<font face="mangal" size="3">ഗവർണറുടെ പ്രസ്താവന – 2020 ഒക്ടോബര്‍ 9</font> - ആർബിഐ - Reserve Bank of India
ഗവർണറുടെ പ്രസ്താവന – 2020 ഒക്ടോബര് 9
ഡോ. അഷിമാ ഗോയല്, പ്രൊഫസര് ജയന്ത് ആര് വര്മ്മ, ഡോ. ശശാങ്ക ഭിഡേ എന്നീ പുറമേ നിന്നുള്ള അംഗങ്ങളെ ചേര്ത്ത് പുതുതായി രൂപീകരിച്ച നാണ്യനയ സമിതി (എ.പി.സി) അതിന്റെ ആദ്യ യോഗവും 2016 ജൂണ് മാസം രൂപീകൃതമായ നാണ്യനയ ചട്ടക്കൂടിന്റെ കീഴില് 25 -) മത് യോഗവും 2020 ഒക്ടോബര് 7,8,9 തീയതികളില് നടന്നുകഴിഞ്ഞു. പുതിയ അംഗങ്ങളെ ഞാന് സ്വാഗതം ചെയ്യുന്നു. ഒപ്പം ഇന്ത്യയുടെ നാണ്യനയ രൂപവല്ക്കരണത്തിലും അതിന്റെ നടത്തിപ്പിലും അവരുടേതായ വിലയേറിയ സംഭാവനകളുടെ പേരില് അവര്ക്ക് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യുന്നു. ഭാരതീയ റിസര്വ് ബാങ്കിലെ ഞങ്ങളുടെ വിദഗ്ധരുടെ അപഗ്രഥനാത്മക പിന്തുണയ്ക്കും പ്രവര്ത്തന വിശദാംശങ്ങളുടെ ആസൂത്രണം, ഏകോപനം, നടത്തിപ്പ് എന്നീ കാര്യങ്ങളിലെ സഹായങ്ങള്ക്കും നന്ദി അറിയിക്കാനും ഞാന് ഈ അവസരം വിനിയോഗിക്കുന്നു. 2. എം.പി.സി ആഭ്യന്തര, ആഗോള സ്ഥൂല സാമ്പത്തികവും ധനപരവും ആയ സാഹചര്യങ്ങളെ വിലയിരുത്തിയ ശേഷം നയാടിസ്ഥാനത്തിലുള്ള റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനത്തില് നിലനിര്ത്താന് ഐകകണ്ഠ്യേന തീരുമാനിക്കുകയുണ്ടായി. മുന്നേറുന്ന ലക്ഷ്യത്തിനകത്ത് പണപ്പെരുപ്പം തുടരുന്നു എന്ന് ഉറപ്പുവരുത്തുമ്പോള് തന്നെ കുറഞ്ഞത് ഈ സാമ്പത്തിക വര്ഷത്തിലും അടുത്ത വര്ഷവും വളര്ച്ചയെ ദീര്ഘകാലാടിസ്ഥാനത്തില് ഉത്തേജിപ്പിക്കുന്നതിനും കോവഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങള് ലഘൂകരിക്കുന്നതിനും ആയി ആവശ്യം ഉള്ള സമയം വരെ നാണ്യ നയത്തിന്റെ സഹായാത്മക നിലപാട് തുടരുന്നതിനും കൂടി അവര് തീരുമാനിച്ചു. മാര്ജിനല് സ്റ്റാന്ഡിംഗ് ഫെസിലിറ്റി (എം.എസ്.എഫ്-അടിയന്തിരഘട്ടത്തില് റിസര്വ് ബാങ്കില് നിന്നും കടം കൊള്ളുന്നതിനുള്ള സൗകര്യം) നിരക്കും ബാങ്ക് റേറ്റും 4.25 ശതമാനമായി മാറ്റമില്ലാതെ നിലനില്ക്കുന്നു. കൂടാതെ റിവേഴ്സ് റിപോ നിരക്കും മാറ്റമില്ലാതെ 3.35 ശതമാനത്തില് തന്നെ തുടരുന്നു. 3. ഈ അവസരത്തില് സമ്പദ് വ്യവസ്ഥയുടെ അവസ്ഥയെയും അതിന്റെ ഭാവി പ്രതീക്ഷകളെയും ഞാന് സംക്ഷിപ്തമായി അവലോകനം ചെയ്യുകയാണ്. എല്ലായ്പോഴും ഒരു ശുഭാപ്തിവിശ്വാസിയായിരിക്കാന് ഞാന് ധൈര്യം കാണിച്ചിട്ടുണ്ട്, അതുകൊണ്ടു തന്നെ ഈ മഹാമാരിയെ അതിജീവിക്കാന് മനുഷ്യസമൂഹത്തിനുള്ള കഴിവിലും ഞാന് ദൃഢവിശ്വാസം പുലര്ത്തുന്നു. പോയ മാസങ്ങളില് ലോക വ്യാപകമായി കോവിഡ്-19 ഉഗ്ര താണ്ഡവം ആടിയപ്പോള് നമ്മുടെ പ്രത്യാശാ നിര്ഭരത വലുതായിക്കൊണ്ടിരിക്കുന്ന കൊടുങ്കാറ്റില് ആടി ഉലയുന്ന ഒരു ജ്വാല പോലെ തോന്നിയിരിക്കണം. ഇന്ന് കാറ്റിന്റെ ഗതി മാറിയിട്ടുണ്ട്; അത് സൂചിപ്പിക്കുന്നത് ഏറ്റവും മോശം സമയങ്ങളില് പോലും ശോഭനമായ നാളയെ സ്വപ്നം കാണുന്നത് വിവേകം ഇല്ലായ്മ അല്ലെന്നുള്ളതാണ്. ദീര്ഘദര്ശിയായ മുന് രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്കലാം ഇങ്ങനെ പറഞ്ഞു: "നിങ്ങളുടെ സ്വപ്നങ്ങള് യാഥാര്ത്ഥ്യമാകുന്നതിനു മുന്പ് നിങ്ങള് സ്വപ്നം കാണേണ്ടിയിരിക്കുന്നു..... ഒരു സ്വപ്നമെന്നത് നിങ്ങള് ഉറങ്ങുമ്പോള് കാണേണ്ടതല്ല, നിങ്ങളെ ഉറങ്ങാന് അനുവദിയ്ക്കാത്ത എന്തോ ഒന്ന് ആണ് അത്”. വീണ്ടെടുക്കൽ പട്ടിക 4. 2020 ന്റെ രണ്ടാംപാദത്തില് ആഗോള സാമ്പത്തിക വ്യവസ്ഥ ചെന്നുപതിച്ചത് അഗാധമായ തളര്ച്ചയിലേക്കു ആയിരുന്നു എങ്കില് അതിനു ശേഷം മൂന്നാം പാദത്തില് ആഗോള സാമ്പത്തിക പ്രവര്ത്തനം ക്രമാനുഗതമായി തിരിച്ചുവരവ് നടത്തിയിട്ടുള്ളതായി തോന്നുന്നു; പക്ഷേ സാമ്പത്തിക വ്യവസ്ഥകള് തമ്മിലും അവയ്ക്കുള്ളിലും അത് ഒരുപോലെ ആയിരുന്നില്ല. നിര്മ്മാണം തൊഴില് വിപണികള്, ചില്ലറ വില്പന എന്നിവയിലുണ്ടായ അഭിവൃദ്ധി ചില രാജ്യങ്ങില് ശക്തമായ തിരിച്ചുവരവിന് ഊര്ജ്ജം പകര്ന്നു. എന്നാല് മറ്റുള്ളവയില് പുതിയ രോഗ സംക്രമണത്തിലുണ്ടായ വര്ദ്ധന, ഇളവുകള് നല്കുന്നത് മന്ദഗതിയില് ആക്കുകയോ അല്ലെങ്കില് നിയന്ത്രണങ്ങള് വീണ്ടും ചുമത്തുകയോ ചെയ്യുന്നതിന് പ്രേരകമാവുകയും അത് മുന്നോട്ടുള്ള ഗതിയെ തടയുകയും ചെയ്തു. പൊതുവായി പറഞ്ഞാല് നിക്ഷേപത്തിലുള്ള കുറവ് തുടരുകയും ഉപഭോഗവും കയറ്റുമതിയും മെച്ചപ്പെടാന് തുടങ്ങുകയും ചെയ്തിട്ടുണ്ട്. എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നുള്ള വന്തോതിലുള്ള നയപരമായ പിന്തുണ കൂടുതല് ആഴത്തിലുള്ള പതനത്തെ തടയുകയും തൊഴില്, ഗാര്ഹിക വരുമാനങ്ങള്, വ്യാപാരങ്ങള് എന്നിവയ്ക്കു താങ്ങായി ഒരു അടിത്തറ പ്രദാനം ചെയ്യുകയും ചെയ്തു. ധനപരമായ സാഹചര്യങ്ങള് അനുകൂലാവസ്ഥയില് തുടരുകയാണ്. 5. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തില് ഒരു നിര്ണ്ണായക ഘട്ടത്തിലേക്ക് പ്രവേശിയ്ക്കുകയാണ്. കോവിഡിനു മുന്പുള്ള നിലവാരങ്ങളെ അപേക്ഷിച്ച് ഉന്നത ആവൃത്തിയുള്ള സൂചകങ്ങള് സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ സങ്കോചങ്ങള്ക്ക് അയവുവരുന്നതിലേക്കും വളര്ച്ചയുടെ ആവേഗങ്ങളുടെ വെളിപ്പെടലിലേയ്ക്കുമാണ് വിരല് ചൂണ്ടുന്നത്. സമയം ലാഭിയ്ക്കുവാനായി ഞാന് അവയെ ഈ പ്രസ്താവനയുടെ ഒരു അനുബന്ധമായി ചേര്ത്തിട്ടുണ്ട്. എല്ലാ സൂചനകളാലും 2020-21 ആദ്യപാദ (Q1:2020-21) ത്തിലെ ആഴത്തിലുള്ള സങ്കോചങ്ങള് നമുക്കു പുറകിലായിരിക്കുന്നു; രാജ്യത്തുടനീളം സജീവമായ കോവിഡ് രോഗികളുടെ കേസ് ലോഡ് കര്വ് പരന്നതാകുന്നതിൽ രജതരേഖകള് ദൃശ്യമായിരിയ്ക്കുന്നു. രണ്ടാമതൊരു തരംഗം സംഭവിയ്ക്കാം എന്നതൊഴിച്ചാല് വൈറസിന്റെ മരണപ്പിടുത്തം അവഗണിയ്ക്കാനും കോവിഡ് പൂര്വ്വ വളര്ച്ചാ പാതയുമായുള്ള സമാഗമം പുതുക്കുവാനും ഇന്ത്യ തയ്യാറായിരിക്കുന്നു. 6. ഈ പരിതസ്ഥിതിയില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിയന്ത്രിച്ചു നിര്ത്തുക എന്നതില് നിന്നും മാറ്റി പുനരുദ്ധാരണം എന്നതിലായിരിക്കണം. മഹാമാരി ഉയര്ത്തുന്ന തടസ്സങ്ങള് വകവയ്ക്കാതെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് പൂര്വ്വസ്ഥിതിയില് എത്താനുള്ള കഴിവ് ഉള്ളതായി തോന്നുന്നു. ഖാരിഫ് വിത്തുവിതയുടെ ഭൂവിസ്തീര്ണ്ണം കഴിഞ്ഞ കൊല്ലത്തേതിനേക്കാളും എന്നല്ല സാധാരണ വര്ഷത്തിലുള്ളതിനേക്കാളും ഇതിനകംതന്നെ കൂടുതലായിക്കഴിഞ്ഞു. മണ്ണിന്റെ മെച്ചപ്പെട്ട ഈര്പ്പാവസ്ഥകളും ഒപ്പം ആരോഗ്യകരമായ ജലസംഭരണി വിതാനങ്ങളും റാബികൃഷിക്കാലത്തെപറ്റിയുള്ള ഭാവി പരീക്ഷണം പ്രകാശമാനമാക്കപ്പെട്ടിട്ടുണ്ട്. കാലേകൂട്ടിയുള്ള അനുമാനങ്ങള് സൂചിപ്പിക്കുന്നത് ഭക്ഷ്യധാന്യോല്പാദനം 2021 ല് മറ്റൊരു റിക്കാര്ഡു മറികടക്കുമെന്നുതന്നെയാണ്. മഹാത്മാഗാന്ധി നാഷണല് റൂറല് എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ടിനു (എം.എന്.ആര്.ജി.എ) കീഴില് നടപ്പാക്കിയ തൊഴില് അവസരങ്ങളുടെ സൃഷ്ടി ഗ്രാമപ്രദേശങ്ങളില് ജോലിയും വരുമാനവും പ്രദാനം ചെയ്തിട്ടുണ്ട്. ഇതിനിടയില് അന്യദേശ തൊഴിലാളികള് നഗരജോലികളിലേയ്ക്കു മടങ്ങുകയും, ഫാക്ടറികളും നിര്മ്മാണപ്രവര്ത്തനങ്ങളും സജീവമായി തിരിച്ചുവരികയും ചെയ്യുന്നു. ഊര്ജ്ജ ഉപഭോഗത്തിലും ജനസഞ്ചാരത്തിലും ഉള്ള വര്ദ്ധന അതാണ് പ്രതിഫലിപ്പിക്കുന്നത്. നഗരങ്ങളില് ഗതാഗതതീവ്രത അതി ശീഘ്രം ഉയര്ന്നുകൊണ്ടിരിയ്ക്കുന്നു. ഓണ്ലൈന് വാണിജ്യം വളരെ ലാഭകരമായി നടക്കുന്നു. ഒപ്പം ആളുകള് ഓഫീസുകളിലേയ്ക്കു തിരിച്ചെത്തുന്നു. രാജ്യത്തിന്റെ മനോഭാവം ഭയത്തില് നിന്നും നിരാശയില് നിന്നും വിശ്വാസത്തിലേയ്ക്കും പ്രതീക്ഷയിലേയ്ക്കും മാറുന്നു. 7. ജനങ്ങളുടെ പ്രതീക്ഷകളില് ഈ ശുഭാപ്തി വിശ്വാസത്തില് ചിലതെങ്കിലും പ്രതിഫലിക്കുന്നുണ്ട്. റിസര്വ് ബാങ്കിന്റെ 2020 സെപ്തംബറിലെ സര്വ്വെയില്, വിതരണ ശൃംഖലകള് മെച്ചപ്പെടുന്നു എന്ന വിശ്വാസത്തെ സൂചിപ്പിക്കും വിധം അടുത്ത മൂന്നു മാസം പണപ്പെരുപ്പം മിതമായ രീതിയില് കുറയുമെന്നുള്ള പ്രതീക്ഷയാണ് കുടുംബങ്ങള് പുലര്ത്തുന്നത്. ഞങ്ങളുടെ മുമ്പോട്ടുള്ള കണക്കുകൂട്ടലുകള് സൂചിപ്പിക്കുന്നത് 2020-21 നാലാം പാദത്തോടെ (Q4:2020-21) പണപ്പെരുപ്പത്തിന് ശമനമുണ്ടായി ലക്ഷ്യത്തിനടുത്ത് എത്തുമെന്നാണ്. സെപ്റ്റംബറില് നടത്തിയ മറ്റു സര്വ്വേകളും സൂചിപ്പിക്കുന്നത് ഒരു വര്ഷം മുമ്പോട്ടുള്ള ചക്രവാളത്തില് പൊതുവായ സാമ്പത്തികാവസ്ഥ, തൊഴില്, വരുമാനം എന്നിവയില് ഉള്ള ഉപഭോക്തൃ പ്രതീക്ഷ ശുഭാപ്തിവിശ്വാസത്തോടുകൂടിയതാണ് എന്നാണ്. ആകെയുള്ള വ്യാപാരസ്ഥിതിയുടെ ഇപ്പോഴത്തെ വിലയിരുത്തല് പ്രകാരം രണ്ടാംപാദത്തില് സങ്കോചം ആണെങ്കിലും അത് ഒന്നാംപാദത്തിലേതിനേക്കാള് മുന്നോട്ടു പോയിട്ടുണ്ട്. മൊത്തത്തില് ഉള്ള വ്യാപാര സാഹചര്യം, ഉല്പാദനം, ഓര്ഡര് ബുക്കുകള്, തൊഴില്, കയറ്റുമതി, ശേഷി പ്രയോജനപ്പെടുത്തല് എന്നിവ സംബന്ധിച്ച് മുന്നോട്ടുള്ള വ്യാപാര പ്രതീക്ഷകളിന്മേല് ശുഭാപ്തിവിശ്വാസമുണ്ട്. 