RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501543

മാസ്റ്റർ സർക്കുലർ-ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന മിഷൻ (ഡിഎ വൈ-എൻയുഎൽഎം)

RBI/2017-18/5
FIDD.GSSD.CO.BC.No.03/09.16.03/2017-18

ജൂലൈ 01, 2017

എല്ലാ ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കുകളുടെയും
ചെയർമാൻ /മാനേജിങ് ഡയറക്ടർ& സിഇഒ.

പ്രിയപ്പെട്ട സർ/മാഡം,

മാസ്റ്റർ സർക്കുലർ-ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന മിഷൻ (ഡിഎ വൈ-എൻയുഎൽഎം)

ഭാരത സർക്കാരിന്‍റെ ദേശീയ നഗര ഉപജീവന മിഷൻ (ഡിഎ വൈ-എൻ യു എൽഎം) പ്രവർത്തനസജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ റിസർവ് ബാങ്ക് അതാതു കാലത്ത് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിഎ വൈ-എൻയുഎൽഎം-ന് കീഴിൽ സ്വയം തൊഴിൽ പദ്ധതി (എസ്ഇപി) പ്രവത്തനനിരതമാക്കുന്നതിനെക്കുറിച്ചുള്ള മാർഗനിർദ്ദേശരേഖകൾ ഭാരത സർക്കാരിന്‍റെ ഭവനനിർമ്മാണ-നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയം (യുപിഎ ഡിവിഷൻ) പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഭവനനിർമ്മാണ-നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയം പ്രാബല്യത്തിൽ വരുത്തിയ ഭേദഗതികൾ ഉൾക്കൊള്ളിച്ചുകൊണ്ട് പരിഷ്കരിച്ച മാസ്റ്റർ സർക്കുലർ പുറപ്പെടുവിക്കുകയും അത് ആർബിഐ വെബ്സൈറ്റ് www.rbi.org.in ൽ വിന്യസിക്കുകയും ചെയ്തിരിക്കുന്നു.

താങ്കളുടെ വിശ്വസ്തയുള്ള

(അജയകുമാർ മിശ്ര)
ചീഫ് ജനറൽ മാനേജർ

ഉള്ളടക്കം: മാസ്റ്റർ സർക്കുലർ


മാസ്റ്റർ സർക്കുലർ: ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന മിഷൻ (ഡിഎ വൈ -എൻയുഎൽഎം)

പശ്ചാത്തലം

ഭാരത സർക്കാരിന്‍റെ ഭവന നിർമ്മാണ-നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയം (എംഒഎച്ച് യുപിഎ) നിലവിലുള്ള സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാർ യോജന (എസ്ജെഎസ്‌ആർ വൈ) പുനഃസംഘടിപ്പിക്കുകയും 2013 ൽ ദേശീയ നഗര ഉപജീവന മിഷൻ (എൻയുഎൽഎം) ആരംഭിക്കുകയും ചെയ്തു. 2013 സെപ്റ്റംബർ 24 മുതൽക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും (ജനസംഖ്യ കണക്കിലെടുക്കാതെ) ഒരു ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള നഗരങ്ങളിലും എൻയുഎൽഎം പ്രയോഗത്തിൽ വരുത്തിയിരിക്കുന്നു. നഗരങ്ങളിലെ നിർദ്ധനരുടെ വ്യക്തിഗത-സംഘ സംരംഭങ്ങളും സ്വയംസഹായ സംരംഭങ്ങളും ആരംഭിക്കുന്നതിനെ തുണയ്ക്കാനായി നൽകുന്ന വായ്പകൾക്ക് പലിശ സബ്‌സിഡി അനുവദിക്കുന്നതിലൂടെ ധനപരമായ സഹായം നല്കുന്നതിലാണ് എൻയുഎൽഎം ലെ സ്വയം തൊഴിൽ പദ്ധതി (എസ്ഇപി) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എസ്ജെഎസ്‌ആർവൈ യുടെ കീഴിൽ യുഎസ്ഇപി (നഗര സ്വയം തൊഴിൽ പദ്ധതി), യുഡബ്ലിയു എസ്പി (നഗര വനിതാ സ്വയം-സഹായ പദ്ധതി) എന്നിവയ്ക്കായി മുൻപുണ്ടായിരുന്ന ക്യാപിറ്റൽ സബ്സിഡി വ്യവസ്ഥയ്ക്ക് പകരം, വ്യക്തിഗത സംരംഭം (എസ്ഇപി-I), ഗ്രൂപ്പ് സംരംഭം(എസ്ഇപി-ജി), സ്വയം സഹായസംഘങ്ങൾ (എസ്ഇപി-എസ്എച്ച്ജി കൾ) നടപ്പിലാക്കിയിരിക്കുന്നു. നഗര പ്രദേശങ്ങളിലെ നിർദ്ധനർക്കായി ഉപജീവനത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ കേന്ദ്രസർക്കാരിന്‍റെ ഭവന നിർമ്മാണ നഗര ദാരിദ്ര്യലഘൂകരണ (യുപിഎ ഡിവിഷൻ) മന്ത്രാലയം 2016 ഫെബ്രുവരി 19 ന് പുറപ്പെടുവിച്ച അവരുടെ ഓഫീസ് മെമ്മോറാണ്ടം No. K -14011/2/2012 -UPA/FTS-5196 പ്രകാരം ദേശീയ ഉപജീവന മിഷന്‍റെ വ്യാപ്തി വർദ്ധിപ്പിക്കുവാൻ തീരുമാനമെടുത്തിരിക്കുന്നു. വർദ്ധിപ്പിച്ച വ്യാപ്തിയോടെയുള്ള മിഷനെ "ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ-നഗര ഉപജീവനമിഷൻ (ഡിഎവൈ-എൻയുഎൽഎം)'' എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്.

ഡിഎ വൈഎൻയുഎൽഎം സ്വയം തൊഴിൽപദ്ധതി(എസ്ഇപി) ഘടകം പ്രവർത്തന സജ്ജമാക്കുന്നതിനായുള്ള മാർഗനിർദേശരേഖകൾ താഴെപറയും പ്രകാരമാണ് .

1.ആമുഖം:

1.1. നഗര പ്രദേശങ്ങളിലെ നിർദ്ധനരുടെയിടയിലുള്ള തെരുവുകച്ചവടക്കാർ/ വഴിവാണിഭക്കാർ എന്നിവരുൾപ്പെടെയുള്ള വ്യക്തികൾക്കും/ സംഘങ്ങൾക്കും അവരുടെ നൈപുണ്യത്തിനും പരിശീലനത്തിനും അഭിരുചികള്‍ക്കും പ്രദേശികസ്ഥിതിഗതികൾക്കും അനുയോജ്യമായ ലാഭകരമായ സ്വയംതൊഴിൽ ഉദ്യമങ്ങൾ/സൂക്ഷ്‌മസംരംഭങ്ങൾ ആരംഭിക്കുന്നതിനായി ധനപരമായ സഹായം നൽകാൻ എസ്ഇപി വ്യവസ്ഥചെയ്തിരിക്കുന്നു. ബാങ്കിൽ നിന്നും സുഗമമായ വായ്പ ലഭിക്കുവാനും എസ്എച്ച്ജി വായ്പകൾക്കായുള്ള പലിശ സബ്സിഡി ലഭിക്കുവാനുമായി നഗരപ്രദേശങ്ങളിലെ നിർധനരുടെ സ്വയംസഹായ സംഘങ്ങൾ (എസ്എച്ച്ജി)ക്ക് ഈ പദ്ധതി തുണയേകുകയും ചെയ്യുന്നു. തങ്ങളുടെ ഉപജീവനത്തിനായി സൂക്ഷ്മസംരംഭങ്ങളി ലേർപ്പെട്ടിരിക്കുന്ന മേൽപറഞ്ഞ ഗുണഭോക്താക്കൾക്കു സാങ്കേതിക വിദ്യ, വിപണനം മറ്റു രക്ഷണീയ സേവനങ്ങൾ എന്നിവ ലഭിക്കുന്നതിലും കൂടി എസ്‌ഇപി ശ്രദ്‌ധ കേന്ദ്രീ കരിക്കുകയും സംരംഭകരുടെ പ്രവർത്തന മൂലധനസംബന്ധമായ ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നുമുണ്ട് .

1.2. നഗരപ്രദേശങ്ങളിലെ നിർദ്ധനരിൽ തൊഴിൽരഹിതരായിട്ടുള്ളവര്‍ക്കും യഥാർത്ഥത്തിൽ ചെയ്യാൻ സാധിക്കുന്നതിലും കുറവു ജോലി മാത്രം ലഭിച്ചിട്ടുള്ളവർക്കും അവരുടെ പ്രദേശത്തു ഗണ്യമായ ഡിമാൻഡ് ഉള്ള നിർമ്മാണം, സേവനം, ചെറുകിട ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള പ്രോത്സാഹനം നൽകുന്ന തായിരിക്കും. പ്രദേശിക നൈപുണ്യങ്ങളെയും പ്രാദേശിക കരകൗശലത്തെയും പ്രതേൃകം പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രയോജനകരമായ നൈപുണ്യങ്ങൾ, ഉത്പന്നങ്ങളുടെ വിപണനം, ചെലവുകൾ, സാമ്പത്തികമായ ജയസാധ്യത മുതലായവ കണക്കിലെടുത്തുകൊണ്ട് അത്തരം പ്രവർത്തനങ്ങളുടെ/ പദ്ധതികളുടെ ഒരു സംക്ഷിപ്തരൂപം ഓരോ അർബൻ ലോക്കൽ ബോഡി (യുഎൽബി)യും വികസിപ്പിച്ചെടുക്കണം.

1.3. ഗുണഭോക്താക്കളിൽ സ്ത്രീകളുടെ ശതമാനം മുപ്പതിൽ കുറയാൻ പാടില്ല. നഗര/ പട്ടണത്തിലെ നിർദ്ധനരുടെയിടയിൽ എസ് സി/എസ്ടി വിഭാഗങ്ങളുടെ അംഗസംഖ്യയ്ക്കാനുപാതികമായെങ്കിലും ആ വിഭാഗങ്ങൾക്കും പ്രയോജനം ലഭിക്കേണ്ടതാണ്. ഈ പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് മൂന്നു ശതമാനം സംവരണം ഏർപ്പെടുത്തുന്ന പ്രത്യേക വ്യവസ്ഥ ഉണ്ടാക്കണം. ന്യൂനപക്ഷ സമുദായ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ 15 ഇന പരിപാടി അനുസരിച്ച് ഈ വായ്പാ ഘടകത്തിന്‍റെ മൂർത്തവും ധനപരവുമായ ടാർജെറ്റുകളിൽ കുറഞ്ഞത് 15 ശതമാനമെങ്കിലും ന്യൂനപക്ഷ സമുദായങ്ങൾ ക്കായി നീക്കി വയ്ക്കേണ്ടതാണ്.

2. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കലും അപേക്ഷകൾ സ്പോൺസർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും:

അർബൻ ലോക്കൽ ബോഡി (യുഎൽബി)യിൽ നിന്നുള്ള കമ്മ്യൂണിറ്റി ഓർഗനൈസർമാരും(സിഒ)പ്രൊഫഷണലുകളും നഗരങ്ങളിലെ നിർധന ന്മാരിലുൾപ്പെടുന്ന ഗുണഭോക്താക്കളായിത്തീരാൻ പോകുന്നവരെ കണ്ടെത്തണം. ഡിഎവൈ-എൻയുഎൽഎം-ന്‍റെ ഘടകമായി സോഷ്യൽ മൊബിലൈസേഷൻ & ഇന്‍സ്റ്റിറ്റ്യൂഷണൽ ഡെവലപ്പ്മെൻറ് (എസ്എം&ഐഡി)-ന് കീഴിൽ രൂപം കൊണ്ട കമ്മ്യൂണിറ്റി ഘടനകളായ സ്വയംസഹായ സംഘങ്ങൾ (എസ്എച്ച്ജികൾ) ഏരിയ ലെവൽ ഫെഡറേഷനുകൾ (എഎൽഎഫ്-കൾ)എന്നിവയും, എസ്ഇപി പ്രകാരം ധനപരമായ സഹായം ലഭിക്കുന്നതിലേക്കായി ഗുണഭോക്താക്കളായിത്തീരാൻ പോകുന്ന വ്യക്തികളെയും ഗ്രൂപ്പ്സംരംഭകരെയും യുഎൽബി യിലേക്ക് നിർദ്ദേശിക്കുകയും വേണം. ഗുണഭോക്താക്കൾക്ക് യുഎൽബി യെയോ അല്ലെങ്കിൽ അതിന്‍റെ പ്രതിനിധികളെയോ സഹായത്തിനായി നേരിട്ട് സമീപിക്കാവുന്നതാണ്. ബാങ്കുകള്‍ക്കും അവരുടെ പക്കലുള്ള ഗുണഭോക്താക്കളായിത്തീരാന്‍ പോകുന്നവരെ കണ്ടെത്തുകയും അവരുടെ കാര്യം പരിഗണനയ്ക്കായി യുഎല്‍ബിയിലേക്ക് നേരിട്ട് അയച്ചുകൊടുക്കുകയും ചെയ്യാവുന്നതാണ്. ബാങ്കുകള്‍ ഇക്കാര്യത്തിൽ അവരുടെ വ്യാപനം വര്‍ദ്ധിപ്പിക്കാനായി അവരുടെ പട്ടികയിലുള്ള ബിസിനസ്സ് കറസ്പോണ്ടന്‍റുമാർ (ബിസി) ബിസിനസ്സ് ഫസിലിറ്റേറ്റര്‍മാർ (ബിഎഫ്) എന്നിവരുടെ സേവനം ഉപയോഗിക്കുകയും വേണം. ഇക്കാര്യത്തിൽ ബാങ്കിന്‍റെ നയമനുസരിച്ചുള്ള തക്കതായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

2.1. വ്യക്തികള്‍ക്കും സംഘസംരംഭങ്ങൾക്കുമായുള്ള വായ്പാപേക്ഷകൾ അവരുടെ സ്പോണ്‍സറിങ് ഏജന്‍സിയായ അർബൻ ലോക്കൽ ബോഡി (യു എൽ ബി) സ്പോൺസർ ചെയ്യുന്നതായിരിക്കും.

2.2. എസ്ഇപിയെ സംബന്ധിച്ച് ഗുണഭോക്താക്കളായിത്തീരാൻ പോകുന്നവരിൽ അവബോധം സൃഷ്ടിക്കുന്നതിന് യുഎല്‍ബി ബഹുജന മാധ്യമ പ്രചാരണപരിപാടികൾ, ഇൻഫർമേഷൻ എഡ്യൂക്കേഷൻ ആന്‍റ് കമ്മ്യൂണിക്കേഷൻ (ഐഇസി) പ്രവർത്തനങ്ങൾ, പ്രാദേശിക വര്‍ത്തമാന പത്രങ്ങൾ, പരസ്യങ്ങൾ, സിറ്റി ലൈവ് ലിഹുഡ്സ് സെന്‍ററുകൾ (സിഎല്‍സി) മുതലായ മാര്‍ഗ്ഗങ്ങൾ ഉപയോഗിക്കേ ണ്ടതാണ്. റിസോഴ്സ് ഓര്‍ഗനൈസേഷനുകളുടെയും സ്വന്തം ഫീല്‍ഡ് സ്റ്റാഫിന്‍റെയും സജീവമായ പങ്കാളിത്തം വഴി ഈ ഘടകത്തെ സംബന്ധിച്ച വിവരങ്ങള്‍ യുഎല്‍ബി പ്രചാര പ്പെടുത്തുകയും വേണം.

2.3 ഒരു സംരംഭം ആരംഭിക്കാനായി ധനപരമായ സഹായം തേടാൻ ആഗ്രഹിക്കുന്ന ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട യുഎല്‍ബി മേലധി കാരികള്‍ക്ക് ഉദ്ദേശ്യലക്ഷ്യം വെളിപ്പെടുത്തിക്കൊണ്ട് വെള്ള ക്കടലാസിൽ ഒരു അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ ഇനിപ്പറയുന്ന പ്രാഥമിക വിവരങ്ങൾ നല്‍കിയിരിക്കണം: പേര്, വയസ്സ്, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, മേല്‍വിലാസം, ആധാര്‍ വിവരങ്ങൾ (ഉണ്ടെങ്കില്‍), ആവശ്യപ്പെടുന്ന വായ്പത്തുക, ബാങ്ക് അക്കൗണ്ട് നമ്പർ (ലഭ്യമെങ്കിൽ) സംരംഭത്തിന്‍റെ/ പ്രവര്‍ത്തനത്തിന്‍റെ സ്വഭാവം, വിഭാഗം മുതലായവ. മെയില്‍വഴിയോ/പോസ്റ്റ് മാര്‍ഗ്ഗമോ യുഎല്‍ബി ഓഫീസിലേക്ക് അപേക്ഷ അയയ്ക്കാം. അത്തരം അപേക്ഷകള്‍ യുഎല്‍ബി വര്‍ഷത്തിലുടനീളം സ്വീകരിക്കുന്നതാ യിരിക്കും.

2.4. ഡിഎവൈ-എന്‍യുഎൽഎം ഘടകമായ സോഷ്യൽ മൊബിലൈസേഷൻ ആന്‍റ് ഇന്‍സ്റ്റിറ്റ്യൂഷണൽ ഡെവലപ്പ്മെന്‍റ് (എസ്എം&ഐഡി)ന് കീഴിലായി രൂപീകരിക്കപ്പെട്ട കമ്മ്യൂണിറ്റി ഘടനകളായ സ്വയംസഹായസംഘങ്ങള്‍ (എസ്എച്ച്ജി)/ഏരിയാ ലെവല്‍ ഫെഡറേഷനുകള്‍ (എഎല്‍എഫ്) എന്നിവയ്ക്കും എസ്ഇപി പ്രകാരമുള്ള ധനപരമായ സഹായം, അത് ആവശ്യമുള്ള വ്യക്തികള്‍ക്കായും സംഘസംരംഭകർക്കായും ലഭിക്കുന്ന തിലേക്കുള്ള അപേക്ഷകള്‍ യുഎല്‍ബിക്ക് അയച്ചുകൊടുക്കാവു ന്നതാണ്.

2.5. ഗുണഭോക്താവില്‍ നിന്നുമുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടാൽ/ കൈപ്പറ്റിയാല്‍ ബന്ധപ്പെട്ട യുഎല്‍ബി അതിലെ വിവരങ്ങൾ ഒരു രജിസ്റ്ററിൽ അല്ലെങ്കിൽ എംഐഎസ് ഉണ്ടെങ്കിൽ അതിൽ രേഖപ്പെടുത്തുകയും അപ്രകാരം ഗുണഭോക്താക്കളുടെ ഒരു വെയിറ്റിങ് ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്യണം. യുഎല്‍ബി ഒരു യൂണിക് രജിസ്ട്രേഷന്‍ നമ്പരോടുകൂടി ഗുണഭോക്താവിന് ഒരു കൈപ്പറ്റു കുറി നല്‍കും. അപേക്ഷയുടെ സ്ഥിതി കണ്ടുപിടിക്കാന്‍ വേണ്ട ഒരു റഫറന്‍സ് നമ്പറായി യൂണിക് രജിസ്ട്രേഷൻ നമ്പർ ഉപയോഗിക്കാം.

2.6. വെയിറ്റിങ് ലിസ്റ്റിലെ ക്രമപ്രകാരം, യുഎല്‍ബി ഗുണഭോക്താക്കളെ വിളിക്കുകയും, ലോണ്‍ ആപ്ലിക്കേഷൻ ഫോറം (എല്‍എഎഫ്) പൂരിപ്പിക്കുകയും, പ്രവര്‍ത്തനസംബന്ധമായ വിവരങ്ങൾ, തിരിച്ചറിയൽ രേഖ, മേല്‍വിലാസരേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കുക എന്നീ കാര്യങ്ങൾ ചെയ്തുകൊണ്ട് ആവശ്യമായ പ്രമാണങ്ങൾ ചമയ്ക്കുകയും ചെയ്യും. ഗുണഭോക്താവിന്‍റെ സ്വത്വം ബോധ്യപ്പെടുവാനായി അയാളുടെ /അവരുടെ ആധാര്‍ നമ്പറും രേഖപ്പെടുത്തുന്നതാണ്. ഗുണഭോക്താവിന് ആധാര്‍കാര്‍ഡ് ഇല്ലാത്തപക്ഷം, വോട്ടര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് മുതലായ മറ്റേതെങ്കിലും അനന്യമായ തിരിച്ചറിയൽ രേഖ സ്വീകരിക്കുകയും കഴിയുംവേഗം ആധാര്‍കാര്‍ഡ് ലഭിക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്നതാണ്. സംസ്ഥാന നഗര ഉപജീവനമിഷൻ (എസ് യു എല്‍എം), സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (എസ്എല്‍ബിസി) കൺവീനർ ബാങ്കുമായി കൂടിയാലോചിച്ച് അനുയോജ്യമായ ഒരു ലോണ്‍ ആപ്ലിക്കേഷൻ ഫോറം (എല്‍എഎഫ്) വികസിപ്പിച്ചെടുക്കുന്നതാണ്. ഇതേ ലോണ്‍ ആപ്ലിക്കേഷൻ ഫോറം തന്നെ സംസ്ഥാനത്ത്/കേന്ദ്രഭരണപ്രദേശത്ത് ഒന്നാകെ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ഗുണഭോക്താവിന്‍റെയും അയാളുടെ/അവരുടെ കുടുംബ ത്തിന്‍റെയും സാമ്പത്തിക സ്ഥിതിയെക്കുറി ച്ചുള്ള അടിസ്ഥാന വിവരം ലോണ്‍ ആപ്ലിക്കേഷൻ ഫോറം (എല്‍എഎഫ്) ത്തിലുള്‍പ്പെട്ടിരിക്കും. ഈ വിവരം പിന്നീടൊരു ഘട്ടത്തിൽ അയാളുടെ/ അവരുടെ സാമ്പത്തിക സ്ഥിതിയിൽ വരുന്ന പ്രഭാവത്തെ വിശകലനം ചെയ്യുവാനായി ഉപയോഗപ്പെടുത്തക്കവിധ ത്തിലുള്ളതായിരിക്കും.

2.7. യുഎൽ ബി തലത്തിൽ രൂപീകരിച്ച ഒരു ടാസ്ക് ഫോഴ്സ്, അപേക്ഷകളെ പ്രവൃത്തിപരിചയം, നൈപുണ്യം, സംരംഭത്തിന്‍റെ വിജയസാധ്യത, സംരംഭത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം എന്നിവയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. തുടർന്ന് ടാസ്ക്ഫോഴ്സ് അപേക്ഷകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും, ശിപാർശ ചെയ്യുകയോ അല്ലെങ്കിൽ അപേക്ഷ നിരസിക്കുകയോ ചെയ്യുന്നതിന് മുൻപായി അപേക്ഷകരെ കൂടിക്കാഴ്ചയ്ക്ക് വിളിക്കുകയോ, ആവശ്യമെന്നു കാണുന്ന പക്ഷം അപേക്ഷകനിൽ നിന്നും അധിക വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യും.

2.8. ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിന്‍റെ ചുമതലയും ടാസ്ക് ഫോഴ്‌സിന്‍റെ ചെയർമാൻ പദവിയും യുഎൽബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ)/ മുനിസിപ്പൽ കമ്മീഷണർ ക്കായിരിക്കും. യുഎൽബിയുടെ വലുപ്പം/അംഗബലം എന്നതിനെ അടിസ്ഥാനമാക്കി യുഎൽബി തലത്തിൽ ഒന്നിലധികം ടാസ്ക് ഫോഴ്‌സുകൾ രൂപീകരിക്കുകയുമാവാം.

2.9. ടാസ്ക് ഫോഴ്‌സിന്‍റെ നിർദേശിക്കപ്പെട്ടിരിക്കുന്ന സംവിധാനം താഴെപറയും പ്രകാരമാണ്.

