<font face="mangal" size="3">ഗവർണറുടെ പ്രസ്താവന</font> - ആർബിഐ - Reserve Bank of India
ഗവർണറുടെ പ്രസ്താവന
2022, ജൂൺ 8 ഗവർണറുടെ പ്രസ്താവന 2022 മെയ് 4-ലെ എൻറെ പ്രസ്താവനയിൽ, ഈ ദുഷ്‌കരമായ കാലഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോൾ, പുതിയ യാഥാർത്ഥ്യങ്ങളോട് സംവേദനക്ഷമത പുലർത്തേണ്ടതും അവ നമ്മുടെ ചിന്തയിൽ ഉൾപ്പെടുത്തേണ്ടതും ആവശ്യ മാണെന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. യൂറോപ്പിലെ യുദ്ധം നീണ്ടുനിൽക്കുന്നു, ഓരോ ദിവസവും, നിലവിലുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്ക് ആക്കം കൂട്ടുന്ന പുതിയ വെല്ലുവിളികൾ ഞങ്ങൾ അഭിമുഖീകരിക്കുന്നു. തൽഫലമായി, ഭക്ഷണം, ഊർജ്ജം, ചരക്ക് എന്നിവയുടെ വില ഉയർന്ന നിലയിൽ തുടരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പണപ്പെരുപ്പത്തെ ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും നിരന്തരമായ ഡിമാൻഡ്-സപ്ലൈ അസന്തുലിതാവസ്ഥയിലും അഭിമുഖീകരിക്കുന്നു. യുദ്ധം പണപ്പെരുപ്പ ത്തിൻറെ ആഗോളവൽക്കരണത്തിലേക്ക് നയിച്ചു. കേന്ദ്രബാങ്കുകൾ അവരുടെ പണ നയങ്ങൾ പുനഃക്രമീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതിൽ അതിശയിക്കാനില്ല. വളർന്നുവരുന്ന വിപണി സമ്പദ്‌വ്യവസ്ഥകൾ (ഇഎംഇകൾ) വർദ്ധിച്ച വിപണി പ്രക്ഷുബ്ധത, വികസിത സമ്പദ്‌വ്യവസ്ഥകളിലെ (എഇ) പണനയ വ്യതിയാനങ്ങൾ, അവയുടെ സ്പിൽഓവറുകൾ എന്നിവയിൽ നിന്ന് വലിയ വെല്ലുവിളികൾ നാം നേരിടുന്നു. ഇഎംഇകളിലെ സാമ്പത്തിക വീണ്ടെടുക്കൽ പ്രക്രിയയെയും ഇതു ബാധിക്കുന്നു. 2. ദുഷ്‌കരവും വെല്ലുവിളി നിറഞ്ഞതുമായ ഈ കാലഘട്ടത്തിൽ, ശക്തമായ സ്ഥൂലസാമ്പത്തിക അടിത്തറകളുടെയും, ബഫറുകളുടെയും പിന്തുണയോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി നിലകൊള്ളുകയാണ്. പകർച്ചവ്യാധിയും യുദ്ധവും ഉണ്ടായിട്ടും വീണ്ടെടുക്കൽ ശക്തി പ്രാപിച്ചു. മറുവശത്ത്, പണപ്പെരുപ്പമാകട്ടെ ഉയർന്ന സഹിഷ്ണുത നിലവാരത്തിനപ്പുറം കുത്തനെ വർദ്ധിച്ചു. പണപ്പെരുപ്പത്തിൻറെ വലിയൊരു പങ്കും യുദ്ധവുമായി ബന്ധപ്പെട്ട വിതരണ ആഘാതങ്ങളുടെ ഒരു പരമ്പരയാണ്. ഈ സാഹചര്യത്തിൽ, പകർച്ചവ്യാധി സമയത്ത് ഏർപ്പെടുത്തിയ അസാധാരണമായ അനുകൂല ഉൾച്ചേർക്കൽ നടപടികൾ ക്രമാനുഗതമായി പിൻവലിക്കാൻ ഞങ്ങൾ തുടക്കമിട്ടിരുന്നു. 3. കോവിഡ്-19 പകർച്ചവ്യാധിയിൽ നിന്ന് ഉണ്ടാകുന്ന സാമ്പത്തിക നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള നമ്മുടെ ദൃഢവും സമയബന്ധിതവുമായ പ്രവർത്തനങ്ങൾക്ക് സമാനമായി, നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ തകർച്ച ലഘൂകരിക്കുന്നതിൽ റിസർവ് ബാങ്ക് സജീവവും നിർണ്ണായകവുമായ ഇടപെടൽ നടത്തുന്നത് തുടരും. വളർച്ചയുടെ ആവശ്യകതകൾ നഷ്ടപ്പെടുത്താതെ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നയങ്ങൾക്ക് ഞങ്ങൾ ഇതിനകം തന്നെ മുൻഗണന നൽകിയിട്ടുണ്ട്. ക്രമീകൃതമായരീതിയിൽ സാധാരണ പണ വ്യവസ്ഥകളിലേക്ക് നീങ്ങാനുള്ള ഞങ്ങളുടെ പ്രതിബദ്ധത യ്ക്ക് ഞങ്ങളുടെ സമീപനം അടിവരയിടുന്നുണ്ട്. പണപ്പെരുപ്പം ലക്ഷ്യത്തി ലേക്ക് അടുപ്പിക്കുന്നതിലും, സ്ഥൂലസാമ്പത്തികസ്ഥിരത വളർത്തുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങളും ചർച്ചകളും 4. ഈ പശ്ചാത്തലത്തിൽ, മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 2022 ജൂൺ 6, 7, 8 തീയതികളിൽ യോഗം ചേർന്നു. സ്ഥൂലസാമ്പത്തികസാഹചര്യത്തിൻറെയും വീക്ഷണത്തിൻറെയും വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ, പോളിസി റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ച് 4.90 ശതമാനമായി വർദ്ധിപ്പിക്കാൻ എംപിസി ഏകകണ്ഠമായി വോട്ട് ചെയ്തു, അത് ഉടനടി പ്രാബല്യത്തിൽ വരും. തൽഫലമായി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) നിരക്ക് 4.65 ശതമാനമായി ക്രമീകരിച്ചു; കൂടാതെ മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും, ബാങ്ക് നിരക്കും 5.15 ശതമാനമായി. വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിനകത്ത് തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ അനുകൂല ഉൾച്ചേർക്കൽ നടപടികൾ പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എംപിസി ഏകകണ്ഠമായി തീരുമാനിച്ചു. 