8. മാനുഫാക്ചറിങ് പര്ചേസിങ് മാനേജര്മാരുടെ സൂചിക (പി.എം.ഐ) 2020 സെപ്തംബറില് പുതിയ ഓര്ഡറുകളുടേയും ഉല്പാദനത്തിന്റെയും വര്ദ്ധിത വേഗതയുടെ പിന്തുണയോടു കൂടി 2012 ജനുവരിക്കുശേഷമുള്ള അതിന്റെ ഏറ്റവും ഉയര്ന്ന അങ്കനമായ 56.8 എന്ന നിലയില് എത്തി. 2020 സെപ്തംബറിലെ 41.8 ല് നിന്നാണ് ഉയര്ന്നു വന്നത്. നാലാംപാദത്തിലെത്തുമ്പോള് ജി.ഡി.പി വളര്ച്ച അതിന്റെ സങ്കോചാവസ്ഥയില്നിന്ന് പുറത്തുകടക്കുകയും വര്ദ്ധനയുടെ ദിശ പ്രാപിക്കുകയും ചെയ്യുമെന്നു സൂചിപ്പിക്കുന്ന നമ്മുടെ വളർച്ചാ പ്രവചനങ്ങളിലും ഈ പ്രതീക്ഷകൾ പ്രതിഫലിക്കുന്നു 9. ഇപ്പോള് തിരിച്ചുവരവിനെപ്പറ്റിയുള്ള ഓജസ്സുറ്റ ഒരു ചര്ച്ച നടക്കുന്നുണ്ട്. അത് വി(V), യു(U), എല്(L) അല്ലെങ്കില് ഡബ്ല്യൂ(W) ആകുമോ? അടുത്ത കാലത്തായി കെ (K) ആകൃതിയിലുള്ള തിരിച്ചുവരവിനെപറ്റിയും സംസാരം ഉണ്ടായിട്ടുണ്ട്. എന്റെ കാഴ്ചപ്പാടില് ഓരോ മേഖലയും ആ മേഖലയുടെ പ്രത്യേകമായ യാഥാര്ത്ഥ്യങ്ങളെ ആശ്രയിച്ച് അതാതു മേഖലകള് കാണിയ്ക്കുന്ന വ്യത്യസ്ത പുരോഗതിക്കനുസൃതമായി പ്രധാനമായും മൂന്നു ഗതിവേഗത്തിലുള്ള തിരിച്ചുവരവ് ആണ് മിക്കവാറും ഉണ്ടാവുക. ഏറ്റവും നേരത്തെ തങ്ങളുടെ അക്കൗണ്ട് തുറക്കുന്ന മേഖലകള് എന്ന് പ്രതീക്ഷിക്കപ്പെടുന്നത് മഹാമാരിയെ അഭിമുഖീകരിക്കുമ്പോഴും പൂര്വ്വസ്ഥിതി വീണ്ടെടുത്തിട്ടുള്ളവയും തൊഴിലാളികള് കൂടുതല് വേണ്ടവയും ആയിരിക്കും. കൃഷിയും അനുബന്ധ പ്രവൃത്തികളും വേഗത്തില് വിറ്റുപോകുന്ന ഉപഭോക്തൃ വസ്തുക്കള്, ഇരുചക്ര വാഹനങ്ങള്, യാത്രാ വാഹനങ്ങള്, ട്രാക്ടറുകള്, ഔഷധങ്ങള്, ഔഷധ നിര്മ്മാണ സ്ഥാപനങ്ങള്, വൈദ്യുതി ഉല്പാദനം, പ്രത്യേകിച്ചും പുനരുപയോഗിക്കാവുന്നവ, തുടങ്ങിയവ ഈ വിഭാഗത്തിലെ മേഖലകളില് ചിലതാണ്. ഈ മേഖലകളിലെ നിരവധി എണ്ണങ്ങളില്, കാര്ഷിക വിപണനം, ശീതസംഭരണികളും ചരക്കുനീക്കവും സംസ്കരണവും, തൊഴില് നിയമങ്ങളിലെ മാറ്റങ്ങളും ഉള്പ്പെടുന്ന മൂല്യ ശൃംഖല ഒപ്പം വാക്സിനുകളുടെ ഉല്പാദനവും വിതരണവും നടത്തുന്നതിനുള്ള ശേഷി സൃഷ്ടിക്കല് എന്നിവ പുതിയ നിക്ഷേപങ്ങളുടെ കടന്നുവരവിന് ഇതിനകം തന്നെ വാതായനങ്ങള് തുറന്നു കൊടുത്തിട്ടുണ്ട്. 10. പ്രവർത്തനം ക്രമേണ സാധാരണ നിലയിലാക്കുന്ന മേഖലകളെ ഉൾക്കൊള്ളുന്നതാണ് തിരിച്ചുവരേണ്ട രണ്ടാമത്തെ വിഭാഗം. മൂന്നാം വിഭാഗം മേഖലകള് വലിയ പ്രയാസപ്പെട്ടു പ്രവര്ത്തനം നടത്തുന്നവയാണ്. എന്നാല് അവയും വന് പരാജയത്തില് നിന്നും ഒട്ടൊക്കെ കരകയറാന് കഴിയുന്നവയാണ്. ഈ മേഖലകള് സാമൂഹ്യ അകലപാലനം കൊണ്ട് വളരെ ഗുരുതരമായി ദുരിതത്തിലായവയും ഒപ്പം സമ്പര്ക്ക തീവ്രത ഉള്ളവയുമാണ്. 11. വിവിധ ഉന്നത ആവൃത്തിയുള്ള സൂചകങ്ങളില് സെപ്തംബറില് ഉണ്ടായ മിതമായ തിരിച്ചുവരവ് 2020-21 ന്റെ രണ്ടാം അര്ദ്ധ വര്ഷത്തില് കൂടുതല് ശക്തി ആര്ജ്ജിക്കുകയും സാമ്പത്തിക പ്രവര്ത്തനങ്ങളില് വര്ദ്ധമാനമായ ഇളവുകള് ഉണ്ടാവുകയും ചെയ്തു. കൃഷിയും അനുബന്ധ പ്രവര്ത്തനങ്ങളും ഗ്രാമീണ മേഖലയുടെ ആവശ്യങ്ങളെ ഉത്തേജിപ്പിക്കുകയാല് പുനരുദ്ധാരണത്തെ നല്ലവണ്ണം നയിക്കാന് അവയ്ക്കു കഴിയുന്നുണ്ട്. നിര്മാണ സ്ഥാപനങ്ങള് 2020-21 ന്റെ മൂന്നാം പാദത്തില് തിരിച്ചുവരവിനായി പൂര്ണ്ണ ശേഷി ഉപയോഗിക്കാമെന്ന് പ്രതീക്ഷിക്കുകയും മൂന്നാം പാദം മുതല് പ്രവര്ത്തനങ്ങള് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശക്തി ആര്ജ്ജിക്കാമെന്ന് കരുതുകയും ചെയ്യുന്നു. വിദേശ ആവശ്യം ഇപ്പോഴും ദുര്ബല അവസ്ഥയില് തുടരുന്നതിനാല് സ്വകാര്യ നിക്ഷേപവും കയറ്റുമതികളും മിക്കവാറും അകന്നു നില്ക്കുന്ന അവസ്ഥയിലാകും. അതുകൊണ്ട് 2020-21 വര്ഷം മുഴുവന് ജി.ഡി.പി (GDP) നഷ്ട സാദ്ധ്യതകള് താഴേയ്ക്ക് ചാഞ്ഞ്, 9.5 ശതമാനം വരെ താഴുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഇപ്പോഴത്തെ മുകളിലേക്കു കയറ്റത്തിന്റെ ഗതിവഗം വര്ദ്ധിച്ചു മുന്നേറുമെങ്കില് കൂടുതല് വേഗത്തിലും ശക്തിയിലും ഉള്ള ശ്രേഷ്ഠമായ ഒരു തിരിച്ചുവരവ് സാദ്ധ്യമാണ്. ധനവിപണിക്കുവേണ്ടിയുള്ള മാർഗ്ഗനിർദ്ദേശം 12. