RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78519774

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ സുപ്രധാന തീരുമാനങ്ങൾ വേണ്ട സമയം. ധനകാര്യ സ്ഥിരതാ സ്ഥാനത്തു നിന്നുള്ള ഒരു കാഴ്ചപ്പാട്

ഭാരതീയ സ്റ്റേറ്റ് ബാങ്ക് 2020 ജൂലൈ 11ന് സംഘടിപ്പിച്ച ഏഴാമത് എസ് ബി ഐ ബാങ്കിംഗ് & ഇക്കണോമിക്സ് കോൺക്ലേവിൽ ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തി കാന്ത് ദാസ് നടത്തിയ പ്രസംഗം.

എല്ലാപേർക്കും സ്നേഹനിർഭരമായ സുപ്രഭാതം ഇന്നത്തെ മുഖ്യ പ്രഭാഷണം നടത്താൻ എന്നെ ക്ഷണിച്ചതിന് ഭാരതീയ സ്റ്റേറ്റ് ബാങ്കിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു ഇപ്പോൾ പുതുതായി സാധാരണ കാണുന്ന വെർച്വൽ കോൺഫറൻസിങ് രീതിയിൽ ഇത് സംഘടിപ്പിക്കുവാൻ സംഘാടക സമിതി എടുത്ത ശ്രമങ്ങളെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇന്ന് കോവിഡ്-19 കൊണ്ടുള്ള സാമ്പത്തിക ആഘാതത്തിന് എതിരെയുള്ള രാജ്യത്തിന്‍റെ നടപടികളുടെ മുൻനിരയിലാണ്. അവരാണ് ആർബിഐ യുടെ നാണ്യ, നിയന്ത്രണ, മറ്റു നയ നടപടികളുടെ പ്രസരണ മാധ്യമങ്ങൾ. അവരാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ധനകാര്യ നടപടികള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങള്‍.

2. തൊഴിലുകൾക്കും ക്ഷേമത്തിനും ഉൽപ്പാദനത്തിനും അഭൂതപൂർവ്വമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ കോവിഡ്-19 മഹാമാരിയുടെ പൊട്ടിപ്പുറപ്പെടൽ സ്പഷ്ടമായും സമാധാന കാലത്തിലെ കഴിഞ്ഞ 100 വർഷത്തെ ഏറ്റവും ഗുരുതരമായ ആരോഗ്യ സാമ്പത്തിക പ്രതിസന്ധിയാണ്. നിലവിലുള്ള ലോകക്രമത്തിനും ആഗോള മൂല്യ ശൃംഖലയ്ക്കും ആഗോള തൊഴിൽ മൂലധന നീക്കങ്ങൾക്കും മാത്രമല്ല ലോകജനസംഖ്യയുടെ വലിയ വിഭാഗത്തിന്‍റെ സാമൂഹ്യ സാമ്പത്തിക അവസ്ഥകൾക്കും അത് ക്ഷതം ഏൽപ്പിച്ചു.

3. കോവിഡ്-19 മഹാമാരി നമ്മുടെ സാമ്പത്തിക ധനകാര്യ സംവിധാനത്തിന്‍റെ കരുത്തിന്‍റെയും തിരിച്ചുവരവിനുള്ള കഴിവിന്‍റെയും ഇതുവരെയുള്ള ഏറ്റവും വലിയ പരീക്ഷണമാണ്. നാം ഇന്ന് അഭിമുഖീകരിക്കുന്ന അസാധാരണ പരിതസ്ഥിതിയിൽ കേന്ദ്ര ബാങ്കുകളുടെ പങ്കിനെക്കുറിച്ചുള്ള കുറച്ചു മാർഗദർശനം നൽകാൻ ചരിത്രത്തിന് കഴിയുന്നതാണ്. ബേജ്ഹോട്ടിന്‍റെ പ്രമാണ വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്ന പുരാതന യുക്തി. 1കേന്ദ്രബാങ്കിന് ചാർത്തുന്ന അവസാന ആശ്രയമായ ഉത്തമർണ്ണൻ എന്ന പദവി നൽകുന്ന മാർഗദർശനം സ്വീകരിച്ച് ഇപ്പോഴത്തെ പ്രതിസന്ധിയിൽ യഥാർത്ഥ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകാനും ധനകാര്യ വ്യവസ്ഥയെ സംരക്ഷിക്കാനും ഭാരതീയ റിസർവ് ബാങ്ക് ചരിത്രം കുറിക്കുന്ന പ്രധാനപ്പെട്ട ധാരാളം നടപടികൾ എടുത്തിട്ടുണ്ട്. നമ്മുടെ നയ പ്രതികരണങ്ങളുടെ അവസാന വിജയം കുറച്ചുനാൾ കഴിഞ്ഞേ അറിയാനാകൂ എങ്കിലും അവ ഇതുവരെ നന്നായി പ്രവർത്തിച്ചു എന്നാണ് തോന്നുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിൽ കൂടെ നയിക്കുന്നതിന് നമ്മുടെ നിശ്ചയവും സമർപ്പണവും ആവർത്തിക്കുമ്പോൾ തന്നെ നമ്മുടെ നടപടികളുടെ ചില മുഖ്യ വശങ്ങൾ എടുത്തുകാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു.

I. നാണ്യ നയ നടപടികൾ

4. 2019 ഫെബ്രുവരിക്കും മഹാമാരിയുടെ ശക്തമായ തുടക്കത്തിനും ഇടയിൽ ആകെ 135 ബേസിസ് പോയിന്‍റുകളുടെ റിപ്പോ നിരക്ക് കുറവ് വരുത്തൽ കൊണ്ട് നാണ്യനയം അതിനകം തന്നെ ഒരു സഹായകരമായ വിധത്തിൽ ആയിരുന്നു. അകാലത്തിൽ ഉണ്ടായ വർഷം 2019-20 രണ്ടാം പകുതിയിൽ ഭക്ഷ്യവിലക്കയറ്റത്തിൽ താൽക്കാലികമായി രൂക്ഷമായ വർധന ഉണ്ടാക്കിയെങ്കിലും നാണ്യനയ നിലപാടിൽ ഉണ്ടായ പ്രകടമായ ഈ മാറ്റത്തിന്‍റെ മുഖ്യമായ യുക്തി, വളർച്ചാ മാന്ദ്യത്തിന്‍റെ സംവേദന ശക്തിയെ എതിർദിശയിൽ ആക്കുക എന്നതായിരുന്നു. ഈ നയ നിലപാടുമായി പൊരുത്തപ്പെടുന്ന വിധത്തിൽ രൊക്കം പണലഭ്യത 2019 ജൂൺ മാസത്തിനുശേഷം ഇതുവരെയും ആവശ്യം ഉള്ളതിനേക്കാൾ ധാരാളം അധികം ആയിട്ടാണ് നിലനിർത്തിയിട്ടുള്ളത് ഈ നടപടികളുടെ സാവധാനത്തിലുള്ള പ്രത്യാഘാതം ജനങ്ങളുടെ ജീവനും ജീവിത മാർഗത്തിനും അപായം വരുത്തിക്കൊണ്ട് കോവിഡ്-19 അത്യാഹിത സമാനമായ ദുരിതം അതിനൊപ്പം കൊണ്ടു വന്ന സമയത്ത് സമ്പദ്‌വ്യവസ്ഥയിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഒരു ചാക്രിക എതിർദിശ ഗമനത്തെ മുന്നോട്ടു നയിക്കാൻ തുടങ്ങുകയായിരുന്നു.