ക്രമനമ്പർ യുഎൽബി തലത്തിലെ ടാസ്ക് ഫോഴ്സ് പദവി
1. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) യുഎൽബി/യുഎൽബിയുടെ മുനിസിപ്പൽ കമ്മീഷണർ/അല്ലെങ്കിൽ യുഎൽബിയുടെ സിഇഒ അധികാരപ്പെടു ത്തിയിട്ടുള്ള ഏതെങ്കിലും പ്രതിനിധി. ചെയർമാൻ
2. ലീഡ് ഡിസ്ട്രിക്ട് മാനേജർ(എൽഡി എം) മെമ്പർ
3. സിറ്റി പ്രോജെക്ട് ഓഫീസർ (സിപിഒ), യുഎൽബി)/ അല്ലെങ്കിൽ യു എൽ ബി യുടെ ഏതെങ്കിലും അംഗീകൃത പ്രതിനിധി മെമ്പർ കൺവീനർ
4. ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്റർ (ഡി ഐ സി) യുടെ പ്രതിനിധി മെമ്പർ
5. ബാങ്കുകളുടെ സീനിയർ മാനേജർമാർ (പരമാവധി -2 ) മെമ്പർ
6. ഏരിയ ലെവൽ ഫെഡറേഷൻ/സിറ്റി ലെവൽ ഫെഡറേഷൻ പ്രതിനിധികൾ (2 ) മെമ്പർ

2.10. തുടർന്ന് അപേക്ഷകൾ അനുയോജ്യമായി കാണുന്നപക്ഷം ടാസ്ക് ഫോഴ്സ് അവ ശിപാർശ ചെയ്യുകയും അനുയോജ്യമല്ലെന്ന് കണ്ടാൽ അവ നിരസിക്കുകയോ, അല്ലെങ്കിൽ പുനഃപരിശോധനക്കായി ഓരോ അപേക്ഷയേയും സംബന്ധിച്ചു ആവശ്യമായി വരുന്ന കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ഗുണഭോക്താവിനോട് ആവശ്യപ്പെടുകയോ ചെയ്യുന്നതാണ്.

2.11. ടാസ്ക്ഫോഴ്സ് ഉചിതമായി ശിപാർശ ചെയ്ത അപേക്ഷകൾ യുഎൽബി തുടർനടപടികൾക്കായി ബന്ധപ്പെട്ട ബാങ്കുകൾക്ക് അയച്ചു കൊടുക്കുന്നതാണ്. ടാസ്ക്ഫോഴ്സ് അപ്രകാരം ശിപാർശ ചെയ്ത അപേക്ഷകൾ ബന്ധപ്പെട്ട ബാങ്കുകൾ 15 ദിവസത്തെ കാലയളവിനുള്ളിൽ കൈകാര്യം ചെയ്യേണ്ടതാണ്. അപേക്ഷകൾ ടാസ്ക്ഫോഴ്സ് ശിപാർശ ചെയ്ത് അയച്ചതാകയാൽ അവ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ബാങ്കുകൾക്ക് നിരസിക്കാൻ കഴിയുകയുള്ളൂ.

2.12. ബാങ്കുകൾ അവർക്കു ലഭിച്ച അപേക്ഷകളുടെ സ്ഥിതിയെക്കുറിച്ചു അതതു കാലത്ത് യു എൽ ബി യ്ക്ക് ഒരു റിപ്പോർട്ട് അയക്കേണ്ടതാണ്. എം ഐ എസ് രീതി ഉപയോഗിക്കുന്നുണ്ടെങ്കിൽ കൈക്കുറി എഴുത്തിനു പുറമെ ഓൺലൈൻ ആയി അപേക്ഷയുടെ അവസ്ഥ അപ്പഴപ്പോൾ പുതുക്കി അറിയിക്കാൻ ബാങ്കുകളെ അനുവദിക്കാവുന്നതാണ്.

2.13. യുഎൽബി യിൽ നിന്നും മുൻകൂറായി സ്പോൺസർ ചെയ്യേണ്ടതി ന്‍റെ ആവശ്യമില്ലാതെ തന്നെ, പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) അല്ലെങ്കിൽ അത് പോലുള്ള മറ്റേതെങ്കിലും പദ്ധതികൾ എന്നിവ യ്ക്കായുള്ള മാർഗ്ഗനിർദ്ദേശരേഖകൾ പ്രകാരമുള്ള പ്രസക്തമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കുകൾക്ക് വായ്പാപേക്ഷകൾ നേരിട്ട് സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. ബാങ്കുകൾ അപ്രകാരം അവർ അനുവദിച്ച വായ്പകളുടെ വിശദ വിവരങ്ങൾ, ഡിഎ വൈ-എൻയുഎൽഎം പദ്ധതിയിലെ പലിശ സബ്സിഡിക്കായുള്ള ഗുണഭോക്താക്കളുടെ അർഹത സ്ഥീരീകരിക്കാനായി യു എൽ ബി കൾക്ക് അയച്ചു കൊടുക്കേണ്ടതാണ്. ഈ അപേക്ഷകൾ മറ്റു വിധത്തിൽ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെങ്കിൽ അപേക്ഷകളുടെ സൂക്ഷ്മ പരിശോധനക്കായി രൂപീകരിച്ചിട്ടുള്ള ടാസ്ക് ഫോഴ്സ് അവയ്ക്ക് സത്വരമായി അനുമതി നൽകേണ്ടതാണ്. ഗുണഭോക്താ ക്കളുടെ അർഹതയെക്കുറിച്ചുള്ള സ്ഥിരീകരണം ലഭിച്ചു കഴിഞ്ഞാൽ, യു എൽ ബികൾ സ്പോൺസർ ചെയ്യുന്ന ഗുണഭോക്താക്കൾക്കായുള്ള പലിശ സബ്സിഡി ക്ലെയിം ചെയ്യുന്ന അതേ രീതിയിൽത്തന്നെ യുഎൽബി കളിൽ പലിശ സബ്സിഡിയ്ക്കായുള്ള ക്ലെയിം ഉന്നയിക്കേണ്ടതാണ്. സബ്സിഡി ഡിഎവൈ-എൻയുഎൽഎം ഗുണഭോക്താക്കളുടെ വായ്പാ അക്കൗണ്ടുകളിലേക്ക് നേരിട്ട് അയക്കുന്നതായിരിക്കും. ഇത് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ സംബന്ധമായ നടപടി ക്രമത്തിന് ഇണങ്ങു ന്നതുമാണ്.

3. വിദ്യാഭാസ യോഗ്യതകളും പരിശീലത്തിന്‍റെ ആവശ്യകതയും

ഈ പദ്ധതിയുടെ ഉപഭോക്താക്കളായിത്തീരാൻ പോകുന്നവരുടെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് എന്തെങ്കിലും നിബന്ധനയില്ല എന്നു വരികിലും സൂക്ഷ്മ-സംരംഭ വികസനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന പ്രവർത്തനത്തിന് ചില പ്രത്യേക നൈപുണ്യങ്ങൾ ആവശ്യമാണെങ്കിൽ ധനപരമായ സഹായം നൽകുന്നതിനും മുൻപായി ഗുണഭോക്താക്കൾക്ക് ഉചിതമായ പരിശീലനം നൽകേണ്ടതാണ്.

3.1. നൈപുണ്യ പരിശീലനവും പ്ലേസ്‌മെൻറും വഴി ഉപജീവനം. (എംപ്ളോയ്മെൻറ് ത്രൂ സ്‌കിൽസ് ട്രെയിനിംഗ് ആൻറ് പ്ലേസ്‌മെൻറ് (ഇഎസ്ടി&പി)

ഗുണഭോക്താവായിത്തീരാൻ പോകുന്ന വ്യക്തി, നിർദ്ദിഷ്ട സൂക്ഷ്മ-സംരംഭം നടത്തികൊണ്ടുപോകുന്നതിനാവശ്യമായ നൈപുണ്യം സമ്പാദിച്ചുകഴിഞ്ഞതിനു ശേഷം മാത്രമേ ധനപരമായ സഹായം അനുവദിക്കാവൂ. ഗുണഭോക്താവ് ഇതിനകം തന്നെ ഒരു അറിയപ്പെടുന്ന സ്ഥാപനത്തിൽ നിന്നോ, രജിസ്റ്റർ ചെയ്തിട്ടുള്ള എൻ ജിഒ/സന്നദ്ധസംഘടനയിൽ നിന്നോ, അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ പദ്ധതിയിൻ കീഴിലോ പരിശീലനം സിദ്ധിക്കുകയും ഇതിനുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ പരിശീലനം അത്യാവശ്യമായി വരില്ല. ഗുണഭോക്‌താവ്‌ തന്‍റെ കുല ത്തൊഴിലിൽ നിന്നും ആവശ്യമായ നൈപുണ്യം സമ്പാദിച്ചിട്ടുള്ള അവസ്ഥയിലാണെങ്കിൽ അക്കാര്യം ധനപരമായ സഹായം നൽകുന്നതിനും മുൻപായി യുഎൽബി സാക്ഷ്യപ്പെടുത്തിയിരി ക്കേണ്ടതാകുന്നു.

3.2. സംരംഭകത്വ വികസനപരിപാടി (ഓൻട്രെപ്രോണോർഷിപ്പ്) ഡെവലപ്മെൻറ് പ്രോഗ്രാം-ഇഡിപി) :

ഗുണഭോക്താക്കൾക്കായുള്ള നൈപുണ്യ പരിശീലനത്തിനും പുറമെ വ്യക്തികൾക്കും ഗ്രൂപ്പ്‌ സംരംഭകർക്കുമായി 3-7 ദിവസം സംരംഭകത്വ വികസന പരിപാടി നടത്തുന്നതിനായുള്ള അവസരം യു എൽ ബി ഒരുക്കുന്നതായിരിക്കും. ഇ ഡി പി യിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ ഒരു സംരംഭത്തിന്‍റെ നടത്തിപ്പ്, അടിസ്ഥാനയോഗ്യമായ കണക്കെഴുത്തു രീതി, സാമ്പത്തിക കൈകാര്യം, വിപണനം ബാക്ക് വേർഡ്-ഫോർ വേർഡ് ലിങ്കേജുകൾ, നിയമപരമായ നടപടിക്രമങ്ങൾ, ഉത്പാദനച്ചെലവും വരുമാനവും തുടങ്ങി സംരംഭകത്വ വികസന സംബന്ധമായ അടിസ്ഥാനപരമായ കാര്യങ്ങളു ണ്ടായിരിക്കും. മേൽപ്പറഞ്ഞ വിഷയങ്ങൾക്കു പുറമെ പഠന പദ്ധതിയിൽ സംഘചാലക ശക്തി, പ്രവൃത്തിവിന്യാസം, ഗ്രൂപ്പ് സംരംഭങ്ങളുടെ ലാഭം വീതിക്കുന്നതിനുള്ള സംവിധാനം മുതലായവയും ഉണ്ടായിരിക്കേണ്ടതാണ്.

3.3. സ്റ്റേറ്റ് മിഷൻ മാനേജ്‌മെൻറ് യൂണിറ്റ് (എസ്.എം.എം.യു) നൽകുന്ന പിന്തുണയോടെയും ഒരു അംഗീകൃത സ്ഥാപനം/ഏജൻസി അല്ലെങ്കിൽ യു.എൽ.ബി. യുടെ പരിശീലന പരിപാടി നടത്താനായി ഉപയോഗിക്കാവുന്ന ഒരു കൺസൾട്ടിങ് കമ്പനിയുടെ സഹായത്തോടെയും സംസ്ഥാന നഗര ഉപജീവന മിഷൻ (എസ്.യു.എൽ.എം) ഇഡിപി പഠനപദ്ധതി പാകമാക്കുകയും തീർപ്പാക്കുകയും ചെയ്യേണ്ടതാണ്. ഇഡിപി പരിശീലന പരിപാടി ക്രമീകരിക്കേണ്ടത് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന സ്ഥാപനങ്ങൾ (ആർ.എസ്.ഇ.ടി.ഐ), സംരംഭകത്വ വികസനം/പരിശീലനം, നടത്തിപ്പ്/ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംരംഭകത്വ വികസനം/പരിശീലനം മുതലായ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്ത എൻജിഒ കൾ എന്നിവ മുഖേനയായിരിക്കണം.

