<font face="mangal" size="3">ഇൻഡ്യൻ ബാങ്കിംഗ് നിർണ്ണായക വഴിത്തിരിവിൽ- ചി - ആർബിഐ - Reserve Bank of India
ഇൻഡ്യൻ ബാങ്കിംഗ് നിർണ്ണായക വഴിത്തിരിവിൽ- ചില ചിന്തകള്‍ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശ്രീ. ശക്തികാന്തദാസ്, അഹമ്മദാബാദ് സർവ്വകലാശാലയിലെ അമൃദ്മോഡി മാനേജ്മെന്‍റു സ്കൂളിൽ, 2019 നവംബർ 16-ന് ചെയ്ത ഉദ്ഘാടന പ്രസംഗം
അഹമ്മദാബാദ് സർവ്വകലാശാലയുടെ കീഴിലുള്ള അമൃത് മോഡി മാനേജ്മെന്‍റ് സ്കൂള്‍ സംഘടിപ്പിക്കുന്ന പ്രഥമ വാർഷിക എക്കണോമിക്സ് സമ്മേളനത്തിൽ നിങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. “ബാങ്ക് ദേശസാൽക്കരണത്തിന്‍റെ 50 വർഷങ്ങള്‍ - ഇൻഡ്യൻ ബാങ്കിംഗ് നിർണ്ണായക വഴിത്തിരിവിൽ” എന്ന ഈ സമ്മേളനത്തിന്‍റെ വിഷയം പൊതുമേഖലാ ബാങ്കുകളുടെ (പി.എസ്.ബി. കള്‍) പരിണാമം, കഴിഞ്ഞ 50 വർഷങ്ങളിലെ അവയുടെ പ്രയാണം ഭാവിയിലേ ക്കുള്ള അവയുടെ കാഴ്ചപ്പാട് എന്നിവയുടെ ചർച്ചയ്ക്ക്, ഉത്തമമായ പശ്ചാത്തലം ഒരുക്കുന്നു. നമ്മുടെ രാജ്യത്തിന്‍റെ ഉന്നതിക്കുവേണ്ടി, ബാങ്കിംഗ് വ്യവസ്ഥ ഒരു നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. വിശിഷ്യ, മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക വളർച്ച കൈവരിച്ച ഈ അടുത്ത ദശകങ്ങളിൽ. എന്നിരുന്നാലും ബാങ്കിംഗ് വ്യവസ്ഥ, വിശേഷിച്ചും, പൊതുമേഖല ബാങ്കുകള്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം, ഉയർന്ന നിഷ്ക്രിയാസ്തികള്‍, ലോകവ്യാ പകവും തദ്ദേശീയവുമായ സാമ്പത്തിക മാന്ദ്യങ്ങള്‍, ടെക്നോളജി സ്വീകരിക്കൽ, പുതുതലമുറയിലെ ധനകാര്യ കമ്പനികളുയർത്തുന്ന മത്സരം എന്നീ വിവിധങ്ങളായ വെല്ലുവിളികളെ നേരിട്ടുകൊണ്ടുതന്നെ, ഒരു വലിയ പ്രക്ഷുബ്ധാവസ്ഥ അനുഭവിക്കുന്നുണ്ട്. ഇന്നത്തെ എന്‍റെ പ്രസംഗത്തിൽ വിശാല ബാങ്കിംഗ് മേഖല നേരിടുന്ന ഭാവിയിലെ വെല്ലുവിളികളെയും അവയുടെ അതിജീവനത്തേയും സബന്ധിച്ചു ചർച്ച ചെയ്യുവാൻ ശ്രമിക്കു കയാണ്. സാമ്പത്തിക മേഖലയിലെ സുപ്രധാന ഘടകങ്ങളായ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടേയും, അർബൻ സഹകരണ ബാങ്കുകളുടേയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമീപനത്തെ സംബന്ധിച്ചും പരാമർശിക്കുന്നതായിരിക്കും. 2. ഭാവിയെ വീക്ഷിക്കുന്നതിന്, പലപ്പോഴും, ഭൂതകാലത്തേക്കുള്ള ഒരു തിരിഞ്ഞുനോട്ടം, വളരെ സഹായകരമായ ചില ഉള്‍ക്കാഴ്ചകള്‍ നൽകും. ആ പരിമിതമായ ഉദ്ദേശം മുൻനിറുത്തി നമ്മുടെ ചർച്ചയെ പ്രസക്തമാക്കുംവിധം ഭൂതകാലത്തേക്ക് യാത്ര ചെയ്യാം. 1967-ൽ കാർഷിക വായ്പകള്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം വായ്പകളുടെ 2.2% മാത്രമായിരുന്നു. അതേസമയം വ്യവസായങ്ങള്‍ക്ക് ഇത് 64.3% ആയിരുന്നു. 1969-ൽ ബാങ്ക് നിക്ഷേപങ്ങളുടെ 44 ശതമാനവും, വായ്പകളുടെ 60 ശതമാനവും അഹമ്മദ്ബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ, രാജ്യത്തിലെ അഞ്ചു നഗരങ്ങള്‍ പങ്കിട്ടെടുത്തിരുന്നു. ഇത്, സ്വകാര്യമേഖല ബാങ്കുകള്‍ സമൂഹത്തോടുള്ള വർദ്ധിതമായ ഉത്തരവാദിത്വങ്ങളെകുറിച്ച്, വേണ്ടുംവിധം ബോധവത്തായിരുന്നില്ലെന്നുള്ള വ്യാപകമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടിലേക്കു നയിച്ചു. ഇതിന് പരിഹാരമെന്ന നിലയിൽ ആ സമയത്ത് നയരൂപീകരണ വൃത്തങ്ങള്‍, ബാങ്കിംഗ് വ്യവസ്ഥയ്ക്കുമേൽ വിവിധ പരിമാണങ്ങളിലുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താമെന്നുകരുതി. ഒടുവിൽ, 1969-ൽ 14 സ്വകാര്യ ബാങ്കുകളു ടെയും തുടർന്ന് 1980-ൽ 6 സ്വകാര്യ ബാങ്കുകളുടേയും ദേശസാൽക്കര ണത്തിൽ കലാശിച്ചു. ബാങ്കുകളെ ദേശസാൽക്കരിക്കുക എന്ന തീരുമാന ത്തിന്‍റെ അനന്തരഫലത്തെ സംബന്ധിച്ച് ആർ.