RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78510663

[പ്രാമാണിക നിർദ്ദേശം - റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (പ്രകൃതി ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ ബാങ്കുകൾ കൈക്കൊള്ളേണ്ട ആശ്വാസ നടപടികൾ) 2017 ലെ നിർദ്ദേശങ്ങൾ]

RBI/FIDD/2017-2018/55
Master Direction FIDD.CO.FSD.BC.No.8/05.10.001/2017-18

ജൂലൈ 03, 2017

എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ (സ്മാൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെ എന്നാൽ റീജിയണൽ റൂറൽ ബാങ്കുകളൊഴിച്ച്) ചെയർമാൻ / മാനേജിംഗ് ഡയറക്ടർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ.

മാഡം / സർ

[പ്രാമാണിക നിർദ്ദേശം - റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (പ്രകൃതി ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ ബാങ്കുകൾ കൈക്കൊള്ളേണ്ട ആശ്വാസ നടപടികൾ) 2017 ലെ നിർദ്ദേശങ്ങൾ]

പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിൽ ബാങ്കുകൾ കൈക്കൊള്ളേണ്ട ആശ്വാസ നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഞങ്ങളുടെ 2016 ജൂലൈ 1 ലെ FIDD No.FSD.B.2/05.10.001/2016-17 നമ്പർ പ്രാമാണികനിർദ്ദേശം നോക്കുക.

ഈ പ്രാമാണിക നിർദ്ദേശം, ഇന്നേ തീയതിവരെ, ഈ വിഷയത്തിൽ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ചതാണ്. ഈ പ്രാമാണിക നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സർക്കുലറുകളുടെ പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്.

ഇതുകിട്ടിയതായി അറിയിക്കുക.

വിശ്വാസപൂർവ്വം

(അജയകുമാർ മിശ്ര)
ചീഫ് ജനറൽ മാനേജർ


പ്രാമാണിക നിർദ്ദേശം - റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ
(പ്രകൃതി ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ ബാങ്കുകൾ കൈക്കൊള്ളേണ്ട ആശ്വാസ നടപടികൾ) 2017 ലെ നിർദ്ദേശങ്ങൾ

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, സെക്ഷൻ 21, 35A എന്നിവ നൽകിയിട്ടുള്ള അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ, അപ്രകാരം ചെയ്യേണ്ടത് പൊതുജനതാല്പര്യ പ്രകാരം ആവശ്യവും ഉചിതവുമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്നത്.

അദ്ധ്യായം I
ആമുഖം

1.1 ചുരുക്കപ്പേരും തുടക്കവും

(a) ഈ നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (പ്രകൃതി ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ ബാങ്കുകൾ കൈക്കൊള്ളേണ്ട ആശ്വാസ നടപടികൾ) 2017 എന്ന് വിളിക്കപ്പെടും.

(b) ഈ നിർദ്ദേശങ്ങൾ, അവ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന ദിവസം പ്രാബല്യത്തിൽ വരും.

1.2 ഉപയുക്തത (Applicability)

ഈ നിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ലൈസൻസിൻ കീഴിൽ പ്രവർത്തിക്കുന്ന ഓരോ ഷെഡ്യൂൾഡ് വാണിജ്യബാങ്കിനും (സ്മാൾ ഫിനാൻസ് ബാങ്കുകൾ (SFBs) ഉൾപ്പെടെ എന്നാൽ പ്രാദേശിക റൂറൽ ബാങ്കുകളൊഴികെ) ബാധകമായിരിക്കും.