5. കോവിഡ്-19 ലേഖയുടെ പരിണാമ സംബന്ധമായ അനിശ്ചിതത്വത്തിന്‍റെ വെളിച്ചത്തിൽ ഉണ്ടായി വരുന്ന സാമ്പത്തിക റിസ്കുകളെ പ്രതീക്ഷിക്കേണ്ടതും പോളിസി ട്രാക്ഷനെ പരമാവധി ആക്കാൻ നയ ഉപാധികളുടെ സമഗ്ര ശ്രേണിയെ ഉപയോഗിച്ച് മുൻകൂട്ടിത്തന്നെ സാമാന്യ വ്യാപ്തിയുള്ള നാണ്യനയ നടപടികൾ എടുക്കേണ്ടതും തികച്ചും നിർണായകമായി വന്നു. ദ്രുതഗതിയിൽ മാറിക്കൊണ്ടിരുന്ന സ്ഥൂല സാമ്പത്തിക പരിസ്ഥിതിയും വളർച്ചയെ സംബന്ധിച്ച് വഷളായി കൊണ്ടിരുന്ന ഭാവി വീക്ഷണവും നാണ്യ നയ സമിതി (എം.പി.സി) യുടെ മീറ്റിങ്ങുകൾ പതിവ് ഇടവേളകളിൽ അല്ലാതെ 2020 മാർച്ചിലും വീണ്ടും മെയ് മാസത്തിലും നടത്തേണ്ട ആവശ്യം വന്നു. എം.പി.സി. ഈ രണ്ടു മീറ്റിങ്ങുകളിലും കൂടി നയ റിപ്പോ നിരക്കിൽ മൊത്തം 115 ബേസിസ് പോയിന്‍റുകളുടെ കുറവ് വരുത്താൻ തീരുമാനിച്ചപ്പോൾ 2019 ഫെബ്രുവരിക്കു ശേഷം ആകെ നയ റിപ്പോ നിരക്ക് കുറച്ചത് 250 ബേസിസ് പോയിന്‍റുകളായി ഉയർന്നു.

രൊക്കം പണലഭ്യതാ നടപടികൾ

6. കീഴ്നടപ്പ് അനുസരിച്ചുള്ളതും അല്ലാത്തതുമായ നാണ്യനയവും രൊക്കം പണലഭ്യതാ നടപടികളും കൊണ്ട് റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത് കമ്പോള വിശ്വാസ്യത പുനസ്ഥാപിക്കുക, രൊക്കം പണലഭ്യത സമ്മർദ്ദം ദുരീകരിക്കുക, ധനകാര്യ സ്ഥിതിയിൽ അയവ് വരുത്തുക, ക്രെഡിറ്റ് വിപണികളെ (ബോണ്ടുകൾ തുടങ്ങിയവ നിക്ഷേപകർക്ക് നൽകുന്ന കമ്പോളങ്ങൾ) പ്രവർത്തന നിരതം ആക്കുക ഉല്പാദക ആവശ്യങ്ങൾക്കായി ധനസഹായം വേണ്ടവരിലേക്ക് വിഭവങ്ങളുടെ ഒഴുക്ക് വർധിപ്പിക്കുക എന്നീ കാര്യങ്ങളാണ്. വിശാലമായ ഉദ്ദേശ്യം എന്നത് ധനകാര്യ സ്ഥിരത സംരക്ഷിക്കപ്പെടുന്നതോടൊപ്പം വളർച്ച കാഴ്ചപ്പാടിന്‍റെ റിസ്ക്കുകൾ ലഘൂകരിക്കുക എന്നതായിരുന്നു. റിസർവ് ബാങ്ക് 2020 ഫെബ്രുവരിക്ക് ശേഷം പ്രഖ്യാപിച്ച രൊക്കം പണലഭ്യതാ നടപടികൾ ഏകദേശം 9.57 ലക്ഷം കോടി രൂപയാണ്. (2019-20 ലെ നാമമാത്ര ജിഡിപിയുടെ ഏകദേശം 4.7 ശതമാനത്തിന് തുല്യം).

II. ധനകാര്യ സ്ഥിരതയും വികസന നടപടികളും

7. മഹാമാരി എത്തുന്നതിന് കുറച്ചുനാളുകൾക്ക് മുൻപേ റിസർവ് ബാങ്കിന്‍റെ നിയന്ത്രണപരവും മേൽനോട്ട സംബന്ധവുമായ വിവിധ നടപടികൾ കാരണം രാജ്യത്തിന്‍റെ ധനകാര്യ സംവിധാനം വളരെ മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നു ക്രെഡിറ്റ് അച്ചടക്കം ശക്തിപ്പെടുത്താനും ക്രെഡിറ്റ് കേന്ദ്രീകരണം കുറയ്ക്കുന്നതിനും ബഹുവിധ നടപടികൾ നടപ്പിലാക്കിയത് കൂടാതെ സമ്മർദ്ദ ആസ്തികളുടെ പരിഹാരത്തിനായി ഒരു ചട്ടക്കൂടും നടപ്പാക്കിയിട്ടുണ്ട് സർക്കാർ 2015-16 നും 2019-20 നും ഇടയിലുള്ള അഞ്ചു വർഷക്കാലത്തിനകത്ത് പൊതുമേഖലാ ബാങ്കുകൾക്കുള്ളിലേക്ക് മൊത്തം 3.08 ലക്ഷം കോടി രൂപ കൊണ്ടുവന്നിട്ടുണ്ട്. റിസർവ് ബാങ്കിന്‍റെയും സർക്കാരിന്‍റെയും പരിശ്രമങ്ങളുടെ ഫലമായി ബാങ്കിംഗ് സംവിധാനത്തിന്‍റെ സമ്മർദ്ദം ആസ്തികളുടെ മുമ്പോട്ട് ഉന്തി നിൽക്കല്‍ കുറഞ്ഞുവരികയും മൂലധനത്തിന്‍റെ അവസ്ഥ മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ലഭ്യമായ സംഖ്യകൾ (അവയിൽ ചിലത് താൽക്കാലികമാണ്) പ്രകാരം ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ (എസ്.സി.ബി കളുടെ) മൊത്തത്തിലുള്ള മൂലധന പര്യാപ്തത 2019 മാർച്ചിലെ 14.3 ശതമാനത്തെ അപേക്ഷിച്ച് 2020മാർച്ച് ല്‍ 14.8 ശതമാനം ആയിരുന്നു പി.എസ്.ബി. കളുടെ സി.ആർ.എ.ആർ (CRAR) 2019 മാർച്ചിലെ 12.2 ശതമാനത്തിൽ നിന്നും 2020 മാർച്ചിൽ 13.0 ശതമാനമായി മെച്ചപ്പെട്ടു എസ്.സി.ബി.കളുടെ കിട്ടാക്കടം (Gross & Net) യഥാക്രമം 2019 മാർച്ചിലെ 9.1 ശതമാനം, 3.7 ശതമാനം എന്നതിൽനിന്നും 2020 മാർച്ചിൽ 8.3 ശതമാനവും 2.9 ശതമാനവും ആയി തീർന്നു. പ്രൊവിഷൻ കവറേജ് റേഷ്യോ (പി.സി.ആർ) മാർച്ച് 2019 ലെ 60.5 ശതമാനത്തിൽ നിന്ന് മെച്ചപ്പെട്ട് 2020 മാർച്ചിൽ 65.4 ശതമാനമായി. ഇത് കാണിക്കുന്നത് റിസ്ക് ഉൾക്കൊള്ളാനുള്ള ശേഷി അനുസരിച്ച് തിരിച്ചുവരവിനുള്ള ഉയർന്ന പ്രാപ്തിയാണ്. എസ്.സി.ബി. കളുടെ ലാഭക്ഷമതയും ഈ വർഷം മെച്ചപ്പെട്ടിരുന്നു. എൻ.ഡി.എഫ്.സി. കളുടെ കിട്ടാക്കടങ്ങള്‍ (Gross and Net) 2019 മാർച്ച് 31ൽ 6.1 ശതമാനവും 3.3 ശതമാനവും ആയിരുന്നത് 2020 മാർച്ച് 31ന് യഥാക്രമം 6.4 ശതമാനവും 3.2 ശതമാനവും ആയി തീർന്നു അവരുടെ സി.ആർ.എ.ആർ 2019-20 കാലത്ത് 20.1 ശതമാനത്തിൽ നിന്നും നേരിയ കുറവുണ്ടായി 19.6 ശതമാനത്തിലെത്തി.