5. പോളിസി നിരക്കു സംബന്ധിച്ച എംപിസിയുടെ തീരുമാനങ്ങളുടെ യുക്തിയും, അവരുടെ നിലപാടും ഇപ്പോൾ ഞാൻ വിശദീകരിക്കാം. യൂറോപ്പിലെ നീണ്ടുനിൽക്കുന്ന യുദ്ധവും അതിനോടനുബന്ധിച്ചുള്ള ഉപരോധങ്ങളും ആഗോള ചരക്ക് വിലകൾ എല്ലാതലങ്ങളിലും വ്യാപകമായി ഉയരുകയുണ്ടായി. ഇത് പല സമ്പദ്‌വ്യവസ്ഥകളിലെയും ലക്ഷ്യങ്ങൾക്ക പ്പുറമുള്ള ഉപഭോക്തൃ വിലപ്പെരുപ്പത്തിൽ സ്ഥിരമായ സമ്മർദ്ദം ചെലുത്തുകയാണ്. ഇപ്പോൾ നടക്കുന്ന യുദ്ധം ആഗോള വ്യാപാരത്തിനും വളർച്ചയ്ക്കും തടസ്സമായി മാറുകയാണ്. വ്യവസ്ഥാപിതമായ വികസിതസമ്പദ് വ്യവസ്ഥകൾ (അഡ്വാൻസ്ഡ് ഇക്കോണമീസ്-എഇകൾ) ഏറ്റെടുക്കുന്ന പണനയങ്ങൾ പഴയനിലയിലാക്കാനുളള നടപടികളുടെ വേഗത ആഗോള സാമ്പത്തിക വിപണികളെ ഉയർന്ന ചാഞ്ചാട്ടത്തിലേക്ക് നയിക്കുന്നു. പ്രധാന ഷെയർ മാർക്കറ്റുകളിലെ കുത്തനെയുള്ള തിരുത്തലുകൾ, സോവറിൻ ബോണ്ടുകളുടെ ഈൽഡ് വരുമാനത്തിലെ ഗണ്യമായ വ്യതിയാനങ്ങൾ, യുഎസ് ഡോളറിന്റെ മൂല്യവർദ്ധന, ഇഎംഇകളിൽ നിന്നും, ചില എഇകളിൽ നിന്നുമുള്ള മൂലധന ഒഴുക്ക് എന്നിവയിൽ ഇത് പ്രതിഫലിക്കുന്നുണ്ട്. ഇഎംഇകളും അവരുടെ കറൻസികളുടെ മൂല്യത്തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഇപ്രകാരം, ആഗോളതലത്തിൽ, സ്തംഭനാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വളരുകയും അത് ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ യഥാർത്ഥ നിലയിലേക്ക് കൊണ്ടുവരികയും, അത് നമ്മുടെ കാഴ്ചപ്പാടിനെ കൂടുതൽ മങ്ങിയതാക്കി മാററുകയും ചെയ്യുന്നു. 6. അത്തരം വെല്ലുവിളി നിറഞ്ഞ ഒരു ആഗോള പരിതസ്ഥിതിയിൽ, ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തി പ്രാപിക്കുന്നു എങ്കിലും, പണപ്പെരുപ്പ സമ്മർദം കൂടുതൽ തീവ്രമായിരിക്കുന്നുവെന്ന് എംപിസി അഭിപ്രായപ്പെട്ടു. 2022 ഏപ്രിൽ, മെയ് മാസങ്ങളിലെ നയങ്ങളിൽ എടുത്തുകാണിച്ചിരി ക്കുന്നതുപോലെ പണപ്പെരുപ്പത്തിലേക്കുള്ള ഉയർന്ന അപകടസാധ്യതകൾ സമയത്തിൻറെയും വ്യാപ്തിയുടെയും കാര്യത്തിൽ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ യാഥാർത്ഥ്യമായി. നാണയപ്പെരുപ്പസമ്മർദങ്ങൾ വിശാലാടിസ്ഥാനത്തി ലുള്ളതും പ്രതികൂലമായ വിതരണ ആഘാതങ്ങളാൽ നയിക്കപ്പെടുന്നതുമാണ്. നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ വർദ്ധിച്ച ചെലവ് വിൽപന വിലകളിൽ കൂടുതലായി പ്രതിഫലിക്കുന്നതിന്റെ സൂചനകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2022-23 ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ പണപ്പെരുപ്പം ഉയർന്ന സഹിഷ്ണുതാതലമായ 6 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് എംപിസി അഭിപ്രായപ്പെട്ടു. 7. ഈ സാഹചര്യത്തിൽ, പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് തീരുവ കുറയ്ക്കുന്നതിൽ സർക്കാർ സ്വീകരിച്ച സപ്ലൈ സൈഡ് നടപടികളും മറ്റ് നടപടികളും വിലക്കയറ്റ സമ്മർദ്ദം ഒരു പരിധിവരെ ലഘൂകരിക്കാൻ സഹായിക്കും. തുടർച്ചയായ ഉയർന്ന പണപ്പെരുപ്പം, പണപ്പെരുപ്പ പ്രതീക്ഷകളെ ഇല്ലാതാക്കുമെന്നും രണ്ടാം റൗണ്ട് ഇഫക്റ്റുകൾക്ക് കാരണമാകുമെന്നും എംപിസി തിരിച്ചറിഞ്ഞു. അതിനാൽ, പണപ്പെരുപ്പ പ്രതീക്ഷകൾ ഉയർത്താൻ കൂടുതൽ പണനയ നടപടികൾ ആവശ്യമാണെന്ന് അത് വിലയിരുത്തി. ഇതനുസരിച്ച് പോളിസി റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് വർധിപ്പിച്ച് 4.90 ശതമാനമാക്കാൻ എംപിസി തീരുമാനിച്ചു. വളർച്ചയെ പിന്തുണയ്ക്കുന്ന തിനൊപ്പം പണപ്പെരുപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിനകത്ത് തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ അനുകൂലസൗകര്യങ്ങൾ പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എംപിസി തീരുമാനിച്ചു. റിപ്പോ നിരക്ക് ഇപ്പോഴും അതിന്റെ പകർച്ചവ്യാധിനിലയ്ക്ക് താഴെയാണ് എന്നത് ഈ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടതാണ്. വളർച്ചയുടെയും പണപ്പെരുപ്പത്തിൻറെയും വിലയിരുത്തൽ വളർ ച്ച 8. 