RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78509146

മാസ്റ്റർ ഡയറക്ഷൻ - റീജിയണൽ റൂറൽ ബാങ്കുകൾ - മുൻഗണന മേഖല
വായ്പാ വിതരണം - ടാർഗറ്റുകളും വർഗ്ഗീകരണവും

ആർബിഐ/എഫ്‌ഐഡിഡി/2016-17/34
മാസ്റ്റർഡയറക്ഷൻ എഫ്ഐഡിഡി.സിഒ.പ്ലാൻ.2.04.09.01/2016-17

ജൂലൈ 7, 2016
(ജൂൺ 18, 2019 വരെ പുതുക്കിയത്)

എല്ലാ റീജിയണൽ ബാങ്കുകളുടെയും
ചെയർമാൻമാർക്ക്

പ്രിയപ്പെട്ട സർ/മാഡം,

മാസ്റ്റർ ഡയറക്ഷൻ - റീജിയണൽ റൂറൽ ബാങ്കുകൾ - മുൻഗണന മേഖല
വായ്പാ വിതരണം - ടാർഗറ്റുകളും വർഗ്ഗീകരണവും

റീജിയണൽ റൂറൽ ബാങ്കുകൾക്കായി മുൻഗണനാ മേഖല വായ്പാ വിതരണത്തിനായുള്ള മാർഗ രേഖകൾ 2015 ഡിസംബർ 3-ാം തീയതിയിലെ സർക്കുലർ പ്രകാരം ഭാരതീയ റിസർവ് ബാങ്ക് നവീകരിച്ചിരിക്കുന്നു. ഉള്ളടക്കം ചെയ്തിരിക്കുന്ന മാസ്റ്റർ ഡയറക്ഷനിൽ ഈ വിഷയത്തിലെ പുതുക്കിയ മാർഗ രേഖകൾ / നിർദ്ദേശങ്ങൾ സംയോജിക്കപ്പെട്ടിരിക്കുന്നു. ഈ മാസ്റ്റർ ഡയറക്ഷനിൽ സമാഹരിച്ചിരിക്കുന്ന സർക്കുലറുകളുടെ പട്ടിക അനുബന്ധത്തിൽ കാണിച്ചി രിക്കുന്നു. പുതുതായി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന മുറയ്ക്ക് കാലാകാല ങ്ങളിൽ ഈ ഡയറക്ഷൻ നവീകരിക്കുന്നതായിരിക്കും. ഈ മാസ്റ്റർ ഡയറക്ഷൻ ആർബിഐ വെബ്‌സൈറ്റ് www.rbi.org.in ൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.

2. റീജിയണൽ റൂറൽ ബാങ്കുകൾക്കായി മുൻഗണനാ മേഖലയിലെ വായ്പാ വിതരണത്തിനുള്ള നവീകരിച്ച മാർഗരേഖകൾ 2016 ജനുവരി 1 മുതൽക്ക് പ്രാബല്യത്തിൽ വരും വിധം പ്രവർത്തനക്ഷമമാക്കിയിരുന്നു. അതിൻപ്രകാരം ഈ തീയതിക്ക് മുമ്പ് മാർഗരേഖകളനുസരിച്ച് അനുവദിച്ച മുൻഗണനാ മേഖല വായ്പകൾ അവ അടച്ചു തീരുന്നത് വരെ / കാലാവധിയെത്തുന്നതു വരെ / പുതുക്കുന്നത് വരെ മുൻഗണനാ മേഖലയിൽ വർഗ്ഗീകരിക്കപ്പെട്ടതായി തുടരുന്നതായിരിക്കും.

നിങ്ങളുടെ വിശ്വസ്തതയുള്ള

(ഗൗതം പ്രസാദ് ബോറ)
ചീഫ് ജനറൽ മാനേജർ - ഇൻ - ചാർജ്


മാസ്റ്റർ ഡയറക്ഷൻ - ഭാരതീയ റിസർവ് ബാങ്ക്
(റീജിയണൽ റൂറൽ ബാങ്കുകൾ - മുൻഗണനാ മേഖല വായ്പാ
വിതരണം - ടാർഗറ്റുകളും വർഗ്ഗീകരണവും - ആജ്ഞാപനങ്ങൾ, 2016

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ 21, 35 എ എന്നീ വകുപ്പുകൾ നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചു കൊണ്ട്, അപ്രകാരം ചെയ്യേണ്ടുന്നത് പൊതു താത്.പര്യാർത്ഥം ആവശ്യമായിരിക്കുന്നുവെന്നും ഉചിതമായിരിക്കുമെന്നും ബോധ്യം വന്നിരിക്കുന്നതിനാൽ ചുവടെ പ്രത്യേകം വിവരിക്കുന്ന ആജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നു.

അധ്യായം 1

പ്രാരംഭം

1. ഹൃസ്വ ശീർഷകവും തുടക്കവും

(എ) ഈ ആജ്ഞാപനങ്ങൾ ഭാരതീയ റിസർവ് ബാങ്ക് (റീജിയണൽ റൂറൽ ബാങ്കുകൾ - മുൻഗണനാ മേഖല വായ്പാ വിതരണം - ടാർഗറ്റുകളും വർഗ്ഗീകരണവും) ആജ്ഞാപനങ്ങൾ, 2016 എന്ന് വിളിക്കപ്പെടും.

(ബി) ഭാരതീയ റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിന്യസിക്കുന്ന ദിവസം മുതൽക്ക് ഈ ആജ്ഞാപനങ്ങൾ പ്രാബല്യത്തിൽ വരുന്നതാ യിരിക്കും.

2. പ്രയോഗ ക്ഷമത

ഇന്ത്യയിൽ പ്രവർത്തിക്കാനായി ഭാരതീയ റിസർവ് ബാങ്ക് ലൈസൻസ് നൽകിയിട്ടുള്ള ഓരോ റീജിയണൽ റൂറൽ ബാങ്കിനും (ആർആർബി) ഈ ആജ്ഞാപനങ്ങളിലെ വ്യവസ്ഥകൾ ബാധകമായിരിക്കും.

3. വിശദീകരണം

ചുവടെ നിർവചിച്ചിട്ടില്ലാത്തപക്ഷംമറ്റെല്ലാ പദപ്രയോഗങ്ങൾക്കും ബാങ്കിങ് റഗുലേഷൻ ആക്ട് അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, അല്ലെങ്കിൽ ഏതെങ്കിലും നിയമപരമായ ഭേദഗതി അല്ലെങ്കിൽ പുനർ അവതരണം എന്നിവ പ്രകാരമുള്ളതോ അല്ലെങ്കിൽ, വാണിജ്യ വിഷയകമായ വാക്‌ശൈലിയിൽ ഉപയോഗിക്കുന്നമാതിരിയുള്ളതോ ആയ അതേ അർഥം തന്നെയായിരിക്കും.