മേൽനോട്ട നിയന്ത്രണ ഉദ്യമങ്ങൾ

8. റിസർവ് ബാങ്കിന്‍റെ മേൽനോട്ട ശ്രമത്തിന് ഒരു പ്രധാന ഉദ്ദേശ്യം ധനകാര്യ സ്ഥാപനങ്ങളുടെ ദുർബലതകൾ തിരിച്ചറിഞ്ഞ് വിലയിരുത്താനും മുൻകൈയെടുത്ത് അവ ലഘൂകരിക്കാനും വേണ്ടി സിസ്റ്റങ്ങളെയും ഘടനകളെയും യഥാസ്ഥാനത്ത് സ്ഥാപിക്കുക എന്നുള്ളതാണ്. കഴിഞ്ഞ ഒരു വർഷക്കാലം സ്ഥിരതക്ക് ഒരു ഭീഷണിയാകാൻ ശേഷിയുള്ള സംഭവങ്ങളുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ നിയന്ത്രണത്തിനും മേൽനോട്ടത്തിനും നേർക്ക് മൊത്തത്തിൽ ഉള്ള ഒരു സമീപനം നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടുകൂടി റിസർവ് ബാങ്ക് അതിന്‍റെ നിയന്ത്രണ മേൽനോട്ട പ്രവർത്തനങ്ങളെ പുനസംഘടിപ്പിച്ചിട്ടുണ്ട് ഈ ഏകീകൃത സമീപനം ബാങ്കുകൾക്കും എൻ,ബി.എഫ്.സി. കൾക്കും ഇടയിലുള്ള കൂടുതലായികൊണ്ടിരിക്കുന്ന വലിപ്പം സങ്കീർണ്ണതകൾ അന്തർ സ്ഥാപന ബന്ധങ്ങൾ എന്നിവയെ അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യം വെച്ചാണ്. ഇതോടൊപ്പം ലക്ഷ്യംവയ്ക്കുന്നത് സംഭവ്യമായ വിവര പ്രതി സാമ്യമില്ലായ്മ മേൽനോട്ടം അല്ലെങ്കിൽ നിയന്ത്രണ മധ്യസ്ഥം വഹിക്കൽ എന്നിവ കാരണം ഉയർന്നു വരാവുന്ന മൊത്തം സിസ്റ്റത്തിനുമുള്ള അപകട സാധ്യതയെ അഭിസംബോധന ചെയ്യുക എന്നതു കൂടി ആണ്. കൂടുതലായി നഷ്ടസാധ്യത ഉണ്ടാക്കാവുന്ന സ്ഥാപനങ്ങളുടെയും രീതികളുടെയും മേൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മേൽനോട്ട പ്രവർത്തനത്തിന് ആവശ്യമുള്ള മോഡുലാരിറ്റിയും സ്കെയിലബിലിറ്റിയും പ്രദാനം ചെയ്യുന്നതിനും മേൽനോട്ടം സംബന്ധമായ ഉദ്ദേശ്യങ്ങൾ നേടുന്നതിന് ഉചിതമായ വ്യാപ്തിയിൽ പണി കോപ്പുകളും സാങ്കേതികവിദ്യയും വിന്യസിപ്പിക്കുന്നതിനും തിരിച്ചറിഞ്ഞ് ആശങ്കപ്പെടുത്തുന്ന മേഖലകളെ സംബന്ധിച്ച് മേൽനോട്ടം വഹിക്കുന്ന സ്ഥാപനങ്ങളിൽ സമാന്തര അല്ലെങ്കിൽ പ്രമേയാധിഷ്ഠിത പഠനങ്ങൾ നടത്തുന്നതിനുള്ള കഴിവ് കൂട്ടുന്നതിനും വേണ്ടി ഒരു അളന്നു കുറിച്ച സമീപനം രൂപപ്പെടുത്തിയിട്ടുണ്ട്. യഥാസമയം നടപടി എടുക്കുന്നതിനായി മേൽനോട്ടത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ദുർബലതകൾ വിലയിരുത്തുന്നതിനും വെളിപ്പെട്ടുവരുന്ന നഷ്ട സാധ്യതകളെ തിരിച്ചറിയാനും ആയി മേൽനോട്ട സമീപനം എന്ന നിലയ്ക്ക് റിസർവ്ബാങ്ക് അതിന്‍റെ വിദൂര നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട് മനുഷ്യരുടെയും സാങ്കേതികവിദ്യയുടെയും ബുദ്ധി ശക്തി ഉപയോഗിച്ച് ഞങ്ങൾ മേൽനോട്ട തലത്തിലെ കമ്പോള രഹസ്യ അന്വേഷണ ക്ഷമത കൂട്ടുന്നതിനായി ശ്രമം നടത്തികൊണ്ടിരിക്കുന്നു.

9. ദുർബലമായ സ്ഥാപനങ്ങളുടെ റിസർവ് ബാങ്കിന്‍റെ കൈകാര്യം ചെയ്യൽ ഇപ്പോൾ തടസ്സം ഇല്ലാത്ത വിധത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിനും അവയുടെ പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കുന്നതിനും സഹായകമാകുന്നുണ്ട്. യഥാ സമയത്തും വിജയകരം ആയും ഉള്ള യെസ് ബാങ്കിന്‍റെ പ്രശ്നപരിഹാരം ഒരു ഉദാഹരണമാണ് സാധ്യമായ എല്ലാ മാർഗങ്ങളും അവസാനിച്ചശേഷം നിക്ഷേപകരുടെ താൽപര്യസംരക്ഷണത്തിനും ധനകാര്യ സംവിധാനത്തിന്‍റെ സ്ഥിരത ഉറപ്പാക്കുവാനും വേണ്ടി ഞങ്ങൾ ഉചിതമായ സമയത്ത് ഇടപെടാൻ തീരുമാനിക്കുമ്പോൾ ബാങ്കിന്‍റെ അറ്റ മൂല്യം വേണ്ടതിൽ കൂടുതൽ ആയിരുന്നു. യെസ് ബാങ്ക് പുനർ നിർമ്മാണ പദ്ധതി ഇന്ത്യയിലെ മുൻപന്തിയിലുള്ള ധനകാര്യ സ്ഥാപനങ്ങൾ തമ്മിൽ ഒരു സവിശേഷ പൊതു-സ്വകാര്യ പങ്കാളിത്ത കൂട്ടായ്മ രൂപപ്പെടുത്തുകയും വളരെ പെട്ടെന്നുതന്നെ അത് നടപ്പിലാക്കുകയും ചെയ്തു. അത് ബാങ്കിന്‍റെ പുനരുദ്ധാരണത്തിനും നിക്ഷേപകരുടെ താൽപര്യ സംരക്ഷണത്തിനും ഒപ്പം ധനകാര്യ സ്ഥിരത ഉറപ്പുവരുത്തുന്നതിനും സഹായകമായിത്തീർന്നു നേതൃത്വം നൽകിയ ഭാരതീയ സ്റ്റേറ്റ് ബാങ്കിനെ അഭിനന്ദിക്കാൻ ഞാനാഗ്രഹിക്കുന്നു പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്‍റെ കാര്യത്തിൽ നഷ്ടം വളരെ കൂടുതൽ ആയതിനാലും നിക്ഷേപങ്ങളുടെ 50 ശതമാനത്തിൽ കൂടുതൽ ഒലിച്ചുപോയതിനാലും ഒരു പ്രാവർത്തിക പരിഹാരം കണ്ടുപിടിക്കുന്നതിന് റിസർവ് ബാങ്ക് എല്ലാ പദ്ധതി പങ്കാളികളുമായി കൂടിയാലോചനയിൽ ഏർപ്പെട്ടിരിക്കുകയാണ്.