ബി.ഐ. ചരിത്രം, വോള്യം-III-ൽ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. ദേശസാൽക്കരണ സമയത്ത് രാജ്യത്തെ 2700 പട്ടണങ്ങളിൽ 617 ൽ വാണിജ്യ ബാങ്കുകളുണ്ടായിരുന്നില്ല. അതിലും മോശമായിരുന്ന സ്ഥിതി, 67,000 ഗ്രാമങ്ങളിൽ തുലോം 5000 ഗ്രാമങ്ങളിൽ മാത്രമേ ബാങ്കുകളുണ്ടായിരുന്നുള്ളൂഎന്നതാണ്. ഇവയുടെ വ്യാപനം അസമീകൃത നിലയിലായിരുന്നുതാനും. സമീപകാല വെല്ലുവിളികളും ബാഹ്യനിർമ്മിത ഘടകങ്ങളും 3. ചരിത്രപരമായ ഈ വഴിമാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ ബാങ്കുകള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളിലേക്കുവരട്ടെ. ഇവയിൽ പലതും കാലങ്ങളായി, ബാഹ്യനിർമ്മിത ഘടകങ്ങൾ എങ്ങിനെയാണ് ഈ പരിണിതഫലങ്ങളിലെ ത്തിച്ചത് എന്ന് സൂചിപ്പിക്കുന്നതാണ്. ബന്ധപ്പെട്ട ഓരോരുത്തരും ഒരു കാര്യമോർക്കണം. ബാങ്കുകള്‍ ഉത്തമവിശ്വാസത്തോടെ റിസ്ക്കുള്ള ബിസിനസ്സ് ഏറ്റെടുത്തു നടത്തുന്നവരാണ്. ഒരു ബാങ്ക് തിരഞ്ഞെടുക്കുന്ന ഒട്ടനവധി ബിസിനസ്സ് ബന്ധങ്ങളിൽ ചിലത് മോശമായിപ്പോയെന്നുവരാം. ഗവൺമെന്‍റിന്‍റെ വികസന അജൻഡ നടപ്പാക്കുന്ന, ഉപാധികളായി പി.എസ്.ബി.കള്‍ക്ക് വർത്തിക്കേണ്ടി വരുന്നതിനാൽ, അവയ്ക്ക് വിവിധങ്ങളായ ലക്ഷ്യങ്ങള്‍ വർദ്ധിപ്പിക്കുകയും, നേടുകയും ചെയ്യേണ്ടതാ യുണ്ട്. 2008-ലെ ജി.എഫ്.സി.യ്ക്ക് മുമ്പുണ്ടായ അതിവളർച്ചാഘട്ടത്തിന് സഹായകമായിരുന്നത് വലിയതോതിലുള്ള ബാങ്ക് വായ്പകളായിരുന്നു. അവയിൽ കൂടുതലും പി.എസ്.ബി.കളിൽ നിന്നുള്ളവ. ഇത് ബാങ്ക് ബാലൻസ്ഷീറ്റുകളെ നഷ്ടസാദ്ധ്യതകളിലേക്ക് നയിച്ചു. പ്രത്യേകിച്ചും, അടിസ്ഥാന സൗകര്യ വർദ്ധന മേഖലകളിലേക്കുള്ള വായ്പകള്‍ മുമ്പെങ്ങുമി ല്ലാത്ത അളവിൽ വർദ്ധിച്ചു. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കഠിന പരീക്ഷണങ്ങളെ, പിഎസ്ബികളും നേരിടേണ്ടിവന്നു. ഇവയുടെ പരിണിതഫലങ്ങള്‍ പ്രതിസന്ധിഘട്ടാനന്തര വർഷങ്ങളിൽ യഥാർത്ഥ രൂപത്തിലെത്തുകയും ചെയ്തു. 4. എന്നുതന്നെയല്ല, അടിസ്ഥാന സൗകര്യ വികസനമേഖലയിലേക്കുള്ള ഈ വർദ്ധിതമായ വായ്പകളുടെ കാലത്തിന്‍റെ അവസാനഘട്ടം സാമ്പത്തിക വളർച്ചയുടെ മാന്ദ്യകാലത്തിനും, പാരിസ്ഥിതിക അനുമതികള്‍ കർക്കശമാവുന്ന സാഹചര്യത്തിനും ഒപ്പമെത്തി. കൂടാതെ വായ്പകള്‍ നൽകിയിരുന്ന മുഖ്യ വായ്പാ സ്ഥാപനങ്ങള്‍ ആഗോള ബാങ്കുകളായും, എൻബിഎഫ് സി കളായും രൂപാന്തരപ്പെട്ടതിനാൽ, വാണിജ്യ ബാങ്കുകള്‍ക്ക്, അടിസ്ഥാന സൗകര്യ വികസന മേഖലകളുടേയും, മുഖ്യധാരാ വ്യവസായങ്ങളുടേയും പ്രോജക്ടുകളുടെ ദീർഘകാല പ്രാഥമിക ധനസ്രോതസ്സായി മാറേണ്ടതായി വന്നു. ഈ സാഹചര്യങ്ങളുടെ ഉടനെയുണ്ടായ ഫലമിതായിരുന്നു. പുനഃസംഘടിപ്പിക്കപ്പെട്ട ആസ്തികള്‍ നിഷ്ക്രിയ ആസ്തികളായി തരം തിരിക്കപ്പെടുന്നതിനുപകരം, സ്റ്റാന്‍റെർഡ് ആസ്തികളാവുകയും ആ വിഭാഗത്തിന്‍റെ തോത് പെട്ടെന്നുയരുകയും ചെയ്തു. ക്രമേണ, സ്റ്റാൻന്‍റെർഡ് എന്ന് തരംതിരിക്കപ്പെട്ട പുനഃർഘടിപ്പിക്കപ്പെട്ട ആസ്തികളിൽ മിക്കവയും, പുനർഘടനാ പാക്കേജുകള്‍ കാര്യക്ഷമല്ലാത്ത തായി പരിണമിച്ചതിനാൽ, എൻപിഎ ആയിതീർന്നു. അപര്യാപ്തമായ വായ്പാത്തോത് കണക്കാക്കലും, നിയന്ത്രണ പ്രശ്നങ്ങളും, നഷ്ടസാദ്ധ്യത പെരുകുന്നതിൽ അവയുടെ പങ്ക് വഹിക്കുകയും ചെയ്തു. 