അധ്യായം II

മുൻഗണനാമേഖലയിലെ വിഭാഗങ്ങളും ടാർഗറ്റുകളും

4. മുൻഗണനാ മേഖലയിലെ വിഭാഗങ്ങൾ താഴെപ്പറയും പ്രകാരമാണ് :

  1. കാർഷിക വൃത്തി

  2. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ-കൾ)

  3. വിദ്യാഭ്യാസം

  4. പാർപ്പിട സൗകര്യം

  5. സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾ

  6. പ്രകൃതിയിൽ ലഭ്യമായ ഊർജ്ജം

  7. മറ്റുള്ളവ

മുകളിൽ പറഞ്ഞിരിക്കുന്ന വിഭാഗങ്ങൾ പ്രകാരം അർഹമായ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അധ്യായം III ൽ പ്രത്യേകം പറയുന്നുണ്ട്.

5. മുൻഗണനാ മേഖലയ്ക്കായുള്ള ടാർഗറ്റുകൾ / ഉപ-ടാർഗറ്റുകൾ

ആർആർബി-കൾക്ക് മുൻഗണനാമേഖല വായ്പാ വിതരണത്തിനായും ഉപ-മേഖല ടാർഗറ്റുകൾക്കുമായി നിശ്ചയിച്ചിരിക്കുന്ന ടാർഗറ്റ്, താഴെ വിവരിക്കും വിധം അവരുടെ കണക്കിൽ ബാക്കി നിൽക്കുന്ന മൊത്തം വായ്പകളുടെ 75 ശതമാനം എന്നതായിരിക്കും.

വിഭാഗങ്ങൾ ടാർഗറ്റുകൾ
മൊത്തം മുൻഗണനാ മേഖല കണക്കിൽ ബാക്കി നിൽക്കുന്ന മൊത്തം വായ്പകളുടെ 75 ശതമാനം.*
കാർഷിക വൃത്തി കണക്കിൽ ബാക്കി നിൽക്കുന്ന മൊത്തം വായ്പകളുടെ 18 ശതമാനം
ചെറുകിട, പ്രാന്തസ്ഥ കർഷകർ കണക്കിൽ ബാക്കി നിൽക്കുന്ന മൊത്തം വായ്പകളുടെ 8 ശതമാനം
സൂക്ഷ്മ സംരംഭങ്ങൾ കണക്കിൽ ബാക്കി നിൽക്കുന്ന മൊത്തം വായ്പകളുടെ 7.5 ശതമാനം
ദുർബല വിഭാഗങ്ങൾ കണക്കിൽ ബാക്കി നിൽക്കുന്ന മൊത്തം വായ്പകളുടെ 15 ശതമാനം

* മുൻഗണനാ മേഖലയ്ക്കായി നിശ്ചിയിച്ചിരിക്കുന്ന ആകമാന ടാർഗറ്റ്, നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളിലും ഉടനീളം കൈവരിക്കേണ്ടതാണ് - അതായത് കാർഷിക വൃത്തി, എംഎസ്എംഇ, വിദ്യാഭ്യാസം, ഭവനനിർമാണം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതിയിൽ ലഭ്യമായ ഊർജ്ജം എന്നിവയിലും മറ്റുള്ളവയിലും. എന്നാൽ ഇടത്തരം സംരംഭങ്ങൾ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതിയിൽ ലഭ്യമായ ഊർജ്ജം എന്നിവ കണക്കിൽ ബാക്കി നിൽക്കുന്ന മൊത്തം വായ്പയുടെ 15 ശതമാനം മാത്രം വരെയെന്ന് നിജപ്പെടുത്തിയിരിക്കുന്നു.

മുൻഗണനാ മേഖല ടാർഗറ്റുകൾ / ഉപ-ടാർഗറ്റുകൾ കൈവരിക്കുന്നത് കണക്കുക്കൂട്ടുന്നത് തൊട്ടുമുൻപത്തെ വർഷത്തിലെ തത്തുല്യമായ തീയതിയിൽ കണക്കിൽ ബാക്കി നിൽക്കുന്ന മൊത്തം വായ്പയെ അടിസ്ഥാനമാക്കിയായിരിക്കും.

അധ്യായം III

മുൻഗണനാമേഖല പ്രകാരം അർഹമായ വിഭാഗങ്ങളെക്കുറിച്ചുള്ള
വിവരണം

6. കാർഷിക വൃത്തി

കാർഷിക മേഖലയ്ക്കായുള്ള വായ്പാ വിതരണം ഇനിപ്പറയുന്നവയായി തരം തിരിച്ചിരിക്കുന്നു : (i) വിളനിലം വായ്പ (ഇതിൽ ഹൃസ്വകാല വിളവായ്പകളും കർഷകർക്കായുള്ള മധ്യകാല - ദീർഘകാല വായ്പകളും ഉൾപ്പെടും) (ii) കാർഷിക അടിസ്ഥാന സൗകര്യങ്ങൾ (iii) അനുബന്ധ പ്രവർത്തനങ്ങൾ ഈ മൂന്ന് ഉപവിഭാഗങ്ങൾ പ്രകാരമുള്ള അർഹമായ പ്രവർത്തനങ്ങളുടെ ഒരു പട്ടിക താഴെക്കൊടുക്കുന്നു.

6.1 വിളനിലം വായ്പ എ. ഒറ്റയായ കർഷകർക്കുള്ള വായ്പകൾ (സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി) അല്ലെങ്കിൽ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജി), അതായത്, ഒറ്റയായ കർഷകരുടെ സംഘങ്ങൾ - അത്തരം വായ്പകളുടെ വിഘടിപ്പിച്ച വിവരങ്ങൾ ബാങ്കുകൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ), കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളായ ക്ഷീരശാല, മത്സ്യബന്ധനം, മൃഗസംരക്ഷണം, കോഴി വളർത്തൽ, തേനീച്ച വളർത്തൽ, പട്ടുന്നൂൽ കൃഷി എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കാണ് ഈ വായ്പകൾ നൽകുന്നത്. വായ്പകളിൽ താഴെപ്പറയുന്നവ ഉൾപ്പെടും.

(i) കർഷകർക്ക് പാരമ്പര്യ/പാരമ്പര്യേതര തോട്ടങ്ങൾക്കും തോട്ടവിളകൾക്കുമായി നൽകുന്ന വായ്പകളും അനുബന്ധ പ്രവർത്തനങ്ങൾക്കായി അനുവദിക്കുന്ന വായ്പകളും.