2022 മെയ് 31-ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തിറക്കിയ താൽക്കാലിക എസ്റ്റിമേറ്റ് പ്രകാരം, 2021-22 ലെ ഇന്ത്യയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) വളർച്ച 8.7 ശതമാനമായി കണക്കാക്കപ്പെടുന്നു. 2021-22 ലെ യഥാർത്ഥ ജിഡിപിയുടെ അളവ് പകർച്ചവ്യാധിക്കു മുമ്പുള്ള (2019-20) നില കടന്നു. വിതരണത്തിന്റെ കാര്യത്തിൽ, മേഖലകളും 2019-20 ലെ തലങ്ങളെ മറികടന്നു. 9. 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്, വളർച്ചാ പ്രേരണകൾ വ്യാപകമാകുന്നതോടെ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളുടെ വീണ്ടെടുക്കൽ ദൃഢമായി തുടരുന്ന നിലയിലാണ് എന്നാണ്. മെയ് മാസത്തേക്കുള്ള ഉൽപാദന, സർവീസ് പർച്ചേസിംഗ് മാനേജർമാരുടെ സൂചികകൾ (പിഎംഐകൾ) പ്രവർത്തനത്തിന്റെ കൂടുതൽ വിപുലീകരണത്തിലേക്ക് വിരൽ ചൂണ്ടുന്നു. റെയിൽവേ ചരക്ക് ഗതാഗതം, തുറമുഖ ഗതാഗതം, ആഭ്യന്തര വിമാന ഗതാഗതം, ജി.എസ്.ടി ശേഖരണം, സ്റ്റീൽ ഉപഭോഗം, സിമൻറ് ഉത്പാദനം, ബാങ്ക് വായ്പ എന്നിവയിലെ മാററങ്ങളും ഇത് സ്ഥിരീകരിക്കുന്നു. നഗര ആവശ്യം വീണ്ടെടുക്കുന്നതലത്തിലാകുമ്പോൾ, ഗ്രാമീണ ആവശ്യം ക്രമേണ മെച്ചപ്പെടുന്നതായി കാണാം. വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട സമ്പർക്ക-ഇൻറൻസീവ് സേവനങ്ങൾ 2021-22 ലെ നാലാം പാദത്തിൽ വീണ്ടെടുക്കൽ പൂർത്തിയാക്കി. നമ്മുടെ സർവേകളുടെ ആദ്യകാല ഫലങ്ങൾ അനുസരിച്ച്, നിർമ്മാണ മേഖലയിലെ ശേഷി വിനിയോഗം (സിയു) 2021-22 ലെ മൂന്നാം പാദത്തിലെ 72.4 ശതമാനത്തിൽ നിന്ന് 2021-22 നാലാം പാദത്തിൽ 74.5 ശതമാനമായി വർദ്ധിച്ചു. ശേഷി വിനിയോഗം 2022-23 ൽ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. വർദ്ധിച്ചുവരുന്ന ശേഷി വിനിയോഗം, സർക്കാരിൻറെ കാപെക്‌സ് സമ്മർദ്ദം, കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകൾ എന്നിവയാൽ നയിക്കപ്പെടുന്ന നിക്ഷേപ പ്രവർത്തനങ്ങൾ തുടർന്ന് ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ബാങ്ക് വായ്പയ്ക്കാള്ള ഡിമാൻഡ് വർദ്ധിക്കുന്നതിലും മൂലധന വസ്തുക്കളുടെ ഇറക്കുമതിയിൽ നിലനിൽക്കുന്ന വളർച്ചയിലും നിക്ഷേപ പ്രവർത്തനത്തിലെ പുരോഗതി പ്രതിഫലിക്കുന്നു. മെയ് മാസത്തിൽ തുടർച്ചയായ പതിനഞ്ചാം മാസവും ചരക്ക് കയറ്റുമതി ഇരട്ട അക്ക വളർച്ചയോടെ ഉജ്ജ്വലമായി തുടരുന്നു, അതേസമയം എണ്ണ- സ്വർണ്ണ ഇതര ഇറക്കുമതിയുടെ ഉയർന്ന വളർച്ച ആഭ്യന്തര ഡിമാൻഡ് സാഹചര്യങ്ങളിൽ വീണ്ടെടുക്കലിന്റെ സൂചനയായി കണക്കാക്കാം. 10. മുന്നോട്ട് നോക്കുമ്പോൾ, യഥാർത്ഥ ജിഡിപി 2022 ഏപ്രിലിലെ എംപിസി പ്രമേയത്തിൻറെ മാതൃകയിൽ വിശാലമായി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണ തെക്കുപടിഞ്ഞാറൻ മൺസൂൺ ലഭിക്കുമെന്ന പ്രവചനം ഖാരിഫ് വിതയ്ക്കലും കാർഷിക ഉൽപാദനവും വർധിപ്പിക്കും. ഇത് ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കും. സമ്പർക്ക-ഇൻറൻസീവ് സേവനങ്ങളിലെ തിരിച്ചുവരവ് നഗര ഉപഭോഗം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സർവേകൾ ഉപഭോക്തൃ ആത്മവിശ്വാസത്തിലും, ഒരു വർഷം മുന്നോട്ടുള്ള കുടുംബങ്ങളുടെ ശുഭാപ്തിവിശ്വാസവീക്ഷണത്തിലും കൂടുതൽ മെച്ചപ്പെടുത്തൽ നിർദ്ദേശിക്കുന്നു. ഞങ്ങളുടെ സർവേകളുടെ ആദ്യകാല ഫലങ്ങൾ അനുസരിച്ച് ബിസിനസ്സ് വികാരം ആവേശഭരിതമാണ്. എന്നിരുന്നാലും, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങളിൽ നിന്നുള്ള പ്രതികൂലമായ സ്പിൽഓവറുകൾ; അന്താരാഷ്ട്ര ചരക്ക് വില വർദ്ധന,. വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവ്, ആഗോള സാമ്പത്തിക വ്യവസ്ഥകൾ കർശനമാക്കൽ, ലോക സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം തുടങ്ങിയവ നമ്മുടെ കാഴ്ചപ്പാടിനെ സമ്മർദ്ദത്തിലാക്കുന്നു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, അപകടസാധ്യതകൾ വിശാലമായി സന്തുലിതമായി തുടരുമെന്ന നിഗമനത്തിൽ, 2022-23 ലെ യഥാർത്ഥ ജിഡിപി വളർച്ച 7.2 ശതമാനമായി നിലനിർത്തുന്നു, ഒന്നാം പാദത്തിൽ 16.2 ശതമാനം; രണ്ടാം പാദം 6.2 ശതമാനം; മൂന്നാംപാദം 4.1 ശതമാനം; കൂടാതെ നാലാം പാദം 4.0 ശതമാനം എന്ന നിലയിലാണ് അത് നിർണയിച്ചിരിക്കുന്നത്. പണപ്പെരുപ്പം 11. ഏപ്രിലിൽ സിപിഐയുടെ പ്രധാന പണപ്പെരുപ്പം 7.8 ശതമാനമായി കുത്തനെ ഉയർന്നു. തുടർച്ചയായ നാലാം മാസമാണ് പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലെത്തിയത്. പണപ്പെരുപ്പത്തിൻറെ കുതിപ്പ് എല്ലാ പ്രധാന വിഭാഗങ്ങളിലും കാണപ്പെട്ടു. 12. ആഗോള ഭൗമരാഷ്ട്രീയ സാഹചര്യം ദ്രവീകൃതമായി തുടരുകയും ചരക്ക് വിപണികൾ ചാഞ്ചാട്ടത്തിൻറെ അരികിൽ തുടരുകയും ചെയ്യുന്നു, ഇത് ആഭ്യന്തര പണപ്പെരുപ്പവീക്ഷണത്തിന് ഉയർന്ന അനിശ്ചിതത്വം നൽകുന്നു. അടുത്ത ഏതാനും ആഴ്‌ചകളിലെ വിലയിലെ ചില അനുകൂല സംഭവവികാസങ്ങൾ രൂക്ഷമായ വില സമ്മർദ്ദം ഒരു പരിധിവരെ ലഘൂകരിക്കാൻ സഹായിച്ചേക്കാം. സാധാരണനിലയിലുളള തെക്കു പടിഞ്ഞാറൻ മൺസൂണിന്റെയും ഖാരിഫ് കാർഷിക സീസണിന്റെയും പ്രതീക്ഷകൾ, അടുത്തിടെ സർക്കാർ സ്വീകരിച്ച വിതരണതലത്തിലെ നടപടികളും അവയുടെ പ്രത്യാഘാതങ്ങളും, ഇന്തോനേഷ്യയുടെ പാമോയിൽ കയറ്റുമതി നിരോധനം പിൻവലിച്ചതും, ആഗോള വ്യാവസായിക ലോഹവിലസൂചികകളിൽ ഉണ്ടായ മിതത്വത്തിന്റെ ചില അടയാളങ്ങളും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. 2022 മെയ് 21-ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം നഗരങ്ങളിലെ വീടുകളിൽ നടത്തിയ ഞങ്ങളുടെ ദ്രുത സർവേ, അവരുടെ മൂന്ന് മാസത്തിനുമുമ്പുണ്ടായ പ്രതീക്ഷകളിൽനിന്നും 190 ബേസിസ് പോയിന്റുകളുടെ ഇടിവും, ഒരു വർഷത്തിനു മുമ്പുള്ള പ്രതീക്ഷകളിൽ നിന്നും 90 ബേസിസ് പോയിന്റുകളുടെ കുറവും രേഖപ്പെടുത്തുന്നനിലയിൽ, അവരുടെ പണപ്പെരുപ്പ പ്രതീക്ഷകളിൽ കാര്യമായ മിതത്വം ഉണ്ടായതായി കാണിക്കുന്നു: അത്തരമൊരു സാഹചര്യത്തിൽ, രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും മേലുള്ള സംസ്ഥാന വാറ്റ് കൂടുതൽ കുറയ്ക്കുന്നത്, പണപ്പെരുപ്പ സമ്മർദങ്ങളും പ്രതീക്ഷകളും കുറയ്ക്കുന്നതിന് തീർച്ചയായും സംഭാവന നൽകും. 13. ഈ അനുകൂലസംഭവവികാസങ്ങൾ ഉണ്ടായിരുന്നിട്ടും, നാണയ പ്പെരുപ്പത്തിലേക്കുള്ള വലിയ അപകടസാധ്യതകൾ നിലനിൽക്കുന്നു. ഈ അപകടസാധ്യതകൾ ഉയർന്ന ചരക്ക് വിലയിൽ നിന്ന് തുടങ്ങി, പല സംസ്ഥാനങ്ങളിലും ഉണ്ടായ വൈദ്യുതി നിരക്കിൽ പരിഷ്‌കരണം; ഉയർന്ന ആഭ്യന്തര കാലി-കോഴിത്തീറ്റചെലവ്; തുടർച്ചയായുണ്ടാകുന്ന വ്യാപാര, വിതരണ ശൃംഖലാതടസ്സങ്ങൾ; ഉൽപാദന, സേവനമേഖലകളിലെ അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന വർദ്ധനവ് വിലകൾ പ്രതിഫലിക്കുന്നത്; ഭക്ഷ്യ വിലക്കയറ്റം കൂട്ടുന്ന തക്കാളി വിലയിലെ സമീപകാല വർധന; ഏറ്റവും പ്രധാനമായി, ഉയർന്ന അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലവരെ അത് എത്തി നിൽക്കുകയാണ്. 2022-ൽ സാധാരണ മൺസൂൺ ലഭിക്കുമെന്ന അനുമാനവും, ക്രൂഡ് ഓയിൽ വില (ഇന്ത്യൻ ബാസ്‌ക്കറ്റ്) ബാരലിന് 105 യുഎസ് ഡോളർ എന്നനിലയിലും ആയതിനാൽ, 2022-23 ൽ പണപ്പെരുപ്പം 6.7 ശതമാനമായി കണക്കാക്കുകയാണ്,. അത് അപകടസാധ്യതകൾ തുല്യമായി സന്തുലിതമാക്കി ഒന്നാം പാദത്തിൽ 7.5 ശതമാനം; രണ്ടാം പാദത്തിൽ 7.4 ശതമാനം; മൂന്നാംപാദത്തിൽ 6.2 ശതമാനം; നാലാം പാദത്തിൽ 5.8 ശതമാനം എന്ന നിലയിലായിരിക്കും. പണപ്പെരുപ്പപ്രവചനങ്ങളിലെ വർദ്ധനയുടെ 75 ശതമാനവും ഭക്ഷ്യഗ്രൂപ്പിൽ നിന്നാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, 2022-23 ലെ അടിസ്ഥാന പണപ്പെരുപ്പ പ്രവചനം 6.7 ശതമാനമാണ്. അത് ഇന്നെടുത്ത പണനയ നടപടികളുടെ സ്വാധീനം കണക്കിലെടുത്തുളളതല്ല. 14. ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിൽ പണപ്പെരുപ്പം ഏകദേശം 170 ബേസിസ് പോയിൻറ് വർദ്ധിച്ചു. യുദ്ധത്തിന് ഒരു പരിഹാരവും ദൃശ്യമാകാതിരിക്കുകയും, പണപ്പെരുപ്പത്തിനുള്ള അപകടസാധ്യതകളിൽ മാററമുണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിവേകപൂർണ്ണമായ പണനയ നടപടികൾ സമ്പദ്‌വ്യവസ്ഥയിൽ സപ്ലൈ സൈഡ് ഷോക്കുകളുടെ രണ്ടാം റൗണ്ട് പ്രത്യാഘാതങ്ങൾ കുറയ്ക്കുമെന്നും, ദീർഘകാലാടിസ്ഥാന ത്തിലുള്ള പണപ്പെരുപ്പ പ്രതീക്ഷകൾ ദൃഢമായി നിലനിൽക്കുമെന്നും, പണപ്പെരുപ്പം ക്രമേണ ലക്ഷ്യത്തിൽ എത്തിനിൽക്കുമെന്നും ഉറപ്പുവരുത്തും. നിലവിലുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ ആവശ്യകതകൾ കണക്കി ലെടുത്ത് പ്രത്യേകസഹായനടപടികൾ പിൻവലിക്കൽ ഉൾപ്പെടെയുള്ള ധനനയ നടപടികൾ ക്രമീകരിക്കും. ലിക്വിഡിറ്റി, ധനവിപണി മാർഗ്ഗനിർദ്ദേശങ്ങൾ 15. ലിക്വിഡിററിയും സാമ്പത്തിക വിപണി സാഹചര്യങ്ങളും സ്പർശിക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. ഏപ്രിലിൽ ഞങ്ങൾ 3.75 ശതമാനം പലിശ നിരക്കിൽ ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെൻറ് ഫെസിലിറ്റി (എൽഎഎഫ്) ഇടനാഴിയുടെ താഴ്ന്നതലമായി സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്‌ഡിഎഫ്) അവതരിപ്പിച്ചത് ഓർക്കുമല്ലോ. ഫിക്സഡ് റേറ്റ് റിവേഴ്സ് റിപ്പോ നിരക്കായ 3.35 ശതമാനത്തേക്കാൾ 40 ബേസിസ് പോയിൻറുകളുടെ നിരക്ക് വർദ്ധനയാണിതിൽ ലഭ്യമാക്കിയത്. തൽഫലമായി, പണനയത്തിന്റെ പ്രവർത്തന ലക്ഷ്യമായ വെയ്റ്റഡ് ആവറേജ് കോൾ മണി നിരക്ക് (ഡബ്ളിയുഎസിആർ) 2022 മാർച്ചിലെ ശരാശരി 3.32 ശതമാനത്തിൽ നിന്ന് ഏപ്രിൽ 8-30 കാലയളവിൽ 3.54 ശതമാനമായി മാറി. മെയ് 4 ലെ റിപ്പോ നിരക്കിലെ 40 ബേസിക്ക് പോയിൻറിൻറെ വർദ്ധനവിന് ശേഷം, ഡബ്ളിയുഎസിആർ വീണ്ടും വർദ്ധിച്ചു, മെയ് 5-31 കാലയളവിൽ ഇത് ശരാശരി 4.07 ശതമാനമായി. 16. ഏപ്രിൽ, മെയ് മാസങ്ങളിലെ എംപിസി പ്രമേയങ്ങളിൽ വ്യക്തമാക്കിയ പ്രത്യേകമായിനൽകിയ സൗകര്യങ്ങൾ ക്രമാനുഗതമായി പിൻവലിക്കുന്നതിന് ഊന്നൽ നൽകിയതിനനുസൃതമായി, സമീപകാല കാലയളവിൽ വ്യവസ്ഥാപരമായ ദ്രവ്യത (ലിക്വിഡിററി) മിതമായിട്ടുണ്ട്. ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെൻറ് സൗകര്യത്തിന് (എൽഎഎഫ്) കീഴിലുള്ള ശരാശരി പ്രതിദിന ആഗിരണത്തിൽ പ്രതിഫലിക്കുന്ന മിച്ച ദ്രവ്യത - അതായത്, എസ്.ഡി.എഫ്, വേരിയബിൾ റേറ്റ് റിവേഴ്സ് റിപ്പോ (വിആർആർആർ) പ്രകാരമുള്ള 14 ദിവസത്തെയും 28 ദിവസങ്ങളിലെയും ആഗിരണം – 2022 മെയ് 4-മെയ് 31 വരെയുളള കാലയളവിൽ 5.5 ലക്ഷം കോടി രൂപയായിരുന്നു. അത് 2022 ഏപ്രിൽ 8 മുതൽ മേയ് 3 വരെയുള്ള കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 7.4 ലക്ഷം കോടി രൂ കുറവായിരുന്നു. എന്നാൽ, അധിക പണലഭ്യതയുടെ ഓവർഹാങ്ങ്, ഒറ്റരാത്രികൊണ്ട് പണവിപണി നിരക്കുകൾ, ശരാശരി പോളിസി റിപ്പോ നിരക്കിന് താഴെ വിപണനം ചെയ്യപ്പെടുന്നതിന് കാരണമായി. മണി മാർക്കറ്റ് ടേം ഘടനയുടെ നീണ്ട അവസാനത്തിൽ, 91 ദിവസത്തെ ട്രഷറി ബില്ലുകൾ, വാണിജ്യ പേപ്പറുകൾ (സിപികൾ), ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ (സിഡികൾ) എന്നിവയുടെ പലിശ നിരക്ക് മെയ് മാസത്തിലെ നിരക്ക് വർദ്ധനയ്ക്ക് ശേഷം ദൃഢമായി. എഎഎ റേറ്റുചെയ്ത 5 വർഷത്തെ കോർപ്പറേറ്റ് ബോണ്ടുകളുടെ വരുമാനവും വർദ്ധിച്ചു. നിരക്ക് വർദ്ധന ബാങ്കുകളുടെ ബെഞ്ച്മാർക്ക് വായ്പാ നിരക്കുകളിൽ ഉയർന്ന ക്രമീകരണത്തിന് കാരണമായി. ബാങ്കുകളുടെ കാലാവധി നിക്ഷേപനിരക്കുകൾ വർദ്ധിച്ചു, തൽഫലമായി, വർദ്ധിച്ചുവരുന്ന വായ്പാവശ്യകതയ്ക്കിടയിൽ സ്ഥിരമായ ഫണ്ടിംഗ് ഉറവിടങ്ങൾ വർദ്ധിക്കാൻ ഇത് ഇടയാക്കും. 17. മുന്നോട്ട് പോകുമ്പോൾ, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട അസാധാരണമായ ലിക്വിഡിറ്റി അക്കോമഡേഷൻ ഒരു ഒന്നിലധികം വർഷത്തെ സമയപരിധിയിൽ സാധാരണ നിലയിലാക്കുമ്പോൾ, സമ്പദ്‌വ്യവസ്ഥയുടെ ഉൽപാദനപരമായ ആവശ്യകതകൾ നിറവേറ്റുന്നതിന് മതിയായ ലിക്വിഡിറ്റിയുടെ ലഭ്യത റിസർവ് ബാങ്ക് ഉറപ്പാക്കും. ഗവൺമെൻറിൻറെ വായ്പയെടുക്കൽ പരിപാടി ക്രമമായി പൂർത്തിയാക്കുന്ന തിലും റിസർവ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കും. 18. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കുറയുന്നതും, എഇകൾ നയം സാധാരണമാക്കുന്നതിൻറെ ദ്രുതഗതിയിലുള്ള വേഗതയും ഭൂരിഭാഗം ഇഎംഇകളിൽ നിന്നും പോർട്ട്‌ഫോളിയോ മൂലധന പ്രവാഹപുറപ്പാടിൻറെ ഫലമായുളള നേരിട്ടുള്ള വീഴ്ചയ്ക്കിടയാക്കും. നിരവധി ഇഎംഇകളുടെ കറൻസികൾ അങ്ങനെ മൂല്യത്തകർച്ചയുടെ സമ്മർദ്ദം നേരിട്ടിട്ടുണ്ട്. സുരക്ഷിതമായ കറൻസി എന്ന നിലയിൽ യുഎസ് ഡോളറിൻറെ ഡിമാൻഡ് വർദ്ധിച്ചു. ഇവയ്‌ക്കെല്ലാം ഇടയിൽ, ഇന്ത്യൻ രൂപയുടെ മൂല്യം ക്രമാനുഗതമായ രീതിയിൽ നീങ്ങുകയും ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ യു.എസ്. ഡോളറിനെതിരെ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്‌തു – അത് സമാനനിലയിലെ പല ഇഎംഇകളെ അപേക്ഷിച്ച് വളരെ മികച്ചതാണ്. 19. ഇന്ത്യൻ ബാങ്കിംഗ് സംവിധാനവും ശക്തമായി തുടരുന്നുണ്ട്. മൂലധന പര്യാപ്തത, ആസ്തി ഗുണനിലവാരം, പ്രൊവിഷനിംഗ് കവറേജ്, ലാഭക്ഷമത തുടങ്ങിയ പ്രധാന സൂചകങ്ങളിൽ പ്രതിഫലിക്കുന്നതുപോലെ സമീപ വർഷങ്ങളിൽ അതിൻറെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ് സംവിധാനത്തിൻറെ ദൃഢതയും, സാമ്പത്തിക പ്രവർത്തനങ്ങളുടെ പുരോഗമനപരമായ സാധാരണവൽക്കരണവും നൽകിയ പിന്തുണകൊണ്ട്, സമീപ മാസങ്ങളിൽ ബാങ്ക് വായ്പകളുടെ വളർച്ച ക്രമേണ മെച്ചപ്പെട്ടു. ബാങ്കിംഗ് മേഖലയുടെ ശക്തിയും കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകളും സാമ്പത്തിക വീണ്ടെടുക്കൽ നിലനിർത്തുന്നതിന് നമ്മെ സഹായിക്കും. വിദേശവ്യാപാരമേഖല 20. പ്രധാന വ്യാപാര പങ്കാളികളിൽ പൊതുവെ വീണ്ടെടുക്കൽ ദുർബലമായിട്ടും ഇന്ത്യയുടെ കയറ്റുമതി മികച്ച പ്രകടനം കാഴ്ചവച്ചു. പെട്രോളിയം, എണ്ണ, ലൂബ്രിക്കൻറുകൾ (പിഒഎൽ) തുടങ്ങിയവയുടെ ഇറക്കുമതി ബില്ലിൽ ഉണ്ടായ ക്രൂഡ് ഓയിൽ വില ഉയരുന്നതിൻറെ ആഘാതം പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതി വഴി ഭാഗികമായി നികത്തപ്പെട്ടു. ഇത് സമീപമാസങ്ങളിൽ മെച്ചപ്പെട്ട വില ലഭിക്കന്നതിലൂടെയുളള പ്രയോജനം നേടി. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയിലും, വിദേശത്തുനിന്നുളള നിക്ഷേപത്തിലു മുണ്ടായ വർദ്ധന കറണ്ട് അക്കൗണ്ട് കമ്മി (സിഎഡി) സുസ്ഥിരതലത്തിൽ നിയന്ത്രിച്ചുനിറുത്താൻ സഹായിക്കും, ഇത് സാധാരണ മൂലധന പ്രവാഹം വഴിയുണ്ടാകുന്ന ധനസഹായപ്രവർത്തനമാണ്. 2022 ജൂൺ 3-ലെ കണക്ക നുസരിച്ച്, ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 601.1 ബില്യൺ യുഎസ് ഡോളറായിരുന്നു, ഇത് ആർബിഐയുടെ കരമായ തലത്തിലുള്ള അനുബന്ധ നെറ്റ് ഫോർവേഡ് ആസ്തികളാൽ കൂടുതൽ ശക്തമാണ്. അധികനടപടികൾ 21. പണനയപ്രസ്താവനയുടെ ഭാഗമായ വികസന, നിയന്ത്രണ നയങ്ങളെക്കുറി ച്ചുള്ള പ്രസ്താവന (പാർട്ട്-ബി) യിൽ പ്രതിപാദിച്ചിരിക്കുന്ന ചില അധിക നടപടികൾ ഞാൻ ഇപ്പോൾ പ്രഖ്യാപിക്കും. അധിക നടപടികൾ ഇപ്രകാരമാണ്. നിയന്ത്രണ നടപടികൾ - സഹകരണ ബാങ്കുകൾ 22. സമഗ്ര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണ ബാങ്കുകളുടെ പ്രാധാന്യം കണക്കിലെടുത്ത്, സഹകരണ ബാങ്കിംഗ് മേഖലയ്ക്കായി മൂന്ന് നടപടികൾ പ്രഖ്യാപിക്കുന്നു : i. അർബൻ കോ - ഓപ്പറേറ്റീവ് ബാങ്കുകളും (യു.സി.ബി.), റൂറൽ കോ- ഓപ്പറേറ്റീവ് ബാങ്കുകളും (ആർ.സി.ബി.-സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സെൻട്രൽ കോ - ഓപ്പറേറ്റീവ് ബാങ്കുകളും) നൽകുന്ന വ്യക്തിഗത ഭവന വായ്പകളുടെ പരിധി 100 ശതമാനത്തിലധി കമായി പരിഷ്കരിക്കുന്നു. ഇവ യഥാക്രമം 2011-ലും 2009-ലുമാണ് അവ സാനമായി പരിഷ്കരിച്ചത്. വീടിന്റെ വിലയിലെ വർദ്ധനവ് കണക്കി ലെടുത്ത്. ഇത് ഭവന നിർമ്മാണ മേഖലയിലേക്ക് മികച്ച വായ്പാ പ്രവാഹം സുഗമമാക്കും. ii. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്കും (എസ്‌സിബികൾ) യുസിബികൾക്കും ലഭ്യമായ വായ്പാവിതരണസൗകര്യത്തിന് അനുസൃതമായി, 'കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് - റെസിഡൻഷ്യൽ ഹൗസിംഗ് മേഖലയിലേക്ക്' (അതായത് റെസിഡൻഷ്യൽ ഹൗസിംഗ് പ്രോജക്ടുകൾക്കുള്ള ലോണുകൾ) വായ്പാസഹായം വർദ്ധിപ്പിക്കുന്നതിന് ഗ്രാമീണ സഹകരണ ബാങ്കുകളെ (ആർസിബി-സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാതല കേന്ദ്ര സഹകരണ ബാങ്കുകളും) അനുവദിക്കാൻ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അവരുടെ മൊത്തം ആസ്തിയുടെ 5% എന്ന നിലവിലുള്ള മൊത്തം ഭവന ധനസഹായ പരിധിക്കുള്ളിൽ ആയിരിക്കണം ഇത്. ഈ നടപടി സഹകരണ ബാങ്കുകളിൽ നിന്ന് ഭവനനിർമ്മാണമേഖലയിലേക്കുള്ള വായ്പയുടെ പ്രവാഹം വർദ്ധിപ്പിക്കും. iii. ഉപഭോക്താക്കൾക്ക് വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങൾ വ്യാപിപ്പിക്കാൻ യുസിബികൾക്ക് അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ഇത് യുസിബികളെ പ്രാപ്തമാക്കും. നോൺ-സെൻട്രലി ക്ലിയർഡ് ഡെറിവേറ്റീവുകളുടെ (എൻസിസിഡികൾ) മാർജിൻ ആവശ്യകതകൾ 23. ഒടിസി ഡെറിവേറ്റീവ് മാർക്കറ്റിൻറെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും ജി 20 പരിഷ്‌കാരങ്ങൾക്ക് അനുസൃതമായും, നോൺ നോൺ സെൻട്രലി ക്ലിയേഡ് ഒടിസി ഡെറിവേറ്റീവുകൾക്ക് റിസർവ് ബാങ്ക് മാർജിൻ ആവശ്യകതകൾ ഏർപ്പെടുത്തുന്നു. ആദ്യഘട്ടത്തിൽ, എൻസിസി ഡികൾക്കായുള്ള എക്‌സ്‌ചേഞ്ച് ഓഫ് വേരിയേഷൻ മാർജിൻ (വിഎം) നിർബന്ധമാക്കാൻ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ആവശ്യകതകളിൽ, പങ്കാളികളിൽ നിന്ന് ഫീഡ്‌ബാക്ക് ശേഖരിക്കുന്നതിന്, എൻസിസി ഡികൾക്കായുള്ള പ്രാരംഭ മാർജിൻ കൈമാറ്റം സംബന്ധിച്ച കരട് നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. റെക്കറിംഗ് പേയ്‌മെൻറുകൾക്കുള്ള കാർഡുകളിലെ ഇ-മാൻഡേറ്റുകൾ - പരിധി മെച്ചപ്പെടുത്തൽ 24. ഉപയോക്താക്കൾക്കുള്ള സൗകര്യം, സുരക്ഷിതത്വം, സെക്യൂരിററി എന്നിവയുടെ നേട്ടങ്ങൾ കണക്കിലെടുത്ത് ഇ-മാൻഡേറ്റ് അടിസ്ഥാന മാക്കിയുള്ള റെക്കറിംഗ് പേയ്‌മെൻറുകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചട്ടക്കൂട് റിസർവ് ബാങ്ക് അവതരിപ്പിച്ചു. ഈ ചട്ടക്കൂടിന് കീഴിൽ, 6.25 കോടി മാൻഡേറ്റുകൾ ആഭ്യന്തര വ്യാപാരികളും, 3,400-ലധികം അന്താരാഷ്ട്ര വ്യാപാരികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ചട്ടക്കൂടിൻ കീഴിൽ വലിയ മൂല്യമുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ ഫീസ് തുടങ്ങിയ ആവർത്തിച്ചുള്ള പേയ്‌മെൻറുകൾ കൂടുതൽ സുഗമമാക്കുന്നതിന്, ഓരോ ഇടപാടിനും ഉളള പരിധി ₹5,000-ൽ നിന്ന് ₹15,000 ആയി ഉയർത്തുന്നു. ഇത് ഈ ചട്ടക്കൂടിനു കീഴിൽ ലഭ്യമായ ആനുകൂല്യങ്ങൾ കൂടുതൽ പ്രയോജനപ്പെടു ത്തുകയും ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യും. യൂണിഫൈഡ് പേയ്‌മെൻറ് ഇൻറർഫേസ് (യുപിഐ) - റുപേ ക്രെഡിറ്റ് കാർഡുകളുടെ ലിങ്കിംഗ് 25. 26 കോടിയിലധികം വ്യത്യസ്ത ഉപയോക്താക്കളും 5 കോടി വ്യാപാരികളുമുള്ള ഇന്ത്യയിലെ ഏറ്റവും ഇൻക്ലൂസീവ് പേയ്‌മെൻറ് മോഡായി യുപിഐ സംവിധാനം മാറി. 2022 മെയ് മാസത്തിൽ മാത്രം 10.4 ലക്ഷം കോടി രൂപയുടെ 594 കോടി ഇടപാടുകൾ യുപിഐ വഴി നടന്നു. നിലവിൽ, ഉപയോക്താക്കളുടെ ഡെബിറ്റ് കാർഡുകൾ വഴി സേവിംഗ്സ്/കറൻറ് അക്കൗണ്ടുകൾ ബന്ധിപ്പിച്ചുകൊണ്ട് ഇടപാടുകൾ യുപിഐ സുഗമമാക്കുന്നു. യുപിഐ സംവിധാനത്തിൽ ക്രെഡിറ്റ് കാർഡുകളുടെ ലിങ്ക് അനുവദിക്കാൻ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. തുടക്കം എന്ന നിലയിൽ, റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമിലേക്ക് ലിങ്ക് ചെയ്യുകയാണ്. ഇത് ഉപയോക്താക്കൾക്ക് അധിക സൗകര്യം നൽകുകയും ഡിജിറ്റൽ പേയ്‌മെൻറുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും ചെയ്യും. പേയ്‌മെൻറ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻറ് ഫണ്ട് സ്‌കീമിൻറെ അവലോകനം 26. ഫിസിക്കൽ പോയിൻറ് ഓഫ് സെയിൽ (പിഒഎസ്), എംപിഒഎസ് (മൊബൈൽ പിഒഎസ്), ക്വിക്ക് റെസ്‌പോൺസ് (ക്യു.