<font face="mangal" size="3">എല്ലാപേരെയും ഉൾക്കൊള്ളുന്ന ഭാരത വളർച്ചയില& - ആർബിഐ - Reserve Bank of India
എല്ലാപേരെയും ഉൾക്കൊള്ളുന്ന ഭാരത വളർച്ചയിലേക്കുള്ള യാത്ര - 2020 ജനുവരി 7 ന് സിംഗപ്പൂരിന്‍റെ മുതിർന്ന മന്ത്രിയായ ശ്രീമാന്‍ തർമ്മൻ ഷണ്മുഗരത്‌നം നടത്തിയ മൂന്നാമത് സുരേഷ് തെണ്ടുൽക്കർ സ്മാരക പ്രഭാഷണത്തിന് റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്ത ദാസ് നടത്തിയ ആമുഖ പ്രസംഗം
പ്രൊഫസ്സർ സുരേഷ് തെണ്ടുൽക്കർ സ്മാരക പ്രഭാഷണ പരമ്പരയിലെ മൂന്നാമത് പ്രഭാഷണം നടത്തുന്നതിനായി ഭാരതീയ റിസർവ് ബാങ്കിന് വേണ്ടി ശ്രീമാന്‍ തർമ്മൻ ഷണ്മുഗരത്‌നത്തെ സ്വാഗതം ചെയ്യുന്നതിന് എനിക്ക് അതിയായ സന്തോഷമുണ്ട്. ദിവംഗതനായ പ്രൊഫസ്സർ തെണ്ടുൽക്കറുടെ സഹധർമ്മിണി ശ്രീമതി സുനേത്ര തെണ്ടുൽക്കറും മകൾ ശ്രീമതി സായി സപ്രേയും ഇവിടെ ഉണ്ടെന്നുള്ള വസ്തുത നമ്മെ ബഹുമാനിതരാക്കുന്നു. റിസർവ് ബാങ്കിന്‍റെ എല്ലാ വിശിഷ്ട ക്ഷണിതാക്കൾക്കും ഹൃദയംഗമമായ സ്വാഗതം. പ്രൊഫസർ സുരേഷ് ഡി. തെണ്ടുൽക്കറെ കുറിച്ച് 2. പ്രൊഫസർ സുരേഷ് ഡി തെണ്ടുൽക്കർ മഹാനായ ഒരു അദ്ധ്യാപകനും സാമ്പത്തിക ശാസ്ത്ര വിദഗ്ധനും നയവിശകലന നിപുണനും ആയിരുന്നു. രാജ്യത്തിന്‍റെ ജീവിത നിലവാരങ്ങളുടെ മാപനവും അപഗ്രഥനവും സംബന്ധിച്ച അദ്ദേഹത്തിന്‍റെ മൗലിക പഠനം പൊതു നയരൂപീകരണത്തിന് ശാശ്വത പൈതൃകമായി അവശേഷിക്കുന്നു. യഥാർത്ഥത്തിൽ ഒരു സാമ്പത്തിക വിദഗ്ദ്ധൻ എന്ന നിലക്കുള്ള പ്രൊഫസ്സർ തെണ്ടുൽക്കറുടെ ജീവിതത്തിന്‍റെ എടുത്തുപറയേണ്ട സവിശേഷത ദാരിദ്ര്യത്തെപ്പറ്റി ആഴത്തിലുള്ള സൂക്ഷ്മവേദിത്വവും ദാരിദ്ര്യത്തെ മനസ്സിലാക്കുന്നതിന് വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തോടുള്ള അദ്ദേഹത്തിന്‍റെപ്രതിജ്ഞാബദ്ധതയും ആയിരുന്നു. 3. വളരെ പ്രശസ്തവും, മറികടക്കാൻ പ്രയാസവും, ഉന്നതവുമായ നേട്ടങ്ങളോട് കൂടിയാണ് അദ്ദേഹം 1968 ൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ചേർന്നത്. ലോകബാങ്കിന്‍റെ വികസന ഗവേഷണ കേന്ദ്രത്തിൽ രണ്ടുവർഷത്തെ അന്തസ്സുറ്റ ദൗത്യമാണ് ഇതെത്തുടർന്നു വന്നത്. 