാണ് സാധ്യത. ഒരിക്കൽക്കൂടി കേന്ദ്ര ബാങ്കുകൾ ലോക സമ്പദ്ഘടനയുടെ രക്ഷാകർത്താ ക്കളുടെ മേലങ്കി എടുത്തണിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ആഗോള സാമ്പത്തിക പ്രതിസന്ധി, വ്യവസ്ഥാനുരൂപവും അല്ലാത്തതുമായ ധനനയരീതികളുടെ അനേകം പരിമിതികളെ തുറന്നു കാട്ടിയിട്ടുണ്ട്. നിരാശ പൂണ്ട് ചിലർ ആധുനിക ധനപരസിദ്ധാന്തം എന്ന് അറിയപ്പെടാനിടയായ, അംഗീകൃത വിശ്വാസത്തിന് നിരക്കാത്ത ആശയങ്ങളുടെ വികാസത്തിലേക്ക് തിരിയുകയും ചെയ്തിരിക്കുന്നു. മദ്ധ്യസ്ഥ സമിതി ഈ ആശയത്തിലുറച്ചു നിൽക്കുകയാണെങ്കിൽക്കൂടിയും ഇക്കാര്യത്തിൽ എനിക്ക് എന്റേതായ ശക്തമായ എതിർപ്പുകളുണ്ട്. അതിനുകാരണം അതിന്റെ ഗുരുതരമായ ആപത് ശങ്കകളാണ്. ആത്യന്തികമായി ധനനയം ചരക്ക്-സേവന സമ്പദ്ഘടന യെയും ഉത്തേജിത മൂലധന നിക്ഷേപത്തെയും സ്പർശിക്കുകയും ധനപരവും സാമ്പത്തികവുമായ സുസ്ഥിരതയെ നിലനിർത്തുകയും വേണം.