5. രേഖപ്പെടുത്തിയിട്ടുള്ളതുപോലെ എൻപിഎ വർദ്ധന പിഎസ്ബികളിൽ സ്വകാര്യ വിദേശബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൗരവതരമാം വിധം കൂടുതലാണ്. പിഎസ്ബികള്‍ ഒരുപക്ഷേ, അവർക്കുലഭിച്ചിട്ടുള്ള അനുഞ്ജാനുസാരം, കൂടുതൽ സാമൂഹ്യ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി, ഖനനം, ഇരുമ്പ്, ഉരുക്ക്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ നിർണ്ണായക മേഖലകളിൽ കൂടുതൽ വായ്പകള്‍ നൽകിയിരിക്കാം. ഈ മേഖലകളിൽ, ബാഹ്യഘടനകള്‍മൂലമുണ്ടായ സമ്മർദ്ദത്താൽ എൻപിഎ ലവലുകള്‍ കുതിച്ചുയർന്നിട്ടുണ്ട്. ഖനനം, ഊർജ്ജം എന്നീ മേഖലകള്‍, കൽക്കരി ബ്ലോക്കുകളുടെ അലോക്കേഷൻ റദ്ദു ചെയ്തതിനാലും, ഇരുമ്പുരുക്കു മേഖലകള്‍, ചൈനയിൽ നിന്നും വിലകുറഞ്ഞ ഉരുക്ക് ഇറക്കിയതിനാൽ വന്ന വിലയിടിവിനാലും, ടെലികമ്മ്യൂണിക്കേഷൻ മേഖല, 2Gസ്പെക്ട്രം റദ്ദാക്കിയതിനാലുണ്ടായ തടസ്സങ്ങള്‍ കാരണവും, ഗവൺമെന്‍റ് അനുമതി ലഭിക്കുന്നതിനു വന്നുചേർന്ന കാലതാമസങ്ങള്‍ മൂലം നാശങ്ങള്‍ നേരിട്ട നിർമ്മാണ മേഖലയും, സമ്മർദ്ദമനുഭവിച്ചിട്ടുണ്ട്. 6. ഈ പ്രശ്നങ്ങളോടൊപ്പം, വായ്പാ എഴുത്തിത്തള്ളൽ, മൊറട്ടോറിയം എന്നീ രീതികളിലും, ഡിസ്കോം (Discome) പെയ്മെന്‍റുപ്രശ്നങ്ങളും വരുത്തിയ ആഘാതങ്ങള്‍ ധനപരമായ ചിലവുകളെ കാര്യമായി ബാധിച്ചതും, ബാങ്കിംഗ് മേഖലയുടെ ആരോഗ്യത്തെയും, വായ്പാസംസ്കാരത്തെയും ബാധിച്ചു. കൗതുകമുണർത്തുന്ന ഒരുകാര്യം, ഇൻഡ്യൻ ബാങ്ക് അസോസിയേഷൻ ശേഖരിച്ച വിവരങ്ങള്‍ കാണിക്കുന്നത്, 2017 മുതൽ വായ്പ എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ച 10 സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിന് മാത്രമേ വാഗ്ദാനം ചെയ്തിരുന്നതുപോലെ, ഏകദേശമെങ്കിലും, പണം തിരിച്ചുകൊടുത്തുള്ളൂ എന്നാണ്. ആയതിനാൽ, എഴുതിത്തള്ളിയ തുകകള്‍ ബാങ്കുകള്‍ക്ക് തിരിച്ചു നൽകുകയും, സമയക്രമം പാലിച്ചുതന്നെ ഡിസ്കോം പെയ്മെന്‍റുകള്‍ നടത്തുകയും ചെയ്യേണ്ടത് അനുപേക്ഷണീയമാണ്. എങ്കിൽ മാത്രമേ ബാങ്കുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും തുടർവർഷങ്ങളിൽ വായ്പകള്‍ നൽകാൻ അവയ്ക്ക് കഴിവും ഉണ്ടാവുകയുള്ളൂ. കോർപ്പൊറേറ്റ് നിയന്ത്രണം - കണ്ണടച്ച് ഇരുട്ടാക്കൽ 7. ഇത്, എന്നെ പിഎസ്ബികള്‍ നേരിടുന്ന ചില ആന്തരിക വെല്ലുവിളികളെ ഓർമ്മിപ്പിക്കുന്നു. ഈ വെല്ലുവിളികളുടെ നിയന്ത്രണം സുപ്രധാനമായ ഒരു ചിന്താവിഷയമാകേണ്ടതാണ്. വാസ്തവത്തിൽ. ഇപ്പോള്‍ പിഎസ്ബികള്‍ നേരിടുന്നുവെന്നുകരുതുന്ന പ്രശ്നങ്ങളായ, ഉയർന്ന തോതിലുള്ള എൻപിഎ, മൂലധനശോഷണം, വെട്ടിപ്പുകള്‍, നഷ്ടസാദ്ധ്യതകളെ വരുതിയിലാക്കുന്ന തിൽ വരുന്ന പോരായ്മ എന്നിവയെ കോർപ്പൊറേറ്റ് നിയന്ത്രണ പ്രശ്നങ്ങളിൽ ഉത്ഭവിക്കുന്ന പ്രത്യക്ഷ ഭാവങ്ങളായി കണക്കാക്കാം. അനുയോജ്യമായ നിയന്ത്രണ സംവിധാനങ്ങള്‍, പരിശോധനകള്‍ സ്പഷ്ടമായ റിപ്പോർട്ടിംഗ്, നഷ്ടസാദ്ധ്യതയുടെ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട ഒരു അനുസരണസംസ്കാരം വളർത്തിയെടുക്കുക എന്ന സ്വതന്ത്ര ബോർഡിന്‍റെ പങ്ക് ചില പിഎസ്ബികളിൽ കാണുന്നില്ല. ഇത് എൻപിഎ ഉയർന്നുവരുവാൻ കാരണമാകുന്നു. കൂടാതെ, വൈദഗ്ധ്യക്കുറവും, പ്രാപ്തി സംബന്ധമായ പ്രശ്നങ്ങളും കാരണം ചില ബാങ്ക് ബോർഡുകള്‍ക്ക് ഒരു ബിസ്സിനസ്സ് ഇടപാടിലെ നഷ്ടസാദ്ധ്യത തിരിച്ചറിയാനുള്ള കഴിവ് അപര്യാപ്തമാകുന്നു. സുതാര്യതയും, ഉത്തരവാദിത്തവും ലക്ഷ്യമാക്കിയുള്ള ഒരു കോർപ്പറേറ്റ് സംസ്കാരം ഒരു പ്രബലബോർഡിൽനിന്നും ഉദ്ഭൂതമാവേണ്ടതുണ്ട്. നയിച്ചുകൊണ്ടുതന്നെ ഇതു ഒരു ദൃഷ്ടാന്തവുമാകും. 8. സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണ സംബന്ധമായ പ്രശ്നങ്ങളെ സംബന്ധിച്ചുകൂടി, ഞാൻ പരാമർശിക്കട്ടെ. അവ വ്യത്യസ്തങ്ങളായ ഉത്തരവാദിത്വങ്ങളിൽനിന്നും ഉരുത്തിരിഞ്ഞുവരുന്നതാണ്. ഇവിടത്തെ പ്രശ്നങ്ങള്‍ പ്രധാനമായും മാനേജ്മെന്‍റുകളുടെ ഉത്തേജകാധിഷ്ഠിതമായ ഘടന, പരിശോധനകളുടെ വൈശിഷ്ട്യം, അവയുടെ തിരുത്തൽ പ്രക്രിയ, ആഡിറ്റും നഷ്ടസാദ്ധ്യതാ നിയന്ത്രണ കമ്മിറ്റികളും എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അടുത്ത കാലത്ത് റിസർവ് ബാങ്ക്, സ്വകാര്യമേഖല ബാങ്കുകള്‍ക്ക്, മിനിമം വേരിയബിള്‍ ശമ്പളഘടകപരിഗണന, തിരിച്ചു പിടിക്കൽ സൗകര്യങ്ങള്‍ (drawback arrangements) തുടങ്ങിയ നഷ്ടപരിഹാര ങ്ങളെ സംബന്ധിച്ച മാർഗ്ഗ നിർദ്ദേങ്ങള്‍ നൽകിയിട്ടുണ്ട്. പീഢിത ആസ്തികളുടെ പരിഹാര നിർവ്വഹണം 9. നിയന്ത്രണ പ്രക്രിയയ്ക്കുപുറമേ, പിഎസ്ബികളും, പൊതുവേ ബാങ്കിംഗ് മേഖലയാകമാനവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പീഡിതആസ്തികളുടെപരിഹാരനിർവ്വഹണം. ഇൻഡ്യയിൽ ദീർഘകാലമായി പാപ്പരത്ത നിയമം ഇല്ലായിരുന്നു. ആയതിനാൽ, റിസർവ്ബാങ്ക്, പാപ്പരത്ത നിയമത്തിന്‍റെ അഭിലക്ഷണീയങ്ങളായ ഗുണങ്ങള്‍ പിന്തുടർന്നുകൊണ്ട് നിരവധി പുനഃസംഘടനാ ചട്ടക്കൂടുകള്‍ അവതരിപ്പിക്കു കയുണ്ടായി. 2016-ലെ ഇൻസോള്‍വൻസി ആന്‍റ് ബാങ്ക് റപ്സി കോഡ്, (IBC) എന്ന നിയമ നിർമ്മാണം ഇക്കാര്യത്തിൽ ഒരു നാഴികക്കല്ലായിരുന്നു. ഐബിസി (IBC) നിരവധി നിയമനടപടികളിൽ കുരുങ്ങി പരിഹാരം കാണുന്നതിൽ കാലതാമസം വരുത്തുന്നു എന്നൊരുതോന്നൽ ഉണ്ടെങ്കിലും ഞാൻ കരുതുന്നത്, അവ ഒരു പുതിയ നിയമം നേരിടുന്ന ബാലാരിഷ്ടതകളെന്നാണ്. ഞാൻ ഇക്കാര്യത്തിൽ ശുഭാപ്തിവിശ്വാസമുള്ളയാളാണ്. ഐബിസി, (IBC) നിയമത്തിൻകീഴിൽ പാപ്പരത്തനടപടികള്‍നേരിടുകയും, ഇതുവരെ ലിക്വിഡേഷനിലെത്തുകയും ചെയ്ത ഭൂരിഭാഗം കമ്പനികളും വളരെക്കാലങ്ങളായി നഷ്ടസംരംഭങ്ങളായി തുടരുകയായിരുന്നു. ഇവയുടെയെല്ലാം ആസ്തികള്‍ നാശോന്മുഖവും, ബോർഡ് ഓഫ് ഇൻഡസ്ട്രിയൽ റികൺസ്ട്രക്ഷനുമുമ്പിൽ തീരുമാനം കാത്തുകിടക്കുന്നവയുമായിരുന്നു. ഐബിസി (IBC) യുടെ യഥാർത്ഥ പ്രഭാവം പുതിയ കേസുകളിൽ കാണാം. ഒരു പരിഹാരം കാണാൻ ഈ നിയമം അതിശക്തമായ ഒരു സരണി പ്രദാനം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 10. റിസർവ് ബാങ്ക് ഈ പരിശ്രമങ്ങള്‍ക്ക് പൂർണത നൽകാൻ 2019 ജൂൺ 7-ന് പുറപ്പെടുവിച്ച ഒരു സർക്കുലറിലൂടെ പീഡിത ആസ്തികളുടെ പ്രശ്നപരിഹാരത്തിനായി ഒരു ചട്ടക്കൂട് ഉണ്ടാക്കിയിട്ടുണ്ട്. ഇത്, സമയബന്ധിതമായി നടപ്പിലാക്കേണ്ട ഒരു പരിഹാരപദ്ധതി ഉൾക്കൊള്ളുന്നു. അതു പരാജയപ്പെട്ടാൽ അധിക പ്രൊവിഷനുകള്‍ നിർബന്ധമാക്കുന്ന രീതിയിലുള്ള നിരുത്സാഹനോപാ ധികള്‍ നടപ്പാക്കും. 11. ഈ സാദ്ധ്യതകളെല്ലാംതന്നെ റിയൽ സെക്ടർ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാണെങ്കിലും ധനകാര്യ സ്ഥാപനങ്ങളുടെ കാര്യമെടുത്താൽ സാഹ ചര്യങ്ങള്‍ തുലോം വ്യത്യസ്ഥമാണ്. ഇതുമായിബന്ധപ്പെട്ട് ഗവൺമെന്‍റ് 2019 നവംബർ 15-ന് ഐബിസിയിൻ കീഴിൽ ധനകാര്യസേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ പ്രശ്നപരിഹാരത്തിനുള്ള രൂപഘടനയുടെ ചട്ടങ്ങള്‍ പ്രഖ്യാ പിച്ചു. ഈ ചട്ടങ്ങള്‍ ഗവൺമെന്‍റ് നിയന്ത്രകരുമായി ചർച്ച ചെയ്ത് ചില ധനകാര്യ സ്ഥാപനങ്ങള്‍ക്കുവേണ്ടി മാത്രം പരിമിതപ്പെടുത്തി ബാധകമാക്കിയിട്ടുണ്ട്. 