10. എൻ.ബി.എഫ്.സി കളുടെ കാര്യത്തിൽ പദ്ധതി പങ്കാളികളുമായി ഉള്ള സജീവ കൂടിയാലോചന വെളിപ്പെട്ടു വരുന്ന റിസ്ക്കുകളെ തിരിച്ചറിയാനും വേഗത്തിൽ നടപടിയെടുക്കാനും പ്രയോജനകരമായിരുന്നു. അവരുടെ കൂടിക്കൊണ്ടിരിക്കുന്ന വലുപ്പവും അന്തർസ്ഥാപന ബന്ധപ്പെടുത്തലും പരിഗണിച്ചു് റിസർവ് ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ റിസ്ക് കൈകാര്യം ചെയ്യുന്നതും രൊക്കം പണലഭ്യത കൈകാര്യം ചെയ്യുന്നതുമായ ചട്ടക്കൂടിനെ ശക്തിപ്പെടുത്താൻ നടപടികൾ എടുത്തിട്ടുണ്ട്. നിങ്ങൾക്ക്‌ അറിയാവുന്നതു പോലെ 5000 കോടി രൂപയിൽ കൂടുതൽ വലുപ്പമുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോട് പ്രവൃത്തിപരമായി സ്വാതന്ത്ര്യമുള്ളതും വ്യക്തമായ നിശ്ചിത പങ്കും ഉത്തരവാദിത്വങ്ങളും ഉള്ളതും ആയ ഒരു ചീഫ് റിസ്ക് ഓഫിസറെ നിയമിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള എൻ ബി എഫ് സി കളെ റിസർവ് ബാങ്കിന്‍റെ നേരിട്ടുള്ള ഇൻസ്‌പെക്ഷൻ ചട്ടക്കൂടിന്‍റെയും വിദൂര സൂക്ഷ്മ നിരീക്ഷണത്തിന്‍റെയും കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. ഭാരതീയ റിസർവ് ബാങ്ക് നിയമം 1934 ന്‍റെ 2019 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതിയുടെ ഫലമായി എൻ ബി എഫ് സി കളെ കൂടുതൽ നന്നായി നിയന്ത്രിക്കാനും അവയുടെ മേൽനോട്ടം നടത്താനുമുള്ള റിസർവ് ബാങ്കിന്‍റെ കഴിവിനെ ബലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചില വലിയ എൻ ബി എഫ് സി കളും ചില ദൗർബല്യങ്ങളുള്ള എൻ ബി എഫ് സി കളും നിരന്തരമായി അടുത്ത് നിന്ന് നിരീക്ഷിക്കപെടുന്നുണ്ട്.

11. അർബൻ സഹകരണ ബാങ്കുകളുടെ (യു.സി.ബി കളുടെ) കാര്യത്തിൽ അവരുടെ പ്രവർത്തനങ്ങളിൽ ഉള്ള ദൗർബല്യങ്ങളെ മുൻകൂട്ടി അറിയുന്നതിനായി റിസ്ക് അടിസ്ഥാനത്തിലും മുൻകൂട്ടി തനിയെ നിശ്ചയിച്ചു ചെയ്യുന്നതുമായ ഒരു മേൽനോട്ട സമീപനത്തിലേക്കു നീങ്ങുവാൻ പ്രത്യേക ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ദുർബല ബാങ്കുകളെ യഥാസമയം തിരിച്ചറിഞ്ഞ് ഉചിതമായ നടപടികൾ എടുക്കുന്നതിനായി സമ്മർദ്ദ- പരിശോധനാ ചട്ടക്കൂടോടുകൂടിയ, നേരത്തെ മുന്നറിയിപ്പ് നൽകുന്ന ഒരു സംവിധാനം രൂപീകരിച്ചിട്ടുണ്ട്. യു സി ബി കൾക്ക് രൊക്കം പണലഭ്യത, മൂലധനം, ഐ റ്റി ശേഷി വർധിപ്പിക്കൽ പിന്തുണ എന്നിവ പ്രദാനം ചെയ്യുന്നതിനായി ഒരു സംഘടനയുടെ രൂപീകരണം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. യു സി ബി കളുടെ പരമാവധി വായ്പാ പരിധി, വായ്പാ കേന്ദ്രീകരണം കുറയ്ക്കുന്നതിനായി താഴ്ത്തികൊണ്ടുവരികയും യു സി ബി കൾ അവരുടെ പരമപ്രധാന മേഖലയായ സൂക്ഷ്മ ചെറുകിട വായ്പക്കാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മുൻഗണനാ മേഖലയുടെ ലക്ഷ്യങ്ങൾ ഗണ്യമായി ഉയർത്തി പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ റിസർവ് ബാങ്ക് നിയമം 1934, ബാങ്കിങ് റെഗുലേഷൻ ആക്ട്, 1949 എന്നിവയിൽ ഈയിടെ വരുത്തിയ ഭേദഗതികൾ യഥാക്രമം എൻ ബി എഫ് സി കളുടെയും യു സി ബി കളുടെയും മേൽനോട്ട പ്രക്രിയകൾ സുകരമാക്കും

മഹാമാരിയോടുള്ള പ്രതികരണം

12. മഹാമാരിയോടുള്ള പ്രതികരണത്തിന്‍റെ ഭാഗമായി റിസർവ് ബാങ്ക് ഇതിനോടകം തന്നെ പൊതുമണ്ഡലത്തിൽ വന്നിട്ടുള്ള അവരുടെ നടപടികളുടെ ഒരു പരമ്പര തന്നെ ഏറ്റെടുത്തിട്ടുണ്ട്. അതുകൂടാതെ റിസർവ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് എല്ലാ നിയന്ത്രിത സ്ഥാപനങ്ങളും കോവിഡ്-19 കൊണ്ടുള്ള ശിഥിലീകരണം കുറയ്ക്കാനായി വളരെ വേഗത്തിൽ അതിനെതിരെയുള്ള ആകസ്മിക പ്രതികരണ നടപടികൾ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനും കൂടി ആയിരുന്നു. അതനുസരിച്ച് പ്രതിസന്ധിയുടെ ശക്തമായ തുടക്കം മുതൽ തന്നെ നയനടപടികൾ ലക്‌ഷ്യം വച്ചത് പ്രവർത്തന സംബന്ധമായ പ്രശ്നങ്ങൾ, പ്രതേകിച്ചും ധനകാര്യ കമ്പോളത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളുടെ തുടർച്ചയും തടസ്സം കൂടാതെയുള്ള പ്രവർത്തനങ്ങളും ഉറപ്പു വരുത്തുക എന്നതായിരുന്നു. റിസർവ് ബാങ്ക് അതിന്‍റെ സ്വന്തം പ്രവർത്തനങ്ങൾക്കായി വിപുലമായ ഒരു കാര്യനിർവ്വഹണ തുടർച്ചാ പദ്ധതി സജീവമാക്കുകയും അതോടൊപ്പം തന്നെ ബാങ്കുകൾ അവരുടെ പ്രവർത്തന തുടർച്ചാപദ്ധതികൾ പ്രവർത്തിപ്പിച്ചു തുടങ്ങുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. 2020 മാർച്ച് 16ന് എല്ലാ ബാങ്കുകളോടും നിർണായക പ്രക്രിയയുടെ സ്ഥിതിനിർണ്ണയം നടത്തുവാനും പ്രവർത്തന തുടർച്ചാ പദ്ധതികളുടെ പുനരവലോകനം നടത്തുവാനും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എല്ലാ സ്ഥാപനങ്ങളോടും അവരുടെ ബാക്കിപത്രം, ആസ്തിഗുണം, രൊക്കം പണലഭ്യത എന്നിവക്കുമേൽ ഉണ്ടായിട്ടുള്ള കോവിഡ്-19 ആഘാതം വിലയിരുത്തുന്നതിനും അവരുടെ റിസ്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ ഉടനടി എടുക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട്.