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒരു ഭാഗത്ത് റിസര്വ് ബാങ്കിന്റെ ഋണ മാനേജ്മെന്റും നാണ്യപരമായ പ്രവര്ത്തനങ്ങള്ക്കും അടിസ്ഥാനമായ യുക്തിയുക്തതയും മറുഭാഗത്ത് വിപണിയിലെ പ്രതീക്ഷകളും തമ്മില് ബന്ധം വിച്ഛേദിക്കപ്പെട്ട നിലയുണ്ടായിരുന്നു. ക്രമമായ വിപണി സാഹചര്യം സഷ്ടിച്ചെടുക്കുന്നതിനായി വിപണി പങ്കാളികളും റിസര്വ് ബാങ്കും പൊതുവായ പ്രതീക്ഷകള് പങ്കുവയ്ക്കേണ്ടതുണ്ട് എന്നതിനാല് ഈ പ്രശ്നങ്ങളെ പൂര്ണ്ണമായും അഭിസംബോധന ചെയ്യുന്നതിന് ഈ അവസരം ഉപയോഗിക്കുക തന്നെവേണമെന്ന് ഞാന് ചിന്തിച്ചു. 13. പൊതുകടം മാനേജ്മെന്റ്, ധനപരവിപണികളുടെ വികസനവും നിയന്ത്രണവും എന്നീ ഉത്തരവാദിത്തങ്ങളോടു കൂടിയ നാണ്യനയ അധികാരി എന്ന നിലയ്ക്ക് റിസര്വ് ബാങ്ക്, വിപണികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ക്രമവല്കൃത പ്രവര്ത്തനം, വായ്പാവിതരണ ചട്ടങ്ങളുടെ അയവുവരുത്തല്, സിസ്റ്റം തലത്തിലും അതുപോലെ ലക്ഷ്യം വയ്ക്കുന്നതുമായ മതിയായ രൊക്കം പണലഭ്യത പ്രദാനം ചെയ്യല് എന്നീ കാര്യങ്ങള്ക്ക് മുന്ഗണന നല്കിയിട്ടുണ്ട്. നാണ്യനയ ആവേഗങ്ങളുടെ തടസ്സമില്ലാത്തതും സുഗമമായതുമായ പ്രേഷണം ചെയ്യലിനും ഒപ്പം ആദായലേഖ (yield curve) യുടെ സ്വാഭാവിക പരിണാമത്തോടു കൂടിയ തടസ്സമില്ലാത്ത രീതിയില് വിപണിയില്നിന്നുള്ള കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ കടംകൊള്ളല് പരിപാടികളുടെ പൂര്ത്തീകരണത്തിനു വേണ്ട കാഴ്ചപ്പാടില് ഇത് പ്രധാനപ്പെട്ടതാണ്. 2020 ഫെബ്രുവരിക്കുശേഷം റിസര്വ് ബാങ്ക് ഈ ദിശയില് നടപടികളുടെ ഒരു പരമ്പരതന്നെ കൈക്കൊണ്ടിട്ടുണ്ട്. വിപണി പങ്കാളികള്ക്ക് രൊക്കം പണലഭ്യതയും ആശ്വാസകരമായ വായ്പാവ്യവസ്ഥകളും പ്രാപ്യമാകുമെന്ന് വാഗ്ദാനം കൊടുക്കുന്നതിന് ആവശ്യമായ കൂടുതല് നടപടികള് ഏറ്റെടുക്കുന്നതിന് റിസര്വ് ബാങ്ക് തയ്യാറായി നില്ക്കുന്നു. 14. 2020-21 വര്ഷത്തേയ്ക്ക് വിപണിയില് നിന്നുള്ളത് വിപുലമായ ഒരു കടംകൊള്ളല് പരിപാടി ആണെന്നിരിക്കിലും അതിന്റെ ആദ്യ അര്ദ്ധവര്ഷ കൊടുക്കലുകള് കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുടെ കാര്യത്തില് പോരായ്മകളില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റിന്റെ 2020-21 വര്ഷത്തെ ആദ്യ അര്ദ്ധവര്ഷ കടംകൊള്ളലുകളുടെ വെയിറ്റഡ് ആവറേജ് കോസ്റ്റ് ആയ 5.82 ശതമാനം കഴിഞ്ഞ 16 വര്ഷക്കാലത്തെ ഏറ്റവും കുറഞ്ഞതായിരുന്നു. കേന്ദ്ര സര്ക്കാരിന്റെ ബാക്കി നില്പുള്ള സ്റ്റോക്കിന്റെ വെയിറ്റഡ് ആവറേജ് മച്ച്യൂരിറ്റിയും ഇതുവരെയുള്ളതില് ഏറ്റവും ഉയര്ന്നതാണ്. റിസര്വ് ബാങ്ക് വാഗ്ദാനം നല്കിയിട്ടുള്ളത് കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുടെ 2020-21 കാലത്തെ ബാക്കിയുള്ള കടമെടുപ്പ് പരിപാടി വിലയിലും ധനപരമായ കാര്യത്തിലും ഒരു വിട്ടുവീഴ്ചയും കാണിക്കാതെ തടസ്സമില്ലാത്ത രീതിയില് പൂര്ത്തീകരിക്കും എന്നാണ്. ഈ ലക്ഷ്യം നേടാന്വേണ്ടി കേന്ദ്ര സര്ക്കാരിനു വേണ്ടിയുള്ള വേയ്സ് ആന്റ് മീന്സ് അഡ്വാൻസ് - (WMA) പരിധി പോയ വര്ഷം രണ്ടാം അര്ദ്ധവര്ഷത്തിലെ Rs.35000 കോടിയെ അപേക്ഷിച്ച് Rs.1.25 ലക്ഷം കോടിയായി ഉയര്ത്തിയിട്ടുണ്ട്. അതുപോലെ തന്നെ സംസ്ഥാനങ്ങളുടെ WMA പരിധി 2020-21 ന്റെ ആദ്യ അര്ദ്ധവര്ഷത്തേയ്ക്ക് 60 ശതമാനം വര്ദ്ധിപ്പിച്ചത് 2021 മാര്ച്ച് 31വരെ വീണ്ടും 6 മാസത്തേയ്ക്ക് കൂടി ദീര്ഘിപ്പിച്ചിട്ടുണ്ട്. 15. ഇന്ന് പ്രഖ്യാപിച്ച നാണ്യനയത്തിന് അനുസൃതമായി റിസര്വ് ബാങ്ക് ആശ്വാസകരമായ രൊക്കം പണലഭ്യതാ സാഹചര്യങ്ങള് നിലനിര്ത്തുമെന്നും വിപണി പ്രവർത്തനങ്ങളെ പൂർണ്ണമായും തുറന്ന പ്രവർത്തനങ്ങളുടെ രൂപത്തിൽ നടത്തുമെന്നും വിപണി പങ്കാളികൾക്ക് ഉറപ്പ് നൽകണം. വിപണി പങ്കാളികളില് നിന്നുള്ള വിലയിരുത്തലുകള്ക്കുള്ള പ്രതികരണം എന്ന നിലയ്ക്ക് ഈ ലേലങ്ങളുടെ വലുപ്പം 20000 കോടിയായി വര്ദ്ധിപ്പിക്കുന്നതായിരിക്കും. വിപണി പങ്കാളികള് ഈ ഉദ്യമത്തിന് അനുകൂലമായി സ്പഷ്ടമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 16. സര്ക്കാര് സെക്യൂരിറ്റികളുടെ (ജി-സെക്) വിപണി, അതിന്റെ പ്രാഥമികവും ദ്വിതീയവുമായ രണ്ട് അംശങ്ങളും, നല്കുന്ന ആദായങ്ങള് ആശ്വാസകരമായ രൊക്കം പണലഭ്യതയുമായി പൊരുത്തപ്പെടുത്തി പരിണമിപ്പിക്കേണ്ടതായ ആവശ്യമുണ്ട്. റിസര്വ് ബാങ്കിന്റെ നയനടപടികളും പ്രവര്ത്തനങ്ങളും സൃഷ്ടിക്കപ്പെട്ട എളുപ്പമുള്ള വായ്പാ സാഹചര്യങ്ങളില് നിന്നും പ്രയോജനം ലഭിക്കും വിധം ജി-സെക് ആദായലേഖയെ ഒരു ബഞ്ച്മാര്ക്കായി ആശ്രയിക്കുന്ന ഘടനാപരമായ വിപണിയുടെ ആ ആംശങ്ങള്ക്ക് ഇത് പ്രധാനപ്പെട്ടതാണ്. 