(ii) കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കർഷകർക്ക് നൽകുന്ന മധ്യകാല - ദീർഘകാല വായ്പകൾ. കാർഷികോപകരണങ്ങളും യന്ത്രങ്ങളും വാങ്ങാനായും, കൃഷിഭൂമിയിൽ നടത്തുന്ന ജലസേചനം, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കാലും നൽകുന്ന വായ്പകളും അനുബന്ധപ്രവർത്തനങ്ങൾക്കായി നൽകുന്ന വികസന വായ്പകളും

(iii) വിളവെടുപ്പിനു മുമ്പും, അതിനുശേഷവും നടത്തുന്ന പ്രവർത്തനങ്ങൾക്കായി നൽകുന്ന വായ്പകൾ. മരുന്നു തളി, കളനശീകരണം, കൊയ്ത്ത്, മെതി, തരംതിരിക്കൽ, സ്വന്തം കാർഷികോത്.പന്നങ്ങളുടെ കടത്ത് നീക്കം എന്നിവയാണ് ഈ പ്രവർത്തനങ്ങൾ

(iv) 12 മാസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് കാർഷികോത്.പന്നങ്ങളുടെ ഈട്/ചൂണ്ടിപ്പണയം(പാണ്ടികശാല രശീതികൾ ഉൾപ്പെടെ) അടിസ്ഥാനമാക്കി കർഷകർക്ക് നൽകുന്ന 5 മില്യൺ രൂപ വരെയുള്ള വായ്പകൾ

(v) സ്ഥാപനേതര വായ്പദായകരുടെ കടക്കാരായ വ്യഥിത കർഷകർക്ക് നൽകുന്ന വായ്പകൾ

(vi) കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം കർഷകർക്ക് നൽകുന്ന വായ്പകൾ

(vii) കാർഷിക ആവശ്യങ്ങൾക്കായി ഭൂമി വാങ്ങുന്നതിന് ചെറുകിട, പ്രാന്തസ്ഥ കർഷകർക്ക് നൽകുന്ന വായ്പകൾ.

ബി. കൃഷിയിലും, അനുബന്ധ പ്രവർത്തനങ്ങളായ ക്ഷീരശാല, മത്സ്യബന്ധനം, മൃഗസംരക്ഷണം, കോഴിവളർത്തൽ, തേനീച്ച വളർത്തൽ, പട്ടുന്നൂൽ കൃഷി എന്നിവയിലും നേരിട്ട് ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കോർപ്പറേറ്റ് കർഷകർ, ഒറ്റയായ കർഷകരുടെ ഫാർമേഴ്‌സ് പ്രൊഡ്യൂസർ സംഘടനകൾ, പങ്കാളിത്ത കമ്പനികൾ, കർഷകരുടെ സഹകരണ പ്രസ്ഥാനങ്ങൾ എന്നിവയ്ക്കായി നൽകുന്ന മൊത്തം 20 മില്യൺ രൂപ വരെയുള്ള വായ്പകൾ. ഇവയിൽ താഴെപ്പറയുന്നവ ഉൾപ്പെടും:

(i) പാരമ്പര്യ/പാരമ്പര്യേതര പ്ലാന്റേഷനുകൾ, ഹോർട്ടിക്കൾച്ചർ എന്നിവയ്ക്കുൾപ്പെടെ നൽകുന്ന വിളവായ്പകളും, അനബന്ധപ്രവർത്തനങ്ങൾക്കായുള്ള വായ്പകളും

(ii) കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി (ഉദാഹരണത്തിന്, കാർഷികോപകരണങ്ങളും യന്ത്രസാമഗ്രികളും വാങ്ങുന്നതിനും, കൃഷി ഭൂമിയിലെ ജലസേചന പ്രവർത്തനങ്ങൾക്കും മറ്റ് വികസന പ്രവർത്തനങ്ങൾക്കുമായും അനുബന്ധ പ്രവർത്തനങ്ങൾക്കുമായും) കർഷകർക്ക് നൽകുന്ന മധ്യകാല - ദീർഘകാല വായ്പകൾ

(iii) വിളവെടുപ്പിനു മുമ്പും, അതിനു ശേഷവും നടത്തുന്ന പ്രവർത്തനങ്ങൾക്കായി - മരുന്നുതളി, കളനശീകരണം, കൊയ്ത്ത്, മെതി, തരംതിരിക്കൽ, സ്വന്തം കാർഷികോത്പന്നങ്ങളുടെ കടത്ത് നീക്കം - കർഷകർക്ക് നൽകുന്ന വായ്പകൾ

(iv) പന്ത്രണ്ട് മാസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് കാർഷികോത്.പന്നങ്ങളുടെ ഈട് / ചൂണ്ടിപ്പണയം (പാണ്ടികശാല രശീതികൾ ഉൾപ്പെടെ) അടിസ്ഥാനമാക്കി കർഷകർക്ക് നൽകുന്ന 5 മില്യൺ രൂപ വരെയുളള വായ്പകൾ
6.2 കാർഷിക അടിസ്ഥാന സൗകര്യങ്ങൾ (i) സംഭരണ സൗകര്യങ്ങൾക്കായുള്ള നിർമിതികൾക്കായി നൽകുന്ന വായ്പകൾ, കോൾഡ് സ്‌റ്റോറേജ് യൂണിറ്റുകൾ / കോൾഡ് സ്‌റ്റോറേജ് ശൃംഖല എന്നിങ്ങനെ കാർഷിക വിളകൾ / ഉത്.പന്നങ്ങൾ ശേഖരിച്ചു വയ്ക്കാനായി രൂപ കൽപ്പന ചെയ്തിട്ടുള്ള വെയർഹൗസുകൾ, വിപണി ചത്വരങ്ങൾ, ഗോഡൗണുകൾ, നിലവറകൾ എന്നിവയ്ക്കായി, അവയുടെ ഇടങ്ങൾ എവിടെയാണെന്നത് പരിഗണിക്കാതെ നൽകുന്ന വായ്പകളാണിവ.