അദ്ധ്യായം II
പശ്ചാത്തലം

2.1 ഇടയ്ക്കിടെ, അല്ലെങ്കിൽ പതിവായും രാജ്യത്ത് ഒരിടത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ മനുഷ്യജീവനും, വ്യാപകമായ സാമ്പത്തികയത്‌നങ്ങളുടെ ഫലനഷ്ടത്തിനും കാരണമാകുന്നു. പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാവുന്ന ഇത്തരം നാശനഷ്ടങ്ങൾ എല്ലാ വലിയ ഏജൻസികളുടേയും വലിയ തോതിലുള്ള പുനരധിവാസയത്‌നങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പ്രകൃതി ദുരന്തങ്ങൾ ബാധിച്ച ജനങ്ങളുടെ സാമ്പത്തിക പുനരധിവാസത്തിനുവേണ്ടി, കേന്ദ്ര-സംസ്ഥാന പ്രാദേശികാധികാരികൾ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. സ്മാൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെ വാണിജ്യബാങ്കുകളിൽ നിക്ഷിപ്തമായ വികസനനോന്മുഖമായ കർത്തവ്യം, പ്രകൃതിദുരന്തം ബാധിച്ച ജനങ്ങളുടെ സമ്പദ്പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾക്ക് പിൻതുണ നൽകുകയെന്നുള്ളതാണ്.

2.2 ദേശീയ ദുരന്ത നിയന്ത്രണ ഘടകമനുസരിച്ച്, ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ ആശ്വാസം നൽകാൻ രണ്ടു നിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ട് (NDRF), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ട് (SDRF). ഈ ഘടകം, ഇപ്പോൾ 12 തരം പ്രകൃതിദുരന്തങ്ങളെ അംഗീകരിച്ചിട്ടുണ്ട്. ചക്രവാതം, വരൾച്ച, ഭൂമികുലുക്കം, അഗ്നിബാധ, വെള്ളപ്പൊക്കം, സുനാമി, ചുഴലിക്കാറ്റ്, മലയിടിച്ചിൽ, ഹിമപ്രവാഹം, മേഘസ്‌ഫോടനം, വിളനാശകജീവികളുടെ ആക്രമണം, കൊടും ശൈത്യം / ഹിമപാതം തുടങ്ങിയവയാണ്, ഈ ദുരന്തങ്ങൾ. ഇപ്പറഞ്ഞ 12-ൽ വരൾച്ച. ചുഴലിക്കാറ്റ്, വിളനാശജീവികളുടെ ആക്രമണം, കൊടുംശൈത്യം / ഹിമപാതം തുടങ്ങിയ നാലെണ്ണത്തിന്, കൃഷി മന്ത്രാലയം ആണ് നോഡൽ ഏജൻസി. മിച്ചമുള്ള 8 എണ്ണത്തിന്, ഭരണപരമായ നടപടികളെടുക്കേണ്ടത് ആഭ്യന്തരവകുപ്പാണ്. പരമാധികാരസ്ഥാനത്തുള്ള കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ അപ്പപ്പോൾ, കൃഷിയിറക്കിനുവേണ്ടിയുള്ള സബ്‌സിഡികളായും സാമ്പത്തിക സഹായമായി പൊതുവേയും, പരിധി കർഷകർക്ക് സാമ്പത്തികമായും വേണ്ട ചില ആശ്വാസ നടപടികൾ കൈക്കൊള്ളുന്നുണ്ട്.

2.3 സ്മാൾ ഫിനാൻസ് ബാങ്കുകൾ (SFBs) ഉൾപ്പെടെയുള്ള വാണിജ്യബാങ്കുകളുടെ ചുമതല, നിലവിലുള്ള വായ്പകളെ പുനഃക്രമീകരണം നടത്തിയും, പുതുതായി ഉയർന്നുവരുന്ന ആവശ്യങ്ങൾക്ക് വായ്പക്കാർക്ക്, പുതിയവായ്പകൾ നൽകിയും വേണ്ട ആശ്വാസ നടപടികൾ സ്വീകരിക്കുകയെന്നതാണ്. ബാങ്കുകൾ ഏകീകൃതവും, സംഘടിതവുമായ പരിശ്രമങ്ങൾ വേഗതയോടെ നടത്തുന്നതിനുവേണ്ടി താഴെപ്പറയുന്ന നാലുഘടകങ്ങൾ കണക്കിലെടുത്തുകൊണ്ട് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