3.4. വ്യക്തിഗത സംരംഭകർക്കും ഗ്രൂപ്പ് സംരംഭകർക്കും നൽകുന്ന തുടർപിന്തുണ :

വ്യക്തികൾ ഒറ്റക്കൊറ്റയ്ക്കു നടത്തുന്ന സംരംഭങ്ങൾക്കും ഗ്രൂപ്പുകളായി നടത്തുന്ന സംരംഭങ്ങൾക്കും ധനപരമായ സഹായം ലഭ്യമാക്കിയ തിനുശേഷം യുഎൽബി ആവശ്യമായ ഘട്ടങ്ങളിൽ സംരംഭകത്വ വികസന പരിപാടി (ഇഡിപി) തുടർന്നും സംഘടിപ്പി ക്കുന്നതാണ്. അപ്രകാരമുള്ള പരിപാടികൾ വായ്പ നൽകിയിട്ടുള്ള ഓരോ ഗുണഭോക്താവിനുമായി ആറു മാസത്തിലൊരിക്കൽ എന്ന ഉത്തമമായ കാലയളവിൽ നടത്തേണ്ടതാണ്. ഇഡിപി യുടെ അനുധാവന പരിപാടികൾ സംഘടിപ്പിക്കുന്ന വേളയിൽ ഗുണഭോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വിഷമങ്ങളും ചർച്ച ചെയ്യേണ്ടതും, അവയ്ക്ക് പരിഹാരം നിർദ്ദേശിക്കേണ്ടതുമാണ്.

4. ധനപരമായ സഹായത്തിന്‍റെ മാതൃകാ രൂപം:

വ്യക്തികള്‍ ഒറ്റയ്ക്ക് നടത്തുന്ന സംരംഭങ്ങളും ഗ്രൂപ്പുകളായി നടത്തുന്ന സംരംഭങ്ങളും ആരംഭിക്കുന്ന കാര്യത്തിൽ നഗരപ്രദേശങ്ങളിലെ ദരിദ്രര്‍ക്ക് നല്‍കാവുന്ന ധനപരമായ സഹായം പലിശ സബ്സിഡിയുടെ രൂപത്തിലുള്ളതായിരിക്കും. വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തുന്ന സംരംഭങ്ങളും ഗ്രൂപ്പുകളായി നടത്തുന്ന സംരംഭങ്ങളും ആരംഭിക്കുന്നതിനായി നല്‍കുന്ന ബാങ്ക് വായ്പകളിന്മേൽ ഈടാക്കുന്ന പലിശയിൽ ഏഴ് ശതമാനത്തിനും മീതെയുള്ള പലിശയാണ് സബ്സിഡിയായി ലഭിക്കുക. ഏഴ് ശതമാനം പ്രതിവര്‍ഷനിരക്കും, ബാങ്ക് ഈടാക്കുന്ന പലിശയുടെ നിരക്കും തമ്മിലുള്ള വ്യത്യാസമാണ് ഡിഎവൈ-എന്‍യുഎല്‍എം പദ്ധതിപ്രകാരം ബാങ്കുകള്‍ക്ക് നല്‍കുക. വായ്പ കൃത്യമായി തിരിച്ചടച്ചാല്‍ മാത്രമേ പലിശ സബ്സിഡി നല്‍കുകയുളളൂ. ഇക്കാര്യത്തില്‍ ബാങ്കുകളിൽ നിന്നും ഉചിതമായ സാക്ഷ്യപ്പെടുത്തൽ ലഭിച്ചിരിക്കണം. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന എല്ലാ വനിതാ സ്വയംസഹായസംഘ (ഡബ്ലിയു.എസ്.എച്ച്.ജി-കള്‍) ങ്ങള്‍ക്കും മൂന്ന് ശതമാനം പലിശ സബ്സിഡി അധികമായി ലഭിക്കുന്നതാണ്. പലിശ സബ്സിഡി വായ്പയുടെ കൃത്യമായ തിരച്ചടവിനു (വായ്പ തിരിച്ചടവ് പട്ടികപ്രകാരം) വിധേയമായിട്ടായിരിക്കും ലഭിക്കുക. ഇക്കാര്യത്തില്‍ യുഎല്‍ബി ബാങ്കുകളിൽ നിന്നും ഉചിതമായ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. അര്‍ഹരായ വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് മൂന്ന് ശതമാനം അധിക പലിശ സബ്സിഡി തിരിച്ചു നല്‍കുന്നതായിരിക്കും. ബാങ്കുകള്‍ അര്‍ഹരായ വനിതാ സ്വയം സഹായ സംഘങ്ങളുടെ അക്കൗണ്ടുകളില്‍ മൂന്ന് ശതമാനം പലിശ സബ്സിഡി വരവു വയ്ക്കുകയും അതിനുശേഷം അത് മടക്കിക്കിട്ടാനായി യുഎല്‍ബിയെ സമീപിക്കേണ്ടതുമാണ്.

5. ബാങ്കുകള്‍ക്ക് പലിശ സബ്സിഡി ലഭിക്കാനുള്ള നടപടിക്രമം:

5.1. കോര്‍ബാങ്കിങ് സൊല്യുഷൻ (സിബിഎസ്) വേദിയിലുള്ള എല്ലാ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യൽ ബാങ്ക് (എസ്.സി.ബി-കള്‍) കളും ഈ പദ്ധതി പ്രകാരമുള്ള പലിശ സബ്സിഡി ലഭിക്കാന്‍ യോഗ്യതയുള്ളവയായിരിക്കും.

5.2. ഗുണഭോക്താക്കള്‍ക്ക് വായ്പ വിതരണം ചെയ്തതിനുശേഷം ബന്ധപ്പെട്ട ബാങ്ക് ശാഖ അത് വിതരണം ചെയ്ത വായ്പകളുടെ വിശദവിവരങ്ങള്‍ പലിശ സബ്സിഡിത്തുകയുടെ വിശദവിവരങ്ങളും ചേര്‍ത്ത് യുഎല്‍ബിക്ക് അയച്ചുകൊടുക്കണം.

നടപടിക്രമം 1

5.3 ബാങ്കുകള്‍ നല്‍കുന്ന ക്ലെയിമുകൾ തീര്‍പ്പാക്കുന്നത് പാദവര്‍ഷാടിസ്ഥാന ത്തിലാണെങ്കിലും ക്ലെയിമുകൾ പ്രതിമാസാടിസ്ഥാനത്തിൽ സമര്‍പ്പിക്കേണ്ട താണ്. അയച്ചുകൊടുക്കുന്ന വിവരങ്ങള്‍ യുഎല്‍ബി പരിശോധിക്കുകയും പലിശ സബ്സിഡിത്തുക (പ്രതിവര്‍ഷം ഏഴ് ശതമാനം എന്ന നിരക്കും നിലവിലുള്ള നിരക്കും തമ്മിലുള്ള വ്യത്യാസം) ബാങ്കുകള്‍ക്ക് വിട്ടു കൊടുക്കുന്നതുമാണ്.

5.4 ഈ വായ്പാഘടകപ്രകാരമുള്ള വായ്പകളുടെ പലിശ സബ്സിഡിക്കായി നല്‍കേണ്ട ഒരു നിര്‍ദ്ദിഷ്ട ഫോര്‍മാറ്റ് (അനുബന്ധം-1ല്‍) ഉള്ളടക്കം ചെയ്തിരിക്കുന്നു.

5.5. ക്ലെയിമുകള്‍ ഒരു പാദവര്‍ഷത്തിലുമധികം തീരുമാനിക്കാത്തവയായി തുടരാൻ പാടില്ല. ബാങ്കുകളുടെ ക്ലെയിമുകള്‍ ആറ് മാസക്കാല യളവിനുള്ളിൽ തീര്‍പ്പാക്കപ്പെടാത്തപക്ഷം, അത്തരം യുഎല്‍ബികൾ ക്ലെയിമുകള്‍ അനുവദിക്കുന്നതിനു വിധേയമായി, തിരഞ്ഞെടുത്ത നഗരങ്ങളിൽ പദ്ധതി താത്ക്കാലികമായി നിര്‍ത്തിവയ്ക്കാൻ എസ്എല്‍ബിസി യ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. അത്തരം സംഭാവ്യാവസ്ഥകളില്‍ ക്ലെയിം തീർപ്പാക്കൽ മേലാൽ ലീഡ് ഡിസ്ട്രിക്ട് ബാങ്കിന് നല്‍കേണ്ടതാണ്.

നടപടിക്രമം – II

5.6. ക്ലെയിമുകള്‍ തീർപ്പാക്കൽ :

പലിശ സബ്സിഡി വിട്ടുകൊടുക്കുന്നതിനായുള്ള നോഡൽ ഏജന്‍സി :

ബന്ധപ്പെട്ട സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എല്‍.ബി.സി)യുമായി കൂടിയാലോചിച്ച് ഓരോ സംസ്ഥാനത്തും ഒരു പൊതുമേഖല ബാങ്കിനെ നോഡല്‍ ബാങ്കായി നിയോഗിക്കേണ്ടതാണ്. എല്ലാ ബാങ്കുകളും പലിശ സബ്സിഡി വിവരങ്ങള്‍ അവരുടെ ശാഖകളിൽ നിന്നും സമാഹരിക്കുകയും നോഡല്‍ ബാങ്കിന്‍റെ പോർട്ടലിൽ അത് അപ്‌ലോഡ് ചെയ്യുകയും വേണം. കണക്കുകള്‍ ബോധ്യപ്പെട്ടതിനുശേഷം നോഡല്‍ബാങ്ക് പലിശ സബ്സിഡി ബാങ്ക് ശാഖകളിലേക്ക് കൈമാറും. സംസ്ഥാന/കേന്ദ്ര ഭരണപ്രദേശം കുറച്ച് കരുതൽധനം മുന്‍കൂറായി നോഡൽ ബാങ്കിൽ അടയ്ക്കുന്നതാണ്. ഡിഎവൈ-എന്‍യുഎൽഎം മാര്‍ഗ്ഗനിര്‍ദ്ദേശരേഖ കള്‍ക്കനുസരിച്ച് നോഡല്‍ബാങ്ക് ഒരു കരുതൽ ധനം ബാങ്കു ശാഖകള്‍ക്ക് വിട്ടു കൊടുക്കും. പണം മടക്കി നല്‍കുന്നതിന്‍റെ വിവര ങ്ങൾ നോ‍ഡല്‍ബാങ്ക് മുടക്കം കൂടാതെ എസ് യുഎല്‍എം ന് അയച്ചുകൊടുക്കുന്നതായിരിക്കും. ഈ നടപടിക്രമം മൂന്ന് ഇനങ്ങളിലുമുള്ള, അതായത്, എസ്ഇപിI (ഐ), എസ്.ഇപി(ജി), എസ്എച്ച്ജി- ബാങ്ക് ലിങ്കേജ് വായ്പകളിലും പിന്തുടരേണ്ടതാണ്.

6. വ്യക്തികൾ ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തുന്ന സംരംഭങ്ങൾ എസ്ഇപി (ഐ), വായ്പയും സബ്സിഡിയും.

സ്വയം തൊഴിലിനായി ഒറ്റയ്ക്ക് ഒരു സൂക്ഷ്മ സംരംഭം ആരംഭിക്കുന്നതിനായി ആഗ്രഹിക്കുന്ന, നഗരപ്രദേശത്തെ ദരിദ്രനായ ഒരു വ്യക്തിയ്ക്ക് ഏതെങ്കിലുമൊരു ബാങ്കില്‍ നിന്നും ഈ വായ്പാ ഘടകപ്രകാരമുള്ള സബ്സിഡിയോടുകൂടിയ വായ്പയുടെ പ്രയോജനം കൊണ്ട് നേട്ടമുണ്ടാക്കാന്‍ കഴിയുന്നതാണ്. ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തുന്ന സൂക്ഷ്മസംരംഭങ്ങള്‍ക്കായുള്ള വായ്പകളുടെ മാനദണ്ഡങ്ങള്‍/ പ്രത്യേക നിര്‍ദ്ദേശങ്ങൾ താഴെപ്പറയും പ്രകാരമാണ്:

6.1 വയസ്സ് : ഗുണഭോക്താവായിത്തീരാന്‍ പോകുന്നയാള്‍ക്ക് വായ്പ ക്കായി അപേക്ഷിക്കുന്ന സമയത്ത് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.

6.2. പ്രോജക്ട് ചെലവ് (പ്രോജക്ട് കോസ്റ്റ്-പി.സി)

ഒറ്റക്കൊറ്റയ്ക്ക് നടത്തുന്ന ഒരു സൂക്ഷ്മ സംരംഭത്തിനായുള്ള പരമാവധി പ്രോജക്ട് ചെലവ് 2,00,000 രൂപ (രണ്ട് ലക്ഷം രൂപ)യാണ്.