(ii) മണ്ണുസംരക്ഷണവും നീർത്തടവികസനവും

(iii) പ്ലാന്റ് ടിഷ്യു കൾച്ചറും അഗ്രി-ബയോടെക്‌നോളജിയും, വിത്തുത്.പാദനം, ജൈവ കീടനാശിനികൾ, ജൈവ വളം, മണ്ണിര വളം എന്നിവയുടെ ഉത്.പാദനം. മുകളിൽപ്പറഞ്ഞ ആവശ്യങ്ങൾക്കായി ബാങ്കുകൾ നൽകുന്ന വായ്പകൾക്ക്, ഒരാൾക്ക് ആകെ ഒരു ബില്യൺ എന്ന പരിധി ബാധകമായിരിക്കും.
6.3 അനുബന്ധ പ്രവർത്തനങ്ങൾ (i) സഹകരണ സംഘങ്ങൾക്ക്, അവരുടെ അംഗങ്ങളുടെ ഉത്.പന്നങ്ങൾ വിറ്റഴിക്കുന്നതിനായി 50 മില്യൺ രൂപ വരെയുള്ള വായ്പകൾ

(ii) അഗ്രിക്ലിനിക്കുകളും അഗ്രി ബിസിനസ് സെന്ററുകളും സ്ഥാപിക്കുന്നതിന് നൽകുന്ന വായ്പകൾ

(iii) ഭക്ഷ്യ വസ്തുക്കളും കാർഷികോത്.പന്നങ്ങളും സംസ്‌കരിക്കുന്നതിനായി ബാങ്കുകളിൽ നിന്നും ഒരാൾക്ക് നൽകുന്ന 1 ബില്യൺ രൂപ വരെയുള്ള വായ്പകൾ

(iv) ട്രാക്ടറുകൾ, ബുൾഡോസറുകൾ, കുഴൽക്കിണർ ഉപകരണങ്ങൾ, മെതിയന്ത്രങ്ങൾ, കൊയ്ത്ത് - മെതി യന്ത്രങ്ങൾ എന്നിവയുടെ ഒരു ശേഖരം കൈവശമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ സംഘടനകൾ എന്നിവർ നടത്തുകയും, കർഷകർക്കു വേണ്ടി കോൺട്രാക്ട് അടിസ്ഥാനത്തിൽ കാർഷിക പ്രവർത്തനം നിർവഹിക്കുകയും ചെയ്യുന്ന കസ്റ്റംസ് സർവീസ് യൂണിറ്റുകൾക്ക് നൽകുന്ന വായ്പകൾ.

ഉപ-ടാർഗറ്റ് കൈവരിച്ചത് കണക്കുക്കൂട്ടുന്നതിനായി പരിഗണിക്കുന്ന ചെറുകിട-പ്രാന്തസ്ഥ കർഷകരിൽ താഴെപ്പറയുന്നവർ ഉൾപ്പെടും.

- ഒരു ഹെക്ടർ വരെയുള്ള കൃഷി ഭൂമിയുള്ള കർഷകരെ പ്രാന്തസ്ഥ കർഷകരായി കണക്കാക്കുന്നതാണ്. ഒരു ഹെക്ടറിലധിവും രണ്ടു ഹെക്ടർ വരെയും കൃഷിഭൂമിയുള്ള കർഷകരെ ചെറുകിട കർഷകരായി കണക്കാക്കുന്നതാണ്.

- ഭൂരഹിത കർഷകത്തൊഴിലാളികൾ, പാട്ടകൃഷിക്കാർ, വാക്കാൽ പാട്ടക്കാർ, ചെറുകിട-പ്രാന്തസ്ഥ കർഷകർക്കായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പരിധിയ്ക്ക കത്ത് ഭൂമി സ്വന്തമായുള്ള പാട്ടകൃഷിക്കാർ.

- സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജികൾ) അല്ലെങ്കിൽ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജികൾ) - അതായത്, കാർഷിക വൃത്തിയിലും അനുബന്ധ പ്രവർത്തനങ്ങളിലും നേരിട്ട് ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ചെറുകിട - പ്രാന്തസ്ഥ കർഷകരുടെ പ്രത്യേകമായ സംഘങ്ങൾ - ക്കുള്ള വായ്പകൾ. എന്നാൽ ഇത്തരം വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ വിഘടിപ്പിച്ച വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കണം.

- ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള കർഷകരുടെ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനികൾക്കും, കാർഷികവൃത്തിയിലും അനുബന്ധ പ്രവർത്തനങ്ങളിലും നേരിട്ട് ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ സഹകരണ സംഘങ്ങൾക്കും നൽകുന്ന വായ്പകൾ. ഇത്തരം സഹകരണ സംഘങ്ങളിൽ ചെറുകിട - പ്രാന്തസ്ഥ കർഷകരുടെ അംഗത്വം, അവയിലെ എണ്ണത്തിലെ 75 ശതമാനത്തിൽ കുറയാൻ പാടില്ലാത്തതും, അവയുടെ കൈവശമുള്ള മൊത്തംഭൂമിയുടെ 75 ശതമാനത്തിൽ കുറയാത്ത ഭൂമി ഈ വിഭാഗം കർഷകർക്കുണ്ടായിരിക്കുകയും വേണം.

7. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ കൾ)

7.1 തൊഴിൽശാല, യന്ത്രസംവിധാനം / ഉപകരണങ്ങൾ എന്നിവയിലെ മുതൽ മുടക്കിനായി, 2006 സെപ്തംബർ 9-ാം തീയിതയിലെ ഉത്തരവ് പ്രകാരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള പരിധികൾ താഴെപ്പറയും പ്രകാരമാണ്:

നിർമാണ മേഖല
സംരംഭങ്ങൾ തൊഴിൽ ശാലയിലെയും
യന്ത്രസംവിധാനത്തിലെയും മുതൽമുടക്ക്
സൂക്ഷ്മ സംരംഭങ്ങൾ ഇരുപത്തിയഞ്ച് ലക്ഷം രൂപയിൽ കവിയുകയില്ല
ചെറുകിട സംരംഭങ്ങൾ ഇരുപത്തിയഞ്ച് ലക്ഷം രൂപയിൽ കൂടിയതും എന്നാൽ അഞ്ച് കോടി രൂപയിൽ കവിയാതെയും
ഇടത്തരം സംരംഭങ്ങൾ അഞ്ച് കോടി രൂപയിൽ കൂടിയതും എന്നാൽ പത്ത് കോടി രൂപയിൽ കവിയാതെയും
സേവന മേഖല സംരംഭങ്ങൾ ഉപകരണങ്ങളിലെ മുതൽമുടക്ക്
സൂക്ഷ്മ സംരംഭങ്ങൾ പത്ത് ലക്ഷം രൂപയിൽ കവിയുകയില്ല
ചെറുകിട സംരംഭങ്ങൾ പത്ത് ലക്ഷം രൂപയിൽ കൂടിയതും എന്നാൽ രണ്ട് കോടി രൂപയിൽ കവിയാതെയും
ഇടത്തരം സംരംഭങ്ങൾ രണ്ട് കോടി രൂപയിൽ കൂടിയതും എന്നാൽ അഞ്ച് കോടി രൂപയിൽ കവിയാതെയും

നിർമാണ - സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നൽകുന്ന വായ്പകൾ താഴെപ്പറയുന്ന മാനദണ്ഡങ്ങളനുസരിച്ച് മുൻഗണന മേഖലയിൽ തരം തിരിക്കപ്പെടാൻ അർഹമാണ്.