സംഘടനാ ചട്ടക്കൂട് (അദ്ധ്യായം III) ഇപ്പോഴുള്ള വായ്പകളുടെ പുനഃക്രമീകരണം (അദ്ധ്യായം IV) പുതിയ വായ്പകൾ അനുവദിക്കൽ (അദ്ധ്യായം V) മറ്റ് അനുബന്ധ ആശ്വാസ നടപടികൾ (അദ്ധ്യായം VI)

അദ്ധ്യായം III
സംഘടനാചട്ടക്കൂട്

3.1. പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നയങ്ങളും, നടപടിക്രമങ്ങളും രൂപീകരിക്കുക.

ഒരു പ്രകൃതി ദുരന്തം സംഭവിക്കുന്ന പ്രദേശം, സമയം, അതിന്റെ രൂക്ഷത എന്നിവ മുൻകൂട്ടി കാണാൻ സാധിക്കില്ല. ഇക്കാരണത്താൽ, ബാങ്കുകൾ ഇത്തരം സന്നിഗ്ദ സന്ദർഭങ്ങൾ നേരിടാൻ വേണ്ട നടപടികളുടെ ഒരു രേഖാരൂപത്തിന് ഡയറക്ടർ ബോർഡിന്റെ അനുവാദം വാങ്ങിവയ്ക്കണം. സമയനഷ്ടമില്ലാതെ തന്നെ ആവശ്യമായ ആശ്വാസവും, സഹായങ്ങളും എത്രയും വേഗത്തിൽ എത്തിക്കാൻ ഇതുസഹായിക്കും. കൂടാതെ, ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ / സ്മാൾ ഫിനാൻസ് ബാങ്കുകൾ എന്നീ ബാങ്കുകളുടെ ഡിവിഷണൽ / സോണൽ ആഫീസുകൾക്കും ശാഖകൾക്കും ഈ സ്ഥിരം നിർദ്ദേശങ്ങൾ പരിചിതമായിരിക്കണം. ഈ സ്ഥിരംനിർദ്ദേശങ്ങൾ, ജില്ലാ / സംസ്ഥാന അധികാരികൾ ആവശ്യമായ പ്രഖ്യാപനം നടത്തി കഴിഞ്ഞാലുടൻ തന്നെ നടപ്പിൽവരും. ഈ നിർദ്ദേശങ്ങൾ സംസ്ഥാനസർക്കാരുകൾക്കും എല്ലാ ജില്ലാ കളക്ടർമാർക്കും എത്തിച്ചുകൊടുക്കേണ്ടത്, അവർക്ക് ഇവയെപ്പറ്റി അവബോധമുണ്ടാക്കാനും, ദുരിതബാധിത പ്രദേശങ്ങളിൽ അതാത് അധികാരികൾ എടുക്കേണ്ട നടപടികളെപ്പറ്റി അറിവുണ്ടാക്കാനും അത്യാവശ്യമാണ്.

3.2. ബാങ്കുകളുടെ ഡിവിഷണൽ മാനേജർ / സോണൽ മാനേജർ എന്നിവർക്കുള്ള വിവേചനാധികാരങ്ങൾ.

