<font face="mangal" size="3px">ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പാ പദ്ധതœ - ആർബിഐ - Reserve Bank of India
ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പാ പദ്ധതികൾ: പ്രാമാണിക സർക്കുലർ
RBI/2017-2018/6 ജൂലൈ 01, 2017 എല്ലാ വാണിജ്യ ബാങ്കുകളുടെയും പ്രീയപ്പെട്ട സർ, ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പാ പദ്ധതികൾ: പ്രാമാണിക സർക്കുലർ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പാപദ്ധതികളെ സംബന്ധിച്ച് 2016 സെപ്തംബർ 20 വരെയുള്ള നിർദ്ദേശങ്ങൾ/മാർഗ്ഗ രേഖകൾ/ഉത്തരവുകൾ എന്നിവ ക്രോഡീകരിച്ചു പുറപ്പെടുവിച്ച 2016 ജൂലൈ 17-ലെ പ്രാമാണിക സർക്കുലർ നമ്പർ FIDD GSSD BC No. 01/09-10-01/2016-17 പരിശോധിക്കുക. 2017 ജൂൺ 30 വരെയുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നവീകരിച്ച പ്രാമാണിക സർക്കുലർ ആർ.ബി.ഐ. യുടെ വെബ്‌സൈറ്റിൽ (/en/web/rbi) കൊടുത്തിട്ടുണ്ട്. വിശ്വാസപൂർവ്വം (അജയ്കുമാർ മിശ്ര) Encls: മുകളിലത്തെ പോലെ 1. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പാ പദ്ധതികൾ ഗവൺമെന്റ് നടപ്പിലാക്കിയിട്ടുള്ള നിരവധി പദ്ധതികളുടെ പ്രയോജനം ന്യൂനപക്ഷ സമുദായങ്ങൾക്ക് വേണ്ടത്ര അളവിലും, ന്യായമായും എത്തിച്ചേരുന്ന വിധത്തിൽ ശ്രദ്ധചെലുത്തണമെന്ന് ഇന്ത്യാ ഗവൺമെന്റ് സൂചിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ന്യൂനപക്ഷസമുദായങ്ങൾക്ക് ബാങ്ക് വായ്പകൾ സുഗമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എല്ലാ വാണിജ്യ ബാങ്കുകളേയും അറിയിക്കുന്നു. 20% ന്യൂനപക്ഷ ജനസംഖ്യയുള്ള ന്യൂനപക്ഷ സാന്ദ്രതയേറിയ (ന്യൂനപക്ഷ ഭൂരിപക്ഷ സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളുമൊഴിച്ച് ഉദാ. ജമ്മുകാശ്മീർ, പഞ്ചാബ്, മേഘാലയാ, മിസോറാം, നാഗാലാന്റ്, ലക്ഷദ്വീപ് എന്നിവ) 121 ജില്ലകളുടെ ഒരു പട്ടികയും അയച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങൾക്ക് മുൻഗണനാവിഭാഗത്തിൽപെട്ട വായ്പാ പദ്ധതികളിൽ ന്യായവും അർഹമായതുമായ പങ്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഈ 121 ജില്ലകളിലേയും വായ്പയുടെ ഒഴുക്കിനെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ നിരീക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. (ന്യൂനപക്ഷ സാന്ദ്രതയേറിയ ജില്ലകളുടെ പട്ടിക അനുബന്ധം 1-ൽ കൊടുത്തിരിക്കുന്നു.) റിസർവ് ബാങ്കിന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് അഡ്ജസ്റ്റഡ് നെറ്റ് ബാങ്ക് ക്രെഡിറ്റ് (ANBC)/ഓഫ് ബാലൻസ് ഫീറ്റ് എക്‌സ്‌പോഷറുകൾ OBE (ഇവ രണ്ടും മുൻവർഷം മാർച്ച് 31-ാം തീയതിയിലുള്ളവ) ഇവയിൽ ഏതാണോ കൂടുതൽ അതിന്റെ വായ്പാസമാനമായ തുകയുടെ 40 ശതമാനം, തദ്ദേശ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും 20 ശാഖകളിൽ കുറയാത്ത ശാഖകളുള്ള വിദേശബാങ്കുകളും, മുൻഗണനാ വിഭാഗങ്ങൾക്ക് വായ്പനൽകണമെന്നലക്ഷ്യം നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുള്ളിൽ ANBC യുടെ അല്ലെങ്കിൽ OBE യുടെ (ഇതിൽ ഏതാണോ കൂടുതൽ അതിന്റെ) വായ്പാസമാനമായ തുകയുടെ 10 ശതമാനം, ന്യൂനപക്ഷ സമുദായങ്ങളിൽപെട്ട ആളുകളുൾപ്പെടെയുള്ള ദുർബ്ബല വിഭാഗങ്ങൾക്ക് നൽകണമെന്ന് അനുശാസിച്ചിട്ടുണ്ട്. 2. ന്യൂനപക്ഷ സമുദായങ്ങളുടെ നിർവ്വചനം 2.1. ഇന്ത്യാ ഗവൺമെന്റിന്റെ ന്യൂനപക്ഷകാര്യ മന്ത്രാലയം, താഴെപ്പറയുന്ന സമുദായങ്ങളെ ന്യൂനപക്ഷ സമുദായങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. a. സിക്കുകാർ 2.2. ഒരു പാർട്ട്‌നർഷിപ്പ് സംരംഭത്തിന്റെ കാര്യത്തിൽ, പങ്കാളികളിൽ ഭൂരിപക്ഷം പ്രസ്തുത ന്യൂനപക്ഷ സമുദായങ്ങളിൽ ഏതെങ്കിലും ഒന്നിൽ അല്ലെങ്കിൽ മറ്റൊന്നിൽപ്പെട്ടതായിരുന്നാൽ, അത്തരം പാർട്ട്‌നർഷിപ്പു സംരംഭങ്ങൾക്കു നൽകിയ വായ്പകൾ, ന്യൂനപക്ഷ സമുദായങ്ങൾക്കു നൽകിയ വായ്പകളായി പരിഗണിക്കാം. കൂടാതെ, ഒരു പാർട്ട്ണർ ഷിപ്പ് സംരംഭത്തിന്റെ ഭൂരിപക്ഷ ഗുണഭോക്തൃ ഉടമാവകാശം ഒരു ന്യൂനപക്ഷ സമുദായത്തിനുള്ളതാണെങ്കിൽ, ആ വായ്പകളെ പ്രസ്തുത സമുദായങ്ങൾക്കു നൽകിയ വായ്പകളായി തരംതിരിക്കാം. ഒരു കമ്പനിക്ക് നിയമപരമായി പ്രത്യേകമായ ഒരു നിലനില്പാണുള്ളത്. അതിനാൽ അതിനു നൽകിയ വായ്പകളെ പ്രസ്തുത ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിയ വായ്പകളായി ഗണിക്കാൻ കഴിയില്ല. 3. ഒരു പ്രത്യേക സെല്ലിന്റെ രൂപീകരണവും, ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കലും 