6.3. ബാങ്ക് വായ്പയ്ക്കായുള്ള പാര്‍ശ്വസ്ഥ ജാമ്യം:

പാര്‍ശ്വസ്ഥ ജാമ്യത്തിന്‍റെ ആവശ്യമില്ല. 2010 മെയ് 6ന് പുറപ്പെടുവിച്ച ആര്‍ബിഐ സർക്കുലർ RPCD.SME & NFS. BC No. 79/06.02.31/2009-10 പ്രകാരം എംഎസ്ഇ മേഖലയിലെ യൂണിറ്റു കള്‍ക്ക് നല്‍കുന്ന 10 ലക്ഷം രൂപയ്ക്ക് വരെയുള്ള വായ്പകള്‍ക്ക് പാര്‍ശ്വസ്ഥ ജാമ്യം സ്വീകരിക്കാൻ പാടില്ലയെന്ന് ബാങ്കുകള്‍ക്ക് ആജ്‍ഞ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് വായ്പ നല്‍കുന്നതിലേക്കായി യൂണിറ്റിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആസ്തികൾമാത്രം ഈട്/പണയം/ ജാമ്യമായി നൽകിയാൽ മതിയാകും. എസ്ഇപി വായ്പകള്‍ക്ക് സംരംഭങ്ങളുടെ പ്രവർത്തനത്തിന് ഗ്യാരന്‍റി സുരക്ഷയ്ക്കായി അര്‍ഹത പ്രകാരമുള്ള ഗാരന്‍റി സുരക്ഷ ലഭിക്കുന്നതിന് ബാങ്കുകൾ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്‍റ് ബാങ്ക് (സിഡ്ബി) രൂപം നല്‍കിയിരിക്കുന്ന ക്രെഡിറ്റ് ഗ്യാരന്‍റി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആന്‍റ് സ്മാള്‍ എന്‍റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ)-നെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അനുയോജ്യമായ ഗ്യാരന്‍റി ഫണ്ടിനെയോ സമീപിക്കേ ണ്ടതാണ്.

6.4. തിരിച്ചടവ് : തിരിച്ചടവ് ക്രമം അതത് ബാങ്കുകളുടെ രീതിയനുസരിച്ച് 6-18 മാസക്കാലത്തെ പ്രാരംഭ മൊറോട്ടോറിയത്തിനുശേഷം 5 മുതൽ 7 വര്‍ഷം വരെ നീളുന്നതായിരിക്കും.

6.5. മാര്‍ജിൻ മണി : 50000 രൂപ വരെയുള്ള വായ്പകള്‍ക്ക് മാർജിൻ എടുക്കാന്‍ പാടില്ല. കൂടുതൽ ഉയര്‍ന്ന തുകയ്ക്കുള്ള വായ്പകള്‍ക്ക് പരമാവധി 5% മാർജിൻ എടുക്കാം. എന്നാല്‍ അത് ഒരു കാരണവശാലും പ്രോജക്ട് ചെലവിന്‍റെ 10% ത്തിൽ കൂടാൻ പാടില്ല.

6.6. വായ്പാ സൗകര്യത്തിന്‍റെ ഇനം: വ്യക്തികള്‍ക്ക് കെട്ടിടങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന്‍റെ ചെലവിലേക്കായി ടേം ലോണ്‍ രൂപത്തിലും പ്രവര്‍ത്തനമൂലധനം ക്യാഷ്ക്രെഡിറ്റ് രൂപത്തിലും ബാങ്കുകള്‍ക്ക് നല്‍കാവുന്നതാണ്. വായ്പക്കായി സമീപിക്കുന്ന വ്യക്തിയുടെ ആവശ്യത്തെ അടിസ്ഥാനമാക്കി മൂലധനച്ചെലവും പ്രവര്‍ത്തനമൂലധന ഘടകങ്ങളുമടങ്ങുന്ന കോമ്പസിറ്റ് വായ്പകളും ബാങ്കുകള്‍ക്ക് അനുവദിക്കാം.

7 . ഗ്രൂപ്പ് സംരംഭങ്ങള്‍ (എസ്ഇപി-ജി) വായ്പയും സബ്സിഡിയും

ഒരു സ്വയംസഹായ സംഘ(എസ്എച്ച്ജി) ത്തിന്, അല്ലെങ്കില്‍ ഡിഎ വൈ-എൻ-യുഎല്‍എം പ്രകാരം രൂപീകരിച്ചിട്ടുള്ള ഒരു എസ്എച്ച്ജി യ്ക്ക് അല്ലെങ്കിൽ സ്വയം തൊഴിലിനായി രൂപമെടുത്ത നഗരപ്രദേശത്തെ ദരിദ്രരുടെ ഒരു സംഘത്തിന് ഒരു വായ്പാഘടകത്തിന്‍ കീഴിൽ ഏത് ബാങ്കിൽ നിന്നും സബ്സിഡിയോടുകൂടിയ വായ്പകളുടെ പ്രയോജനം നേടാൻ കഴിയും. ഗ്രൂപ്പ് ആസ്പദമാക്കിയിട്ടുള്ള സൂക്ഷ്മ-സംരംഭവായ്പകളുടെ മാനദണ്ഡങ്ങള്‍/ പ്രത്യേക നിര്‍ദ്ദേശങ്ങൾ താഴെപ്പറയും പ്രകാരമാണ്.

7.1. യോഗ്യതാ മാനദണ്ഡം : ഗ്രൂപ്പ് സംരംഭങ്ങളില്‍ ഏറ്റവും കുറ‍ഞ്ഞത് 5 അംഗങ്ങളുണ്ടായിരിക്കുകയും അംഗങ്ങളില്‍ ഏറ്റവും കുറഞ്ഞത് 70% പേര്‍ നഗരപ്രദേശത്തെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരുമായിരിക്കണം. ഒരേ കുടുംബത്തില്‍ നിന്നും ഒന്നിലധികംപേരെ ഒരേ ഗ്രൂപ്പിൽ ഉള്‍പ്പെടുത്താൻ പാടില്ല.

7.2. വയസ്സ്: ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ഗ്രൂപ്പ് സംരംഭങ്ങളിലെ എല്ലാ അംഗങ്ങളും 18 വയസ്സ് പൂര്‍ത്തിയാക്കിയ വരായിരിക്കണം.

7.3. പ്രോജക്ട് ചെലവ് (പ്രോജക്ട് കോസ്റ്റ് -പിസി)

ഗ്രൂപ്പ് സംരംഭത്തിനായി വായ്പ ലഭിക്കുന്നതിന് പ്രോജക്ട് ചെലവ് പരമാവധി 10,00,000 രൂപ (പത്ത് ലക്ഷം രൂപ) യാണ്.

7.4. വായ്പയുടെ ഇനം : ഒരു യൂണിറ്റായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിനായി ഒരൊറ്റ വായ്പയായോ, അല്ലെങ്കില്‍ ഗ്രൂപ്പിലെ ഓരോ അംഗത്തിനും രണ്ട് ലക്ഷം രൂപയ്ക്ക് വരെയുള്ള വായ്പകള്‍ വെവ്വേറെയായോ നൽകാൻ കഴിയുന്നതാണ്. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ആകെ നല്‍കാവുന്ന വായ്പയുടെ പരിധി ഗ്രൂപ്പിനകത്തെ പരസ്പര വിശ്വാസത്തെയും പ്രതിനിധാനത്തെയും അടിസ്ഥാനമാക്കി 10 ലക്ഷം രൂപയെന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒരു ഗ്രൂപ്പിന് നല്‍കുന്ന വായ്പയുടെ കാര്യത്തിൽ, ആര്‍ബിഐ 2014 നവംബർ 13 ന് പുറപ്പെടുവിച്ച 'ബജറ്റ് (2014-15) അനൗണ്‍‍സ്മെന്‍റ് ഫിനാന്‍സിങ് ഓഫ് ജോയിന്‍റ് ഫാമിങ് ഗ്രൂപ്പ്സ് ഓഫ് 'ഭൂമി ഹീന്‍ കിസാൻ’ എന്ന വിഷയത്തെക്കുറിച്ചുള്ള സര്‍ക്കുലറിലും തുടര്‍ന്നുള്ള ഭേദഗതികളിലും പ്രസ്താവിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന തത്ത്വങ്ങള്‍ പിന്തുടരേണ്ടതാണ്.

7.5. വായ്പാ സൗകര്യത്തിന്‍റെ ഇനം: ഗ്രൂപ്പുകള്‍ക്ക് കെട്ടിടങ്ങളും ഉപകരണ ങ്ങളും വാങ്ങുന്നതിനുള്ള ചെലവിലേക്കായി ടേം ലോണ്‍ രൂപത്തിലും, പ്രവര്‍ത്തനമൂലധനം ക്യാഷ് ക്രെഡിറ്റ് രൂപത്തിലും ബാങ്കുകൾക്ക് അനുവദിക്കാവുന്നതാണ്. ഗ്രൂപ്പിന്‍റെ ആവശ്യത്തെ അടിസ്ഥാനമാക്കി മൂലധനച്ചെലവിനും പ്രവര്‍ത്തനമൂലധനത്തിനുമായി കോമ്പസിറ്റ് വായ്പകളും ബാങ്കുകൾക്ക് അനുവദിക്കാം.

7.6. വായ്പയും മാര്‍ജിൻ മണിയും : പ്രോജക്ട് ചെലവിൽ നിന്നും ഗുണഭോക്താവിന്‍റെ വിഹിതം (മാര്‍ജിന്‍മണി) കിഴിച്ചുകിട്ടുന്ന തുക ഗ്രൂപ്പ് സംരംഭത്തിനുള്ള വായ്പയായി ബാങ്ക് അവര്‍ക്ക് ലഭ്യമാക്കേണ്ടതാണ്. 50000 രൂപയ്ക്ക് വരെയുള്ള വായ്പകള്‍ക്ക് മാർജിൻ എടുക്കാൻ പാടില്ല. കൂടുതല്‍ ഉയര്‍ന്ന തുകയ്ക്കുള്ള വായ്പകള്‍ക്ക് പരമാവധി 5 % മാർജിൻ മണി എടുക്കാം. എന്നാല്‍ അത് ഒരു കാരണവശാലും പ്രോജക്ട് ചെലവിന്‍റെ 10% ത്തില്‍ കൂടാന്‍ പാടില്ല.

7.7. ബാങ്ക് വായ്പക്കായുള്ള പാർശ്വസ്ഥ ജാമ്യം : പാര്‍ശ്വസ്ഥ ജാമ്യത്തിന്‍റെ ആവശ്യമില്ല. വായ്പകള്‍ കൊടുക്കുന്നതിലേക്കായി ഉത്പാദിപ്പിക്ക പ്പെടുന്ന ആസ്തികള്‍ മാത്രം ഈട്/പണയം/ജാമ്യമായി ബാങ്കുകള്‍ക്ക് നൽകിയാൽ മതിയാകും. ബാങ്കുകള്‍ ഖണ്ഡിക -6.3 ൽ വിശദമായി പ്രസ്താവിച്ചിരിക്കും പ്രകാരത്തില്‍ ക്രെഡിറ്റ് ഗ്യാരന്‍റി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആന്‍റ് സ്മാൾ എന്‍റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ)നെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അനുയോജ്യമായ ഗാരന്‍റി ഫണ്ടിനെയോ സമീപിക്കേണ്ടതാണ്.

7.8. തിരിച്ചടവ് : തിരിച്ചടവ് ക്രമം അതത് ബാങ്കുകളുടെ രീതിയനുസരിച്ച് 6-18 മാസക്കാലത്തെ പ്രാരംഭ മൊറോട്ടോറിയത്തിനുശേഷം 5 മുതൽ 7 വര്‍ഷം വരെ നീളുന്നതായിരിക്കും.