ജില്ലാ കൺസൽറ്റേറ്റീവ് സമിതി, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി എന്നിവ തീരുമാനിക്കുന്ന നടപടിക്രമങ്ങൾ നടപ്പിലാക്കാൻ വാണിജ്യ / എസ് എഫ് ബാങ്കുകളുടെ ഡിവിഷണൽ / സോണൽ മാനേജറന്മാർക്ക് വേണ്ടത്ര വിവേചനാധികാരമുണ്ടായിരിക്കണം. കേന്ദ്ര ഓഫീസിൽ നിന്നും പുതിയ അംഗീകാരം വാങ്ങുന്നത് ഒഴിവാക്കാനാണിത്. വായ്പത്തോതു നിശ്ചയിക്കുക, വായ്പാകാലാവധി നീട്ടികൊടുക്കുക, മാർജിൻ, സെക്യൂരിറ്റി, വായ്പാക്കാരന്റെ പഴയ വായ്പയുടെ ആസ്തികൾ പ്രകൃതിദുരന്തത്തിൽ കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന അവസരത്തിൽ മൊത്തം ബാദ്ധ്യത കണക്കിലെടുത്തുകൊണ്ട് അതു നന്നാക്കാനോ പുതിയത് വാങ്ങാനോവേണ്ടി പുതിയ ഒരു വായ്പ അനുവദിക്കുക, എന്നീ ചില മേഖലകളിലാണ്, ഈ വിവേചനാധികാരം നിർണ്ണായകമാകുന്നത്.

3.3 സംസ്ഥാനതല ബാങ്കേഴ്‌സ് സമതി (SLBC) / ജില്ലാ കൺസൽറ്റേറ്റീവ് സമിതി (DCC) എന്നിവയുടെ യോഗങ്ങൾ

3.3.1 ഒരു സംസ്ഥാനത്തിന്റെ വലിയൊരു ഭാഗം പ്രകൃതി ദുരന്തബാധിതമാവുമ്പോൾ, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കൺവീനർ, ഉടനെ തന്നെ ഒരു യോഗം വിളിച്ചുകൂട്ടണം. സമിതി, സംസ്ഥാന സർക്കാരുമായി യോജിച്ച് ഒരു ഏകോപിത ആശ്വാസ പരിപാടി ആവിഷ്‌കരിക്കേണ്ടതാണ്. ദുരന്തം സംസ്ഥാനത്തിന്റെ ചെറിയ ഒരു ഭാഗത്തേയോ, ഏതാനും ജില്ലകളെയോ മാത്രമേ ബാധിച്ചിട്ടുള്ളൂവെങ്കിൽ, ദുരിതബാധ ജില്ലകളിലെ ജില്ലാതല കൺസൾട്ടേട്ടീവ് സമിതി കൺവീനർ ഉടൻ തന്നെ ഒരു യോഗം വിളിച്ചു കൂട്ടണം. SLBC / DCC യുടെ ആ പ്രത്യേക യോഗത്തിൽ, ബാധിതപ്രദേശങ്ങളെ സംബന്ധിച്ച് ഒരു വിലയിരുത്തൽ നടത്തുകയും, അനുയോജ്യമായ ആശ്വാസ നടപടികൾ ആവിഷ്‌കരിക്കുകയും അവ നടപ്പിലാക്കുകയും വേണം.

3.3.2 ദുരന്തം രൂക്ഷമായ മേഖലകളിൽ, നടപ്പിലാക്കിയ നടപടികൾ, പ്രത്യേകം രൂപീകരിച്ച ടാസ്‌ക്‌ഫോർസ് / ഉപസമിതി പ്രതിവാരം അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ, SLBC / DCC തീരുമാനിക്കുംവിധം അവലോകനം ചെയ്യേണ്ടതാണ്.

3.4.1 പ്രകൃതി ദുരന്ത പ്രഖ്യാപനം.