7.2 നിർമാണ സംരംഭങ്ങൾ

ഇൻഡസ്ട്രീസ് (ഡെവലപ്‌മെന്റ് ആന്റ് റഗുലേഷൻ) ആക്ട്, 1951-ലെ ഒന്നാം പട്ടികയിൽ പ്രത്യേകം വിവരിക്കുന്നതും, അതത് കാലത്ത് സർക്കാർ പരസ്യപ്പെടുത്തും പ്രകാരമുള്ളതുമായ ഏതെങ്കിലും വ്യവസായത്തിലേക്കായി നിർമാണം, അല്ലെങ്കിൽ ചരക്കുത്.പാദനം എന്നീ പ്രവർത്തികളിലേർപ്പെട്ടിരിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ. തൊഴിൽശാലയിലും യന്ത്രസംവിധാനത്തിലും നടത്തിയിരിക്കുന്ന മുതൽമുടക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിർമാണ സംരംഭങ്ങളെ നിർവചിക്കുന്നത്.

7.3 സേവന സംരംഭങ്ങൾ

എംഎസ്എംഇഡി ആക്ട്, 2006 പ്രകാരം ഉപകരണങ്ങളിലെ മുതൽമുടക്കിന്റെ അടിസ്ഥാനത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്ന പോലുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന തിലോ അല്ലെങ്കിൽ നിർവഹിക്കുന്നതിലോ ഏർപ്പെട്ടിരിക്കുന്ന എംഎസ്എംഇ-കൾക്ക് നൽകുന്ന എല്ലാ ബാങ്ക് വായ്പകളും യാതൊരു വായ്പാ പരിധിയും കൂടാതെ മുൻഗണനാ മേഖല വായ്പകളായി പരിഗണിക്കപ്പെടാൻ യോഗ്യമായിരിക്കും.

7.4 ഖാദി, ഗ്രാമ വ്യവസായ മേഖല (കെവിഐ)

കെവിഐ മേഖലയിലെ യൂണിറ്റുകൾക്ക് നൽകുന്ന എല്ലാ വായ്പകളും സൂക്ഷ്മ സംരംഭങ്ങൾക്കായി നിർദ്ദേശിച്ചിരിക്കുന്ന 7.5 ശതമാനം ഉപ-ടാർഗറ്റ് പ്രകാരം മുൻഗണനാ മേഖലയിൽ തരംതിരിക്കപ്പെടാൻ യോഗ്യമായിരിക്കും.

7.5 എംഎസ്എംഇകൾക്കായുള്ള മറ്റ് വായ്പകൾ

(i) കരകൗശലപ്പണിക്കാർക്കും, ഗ്രാമ-വ്യവസായങ്ങൾക്കും അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നതിലും അവരുടെ ഉത്.പന്നങ്ങൾ വിപണനം ചെയ്യുന്നതിലും, വികേന്ദ്രീകൃത മേഖലയെ സഹായിക്കുന്നതിൽ ഉൾപ്പെട്ടി രിക്കുന്ന സ്ഥാപനങ്ങൾക്കുള്ള വായ്പകൾ.

(ii) വികേന്ദ്രീകൃത മേഖല, അതായത്, കരകൗശലപ്പണിക്കാർ, ഗ്രാമ-കുടിൽ വ്യവ സായങ്ങൾ എന്നിവയിലെ ഉത്.പാദകരുടെ സഹകരണ സംഘങ്ങൾക്ക് നൽകുന്ന വായ്പകൾ.

(iii) ജനറൽ ക്രെഡിറ്റ് കാർഡുകളിലെ (നിലവിലുള്ളതും, വ്യക്തികളുടെ കാർഷികേ തര സംരംഭത്വപരമായ വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നവയുമായ ആർട്ടിസൻ ക്രെഡിറ്റ് കാർഡ്, ലഘു ഉദ്യാമി കാർഡ്, സ്വരാജ് ഗർ ക്രെഡിറ്റ് കാർഡ്, വീവേഴ്‌സ് കാർഡ് മുതലായവ) കൊടുത്തു തീർക്കാൻ ബാക്കി നിൽക്കുന്ന വായപ.

7.6 മുൻഗണനാ മേഖല പദവി നിലനിർത്താൻ വേണ്ടി മാത്രമായി എംഎസ്എംഇ-കൾ ചെറുകിട, ഇടത്തരം യൂണിറ്റുകളായി തുടരുന്നില്ലെന്നത് ഉറപ്പു വരുത്താനായി, എംഎസ്എംഇ യുണിറ്റുകൾ ആ വിഭാഗത്തിന്റെ പുറത്തേക്ക് വളർന്നതിനു ശേഷവും മൂന്ന് കൊല്ലം വരെയുള്ള കാലയളവിൽ അവ തുടർന്നും മുൻഗണനാ മേഖല വായ്പകൾക്ക് അർഹരായിരിക്കും.

7.7 പിഎംജെഡിവൈ പദ്ധതിയിലെ ഓവർഡ്രാഫ്റ്റുകൾ

ധനമന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് 2018 സെപ്തംബർ 24-ന് പുറത്തിറക്കിയ പരിഷ്‌കരിച്ച മാർഗരേഖകൾ പ്രകാരം, പ്രധാനമന്ത്രി ജൻ-ധൻ യോജന (പിഎംജെഡിവൈ) അക്കൗണ്ടുടമകൾക്കായുള്ള ഓവർഡ്രാഫ്ട് പരിധി 10,000 രൂപയായി ഉയർത്തുകയം, 18-60 എന്ന പ്രായപരിധി 18-65 ആയി ഉയർത്തുകയും ചെയ്തിരിക്കുന്നു. വായ്പയെടുക്കുന്നവരുടെ കുടുംബ വരുമാനം ഗ്രാമ പ്രദേശങ്ങളിൽ 1,00,000 രൂപയിലും, ഗ്രാമേതര പ്രദേശങ്ങളിൽ 1,60,000 രൂപയിലും കവിയരുതെന്ന നിബന്ധനയുണ്ട്. എന്നാൽ, 2000 രൂപ വരെയുള്ള വായ്പകൾക്ക് എന്തെങ്കിലും തരത്തിലുള്ള നിബന്ധനകൾ ഉണ്ടായിരിക്കുന്നതല്ല. ഈ ഓവർഡ്രാഫ്റ്റുകൾ സൂക്ഷ്മ സംരംഭങ്ങൾക്കുള്ള വാർത്താ വിതരണത്തിലെ ടാർഗറ്റ് കൈവരിക്കുന്ന വിഷയത്തിൽ പരിഗണിക്കപ്പെടാൻ അർഹമാണ്.

8. വിദ്യാഭ്യാസം

തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസപരമായ ഉദ്ദേശ്യങ്ങൾക്കായി വ്യക്തികൾക്ക് നൽകുന്ന ഒരു മില്യൺ രൂപ വരെയുള്ള വായ്പകൾ, അനുവദിച്ച തുക എത്രയെന്നത് കണക്കിലെടുക്കാതെ തന്നെ മുൻഗണനാ മേഖലയായി പരിഗണിക്കപ്പെടുന്നതിന് അർഹമായിരിക്കും.

