RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78524442

മാസ്റ്റർ സർക്കുലർ - പട്ടിക ജാതി /പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള വായ്പാ സൗകര്യങ്ങൾ

RBI/2019-20/06
FIDD.CO.GSSD.BC.No.03/09.09.001/2019-20

ജൂലായ് 01, 2019

ചെയർമാൻ & മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും സ്മാൾ ഫിനാൻസ് ബാങ്കുകളും

പ്രിയപ്പെട്ട സർ/ മാഡം

മാസ്റ്റർ സർക്കുലർ - പട്ടിക ജാതി /പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള വായ്പാ സൗകര്യങ്ങൾ

പട്ടിക ജാതി/ പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള വായ്പാ സൗകര്യങ്ങൾ എന്ന വിഷയത്തിൽ ബാങ്കുകള്‍ക്ക് നൽകിയിട്ടുള്ള മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ചു് 2017 ജൂലായ് 01 ലെ FIDD.CO.GSSD.BC.No.06/09.09.001/2017-18 നമ്പർ ആയി പുറപ്പെടുവിച്ച മാസ്റ്റർ സർക്കുലർ ദയവായി കാണുക.

2. ഈ വിഷയം സംബന്ധിച്ച് 2019 ജൂണ്‍ 30 വരെ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ കൂടി ചേർത്ത് അനുയോജ്യമായ രീതിയിൽ പ്രസ്തുത മാസ്റ്റർ സർക്കുലർ പുതുക്കുകയും അത് /en/web/rbi എന്ന വെബ്സൈറ്റിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

വിശ്വസ്തതയോടെ

(സൊണാലി സെൻ ഗുപ്ത)
ചീഫ് ജനറല്‍ മാനേജർ


മുഖ്യ സർക്കുലർ - പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും
ലഭ്യമായ വായ്പാ സൗകര്യങ്ങൾ

പട്ടിക ജാതി/ പട്ടിക വർഗ്ഗക്കാർക്കു നൽകുന്ന വായ്പാ വർദ്ധനയ്ക്കായി ബാങ്കുകൾ താഴെ പറയുന്ന നടപടികൾ എടുക്കേണ്ടതാണ്.

1. ആസൂത്രണ പ്രക്രിയ

1.1 ലീഡുബാങ്ക് പദ്ധതിക്ക് കീഴിൽ രൂപീകൃതമായിട്ടുള്ള ജില്ലാതല കൂടിയാലോചനാ സമിതികൾ തന്നെ ഇക്കാര്യത്തിൽ ബാങ്കുകൾക്കും വികസന ഏജൻസികൾക്കും ഇടയിലുള്ള പ്രധാന ഏകോപന ഘടകമായി തുടരേണ്ടതാണ്.

1.2 ലീഡ് ബാങ്കുകൾ രൂപം കൊടുക്കുന്ന ജില്ലാ വായ്പാ പദ്ധതികൾ തൊഴിലും വികസന പദ്ധതികളുമായി വായ്പകളെ എങ്ങനെ യോജിപ്പിച്ചിരിക്കുന്നു എന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കണം

1.3 ബാങ്കുകൾ വിവിധ ജില്ലകളിൽ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി കൂടുതൽ അടുത്ത ബന്ധം പുലർത്തേണ്ടതാണ്.

1.4 ബ്ലോക്ക് തലത്തിൽ ഉള്ള ആസൂത്രണ പ്രക്രിയയിൽ പട്ടിക ജാതി/ പട്ടിക വർഗ്ഗക്കാർക്ക്‌ കുറച്ചു മുൻ‌തൂക്കം കൊടുക്കേണ്ടതുണ്ട്. അതനുസരിച്ച് വായ്പാ വിതരണ പദ്ധതിയിൽ അവർക്കു പ്രാമുഖ്യം നൽകേണ്ടതും അവരുടെ പങ്കാളിത്തം ഉറപ്പാക്കും വിധമുള്ളതും അവർക്കിടയിൽ സ്വയം തൊഴിലിനായി കൂടുതൽ ബാങ്ക് വായ്പാ വിതരണം സാധ്യമാകുന്ന വിധം ഉള്ളതും ആയ പ്രത്യേക വായ്പാ പദ്ധതികൾക്ക് രൂപം കൊടുക്കുകയും വേണം. ഈ സമൂഹത്തിന്റെ വായ്പാ അപേക്ഷകൾ അങ്ങേയറ്റം സഹാനുഭൂതിയോടും കാര്യങ്ങൾ അറിഞ്ഞുമാണ് ബാങ്കുകൾ പരിഗണിക്കേണ്ടത്.