പ്രകൃതി ദുരന്തത്തെ അപ്രകാരം പ്രഖ്യാപനം ചെയ്യുന്നത് പരമാധികാര (കേന്ദ്ര / സംസ്ഥാന ഗവൺമെന്റുകൾ) കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നതാണ്. സംസ്ഥാന ഗവൺമെന്റുകളിൽ നിന്നുമുള്ള വിവരങ്ങൾ കാണിക്കുന്നത്, പ്രകൃതിദുരന്ത പ്രഖ്യാപനം നടത്തുന്നതിനും, സർട്ടിഫിക്കറ്റുകൾ പുറപ്പെടുവിക്കുന്നതിനും ഐകരൂപ്യമുള്ള നടപടികളല്ല സ്വീകരിക്കുന്നത് എന്നാണ്. ഈ പ്രഖ്യാപനങ്ങളെ / സർട്ടിഫിക്കറ്റുകൾ, അന്നേവരി, പൈസേവരി, ഗിർദാവരി എന്നിങ്ങിനെ പല പേരുകളിലാണ് വിവിധ സംസ്ഥാനങ്ങളിൽ അറിയപ്പെടുന്നത്. ഇതൊക്കെയായാലും, ബാങ്കുകൾ നൽകുന്ന, വായ്പകളുടെ കാലാവധി, പുനക്രമീകരിച്ചു നൽകുന്നതുൾപ്പെടെയുള്ള ആശ്വാസ നടപടികൾ കൈക്കൊള്ളുന്നത് 33 ശതമാനമോ അതിലധികമോ വിളനഷ്ടമുണ്ടാകുന്ന സന്ദർഭത്തിലാണ്. വിളനഷ്ടം തിട്ടപ്പെടുത്തുന്നതിന് ചില സംസ്ഥാനങ്ങൾ വിളവെടുപ്പ് പരീക്ഷണങ്ങൾ നടത്തുമ്പോൾ മറ്റു ചിലവ നോട്ടത്തിലുടേയുള്ള മതിപ്പിലൂടെയോ, കാഴ്ചയിൽ നിന്നുകിട്ടുന്ന ധാരണയിലൂടെയോ ആണ് നഷ്ടം കണക്കാക്കുന്നത്.

3.4.2 വിപുലമായ രീതിയിൽ വെള്ളപ്പൊക്കം പോലെയുള്ള വളരെ കടുത്ത സന്ദർഭങ്ങളിൽ, വിളനാശം ഉണ്ടാവുകയോ, ഭൂമിയ്ക്കും മറ്റ് ആസ്തികൾക്കും വളരെയധികം നാശമുണ്ടായതായി വ്യക്തമാവുമ്പോഴോ, സംസ്ഥാന ഗവൺമെന്റോ, ജില്ലാ ഭരണാധികരികളോ വിശേഷാൽ വിളിച്ചുകൂട്ടുന്ന എസ്എൽബിസി / ഡിസിസി യോഗങ്ങളിൽ പ്രശ്‌നം ചർച്ചചെയ്യാവുന്നതാണ്. ഈ യോഗങ്ങളിൽ ഗവൺമെന്റ് ഉദ്യോഗസ്ഥനോ ജില്ലാകളക്ടറോ വിളവെടുപ്പ് പരീക്ഷണങ്ങൾ ഒഴിവാക്കി അന്നേവാരി (വിളനഷ്ടം ശതമാനകണക്കിൽ - അല്ലെങ്കിൽ മറ്റേതു പേരിലറിയപ്പെടുന്നുവോ അത്) കണക്കാക്കത്തതിന്റെയും കാഴ്ചയുടെ അല്ലെങ്കിൽ നോട്ടത്തിൽ ലഭിച്ച ധാരണയുടെയോ അടിസ്ഥാനത്തിൽ ദുരിതബാധിതർക്ക് ആശ്വാസം ലഭ്യമാക്കേണ്ടിവന്നതിന്റേയും കാരണങ്ങൾ വിശദീകരിക്കുകയും ചെയ്യണം.

3.4.3. എന്നിരുന്നാലും, ഈ രണ്ടവസരങ്ങളിലും, ഡിസിസികളും, എസ്എൽബിസിയും, ഈ പ്രഖ്യാപനങ്ങളിന്മേൽ നടപടികൾ സ്വീകരിക്കുന്നതിനുമുമ്പ്, 33 ശതമാനമോ അതിലധികമോ വിളനാശമുണ്ടായിട്ടുണ്ട് എന്ന് സ്വയം ബോദ്ധ്യപ്പെടേണ്ടതുണ്ട്.

അദ്ധ്യായം IV
നിലവിലുള്ള വായ്പകളുടെ പുനഃസംഘടന.