8. എസ്.എച്ച്ജി-ബാങ്ക് ലിങ്കേജ്- പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകൾ

എസ്.എച്ച്ജി-ബാങ്ക് ലിങ്കേജ് പരിപാടിക്ക് ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ ധനപരമായ നയത്തിലും അതത് കാലത്തെ കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങളിലും പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പല മാര്‍ഗ്ഗനിര്‍ദ്ദേശരേഖകളും ബാങ്കുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുണ്ട്. എസ്.എച്ച്ജി-ബാങ്ക് ലിങ്കേജ് പരിപാടി വിസ്തൃതമാക്കാനും അതിനെ നിലനിര്‍ത്താനും വേണ്ടി എസ്.എച്ച്ജി കള്‍ക്ക് വായ്പ നല്‍കുന്ന കാര്യം ബാങ്കുകൾ നയപരമായ തലത്തിലും ഒപ്പം നിര്‍വ്വഹണ തലത്തിലും അവരുടെ മുഖ്യധാരാ വായ്പാ സമ്പ്രദായത്തിന്‍റെ ഭാഗമാക്കുന്നത് പരിഗണിക്കണമെന്ന് അവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

8.1. ഒരു തുടക്കമെന്ന നിലയിൽ അവരുടെ അംഗങ്ങൾക്കിടയിൽ സമ്പാദ്യശീലം വളര്‍ത്താനുള്ള ശ്രമങ്ങളിൽ വ്യാപൃതരായിരിക്കുന്ന സ്വയം സഹായസംഘങ്ങള്‍ (രജിസ്റ്റര്‍ ചെയ്തവയോ രജിസ്റ്റർ ചെയ്യാത്തവയോ)ക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ എസ്.എച്ച്ജി-ബാങ്ക് ലിങ്കേജ് പരിപാടിയെക്കുറിച്ച് 2016 ജൂലൈ 1-ന് ആര്‍ബിഐ പുറപ്പെടുവിച്ച മാസ്റ്റർ സർക്കുലർ FIDD.FID.BC.No.06/12-01-033/2016-17ൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അക്കൗണ്ടുകള്‍ ആരംഭിച്ചതിനുശേഷം, എസ്.എച്ച്.ജി കള്‍ക്ക് അവരുടെ സമ്പാദ്യവുമായി ബന്ധപ്പെടുത്തി (സമ്പാദ്യവും വായ്പയും തമ്മിലുള്ള അനുപാതം 1:1 മുതൽ 1:4 വരെയാകാം) മതിയായ വിചിന്തനമോ അല്ലെങ്കില്‍ ഗ്രേഡിങ്ങോ നടത്തി ബാങ്കുകള്‍ എസ്എച്ച്ജി കള്‍ക്ക് വായ്പകൾ അനുവദിക്കേണ്ടതാണ്. എന്നാല്‍ പാകം വന്ന എസ്.എച്ച്.ജികളുടെ കാര്യത്തില്‍ ബാങ്കിന്‍റെ വിവേചനമുപയോഗിച്ച് സമ്പാദ്യത്തിന്‍റെ നാലിരട്ടി എന്ന പരിധിക്കുമപ്പുറം വായ്പകൾ അനുവദിക്കാവു ന്നതാണ്. എസ്.എച്ച്.ജി അംഗങ്ങള്‍ വായ്പ എന്താവശ്യത്തിനായി ഉപയോഗിക്കുന്നുവെന്നത് പരിഗണിക്കാതെ തന്നെ എസ്.എച്ച്ജി കള്‍ക്ക് നല്‍കുന്ന വായ്പകളെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ബാങ്കുകൾ നല്‍കുന്ന വായ്പകളുടെ ഭാഗമായി ഉള്‍പ്പെടുത്തണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

8.2. ഡിഎവൈ-എന്‍യുഎല്‍എം-ന്‍റെ ഘടകമായ സോഷ്യൽ മൊബിലൈസേഷന്‍ & ഇന്‍സ്റ്റിറ്റ്യൂഷൻ ഡെവലപ്മെന്‍റ് (എസ്എം&ഐഡി) പ്രകാരം എസ്എച്ച്ജി കളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുവാനും റിവോള്‍വിങ് ഫണ്ട് (ആര്‍എഫ്) ലഭിക്കാനും ആവശ്യമായ അടിസ്ഥാന പരമായ കാര്യങ്ങൾ യുഎല്‍ബി നിര്‍വഹിക്കേണ്ടതാണ്. ഇതിനായി യുഎല്‍ബികൾ റിസോഴ്സ് ഓര്‍ഗനൈസേഷൻ (ആര്‍ഒ) നെ നിയോഗിക്കുകയോ അല്ലെങ്കില്‍ സ്വന്തം സ്റ്റാഫംഗങ്ങൾ മുഖേന നേരിട്ടുതന്നെ എസ്എച്ച്ജി കളെ സഹായിക്കുകയും കൂടി ചെയ്യേണ്ടതാണ്. (എസ്എച്ച്ജി-കള്‍, ആര്‍ഒ-കള്‍, റിവോള്‍വിങ് ഫണ്ട് എന്നിവയുടെ വിഭാവനയെയും രൂപീകരണത്തെയും കുറിച്ചുള്ള കാര്യങ്ങൾ ഡിഎവൈ- എന്‍യുഎല്‍എം ഘടകമായ സോഷ്യല്‍മൊബിലൈസേഷൻ ആന്‍റ് ഇന്‍സ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്‍റ് (എസ്എം&ഐഡി)ല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

8.3. ബാങ്കുകള്‍ വായ്പകൾ വിതരണം ചെയ്തതിന്‍റെ വിശദവിവരങ്ങൾ പലിശ സബ്സിഡിയുടെ കണക്കുകളുടെ വിശദവിവരങ്ങള്‍ സഹിതം യുഎല്‍ബി ക്ക് അയച്ചുകൊടുക്കേണ്ടതാണ്. യുഎല്‍ബി-കള്‍ ഇവ പരിശോധിച്ച് ഉറപ്പ് വരുത്തുകയും, സബ്സിഡിത്തുക- അഞ്ചാം ഖണ്ഡികയില്‍ പ്രസ്താവിച്ചിരിക്കുന്ന അതേ നടപടിക്രമം പാലിച്ചുകൊണ്ട് പാദവര്‍ഷാടിസ്ഥാനത്തിൽ ബാങ്കുകള്‍ക്ക് നല്‍കുകയും വേണം. അധിക പലിശ സബ്സിഡി ആവശ്യപ്പെടാനുള്ള പ്രത്യേക ഫോര്‍മാറ്റ് അനുബന്ധം II ല്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്.

8.4. ബാങ്കുകളില്‍ നിന്നും വായ്പകൾ ലഭിക്കാനായി അര്‍ഹതയുള്ള എസ്എച്ച്ജി കള്‍ക്കുവേണ്ടി അപേക്ഷകൾ പൂരിപ്പിച്ചു കൊടുക്കാൻ യുഎല്‍ബി-കള്‍ സ്വന്തം ഫീല്‍ഡ് സ്റ്റാഫ് അല്ലെങ്കിൽ റിസോഴ്സ് ഓര്‍ഗനൈസേഷൻ (ആര്‍ഒ) മുഖേന സൗകര്യം ചെയ്തു കൊടുക്കേണ്ടതാണ്. എസ്എച്ച്ജി കളുടെ വായ്പാ അപേക്ഷകൾ ആവശ്യമായ രേഖകളോടൊപ്പം ബന്ധപ്പെട്ട ബാങ്കുകളിലേക്ക് അയച്ചുകൊടുക്കേണ്ടത് യുഎല്‍ബി യുടെ ഉത്തരവാദിത്തമായിരിക്കും. അപ്രകാരം ബാങ്കുകള്‍ക്ക് അയച്ചുകൊടുക്കുന്ന വായ്പാ അപേക്ഷകളെ സംബന്ധിക്കുന്ന മേഖലാടിസ്ഥാനത്തിലും, ബാങ്ക് അടിസ്ഥാനത്തിലും,ആര്‍ഒ-കൾ/ സ്റ്റാഫ് അടിസ്ഥാനത്തിലുമുള്ള വിവരങ്ങള്‍ യുഎല്‍ബി സൂക്ഷിച്ചുവയ്ക്കേണ്ടതാണ്. ഈ വിവരങ്ങള്‍ മാസംതോറും എസ് യുഎല്‍എം-ന് അയച്ചുകൊടുക്കുകയും വേണം.

8.5. ഡിഎ വൈ-എന്‍യുഎല്‍എം പ്രകാരമുള്ള എസ്എച്ച്ജി-ബാങ്ക് ലിങ്കേജ് ഫലപ്രദമായി നടപ്പാക്കപ്പെടുന്നത് ഉറപ്പുവരുത്താനായി എസ് യു എൽഎം കാര്യങ്ങൾ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും ഇക്കാര്യത്തിലെ പുരോഗതി ബാങ്കുകളുമായി പര്യാലോചിക്കുകയും, സംസ്ഥാനത്ത് വിതരണം ചെയ്യപ്പെട്ട എസ്എച്ച്ജി വായ്പകളുടെ പലിശ സബ്സിഡി/ധനസഹായം ലഭിക്കുവാന്‍ വേണ്ടി എസ്എല്‍ബിസി യുമായി പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്യേണ്ടതാണ്. നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ സാമ്പത്തിക ഉള്‍ക്കൊള്ളലിനായി ബാങ്കിനെയും ശാഖാ സ്റ്റാഫിനെയും സംവേദന ക്ഷമമാക്കുന്നതില്‍ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (എസ്എല്‍ബിസി) യുടെയും ലീഡ് ബാങ്കുകളുടെയും സജീവമായ പങ്ക് ഉറപ്പുവരുത്തേണ്ടതാണ്.

8.6. പലിശ ധനസഹായം ലഭിക്കേണ്ട എസ്എച്ച്ജി-കളെ തിരിച്ചറിയുക, തിരഞ്ഞെടുക്കുക, രൂപീകരിക്കുക, മേല്‍നോട്ടം നിര്‍വ്വഹിക്കുക എന്നിവ സംസ്ഥാനത്തിന്‍റെയും യുഎല്‍ബി-കളുടെയും ഉത്തരവാദിത്തമാണെ ന്നതും, പലിശധനസഹായത്തിനായി അനര്‍ഹരായ എസ്എച്ച്ജികളെ തിരഞ്ഞെടുക്കുകയാണെങ്കിൽ ബാങ്കുകൾ അതിന് ഉത്തരവാദികളായി രിക്കുകയില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.

8.7. വായ്പാ സൗകര്യത്തിന്‍റെ ഇനം: എസ്എച്ച്ജി-കള്‍ക്ക് ഒന്നുകിൽ തവണവായ്പയോ, അല്ലെങ്കില്‍ ഒരു ക്യാഷ് ക്രെഡിറ്റ് ലിമിറ്റോ (സിസിഎല്‍) അല്ലെങ്കില്‍ ഇവ രണ്ടുമോ അവരുടെ ആവശ്യാനുസരണം എടുക്കാവുന്നതാണ്. ആവശ്യമെങ്കില്‍ നിലവിലുള്ള വായ്പ അടച്ചുതീര്‍ത്തില്ലെങ്കില്‍പോലും പുതിയ വായ്പ അനുവദിക്കാൻ കഴിയുന്നതാണ്.

8.8. കൃത്യമായ തിരിച്ചടവിനായുള്ള ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശരേഖകൾ താഴെപ്പറയും പ്രകാരമാണ്;

എ. എസ്എച്ച്ജി-കള്‍ക്കുള്ള ക്യാഷ് ക്രെഡിറ്റ് ലിമിറ്റിന്:

(i) കണക്കില്‍ ബാക്കി നില്‍ക്കുന്ന പണം അനുവദിച്ച ലിമിറ്റ്/പണം പിന്‍വലിക്കാനുള്ള ക്ഷമത കവിഞ്ഞ നിലയിൽ തുടര്‍ച്ചയായി 30 ദിവസത്തിലധികം തുടരാതിരിക്കുക.

(ii) അക്കൗണ്ടില്‍ പതിവായി പണമിടലുകളും കടംപറ്റലുകളു മുണ്ടായിരിക്കണം. എന്തായാലും ഒരു മാസത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും ഇടപാടുകാരന്‍റെ ഭാഗത്തുനിന്നും നേരിട്ടുള്ള പണമിടലുണ്ടായിരിക്കണം.

(iii) ഇടപാടുകാരന്‍റെ ഭാഗത്തുനിന്നും ഒരു മാസത്തിലുണ്ടാകുന്ന നേരിട്ടുള്ള പണമിടല്‍ ആ മാസം ബാങ്ക് ഈടാക്കിയ പലിശ ഉൾക്കൊള്ളാൻ മതിയായതായിരിക്കണം.