1.5 വായ്പകൾ യഥാസമയം ലഭ്യമാകുന്നു, മതിയായ അളവിലുള്ളതും ഉല്പാദനക്ഷമവുമാകുന്നു, സ്വയം അടഞ്ഞുതീരുന്ന വിധത്തിൽ വരുമാന വർധന ഉണ്ടാകുന്നു, എന്നൊക്കെ മനസ്സിലാക്കുവാനായി ബാങ്കുകൾ അവരുടെ വായ്പാ നടപടിക്രമങ്ങളും നയങ്ങളും കാലികമായി അവലോകനം ചെയ്യണം

1.6 ഊർജ്ജിത വായ്പാ വിതരണത്തിനായി ഗ്രാമങ്ങളെ ‘ദത്തെടുക്കുമ്പോൾ’ ഈ സമൂഹങ്ങളുടെ ആധിക്യമുള്ളവ പ്രത്യേകം തെരഞ്ഞെടുക്കണം. ഗ്രാമങ്ങളിൽ ഇവരുടെ കേന്ദ്രീകരണമുള്ള പ്രദേശങ്ങളും (ബസ്തികൾ) തെരെഞ്ഞെടുക്കാവുന്നതാണ്.

2. ബാങ്കുകളുടെ പങ്ക്

2.1 പാവപ്പെട്ട വായ്പാ അപേക്ഷകർക്ക് അപേക്ഷാ ഫോറം പൂരിപ്പിക്കുവാനും മറ്റു ഔപചാരിതകൾ പൂർത്തിയാക്കുന്നതിനുമായി ബാങ്ക് ജീവനക്കാർ വേണ്ട സഹായം നൽകേണ്ടതാണ്. അങ്ങനെ ആയാൽ അപേക്ഷ ലഭിച്ച തീയതി മുതൽ നിശ്ചിത സമയത്തിനകം അവർക്കു വായ്പാ സൗകര്യം ലഭ്യമാകും

2.2 SC/ST വിഭാഗക്കാർ വായ്പാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാൻ ബാങ്കുകളുടെ വിവിധ പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ അവബോധം അവരിൽ ഉണ്ടാക്കേണ്ടതാണ്. അവരിൽ അർഹരായ ബഹുഭൂരിപക്ഷവും നിരക്ഷരർ ആയതിനാൽ ലഘുലേഖകളും മറ്റും പരിമിത പ്രയോജനമേ ചെയ്യുകയുള്ളൂ. കൂടുതൽ നല്ല മാർഗ്ഗം ബാങ്കിന്റെ ഫീൽഡ് ഉദ്യോഗസ്ഥർ ഇത്തരക്കാരെ നേരിട്ടുകണ്ട് പദ്ധതികളുടെ സവിശേഷതകളും ഉണ്ടാകുന്ന പ്രയോജനങ്ങളും വിശദീകരിച്ചു കൊടുക്കുക എന്നുള്ളതാണ്. ബാങ്കുകൾ പട്ടിക ജാതി/ പട്ടിക വർഗ്ഗ ഗുണഭോക്താക്കളുടെ വായ്പാ ആവശ്യങ്ങൾ മനസ്സിലാക്കുവാക്കാനായി അവർക്കു മാത്രമായി പതിവായി മീറ്റിങ്ങുകൾ സംഘടിപ്പിക്കുവാനും അത് വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്താനും അവരുടെ ശാഖകളോട് ആവശ്യപ്പെടേണ്ടതാണ്.