1978 മുതൽ 2004 ൽ വിരമിക്കുന്നതു വരെ ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ, വിവിധ പദവികളിൽ വളരെ പ്രശസ്തമായ നിലയിൽ അദ്ദേഹം സേവനം നടത്തി. ദേശീയ സാമ്പിൾ സർവ്വേയുടെ രൂപകല്പനയെയും നടത്തിപ്പിനെയും സംബന്ധിച്ച അനവധി പ്രവർത്തക സംഘങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. ദേശീയ സാമ്പിൾ സർവ്വേ സംഘടനയുടെ ഭരണ നിർവ്വഹണസമിതി അദ്ധ്യക്ഷൻ, ദേശീയ അക്കൗണ്ട്സ് ഉപദേശക സമിതി അദ്ധ്യക്ഷൻ, ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അദ്ധ്യക്ഷൻ എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. ദാരിദ്ര്യ നിർണയത്തിന് സംസ്ഥാന അധിഷ്ഠിത ഉപഭോഗ ബാസ്കറ്റുകൾ ശുപാർശ ചെയ്ത ദാരിദ്ര്യ നിർണ്ണയത്തിനായുള്ള ലക്ടവാല കമ്മിറ്റിയിൽ 1993 ൽ അദ്ദേഹം അംഗമായിരുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതിയിൽ 2004ൽ അദ്ദേഹം അംഗമാകുകയും 2008ൽ അതിന്‍റെ അധ്യക്ഷനായി നിയമിക്കപ്പെടുകയും ചെയ്തു. 4. പ്രഫസ്സർ തെണ്ടുൽക്കർ റിസർവ് ബാങ്കിന്‍റെ കേന്ദ്ര ബോർഡിൽ ഡയറക്ടറായും, 2006 മുതൽ 2011 ജൂൺ 21ന് അദ്ദേഹത്തിന്‍റെ ദുഖകരമായ അന്ത്യം വരെ കിഴക്കൻ മേഖലാ പ്രാദേശിക ബോർഡിന്‍റെ അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിരുന്നു. സാമ്പത്തിക ശാസ്ത്ര സംബന്ധമായ തൊഴിലിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളും റിസർവ് ബാങ്കുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധവും പരിഗണിച്ചു് അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് 2013ൽ ഈ പ്രഭാഷണ പരമ്പര തുടങ്ങിയത്. ശ്രീമാന്‍തർമ്മൻ ഷണ്മുഗരത്നത്തെ കുറിച്ച് 5. ഏഴു വർഷത്തെ ഇടവേളക്കു ശേഷം മൂന്നാമത് സുരേഷ് തെണ്ടുൽക്കർ സ്മാരക പ്രഭാഷണം നടത്തുന്നതിന് റിസർവ് ബാങ്കിൽ വരുവാൻ ഷണ്മുഗരത്‌നം സമ്മതം നൽകി എന്നതിൽ ഞാൻ സന്തുഷ്ടനാണ്. നേരത്തെ 2012 സെപ്റ്റംബറിൽ അദ്ദേഹം എൽ കെ ഝാ സ്മാരക പ്രഭാഷണം നടത്തിയിരുന്നു. ശ്രീമാന്‍ ഷണ്മുഗരത്‌നം പ്രശസ്തനായ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും ഒപ്പം ഒരു രാഷ്ട്രീയ വ്യക്തിത്വവുമാണ്. അദ്ദേഹം പ്രധാനമായും സാമ്പത്തിക ശാസ്ത്ര/ സാമൂഹ്യ നയകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് തന്‍റെ പ്രവർത്യുന്മുഖ ജീവിതം നയിച്ചിട്ടുള്ളത്. ഇപ്പോൾ അദ്ദേഹം സിംഗപ്പൂരിന്‍റെ മുതിർന്ന മന്ത്രിയായും ഒപ്പം സാമൂഹിക നയങ്ങൾക്ക് വേണ്ടിയുള്ള ഏകോപന മന്ത്രിയായും കൂടാതെ സാമ്പത്തിക നയങ്ങളെ സംബന്ധിച്ച് സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ഉപദേശകനായും പ്രവർത്തിക്കുന്നു. ഇതേ സമയത്തു തന്നെ അദ്ദേഹം സിംഗപ്പൂർ നാണ്യ അധികാര സ്ഥാനത്തിന്‍റെ അദ്ധ്യക്ഷനും സിംഗപ്പൂർ സർക്കാർ നിക്ഷേപ കോർപറേഷന്‍റെ ഉപാദ്ധ്യക്ഷനും കൂടിയാണ്. 