9. ഭവന നിർമാണം

(i) മെട്രൊ പൊളിറ്റൻ കേന്ദ്രങ്ങളിൽ (പത്ത് ലക്ഷവും അതിനും മുകളിലെ ജനസംഖ്യയുള്ളവ) 3.5 മില്യൺ രൂപ വരെയും, മറ്റ് കേന്ദ്രങ്ങളിൽ 2.5 മില്യൺ രൂപ വരെയുള്ളമുള്ള വായ്പകൾ ഓരോ കുടുംബത്തിനും വാസഗൃഹം വാങ്ങുന്നതിനും / നിർമിക്കുന്നതിനുമായി വ്യക്തികൾക്ക് നൽകും. ഒരു വാസഗൃഹത്തിന്റെ മൊത്തം ചെലവ് മെട്രോപൊളിറ്റൻ കേന്ദ്രത്തിൽ യഥാക്രമം 4.5 മില്യൺ രൂപയും മറ്റ് കേന്ദ്രങ്ങളിൽ 3 മില്യൺ രൂപയുമായിരിക്കണമെന്ന നിബന്ധനയുണ്ട്. ബാങ്കുകൾ അവയുടെ സ്വന്തം ജീവനക്കാർക്ക് നൽകുന്ന ഭവന വായ്പകൾ ഒഴിവാക്കപ്പെടുന്നതായിരിക്കും.

(ii) കുടുംബങ്ങളുടെ കേടുപാടുകൾ സംഭവിച്ച വാസഗൃഹങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള 0.2 മില്യൺ രൂപ വരെയുള്ള വായ്പകൾ.

(iii) വാസഗൃഹങ്ങളുടെ നിർമാണത്തിനായി, അല്ലെങ്കിൽ ചേരി നിർമാർജ്ജനത്തിനും ചേരി നിവാസികളുടെ പുനരധിവാസത്തിനുമായി ഏതെങ്കിലും സർക്കാർ ഏജൻസിക്ക്, ഒരു വാസഗൃഹത്തിന് 1 മില്യൺ രൂപയെന്ന ഉയർന്ന പരിധിക്ക് വിധേയമായി നൽകുന്ന ബാങ്ക് വായ്പകൾ.

(iv) സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്കും (ഇഡബ്ല്യൂഎസ്) വരുമാനഗ്രൂപ്പുകൾ (എൽഐജി) ക്കും മാത്രമായി ഭവന നിർമാണത്തിന്, ഓരോ വാസഗൃഹത്തിനും 1 മില്യൺ രൂപയിൽ കവിയാത്ത മൊത്തം ചെലവ് എന്ന നിബന്ധനയോടെ ബാങ്കുകൾ അനുവദിക്കുന്ന വായ്പകൾ, സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങളെയും കുറഞ്ഞ വരുമാനഗ്രൂപ്പുകളെയും തിരിച്ചറിയുന്നതിനായി ഇഡബ്ല്യൂഎസ്-ന് പ്രതിവർഷ കുടുംബ വരുമാനം 0.3 മില്യൺ രൂപയായും, എൽഐജിയ്ക്ക് 0.6 മില്യൺ രൂപയായും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. പ്രധാൻമന്ത്രി ആവാസ് യോജനയിൽ പറഞ്ഞിരിക്കുന്ന വരുമാന മാനദണ്ഡത്തിനനുസരണമായാണിത്.

10. സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ

സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഒരാൾക്ക് 50 മില്യൺ രൂപ വരെ എന്ന കണക്കിന് ബാങ്ക് വായ്പകൾ ലഭ്യമാണ്. സ്ക്കൂളുകൾ, ആരോഗ്യപരിപാലന സൗകര്യങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ, വീടുകൾക്കായി ശൗചാലയങ്ങൾ നിർമിക്കുകയും / നവീകരിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള പൊതു ശുചിത്വ സൗകര്യങ്ങൾ, കുടുംബങ്ങൾക്കായുള്ള കുടിവെള്ള വിതരണം എന്നിവ മെച്ചപ്പെടുത്താനായി റ്റയർ II മുതൽ റ്റയർ VI വരെയുള്ള കേന്ദ്രങ്ങളിൽ ഈ വായ്പകൾ ലഭിക്കുന്നതാണ്.

11. പ്രകൃതിയിൽ ലഭ്യമായ ഊർജ്ജം

സൗരോർജ്ജാധിഷ്ഠിത ജനറേറ്ററുകൾ, ജൈവ ഇന്ധനാധിഷ്ഠിത ജനറേറ്ററുകൾ, കാറ്റാടിയന്ത്രങ്ങൾ, സൂക്ഷ്മ ജലവൈദ്യുതി നിലയങ്ങൾ, പാരമ്പര്യേതര ഊർജാധിഷ്ഠിത തെരുവോര വിളക്ക് പദ്ധതികൾ, വിദൂര ഗ്രാമ വൈദ്യുതീകരണം എന്നിവ പോലുള്ള ഉദ്ദേശ്യങ്ങൾക്കായി ഒരാൾക്ക് 150 മില്യൺ രൂപ വരെ എന്ന പരിധിയോടെയുള്ള ബാങ്ക് വായ്പകൾ ലഭ്യമാണ്. കുടുംബങ്ങൾക്ക് ഓരോന്നിനും 1 മില്യൺ രൂപയായിരിക്കും വായ്പാ പരിധി.

12. മറ്റുള്ളവ

12.1 വ്യക്തികൾക്കും അവരുടെ എസ്എച്ച്ജി/ജെഎൽജി കൾക്കും ബാങ്കുകൾ ഒരാൾക്ക് 50,000 രൂപ നിരക്കിൽ കവിയാത്ത വായ്പകൾ നേരിട്ട് നൽകുന്നു. ഇതിനായി, വായ്പയെടുക്കുന്ന ഓരോരുത്തരുടെയും പ്രതിവർഷ കുടുംബ വരുമാനം ഗ്രാമീണ മേഖലകളിൽ 0.1 മില്യൺ രൂപയിലും, ഗ്രമേതര മേഖലകളിൽ 0.16 മില്യൺ രൂപയിലും കവിയാൻ പാടില്ല എന്ന നിബന്ധനയുണ്ട്.