2.3 റിസർവ് ബാങ്കും നബാർഡും പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ അനുവർത്തനത്തിനായി ജീവനക്കാർക്കിടയിൽ പ്രചരിപ്പിക്കേണ്ടതാണ്.

2.4 പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവരിൽ നിന്നും സർക്കാരിന്റെ ദാരിദ്ര്യ നിർമ്മാർജ്ജന/ സ്വയം തൊഴിൽ പദ്ധതികൾക്ക് കീഴിൽ സമർപ്പിക്കുന്ന വായ്പാ അപേക്ഷകൾ പരിഗണിക്കുമ്പോൾ ബാങ്കുകൾ നിക്ഷേപത്തിന് വേണ്ടി നിർബന്ധം പിടിക്കരുത്. അതുപോലെ വായ്‌പ നൽകുമ്പോൾ അവർക്കു അർഹമായ സബ്‌സിഡി തുക കടം അടച്ചു തീർക്കുന്നത് വരെ തടഞ്ഞു വയ്ക്കുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം

2.5 ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപറേഷനും ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷനും യഥാക്രമം പട്ടികവർഗ്ഗകാര്യ മന്ത്രാലയത്തിന്റെയും സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെയും ഭരണ നിയന്ത്രണത്തിന് കീഴിലാണ്. ഈ സ്ഥാപനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് അവരെ സഹായിക്കുവാൻ ആവശ്യമുള്ള സ്ഥാപനപരമായ എല്ലാ സഹായങ്ങളും നൽകുവാൻ ബാങ്കുകൾ അവരുടെ ശാഖകളേയും നിയന്ത്രണ കാര്യാലയങ്ങളെയും അറിയിച്ചിരിക്കേണ്ടതാണ്.

2.6 സർക്കാർ പ്രായോജകരായിട്ടുള്ള പട്ടിക ജാതി/ വർഗ്ഗ സംഘടനകൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കാവശ്യമായ വസ്തുക്കൾ വാങ്ങുകയും ഗുണഭോക്താക്കളുടെ, അതായത് കൈത്തൊഴിൽ പണിക്കാർ, ഗ്രാമീണ കുടിൽ വ്യവസായങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുകയും ചെയ്യുക എന്ന പ്രതേക ഉദ്ദേശങ്ങൾക്കായി അനുവദിക്കുന്ന വായ്പകൾ മുൻഗണന മേഖലയ്ക്കുള്ള വായ്പകളായി പരിഗണിക്കേണ്ടതാണ്. എന്നാൽ ഈ വാങ്ങലുകളും വില്പനകളും പരിപൂർണമായും ഈ സംഘടനകളിലെ ഗുണഭോക്താക്കൾക്ക് വേണ്ടി മാത്രമുള്ളതായിരിക്കണം.

2.7 പട്ടിക ജാതി/ വർഗ്ഗ വിഭാഗത്തിന്റെ വായ്‌പാ അപേക്ഷകൾ നിരസിക്കുന്നത് ശാഖാതലത്തിലാകരുത്. അതിനു മുകളിലെ തലത്തിലാകണം നിരസിക്കൽ. അതിനുള്ള കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തുകയും വേണം.

3. SC / ST വികസന കോർപ്പറേഷനുകളുടെ പങ്ക്

പട്ടിക ജാതി/ വർഗ്ഗ വികസന കോർപറേഷനുകൾക്ക് ബാങ്കുകൾക്ക് സ്വീകാര്യമായ പദ്ധതികൾ/ നിർദ്ദേശങ്ങൾ ബാങ്ക് വായ്പക്ക് വേണ്ടി പരിഗണിക്കാമെന്ന് ഭാരത സർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളെയും അറിയിച്ചിട്ടുണ്ട്. വായ്പകൾക്ക് വേണ്ടി അധിക ജാമ്യം അഥവാ മൂന്നാം കക്ഷി ഗ്യാരന്റി സംബന്ധിച്ച് മുൻഗണനാ മേഖലയ്ക്കുള്ള വായ്പകൾക്കായി പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശ ങ്ങൾ ബാധകമായിരിക്കും