6. ശ്രീമാന്‍ ഷണ്മുഗരത്‌നം തന്‍റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് സിങ്കപ്പൂർ നാണ്യ അധികാര സ്ഥാനത്ത് അതിന്‍റെ മുഖ്യ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായിട്ടായിരുന്നു. പിന്നീട് അദ്ദേഹം സിങ്കപ്പൂർ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ചേരുകയും വിദ്യാഭ്യാസ മന്ത്രാലയത്തിൽ നയപരമായ കാര്യങ്ങൾക്കായുള്ള മുതിർന്ന ഡെപ്യൂട്ടി സെക്രട്ടറി ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ളതാകുന്നു. അതിനുശേഷം 2001 ൽ തന്‍റെ രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിക്കുകയും ജുറോങ് ഗ്രൂപ് പ്രാതിനിധ്യ മണ്ഡലത്തിൽ നിന്നും പാർലമെന്‍റ് അംഗമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പിന്നീട് മൂന്നു പ്രാവശ്യം കൂടി തെരഞ്ഞെടുക്കപ്പെടുകയും വിദ്യാഭ്യാസ മന്ത്രി, ധനകാര്യ മന്ത്രി, എന്നീ സ്ഥാനങ്ങള്‍ കൂടാതെ 2011 ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് ഉപ പ്രധാന മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. 7. സാമ്പത്തിക ധനകാര്യ വിദഗ്ദ്ധരുടെ സ്വതന്ത്ര ലോക കൗൺസിൽ ആയ ഗ്രൂപ് ഓഫ് തേർട്ടിയുടെ അധ്യക്ഷനാണ് ശ്രീമാന്‍ ഷണ്മുഗരത്‌നം. ലോക വികസന ധനകാര്യത്തിനും ധനകാര്യ സ്ഥിരതയ്ക്കും വേണ്ടി കൂടുതൽ ഫലപ്രദമായ ഒരു സംവിധാനത്തിനു വേണ്ടിയുള്ള പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്ത ജി 20 എമിനെന്‍റ് പെഴ്സൺസ് ഗ്രൂപ് ഓൺ ഗ്ലോബൽ ഫിനാൻഷ്യൽ ഗവർണൻസിന്‍റെ അധ്യക്ഷനുമായിരുന്നു അദ്ദേഹം. മുൻപ് അദ്ദേഹം IMF ന്‍റെഅന്താരാഷ്ട്ര നാണ്യ ധനകാര്യ സമിതിയെ നയിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഐക്യ രാഷ്ട്ര സഭയുടെ 2019 ഹ്യൂമൻ ഡെവലപ്മെന്‍റ് റിപ്പോർട്ടിന് വേണ്ടിയുള്ള ഉപദേശക ബോർഡിന്‍റെ സഹാദ്ധ്യക്ഷൻ ആയി പ്രവർത്തിക്കുകയും ഒപ്പം ലോക സാമ്പത്തിക ഫോറത്തിന്‍റെ ബോർഡ് ഓഫ് ട്രസ്റ്റീസിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു. 