12.2 വ്യഥിതരായ വ്യക്തികൾക്ക് (ഖണ്ഡിക 6.1(എ) V ൽ ഉൾപ്പെടുത്തിക്കഴിഞ്ഞ കർഷകരൊഴികെ) അവർ സ്ഥാപനേതര വായ്പാദായകർക്ക് കൊടുത്തു തീർക്കാനുള്ള കടം മുൻക്കൂട്ടി വീട്ടാൻ വേണ്ടി ഒരാൾക്ക് 0.1 മില്യൺ രൂപയിൽ കവിയാതെയുള്ള വായ്പകൾ

12.3 പട്ടികജാതി / പട്ടിക വർഗ്ഗങ്ങൾക്കായി സംസ്ഥാനഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് നൽകുന്ന വായ്പകൾ. ഈ സംഘടനകളിലെ ഗുണഭോക്താക്കൾക്ക് അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുക, അവരുടെ ഉത്.പന്നങ്ങൾ വിപണനം ചെയ്യുക എന്നീ പ്രത്യേക ഉദ്ദേശ്യങ്ങൾക്കായുള്ളതാണ് ഈ വായ്പകൾ.

13. ദുർബല വിഭാഗങ്ങൾ

താഴെപ്പറയുന്ന വായ്പക്കാർക്കായി നൽകുന്ന മുൻഗണനാ മേഖല വായ്പകൾ ദുർബല വിഭാഗങ്ങൾക്കായുള്ള വായ്പകളായി കണക്കാക്കപ്പെടുന്നതായിരിക്കും :-

നമ്പർ വിഭാഗം
(i) ചെറുകിട, പ്രാന്തസ്ഥ കർഷകർ
(ii) കരകൗശലത്തൊഴിലുകാർ, ഒരാൾക്ക് 0.1 മില്യൺ കവിയാതെയുള്ള പരിധിയിൽ വായ്പകൾക്ക് അർഹമായ ഗ്രാമീണ - കൂടിൽ വ്യവസായങ്ങൾ
(iii) സർക്കാർ രക്ഷാധികാരിയായ പദ്ധതികളുടെ ഗുണഭോക്താക്കൾ - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (എൻആർഎൽഎം), ദേശീയ നാഗരിക ഉപജീവന മിഷൻ (എൻയുഎൽഎം), കായികമായി തോട്ടപ്പണി ചെയ്യുന്നവരുടെ പുനരധിവാസത്തിനായി രൂപം നൽകിയ സ്വയം തൊഴിൽ പദ്ധതി.
(iv) പട്ടികജാതികളും പട്ടിക വർഗ്ഗങ്ങളും
(v) വ്യത്യസ്ത പലിശ നിരക്ക് പദ്ധതി ഗുണഭോക്താക്കൾ
(vi) സ്വയം സഹായ സംഘങ്ങൾ
(vii) സ്ഥാപനേതര വായ്പദാതാക്കളോട് ഋണ ബാധ്യതയിൽ കഴിയുന്ന വ്യഥിത കർഷകർ
(viii) കർഷകരല്ലാത്ത വ്യഥിത വ്യക്തികൾ - സ്ഥാപനേതര വായ്പദാതാക്കളിൽ നിന്നും വാങ്ങിയിട്ടുള്ള കടം മുൻകൂട്ടി തിരിച്ചടക്കാൻ ഓരോരുത്തർക്കും 0.1 മില്യൺ രൂപയിൽ കവിയാത്ത വായ്പ
(ix) സ്ത്രീ ഗുണഭോക്താക്കൾക്ക് ഓരോരുത്തർക്കും 0.1 മില്യൺ രൂപ വരെ
(x) അംഗഭംഗം വന്ന വ്യക്തികൾ
(xi) പിഎംജെഡിവൈ അക്കൗണ്ടുള്ള 18-65 പ്രായപരിധിയിലുള്ളവർക്ക് 10,000 രൂപ വരെ ഓവർഡ്രാഫ്ട് പരിധി
(xii) അതത് കാലത്ത് ഭാരത സർക്കാർ പ്രഖ്യാപിക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾ

ഇപ്രകാരം പ്രഖ്യപിക്കപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിലൊന്ന് യഥാർഥത്തിൽ ഭൂരിപക്ഷമായിട്ടുള്ള സംസ്ഥാനങ്ങളിൽ, മുകളിൽപ്പറഞ്ഞ പട്ടികയിലെ ഇനം (xii) മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് മാത്രമായിരിക്കും ബാധകമാവുക. ഈ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ ഇവയാണ് : ജമ്മു ആന്റ് കശ്മീർ, പഞ്ചാബ്, മേഘാലയ, മിസോറം, നാഗാലാന്റ്, ലക്ഷദ്വീപ്.

അധ്യായം IV

പലവക

14. മുൻഗണനാ മേഖല വായ്പാ സർട്ടിഫിക്കറ്റുകൾ

(പ്രയോറിട്ടി സെക്ടർ ലെൻഡിങ് സർട്ടിഫിക്കറ്റുകൾ - പിഎസ്എൽ)

ബാങ്കുകൾ വാങ്ങിയിട്ടുള്ള മുൻഗണനാ മേഖല വായ്പാ വിതരണ സർട്ടിഫിക്കറ്റുകൾ മുൻഗണനാ മേഖലയിലെ ബന്ധപ്പെട്ട വിഭാഗങ്ങളിലായി തരം തിരിക്കപ്പെടാൻ യോഗ്യമായിരിക്കുന്നതാണ്. ആസ്തികൾ ബാങ്കുകളിൽ നിന്നും ഉദ്ഭവിച്ചിട്ടുള്ളവയും, മുൻഗണനാ മേഖല വായ്പാ വിതരണ സർട്ടിഫിക്കറ്റുകളുടെ വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്ക് 2016 ഏപ്രിൽ 7 ന് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ എഫ്ഐഡിഡി.സിഒ.പ്ലാൻ.ബിസി.23/04.09.001/2015-16 പ്രകാരമുള്ള മാർഗ രേഖകൾ നിറവേറ്റുന്നവയുമായിരിക്കേണ്ടതുണ്ട്.

15. ക്രമമായ നിരീക്ഷണം

മുൻഗണനാ മേഖല വായ്പകളെക്കുറിച്ചുള്ള വിവരങ്ങൾ പാദവർഷ, വാർഷിക അടിസ്ഥാനത്തിൽ ആർആർബി-കൾ നബാർഡിന് നൽകേണ്ടതുണ്ട്. ഇതിനായുള്ള പാദവർഷ, വാർഷിക റിപ്പോർട്ടിങ് ഫോർമാറ്റുകൾ അനുബന്ധമായി നൽകിയിരിക്കുന്നു. മുൻഗണനാ മേഖലയിലെ വായ്പാ വിതരണ ടാർഗറ്റുകൾ കണക്കാക്കുകയെന്ന ഉദ്ദേശ്യത്തിനായി, വായ്പകളിൽ ബാക്കി നിൽക്കുന്ന മൊത്തം തുക, മുൻ വർഷത്തെ തത്തുല്യമായ തീയതിയിൽ എന്ന വിധമാണ് എടുക്കേണ്ടത്. (അതായത് ജൂൺ 2019 ന് അവസാനിക്കുന്ന പാദവർഷത്തിലെ പിഎസ്എൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലേയ്ക്കായി 2018 ജൂൺ 30ൽ ബാക്കി നിൽക്കുന്ന മൊത്തം തുകയാണ് പരിഗണിക്കേണ്ടത്)

16. മറ്റ് മാർഗ്ഗരേഖകൾ

ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെ പേരിൽ, അവയുടെ മൊത്തം ബാക്കി നിൽക്കുന്ന വായ്പകളിലെ 75 ശതമാനത്തിലധികം വരുന്ന മുൻഗണനാ മേഖല വായ്പകളുടെ കാര്യത്തിൽ ആർആർബികൾക്ക് ഇന്റർ ബാങ്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ (ഐബിപിസി) നൽകാവുന്നതാണ്.