4. SC / ST ഗുണഭോക്താക്കൾക്ക് പ്രധാന കേന്ദ്ര സർക്കാർ പദ്ധതികൾക്ക് കീഴിലുള്ള സംവരണം.

ബാങ്കുകൾ വഴി വായ്പയും സർക്കാർ ഏജൻസികൾ വഴി സബ്‌സിഡിയും ലഭ്യമാകുന്ന വളരെയധികം കേന്ദ്രസർക്കാർ പദ്ധതികളുണ്ട്. ഈ പദ്ധതികൾക്ക് കീഴിലുള്ള വായ്പാ ഒഴുക്ക് റിസർവ് ബാങ്ക് നിരീക്ഷിച്ചു വരുന്നു. ഇവ ഓരോന്നിനു കീഴിലും SC/ ST വിഭാഗത്തിന് കാര്യമായ സംവരണവും ഇളവും നൽകിയിട്ടുണ്ട്.

(i) ദീനദയാൽ അന്ത്യോദയ യോജന- ദേശീയ ഗ്രാമീണ ഉപജീവന മാർഗ്ഗ മിഷൻ

ഭാരത സർക്കാരിന്റെ ഗ്രാമീണ വികസന മന്ത്രാലയം 2013 ഏപ്രിൽ 1 മുതൽ മുൻപുണ്ടായിരുന്ന സ്വർണജയന്തി ഗ്രാമ സ്വറോസ്‌ഗർ യോജന പുനഃസംഘടിപ്പിച്ച്‌ ദീനദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മാർഗ്ഗ മിഷൻ(DAY-NRLM) സമാരംഭിച്ചു. DAY-NRLM സമൂഹത്തിലെ അവശവിഭാഗത്തിനെ മതിയായ വിധത്തിൽ ഉൾകൊള്ളുന്നു എന്നും അതിൽ 50% ഗുണഭോക്താക്കൾ SC/ST വിഭാഗമായിരിക്കുമെന്നും ഉറപ്പാക്കുന്നു. ഈ പദ്ധതിയുടെ വിശദവിവരങ്ങൾ NRLM ന്റെ മുഖ്യ സർക്കുലറിൽ ലഭ്യമാണ്. (FIDD.GSSD.CO.BC.No.02/09.01.01/2019-20 dated July 01, 2019).

(ii) ദീനദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന മാർഗ്ഗ മിഷൻ

ഭാരത സർക്കാരിന്റെ ഭവന നഗരകാര്യ മന്ത്രാലയം 2013 സെപ്റ്റംബർ 24 മുതൽ മുൻപുണ്ടായിരുന്ന സ്വർണജയന്തി ഷഹരി റോസ്‌ഗർ യോജന (SJSRY) പുനഃസംഘടിപ്പിച്ച് ദീനദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന മാർഗ്ഗ മിഷൻ (DAY-NULM) സമാരംഭിച്ചു. DAY-NULM നു കീഴിൽ പ്രാദേശിക ജനസംഖ്യയിൽ SC/ST യുടെ എണ്ണത്തിനനുസരിച്ച് അവർക്ക്‌ വായ്പകൾ നൽകിയിരിക്കണം ഈ പദ്ധതിയുടെ വിശദ വിവരങ്ങൾ (DAY-NULM) നെ സംബന്ധിക്കുന്ന മുഖ്യ സർക്കുലറിൽ ലഭ്യമാണ്. (FIDD.GSSD.CO.BC.No.01/09.16.03/2019-20 dated July 01, 2019).