8. ഇന്നത്തെ പ്രഭാഷണത്തിനായി ശ്രീമാന്‍ ഷണ്മുഗരത്‌നം തെരെഞ്ഞെടുത്തിട്ടുള്ള "വിശാല അടിസ്ഥാനത്തിലുള്ള സമ്പൽ സമൃദ്ധി: അടിസ്ഥാന ഘടകങ്ങളുടെ കൈകാര്യം ചെയ്യൽ "എന്ന പ്രമേയം ആഗോളാടിസ്ഥാനത്തിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചും പ്രസക്തമാണ്. വിശാലാടിസ്ഥാനത്തിലുള്ള ഉൽക്കർഷത്തിന്‍റെ പ്രാധാന്യം വളരെ കാലമായി അംഗീകരിക്കപ്പെട്ടതും സാമ്പത്തിക വളർച്ചയുടെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന കാര്യത്തിൽ ഒരു പൊതുസമ്മതം ഉണ്ടായിട്ടുള്ളതുമാണ്. ഒരു ആശയം എന്ന നിലയിലും നയ ഉദ്ദേശ്യം എന്ന നിലയിലും ഇത് ഉള്‍ക്കൊണ്ടുള്ള വളർച്ച എന്ന ആശയത്തിന് സമാനമാണ്. ഒരു രാജ്യത്തിനകത്തും ആഗോളടിസ്ഥാനത്തിലും കൂടുതൽ സമത്വമുള്ള ഒരു സാമൂഹ്യ സാമ്പത്തിക ഘടന കൈവരിക്കണമെന്ന ആവശ്യത്തിന്മേൽ പൊതു അഭിപ്രായ ഐക്യം ഉള്ളപ്പോൾ തന്നെ കൂടുതൽ ഉൾകൊള്ളല്‍ സാധ്യമാകും വിധം ഒരു ആവാസ വ്യവസ്ഥയുടെ സൃഷ്ടിയും അടിസ്ഥാന ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കലും തുല്യപ്രാധാന്യമുള്ളതാണ്. അടിസ്ഥാന പ്രമേയം ഘടനാപരമായ പരിഷ്കാരങ്ങളാകേണ്ടതുണ്ട്. 9. വിലസ്ഥിരത, ധനകാര്യ സ്ഥിരത, സാമ്പത്തിക വളർച്ച എന്നിവ നിലനിർത്തുന്നതിന് റിസർവ് ബാങ്കിന് നൽകിയിട്ടുള്ള അനുശാസനം സ്ഥൂല സാമ്പത്തിക കാഴ്ചപ്പാടിന് മാത്രമല്ല ഉള്‍ക്കൊണ്ടുള്ള വളർച്ച എന്ന ലക്ഷ്യത്തിനും ഒരു പോലെ പ്രാധാന്യമുള്ളതാണെന്ന് ഈ സന്ദർഭത്തിൽ ഞാൻ സൂചിപ്പിക്കട്ടെ. സ്ഥിരമായി ഉയർന്ന പണപ്പെരുപ്പം സമ്പദ്‌വ്യവസ്ഥയുടെ വിഭജിക്കപ്പെട്ട വിനിയോഗത്തിന്‍റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ദരിദ്രരുടെ യഥാർത്ഥ വരുമാനത്തിന് മൂല്യശോഷണം വരുത്തുകയും തദ്വാര വരുമാന വിതരണം വഷളാകാനും കാരണമാകുന്നു. ജി 20 രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന ആഭ്യന്തര പണപ്പെരുപ്പത്തിന്‍റെ പശ്ചാത്തലത്തിൽ ഞങ്ങൾ 2016 ൽ ഒരു വഴക്കമുള്ള പണപ്പെരുപ്പ ടാർഗെറ്റിംഗ് (എഫ്ഐടി) ചട്ടക്കൂട് സ്വീകരിച്ചു. അതിന്‍റെ കീഴിൽ വില സ്ഥിരത എന്ന ലക്ഷ്യത്തിന് പ്രാഥമികത നൽകുകയും അതേസമയം പണപ്പെരുപ്പം നിയന്ത്രണത്തിലായിരിക്കുമ്പോൾ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. 