പ്രകൃതി ദുരന്തമുണ്ടാവുന്ന അവസരത്തിൽ, സാമ്പത്തികാസ്തികളുടെ നഷ്ടം മൂലമോ, സാമ്പത്തിക പ്രവർത്തനങ്ങൾ തടസ്സം നേരിടുന്നതു കാരണമോ വായ്പതിരിച്ചടയ്ക്കാനുള്ള കഴിവിനെ അത് കാര്യമായി ബാധിക്കുന്നു. അതിനാൽ തിരിച്ചടവിന് ഒരാശ്വാസമായി നിലവിലുള്ള വായ്പയുടെ പുനഃസംഘടന ആവശ്യമായിവരുന്നു.

4.1 കൃഷി വായ്പകൾ: ഹ്രസ്വകാല ഉല്പാദന വായ്പ (വിളവായ്പകൾ)

4.1.1. പ്രകൃതി ദുരന്തം നടക്കുന്ന സമയത്ത് കാലാവധി കഴിഞ്ഞവയൊഴികെയുള്ള എല്ലാ ഹ്രസ്വകാല വായ്പകളും പുനഃസംഘടനയ്ക്ക് യോഗ്യതയുള്ളവയാണ്. അത്തരം വായ്പയുടെ മുതലും, ദുരന്തം സംഭവിച്ച വർഷത്തിൽ അടയ്‌ക്കേണ്ടതായ പലിശയും ദീർഘകാല വായ്പയായി മാറ്റാവുന്നതാണ്.

4.1.2. അങ്ങിനെ പുനഃസംഘടിപ്പിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി, ദുരന്തത്തിന്റെ തീവ്രത, സാമ്പാത്തികാസ്തികളിന്മേൽ ദുരന്തമുണ്ടാക്കിയ ആഘാതവും, അതുകാരണമുണ്ടായ ദുരിതങ്ങൾ എന്നിവയെയും അടിസ്ഥാനമാക്കിയായിരിക്കണം. നഷ്ടം 33 ശതമാനത്തിനും 55 ശതമാനത്തിനും ഇടയ്ക്കായിരുന്നാൽ, ഏറ്റവും കൂടിയ തിരിച്ചടവ് കാലാവധി രണ്ടുവർഷമായി (ഒരു വർഷം തിരിച്ചടവില്ലാതെ) അനുവദിക്കണം. വിളനഷ്ടം 50 ശതമാനമോ അതിനുമുകളിലോ ആയാൽ, തിരിച്ചടവ് കാലാവധി (ഒരു വർഷം തിരിച്ചടവില്ലാതെ) അഞ്ചുവർഷമായി നീട്ടികൊടുക്കാം.

4.1.3. പുനഃസംഘടിപ്പിക്കപ്പെട്ട എല്ലാ വായ്പാ അക്കൗണ്ടുകൾക്കും ഒരു കൊല്ലം തിരിച്ചടവ് ഒഴിവാക്കികൊടുക്കുന്ന കാര്യം പരിഗണിക്കണം. അപ്രകാരം പുനഃസംഘടിപ്പിക്കപ്പെടുന്ന വായ്പകൾക്ക് കൂടുതൽ സമാന്തര സെക്യൂരിറ്റികൾ നിർബന്ധിതമാക്കരുത്.

4.2 ദീർഘകാല കൃഷിവായ്പകൾ: (നിക്ഷേപ സ്വഭാവത്തിലുള്ളവ)

4.2.1 പ്രകൃതി ദുരന്തത്തിന്റെ സ്വഭാവം (താഴെപ്പറയുന്ന സന്ദർഭങ്ങൾ ശ്രദ്ധിക്കുക), കർഷകന്റെ വായ്പ തിരിച്ചടവിനുള്ള കഴിവ് എന്നിവ അടിസ്ഥാനപ്പെടുത്തി നിലവിലുള്ള ദീർഘകാല വായ്പകളുടെ തവണകൾ പുനഃക്രമീകരിക്കണം.