12. വരുമാന വർഗ്ഗീകരണം, കേടുതീർക്കൽ, പരിഹാരം എന്നിവ ലക്ഷ്യമാക്കി കൈക്കൊണ്ട ദൃഡപ്രയത്നങ്ങള്‍വഴി ബാങ്കിംഗ് വ്യവസ്ഥയിലുള്ള നിഷ്ക്രിയാസ്തികള്‍ 2019 മാർച്ചിൽ, 7 വർഷത്തെ ഇടവേളയ്ക്കുശേഷം താഴ്ന്ന നിലയിലെത്തി. പുതിയ വീഴ്ചകള്‍ കുറഞ്ഞുവരികയും, സിസ്റ്റം ലവൽ വകയി രുത്തൽ അനുപാതം, ഒരുവർഷം മുമ്പുണ്ടായിരുന്ന 48.3 ശതമാനത്തിൽ നിന്നും 60.5 ശതമാനമായി കുതിക്കുകയും ചെയ്തു. ബാങ്കിംഗ് വ്യവസായ ത്തിന്‍റെ മൂലധന പര്യാപ്തതാനുപാതം 14.3 ശതമാനമായി വർദ്ധിച്ചു. ഇത് ബേസൽ മാനദണ്ഡത്തിനും വളരെ മുകളിലാണ്. അടുത്ത കാലത്ത് ഗവർൺമെന്‍റ് 2.9 ലക്ഷം കോടി മൂലധന വർദ്ധവിനായി നൽകിയതിൽ നിന്നുമുണ്ടായ ഗുണമാണ് ഇത്. പൊതുമേഖലാ ബാങ്കുകളുടെ ലയനം 13. ശക്തവും, മത്സരക്ഷമതയുള്ള ബാങ്കുകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, ഗവൺമെന്‍റ് പിഎസ്ബി കളുടെ സംയോജനം പ്രഖ്യാപിച്ചു. ആഗോള സാന്നിദ്ധ്യമുള്ള ശക്തമായ ബാങ്കുകള്‍ ഉണ്ടാവണം. ഈ ഏകീകരണം 1991-ലെ നരസിംഹം കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുടെ ദിശാനുസരണമാണ്. ഈ റിപ്പോർട്ടിൽ എണ്ണം കുറവും എന്നാൽ കൂടുതൽ ശക്തവുമായ ബാങ്കുകളാണ് ഇൻഡ്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമെന്ന് എടുത്തുകാട്ടിയിരുന്നു. ദേശീയ അന്തർദേശീയതലങ്ങളിൽ മത്സരിക്കാൻ ഈ ബാങ്കുകളെ ശക്തമാക്കുക എന്നതായിരുന്നു സങ്കല്പം. സമർത്ഥമായി നടപ്പിലാക്കുന്ന ഒരു ലയനം, ജീവനക്കാരുടേയും മൂലധനത്തിന്‍റെയും സംയുക്ത പ്രവർത്തനഫലം ഉദ്ഭവിപ്പിക്കുന്നു. ഇത് പ്രവർത്തനങ്ങള്‍ക്ക് ചാലക ശക്തിയാവാനും കാര്യക്ഷമതയിൽ കാര്യമായ വർദ്ധനവുണ്ടാ ക്കാനും സഹായിക്കും. അത്, നല്ല കീഴ്വഴക്കങ്ങള്‍ ബാങ്കുകള്‍ക്കിടയിൽ വ്യാപിക്കുന്നതിനും ഇടയാക്കും. മികച്ച ബ്രാൻഡിംഗ് പ്രയോഗങ്ങള്‍ നടത്തി വലുതും ഊർജ്ജസ്വലതയുമുള്ള ബാങ്കുകള്‍ക്ക്, തത്ത്വത്തിൽ സ്വന്തം ഇടത്തിലേക്ക് പുനഃപ്രതിഷ്ഠ നടത്താനും കഴിയും. എന്നിരുന്നാലും, ബാങ്കുകളുടെ സാധാരണ പ്രവർത്തനങ്ങള്‍ക്ക് ഒരു തടസ്സവും വരാത്തവണ്ണ മായിരിക്കണം ലയനം നടപ്പിലാക്കേണ്ടത് എന്നുകൂടി ഞങ്ങള്‍ പറഞ്ഞു കൊള്ളട്ടെ. ബാങ്കിതര ധനകാര്യ കമ്പനിമേഖല (എൻബിഎഫ് സി) 14. ഇൻഡ്യൻ സമ്പദ് വ്യവസ്ഥയിൽ, എൻബിഎഫ് സികള്‍ ബൃഹദ് തലങ്ങളിലുള്ള കസ്റ്റമർമാരുടേയും വളരാൻ കെല്പുള്ളമേഖലകളുടേയും സാമ്പത്തികാവശ്യങ്ങള്‍, ബാങ്കുകളുടെ പ്രവർത്തനങ്ങള്‍ക്ക് പൂർണ്ണതയും മത്സരവും നൽകികൊണ്ട് നിറവേറ്റുന്നു എന്ന കാര്യം അഗീകരിക്കപ്പെട്ട ഒന്നാണ്. എൻബിഎഫ് സി മേഖല കൂടുതലും വിപണിയേയും ബാങ്കുകളേയും ആശ്രയിക്കുന്നു. അങ്ങിനെ, ബാങ്കുകളും ധനകാര്യവിപണി കളുമായി പരസ്പരബന്ധമുള്ള ഒരു ശൃംഖല നിർമ്മിക്കുന്നു. ഇപ്പോള്‍ ഭവന-ധനകാര്യ സ്ഥാപനങ്ങൾ (എഛ്എഫ് സികൾ) റിസർവ് ബാങ്കിന്‍റെ നിയന്ത്രണ പരിധിയിൽ വരുന്നതിനാൽ, ഞങ്ങൾ നിലവിലുള്ള നിബന്ധനകൾ, എൻബിഎഫ് സി കൾക്ക് ബാധകമായ നിബന്ധനകളുമായി പൊരുത്ത പ്പെടുത്താനുള്ള പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുക യാണ്. 15. ഐഎൽ ആന്‍റ് എഫ്എസ് (IL & FS) പ്രതിസന്ധിക്കുശേഷം ചില കമ്പനികളുണ്ടാക്കിയ മുടക്കങ്ങൾ, ആസ്തി വൈശിഷ്ട്യത്തെ സംബന്ധിച്ച ഉത്ക്കണ്ഠ ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത് എൻബിഎഫ് സി കളുടെ പണലഭ്യതയിൽ പരിമിതികൾ അടിച്ചേൽപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് തന്നെ മുൻകയ്യെടുത്ത്, ഈ ഉത്ക്കണ്ഠകളെ നേരിടുവാനും എൻബിഎഫ് സി മേഖലയുടെ മേൽനനോട്ട നിയന്ത്രണ പരമായ ചട്ടക്കൂട് ബലപ്പെടു ത്താനും, അങ്ങിനെ ഈ മേഖല സ്ഥിരതയും, ബലിഷ്ഠവുമായി തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിരവധി നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണ്. അവയെ, നിയന്ത്രണങ്ങൾ പൊരുത്തപ്പെടുത്തിയും, ബലവത്തായ ധനലഭ്യതയുടെ ചട്ടക്കൂടിലാക്കിയും, ചടുലമാക്കുന്നതിൽ, വേണ്ടത്ര പ്രാധാന്യം ഞങ്ങൾ നൽകുന്നുണ്ട്. 