17. സാമ്പത്തിക വിപണി സ്ഥിരതയിലും ആദായ ലേഖയുടെ ക്രമമായ പരിണാമത്തിലും വിപണി പങ്കാളികൾക്കും റിസർവ് ബാങ്കിനും പങ്കിട്ട ഉത്തരവാദിത്തമുണ്ട്. 2020-21 ലേയ്ക്ക് വിപുലീകരിച്ച കടമെടുക്കല് പരിപാടി അനിവാര്യമായിത്തീര്ന്നത് നികുതി വരുമാനത്തിലുള്ള നഷ്ടത്തിന്റെയും ധനസംബന്ധമായ ഉത്തേജനത്തിന്റെയും രൂപത്തില് മഹാമാരി അടിച്ചേല്പ്പിച്ച അടിയന്തിര ആവശ്യങ്ങള് നിമിത്തമാണ്. ഇത് വിപണിയില് വര്ദ്ധിച്ച പേപ്പര് വിതരണം എന്ന നിലയില് സമ്മര്ദ്ദം ചെലുത്തുമ്പോള് ക്രമമായ വിപണി സാഹചര്യങ്ങള് നിലനിര്ത്താനും, ധനകാര്യ വിപണികളില് രൊക്കം പണലഭ്യതയില്ലായ്മ ഒഴിവാക്കാനും, ഈ സമ്മര്ദ്ദങ്ങളെ ലഘൂകരിയ്ക്കാനും പലതരത്തിലുള്ള ഇന്സ്ട്രുമെന്റ്സ് ഉപയോഗിച്ച് ആവശ്യമായ വിധത്തില് പൊതുവിപണി ഇടപെടലുകള് നടത്തുന്നതിന് ആര്.ബി.ഐ തയ്യാറായി നില്ക്കുന്നുണ്ട്. വിപണി പങ്കാളികളില് തങ്ങളുടെ ഭാഗത്ത് ഒരു വിശാല സമയ കാഴ്ചപ്പാട് കൈക്കൊള്ളേണ്ടതിന്റെയും ഋണമാനേജ്മെന്റും നാണ്യനയവും നടപ്പാക്കുന്ന കാര്യത്തില് ആര്.ബി.ഐ യില്നിന്നും ലഭിക്കുന്ന അടയാളങ്ങളോട് സൂക്ഷ്മ സംവേദന ശക്തി പ്രകടിപ്പിക്കേണ്ടതിന്റെയും ആവശ്യമുണ്ട്. ഈ വര്ഷത്തില് രണ്ടാം അര്ദ്ധവര്ഷത്തേയ്ക്കുള്ള കടമെടുപ്പു പരിപാടിക്കുവേണ്ടി സഹകരണാത്മക പരിഹാരങ്ങളാണ് ഞങ്ങള് പ്രതീക്ഷിക്കുന്നത്. ഒരു മാർക്കറ്റ് ഉണ്ടാക്കാൻ കുറഞ്ഞത് രണ്ട് ആശയങ്ങളെങ്കിലും വേണമെന്നു പറയപ്പെടുന്നു, എന്നാൽ ഈ രണ്ട് ആശയങ്ങള്ക്കും മത്സരിക്കാം, പക്ഷേ ഏറ്റുമുട്ടാതെ. 18. ഈ സന്ദര്ഭത്തില് ഞാന് പണപ്പെരുപ്പ ചലനാത്മകതയെയും കാഴ്ചപ്പാടിനെയും കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തൽ വെളിവാക്കുന്നത് ഉചിതമായിരിക്കും. സി.പി.ഐ. പണപ്പെരുപ്പ പരമ്പരയില് ദോഷാരോപണങ്ങള് ഒരു വിരാമം കൊണ്ടുവന്ന 2020 ഏപ്രില്-മേയ് കാലത്തുനിന്നും സാരം ഗ്രഹിച്ചാല് ശീര്ഷകപണപ്പെരുപ്പം 2020 മാര്ച്ചിലെ നിലയില് നിന്നും മുകളിലേയ്ക്കു പോയിട്ടുള്ളതും സഹനീയ പരിധിക്കുമുകളില് നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വിലയിരുത്തല് അത് സെപ്തംബറില് ഉയര്ന്ന നിലയില് തുടരുമെന്നും എന്നാല് മൂന്നും നാലും പാദങ്ങളില് (Q3&Q4) ലക്ഷ്യത്തിലേക്ക് ക്രമേണ അയഞ്ഞു വരുമെന്നും ആണ്. ഞങ്ങളുടെ വിശകലനം സൂചിപ്പിയ്ക്കുന്നത് വിതരണ തടസ്സങ്ങളും ബന്ധപ്പെട്ട മാര്ജിനുകളും/വിലകൂട്ടലുകളും ആണ് പണപ്പെരുപ്പത്തെ മുകളിലേയ്ക്കു കൊണ്ടുപോകുന്ന പ്രധാന ഘടകങ്ങള് എന്നാണ്. വിതരണ ശൃംഖലകള് പുനസ്ഥാപിയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നതിനാല് വിള്ളലുകള് സൃഷ്ടിക്കുന്ന ഇവ ഇല്ലാതാവുകതന്നെ വേണം. ഇതിനിടയില് മൊത്തം ആവശ്യം അധീനതയിലായി തുടരുന്നു. അതുപോലെ കാര്യമായ വിഭവമാന്ദ്യത്തിനും തെളിവുകള് ഉണ്ട്. വലിയ അധികവിതരണ സാഹചര്യങ്ങള് ഭക്ഷ്യധാന്യങ്ങളുടെയും ഉദ്യാനകൃഷി വിഭവങ്ങളുടെയും ലഭ്യത വ്യക്തമാക്കുന്നു എന്നതിനൊപ്പം കൃഷിയെപറ്റിയുള്ള ഭാവി വീക്ഷണവും ശോഭനമെന്നു കാണിക്കുന്നു. ക്രൂഡിന്റെ വിലകള് ആപേക്ഷികമായി അടുത്തുള്ള വിലകളില് തുടരുന്നു. അതുകൊണ്ട്, ഇപ്പോഴത്തെ പണപ്പെരുപ്പമെന്ന പ്രശ്നത്തെ ക്ഷണികമെന്ന് കരുതാനും ഏറ്റവും അടിയന്തിര ആവശ്യമായ വളര്ച്ചയെ ഉത്തേജിപ്പിയ്ക്കുവാനും കോവിഡ്-19 മഹാമാരിയുടെ ആഘാതം ലഘൂകരിയ്ക്കുവാനുമാണ് എം.പി.സി തീരുമാനിച്ചിട്ടുള്ളത്. ഇത് എം.പി.സിയുടെ പ്രമേയത്തില് കൊടുത്തിട്ടുള്ള പ്രകാരം ഫോര്വേര്ഡ് ഗൈഡന്സോടു കൂടിയ സഹായ മനോഭാവത്തോടു കൂടി തുടര്ന്നുപോകുന്നതിന് ഇത് ഇടം നല്കിയിട്ടുണ്ട്. അധിക നടപടികള് 19. ഈ പശ്ചാത്തലത്തിലും ഒപ്പം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് പ്രചോദനം നല്കുന്നതിനുമായി ഇന്ന് ചില അധിക നടപടികള് പ്രഖ്യാപിക്കുന്നുണ്ട്. ഈ നടപടികള് കൊണ്ട് ഉദ്ദേശിക്കുന്നത് (i) ധനകാര്യ കമ്പോളങ്ങള്ക്കു വേണ്ടി രൊക്കം പണം ലഭ്യതയുടെ പിന്തുണ വര്ദ്ധിപ്പിക്കുക (ii) വായ്പാ അച്ചടക്കതിന്റെ മാനദണ്ഡങ്ങളുടെ അര്ത്ഥ പരിധിക്കകത്തുള്ള നിര്ദ്ദിഷ്ഠ മേഖലകളിലേയ്ക്കുള്ള വായ്പാ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനായി നിയന്ത്രണ വ്യവസ്ഥിതിയുടെ പിന്തുണ (iii) കയറ്റുമതിക്ക് ഉത്തേജനം നല്കുക, ഒപ്പം (iv) സാമ്പത്തിക ഉള്ക്കൊള്ളല് ആഴത്തിലുള്ളതാക്കുകയും പണം ഒടുക്ക് സംവിധാന സേവനങ്ങളുടെ ഗ്രേഡ് ഉയര്ത്തി സ്വസ്ഥമായി വ്യാപാരം ചെയ്യുന്നതിന് സൗകര്യം ഉണ്ടാക്കുക (i) രൊക്കം പണം ലഭ്യതാ നടപടികള് (എ) ആവശ്യമുള്ളപ്പോള് ഉടനടി ലഭ്യമാകുന്ന (On Tap) റ്റി.