7. എന്നാൽ, ശിഷ്ടാചാരമനുസരിച്ച ജ്ഞാനത്തെ വെല്ലുവിളിക്കുകയും കൂടി ചെയ്തുകൊണ്ട് മാറ്റി ചിന്തിക്കാൻ സമയമായി എന്നാണ് ഞാൻ കരുതുന്ന്. ഞാൻ അതിനായി പരിശ്രമിക്കുകയും, അത്തരത്തിലുള്ള ഒരു ചിന്താ പരീക്ഷണം കൊണ്ട് നിങ്ങളെ ഏതാണ്ട് ഞെട്ടിക്കുകയും ചെയ്തുകൊള്ളട്ടെ. ലാക്ഷണികമായി, പലിശനിരക്കുകൾ തങ്ങളുടെ പ്രധാന ഉപകരണമായുള്ള ആധുനിക കേന്ദ്ര ബാങ്കുകൾ ചെറിയ ചുവടു വയ്പുകളോടെ നടക്കുകയും - 25 ബേസിസ് പോയിന്റുകൾ അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങൾ - നയത്തിന്റെ ഭാവി ഏകദേശം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ വിപണികളെയും പൊതുജനങ്ങളെയും വഴികാട്ടാനുമായി ഇറുക്കലിന്റെയും നിഷ്പക്ഷതയുടെയും, അല്ലെങ്കിൽ ഇണക്കത്തിന്റെതുമായ ഒരു നിലപാട് പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. എന്റെ മനസ്സിലേക്ക് കടന്നു വരുന്ന ചിന്ത, 25 ബേസിസ് പോയിന്റ് എന്ന യൂണിറ്റ് അലംഘനീയമല്ലാത്ത വെറും ഒരു സമ്പ്രദായം മാത്രമാണെങ്കിൽ സ്ഥിതിഗതികളുടെ ബലതന്ത്രത്തിനുസരണമായി നയത്തിന്റെ ഉൾവിസ്താരം നിർണയിച്ചുകൊണ്ട് പലിശ നിരക്ക് നടപ്പിലാക്കാൻ കഴിയുമെന്നതാണ്. അപ്പോൾ മാറ്റത്തിന്റെ വലുപ്പം തന്നെ നയത്തിന്റെ നിലപാട് വെളിപ്പെടുത്തും. ഉദാഹരണത്തിന്, ധനനയത്തിൽ അയവ് വരുത്തേണ്ടത് ആവശ്യമാണെന്നും എന്നാൽ അക്കാര്യം ഉൾക്കൊള്ളുന്നതിൽ കേന്ദ്ര ബാങ്ക് കരുതലോടെയുള്ള ഒരു സമീപനമാണ് ആഗ്രഹിക്കുന്നതെന്നുമിരിക്കട്ടെ. എങ്കിൽ പലിശ നിരക്കിൽ 10 ബേസിസ് പോയിന്റുകൾ കുറയ്ക്കുന്നത് ഒരു പക്ഷേ രണ്ട് പ്രത്യേക നീക്കങ്ങൾ നടത്തുന്നതിനേക്കാളും വ്യക്തമായി അധികാരികളുടെ ഉദ്ദേശ്യം അറിയിച്ചേക്കാം. ഈ നീക്കങ്ങളിൽ ഒന്ന് അമൂല്യമായ 15 ബേസിസ് പോയിന്റുകൾ പാഴാക്കിക്കളഞ്ഞ് റൗണ്ട് ഓഫ് ചെയ്യുന്ന പലിശ നിരക്കിനെക്കുറിച്ചുള്ളതാണ്. രണ്ടാമത്തേതാകട്ടെ, നിലപാടിനെക്കുറി ച്ചുള്ളതും. ഒരർത്ഥത്തിൽ അത് മുൻക്കൂട്ടി ഉറപ്പിച്ച ഒരു ദിശയിലേക്ക് ഭാവിയിലെ നയപ്രവർത്തനത്തെ തളയ്ക്കുകയാണ്. അത്‌പോലെ തന്നെ, കേന്ദ്ര ബാങ്കിന് സഹായിക്കാനുള്ള സന്നദ്ധതയുണ്ട്, എന്നാൽ അത്ര അമിതമായല്ല എന്ന ഒരു സ്ഥിതിയിലാണെങ്കിൽ, പ്രാമാണികമായ 25 ബേസിസ് പോയിന്റ് തീരെ കുറവാണെന്നും എന്നാൽ അതിന്റെ ഗുണിതമായ 50 ബേസിസ് പോയിന്റ് വളരെ കൂടുതലാണെന്നും അത് തീർപ്പ് കല്പിച്ചാൽ, അതിന് പലിശ നിരക്കിൽ 35 ബേസിസ് പോയിന്റ് കുറവ് ചെയ്യുന്ന കാര്യം പ്രഖ്യാപിക്കാവുന്നതാണ്. കേന്ദ്ര ബാങ്ക് ഞെരുക്കമുള്ള ഒരു അവസ്ഥയിലായിരിക്കുമ്പോൾ ഈ സമീപനം പ്രയോജനകരമായിരിക്കുകയും, ഭാവിയിലേക്ക് കാൽ വച്ചു നിൽക്കുന്നതിലൂടെ നയത്തിൽ അപ്രതീക്ഷിത മാറ്റം വരാനുള്ള സാധ്യത ഒഴിവാക്കാനുമാവും. ഈ കാൽവയ്പ് ഏറെ അസ്ഥിരമായ ആഗോള സാഹചര്യത്തിൽ ഒരു കൊല്ലം പോലുമായിരിക്കണമെന്നില്ല. ഞാൻ ഈ ആശയം പ്രകാശിപ്പിക്കുന്നത് അനിവാര്യമായി ഒരു സിദ്ധാന്തത്തെ തേടിയല്ല, മറിച്ച് ഈ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന വിദഗ്.ധരുമായി, വിശേഷിച്ചു തങ്ങളുടെ അനുദിന ജീവിതത്തിൽ ഈ വിഷമവൃത്തം നേരിടുന്ന കേന്ദ്ര ബാങ്കർമാരുമായി സംഘർഷണത്തിനായാണ്.