2019 നവംബർ 4-ന് ആർബിഐ, എൻബിഎഫ്സികളുടെ ധനലഭ്യതയിലെ നഷ്ടസാദ്ധ്യതാനിയന്ത്രണത്തെ സംബന്ധിച്ച രൂപഘടനയ്ക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടു വിച്ചിട്ടുണ്ട്. എൻബിഎഫ്സികളുടെ അനുയോജ്യമായ ഭരണനിയന്ത്രണവും, നഷ്ടസാദ്ധ്യ താനിയന്ത്രണഘടകങ്ങളും ഉറപ്പുവരുത്തുകയെന്നതാണ് ഞങ്ങളു ടെ ലക്ഷ്യം. അർബൻ സഹകരണ ബാങ്കുകൾ 16. ഇനി നമുക്ക് സഹകരണ ബാങ്കുകളുടെ കാര്യമെടുക്കാം. അവ വായ്പാവിതരണത്തിലും, മറ്റു ബാങ്കിംഗ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിലും കാര്യമായ പങ്കു വഹിക്കുന്നുണ്ട്. ഇവയിൽ ചില സ്ഥാപനങ്ങളുടെ പ്രവർത്തനം, ഭരണനിയന്ത്രണസംബന്ധമായതും, പ്രവർത്തനസംബന്ധവുമായ കാരണങ്ങളാൽ തടസ്സപ്പെട്ടിട്ടുണ്ടാവാം. ഈ അടുത്തകാലത്ത്, അർബൻ സഹകരണ ബാങ്കുകളിൽ ഒന്നിൽ, പുറത്തുവന്ന തട്ടിപ്പ് അവയുടെ ഭരണ നിയന്ത്രണം, ജാഗ്രതയോടുകൂടിയുള്ള ആന്തരിക നിയന്ത്രണ സംവിധാനം, പരിശോധനകളുടെ പര്യാപ്തത എന്നിവ സംബന്ധമായ പ്രശ്നങ്ങൾ മുമ്പോട്ടു കൊണ്ടുവന്നിട്ടുണ്ട്. 17. ചരിത്രത്തിലേക്കുതിരിഞ്ഞുനോക്കുമ്പോൾ, 1966 മാർച്ച് 1 മുതലാണ് അർബൻ സഹകരണ ബാങ്കുകളെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ (BR) ആക്ടിന്‍റെ പരിധിയിൽ കൊണ്ടുവന്നത്.1 എന്നാൽ, ബിആർ ആക്ടിന്‍റെ ചില വ്യവസ്ഥകൾ അവയ്ക്ക് ബാധകമാക്കിയിരുന്നില്ല. അവയുടെമേലുള്ള നിയന്ത്രണങ്ങൾക്കും, മേൽനോട്ടത്തിനുമുള്ള പരിധി അങ്ങിനെ പരിമിതപ്പെട്ടു. സാമാന്യമായി പറഞ്ഞാൽ, സഹകരണ ബാങ്കുകളുടെ ബാങ്കിംഗ് സംബന്ധമായ പ്രവർത്തനങ്ങൾ റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിലും, മാനേജ്മെൻറ് സംബന്ധമായ പ്രവർത്തനങ്ങൾ അതാത് സംസ്ഥാന ഗവൺമെന്‍റ്/ കേന്ദ്ര ഗവൺമെന്‍റിന്‍റെ നിയന്ത്രണത്തിലുമാണ്. യുസിബി കളുടെമേലുള്ള റിസർവ് ബാങ്കിന്‍റെ നിയന്ത്രണം ഈ ദ്വന്ദനിയന്ത്രണം കാരണം ബാധിച്ചിട്ടുണ്ട്. ഈ ദ്വന്ദനിയന്ത്രണത്തിന്‍റെ പ്രതികൂലമായ ആഘാതം പരിഹരിക്കുന്നതിനു വേണ്ടി കഴിഞ്ഞകാലങ്ങളിൽ റിസർവ് ബാങ്ക് സംസ്ഥാന/കേന്ദ്ര ഗവൺമെന്‍റുകളുമായി എം.ഒ.യുകളിലേർപ്പെടുകയും, സഹകരണ അർബൻ ബാങ്കുകൾക്കുവേണ്ടി ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, വെല്ലുവിളികൾ ഇപ്പോഴും അവശേഷിക്കുന്നു. സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്ന ആക്ട് ഭേദഗതി ചെയ്യാൻ റിസർവ് ബാങ്ക് ഗവൺമെന്‍റുമായി നടപടികളെടുക്കുന്നുണ്ട്. യുസിബികൾക്കുമേൽ മെച്ചപ്പെട്ട നിയന്ത്രണവും മേൽനോട്ടവും ഉണ്ടാവാനായി, ഞങ്ങൾ കേന്ദ്ര ഗവൺമെന്‍റിന് നിരവധി നിയമഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്ന് യുസിബികളുടെ നിയന്ത്രണവും മേൽനോട്ടവും സംബന്ധമായി നിലവിലുള്ള രൂപഘടന പുനരവലോകനം ചെയ്യുന്നുണ്ട്. ഉയർന്നു വരുന്ന ആവശ്യങ്ങൾക്കനുസൃത മായി ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുന്നതായിരിക്കും. 18. മുമ്പോട്ടു സഞ്ചരിക്കുമ്പോൾ, യുസിബികൾ, സ്മാൾ ഫിനാൻസ് ബാങ്കുകൾ (SFBs) പെയ്മെൻറ് ബാങ്കുകൾ, എൻബിഎഫ് സികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ (എംഎഫ്ഐകൾ) തുടങ്ങിയവയിൽനിന്നും വർദ്ധിതതോ തിൽ മത്സരം നേരിടേണ്ടിവന്നേക്കാം. അതിനാൽ, അവർ സുശക്തമായ ടെക്നോളജി നടപ്പിലാക്കി, കുറഞ്ഞ ചിലവിലും, മതിയായ സുരക്ഷിതത്വത്തോടും, ബാങ്കിംഗ് സേവനങ്ങൾ നൽകാൻ പ്രാപ്തി നേടണം. ഈ സ്ഥാപനങ്ങൾ ശക്തമായ ഒരു ഐ.