ബി. എസ്എച്ച്ജി-കള്‍ക്കുള്ള തവണ വായ്പയ്ക്ക്: അനുവദിക്കപ്പെട്ട തിരിച്ചടവു കാലാവധിയാകമാനം പലിശ/മുതലിന്‍റെ തവണകൾ അല്ലെങ്കിൽ ഇവ രണ്ടും അടക്കേണ്ട തീയതി കഴിഞ്ഞ് 30 ദിവസത്തിനകം അടച്ചിട്ടുള്ള ഒരു തവണ വായ്പാ അക്കൗണ്ട് കൃത്യമായ തിരിച്ചടവുള്ള അക്കൗണ്ടായി പരിഗണിക്കപ്പെടുന്നതാണ്. കൃത്യമായ തിരിച്ചടവ് മാര്‍ഗ്ഗനിര്‍ദ്ദേശരേഖകള്‍ക്ക് ഈ വിഷയം സംബന്ധിച്ച് ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകള്‍ ഭാവിയിലും വഴികാട്ടിയായി തുടരുന്നതായിരിക്കും.

9. എസ്ഇപി-I(ഐ), എസ്ഇപി-ജി, എസ്ഇപി-എസ്എച്ച്ജി എന്നിവയുടെ പ്രവര്‍ത്തനപുരോഗതി അറിയിക്കൽ.

9.1. ടാസ്ക്ഫോഴ്സ് ശിപാര്‍ശ ചെയ്ത അപേക്ഷകൾ ബാങ്കുകൾ അനുവദിക്കുകയും വിതരണം ചെയ്യുകയും നിരസിക്കുകയും (കാരണങ്ങള്‍ സഹിതം) ചെയ്തതിനെയും കുറിച്ചുള്ള സ്ഥിതി ബന്ധപ്പെട്ട ബാങ്കുകളിൽ നിന്നും സ്ഥിരീകരിച്ചതിനുശേഷം യുഎല്‍ബി ഇതിനെക്കുറിച്ച് ഒരു ഡാറ്റാഷീറ്റ് തയ്യാറാക്കേണ്ടതാണ്. ഈ ഡാറ്റാഷീറ്റ് ഓരോ മാസത്തിലും എസ് യുഎല്‍എം-ന് അയച്ചു കൊടുക്കണം.

9.2. ബന്ധപ്പെട്ട യുഎല്‍ബികളിൽ നിന്നും ലഭിച്ച എല്ലാ റിപ്പോര്‍ട്ടുകളും എസ് യുഎൽ എം സമാഹരിക്കുകയും മാസംതോറും കേന്ദ്ര ഭവന നിര്‍മ്മാണ-നഗര ദാരിദ്ര്യലഘൂകരണ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്യേണ്ടതാണ്.

9.3. ഓരോ എസ്എല്‍ബിസി, ഡിസ്ട്രിക്ട് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗങ്ങളിലും (ഡിസിസി) എസ്ഇപി-യുടെ പുരോഗതി അവലോകനം ചെയ്യപ്പെടുന്നുണ്ടെന്നത് എസ് യുഎല്‍എം ഉറപ്പ് വരുത്തേണ്ടതാണ്. എസ്ഇപി-യുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും പ്രധാനപ്പെട്ട വിഷയ മുണ്ടെങ്കില്‍ ഫലപ്രദമായ ഏകോപനത്തിനും നിര്‍വ്വഹണത്തിനുമായി എസ് യുഎല്‍എം അക്കാര്യം എസ് എല്‍ബിസി കണ്‍വീനറെ ധരിപ്പിക്കേണ്ടതാണ്.

10. സംരംഭവികസനത്തിനായി ക്രെഡിറ്റ് കാര്‍‍‍ഡ്.

നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ ഉപജീവനത്തിന് പിന്തുണ നല്‍കുന്നതിന് അവസരമൊരുക്കാനുള്ള ഒരു പ്രാരംഭ പ്രചോദനമെന്ന നിലയില്‍ വേണം ഡിഎവൈ-എന്‍യുഎല്‍എം പ്രകാരം സംരംഭങ്ങൾ ആരംഭിക്കാൻ വ്യക്തിഗത സംരംഭകര്‍ക്ക് സബ്സിഡിയോടു കൂടിയ വായ്പ മുഖേന നല്‍കുന്ന ധനപരമായ സഹായത്തെ കാണേണ്ടത്. എന്നിരുന്നാലും വ്യക്തിഗത സംരംഭകര്‍ക്ക് അവരുടെ സംരംഭം ആദായകരമായി നിലനില്‍ക്കുന്നതാകണമെങ്കിൽ അവര്‍ക്ക് പ്രവര്‍ത്തനമൂലധനം മുഖേന ധനപരമായ സഹായം നല്‍കേണ്ടതായ ആവശ്യമുണ്ട്. ചരക്കുകളും അസംസ്കൃത സാധനങ്ങളും വാങ്ങുവാനും മറ്റ് പലവിധ ധനവ്യയത്തിനുമായി വരുന്ന ചെലവുകള്‍ നേരിടാൻ ഏറ്റവും അടിയന്തരമായും, ഹ്രസ്വകാലത്തേ ക്കായും മാസംതോറും പണത്തിനായി വേണ്ടിവരുന്ന ആവശ്യവും ഇതില്‍ ഉള്‍പ്പെടാം. സംരംഭപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടിവരുന്ന ചെലവുകൾ വഹിക്കുവാനാവശ്യമായ ഒരു കൃത്യമായ നിശ്ചിത പ്രതിമാസ വരുമാനം/ ആദായം ഒരു സൂക്ഷ്മ-സംരംഭകനുണ്ടാകുകയില്ല. പണത്തിനായുള്ള അത്തരം അടിയന്തരമായ ആവശ്യവുമായി ഒരു ധനകാര്യസ്ഥാപനത്തെ സമീപിക്കുമ്പോൾ നടപടിക്രമമനുസരിച്ചുള്ള രേഖകൾ ആവശ്യമായി വരികയും അതിന് ധാരാളം സമയമെടുക്കുകയും ചെയ്യും. പ്രവര്‍ത്തനമൂലധനത്തി നായുള്ള ആവശ്യം, പൊതുവെ ഉയര്‍ന്ന പലിശനിരക്കില്‍ വായ്പകൾ നല്‍കുന്ന അനൗപചാരിക സ്രോതസ്സു (പണം പലിശയ്ക്ക് കൊടുക്കുന്ന വരുള്‍പ്പെടെയുള്ള) കളില്‍ നിന്നായിരിക്കും നിറവേറ്റപ്പെ ടുന്നതാണ്.

10.2. പ്രവര്‍ത്തനമൂലധനത്തിനായും പണത്തിനുമായും വരുന്ന പലപ്രകാര ത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുവാൻ സൂക്ഷ്മസംരംഭകനെ സഹായിക്കാനായി ബാങ്കുകൾ മുഖേന ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കിൽ മുദ്രാകാര്‍ഡ് ഡിഎവൈ-എന്‍യുഎല്‍എം ലഭ്യമാക്കുന്നതായിരിക്കും.

10.3. വ്യക്തിഗതസംരംഭകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് (അല്ലെങ്കില്‍) മുദ്രാകാര്‍ഡ് നല്‍കുന്നതിലേക്കായുള്ള മാനദണ്ഡങ്ങൾ, ക്ല്പ്തപരിധി, വിശേഷ നിര്‍ദ്ദേശങ്ങൾ എന്നിവയ്ക്ക് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്എല്‍ബിസി)യുമായി കൂടിയാലോചിച്ച് എസ് യുഎല്‍എം അന്ത്യരൂപം നല്‍കും. ഇതിനായി എല്ലാ ഷെഡ്യൂള്‍ഡ് കോമേഴ്‌സ്യൽ ബാങ്കുകളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനറൽ ക്രെഡിറ്റ് കാര്‍ഡ് സ്കീമോ (ജിസിസി) അല്ലെങ്കില്‍ നഗരപ്രദേശങ്ങളിൽ സംരംഭ വികസനത്തിനായി ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ മറ്റേതെങ്കിലും രൂപമോ ലഭ്യമാക്കാനുള്ള സാധ്യത എസ് യു-എല്‍എം-ഉം എസ്എല്‍ബിസിയും പരിശോധിക്കുന്നതാണ്. പരിഷ്കരിച്ച ജിസിസി സ്കീമിനെക്കുറിച്ചുള്ള 2013 ഡിസംബർ 02 ലെ RPCD. MSME&NFS,BC.No.61/06.02.31/2013-14 എന്ന ആര്‍ബിഐ വിജ്ഞാ പനം ആര്‍ബിഐ വെബ്സൈറ്റ്, 'www.rbi.org.in' ല്‍ ലഭ്യമാണ്.

10.4. ഗുണഭോക്താക്കളായിത്തീരാന്‍ പോകുന്നവരെ യുഎല്‍ബി തിരിച്ച റിയുകയും, ക്രെഡിറ്റ് കാർഡുകൾ കിട്ടാനായി ബാങ്കുകളുമായി ലിങ്കേജിന് സൗകര്യമൊരുക്കുകയും വേണ്ടതാണ്. എസ്ഇപി പ്രകാരം ധനപരമായ സഹായം നേടിയിട്ടുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കുമായി ക്രെഡിറ്റുകാര്‍ഡ് കൊടുപ്പിക്കാനുള്ള സൗകര്യമൊരുക്കുന്നതിലായിരിക്കണം തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരി ക്കേണ്ടത്. ഇതിനും പുറമെ, സ്വന്തമായി ബിസിനസ്സ് സംരംഭം നടത്തിക്കൊണ്ടിരിക്കുന്നവരും, എന്നാല്‍ എസ്ഇപി പ്രകാരം സഹായം വാങ്ങിയിട്ടില്ലാത്തവരുമായ മറ്റ് ഗുണഭോക്താക്കളെയും കൂടി, അവര്‍ ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ പൂര്‍ത്തീകരിക്കുന്നുണ്ടെങ്കിൽ, ഇതിൽ ഉള്‍പ്പെടുത്താവുന്നതാണ്.

10.5. ഇതിനായുള്ള ടാര്‍ജറ്റുകൾ യുഎല്‍ബി തലത്തിൽ നിശ്ചയിക്കേണ്ടതും ഇക്കാര്യത്തിലെ പുരോഗതി എസ് യുഎല്‍എം തലത്തിൽ സംഗ്രഹി ക്കേണ്ടതും കേന്ദ്രഭവനനിര്‍മ്മാണ-നഗരദാരിദ്ര്യ ലഘുകരണ മന്ത്രാലയത്തെ അതത് കാലത്ത് അറിയിക്കേണ്ടതുമാണ്.

11. സാങ്കേതികവിദ്യ, വിപണനം, മറ്റ് സഹായങ്ങള്‍

11.1. സൂക്ഷ്മ സംരംഭകര്‍ക്ക് അവരുടെ ബിസിനസ്സ് പരിപോഷിപ്പി ക്കുവാനും നിലനിര്‍ത്തുവാനുമായും പല സന്ദര്‍ഭങ്ങളിലും സഹായം ആവശ്യമായിവരും. സ്ഥാപനം, സാങ്കേതികവിദ്യ, വിപണനം, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്കായി സഹായം വേണ്ടിവരും. തീരെ ചെറിയ ബിസിനസ്സ് നടത്തുന്ന മൈക്രോ സംരംഭകര്‍ക്ക് വിപണി കള്‍ക്ക് എന്താണ് ആവശ്യമെന്നതിനെക്കുറിച്ചും അവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കാ യുള്ള ആവശ്യകത, എവിടെയാണ് അവ വില്‍ക്കേണ്ടത് മുതലായ കാര്യങ്ങളെക്കുറിച്ചും ഭേദപ്പെട്ട ഒരു ധാരണയില്‍ എത്തിച്ചേരേണ്ടതുണ്ട്. സൂക്ഷ്മ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കായി പ്രോത്സാഹജനകമായ ഒരു പരിസ്ഥിതി പ്രദാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ വായ്പാ വിഭാഗത്തിലെ ധനസഹായ പദ്ധതികളില്‍ സങ്കല്പ്പിക്കപ്പെട്ടിരിക്കുന്നത്.