എല്.റ്റി.ആര്.ഒ (TLTRO) 20. റിസര്വ് ബാങ്കിന്റെ രൊക്കം പണലഭ്യതാ നടപടികളുടെ ശ്രദ്ധാകേന്ദ്രം ഇപ്പോള് വളര്ച്ചയില് സംവര്ദ്ധക ഫലവും ബാക് വേര്ഡ് ആന്റ് ഫോര്വേര്ഡ് എന്നീ രണ്ട് ലിങ്കേജുകളും ഉള്ള പ്രത്യേക മേഖലകളില് പ്രവൃത്തികളുടെ ഉത്തേജനവും ഉള്പ്പെടും. അതനുസരിച്ച് പോളിസി റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയുള്ള ഒരു അസ്ഥിര നിരക്കില് ആകെ 100000 കോടി വരെയുള്ള തുകയ്ക്ക് മൂന്നു വര്ഷംവരെയുള്ള കാലാവധിയോടു കൂടിയ ആവശ്യം ഉള്ളപ്പോള് ഉടന് ലഭ്യമാകുന്ന (On Tap) റ്റി.എല്.റ്റി.ആർ.ഒ നടത്തുവാനാണ് ഇപ്പോള് തീരുമാനിച്ചിട്ടുള്ളത്. ഈ പദ്ധതിയെക്കുറിച്ചുള്ള ഒരു അവലോകനം നടത്തിയ ശേഷം കാലാവധിയും തുകയും വര്ദ്ധിപ്പിക്കാം എന്ന അയവോടു കൂടി 2021 മാര്ച്ച് 31 വരെ ഇത് ലഭ്യമായിരിക്കും. ഈ പദ്ധതിയ്ക്കു കീഴില് രൊക്കം പണ ലഭ്യത പ്രയോജനപ്പെടുത്തിയിട്ടുള്ള ബാങ്കുകള് അത് പ്രത്യേക മേഖലകളിലെ സ്ഥാപനങ്ങളുടെ കോര്പ്പറേറ്റ് ബോണ്ടുകളിലും, വാണിജ്യ പേപ്പറുകളിലും രൂപാന്തരപ്പെടുത്താന് പറ്റാത്ത ഡിബഞ്ചറുകളിലും വിന്യസിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യേണ്ടത് ഇത്തരം ഇന്സ്ട്രുമെന്റുകളില് 2020 സെപ്തംബര് 30 ന് അവര്ക്ക് ബാക്കി നില്പുള്ള നിക്ഷേപങ്ങള്ക്ക് പുറമേ ആയിരിക്കണം. ഈ പദ്ധതിക്കുകീഴില് പ്രയോജനപ്പെടുത്തിയിട്ടുള്ള രൊക്കം പണലഭ്യത ഈ മേഖലകളിലേക്ക് ബാങ്ക് വായ്പകള് ലഭ്യമാക്കാനും വിനിയോഗിക്കാവുന്നതാണ്. ഇതുകൂടാതെ ലക്ഷ്യം വച്ചിട്ടുള്ള ദീര്ഘകാല റിപ്പോ ഇടപെടലുകള്ക്ക് (റ്റി.എല്.റ്റി.ആര്.ഒയും റ്റി.എല്.റ്റി.ആര്.ഒ 2020) കീഴില് മുന്പ് ഫണ്ടുകള് പ്രയോജനപ്പെടുത്തിയിട്ടുള്ള ബാങ്കുകള്ക്ക് ഈ ഇടപാടുകളുടെ കാലാവധി എത്തുന്നതിന് മുമ്പ് അവ വിപരീത ദിശയില് ആക്കുന്നതിനുള്ള അവസരവും നല്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 2020-21 രണ്ടാം അര്ദ്ധ വര്ഷത്തിലെ കടമെടുപ്പ് ആവശ്യങ്ങളുടെ വെളിച്ചത്തിലും തിരിച്ചടവ് ശക്തിപ്പെടുന്നതുകൊണ്ട് മിക്കവാറും ആവശ്യം വര്ദ്ധിക്കുമെന്നുള്ളതിനാലും ഓണ്ടാപ്പ് റ്റി.എല്.റ്റി.ആര്.ഒ. കള് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് തങ്ങളുടെ പ്രവര്ത്തനങ്ങള് തടസ്സമില്ലാതെയും വികലമാകാതെയും രൊക്കം പണലഭ്യത ഇല്ലായ്മയുടെ ഉരസല് കൂടാതെയും നടത്തുവാന് ബാങ്കുകളെ കഴിവുറ്റവരാക്കുക എന്നുള്ളതാണ്. സംവിധാനത്തിലെ രൊക്കം പണ ലഭ്യത ആശ്വാസകരമായി നിലനില്ക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. (ബി) കാലാവധി എത്തുംവരെ കൈവശം വയ്ക്കുന്ന വിഭാഗത്തിലെ എസ്.എല്.ആർ (SLR) നിക്ഷേപങ്ങള് 21. എസ്.എല്.ആർ (SLR) നിക്ഷേപങ്ങളായി 2020 സെപ്റ്റംബർ ഒന്നിനോ ശേഷമോ 2021 മാര്ച്ച് 31 വരെ വാങ്ങിയവയില് വാങ്ങുന്നവയില് കാലാവധിവരെ കൈവശം വയ്ക്കുന്ന (HTM) വിഭാഗത്തിന്റെ പരിധി എല്.റ്റി.എല് ന്റെ 19.5 ശതമാനത്തില് നിന്നും 22 ശതമാനമായി 2020 സെപ്തംബർ 1 ന് റിസർവ് ബാങ്ക് ഉയർത്തി. ബാങ്കുകള്ക്ക് അവരുടെ നിക്ഷേപങ്ങളെ സംബന്ധിച്ച് സംശയമില്ലായ്മ വരുത്തുന്നതിനും ഹിതകരമായ വായ്പാ ചെലവുകള് ഉറപ്പാക്കുന്നതിനൊപ്പം ക്രമമായ കമ്പോളാവസ്ഥ വളർത്തുന്നതിനുംവേണ്ടി എച്ച്.റ്റി,എം (HTM) ആനുകൂല്യത്തിന്റെ വർദ്ധിപ്പിച്ച പരിധി ആയ 22 ശതമാനം 2020 സെപ്തംബർ 1 മുതല് 2021 മാർച്ച് 31 വരെ വാങ്ങുന്ന സെക്യൂരിറ്റികള്ക്ക് 2022 മാർച്ച് 31 വരെ ദീര്ഘിപ്പിക്കാന് തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകള്ക്ക് അവരുടെ എസ്.എല്.ആർ (SLR) സെക്യൂരിറ്റികളിലെ നിക്ഷേപം ഏറ്റവും അനുകൂലമായ വിധം ആസൂത്രണം ചെയ്യാന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (സി) സംസ്ഥാന വികസന വായ്പകളിലെ (എസ്.ഡി.എല്) തുറന്ന കമ്പോള ഇടപെടലുകള് (ഒ.എം.ഒ കള്) 22. എസ്.ഡി.എല് കള്ക്ക് രൊക്കം പണ ലഭ്യത പ്രദാനം ചെയ്യുന്നതിനും തന്മൂലം കാര്യക്ഷമമായ വിലനിര്ണ്ണയം നടത്തുന്നതിനും ഈ സാമ്പത്തിക വർഷം ഒരു വിശേഷാല് കേസായി എസ്.ഡി.എല് കളില് തുറന്ന കമ്പോള ഇടപെടലുകള് (ഒ.എം.ഒ കള്) നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇത് ദ്വിതീയ കമ്പോള പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും സമാന കാലാവധിയുള്ള കേന്ദ്ര ഗവണ്മെന്റ് സെക്യൂരിറ്റികള്ക്കുമേല് സ്പ്രെഡ് യുക്തിസഹമാക്കുകയും ചെയ്യും. ഈ നടപടിയും ഒപ്പം 2022 മാർച്ചുവരെയുള്ള എച്ച്.