13. അടച്ചുപൂട്ടൽ (ബ്രേക്ക് ഡൌൺ) നേരിട്ടുചെന്നുള്ള മേൽനോട്ട പരിശോധന ഒരു പരിധി വരെ തടസ്സപ്പെടുത്തിയിട്ടുള്ളതു കൊണ്ട് ഞങ്ങളുടെ വിദൂര സൂക്ഷ്മ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കികൊണ്ടിരിക്കുന്നു. വിദൂര സൂക്ഷ്മ നിരീക്ഷണ സംവിധാനത്തിന്‍റെ ഉദ്ദേശം നേരിട്ടുപോകാതെ 'ആപത്തു മണത്തറിഞ്ഞ്' അതൊഴിവാക്കുവാൻ ആവശ്യമായ നടപടികൾ മുൻകൂട്ടി തുടങ്ങുവാനും സാധ്യമാക്കുക എന്നതാണ്. ഇതിന് കമ്പോള രഹസ്യ വിവരങ്ങൾ ഉപയോഗിക്കുകയും ലീനമായ ദൗർബല്യങ്ങളെക്കുറിച്ച് ധനകാര്യ സ്ഥാപനങ്ങളുമായി നിരന്തര സമ്പർക്കത്തിൽ തുടരുകയും ചെയ്യേണ്ടതുണ്ട്. വിദൂര വിലയിരുത്തൽ ചട്ടക്കൂട്, സ്ഥൂല സൂക്ഷ്മ ചരങ്ങളെ കണക്കിലെടുക്കുന്നതും കൂടുതൽ വിശകലനാത്മകവും മുന്നിലേക്ക് നോട്ടമുള്ളതും കൂടാതെ ദുർബല മേഖലകളുടെയും കടം കൊള്ളുന്നവരുടെയും മേൽനോട്ട വിധേയ സ്ഥാപനങ്ങളുടെയും തിരിച്ചറിയൽ ലക്‌ഷ്യം വയ്ക്കുന്നതുമാണ്.

14. റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുള്ള ബഹുദിശാ സമീപനം ബാങ്കുകൾക്ക് മേൽ മഹാമാരി ഏല്പിച്ച പെട്ടെന്നുള്ള ആഘാതത്തിൽ നിന്നും സംരക്ഷണം നൽകിയിട്ടുണ്ട് എന്നിരിക്കിലും ഇടത്തരം കാലാവധി സംബന്ധിച്ച കാഴ്ചപ്പാട് അനിശ്ചിതമായും, കോവിഡ്-19 ലേഖയെ ആശ്രയിച്ചും ആണ് ഉള്ളത്. ഇടത്തരം കാലാവധിക്ക് വേണ്ടിയുള്ള നയ നടപടി തീരുമാനിക്കുവാൻ എങ്ങനെയാണ് ഈ പ്രതിസന്ധി വെളിപ്പെട്ടു വരുന്നത് എന്ന് ശ്രദ്ധാപൂർവ്വമുള്ള ഒരു വിലയിരുത്തൽ ആവശ്യമായി വരും. കരുതലുകൾ ഉണ്ടാക്കുന്നതും മൂലധനം സമാഹരിക്കുന്നതും വായ്പാ പ്രവാഹം ഉറപ്പിക്കുന്നതിനു മാത്രമല്ല ധനകാര്യ വ്യവസ്ഥയിൽ തിരിച്ചുവരവിനുള്ള ശേഷി സൃഷ്ടിക്കുന്നതിനും കൂടിയാണ്. ഞങ്ങൾ അടുത്ത കാലത്ത് (2020 ജൂൺ 19, ജൂലൈ 1) എല്ലാ ബാങ്കുകളെയും നിക്ഷേപം സ്വീകരിക്കാത്ത എൻ ബി എഫ് സി കളെയും (5000 കോടി രൂപ ആസ്തി വലുപ്പമുള്ളവ) നിക്ഷേപം സ്വീകരിക്കുന്ന എൻ ബി എഫ് സി കളെയും 2020-21 വർഷത്തെ അവരുടെ ബാക്കിപത്രം, ആസ്തി ഗുണം, രൊക്കം പണലഭ്യത, ലാഭ ലഭ്യത, മൂലധന പര്യാപ്തത എന്നിവയ്ക്ക് മേൽ കോവിഡ്-19 ന്‍റെ ആഘാതം വിലയിരുത്താൻ അറിയിച്ചിട്ടുണ്ട്. ഇത്തരം സമ്മർദ്ദ പരിശോധനയുടെ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ മറ്റു കാര്യങ്ങളോടൊപ്പം മൂലധന ആസൂത്രണം, മൂലധന സമാഹരണം, അടിയന്തിര രൊക്കം പണലഭ്യതാ ആസൂത്രണം ഉൾപ്പെടെ സാധ്യമായ ലഘൂകരണ നടപടികൾ തയ്യാറാക്കി നടപ്പാക്കുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകൾക്ക് തുടർച്ചയായ വായ്പാ ലഭ്യത ഉറപ്പാക്കുക, ധനകാര്യ സ്ഥിരത നിലനിർത്തുക എന്നതാണ് ഈ ചിന്ത കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