റ്റി. അടിസ്ഥാന സൗകര്യം കൈവരിക്കുന്നതിനായി റിസർവ് ബാങ്ക് സ്വയമേവ വേണ്ട നടപടികളെടുക്കുകയാണ്. ഇപ്പോൾ പര്യാലോചനയിലുള്ള ദേശീയതല അംബ്രല്ല സംഘടന (UO) അതിലംഗങ്ങളായുള്ള സഹകരണ ബാങ്കുകൾക്ക് ധനലഭ്യതയും മൂലധന പിന്തുണയും പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്ക പ്പെടുന്നു. ആയതിനാൽ, ഇത് ഈ മേഖലയ്ക്ക് ശക്തിയും ചടുലതയും നൽകും. ബാങ്കിംഗിലെ പുതിയ അതിർവരമ്പുകൾ 19. പെയ്മെന്‍റ്സ് ബാങ്കുകൾ, സ്മാൾ ഫിനാൻസ് ബാങ്കുകൾ എന്നീ രൂപങ്ങളിൽ പുതിയ ബാങ്കിംഗ് മാതൃകകളുടെ ഉദയം ഇൻഡ്യൻ ബാങ്കിംഗിന്‍റെ ചക്രവാളങ്ങളെ വിപുലീകരിച്ചിട്ടുണ്ട്. ഒരു ക്യാഷ് ലെസ്സ് സമൂഹത്തിന്‍റെ നിർമ്മിതിക്കായി ഗവൺമെന്‍റും റിസർവ് ബാങ്കും ഇലക്ട്രോണിക് പെയ്മെന്‍റ് വ്യവസ്ഥയുടെ2 പ്രോത്സാഹനാർത്ഥം നിരവധി നടപടികൾ, സ്വയമേവ എടുത്തിട്ടുണ്ട്. ഈ നടപടികളിൽ ഡിജിറ്റൽ പേയ്മെന്‍റ്സ്3 ജിഡിപി അനുപാതം 2016 മാർച്ചിലെ 6.7 ശതമാനത്തിൽ നിന്നും, 2019 മാർച്ച് അവസാനം 8.6 ശതമാനമായി ഉയരുന്നതിനിടയാക്കി. ഇതേകാലയളവിൽ പ്രതിശീർഷ ഡിജിറ്റൽ ഇടപാടുകൾ 4.6-ൽ നിന്നും 17.6 ആയി ഉയർന്നു. ഇതേപോലെ, ഫിൻ-ടെക് (Fin-Tech) വായ്പകൾ വിതരണം ചെയ്യുന്നതിനും, മൂലധന ശേഖരണത്തിനും പകരംമാതൃകകൾ നിർദ്ദേശിക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗ് (Crowd funding) പിയർ ടു പിയർ ലെൻഡിംഗ് (Peer to peer lending) ഇൻവോയ്സ് അധിഷ്ഠിത വായ്പകൾ ട്രേഡ് റിസീവബിൾ ഡിസ്ക്കൗണ്ടിംഗ് പദ്ധതി ഡിജിറ്റൽ വായ്പകൾ എന്നിവ നിലവിൽ വന്നിട്ടുണ്ട്. ചിലവുകുറച്ചും സേവനങ്ങൾ കാച്ചിക്കുറുക്കി നൽകിയും കൂടുതൽ ആളുകളിലേക്ക് ധനകാര്യ സേവനങ്ങൾ എത്തിച്ചും മദ്ധ്യവർത്തി സ്ഥാനം അഭിവൃദ്ധിപ്പെടു ത്തുവാൻ അവർ സഹായിച്ചിട്ടുണ്ട്. 20. ഈ അടുത്ത കാലത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) മെഷീൻ ലേണിംഗ് (ML) ബിഗ് ഡാറ്റ തുടങ്ങിയവ ധനകാര്യ സേവനങ്ങളിൽ പുതുമ നിവേശിപ്പിക്കുന്നതിൽ കേന്ദ്രസ്ഥാനത്തായിട്ടുണ്ട്. ഈ സാങ്കേതികളുപയോ ഗിച്ച് ഘടനാപരവും അല്ലാത്തതുമായ വൻതോതിലുള്ള ഡാറ്റാ വിശകലനം ചെയ്യാൻ കഴിയുന്നുണ്ട്. വ്യവസ്ഥകളുടെ നിർവ്വഹണ കാര്യത്തിലുണ്ടായി ട്ടുള്ള വർദ്ധിച്ച പ്രതീക്ഷകളും, ഡാറ്റാ റിപ്പോർട്ടിംഗിനു നൽകുന്ന ഊന്നലും റെഗ്ടെക് (Reg Tech), സൂപ്ടെക് (Sup Tech) എന്നിവയെ പ്രശസ്തിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. നഷ്ട സാദ്ധ്യതാ മാനേജ്മെന്‍റ്, നിയന്ത്രണ സംബന്ധമായ റിപ്പോർട്ടിംഗ്, ഡാറ്റാ മാനേജ്മെന്‍റ്, വ്യവസ്ഥകളുടെ നിർവ്വഹണം, ഇ-കെവൈസി (EKYC) ആന്‍റി മണി ലാണ്ടറിംഗ്, (AMC) ധനകാര്യ ഭീകര പ്രവർത്തനത്തെ മല്ലിടുക, കളവിടപാടുകൾ തടയുക എന്നീ മേഖലകളിൽ ഇതുപയോഗിക്കുന്നുണ്ട്. 21. ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ഡിജിറ്റൈസേഷനും, ആധുനികവൽക്കരണവും കേന്ദ്രബിന്ദുവാക്കി പരമ്പരാഗത ബാങ്കുകൾ അടുത്തതലമുറയിലെത്താൻ വഴിയൊരുക്കുന്നുണ്ട്. ബാങ്കുശാഖകളിലേക്കു ള്ള സന്ദർശനം ഒഴിവാക്കി ഡിജിറ്റൈസേഷൻ ബാങ്കിംഗ് ജനങ്ങളുടെ വിരൽത്തുമ്പിലെത്തിയിരിക്കുമ്പോൾ പ്രാചീനരീതിയിലുള്ള ശാഖകൾ വേണമോ എന്ന കാര്യം പുനരാലോചിച്ചു വരികയാണ്. ടെക്നോളജി ഭീമന്മാർ, പരമ്പരാഗതമായി ബാങ്കുകളുടെ സാമ്രാജ്യമായ പെയ്മെൻറുകൾ തുടങ്ങിയ മേഖലകളിൽ ശീഘ്രമുന്നേറ്റങ്ങൾ നടത്തുന്നു. സാങ്കേതിക വിദ്യാപുതുമകൾ ധനകാര്യ സേവനത്തുറകളിൽ വരുത്തിയ പരിണാമം ഒരു ബാങ്കും ഒരു ടെക്നോളജി കമ്പനിയുമായുള്ള വ്യത്യാസത്തിനു മങ്ങലേല്പി ക്കുന്നു. ഇത് പുതുമകളുടെ പ്രോത്സാഹനവും, നിയന്ത്രകർക്ക് നിയന്ത്രണത്തിന്‍റെ ചട്ടക്കൂട് ബാധകമാക്കലും തമ്മിലുള്ള ലോലമായ ഒരു തുലനപ്രക്രിയയുടെ പരീക്ഷണവേദി പ്രദാനം ചെയ്യുന്നു. സമാപന നിരീക്ഷണങ്ങൾ 22. സമ്പദ് വ്യവസ്ഥയിൽ ബാങ്കുകൾക്ക് നിർണ്ണായകമായ ഒരു പങ്കുണ്ടെന്നു