ടി.എം ന്റെ ദീർഘിപ്പിക്കലും നടപ്പുവർഷത്തിൽ മൊത്തം സർക്കാർ വായ്പയെടുക്കുന്നതിനുള്ള ദ്രവ്യതയെയും ആഗിരണം ചെയ്യാനുള്ള ശേഷിയെയും കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കപ്പെടുകതന്നെ ചെയ്യും. (II) കയറ്റുമതി പിന്തുണ: സംവിധാന-അടിസ്ഥാനത്തില് സ്വമേധയാ കയറ്റുമതിക്കാരുടെ ജാഗ്രതാ പട്ടികയിലേക്കുള്ള ഉള്പ്പെടുത്തലിന്റെ അവലോകനം. 23. മഹാമാരിയുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നുള്ള ആവശ്യക്കുറവ് കൊണ്ട് കയറ്റുമതി പ്രവർത്തനങ്ങള് പ്രതികൂല സമ്മര്ദ്ദത്തില്പ്പെട്ടിട്ടുണ്ട്. ഈ പരിതസ്ഥിതിയില് കയറ്റുമതിക്കാര്ക്ക് അവരുടെ കയറ്റുമതിയുടെ വില ഈടാക്കുന്നനതില് ഇളവു നല്കേണ്ടതും രാജ്യാന്തര വാങ്ങലുകാരുമായി മെച്ചപ്പെട്ട നിബന്ധനകള്ക്കായി വിലപേശാന് അവരെ അധികാരപ്പെടുത്തേണ്ടതും ഒഴിച്ചുകൂടാനാകാത്തതാണ്. ഇക്കാര്യം സുകരമാക്കുന്നതിനും ജാഗ്രതാപട്ടികയില് പേരുചേര്ക്കുന്ന പ്രക്രിയ കയറ്റുമതിക്കാരെ സംബന്ധിച്ച് സൗഹൃദപൂര്വ്വവും നീതിപൂര്വ്വവും ആക്കുന്നതിനുമായി സംവിധാന-അടിസ്ഥാനത്തില് സ്വമേധയാ ഉള്ള ജാഗ്രതാ-പട്ടിക തയ്യാറാക്കല് അവസാനിപ്പിക്കാന് തീരുമാനിച്ചിട്ടുണ്ട്. ഇനിമുതല് റിസര്വ് ബാങ്ക്, അംഗീകൃത ഡീലര് ബാങ്കുകളുടെ, ഓരോ കേസിനെ പറ്റിയുള്ള പ്രത്യേക ശുപാര്ശയുടെ അടിസ്ഥാനത്തില് ജാഗ്രതാ-പട്ടിക തയ്യാറാക്കല് ഏറ്റെടുക്കുന്നതായിരിക്കും. (iii) നിയന്ത്രിത നടപടികള് 24. ഇപ്പോഴുള്ള സന്ദിഗ്ദ്ധ ഘട്ടത്തില് ധനകാര്യ മേഖലയ്ക്ക് ഒരു നവ സാമ്പത്തിക പുനരുദ്ധാരണത്തെ നയിക്കുന്നതില് നിര്ണ്ണായകമായ പങ്കുണ്ട്. ഈ സന്ദര്ഭത്തില് ആര്.ബി.ഐ, സമ്പദ്ഘടനയുടെ ഉല്പാദന മേഖലകളിലേക്ക് വര്ദ്ധിച്ച വായ്പാ ഒഴുക്ക് ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമാക്കി ചില നടപടികള് പ്രഖ്യാപിക്കുന്നു. (a) ബാങ്കുകളുടെ ചില്ലറ പോര്ട്ട്ഫോളിയോയ്ക്കു വേണ്ടിയുള്ള പുതുക്കിയ നിയന്ത്രണ പരിധികള്. 25. നിലവിലുള്ള ചട്ടക്കൂടിനുകീഴില് മറുകക്ഷിക്ക് ഏറ്റവും കൂടിയ ആകെയുള്ള ചില്ലറ കടം കൊടുക്കല് പരിധി നിരുപാധിക തുടക്കപരിധിയായ 5 കോടിയാണ്. പ്രധാനമായും വ്യക്തികളും ചെറുകച്ചവട സംരംഭങ്ങളും (i.e, വിറ്റുവരവ് 50 കോടിവരെയുള്ള) ഉള്പ്പെടുന്ന ഈ വിഭാഗത്തിലേക്ക് കൂടുതല് വായ്പാ ഒഴുക്ക് സുകരമാക്കുന്നതിനായും ബേസല് മാര്ഗ്ഗ നിര്ദ്ദേശങ്ങള്ക്ക് അനുയോജ്യമായും എല്ലാ പുതിയതും വര്ദ്ധനയ്ക്ക് യോഗ്യതയുള്ളതുമായ കടം നല്കലിന് തുടക്ക പരിധി 7.5 കോടിയായി വര്ദ്ധിപ്പിക്കാന് തീരുമാനിച്ചിട്ടുണ്ട്. ഈ നടപടി ചെറുകിട കച്ചവടക്കാരിലേക്കുള്ള വായ്പാ ഒഴുക്ക് വര്ദ്ധിപ്പിക്കുമെന്നു പ്രതീക്ഷിയ്ക്കപ്പെടുന്നു. (b) വ്യക്തിഗത ഭവന വായ്പകളിലെ റിസ്ക് വെയ്റ്റ് യുക്തിയുക്തമാക്കല് 26. നിലവിലുള്ള നിയന്ത്രണങ്ങള്ക്കു കീഴില് വ്യക്തിഗതഭവന വായ്പകള്ക്ക് വ്യതിരിക്തമായ റിസ്ക് വെയിറ്റുകളാണ് ബാധകമാകുന്നത്. ഇത് വായ്പയുടെ വലുപ്പത്തെയും വായ്പയും ആസ്തി മൂല്യവും തമ്മിലുള്ള അംശബന്ധത്തെയും (Loan-to—value-ratio-LTV) അടിസ്ഥാനമാക്കിയുള്ളതാണ്. തൊഴിലും സാമ്പത്തിക പ്രവർത്തികളും സൃഷ്ടിക്കുന്നതില് സ്ഥാവര വസ്തു മേഖലയ്ക്കുള്ള പങ്ക് അംഗീകരിച്ചു കൊണ്ട് 2022 മാര്ച്ച് 31 വരെ അനുവദിക്കുന്ന പുതിയ ഭവനവായ്പകള്ക്കു മാത്രം റിസ്ക് വെയിറ്റുകളെ യുക്തിസഹമാക്കാനും എല്.റ്റി.വി (LTV) അംശബന്ധങ്ങളുമായി യോജിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ നടപടികള് സ്ഥാവര വസ്തുമേഖലയ്ക്ക് ഒരു ഉദ്ദീപനം നലകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. (iv) സാമ്പത്തിക ഉള്ക്കൊള്ളല് കോ-ഒറിജിനേഷൻ മോഡലിന്റെ അവലോകനം 27. റിസര്വ് ബാങ്ക് 2018 ല് ചില വ്യവസ്ഥകള്ക്കു വിധേയമായി മുന്ഗണനാ മേഖലയ്ക്ക് വായ്പ നല്കുന്നതിനായി ബാങ്കുകളും ഒരു വിഭാഗം ബാങ്കിംഗ് ഇതര കമ്പനികളും കൂടിയുള്ള വായ്പകളുടെ കോ-ഒറിജിനേഷനുവേണ്ടി ഒരു ചട്ടക്കൂട് അവതരിപ്പിച്ചു. പദ്ധതിപങ്കാളികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്, അര്ഹമായ എല്ലാ മുന്ഗണനാ മേഖല വായ്പകളുടെ കാര്യത്തിലും എച്ച്.എഫ്.