3.1. ന്യൂനപക്ഷ സമുദായങ്ങൾക്ക് സുഗമമായി വായ്പ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഓരോ ബാങ്കിലും ഒരു പ്രത്യേക സെൽ രൂപീകരിക്കണം. ഡെപ്യൂട്ടി ജനറൽ മാനേജർ അല്ലെങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജർ അല്ലെങ്കിൽ തത്തുല്യപദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെ 'നോഡൽ ഓഫീസറായി' പ്രവർത്തിക്കാൻ, സെല്ലിന്റെ തലവനായി നിയമിക്കണം. 3.2. ന്യൂനപക്ഷ സാന്ദ്രതയുള്ള ഓരോ ജില്ലയിലേയും ലീഡ് ബാങ്കിന് ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പകൾ നൽകുന്നതു സംബന്ധമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക ഉദ്യോഗസ്ഥനുണ്ടായിരിക്കണം. ന്യൂനപക്ഷസമുദായങ്ങൾക്കിടയിൽ, ബാങ്കുവായ്പാ പദ്ധതികളെ സംബന്ധിച്ച് പ്രചരണം നടത്തുക, ബാങ്ക്ശാഖാ മാനേജരുമായി സഹകരിച്ച് അവർക്ക് അനുയോജ്യവും ഗുണകരവുമായ പദ്ധതികൾ തയാറാക്കുക എന്നിവ ഈ ഉദ്യോഗസ്ഥന്റെ ചുമതലകളാണ്. 3.3. ഈ നിയുക്ത ഉദ്യോഗസ്ഥൻ അതാത് ജില്ലകളിലെ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പകളെ സംബന്ധിച്ച കാര്യങ്ങൾ മാത്രം പ്രത്യേകമായി കൈകാര്യം ചെയ്യണം. ഈ ഉദ്യോഗസ്ഥനെ ജില്ലാതലത്തിൽ ലീഡ്ബാങ്ക് സംവിധാനവുമായി ബന്ധിപ്പിക്കണം. അങ്ങിനെ ഈ ഉദ്യോഗസ്ഥന്, ഉയർന്ന പദവിയിലുള്ളതും വേണ്ടത്ര അനുഭവജ്ഞാനവുമുള്ളതും, അതുകാരണംതന്നെ, ഗവർൺമെന്റ് ഏജൻസികളുമായും, മറ്റുവായ്പാ സ്ഥാപനങ്ങളുമായും, ജില്ലയിലെ ബാങ്കുകളിലെ മാനേജർമാരുമായും ബന്ധമുള്ളതുമായ ലീഡ് ബാങ്ക് ഓഫീസറിൽ നിന്നും മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാൻ സാധിക്കും. ഈ ഉദ്യോഗസ്ഥൻ, ന്യൂനപക്ഷസമുദായത്തിൽപെട്ട ആളുകൾക്ക് അനുയോജ്യമായ പദ്ധതികൾ തയാറാക്കുന്നതിനുവേണ്ടി അവരുടെ ഗ്രൂപ്പുയോഗങ്ങൾ നടത്താനുള്ള ഏർപ്പാടു ചെയ്യണം. ഈ നിയുക്ത ഉദ്യോഗസ്ഥന്മാർ അവരെ ചുമതലപ്പെടുത്തിയിട്ടുള്ള ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിറവേറ്റുന്നുണ്ടെന്ന് അതാത് ബാങ്കുകൾ ഉറപ്പുവരുത്തണം. 