10. അതുപോലെ ധനകാര്യ സ്ഥിരതയോടു കൂടിയ ഉയർന്ന നിരക്കിലുള്ള വളർച്ച ഉൾക്കൊള്ളൽ വളർച്ചയ്ക്ക് നല്ല ലക്ഷണങ്ങളണ്. വര്‍ദ്ധിത വളർച്ചയ്ക്ക് സമ്പത്തിന്‍റെ സൃഷ്ടിയിലും അതിന്‍റ് വ്യാപനത്തിലും ഉൾക്കൊള്ളൽ കൊണ്ടുവരാൻ കഴിയുന്നതാണ്. ഉയർന്ന തോതിലുള്ള വളർച്ച, സാമൂഹ്യവും അടിസ്ഥാനസൗകര്യ സംബന്ധവുമായ ചെലവുകൾ കണ്ടെത്തുന്നതിന് ആവശ്യമായ വിഭവ ലഭ്യത വർദ്ധിക്കുംവിധം നികുതി-ജിഡിപി അനുപാതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഞാൻ വിശദമാക്കേണ്ടതില്ല. കൂടാതെ, മികച്ച ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെട്ട ശക്തമായ ഒരു ധനകാര്യ സംവിധാനത്തിന് സൂചീസ്തംഭത്തിന്‍റെ അടിത്തട്ടിനു വേണ്ട വായ്‌പാ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഒരു പ്രധാന പങ്കു നിർവഹിക്കുവാൻ സാധ്യമാകുകയും ചെയ്യുന്നു. അതിനാൽ സമൂഹത്തിന്‍റെ പ്രതീക്ഷകൾ നിറവേറ്റുവാൻ കഴിവുള്ള ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെട്ട ധനകാര്യ സ്ഥിരതയുടെ കരുത്തുറ്റ ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നതിന് വേണ്ടി നിയന്ത്രണവും മേൽനോട്ടവും ശക്തിപ്പെടുത്തുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നു. 11. സർക്കാരും റിസർവ് ബാങ്കും സാമൂഹ്യവും ധനകാര്യ സംബന്ധവുമായ ഉൾകൊള്ളൽ ലക്‌ഷ്യം നേടാനും വരുമാനത്തിലുള്ള അന്തരം കുറയ്ക്കുന്നതിനും വേണ്ടി നിരവധി സൂക്ഷ്മതല ഉദ്യമങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഭാരതീയ പശ്ചാത്തലത്തിൽ ധനകാര്യപരമായ ഉൾക്കൊള്ളലിനെ വിശാലമായ ഒരു ഘടനാ പരിഷ്കരണ കാര്യപരിപാടിയുടെ ഭാഗമായിട്ടാണ് വീക്ഷിക്കപ്പെടുന്നത്. ബാങ്കിങ് സേവനങ്ങൾ പ്രാപ്യമാക്കുന്നതിനുള്ള “ജൻധൻ യോജന” വളർച്ചാ പ്രക്രിയയുടെ ആനുകൂല്യങ്ങള്‍ പങ്കു പറ്റുന്നതിന് വിശാല ജനസഞ്ചയത്തിനുള്ള അവസരങ്ങളും സാദ്ധ്യതയും വർധിപ്പിച്ചിട്ടുണ്ട്. പി എം കിസാൻ, (PM-KISAN), ഇ-നാം (e-NAM) മുതലായ മറ്റു പദ്ധതികളും നടപ്പാക്കിയിട്ടുള്ളത് വരുമാന പിന്തുണ നൽകുന്നതിനും കർഷകന്‍റെവരുമാനം ഇരട്ടിയാക്കുന്നതിനും ഉള്ള ലക്ഷ്യത്തോടു കൂടിയാണ്. 12. വിതരണശൃംഖലയുടെ മെച്ചപ്പെടൽ ഉപഭോക്താക്കൾ നൽകുന്ന ചില്ലറ വിലയിൽ കർഷകർക്കുള്ള പങ്ക് വർദ്ധിക്കുമെന്നുള്ളതിനാൽ ഉൾകൊള്ളൽ വളർച്ച ഊർജ്ജിതപ്പെടുത്തുന്നതിന് അത് ഒരു മുഖ്യ മാർഗ്ഗമായിത്തീരുമെന്ന് കാർഷിക വിപണന രംഗത്ത് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. 