പറഞ്ഞ് ഞാൻ ഉപസംഹരിക്കട്ടേ. സമൂഹത്തിലെ സുരക്ഷിതമല്ലാത്ത ബാദ്ധ്യതകൾ ശേഖരിക്കുക, അവ വിവിധ മാർഗ്ഗങ്ങളിലും സംരംഭങ്ങളിലും നിക്ഷേപിച്ച് വരുമാനമുണ്ടാക്കുക എന്നത്, നഷ്ടസാദ്ധ്യതാതിരിച്ചറിവിനുള്ള ജാഗ്രത ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. ഈ പ്രക്രിയയിൽ, അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ, സമ്പദ്ഘടനയിലെ ഉല്പാദനപരമായ മേഖലകളുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്ന കാര്യത്തിൽ ബാങ്കുകൾ അവയുടെ ഉത്തരവാദിത്വം വഹിക്കേണ്ടതുണ്ട്. 23. ഇങ്ങനെ നാം മുന്നോട്ടുപോവുമ്പോൾ ഞങ്ങൾ, ആർ ബി ഐ, ഭരണ നിയന്ത്രണം, നഷ്ടസാദ്ധ്യതാ മാനേജ്മെന്‍റ് ആന്തരികപരിശോധനകൾ, വ്യവസ്ഥകളുടെ പരിപാലന കർമ്മങ്ങൾ എന്നിവയിൽ സൂക്ഷ്മശ്രദ്ധ പതിപ്പിക്കുന്നു. വാണിജ്യ ബാങ്കുകൾ, സഹകരണബാങ്കുകൾ, എൻബിഎഫ് സികൾ എന്നിവയുടെ മേൽനോട്ടം ശക്തമാക്കുവാനായി 2019 നവംബർ 1 മുതൽ ഞങ്ങൾ സൂപ്പർവിഷൻ (DOS) റഗുലേഷൻ (DOR) എന്നീ പേരുകളിൽ രണ്ടു ഡിപ്പാർട്ടുമെന്‍റുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ ഡിപ്പാർട്ടുമെന്‍റുകൾ, സുഘടിതമായ ഒരു ചുറ്റുപാടിൽ ബിസിനസ്സു ശാഖകൾക്ക് അതീതമായി പ്രവർത്തിക്കുന്നതിനാൽ, ഈ നീക്കം, സൂപ്പർവിഷൻ റഗുലേഷൻ എന്നീ മേഖലകളിൽ കാര്യക്ഷമത വർദ്ധിപ്പിക്കും. സൂപ്പർവിഷനിൽ ഏർപ്പെട്ടിരി ക്കുന്നവരുടെ വിജ്ഞാനവും, നൈപുണ്യവും നാളതീകരിക്കുന്നതിന് തുടർച്ചയായി പരിശ്രമിക്കുന്നു. കൂടാതെ റഗുലേഷനും, സൂപ്പർവിഷനും സംബന്ധമായ പ്രവർത്തനങ്ങളിൽ വിടവുകൾ നികത്താനും, വേണ്ട പിന്തുണ നൽകാനും, സൂപ്പർവൈസറി കാര്യങ്ങളെ സംബന്ധിച്ച് ഗവേണഷവും വിശകലനവും നടത്തുന്ന ഒരു വിഭാഗം രൂപീകരിച്ചുകൊണ്ടിരിക്കുന്നു. മുമ്പു സൂചിപ്പിച്ചതുപോലെ, റഗുലേഷൻ, സൂപ്പർ വിഷൻ എന്നീ കാര്യങ്ങളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സാങ്കേതികവിദ്യ തുടർനില യിൽ ഒരു പ്രധാന സ്ഥാനം വഹിക്കും. 24. കൂടുതൽ കാര്യക്ഷമവും ശക്തിമത്തായതുമായ ഒരു ധനകാര്യ വ്യവസ്ഥയുടെ നിർമ്മിതിക്കായി ഞങ്ങളുടെ റഗുലേഷൻ, സൂപ്പർവിഷൻ രൂപഘടനയിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ചിട്ടയോടും സമയബന്ധിതവുമായി അഭിസംബോധന ചെയ്യുന്നതായിരിക്കും. 25. ഈ സമ്മേളനത്തിൽ പങ്കെടുത്തവർ, എന്‍റെ ഇന്നത്തെ പരാമർശങ്ങളിൽ ഉയർത്തിയ പ്രശ്നങ്ങൾ, കൂടുതൽ വിശാലമായി തുടർന്നുവരുന്ന സെഷനുകളിൽ ചർച്ചചെയ്യുമെന്ന് വിചാരിക്കുന്നു. ഈ സമ്മേളനത്തിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. 1 ചില ഭേദഗതികളോടെ 1949-ലെ ബിആർ ആക്ടിലെ സെക്ഷൻ 56-ൻ പ്രകാരമാണ് സഹകരണബാങ്കുകളുടെ നിയന്ത്രണം. ഈ ആക്ടിലെ ചില വ്യവസ്ഥകളിൽ നിന്നും സഹകരണബാങ്കുകളെ ഒഴിവാക്കിയിട്ടുള്ളതിനാൽ യുസിബികളിന്മേൽ റിസർവ് ബാങ്കിനുള്ള അധികാരം പരിമിതമാണ്. 2 ഇമീഡിയറ്റ് പേയ്മന്‍റ് സർവ്വീസസ് (IMPS), യൂണിഫൈഡ് പേയ്മെന്‍റ്സ് ഇൻറർഫേസ് (UPI), ഭാരത് ഇന്‍റർഫേസ് ഫോർ മണി (BHIM), ഭാരത് ബിൽ പേയ്മെന്‍റ് സിസ്റ്റം (BBPS), ആധാർ എനേബിൾഡ് പേയ്മെന്‍റ് സിസ്റ്റം (AEPS), ഭാരത് ക്യൂആർകോഡ് ആന്‍റ് മൊബൈൽ വാലറ്റുകൾ തുടങ്ങിയവ. 3 ഡിജിറ്റൽ പേയ്മെന്‍റുകൾ, ആർറ്റിജിഎസ് (RTGS) (കസ്റ്റമർ ഇടപാടുകളും, അന്തർ ബാങ്ക് ഇടപാടുകളും), ചില്ലറ ഇലക്ട്രോണിക് പേയ്മെന്‍റ്സ്, കാർഡ് പേയ്മെന്‍റ്സ് (ക്രെഡിറ്റും, ക്രെഡിറ്റു കാർഡ്, പോയിന്‍റു ഓഫ് സെയിൽ (pos), ടെർമിനലുകളിൽ പെയ്മെന്‍റ് ഇൻസ്ട്രുമെന്‍റുകളിൽകൂടി നടത്തുന്ന പെയ്മെന്‍റുകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ്. |