3.4. ജില്ലാതല കൺസൽറ്റേറ്റീവ് സമിതി (DCCS) കളുടെയും, സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റികളുടേയും കൺവീനർ ബാങ്കുകൾ, ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പകൾ സുഗമമാക്കുന്നതിനുള്ള നടപടികളും, ഇക്കാര്യത്തിലുള്ള പുരോഗതിയും, അവരുടെ യോഗങ്ങളിൾ അവലോകനം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 3.5. ഡി.എൽ.ആർ.സി./ എസ്.എൽ.ആർ.എം./ എസ്.എൽ.ബി.സി. കൾ എന്നിവയുടെ കൺവീനർ ബാങ്കുകൾ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകൾ/സംസ്ഥാന ന്യൂനപക്ഷ ഫൈനാൻഷ്യൽ കോർപ്പറേഷന്റെ ബോർഡുകൾ എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാരെ അല്ലെങ്കിൽ പ്രതിനിധികളെ, ജില്ലാതല അവലോകന കമ്മിറ്റികൾ (DLRC) സംസ്ഥാനതല അവലോകനയോഗം (SLRM) സംസ്ഥനതല ബാങ്കേഴ്‌സ് കമ്മിറ്റി (SLBC) എന്നിവയുടെ യോഗങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കണം. 3.6. ഹെഡ് ഓഫീസിലെ സ്‌പെഷ്യൽ സെൽ ഓഫീസർ ഇൻചാർജ്, ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങൾ മാത്രം പ്രത്യേകം കൈകാര്യം ചെയ്യുന്നതിന് ലീഡ് ബാങ്കുകൾ നിയമിച്ച ഉദ്യോഗസ്ഥന്മാർ എന്നിവരുടെ പേരുകളും, ഔദ്യോഗിക പദവിയും മേൽ വിലാസങ്ങളും, ബാങ്കുകൾ, ന്യൂനപക്ഷങ്ങളുടെ ദേശീയ കമ്മീഷന് താഴെപ്പറയുന്ന മേൽവിലാസത്തിൽ അറിയിക്കണം. സെക്രട്ടറി പ്രസ്തുത എഴുത്തിന്റെ ഒരു കോപ്പി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഓഫീസ്, മുംബൈയുടെ ഫൈനാൻഷ്യൽ ഇൻക്ല്യൂഷൻ ആന്റ് ഡവലപ്‌മെന്റ് ഡിപ്പാർട്ടുമെന്റിനും അയക്കേണ്ടതാണ്. 3.7. ന്യൂനപക്ഷ സമുദായങ്ങളുടെ സാന്ദ്രത കൂടുതലുണ്ടെന്നു കണ്ടെത്തിയ ജില്ലകളിലെ ലീഡ് ബാങ്കുകൾ സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ/ഫൈനാൻസ് കോർപ്പറേഷൻ എന്നിവയെ, ബോധവല്ക്കരണം, ഉപഭോക്താക്കളെ കണ്ടെത്തെൽ, ലാഭകരമായ പദ്ധതികൾ തയാറാക്കൽ, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, മാർക്കറ്റിംഗ് വായ്പ തിരിച്ചുപിടിക്കൽ, എന്നിവയടങ്ങിയ മുമ്പോട്ടും പുറകോട്ടുമുള്ള അനുബന്ധകാര്യങ്ങളിലും വികസന കർമ്മങ്ങളിലും ഉൾപ്പെടുത്തണം. 3.8. നിർദ്ദിഷ്ട ജില്ലകളിൽ, ലീഡ് ബാങ്കുകൾ നബാർഡിന്റെ ഡി.