സി (HFC) കള് ഉള്പ്പെടെയുള്ള എല്ലാ ബാങ്കിംഗ് ഇതര കമ്പനികള്ക്കും ഈ പദ്ധതി ബാധകമാക്കാനും, കടം കൊടുക്കുന്ന സ്ഥാപനങ്ങള്ക്ക് കൂടുതല് പ്രവര്ത്തന സ്വാതന്ത്ര്യം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ കൂട്ടു-വായ്പാ മാതൃക (Co-lending Model) കൊണ്ട് ബാങ്കുകളും ഇതര കമ്പനികളും കൂട്ടുചേര്ന്നുള്ള പ്രവര്ത്തനത്തിന്റെ താരതമ്യേനയുള്ള ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താന് കഴിയുമെന്നും സമ്പദ് വ്യവസ്ഥയുടെ സേവനമെത്താത്തതും അല്പസേവനമെത്തിയതുമായ മേഖലകളിലേയ്ക്കുള്ള വായ്പാ പ്രവാഹം മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. (v) പണം കൊടുക്കലും ഇടപാടുതീര്ക്കലും സംവിധാനങ്ങള് (a) തത്സമയ മൊത്ത സെറ്റില്മെന്റിന്റെ (RTGS) രാപകല് ലഭ്യത 28. റിസര്വ് ബാങ്ക് 2019 ഡിസംബറില് ദേശീയ ഇലക്ട്രോണിക് പണം കൈമാറ്റ (എന്.ഇ.എഫ്.റ്റി) സംവിധാനം 24x7x365 അടിസ്ഥാനത്തിൽ ലഭ്യമാക്കുകയും അത് അന്നുമുതൽ നിർവിഘ്നം പ്രവർത്തിച്ചുവരുകയും ചെയ്യുന്നു. അഭ്യന്തര വ്യാപാരങ്ങള്ക്കും സ്ഥപനങ്ങൾക്കും ഉടനടി തടസ്സങ്ങളില്ലാതെ പണം കൊടുക്കൽ തത്സമയം അനായാസമായി നടത്തുന്നതിന് ഡിസംബർ 2020 മുതൽ എല്ലാ ദിവസവും രാപകൽ ആർ.റ്റി.ജി.എസ് സംവിധാനം ലഭ്യമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആഗോളാടിസ്ഥാനത്തിൽ 24x7x365 വൻമൂല്യ തത്സമയ പണം കൊടുക്കൽ സംവിധാനമുള്ള വളരെ കുറച്ച് രാജ്യങ്ങളിൽ ഒന്നായിത്തീരും ഇന്ത്യയും. ഇത് വൻ മൂല്യ പണം കൈമാറ്റ ആവാസ വ്യവസ്ഥയിൽ പുതുമവരുത്തൽ സുകരമാക്കുകയും വ്യാപാര നടത്തിപ്പിൽ സ്വസ്ഥത മെച്ചപ്പെടുത്തുകയും ചെയ്യും. (b) പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർ (പി.എസ്.ഒ കള്)ക്ക് നല്കിയിട്ടുള്ള അധികാരപ്പെടുത്തല് സര്ട്ടിഫിക്കറ്റ് നിരന്തര സാധുത. 29. പണം ഒടുക്കലും ഇടപാട് തീർക്കലും സംവിധാന നിയമം, 2007 ന്റെ കീഴില് പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർ (പി.എസ്.ഒ കള്)ക്ക് അഞ്ചുവർഷം വരെയുള്ള ക്ലിപ്ത കാലത്തേയ്ക്ക് റിസർവ് ബാങ്ക് ഇപ്പോള് ഓണ് ടാപ്പ് അധികാരപ്പെടുത്തല് സൗകര്യം നല്കിയിട്ടുണ്ട്. പി.എസ്.ഒ മാർക്ക് ലൈസന്സിന്റെയും വ്യാപാരത്തിന്റെയും കാര്യത്തിലുള്ള അനിശ്ചിതത്വം മുൻകൂട്ടിക്കണ്ടു പരിഹരിക്കുന്നതിന് എല്ലാ പി.എസ്.ഒ മാർക്കും (പുതിയ അപേക്ഷകരും ഒപ്പം നിലവിൽ ഉള്ള പി.എസ്.ഒ മാരും) ചില വ്യവസ്ഥകൾക്കു വിധേയമായി ശാശ്വത അടിസ്ഥാനത്തിൽ അധികാരപ്പെടുത്തൽ അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇത് അനുവർത്തന ചെലവ് കുറയ്ക്കുകയും, നിക്ഷേപ പ്രവൃത്തികൾക്കും, തൊഴിൽവർദ്ധനയ്ക്കും, മൂല്യ ശ്രേണികളിൽ പുതു നൈപുണ്യങ്ങളും സാങ്കേതിക വിദ്യകളും നിറയ്ക്കുന്നതിനും ഉതകുന്ന ഒരു കാലാവസ്ഥ സംജാതമാക്കുകയും ചെയ്യുന്നതായിരിക്കും. ഉപസംഹാരം 30. കോവിഡ്-19 നമ്മുടെ വിഭവങ്ങളെയും സഹനത്തെയും പരീക്ഷിക്കുകയും കഠിനമായി ആയാസപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നമ്മുടെ കഠിന പ്രയത്നം ഇനിയും കഴിഞ്ഞിട്ടില്ല എന്നുതന്നെയല്ല രോഗപ്പകർച്ചയിൽ ഒരു പുതിയ വർദ്ധന വളരെ ഗൗരവതരമായ ഒരു അപകടമായി ശേഷിക്കുകയും ചെയ്യുന്നു. എങ്ങനെ ആയാലും ആത്മവിശ്വാസത്തോടും പ്രതീക്ഷാനിർഭര ധൈര്യത്തോടും കൂടി നമ്മൾ സഞ്ചരിച്ചിട്ടില്ലാത്ത പാതയിൽകൂടി ഏറെ ദൂരം വന്നു കഴിഞ്ഞിരിക്കുന്നു. നമ്മൾ മുന്നോട്ടു പോകുമ്പോൾ സഹനശക്തിയുടെയും ആന്തരികബലത്തിന്റെയും ആഴങ്ങളിലെത്തുകയും അത് വഴി കോവിഡ്-19 അഴിച്ചു വിടുന്ന ഏതു പ്രയാസമേറിയ വെല്ലുവിളികളെയും അതിജീവിക്കുകയും ചെയ്യും. വിജയിക്കുന്നതുവരെ ഉറച്ചുനിൽക്കുമെന്ന് നമുക്ക് ദൃഢനിശ്ചയമുണ്ടെങ്കിൽ മഹാമാരിയെ കീഴടക്കുന്നതിന് ആവശ്യമായ കരുത്ത് നാം സമാഹരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഞാൻ ഉദ്ധരിക്കുന്നു. "1എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് വിശ്വാസമുണ്ടെങ്കിൽ അത് ചെയ്യുന്നതിനുള്ള ക്ഷമത തീർച്ചയായും ഞാൻ ആർജ്ജിക്കുക തന്നെ ചെയ്യും". എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ നമ്മൾ കഠിന യത്നം ചെയ്യും, ഉയർത്തെഴുന്നേൽക്കും.... നിങ്ങൾക്ക് നന്ദി. സുരക്ഷിതരായിരിക്കൂ, സുഖമായിരിക്കൂ ... നമസ്കാരം 1 മഹാത്മാ ഗാന്ധിയുടെ കൃതികളുടെ സമാഹാരം (ഇലക്ട്രോണിക് ബുക്ക്), ന്യൂ ഡൽഹി, പ്രസിദ്ധീകരണ വിഭാഗം, ഭാരത സർക്കാർ, 1999, വാല്യം 19 |