8. മറ്റൊരു തട്ടിൽ, ഇഎംഇ-കൾ തുടർന്നും അഭിമുഖീകരിക്കാൻ പോകുന്ന ഭീഷണമായ ഒരു വെല്ലുവിളി ആഗോള മൂലധന നീക്കങ്ങളുടെ കൈകാര്യ കർത്തൃത്വമത്രെ. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീങ്ങാവുന്ന മൂലധന പ്രവാഹങ്ങളുടെ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. മൂലധനത്തിന്റെ വരവും, അപ്രതീക്ഷിതമായ സ്തംഭനവും തകിടം മറിച്ചിലുകളും സൃഷ്ടിക്കുന്ന അനന്തരഫലങ്ങൾ ദേശീയ തലത്തിൽ വഹിക്കേണ്ടതാണ്. ഈ പശ്ചാത്തലത്തിൽ നേരായ ഒരു ആഗോള സാമ്പത്തിക സുരക്ഷാ തന്ത്രം വഴുതിമാറിപ്പോവുകയാണ്. വസന്തകാല യോഗങ്ങൾക്കോ അല്ലെങ്കിൽ വാർഷിക യോഗങ്ങൾക്കോ നാം ഒത്തുചേരുമ്പോഴെല്ലാം ഐഎംഎഫ്-ന്റെ വിഭവങ്ങൾ ശക്തിപ്പെടുത്തുന്ന വിഷയം ഭാവിയിലേക്ക് തള്ളി നീക്കപ്പെടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യങ്ങളിൽ ആഗോള മൂലധനനീക്കങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ ലാക്ഷണികമായി ദുരനുഭവങ്ങൾക്ക് വിധേയമാവുന്ന ഇഎംഇ-കൾക്ക് സ്വന്തമായി അവരുടെ വിദേശ നാണ്യ കരുതൽ ശേഖരം പടുത്തുയർത്തുകയല്ലാതെ മറ്റ് നിവൃത്തിയില്ല. വിരോധാഭാസമെന്നു പറയട്ടെ, കരുതൽ ശേഖരം കുന്നുകൂടുന്നതിനെ 'നാണ്യകൗശലപ്രയോഗം' തുടങ്ങിയ ലേബലുകളാൽ മുദ്രകുത്തിയിരിക്കുകയാണ്. ഞാൻ ഇതിനെ കാണുന്നത് പോലെ, രക്ഷപ്പെടാനും, പ്രമുഖ കരുതൽ കറൻസികളുടെയും ആധിപത്യത്തെ വെല്ലുവിളിക്കാനുമായി അനേകം ഇഎംഇ കറൻസികൾക്ക് ഉദ്ദേശിക്കാതെ തന്നെ നാം വേദിയൊരുക്കുകയാവാം. ഇരു ഭാഗത്തും കൂടുതൽ വിവേകം പ്രദർശിപ്പിക്കേണ്ടുന്നതിന്റെ ആവശ്യമുണ്ട്. അതിനിടയിൽ, ഭാരതീയ റിസർവ് ബാങ്കിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ ഇപ്പോഴും നിലവിലിരിക്കുന്ന നിയമങ്ങളനുസരിച്ചു തന്നെ തുടർന്നും പ്രവർത്തിക്കുന്നതായിരിക്കും.

9. നാണ്യനയ ഉൾപ്രേരണകളുടെ പ്രസരണത്തിനായി കേന്ദ്ര ബാങ്കുകൾ ധനകാര്യ വിപണികളുമായി അടുത്ത സമ്പർക്കം പുലർത്തേണ്ടതുണ്ട്. ഈ സന്ദർഭത്തിൽ ഒരു ബലിഷ്.ഠവും കാര്യക്ഷമവുമായ ഒരു പെയ്‌മെന്റ് സിസ്റ്റവും സെറ്റിൽമെന്റ് സിസ്റ്റവും ഒരു മുൻ ഉപാധിയത്രെ. ഇന്ത്യയിലെ ഡിജിറ്റൈസേഷന്റെയും, ഓൺലൈൻ വ്യാപാരത്തിന്റെ യും ക്രമാതീതമായ വളർച്ചയെ ശ്രദ്ധിച്ചുകൊണ്ട്, അടുത്ത കാലത്തായി ദേശീയ പെയ്‌മെന്റ്‌സ് രൂപഘടനയെയും സാങ്കേതിക വിദ്യാവേദിയെയും അത്യാധുനിക നിലയിൽ പ്രതിഷ്ഠിക്കുന്നതിനായുള്ള ദിശയിലാണ് നയപരമായ ശ്രമങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നത്. ഇത് രാജ്യത്തെ ചില്ലറ പണമിടപാടുകളുടെ സാഹചര്യങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. നമ്മുടെ പെയ്‌മെന്റ് സിസ്റ്റത്തിന്റെ നിയന്ത്രണവും വികാസവും വിഭാവനം ചെയ്യുന്നത് സുരക്ഷ, ഭദ്രത, സൗകര്യം, പ്രാപ്യത, ദ്രുതഗതിയിലുള്ള കാര്യക്രമം എന്നിവ സാധ്യമാകുന്ന വിധത്തിൽ സാങ്കേതിക വിദ്യാപരമായ സൊല്യൂഷൻസ് ഉപയോഗപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളാണ്. ഫിൻടെക്-കളുടെ ചിട്ടയായ വികാസവും, ധനകാര്യ വ്യവസ്ഥയിൽ അവയുടെ സ്വാധീനം അനായാസമാക്കുന്നതും ഉറപ്പു വരുത്താനായി ഞങ്ങൾ ഇപ്പോൾ ഫിൻടെക് സൊല്യൂഷൻസ് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തേണ്ടുന്നതിനായി, വ്യക്തമായി നിർവചിക്കപ്പെട്ട ഒരു കാലയളവിലും കാലദൈർഘ്യത്തിലും ഒരു 'റഗുലേറ്ററി സാൻഡ്‌ബോക്‌സ്/ ഇന്നൊവേഷൻ ഹബ്' അവതരിപ്പിക്കുന്നതിനു വേണ്ട മാർഗ നിർദ്ദേശ രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