17. മുൻഗണനാ മേഖല വായ്പകൾക്കായുള്ള പൊതു മാർഗ രേഖകൾ

മുൻഗണനാ മേഖലയിലെ എല്ലാ വിഭാഗങ്ങളിലും പെട്ട വായ്പകളുടെ കാര്യത്തിൽ താഴെപ്പറയുന്ന പൊതു മാർഗരേഖകൾ ആർആർബികൾ അനുവർത്തിക്കേണ്ടതാണ്.

(i) പലിശ നിരക്ക്

ബാങ്ക് വായ്പകളുടെ പലിശ നിരക്ക്, ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ബാങ്ക് റഗുലേഷൻ അതത് കാലത്ത് പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കനുസൃത മായിരിക്കും.

(ii) സർവീസ് ചാർജ്ജുകൾ

25,000 രൂപ വരെയുള്ള മുൻഗണനാ മേഖല വായ്പകൾക്ക് യാതൊരു അഡ്‌ഹോക്ക് സർവീസ് ചാർജ്ജുകളും / ഇൻസ്‌പെക്ഷൻ ചാർജ്ജുകളും ഈടാക്കാൻ പാടുള്ളതല്ല. എസ്എച്ച്ജികൾ/ജെഎൽജി കൾ എന്നിവയ്ക്കായുള്ള വായ്പകളിൽ ഈ പരിധി എസ്എച്ച്ജി/ജെഎൽജി യിലെ ഓരോ അംഗത്തിനുമുള്ള പരിധിയാണ്, മൊത്തം ഗ്രൂപ്പിനുള്ളതല്ല.

(iii) അപേക്ഷ കൈപ്പറ്റൽ, അനുവദിക്കൽ, തിരസ്‌കരിക്കൽ, വിതരണം ചെയ്യൽ രജിസ്റ്റർ

ബാങ്ക് ഒരു രജിസ്റ്റർ / ഇലക്ട്രോണിക് രേഖ സൂക്ഷിക്കുകയും, അതിൽ അപേക്ഷ ലഭിച്ച തീയതി, അപേക്ഷ അനുവദിക്കുകയോ തിരസ്‌കരിക്കുകയോ വായ്പ വിതരണം ചെയ്യുകയോ ചെയ്ത തീയതിയും, തിരസ്‌ക്കരിച്ചെങ്കിൽ അതിനുള്ള കാരണങ്ങൾ മുതലായവയും രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം. എല്ലാ പരിശോധനാ ഏജൻസികൾക്കും ഈ രജിസ്റ്റർ / ഇലക്ട്രോണിക് രേഖ ലഭ്യമാക്കേണ്ടതാണ്.

(iv) വായ്പാ അപേക്ഷകൾ ലഭിച്ചതിനുള്ള കൈപ്പറ്റ് ചീട്ട് നൽകൽ

മുൻഗണനാ മേഖല വായ്പകൾക്കായി ലഭിച്ച അപേക്ഷകൾക്ക് ബാങ്ക് കൈപ്പറ്റു ചീട്ട് നൽകേണ്ടതാണ്. അപേക്ഷകളിൽ മേൽ എടുത്ത തീരുമാനം രേഖാമൂലം അപേക്ഷകരെ അറിയിക്കുന്നതിനായുള്ള ഒരു കാലപരിധി ബാങ്കിന്റെ ബോർഡുകൾ നിശ്ചയിക്കേണ്ടതാണ്.

18. ഭേദഗതികൾ

ഈ ആജ്ഞാപനങ്ങൾ ആർബിഐ അതത് കാലത്ത് പുറപ്പെടുവിക്കുന്ന ഏതെങ്കിലും നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കും.

മുൻഗണനാ മേഖലയിൽ നൽകിയ വായ്പകൾ അംഗീകൃത ഉദ്ദേശ്യങ്ങൾക്ക് വേണ്ടിയാണെന്നത് ബാങ്കുകൾ ഉറപ്പു വരുത്തുകയും വായ്പകളുടെ അന്തിമമായ ഉപയോഗം തുടർച്ചയായി നിരീക്ഷിക്കുകയും വേണം ഇക്കാര്യത്തിൽ ബാങ്കുകൾ തക്കതായ ആഭ്യന്തര നിയന്ത്രണങ്ങളും രീതികളും നടപ്പാക്കേണ്ടതാണ്.


അനുബന്ധം

സമാഹരിച്ച സർക്കുലറുകളുടെ പട്ടിക

ക്രമ നമ്പർ സർക്കുലർ നമ്പർ തീയതി വിഷയം
1 എഫ്‌ഐഡിഡി.സിഒ.പ്ലാൻ.
ബിസി.18/04.09.01/2018-19
മെയ് 6, 2019 മുൻഗണനാ മേഖല വായ്പാ വിതരണം - ടാർഗറ്റുകളും വർഗ്ഗീകരണവും
2 എഫ്‌ഐഡിഡി.സിഒ.പ്ലാൻ.
ബിസി.18/04.09.01/2017-18
മാർച്ച് 1, 2018 മുൻഗണനാ മേഖല വായ്പാ വിതരണം - ടാർഗറ്റുകളും വർഗ്ഗീകരണവും
3 എഫ്‌ഐഡിഡി.സിഒ.പ്ലാൻ.
ബിസി.23/04.09.01/2015-16
ഏപ്രിൽ 7, 2016 മുൻഗണനാ മേഖല വായ്പാ വിതരണ സർട്ടിഫിക്കറ്റുകൾ
4 എഫ്‌ഐഡിഡി.സിഒ.പ്ലാൻ.
ബിസി.14/04.09.01/2015-16
ഡിസംബർ 3, 2015 റീജിയണൽ റൂറൽ ബാങ്കുകൾ - മുൻഗണനാ മേഖല വായ്പാ വിതരണം - ടാർഗറ്റുകളും വർഗ്ഗീകരണവും

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?