III മുഖ്യ വെല്ലുവിളികൾ

15. മുന്നോട്ടു പോകുമ്പോൾ റിസ്കുകൾ ലഘൂകരിക്കുന്നതിന് സ്ഥിരമായ നിയന്ത്രണപരവും നയപരവുമായ ശ്രദ്ധ ആവശ്യമായി വരുന്ന കുറച്ചു സമ്മർദ്ദ സ്ഥാനങ്ങൾ ധനകാര്യ വ്യവസ്ഥയിലുണ്ട്. മഹാമാരിയുടെ ആഘാതം അടച്ചുപൂട്ടൽ കൊണ്ടും പ്രതീക്ഷിക്കപ്പെടുന്ന അടച്ചുപൂട്ടലിനു ശേഷമുള്ള സാമ്പത്തിക വളർച്ചയിലെ സങ്കോചം കൊണ്ടും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വർധനയിലും മൂലധന ശോഷണത്തിലും കലാശിച്ചേക്കാം. അത് കൊണ്ട് ഒരു പുനർ മൂലധന രൂപീകരണ പദ്ധതി പൊതുമേഖലാ ബാങ്കുകൾക്കും സ്വകാര്യ ബാങ്കുകൾക്കും അത്യാവശ്യമായി തീർന്നിട്ടുണ്ട്. എൻ ബി എഫ് സി വിഭാഗം മൊത്തത്തിൽ പൂർവ സ്ഥിതിയിലേക്ക് വരുന്നു എന്ന് തോന്നുമ്പോഴും എൻ ബി എഫ് സി കളുടെ മേലും മ്യൂച്ചൽ ഫണ്ടുകളുടെ മേലും ഉണ്ടാകാവുന്ന വീണ്ടെടുപ്പ് സമ്മർദ്ദം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. മ്യൂച്ചൽ ഫണ്ടുകൾ, എൻ ബി എഫ് സി കൾ പുറപ്പെടുവിക്കുന്ന കമ്പോള ഇൻവെസ്റ്റ്മെന്‍റുകളിലെ പ്രധാന നിക്ഷേപകരായി തീർന്നിട്ടുണ്ട് എന്നത് കൊണ്ട് ഒരു പ്രതികൂല വിലയിരുത്തൽ കുരുക്കും ബന്ധപ്പെട്ട വ്യവസ്ഥാ റിസ്കും വികാസം പ്രാപിക്കുന്നതിനെതിരെ യഥാസമയത്തുള്ളതും ലക്ഷ്യത്തിലേക്കുള്ളതുമായ നയ ഇടപെടലുകൾ അത്യാവശ്യമാക്കിയിരിക്കുന്നു. എൻ ബി എഫ് സി കൾക്കുള്ള ബാങ്കുകളുടെ കടം കൊടുക്കൽ വിഹിതം വർധിപ്പിക്കൽ, എൻ ബി എഫ് സി കളും ഭവന വായ്പാ പദ്ധതികളും നേരിടുന്ന വിപണി അടിസ്ഥാനമായിട്ടുള്ള വായ്‌പാ പ്രതിസന്ധിയുടെ തുടർന്ന് പോകൽ എന്നീ കാര്യങ്ങളും ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ട ആവശ്യമുണ്ട്.

16. 2008-09 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും COVID-19 മഹാമാരിയും ധനകാര്യ വ്യവസ്ഥ നേരിടേണ്ടി വരുന്ന നഷ്ടപ്പെടാനുള്ള സാധ്യത (ടെയിൽ റിസ്കുകൾ) അപൂർവമായി മാത്രമേ സംഭവിക്കുകയുള്ളൂ എന്ന ധാരണയെ തള്ളിക്കളഞ്ഞു. റിസ്ക് ഇവന്‍റുകളുടെ സംഭാവ്യതാ വിതരണത്തില്‍ (പ്രോബബിലിറ്റി ഡിസ്‌ട്രിബ്യൂഷനിൽ) ഞങ്ങൾ കരുതുന്നതിനേക്കാൾ വലിയ നഷ്ടസാധ്യതകളുണ്ട് (fatter tails). ഒരു ജീവിതകാലത്ത്‌ ഒരിയ്ക്കൽ മാത്രം എന്ന് വിശേഷിപ്പിച്ചിരുന്ന ധനകാര്യ വ്യവസ്ഥക്കുണ്ടാകുന്ന ആഘാതം ഒരു ദശകത്തിൽ ഒരിക്കൽ എന്നതിനേക്കാളും കൂടുതൽ ആവർത്തിക്കുന്നു എന്ന് തോന്നുന്നു. തദനുസരണം ചരിത്രപരമായ നഷ്ട സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അളന്നു കുറിച്ച് വച്ചിട്ടുള്ള ബാങ്കുകളുടെ ഏറ്റവും കുറഞ്ഞ മൂലധന ആവശ്യങ്ങൾ ഇനിമേൽ നഷ്ടങ്ങൾ ഉൾകൊള്ളാൻ പര്യാപ്തമാണെന്നു കരുതാനാവില്ല. ഏറ്റവും കുറഞ്ഞ മൂലധന ആവശ്യകത നിറവേറ്റുക എന്നത് ആവശ്യം തന്നെ. പക്ഷെ അത് ധനകാര്യ സ്ഥിരതയ്ക്കു വേണ്ട മതിയായ ഒരു സ്ഥിതിയല്ല. ആയതിനാൽ ബാങ്കുകളിലെ റിസ്ക് കൈകാര്യം ചെയ്യലിനോടുള്ള സമീപനം അവ ഭൂതകാലത്തുണ്ടായതിനേക്കാൾ കൂടുതൽ വലുതും വിഭിന്നമായതും ഇടയ്ക്കിടെ ഉണ്ടാകുന്നതും ആണെന്നുള്ള ബോധ്യപ്പെടലുമായി ഒത്തുപോകണമെന്നുള്ളത് അലംഘനീയമാണ്. ശ്രദ്ധയും ജാഗ്രതയും ഭാഗ്യം കൊണ്ടുവരുമെന്നുള്ള പഴമൊഴി ബാങ്കുകൾ ഓർക്കേണ്ടതുണ്ട്. ഓസ്കർ വൈൽഡിനെ പരാവർത്തനം ചെയ്താൽ ‘ഒരു ആഘാതത്തിനു മുന്നിൽ തയ്യാറെടുപ്പില്ലാതെ അകപ്പെട്ടുപോകുന്നത് ഒരു ദൗർഭാഗ്യമായി കരുതാം. എന്നാൽ ഒരു പ്രാവശ്യത്തിൽകൂടുതൽ അകപ്പെടുന്നത് ശ്രദ്ധയില്ലായ്മയുടെ ലക്ഷണമാണ്2’.

17. ഇതിനോടകം എടുക്കപെട്ട നിരവധി നടപടികൾ എന്തൊക്കെത്തന്നെ ആയാലും ഇടത്തരം കാലാവധി മുതൽ ദീർഘകാലാവധി വരെയുള്ള കാലയളവുകളിൽ വെളിപ്പെട്ടുവരാവുന്ന ധാരാളം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന കാര്യത്തിൽ മെച്ചപ്പെടുത്തലിന് എല്ലായ്‌പോഴും സാധ്യതയുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ബാങ്കുകൾക്ക് എങ്ങനെയാണോ, അതുപോലെ എൻ ബി എഫ് സി കൾക്കും മറ്റു ധനകാര്യ മധ്യവർത്തികൾക്കും പൊതുവായിട്ടുള്ളവയാണ്. റിസർവ് ബാങ്കിന്‍റെ മേൽനോട്ട സമീപനം റിസ്കുകളെ ലഘൂകരിക്കാനും കണക്കു കൂട്ടാനും തിരിച്ചറിയാനുമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ കഴിവ് വികസിപ്പിക്കുന്നതിൽ അതിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ്. പുതിയ മേൽനോട്ട സമീപനം ഇരുദിശകളിലുള്ളതാണ്. നിയന്ത്രിത സ്ഥാപനങ്ങളുടെ ആന്തരിക പ്രതിരോധ പ്രവർത്തനങ്ങളെ ബലപ്പെടുത്തുക എന്നത് ആദ്യം;. രണ്ടാമതായി നേരത്തെയുള്ള മുന്നറിയിപ്പ് അടയാളങ്ങളെ തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ എടുക്കുന്നതിൽ കൂടുതലായുള്ള ശ്രദ്ധ കേന്ദ്രീകരണം.