10. ഇപ്പോഴത്തെ വൻതോതിൽ കുഴഞ്ഞുമറിഞ്ഞതും അനിശ്ചിതവുമായ പരിസ്ഥിതിയിൽ, ബഹുധ്രുവത്വം തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ രംഗത്തുമുള്ള സഹകരണം വർധിപ്പിക്കുക വഴി ഇഎംഇ-കൾക്ക് ഒരു പക്ഷേ, ഭേദപ്പെട്ട അവസ്ഥയിലെത്താൻ കഴിഞ്ഞേയ്ക്കാം. എണ്ണ വിലകളുടെ സ്ഥിരത ഉറപ്പാക്കാനായി എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെയും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെയും ഉത്.കണ്.ഠകളെ സമീകരിക്കുന്ന ഒരു അധികാര നിയുക്തമായ സംവിധാനം കൊണ്ടു വരികയെന്നതാകും സഹകരണത്തിന്റെ ഒരു മേഖല. പാരമ്പര്യ ഊർജസ്രോതസ്സുകളിന്മേലുള്ള ആശ്രയത്വം കുറച്ചു കൊണ്ടുവരാനും, പ്രകൃതിയിൽ ലഭ്യമായ ഊർജസ്രോതസ്സുകൾക്കും ഊർജ കാര്യക്ഷമതയ്ക്കും കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഇതര മാർഗങ്ങൾ തേടേണ്ടുന്നതിന്റെ ആവശ്യകതയും കൂടി ഇഎംഇ - കൾക്കുണ്ട്. ന്യൂദൽഹിയിൽ ആസ്ഥാനമുള്ള ഇന്റർനാഷണൽ സോളാർ അലയൻസ് ഉജ്ജ്വലമായ ഒരു ഉദാഹരണമാണ്. സൗരോർജത്തിന്റെ ഉപയോഗം കൊണ്ടുള്ള പ്രയോജനങ്ങൾ ആഗോള സമൂഹത്തിന് ലഭിക്കുവാൻ പര്യാപ്തമായ വിധത്തിൽ, ധനകാര്യ വിഭവങ്ങളിലും സൗരോർജ വിഭവങ്ങളിലും സമ്പന്നമായ രാജ്യങ്ങൾക്കിടയിൽ സഹകരണത്തിനായി അർപ്പിതമനസ്സോടെയുള്ള ഒരു വേദിയൊരുക്കുവാനാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നത്.

11. ഉപസംഹാരമായി, ഞാൻ ഇന്ത്യയെക്കുറിച്ച് ചില വാക്കുകൾ പറഞ്ഞു കൊള്ളട്ടെ. നമ്മുടെ യഥാർഥ ജിഡിപി വളർച്ച 2019-20 ൽ 7.2 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ലോകത്തിലെ വൻകിട സമ്പദ്ഘടനകൾക്കിടയിലെ ഏറ്റവും ദ്രുതഗതിയിലുള്ള വളർച്ചയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ ശരാശരി വളർച്ചാ നിരക്ക് ഏതാണ്ട് 7.5 ശതമാനമാണ്. വിലക്കയറ്റം, നാം ഭയപ്പെട്ടിരുന്നതിനേക്കാളും താഴെയാണ്. 2016 ഒക്ടോബർ മുതൽക്ക് 2019 ഫെബ്രുവരി വരെയുള്ള വിലക്കയറ്റ നിർണയ കാലയളവിൽ അത് ശരാശരി 3.6 ശതമാനമായിരുന്നു. 2018-19 ൽ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.5 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി സംബന്ധമായ മൊത്തം കമ്മി ബജറ്റിൽ രേഖപ്പെടുത്തിയ ലക്ഷ്യത്തോട് ചേർന്നു നിൽക്കുന്നുമുണ്ട്.

12. ഭാവിയിലേയ്ക്ക് നോക്കുമ്പോൾ, ജാഗരൂഗരായിരിക്കുകയും, വളർച്ച പുനരുജ്ജീവിപ്പിക്കാനും സ്ഥൂല സാമ്പത്തിക, ധനകാര്യ സ്ഥിരതയും വിലസ്ഥിരതയും നിലനിർത്താനും ഏകോപിച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനുമായിരിക്കണം നമ്മുടെ മുൻഗണന.

നിങ്ങൾക്ക് നന്ദി.


1 ഫോറിൻ അഫയേഴ്‌സ്, മാർച്ച് 15, 2019

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?