(iii) ഭിന്ന പലിശ നിരക്ക് പദ്ധതി (DRI Scheme)

ഈ പദ്ധതിക്ക് കീഴിൽ സമൂഹത്തിലെ ദുർബ്ബല വിഭാഗത്തിന് ഉല്പാദനപരവും ലാഭകരവുമായ പ്രവൃത്തികളിൽ ഏർപെടുന്നതിനു 15000 രൂപ വരെ സൗജന്യ വാർഷിക പലിശ നിരക്കായ 4%നു നൽകുന്നതാണ്. SC/ST വിഭാഗത്തിലെ അർഹരായവർക്ക്‌ മൊത്തം DRI വായ്പകളുടെ 40% ൽ കുറയാത്ത വിധം വായ്പകൾ അനുവദിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാങ്കുകളോട് നിർദ്ദേശിച്ചട്ടുണ്ട്. കൂടാതെ കൈവശഭൂമിയുടെ വിസ്തീർണം ജലസേചനസൗകര്യമുള്ളതു് ഒരു ഏക്കറിലും ആ സൗകര്യമില്ലാത്തത്‌ രണ്ടര ഏക്കറിലും കൂടുതൽ ആകരുതെന്നുള്ള അർഹതാ മാനദണ്ഡം SC/ST വിഭാഗത്തിന് ബാധകവുമല്ല. വരുമാനത്തെ സംബന്ധിക്കുന്ന മാനദണ്ഡത്തിനകത്തു വരുന്ന SC/ST വിഭാഗ ഗുണഭോക്താവിന്‌ ഈ പദ്ധതിക്ക് കീഴിൽ 15000 രൂപയുടെ വായ്പക്ക് പുറമെ 20000 രൂപ വരെ ഭവന വായ്പയും പ്രയോജനപ്പെടുത്താവുന്നതാണ്.

5. പട്ടികജാതികൾക്ക് വേണ്ടിയുള്ള വായ്പാ വർധന ഗ്യാരന്റി പദ്ധതി. (CEGSSC)

പട്ടിക ജാതിക്കാർക്കിടയിൽ സംരംഭം തുടങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അത്തരം സംരംഭകർക്ക്‌ ധനസഹായം നൽകുന്ന അംഗ വായ്പാ സ്ഥാപനങ്ങൾക്ക്‌ (Member Lending Institutions-MLIs) വായ്പാ വർധന ഗ്യാരന്റി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം 2015 മെയ് 6 ന്ആരംഭിച്ചതാണ് CEGSSC. ഈ പദ്ധതിക്ക് കീഴിൽ ഏകോപന ഏജൻസി ആയി നിയുക്‌തമായിട്ടുള്ളത് IFCI Ltd ആണ്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കിടയിൽ സംരംഭകത്വ ശ്രമങ്ങൾ ഉത്തേജിപ്പിക്കുന്നതിനായി SC സംരംഭകർക്ക്‌ MLI കൾ വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കുവാനായി MLI കൾക്ക് വേണ്ടി ഗ്യാരന്റി നൽകുവാൻ IFCI Ltd നെയാണ്‌ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്.

അർഹത: പട്ടിക ജാതി സംരംഭകർ/ പ്രൊമോട്ടർമാർ/ അംഗങ്ങൾ എന്നിവർക്ക് 51% ൽ കൂടുതൽ ഓഹരിവിഹിതവും കഴിഞ്ഞ ആറു മാസമായി ഭരണനിയന്ത്രണവുമുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളും സംഘങ്ങളും/ രജിസ്റ്റർ ചെയ്തിട്ടുള്ള പങ്കാളിത്ത സ്ഥാപനങ്ങൾ/ ഏക ഉടമസ്ഥത സ്ഥാപനങ്ങൾ എന്നിവർ, MLI കൾ ബാങ്ക്/ സ്ഥാപനങ്ങൾ അനുവദിക്കുന്ന വായ്പകൾക്കെതിരെ IFCI Ltd ൽ നിന്നുള്ള ഗ്യാരന്റിക്ക് അർഹരായിരിക്കും.