ഡി. എമ്മുകൾ, എൻജിഓസ്, വളന്ററി സംഘടനകൾ എന്നിവയുമായി കൂട്ടുചേർന്ന് ദരിദ്രരെ സ്വയംസഹായ സംഘങ്ങളുമായി (SHGs) അടുപ്പിക്കണം. ന്യൂനപക്ഷ സാന്ദ്രതകൂടുതലുള്ള ജില്ലകളിലെ ലീഡ് ബാങ്കുകൾ, ന്യൂനപക്ഷ സമുദായങ്ങൾ പ്രത്യേകിച്ച് ദരിദ്രരും നിരക്ഷരുമായവർക്ക് ലാഭകരമായ സംരംഭങ്ങൾ തുടങ്ങാൻ വേണ്ട ബാങ്കുവായ്പകൾ ലഭിക്കാൻവേണ്ടി അവരിൽ നിന്നും പ്രതീക്ഷിക്കുന്ന രീതിയിലുള്ള, സ്വപ്രേരിതമായ ഒരു പങ്ക് വഹിക്കണം. 4. ഡി.ആർ.ഐ. പദ്ധതിയിൻ കീഴിലുള്ള വായ്പകൾ ബാങ്കുകൾ ഡി.ആർ.ഐ. പദ്ധതിയിൻ കീഴിലുള്ള വായ്പകൾ, എസ്.സി./എസ്.ടി. (SC/ST) കോർപ്പറേഷനുകൾക്കു നൽകുന്ന അതേ വ്യവസ്ഥകളിൽ, സംസ്ഥാന ന്യൂനപക്ഷ കോർപ്പറേഷനുകളും, വികസന കോർപ്പറേഷനുകൾവഴി നൽകുന്ന വായ്പകളും, നൽകണം. പക്ഷേ, ഈ കോർപ്പറേഷനുകളുടെ ഗുണഭാക്താക്കൾ, ഈ പദ്ധതിയിൽ നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളും, മറ്റു നിബന്ധനകളും, വ്യവസ്ഥകളും അനുസരിച്ചുള്ളവരായിരിക്കണം. സമയാസമയം വായ്പകൾ അനുവദിക്കാനും വിതരണം ചെയ്യാനും സാദ്ധ്യമാകുംവിധം ബാങ്കുകൾ, രേഖകൾ വേണ്ടവിധത്തിൽ സൂക്ഷിക്കണം. 5. നിരീക്ഷണം 5.1. നിർദ്ദിഷ്ട ന്യൂനപക്ഷ സമുദായങ്ങൾക്ക് വായ്പകൾ നൽകുന്ന കാര്യത്തിൽ ബാങ്കുകളുടെ നിർവഹണം നിരീക്ഷിക്കുന്നതിനുവേണ്ടി, ന്യൂനപക്ഷസമുദായാംഗങ്ങൾക്കു നൽകിയ വായ്പാ സഹായങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ റീസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്കും, ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ധനകാര്യമന്ത്രാലയത്തിനും, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും സമർപ്പിക്കണം. ഈ വിവരങ്ങൾ ഓരോ വർഷവും അർദ്ധവാർഷികാടിസ്ഥാനത്തിൽ മാർച്ച്, സെപ്തംബർ മാസങ്ങളിലെ അവസാന പ്രവൃത്തി ദിവസങ്ങളിലേതായിരിക്കണം. (അനുബന്ധം. II) 5.2. ന്യൂനപക്ഷസാന്ദ്രതയുള്ളവയെന്നു കണ്ടെത്തിയിട്ടുള്ള ജില്ലകളിലുള്ള ജില്ലാ ഉപദേശ സമിതികളുടെ കൺവീനർ ബാങ്കുകൾ അവയുടെ ലീഡ് ഉത്തരവാദിത്വത്തിൻ കീഴിലുള്ള നിർദ്ദിഷ്ട ന്യൂനപക്ഷ സമുദായങ്ങൾക്കു ജില്ലയിൽ ബാങ്കുകൾ അനുവദിച്ചിട്ടുള്ള മുൻഗണനാ വായ്പകളുടെ വിവരങ്ങൾ ക്രോഡീകരിച്ച് നിർദ്ദിഷ്ട ഫോറത്തിൽ (അനുബന്ധം. III കാണുക) റിസർവ് ബാങ്കിന്റെ അതാത് മേഖലാ ഓഫീസുകൾക്ക്, ബന്ധപ്പെട്ട ത്രൈമാസികമവസാനിച്ച് ഒരു മാസത്തിനകം സമർപ്പിക്കണം. 5.3. ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിയിട്ടുള്ള വായ്പാ സഹായത്തിനുള്ള പുരോഗതി, ജില്ലാ ഉപദേശക സമിതികൾ (DCCS), സംസ്ഥാന തല ബാങ്കേഴ്‌സ് സമിതികൾ എന്നിവയുടെ യോഗങ്ങൾ നിരന്തരം അവലോകനം ചെയ്യണം. 5.4. ന്യൂനപക്ഷ സാന്ദ്രതയുള്ളവയെന്ന് കണ്ടെത്തപ്പെട്ട ജില്ലകളിലെ ലീഡ് ബാങ്കുകൾ ഡി.സി.സി.കളുടേയും, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേയും യോഗങ്ങളിലെ കാര്യപരിപാടികുറിപ്പുകളുടേയും മിനിട്ട്‌സിന്റേയും പ്രസക്ത ഭാഗങ്ങൽ കേന്ദ്ര ധനകാര്യ വകുപ്പിന്റേയും, ന്യൂനപക്ഷ മന്ത്രാലയത്തിന്റേയും ഉപയോഗത്തിനായി, ത്രൈമാസികാടിസ്ഥാനത്തിൽ അവയ്ക്ക് സമർപ്പിക്കണം. 6. പരിശീലനം 6.1. ബാങ്ക് ജീവനക്കാർക്കും, ഉദ്യോഗസ്ഥന്മാർക്കും, ന്യൂനപക്ഷക്ഷേമ പദ്ധതികളെ സംബന്ധിച്ച ശരിയായ വീക്ഷണവും, അനുകൂല മനോഭാവവും ഉണ്ടെന്നുറപ്പുവരുത്താൻ, ഉപയുക്തമായ പരിശീലനം നൽകണം. ഇതിനുവേണ്ടി, ബാങ്കുകൾ പ്രവേശനാവസരത്തിലേയും, ഗ്രാമീണവായ്പാ സംബന്ധമായവ, മുൻഗണനാ വായ്പാ പദ്ധതി, ദാരിദ്ര്യ നിർമ്മാർജന പരിപാടികൾ എന്നിവയുടെ പ്രസക്തമായ പരിശീലന പരിപാടികൾക്കുള്ളിൽ അനുയോജ്യമായ പഠനവേളകൾ ഉൾപ്പെടുത്തണം. 6.2. നിർദ്ദിഷ്ട ജില്ലകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ന്യൂനപക്ഷ സമുദായങ്ങളെ വിവിധ വായ്പാ പദ്ധതികളെ സംബന്ധിച്ച് സഹായം നൽകാൻവേണ്ടിയുള്ള ബോധവൽക്കരണവും പ്രോത്സാഹനവും നൽകണം. 6.3. ലീഡ് ബാങ്കുകൾ മൈക്രോവായ്പകൾ/സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പകൾ എന്നിവയെ സംബന്ധിച്ച് ബാങ്കുദ്യോഗസ്ഥർക്ക്, ഡി.ഡി.എം.എസുകൾ, നബാർഡ് എന്നിവയുടെ സഹായത്തോടുകൂടി ബോധവൽക്കരണ ശില്പശാലകൾ സംഘടിപ്പിക്കണം. 6.4. നിർദ്ദിഷ്ട ജില്ലകളിലെ ലീഡ് ബാങ്കുകൾ ന്യൂനപക്ഷ സമുദായങ്ങൾക്കുവേണ്ടി സംരംഭക വികസന പദ്ധതികൾ സംഘടിപ്പിക്കണം. അങ്ങിനെ, ബാങ്കുകൾ വായ്പാസഹായം നൽകുന്ന പരിപാടികളുടെ പ്രയോജനം ഈ പ്രദേശങ്ങളിലുള്ളവർക്കും ലഭ്യമാകും. ഈ ജില്ലകളിൽ ജനങ്ങൾ പ്രധാനമായും ഏർപ്പെട്ടിരിക്കുന്ന തൊഴിലിനേയും മറ്റ് പ്രവൃത്തികളേയും അടിസ്ഥാനപ്പെടുത്തി പരിശീലനവും അനുകൂലമനോഭാവും പകർന്നു നൽകാൻ പൂർണ്ണമായും സജ്ജമായിട്ടുള്ള സംസ്ഥാന