18. ആന്തരിക പ്രതിരോധ കഴിവുകളെ ശക്തിപെടുത്തുന്നതിന് ലക്ഷണങ്ങളിന്മേൽ എന്നതിനേക്കാൾ ദൗർബല്യങ്ങളുടെ കാരണങ്ങളിന്മേൽ ആണ് വലിയ ഊന്നൽ കൊടുത്തു കൊണ്ടിരിക്കുന്നത്. ദുർബ്ബല ബാങ്കുകളുടെ ലക്ഷണങ്ങൾ സാധാരണയായി മോശപ്പെട്ട ആസ്തിഗുണം, ലാഭം ഇല്ലായ്മ, മൂലധന നഷ്ടം, അമിതമായി കടം വാങ്ങൽ, അമിതമായ റിസ്ക് എക്സ്പോഷർ, മോശപ്പെട്ട ബിസിനസ് നടത്തിപ്പ്, രൊക്കം പണലഭ്യതാ ആശങ്കകൾഎന്നിവയാണ്. ഈ വ്യത്യസ്ത ലക്ഷണങ്ങൾ പലപ്പോഴും ഒന്നിച്ചാണ് പുറത്ത്‌ വരുന്നത്. ധനകാര്യ സ്ഥാപനങ്ങൾ ദുർബലമാകുന്നതിനുള്ള കാരണങ്ങൾ താഴെ കൊടുക്കുന്ന ഒന്നോ അതിലധികമോ അവസ്ഥകളിൽ കണ്ടെത്തുവാൻ കഴിയും : വ്യാപാര പരിതസ്ഥിതി വച്ച് നോക്കുമ്പോൾ അനുചിതമായ വ്യാപാര മാതൃകകൾ; മോശപ്പെട്ട, അല്ലെങ്കിൽ ഉചിതമല്ലാത്ത ഭരണ നിർവഹണവും അഷുറൻസ് പ്രവൃത്തികളും; മാനേജ്‍മെന്‍റിന്‍റെ മോശമായ തീരുമാനങ്ങളെടുക്കൽ രീതി; ആന്തരിക പ്രോത്സാഹന ഘടകങ്ങളും ബാഹ്യ പദ്ധതി പങ്കാളികളുടെ താല്പര്യങ്ങളുമായുള്ള പൊരുത്തമില്ലായ്മ3.

19. ഞങ്ങൾ പ്രത്യേകിച്ച് ഊന്നൽ നൽകുന്നത് വ്യാപാര മാതൃകയുടെ വിലയിരുത്തൽ, ഭരണ നിർവഹണവും അഷുറൻസ് പ്രവൃത്തികളും (അനുവർത്തനം, റിസ്ക് കൈകാര്യം ചെയ്യൽ, ആന്തരിക ഓഡിറ്റ് പ്രവൃത്തികൾ) ഇവയാണ് ഉയർന്ന മേൽനോട്ട ആശങ്കകളുടെ മേഖലകൾ, മേൽനോട്ടത്തിന് വിധേയമാക്കപ്പെട്ട സ്ഥാപനങ്ങൾ, ഭരണ നിർവഹണ കാര്യങ്ങളെയും അഷ്വറൻസ് പ്രവൃത്തികളെയും അപകടത്തിലാക്കികൊണ്ടു പോലും വ്യാപാര കാര്യങ്ങളിലേക്കാണ് പൊതുവെ ചായ്‌വ് കാണിക്കുന്നത്. അവരുടെ സ്പഷ്ടമാക്കിയിട്ടുള്ള വ്യാപാര തന്ത്രങ്ങളും യഥാർത്ഥ വ്യാപാര പ്രവർത്തനങ്ങളും തമ്മിൽ വ്യക്തമായ ബന്ധമില്ലായ്മയും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു സമീപനത്തിലെ കാതലായ കാര്യം റിസ്ക്, അനുവർത്തനം, ഭരണ നിർവഹണ സംസ്കാരം എന്നിവ ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ മെച്ചപ്പെടുത്തുക എന്നതാണ്. ആഭ്യന്തര ധനകാര്യ വ്യവസ്ഥയുടെ സാഹചര്യം ഓർത്തുകൊണ്ട് തന്നെ ഇപ്പോഴുള്ള നിയന്ത്രണ ചട്ടക്കൂട് ആഗോളതലത്തിലെ ഏറ്റവും നല്ല രീതികളുമായി പൊരുത്തപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി റിസർവ് ബാങ്ക് "ഭാരതത്തിലെ വാണിജ്യ ബാങ്കുകളിലെ ഭരണ നിർവഹണം" എന്ന വിഷയത്തിൽ ഒരു ചർച്ചാരേഖ പുറത്തു വിട്ടിട്ടുണ്ട്. ഈ ചർച്ചാരേഖയിൽ ഊന്നൽ കൊടുത്തിട്ടുള്ളത് ഉടമസ്ഥാവകാശത്തെ മാനേജ്മെന്‍റില്‍ നിന്നും വേർപെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതിനാണ്- ഉടമസ്ഥർ അവരുടെ നിക്ഷേപത്തിൽ നിന്നുള്ള ആദായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മാനേജ്‌മെന്‍റ് തീർച്ചയായും എല്ലാ പങ്കാളികളുടെയും താല്പര്യ സംരക്ഷണത്തിലാണ് ശ്രദ്ധ വയ്ക്കേണ്ടത്. ഭരണ സമിതി അതിന്‍റെ ഭാഗത്ത് സ്ഥാപനത്തിന്‍റെ സംസ്കാരവും മൂല്യങ്ങളും ആവിഷ്കരിയ്ക്കണം; താല്പര്യ സംഘർഷങ്ങളെ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും വേണം; റിസ്ക് എത്ര വരെ ആകാമെന്ന് നിശ്ചയിക്കുകയും അതിനകത്ത് റിസ്കിനെ ഒതുക്കിനിർത്തുകയും വേണം; ഉന്നത മാനേജ്മെന്‍റിന്‍റെ മേൽനോട്ടം പ്രയോഗത്തിൽ വരുത്തണം. മേൽനോട്ടവും ഒപ്പം അഷുറൻസ് പ്രവൃത്തികളും വ്യത്യസ്ത ഇടപെടലിൽ കൂടി ശാക്തീകരിക്കണം. നല്ല ഭരണ നിർവ്വഹണത്തിന്‍റെ ഈ തത്വങ്ങൾ വലിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലേക്കും യഥാകാലം വ്യാപിപ്പിക്കുന്നതായിരിക്കും.

IV. മുന്നോട്ടുള്ള വഴി

20. നമ്മുടെ ദൈനംദിന ജീവിതത്തിൽ മഹാമാരി ഏല്പിച്ച ആഘാതം വൻപിച്ചതാണെങ്കിലും എല്ലാ പണം ഒടുക്കൽ വ്യവസ്ഥകളും ധനകാര്യ കമ്പോളങ്ങളും ഉൾപ്പെടെയുള്ള രാജ്യത്തിന്‍റെ ധനകാര്യ വ്യവസ്ഥ ഒരു തടസ്സവുമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങളുടെ ഇടക്കിടെയുള്ള ഇളവുകളോട് പ്രതികരിച്ചുകൊണ്ട് ഇന്ത്യൻ സമ്പത് വ്യവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്‍റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും വിതരണ ശൃംഖലകൾ പൂർണമായും എപ്പോൾ പുനഃസ്ഥാപിക്കപ്പെടുമെന്ന് ഇപ്പോഴും തീർച്ചയില്ല; ആളുകളുടെ ആവശ്യങ്ങളുടെ അവസ്ഥ സാധാരണ ഗതിയിലെത്തുവാൻ എത്രകാലം വേണ്ടി വരുമെന്ന്: അതുപോലെ മഹാമാരി നമ്മുടെ ലീനമായ വളർച്ചയിൽ നീണ്ടുനിൽക്കുന്ന എന്തുതരം അനന്തരഫലമാണ് അവശേഷിപ്പിച്ചു പോകുന്നത് എന്ന് ഇപ്പോഴും തീർച്ചയില്ല. ഇതിനോടകം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നിശ്ചിത ലക്ഷ്യമുള്ള സമഗ്രമായ പരിഷ്കരണ നടപടികൾ രാജ്യത്തിന്‍റെ പ്രതീക്ഷിതവളർച്ചയെ പിന്തുണക്കുന്നതിനു സഹായകമായിത്തീരണം. വളരെ വ്യത്യസ്തമായ കോവിഡ് അനന്തര ആഗോള പരിതഃസ്ഥിതികളിൽ സമ്പത് വ്യവസ്ഥക്കകത്തെ ഉല്പാദന ഘടകങ്ങളുടെ പുനർവിഭജിച്ചുകൊടുക്കലും ഒപ്പം സാമ്പത്തിക പ്രവൃത്തിയുടെ വികാസത്തിന്‍റെ നവീന മാർഗങ്ങളും കുറച്ചു പുനർ സന്തുലനത്തിലേക്കും പുതിയ വളർച്ചാ ചാലക ഘടകങ്ങളുടെ വെളിപ്പെടലിലേക്കും നയിക്കപ്പെടുന്നതിനു സാധ്യത ഉണ്ടാകാം. നാണ്യപരവും ധനസംബന്ധവും നിയന്ത്രണ സംബന്ധവും ഘടനാപരവും ആയ പരിഷ്‌കാരങ്ങൾ അടങ്ങിയ നയനടപടികൾ ദീർഘകാല തടസ്സങ്ങൾ കുറച്ചുകൊണ്ടുവരുമ്പോൾ തന്നെ സാമ്പത്തിക പ്രവൃത്തിയിൽ ത്വരിത ഗതിയിലുള്ള ഒരു തിരിച്ചുവരവിന് സാധ്യതയൊരുക്കുന്ന സാഹചര്യങ്ങളെയും പ്രദാനം ചെയ്യും.