CEGSSC യ്ക്ക് കീഴിലെ ഗ്യാരന്റി ആവരണത്തുക: ഏറ്റവും കുറവ് 0.15 കോടി രൂപ, പരമാവധി 5.00 കോടി രൂപ

ഗ്യാരന്റി കാലാവധി: പരമാവധി 7 വർഷം അല്ലെങ്കിൽ തിരിച്ചടവു കാലാവധി, ഏതാണോ കുറവ് അത്.

6. നിരീക്ഷണവും പുനരവലോകനവും

6.1 പട്ടികജാതി/ വർഗ്ഗ ഗുണഭോക്താക്കൾക്ക് അനുവദിക്കുന്ന വായ്പാവിഹിതം നിരീക്ഷിക്കുവാൻ ബാങ്കുകളുടെ കേന്ദ്ര ഓഫീസിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം. റിസർവ് ബാങ്കിന്റെ മാർഗ്ഗ നിർദ്ദേശങ്ങളുടെ നടപ്പാക്കൽ ഉറപ്പാക്കുന്നതിന് പുറമെ പ്രസക്തമായ വിവരങ്ങൾ/ ശാഖകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കൽ, അവ കൂട്ടിച്ചേർക്കൽ, സർക്കാരിനും റിസർവ് ബാങ്കിനും വേണ്ട വിവരപത്രികകൾ സമർപ്പിക്കൽ എന്നീ കാര്യങ്ങൾക്കും പ്രസ്തുത സെൽ ഉത്തരവാദിയായിരിക്കും.

6.2 SLBC കൺവീനർ ബാങ്ക് SLBC യോഗങ്ങളിലേക്കു ദേശീയ പട്ടികജാതി/ പട്ടിക വർഗ്ഗ കമ്മീഷൻ പ്രതിനിധിയെയും ക്ഷണിക്കേണ്ടതാണ്. ഈ യോഗങ്ങളിലേക്കു ദേശീയ പട്ടികജാതി/ പട്ടിക വർഗ്ഗ ധനകാര്യ വികസന കോർപറേഷൻ(NSFDC), സംസ്ഥാന പട്ടികജാതി/ പട്ടിക വർഗ്ഗ ധനകാര്യ വികസന കോർപറേഷൻ(SCDC), എന്നിവരുടെ പ്രതിനിധികളെയും കൺവീനർ ബാങ്ക് ക്ഷണിക്കേണ്ടതാണ്.

6.3 ശാഖകളിൽ നിന്നും ലഭിക്കുന്ന വിവര പത്രികകളുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പട്ടികജാതി/ വർഗ്ഗക്കാർക്കു വിതരണം ചെയ്യുന്ന വായ്പകളെക്കുറിച്ചുള്ള ഒരു കാലിക പുനരവലോകനം ബാങ്കുകളുടെ കേന്ദ്ര ഓഫീസുകൾ നടത്തേണ്ടതാണ്.

6.4 പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് അനുവദിക്കുന്ന വായ്പാവിഹിതത്തിന്റെ ഒഴുക്ക്കൂട്ടുന്നതിനുള്ള നടപടികളെക്കുറിച്ച് ബാങ്കുകൾ ഒരു ത്രൈമാസിക പുനരവലോകനം നടത്തേണ്ടതാണ്. വിവിധ ആവശ്യങ്ങൾക്കായി നേരിട്ടും സംസ്ഥാനതല പട്ടികജാതി/ വർഗ്ഗ കോർപറേഷൻ വഴിയും ഈ വിഭാഗത്തിന് വായ്പകൾ നൽകുന്നതിലുള്ള പുരോഗതി, മറ്റു കാര്യങ്ങളോടൊപ്പം, കേന്ദ്ര ഓഫീസിലെയും നിയന്ത്രണ കാര്യാലയങ്ങളിലെയും മുതിർന്ന ഓഫീസർമാരുടെ സ്ഥലസന്ദർശനങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യേണ്ടതാണ്. തൊട്ടുമുൻവർഷത്തിൽ സമാനകാലത്തു നൽകിയ വായ്പാവിഹിതത്തെ അപേക്ഷിച്ച് ഗണ്യമായ വിടവോ അല്ലെങ്കിൽ വ്യത്യാസമോ പട്ടികജാതി/ വർഗ്ഗ വിഭാഗക്കാർക്ക് നൽകിയ വായ്പകളിൽ കാണുന്നുവെങ്കിൽ അത് മെയ് 14, 2015 ലെ സർക്കുലർ DBR No.BC.93/29.67.001/2014-15 പ്രകാരം “സാമ്പത്തിക ഉൾച്ചേർക്കൽ” വിഷയത്തിനുകീഴിൽ അവലോകനം ചെയ്യാനായി ബാങ്ക് ബോർഡിന് റിപ്പോർട്ട് ചെയ്തിരിക്കണം.