16 സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട കർഷകർ, വ്യാപാരികൾ, 85 മണ്ഡികളിൽ നിന്നുള്ള ചില്ലറ കച്ചവടക്കാർ എന്നിവരെ ഉൾപ്പെടുത്തി 2018 ൽ റിസർവ് ബാങ്ക് നടത്തിയ സർവ്വേയിൽ ഉപഭോക്താക്കൾ നൽകുന്ന വിലകളും കർഷകർക്ക് മണ്ഡികളിൽ നിന്നും ലഭിക്കുന്ന വിലകളും തമ്മിലുള്ള വ്യത്യാസം (അതായതു ഇടലാഭം) വിളകളുടെയും വിപണന കേന്ദ്രങ്ങളുടെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുന്നു എന്നാണ് കണ്ടത്. മുഖ്യ അടിസ്ഥാന ഭക്ഷ്യ സാധനങ്ങളുടെ ചില്ലറ വില്പനവിലയിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ശരാശരി പങ്ക് 28 ശതമാനത്തിനും 78 ശതമാനത്തിനും ഇടയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. അത് ജീർണിച്ചു നശിക്കുന്നവയ്ക്ക് കുറവും അല്ലാതുള്ളവയ്ക്ക് കൂടുതലുമാണ്. ചില്ലറ വില്പന വിലയുടെ കൂടുതൽ പങ്ക് കർഷകർക്ക് ലഭിക്കുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് നല്ലതാണ്. കാരണം ആഭ്യന്തര ആവശ്യം നിലനിർത്തുന്നതിന് അത് സഹായകമാകുന്നു. കൂടുതൽ വീതിയുള്ള ഗ്രാമീണ റോഡുകളുടെ ശൃംഖല, വിവരങ്ങൾ കൂടുതൽ വേഗത്തിൽ കൈമാറ്റം ചെയ്യുന്നതിനുള്ള മെച്ചപ്പെട്ട വാർത്താവിനിമയ സൗകര്യങ്ങൾ, സൂക്ഷ്മ സംരംഭങ്ങൾക്ക് അനായാസേന വായ്പ ലഭിക്കൽ എന്നീ കാര്യങ്ങൾ സംബന്ധിച്ച ഉദ്യമങ്ങൾ കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിന് സഹായകരമാകുന്നു. കൂടുതൽ കാർഷിക വിപണി പരിഷ്കാരങ്ങൾക്കൊപ്പം ഈ തുടർപ്രക്രിയയും നിലനിർത്തേണ്ടതുണ്ട്. നയപരിപാടിയിൽ ഭക്ഷ്യസംസ്കരണ വ്യവസായത്തിന് മുൻഗണന നൽകൽ, കാർഷിക വിഭവങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുന്നത് പ്രോത്സാഹിപ്പിക്കൽ, മെച്ചപ്പെട്ട വില അന്വേഷിച്ചറിയുന്നതിന് ഇ-നാം ശക്തിപെടുത്തൽ, ഉല്പാദന കേന്ദ്രങ്ങൾക്ക് സമീപം സംഭരണ സൗകര്യങ്ങൾ സജ്ജമാക്കൽ എന്നീ കാര്യങ്ങൾ കാർഷിക വരുമാനവും ഗ്രാമീണ തൊഴിലവസരങ്ങളും ഉയർത്തുന്നതാണ്. 13. ബാങ്കിങ് സേവനങ്ങൾ ഒട്ടും ലഭ്യമല്ലാത്തതും പരിമിതമായി മാത്രം ലഭിക്കുന്നതുമായ പ്രദേശങ്ങളിലേക്കു അത്തരം സേവനങ്ങൾ വർദ്ധിത അളവിൽ എത്തിക്കുന്നതിന് വേണ്ട വിവിധങ്ങളായ നടപടികൾ ഭാരതീയ റിസർവ് ബാങ്ക് കൈക്കൊണ്ടിട്ടുണ്ട്. അടുത്ത സമയത്തു RBI തയ്യാറാക്കിയ ധനകാര്യപരമായ ഉൾക്കൊള്ളീക്കലിനു വേണ്ടിയുള്ള ദേശീയ തന്ത്രം (2019 -24) ധനകാര്യസ്ഥിരത, വികസന കൗൺസിൽ (FSDC) അംഗീകരിക്കുകയുണ്ടായി. അത് ഭാരതത്തിന്‍റെ ധനകാര്യപരമായ ഉൾക്കൊള്ളൽ നയങ്ങളുടെ പ്രധാന ഉദ്ദേശങ്ങളും കാഴ്ചപ്പാടും മുന്നോട്ടു വയ്ക്കുകയും ഒപ്പം ഔപചാരികവും താങ്ങാൻ കഴിയുന്നതുമായ ധനകാര്യ സേവനങ്ങളുടെ പ്രാപ്യത പ്രദാനം ചെയ്യുന്നതിനും ധനകാര്യ ഉൾക്കൊള്ളൽ വിശാലവും ആഴത്തിലുള്ളതുമാക്കുന്നതിനും ധനകാര്യ സാക്ഷരതയും ഉപഭോക്തൃ സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്‌ഷ്യം വയ്ക്കുകയും ചെയ്യുന്നു. 