11.2 ദീര്‍ഘകാല സ്ഥിരതയ്ക്കായി ഡിഎ വൈ-എന്‍യുഎല്‍എം പ്രകാരം സ്ഥാപിക്കപ്പെട്ടിട്ടുള്ള (സിറ്റി ലൈവ് ലിഹുഡ്സ് സെന്‍ററുകള്‍-സിഎല്‍സി-കള്‍) സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സംരംഭത്തിന്‍റെ സ്ഥാപനം (ലൈസന്‍സുകൾ, രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റുകൾ, നിയമപരമായ സേവനങ്ങൾ മുതലായവ) ഉത്പാദനം, സംഭരണം, സാങ്കേതികവിദ്യ, നിര്‍മ്മാണ പ്രക്രിയ, വിപണനം, വില്പന, പാക്കേജിങ്, അക്കൗണ്ടിങ് മുതലായ വിഷയങ്ങളില്‍ സേവനങ്ങൾ നല്‍കേണ്ടതാണ്. വിപണി കളിലെ ഡിമാന്‍റ്, സൂക്ഷ്മസംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്കായും അവ നല്‍കുന്ന സേവനങ്ങള്‍ക്കായുമുളള വിപണിതന്ത്രം എന്നിവയെ ക്കുറിച്ചുള്ള സാധ്യതാ/മൂല്യനിര്‍ണ്ണയ പഠനങ്ങൾ നടത്തുവാനും സിഎല്‍സി-കൾ സഹായിക്കേണ്ടതാണ്.

11.3. എല്ലാ എസ്ഇപി വ്യക്തിഗത സംരംഭങ്ങള്‍ക്കും ഗ്രൂപ്പ് സംരംഭങ്ങള്‍ക്കും സിഎല്‍സി-കളുടെ മാനദണ്ഡപ്രകാരമുള്ള സേവനങ്ങൾ സിഎല്‍സികളിൽ നിന്നും പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. ഗുണഭോക്താക്കളായിത്തീരാൻ പോകുന്നവരുടെ പ്രയോജനത്തിനായി സൂക്ഷ്മ സംരംഭ വികസനത്തിനുള്ള സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന മറ്റ് പല സർക്കാർ പദ്ധതികളുമായി സിഎല്‍സി-കള്‍ക്ക് യുഎല്‍ബി-യുടെ സഹായത്തോടെ ടൈഅപ്പ്-ല്‍ ഏര്‍പ്പെടുകയും ചെയ്യാവുന്നതാണ്.

11.4. സിഎല്‍സി-കള്‍ക്ക് മുകളില്‍പ്പറഞ്ഞിരിക്കുന്ന സേവനങ്ങൾ ലഭ്യമാക്കുക യെന്ന ഉദ്ദേശ്യത്തിനായി എസ് യുഎല്‍എം കൂടുതൽ ഫണ്ടുകളും തൊഴില്‍പരമായ സഹായവും ഉറപ്പുവരുത്തേണ്ടതാണ്.

12. ഡിഎ വൈ-എന്‍യുഎൽഎം പദ്ധതിയിലെ എസ്ഇപിയ്ക്ക് ഫണ്ട് നല്‍കുന്നതിനുള്ള ക്രമീകരണം.

12.1. ഈ ഘടകത്തിനായി നല്‍കുന്ന ഫണ്ടുകൾ ഡിഎവൈ -എന്‍യുഎല്‍എം പദ്ധതിയുടെ പൊതുവായ മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും വീതംവച്ചു വഹിക്കുന്നതായിരിക്കും.

12.2. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ടാര്‍ജറ്റുകളെ അടിസ്ഥാനമാക്കി മന്ത്രാലയം ഓരോ കൊല്ലവും സംസ്ഥാനങ്ങള്‍ക്ക് ഫണ്ടുകൾ അനുവദിക്കുന്നതായിരിക്കും. സംസ്ഥാനങ്ങള്‍ ബന്ധപ്പെട്ട എസ്എല്‍ബിസി യുമായും യുഎല്‍ബി-കളുമായി കൂടിയാലോചിച്ച് ടാർജെറ്റുകൾ നിശ്ചയിക്കുകയും അതിന്‍പ്രകാരമുള്ള ഫണ്ടുകൾ യുഎല്‍ബി-കള്‍ക്കായി നീക്കിവയ്ക്കുകയും ചെയ്യുന്നതാണ്. പലിശ ധനസഹായം പൂര്‍ണ്ണമായും ബാങ്കുകള്‍ക്ക് അതത് സാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ കൊടുത്തു തീർത്ത് ഈയിനത്തിൽ ബാക്കിസംഖ്യ യൊന്നും സംസ്ഥാനങ്ങൾ കൊടുപ്പാനില്ലാത്ത വിധത്തിലായിരിക്കണ മിത്.

13. സൂക്ഷ്മ നിരീക്ഷണവും മൂല്യനിര്‍ണ്ണയവും.

13.1 ഈ ഘടകത്തിന്‍കീഴിലുള്ള പ്രവര്‍ത്തനങ്ങളുടെ/ ടാര്‍ജറ്റുകളുടെ പുരോഗതി സംസ്ഥാനതലത്തിലെ സ്റ്റേറ്റ് മിഷൻ മാനേജ്മെന്‍റ് യൂണി റ്റും (എസ്എംഎംയു) യുഎല്‍ബി തലത്തിലെ സിറ്റി മിഷൻ മാനേജ്മെൻറ് യൂണിറ്റും സൂക്ഷ്മമായി നിരീക്ഷിക്കുന്നതും അത് റിപ്പോര്‍ട്ട് ചെയ്യുന്ന തും മൂല്യനിര്‍ണ്ണയം ചെയ്യുന്നതുമാണ്. എസ്.യു.എല്‍.എ-ഉം യുഎല്‍ബി/നിര്‍വഹണ ഏജന്‍സികളും യഥാസമയത്തെ പുരോഗതി മിഷൻ ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന ഫോര്‍മാറ്റുകളിൽ കാലാകാലങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഓരോ മാസത്തിലും ഓരോ പാദവര്‍ഷാന്ത്യത്തിലും കൈവരിച്ച നേട്ടങ്ങളും പ്രയോഗ തലത്തില്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങളും റിപ്പോര്‍ട്ടിൽ നല്‍കിയിരിക്കണം.

13.2. ഇതും കൂടാതെ ഡിഎ വൈ-എന്‍യുഎല്‍എം പദ്ധതിയിൻകീഴിൽ ടാര്‍ജറ്റുകളും നേട്ടങ്ങളും നിരീക്ഷിക്കാനായി വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സമഗ്രവും കുറ്റമറ്റതുമായ ഒരു ഡിഎ വൈ-എന്‍യുഎല്‍എം എംഐഎസ് സ്ഥാപിക്കുന്നതായിരിക്കും. സംസ്ഥാനങ്ങളും യുഎല്‍ബി-കളും അവരുടെ പ്രോഗ്രസ് റിപ്പോർട്ടുകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതും, എംഐഎസ് മാര്‍ഗമുപയോഗിച്ച് അടിസ്ഥാനതലത്തിൽ കൈവരിച്ച പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുമാണ്. വിവരങ്ങള്‍ പ്രത്യേക താത്പര്യമെടുത്ത് പ്രകാശനം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയും ഡിഎവൈ-എന്‍യുഎല്‍എം പദ്ധതിയ്ക്ക് സുതാര്യത ഉറപ്പു വരുത്തുവാനുമായി എസ്ഇപി പ്രകാരം കൈവരിക്കുന്ന മുഖ്യമായ പുരോഗതി റിപ്പോർട്ടുകൾ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് അറിയുവാനുള്ള അവസരം നല്‍കുകയും ചെയ്യേണ്ടതാണ്.

13.3. പദ്ധതിയുടെ പ്രയോജനത്തിന്‍റെ പ്രഭാവം വിലയിരുത്തുവാനും എസ്ഇപി ഗുണഭോക്താക്കള്‍ എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ അവയെക്കുറിച്ചറി യാനുമായി എല്ലാ എസ്ഇപി ഗുണഭോക്താക്കളെയും നിയത കാലംതോറും സന്ദര്‍ശിക്കേണ്ടതാണ്. കമ്മ്യുണിറ്റി ഓർഗനൈസർമാർ (സിഒ) അവരുടെ നിയമപാലനാധികാരത്തിന്‍‍ കീഴിൽ വരുന്ന എല്ലാ ഗുണഭോക്താക്കളെയും മൂന്ന് മാസത്തിലൊരിക്കലെങ്കിലും സന്ദര്‍ശി ക്കേണ്ടതാണ്. സിഎംഎംയു തലത്തിലുള്ള പ്രോജക്ട് ഓഫീസർ/സാങ്കേതിക വിദഗദ്ധര്‍ 50% ഗുണഭോക്താക്കളെയെങ്കിലും മൂന്ന് മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കണം. ഫീല്‍ഡ് സന്ദര്‍ശന വേളയിൽ അവർ നിരീക്ഷിച്ച കാര്യങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചുവയ്ക്കേണ്ടതും എംഐഎസ് അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

13.4. മുകളിൽ പ്രസ്താവിച്ചിരിക്കുന്ന ഫീൽഡ് സന്ദർശനവേളയിൽ ഗുണഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സ്ഥിതിവിവര ങ്ങൾ ശേഖരിക്കേണ്ടതും, പദ്ധതിപ്രകാരം ലഭിക്കുന്ന പ്രയോജനം ഗുണഭോക്താക്കളുടെ സാമ്പത്തിക സാഹചര്യങ്ങളിൽ സൃഷ്ടിക്കുന്ന പ്രഭാവത്തെക്കുറിച്ച് മനസ്സിലാക്കുന്നതിലേക്കായി, അവ വായ്പയ്ക്കാ യുള്ള അപേക്ഷാ ഫോറത്തിൽ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നൽകിയിരുന്ന വിവരങ്ങളുമായി താരതമ്യം ചെയ്തു നോക്കേണ്ടതുമുണ്ട്.

13.5. ഗുണഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയിന്മേൽ എസ്ഇപി -യിൽ നിന്നും ലഭിച്ച പ്രയോജനം സൃഷ്‌ടിച്ച പ്രഭാവത്തെ അനുയോജ്യമായ ഇടവേളകളിൽ നിർണ്ണയിക്കുന്നതിനായി പ്രഭാവ വിശകലനപഠനങ്ങളും കൂടി നടത്തേണ്ടതാണ്.

13.6. ഡിഎവൈ-എൻയുഎൽഎം ടാർജറ്റുകളുടെ അടിസ്ഥാനത്തിൽ കൈവരിച്ച പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന ഫോർമാറ്റിൽ (അനുബന്ധം III & IV) പാദവർഷാടിസ്ഥാനത്തിൽ പ്രോഗ്രസ്സ് റിപ്പോർട്ടുകൾ യുപിഎ -യുടെ ഡയറക്ടർമാർക്ക് dupa-mhupa@nic.in എന്ന ഇമെയിൽ വിലാസ ത്തിലും ഒപ്പം ആർബിഐ യുടെ ഇമെയിൽ വിലാസത്തിലും ഓരോ പാദവർഷവും പൂർത്തിയായി ഒരു മാസാവസാനത്തോടെ അയച്ചുകൊടുക്കേണ്ടതാണ്.

13.7. എൻയുഎൽഎം പദ്ധതി പ്രകാരമുള്ള വായ്പകൾക്കായുള്ള യൂണിക് കോഡ് :

ഈ വായ്പകൾ ബാങ്ക് കാർഷികേതര മേഖലയിലുൾപ്പെടുത്തി തരം തിരിക്കേണ്ടതും അവർ എൻയുഎൽഎം പദ്ധതിപ്രകാരം നൽകുന്ന വായ്പകൾക്കായുള്ള അവരുടെ ഡാറ്റാബേസിൽ യൂണിക് സബ്കോഡ് ഉപയോഗിക്കേണ്ടതുമാണ്. മാത്രമല്ല, എസ്ഇപി-I, എസ്ഇപി- ജി, എസ്എച്ച്ജി, ഡബ്ള്യുഎസ്എച്ച്ജി എന്നിവയ്ക്കായി സബ്-സബ്-കോഡുകൾ നൽകേണ്ടതുമാണ്. ഡബ്ലിയുഎസ്എച്ച്ജി 3 ശതമാനം അധിക പലിശ ധനസഹായത്തി നർഹമായതിനാൽ എൻയു എൽഎം പ്രകാരമുള്ള എസ്എച്ച്ജിയും ഡബ്ലിയു എസ്എച്ച്ജി യുമായി ബന്ധപ്പെട്ട വായ്പകളെ തരംതിരിക്കുമ്പോൾ, ഈ വായ്പകളെ വേർതിരിച്ചു കാണുവാൻ കഴിയുന്നതിനാവശ്യമായ പ്രത്യേക ശ്രദ്ധ പ്രകടിപ്പിക്കേണ്ടതാണ്.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?