ഗവൺമെന്റുകൾ, വ്യവസായ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, സിഡ്ബി (SIDBI) സംസ്ഥാന സാങ്കേതിക കൂടിയാലോചനാ സമിതി, ഖാദിഗ്രാമവ്യവസായ കമ്മീഷൻ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അനുയോജ്യമായ പരിപാടികൾ രൂപീകരിക്കണം. പരിപാടികളുടെ ദൈർഘ്യം, പാഠ്യപദ്ധതിയുടെ ഉള്ളടക്കം, തിരഞ്ഞെടുക്കേണ്ട അദ്ധ്യയന പിന്തുണ, നിലവിലുള്ള പരിതസ്ഥിതികൾ, കഴിവുകൾ, ആവശ്യങ്ങൾ ജില്ലയിലെ ആളുകൾക്കുള്ള അഭിരുചികൾ എന്നിവ കണക്കിലെടുത്തുകൊണ്ടു ഓരോ ലീഡ് ബാങ്കും തിരഞ്ഞെടുക്കണം. 7. പബ്ലിസിറ്റി 7.1. ന്യൂനപക്ഷ സമുദായങ്ങളുടെ സാന്ദ്രത കൂടുതലുള്ള ജില്ലകളിൽ പ്രത്യേകിച്ചും അനുബന്ധം 1-ൽ ചേർത്തിട്ടുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സാന്ദ്രത കൂടുതലുള്ള ജില്ലകളിൽ, ഗവൺമെന്റിന്റെ വിവിധ ദാരിദ്ര്യ നിർമ്മാർജന പരിപാടികളെ സംബന്ധിച്ച് നല്ല പബ്ലിസിറ്റി നൽകണം. 7.2. ലീഡ് ബാങ്കുകൾ, നിർദ്ദിഷ്ട ജില്ലകളിലുള്ള ന്യുനപക്ഷ സമുദായങ്ങൾക്കിടയിൽ ബാങ്കുകളിൽ നിന്നും ലഭ്യമായ വായ്പാ സഹായങ്ങളെ സംബന്ധിച്ച് അനുയോജ്യമായ ഉപാധികളിലൂടെ ബോധവല്കരണം നടത്തണം. താഴെപ്പറയുന്ന ഉപാധികൾ ഉപയോഗിക്കാം. i. അച്ചടിമാദ്ധ്യമങ്ങൾ, അതായത് തദ്ദേശഭാഷകളിലുള്ള ലഘുലേഖാ വിതരണം, പരസ്യങ്ങൾ, പത്രങ്ങളിലെ ലേഖനങ്ങൾ തുടങ്ങിയവ. ii. ടി.വി. ചാനലുകൾ- ദൂരദർശൻ, തദ്ദേശീയ ചാനലുകൾ. iii. മേളകളിലും, വ്യാപാര മേളകളിലും സ്റ്റാളുകൾ സ്ഥാപിച്ചും ഇവരുടെതന്നെ സമുദായങ്ങളിലുള്ള മതപരമായ ഉത്സവങ്ങളിലും, അഘോഷങ്ങളിലും പങ്കെടുക്കുക. 8. ദേശീയ ന്യൂനപക്ഷ വികസന ഫൈനാൻസ് കോർപ്പറേഷൻ (NMDFC) 8.1. ന്യൂനപക്ഷങ്ങളിൽ പിന്നാക്കം കഴിയുന്നവരുടെ സാമ്പത്തികമായ ഉന്നമനത്തിനും വികസന പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് 1994 സെപ്തംബറിൽ ദേശീയ ന്യൂനപക്ഷ വികസന ഫൈനാൻസ് കോർപ്പറേഷൻ (NMDFC) സ്ഥാപിക്കപ്പെട്ടത്. NMDFC ഒരു ഉന്നത സംഘടനയായി പ്രവർത്തിക്കുന്നു. ഇത് അതിന്റെ ഫണ്ടുകൾ സംസ്ഥാന ന്യൂനപക്ഷ ഫൈനാൻസ് കോർപ്പറേഷൻവഴി അതാത് സംസ്ഥാനങ്ങളുടേയും ക്ഷേത്ര ഭരണ പ്രദേശങ്ങളിലേയും ഗുണഭോക്താക്കൾക്ക് എത്തിക്കുന്നു. 