ആർ) കോഡുകൾ പോലെയുള്ള പേയ്‌മെൻറ് നടത്തുന്നതിനുളള അടിസ്ഥാന സൗകര്യങ്ങളുടെ വിന്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി, ടയർ 3 മുതൽ 6 വരെയുള്ള കേന്ദ്രങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പേയ്‌മെൻറ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻറ് ഫണ്ട് (പിഐഡിഎഫ്) സ്കീം 2021 ജനുവരിയിൽ റിസർവ് ബാങ്ക് പ്രവർത്തനക്ഷമമാക്കി. പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ ടയർ-1, 2 കേന്ദ്രങ്ങളിലെ ഗുണഭോക്താക്കളെയും 2021 ഓഗസ്റ്റിൽ ഇതിൽ ഉൾപ്പെടുത്തി. 2023 അവസാനത്തോടെ 90 ലക്ഷം ടച്ച് പോയിൻറുകൾ വിന്യസിക്കുകയെന്ന ലക്ഷ്യമായിരുന്നെങ്കിലും, 2022 ഏപ്രിൽ അവസാന ത്തോടെ, 1.18 കോടി പുതിയ ടച്ച് പോയിൻറുകൾ ഈ സ്കീമിന് കീഴിൽ വിന്യസിക്കുകയുണ്ടായി. സബ്‌സിഡി തുക വർദ്ധിപ്പിച്ച്, സബ്‌സിഡി ക്ലെയിം പ്രക്രിയയും മറ്റ് നടപടികളും ലഘൂകരിച്ചുകൊണ്ട് പിഐഡിഎഫ് സ്കീമിൽ മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇത് ലക്ഷ്യംവച്ച പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വിന്യാസം കൂടുതൽ ത്വരിതപ്പെടുത്തുകയും പേയ്‌മെന്റ് സ്വീകാര്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഉപസംഹാര കുറിപ്പ് 27. വിലസ്ഥിരത കാത്തുസൂക്ഷിക്കുന്നത് ശാശ്വതമായ വളർച്ചയും സമൃദ്ധിയും ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നല്ല ഗാരൻറിയാണെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഇന്നത്തെ നമ്മുടെ പ്രവർത്തനങ്ങൾ ഇടത്തരം പണപ്പെരുപ്പ ലക്ഷ്യത്തിന് കൂടുതൽ വിശ്വാസ്യത നൽകും. ഇത് വഴക്കമുള്ള പണപ്പെരുപ്പം ലക്ഷ്യമാക്കുന്ന ചട്ടക്കൂടിന്റെ കേന്ദ്ര തത്വമാണ്. ക്രമമായ നയമാറ്റത്തിനുള്ള ഇടം ഞങ്ങൾക്ക് വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ വീണ്ടെടുപ്പ് അതിവേഗം പുരോഗമിക്കുകയാണ്,. ഞങ്ങളുടെ പ്രതികരണങ്ങൾക്ക് അനുസൃതമായി വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ഞങ്ങൾ തുടർച്ചയായി വിലയിരുത്തുമ്പോൾ, ഞങ്ങളുടെ പ്രവർത്തനങ്ങൾ പണപ്പെരുപ്പവും പണപ്പെരുപ്പ പ്രതീക്ഷകളും നിയന്ത്രണത്തിലാക്കാനുള്ള പ്രതിബദ്ധത പ്രകടമാക്കേണ്ടതുണ്ട്. അതുകൊണ്ട്, പണപ്പെരുപ്പ സമ്മർദങ്ങൾ നിരീക്ഷി ക്കുകയും വിലയിരുത്തുകയും വളർച്ചയിലേക്കുള്ള അപകടസാധ്യതകൾ സന്തുലിതമാക്കുകയും ചെയ്യുന്നത് നാം മുന്നോട്ട് പോകുമ്പോൾ ഉചിതമായ നയപാതയെ വിലയിരുത്തുന്നതിന് നിർണായകമാണ്. 28. സമീപകാലത്ത് ഞങ്ങൾ സഞ്ചരിച്ച പാത തീർച്ചയായും വളരെ ശ്രമകരമായിരുന്നു, എന്നാൽ ഞങ്ങൾ മാർഗമദ്ധ്യേ വിശ്വാസവും ശ്രദ്ധയും ധൈര്യവും സംഭരിച്ചു. വിലസ്ഥിരത കൈവരിക്കുന്നതിന് അടുത്തിടെ സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയാണ് ഇന്നത്തെ ഞങ്ങളുടെ പ്രവർത്തനങ്ങൾ. നിലവിലെ കാലഘട്ടത്തിലെ ഉയർന്ന അനിശ്ചിതത്വങ്ങൾ കണക്കിലെടുക്കുമ്പോൾ, സ്ഥിരമായുളള സങ്കല്പനങ്ങളിലും, പരമ്പരാഗതരീതികളിലും ബന്ധിതരാകുന്നതിനുപകരം ഞങ്ങൾ ചലനാത്മകവും പ്രായോഗികവുമായി പ്രവർത്തിക്കുന്നു. സ്ഥൂല-സാമ്പത്തിക സ്ഥിരതയ്ക്കായി റിസർവ് ബാങ്ക് അക്ഷീണം പ്രയത്നിക്കുമ്പോൾ, മഹാത്മാഗാന്ധി പണ്ടേ പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നു: “ആഞ്ഞടിക്കാൻ പോകുന്ന കൊടുങ്കാറ്റിനെ മറികടക്കണമെങ്കിൽ, മുഴുവൻ ശക്തിയുമെടുത്ത് അതിനെതിരെ തുഴഞ്ഞു മുന്നോട്ടുപോകുവാനുള്ള ഏറ്റവും ധീരമായ ശ്രമം നടത്തണം. മുന്നോട്ട്".1 നന്ദി. സുരക്ഷിതമായി ഇരിക്കുക. സുഖമായി ഇരിക്കുക. നമസ്കാരം. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2022-2023/335 1 ഉറവിടം: മഹാത്മാഗാന്ധിയുടെ സമ്പൂർണ കൃതികൾ (ഇലക്‌ട്രോണിക് ബുക്ക്), ന്യൂഡൽഹി. പബ്ലിക്കേഷൻസ് വിഭാഗം, ഭാരത സർക്കാർ 1927, വാല്യം 40. |