7. റിപ്പോർട്ട് ചെയ്യൽ

മുൻഗണനാ മേഖലയ്ക്കുള്ള വായ്പാവിതരണത്തെ സംബന്ധിക്കുന്ന 2016 ജൂലൈ 7 ലെ FIDD.CO.Plan.1/04.09.01/2016-17 നമ്പർ മുഖ്യ നിർദ്ദേശത്തിന്നും തുടർന്ന് 2018 ഡിസംബർ 4 വരെ നാളതീകരിച്ചതുമായ സർക്കുലറുകൾക്കും അനുസൃതമായി പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കു നൽകിയ വായ്പകൾ സംബന്ധിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. യഥാസമയത്തുതന്നെ ഈ റിപ്പോട്ടുകൾ സമർപ്പിക്കണമെന്ന് ബാങ്കുകളെ അറിയിച്ചിട്ടുണ്ട്. 2017 ജൂലൈ 6 ന്റെ FIDD.CO.SFB.No.9/04.09.001/2017-18 നമ്പർ സർക്കുലർ പ്രകാരമുള്ള ഒരു വിജ്ഞാപനം സ്മാൾ ഫിനാൻസ് ബാങ്കുകൾക്ക് വേണ്ടി RBI വെബ്സൈറ്റിൽ ലഭ്യമാണ്.


പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ
മാസ്റ്റർ സർക്കുലറിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സർക്കുലറിന്റെ പട്ടിക