8.2. NMDFC ഇതുകൂടാതെ മാർജിൻമണി പദ്ധതിയും കൈകാര്യം ചെയ്യുന്നുണ്ട്. ഈ പദ്ധതിയിൻ കീഴിലുള്ള ബാങ്ക് വായ്പ, പ്രോജക്ട് ചിലവിന്റെ 60% ആയിരിക്കും. പ്രോജക്ട് ചിലവിന്റെ ബാക്കിതുക, NMDFC 25%, സംസ്ഥാന ഏജൻസി 10%, ഗുണഭോക്താവ് 5% എന്ന അനുപാതത്തിൽ പങ്കുവയ്ക്കുന്നു. NMDFC ആവിഷ്‌ക്കരിച്ച മാർജിൻ മണി പദ്ധതി ബാങ്കുകളാണ് നടപ്പിലാക്കേണ്ടത്. ബാങ്ക് വായ്പകൾ നൽകുമ്പോൾ, മുൻഗണനാവിഭാഗങ്ങൾക്കുള്ള വായ്പകൾ സംബന്ധിച്ച് റിസർവ് ബാങ്ക് നൽകിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളും, നിബന്ധനകളും, കണക്കിലെടുക്കണം. വായ്പകളുപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ആസ്തികൾ ബാങ്കുകൾ പണയമായി എടുക്കണം. ബാങ്കുകൾ, പണം തിരിച്ചു കിട്ടുമ്പോൾ അത് ആദ്യം ബാങ്കുവായ്പകളിലേക്ക് നീക്കി വയ്ക്കണം. 9. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ 15 ഇന പദ്ധതി 9.1. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടി ഇന്ത്യാ ഗവൺമെന്റ് നവീകരിച്ചിരിക്കുന്നു. മുൻഗണനാ വിഭാഗത്തിനുള്ള വായ്പകളുടെ തക്കതായ ഒരു ശതമാനം ന്യൂനപക്ഷ സമുദായങ്ങൾക്കും, വിവിധ ഗവൺമെന്റ് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളുടെ ഗുണം ദുർബ്ബലവിഭാഗത്തിന്, ന്യൂനപക്ഷസമുദായങ്ങളിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ പുതിയ പദ്ധതി കേന്ദ്ര മന്ത്രാലയങ്ങൾ വഴിയും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകൾ വഴിയുമാണ് നടപ്പിലാക്കേണ്ടത്. ഈ വികസന പദ്ധതിയുടെ ഒരു ഭാഗം ന്യൂനപക്ഷ സാന്ദ്രതയുള്ള ജില്ലകളിലാണ് നടപ്പിലാക്കേണ്ടത് എന്ന് നിഷ്‌കർഷിച്ചിരിക്കുന്നു. ആയതിനാൽ, എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും മുൻഗണനാ വായ്പകളുടെ പൊതുവേയുള്ള ലക്ഷ്യത്തിന്റെ ഒരു ഉപലക്ഷ്യമായി 10% ദുർബ്ബല വിഭാഗങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ന്യൂനപക്ഷ സമുദായങ്ങൾക്ക് ബാങ്കു വായ്പയുടെ ന്യായമായ പങ്ക് കിട്ടുന്നതിനുവേണ്ട ശ്രദ്ധപതിപ്പിക്കണം. ജില്ലാ വായ്പാ പ്ലാനുകൾ ഉണ്ടാകുമ്പോൾ, ലിഡ് ബാങ്കുകൾ ഈ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. നൂനപക്ഷത്തിനുള്ള വായ്പാ ആനുകൂല്യങ്ങൾ പ്രാമാണിക സർക്കുലറിൽ ക്രോഡീകരിച്ചിട്ടുള്ള സർക്കുലറുകളുടെ പട്ടിക.
|