14. RBI കൈകൊണ്ട മറ്റു നടപടികളിൽ MSME കൾക്കും കാർഷിക മേഖലക്കും ഉള്ള വായ്‌പാ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനു യഥാക്രമം ഒരു വിദഗ്ദ്ധ സമിതിയുടെയും ഒരു പ്രവർത്തക സംഘത്തിന്‍റെയും രൂപീകരണവും ഉൾപ്പെടുന്നു. വാണിജ്യ ബാങ്കുകൾക്ക് വേണ്ടിയുള്ള മുൻഗണനാ മേഖലയ്ക്കുള്ള വായ്‌പാ മാനദണ്ഡങ്ങൾ വഴി ജനസംഖ്യയുടെ ഒരു വലിയ പരിച്ഛേദത്തിന്റെ ജീവനോപാധിയുടെ ഉറവിടങ്ങളായ കാർഷിക കാർഷികേതര മേഖലാ പ്രവർത്തനങ്ങളെ പിന്തുണക്കലാണ് ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഇപ്പോൾ ഞങ്ങൾ മുൻഗണനാ മേഖലക്കുള്ള വായ്‌പാ മാനദണ്ഡങ്ങൾ പുനരവലോകനം ചെയ്യുന്നത് സമ്പദ് വ്യവസ്ഥയുടെ മാറിവരുന്ന ആവശ്യങ്ങൾ കണ്ടുകൊണ്ടും അവയെ കൂടുതൽ ഉൾക്കൊള്ളൽക്ഷമമാക്കുന്നതിനും വേണ്ടിയാണ്. ഈ ശ്രമങ്ങൾക്ക് ലീഡ് ബാങ്ക് പദ്ധതി, അടിസ്ഥാന സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ (NO FRILL ACCOUNT) ബാങ്കിങ് കറസ്‌പോണ്ടന്റ്/ ബാങ്കിങ് ഫെസിലിറ്റേറ്റർ മാതൃകകൾ, മൊബൈൽ ബാങ്കിങ് പോലുള്ള സാങ്കേതിക വിദ്യാ ഉത്പന്നങ്ങൾ, ധനകാര്യ സാക്ഷരതാ പരിപാടികൾ മുതലായവയും സംഭാവനകൾ നൽകിയിട്ടുണ്ട്. 15. റിസർവ് ബാങ്കിന്‍റെ നയപരിപാടികളിൽ ആധുനിക സാങ്കേതിക വിദ്യ നൽകുന്ന ആനുകൂല്യങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്രദമാക്കുക എന്നതുമുണ്ട്. സുരക്ഷിതവും ഭദ്രവും സൗകര്യപ്രദവും ത്വരിതവും കഴിവിന് അനുസൃതമായിട്ടുള്ളതും ആയ ഒരു കൂട്ടം ഇ-പേയ്‌മെന്‍റ് ഓപ്‌ഷനുകൾ ഓരോ ഭാരതീയനും പ്രാപ്യമാക്കുക എന്ന സ്വപ്നം നിറവേറ്റുന്നതിനായി ഏറ്റവും നൂതനമായ ദേശീയ പണം ഒടുക്കൽ അടിസ്ഥാന സൗകര്യവും സാങ്കേതിക വിദ്യാ പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുന്നതിന് കേന്ദ്രീകൃത ശ്രദ്ധാപൂര്‍വമുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്. അടുത്ത കാലത്തായി, 2019 ഡിസംബർ 16 ന് 24x7x365 NEFT സൗകര്യം യാഥാർത്ഥ്യമാക്കി. ഇതോടുകൂടി ഇന്ത്യ 24 മണിക്കൂറും പണം കൈമാറ്റവും ഉടനടി ഇടപാട് തീർപ്പാക്കല്‍ ഉറപ്പാക്കുന്ന പണം ഒടുക്കൽ സംവിധാനവുമുള്ള ഒരുപിടി രാജ്യങ്ങളുടെ വിശിഷ്ട ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. ഇടപാടുതീർക്കൽ സുഗമമാക്കുന്നതിനായി പങ്കെടുക്കുന്ന ബാങ്കുകൾക്ക് 24x7 അടിസ്ഥാനത്തിൽ പണലഭ്യതാപിന്തുണയും RBI ലഭ്യമാക്കിയിട്ടുണ്ട്. NEFT സൗകര്യം ഉപയോഗിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ചാർജുകളും ഞങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. സേവിങ്സ് ബാങ്ക് ഇടപാടുകാർക്ക് ഇപ്പോൾ സൗജന്യമായി NEFT ഇടപാടുകൾ ഓൺലൈനായി നടത്താവുന്നതാണ്. ഇനിയും മുന്നോട്ടുപോകുമ്പോൾ രാജ്യത്തിന് 24x7 അടിസ്ഥാനത്തിൽ വൻമൂല്യമുള്ള റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS) സംവിധാനം പ്രദാനം ചെയ്യുന്നതിന് വഴിയൊരുക്കാൻ ഇതിനു കഴിയുന്നതാണ്. ഇപ്പോഴത്തെ സ്ഥിതി ഞങ്ങൾ RTGS സെറ്റിൽമെന്‍റിനു വേണ്ടിയുള്ള സമയക്രമം നീട്ടിയിട്ടുണ്ട് എന്നതാണ്. 16. ചെറിയ മൂല്യമുള്ള ഡിജിറ്റല്‍ പണം ഒടുക്കലിന് പ്രചോദനം നൽകുന്നതിനായി പതിനായിരം രൂപയിൽ കവിയാത്ത തുക ബാക്കിനിൽക്കുന്ന ഒരു പുതിയ തരം മുൻകൂർ പണമൊടുക്കൽ രേഖ (PPI) ഈയിടെയായി അവതരിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് രീതിയിൽ ഉള്ള പണം ഒടുക്കൽ സംവിധാനത്തിൽ ഇടപാടുകാർക്കുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും ഡിജിറ്റൽ പണം ഒടുക്കൽ സംബന്ധിച്ച പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമായി ഡിജിറ്റൽ ഓംബുഡ്സ്മാൻ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അടുത്ത സമയത്തു 2020 ജനുവരി 1 ന് കാഴ്ചവൈകല്യമുള്ളവരെ ഭാരതീയ ബാങ്ക് നോട്ടുകളുടെ വർഗം/ വിഭാഗം തിരിച്ചറിയുന്നതിൽ സഹായിക്കാനായി റിസർവ് ബാങ്ക് “മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്റിഫൈർ (MANI)” എന്ന മൊബൈൽ അപ്ലിക്കേഷൻ നടപ്പിൽ വരുത്തിയിട്ടുണ്ട്. 17. ഈ വാക്കുകളോടുകൂടി “വിശാല അടിസ്ഥാനത്തിലുള്ള സമ്പൽ സമൃദ്ധി: അടിസ്ഥാന ഘടകങ്ങളുടെ കൈകാര്യം ചെയ്യൽ” എന്ന വിഷയത്തിന്മേൽ ഉള്ള അദ്ദേഹത്തിന്‍റെ ചിന്തകള്‍ പങ്കുവയ്ക്കാനായി ശ്രീമാന്‍ തർമ്മൻ ഷണ്മുഗരത്നത്തെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രഭാഷണത്തിനുശേഷം ലഘു ചോദ്യോത്തരവേളയ്ക്കും ഈ വേദിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. |