ക്രമ നം സർക്കുലർ നം തീയതി വിഷയം
1 DBOD.No.BP.BC.172/C.464(R)-78 12.12.78 തൊഴിൽ സാദ്ധ്യത വർധിപ്പിക്കുന്നതിൽ ബാങ്കുകളുടെ പങ്ക്
2 DBOD.No.BP.BC.8/C.453(K)-Gen 09.01.79 ചെറുകിട ഇടത്തരം കർഷകർക്കുള്ള വായ്പ
3 DBOD.No.BP.BC.45/C.469(86)-81 14.04.81 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ
4 DBOD.No.BP.BC.132/C.594-81 22.10.81 പട്ടികജാതിക്കാരുടെ വികസനത്തിനായുള്ള സ്റ്റഡി ഗ്രൂപ്പിൻറ്റെ ശുപാർശകൾ
5 RPCD No PS.BC.2/C. .594-82 05.11.82 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ
6 RPCD.No.PS.BC.9/C.594-82 05.11.82 പട്ടികജാതി / പട്ടിക വർഗ്ഗ വികസന കോർപറേഷനുകൾക്ക് സൗജന്യ നിരക്കിലുള്ള ബാങ്ക് വായ്പ
7 RPCD.No.PS.BC.4/C. 594-83 22.08.83 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ
8 RPCD.No.PS.1777/C. 594-83 21.11.83 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ
9 RPCD.No.PS.1814/C.594-83 23.11.83 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ
10 RPCD.No.PS.BC.20/C.568(A)-84 2.01.84 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ- വായ്പാ അപേക്ഷകളുടെ തിരസ്കരിക്കൽ
11 RPCD.No.CONFS/274/PB-1-84/85 15.04.85 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ-
12 RPCD.No.CONFS.62/PB-1-85/86 24.07.85 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ- സ്വകാര്യ മേഖല ബാങ്കുകളുടെ പങ്ക്
13 RPCD.No.SP.BC.22/C.453(U)-85 09.10.85 DRI പദ്ധതിയിൽ പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ
14 RPCD.No.SP.376/C-594-87/88 31.07.87 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ
15 RPCD.No.SP.BC.129/C.594(Spl)/88-89 28.06.89 ദേശീയ പട്ടികജാതി/ പട്ടിക വർഗ്ഗ വികസന/ ധനകാര്യ കോർപറേഷൻ
16 RPCD.No.SP.BC.50/C.594-89/90 25.10.89 പട്ടികജാതി/ പട്ടിക വർഗ്ഗ വികസന കോർപറേഷൻ- യൂണിറ്റ് കോസ്റ്റിനെ കുറിച്ചുള്ള നിബന്ധനകൾ
17 RPCD.No.SP.BC.107/C.594-89/90 16.05.90 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ-
18 RPCD.No.SP.1005/C.594/90-91 04.12.90 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ-മൂല്യനിര്‍ണ്ണയ പഠനം
19 RPCD.No.SP.BC.93/C.594.MMS-90/91 13.03.91 പട്ടികജാതി/ പട്ടിക വർഗ്ഗ വികസന കോർപറേഷൻ- യൂണിറ്റ് കോസ്റ്റിനെ കുറിച്ചുള്ള നിബന്ധനകൾ
20 RPCD.No.SP.BC.122/C.453(U)-90-91 14.05.91 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള ഭവന വായ്പകൾ - DRI പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
21 RPCD.No.SP.BC.118/C.453(U)-92/93 27.05.93 മുൻഗണനാ വായ്പകൾ - ഭവന വായ്‌പ
22
RPCD.No.LBS.BC.86/02.01.01/96-97
16.12.96 പട്ടികജാതി/ പട്ടിക വർഗ്ഗ ദേശീയ കമ്മീഷൻ പ്രതിനിധികളെ SLBC യിൽ ഉൾപ്പെടുത്തുന്നു
23
RPCD.No.SP.BC.124/09.09.01/96-97
15.04.97 പട്ടികജാതി/ പട്ടിക വർഗ്ഗക്കാരുടെ ക്ഷേമത്തിനായുള്ള പാർലമെന്ററി കമ്മിറ്റി
24 RPCD.No.SAA.BC.67/08.01.00/98-99 11.02.99 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ
25 RPCD.No.SP.BC.51/09.09.01/2002-03 04.12.02 പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിന്റെ വികസനത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്കുള്ള പങ്ക് -വർക്ക് ഷോപ്പിന്റെ തീരുമാനങ്ങൾ
26 RPCD.No.SP.BC.84/09.09.01/2002-03 94 09.04.03 മുഖ്യ സർക്കുലറിൽ ഭേദഗതി
27 RPCD.No.SP.BC.100/09.09.01/2002-03 04.06.03 റിപ്പോർട്ടിങ് രീതിയിലെ മാറ്റങ്ങൾ
28 RPCD.No.SP.BC.102/09.09.01/2002-03. 23.06.03 പട്ടിക ജാതി/ പട്ടിക വർഗ സമുദായത്തിലേക്കുള്ള വായ്പാ ഒഴുക്കിന്റെ അവലോകനം - മാതൃകാ പഠനം
29 RPCD.SP.BC.No.49/09.09.01/2007-08 19.02.08 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ-. മാതൃകാ പഠനം പുതുക്കിയ അനുബന്ധം
30 RPCD.GSSD.BC.No.81/09.01.03/2012-13 27.06.13 SGSY ഇനി മുതൽ NRLM ആയി പുനർ രൂപീകരിച്ചിരിക്കുന്നു.
31 RPCD.CO.GSSD.BC.No.26/09.16.03/2014-15 14.08.14 SJSRY ഇനി മുതൽ NRLM ആയി പുനർ രൂപീകരിച്ചിരിക്കുന്നു.
32 FIDD.CO.GSSD.BC.No.06/09.09.001/2017-18 01.07.2017 പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള വായ്പാ സൗകര്യങ്ങൾ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?