21. ഇപ്പോഴത്തെ ആവശ്യം വിശ്വാസ്യത പുനഃസ്ഥാപിക്കുക, ധനകാര്യസ്ഥിരത സംരക്ഷിക്കുക, വളർച്ചയെ ഉത്തേജിപ്പിക്കുക, കൂടുതൽ ശക്തമായി തിരിച്ചുവരിക എന്നിങ്ങനെയാണ്. കേന്ദ്രബാങ്കിന്‍റെ ഭാഗത്ത് ഞങ്ങൾ ധനകാര്യ സ്ഥിരതയുടെ സംരക്ഷണം, ബാങ്കിങ് വ്യവസ്ഥയുടെ ഭദ്രതാപരിപാലനം, എന്നിവയും സാമ്പത്തിക പ്രവൃത്തി നിലനിർത്തലും തമ്മിലുള്ള സന്തുലനം പരിപാലിച്ചു പോകുന്നതിനാണ് യത്‌നിക്കുന്നത്. കോവിഡ് 19 കണ്ടെയ്‌ൻമെന്‍റിനു ശേഷം കൗണ്ടർ-സൈക്ലിക് നിയന്ത്രണ നടപടികളുടെ ക്രമമായിട്ടുള്ള ചുരുളഴിക്കാൻ വളരെ ശ്രദ്ധാപൂർവമുള്ള ഒരു പാതയാണ് പിന്തുടരേണ്ടത്., ഒപ്പം ധനകാര്യ മേഖലാ നിയന്ത്രണങ്ങളിലുള്ള ഇളവുകൾ, പുതിയ മാനദണ്ഡം എന്ന് കണക്കാക്കി അവയെ ആശ്രയിക്കാതെ സാധാരണ പ്രവർത്തന സ്ഥിതിയിലേക്ക് തിരിച്ചുവരേണ്ടതുമാണ്. റിസർവ് ബാങ്ക് ധനകാര്യ സ്ഥിരത സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുവാനായി അതിന്‍റെ സ്വന്തം മേൽനോട്ട ചട്ടക്കൂടിന്‍റെ നിലവാരം ഉയർത്തുകയും ധനകാര്യസ്ഥിരതയുടെ മാറിക്കൊണ്ടിരിക്കുന്ന സഞ്ചാരപാതയുടെ തുടർച്ചയായ വിലയിരുത്തൽ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. ബാങ്കുകളും ധനകാര്യ മധ്യവർത്തികളും സദാ ജാഗരൂകരായിരിക്കേണ്ടതും ഭരണ നിർവഹണം അഷുറൻസ് പ്രവൃത്തികൾ, ഒപ്പം റിസ്ക് സംസ്കാരം സംബന്ധിച്ച ക്ഷമത എന്നിവയും ഗണ്യമായ നിലവാര ഉയർത്തലിന് വിധേയമാക്കേണ്ടതുണ്ട്

22. മഹാമാരി അത്യപൂർവ വിധത്തിലുള്ള ഒരു വെല്ലുവിളി ഉയർത്തുകയാണെന്നുള്ള കാര്യം സത്യമാണ്. എന്നിരുന്നാലും മനുഷ്യന്‍റെ ദൃഢനിശ്ചയം, കൂട്ടുചേർന്നുള്ള പരിശ്രമം ബുദ്ധിപൂർവമുള്ള തെരഞ്ഞെടുപ്പുകൾ, നവീകരണം, എന്നിവ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ നമ്മെ വളരെ വലിയ രീതിയിൽ സഹായിക്കും. മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട് "നിങ്ങൾ ഇന്ന് ചെയ്യുന്നതിനെ ആശ്രയിച്ചാണ് ഭാവി". ഈ അഭൂതപൂർവമായ സാഹചര്യവുമായി പോരാടുന്നതിന് റിസർവ് ബാങ്ക് ഇപ്പോൾ എടുത്തിട്ടുള്ള തീരുമാനങ്ങളുടെ ഒരു വിഹഗ വീക്ഷണമാണ് ഞാൻ ഇവിടെ അവതരിപ്പിച്ചത്. നമ്മുടെ നയലക്ഷ്യങ്ങൾ നേടുന്നതിന് സർക്കാർ ഏറ്റെടുത്തിട്ടുള്ള നടപടികൾക്ക് ഇവ അനുപൂരകമായിരിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്. ആയിരകണക്കിന് ആളുകളുടെ അക്ഷീണ ശ്രമങ്ങൾക്കൊപ്പം നമ്മുടെ സാമാന്യജനത്തിന്‍റെ മരിക്കാത്ത ഊർജ്ജസ്വലതയും കൊണ്ട് ഈ നയപരമായ പ്രവർത്തനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലം നൽകുമെന്നാണ് എന്‍റെ ശുഭാപ്തി വിശ്വാസം. ഇത്തരം പരീക്ഷണ സമയങ്ങൾ നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ തിരിച്ചുവരവിനുള്ള കഴിവിൽ ലോകത്തിന്‍റെ വിശ്വാസം ബലപ്പെടുത്തുകയെ ഉള്ളൂ. നമ്മൾ ഒന്നിച്ച് ഇത് തെളിയിക്കും.

നിങ്ങൾക്ക്‌ നന്ദി.


1. വാൾട്ടർ ബേജ്ഹോട്ട് (1873), ലൊംബാർഡ് സ്ട്രീറ്റ്: മണി മാർക്കറ്റിന്റെ വിവരണം (ന്യൂ യോർക്ക്: ചാൾസ് സ്ക്രിബ്നേഴ്‌സ് സൺസ്)

2. അസ്സൽ ഉദ്ധരണി ഓസ്കർ വൈൽഡിന്‍റെ ദി ഇമ്പോർട്ടൻസ് ഓഫ് ബീയിങ് ഏണസ്റ്റ് എന്ന നാടകത്തിൽ നിന്നും ഉള്ളതാണ്.

3. ബാസൽ കമ്മിറ്റി ഓൺ ബാങ്കിങ് സൂപ്പർവിഷൻ (ജൂലൈ 2015) ഗൈഡ് ലൈൻസ് ഫോർ ഐഡന്റിഫയിങ് ആൻഡ് ഡീലിങ് വിത്ത് വീക്ക് ബാങ്ക്സ്.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?