4.2.1.1 അക്കൊല്ലത്തെ വിള മാത്രം നഷ്ടപ്പെടുകയും, ഉല്പാദനപരമായ മറ്റ് ആസതികൾക്ക് നാശമുണ്ടാവാതിരിക്കുയും ചെയ്യുക.

4.2.1.2 ഉല്പാദനപരമായ ആസ്തികൾ മുഴുവനായോ, ഭാഗികമായോ നശിച്ചുപോവുകയും, വായ്പാക്കാരന് പുതിയ ഒരു വായ്പതന്നെ ആവശ്യമായിവരുന്ന സന്ദർഭം.

4.2.1.3 മുകളിൽ പറഞ്ഞ 4.2.1.1 വിഭാഗത്തിൽപെട്ട പ്രകൃതി ദുരന്തത്തെ സംബന്ധിച്ച്, ദുരന്തവർഷത്തിൽ തവണകളുടെ തിരിച്ചടവ്, ബാങ്കുകൾ ഒരു വർഷത്തേയ്ക്ക് നീട്ടി കൊടുക്കണം. ഈ വ്യവസ്ഥയിൻകീഴിൽ, മനഃപൂർവ്വം കുടിശ്ശിക വരുത്തിയ മുൻകൊല്ലങ്ങളിലെ തവണകൾ പുനഃ ക്രമീകരണത്തിന് യോഗ്യമല്ല. ബാങ്കുകൾ വായ്പക്കാരന്റെ പലിശ തിരിച്ചടവും നീട്ടിവയ്‌ക്കേണ്ടിരും.

4.2.1.4 4.2.1.2 വിഭാഗത്തിൽപ്പെട്ടവയെ സംബന്ധിച്ച്, വിളകൾ പൂർണ്ണമായോ, ഭാഗികമായോ ചേതം വന്നുപോയ സന്ദർഭത്തിൽ വായ്പാകാലം, തവണകൾ പുനഃ ക്രമീകരിക്കുന്നതിലൂടെ, നീട്ടികൊടുക്കുന്നത് വായ്പാക്കാരന്റെ തിരിച്ചടവിനുമൊത്തത്തിലുള്ള കഴിവ്, ആകെയുള്ള ബാദ്ധ്യത (പഴയ ദീർഘകാല വായ്പ പുനഃ സംഘടിപ്പിക്കപ്പെട്ട വിളവായ്പ, പുതിയ വിളവായ്പ / ദീർഘകാല വായ്പ വഴിയുണ്ടാവുന്നവ). കുറയ്ക്കാവുന്ന ഗവൺമെന്റ് ഏജൻസികളിൽ നിന്നും ലഭിക്കുന്ന സബ്‌സിഡി, ഇൻഷ്വറൻസ് പദ്ധതികളിലൂടെ ലഭിക്കുന്ന നഷ്ടപരിഹാരം എന്നിവയെല്ലാം പരിഗണിച്ചുവേണം നിർണ്ണയിക്കേണ്ടത്. ഓരോ കേസിന്റെയും സ്വഭാവമനുസരിച്ച് ആകെയുള്ള തിരിച്ചടവ് കാലാവധിയ്ക്ക് വ്യത്യാസം വരുമെങ്കിലും, സാധാരണയായി അഞ്ചുവർഷത്തിലധികമാവാൻ പാടില്ല.

4.3. മറ്റ് വായ്പകൾ.

4.3.1 ദുരന്തത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിൽ, മുകളിൽ കാണിച്ചിരിക്കുന്ന കാർഷിക വായ്പകളല്ലാതെ അനുബന്ധപ്രവർത്തനങ്ങൾ നടത്തുന്നവർ, കരകൗശലത്തൊഴിലാളികൾ, കച്ചവടക്കാർ, ചെറിയ വ്യവസായസ്ഥാപനങ്ങൾ (മൈക്രോ യൂണിറ്റുകൾ ഉൾപ്പെടെ), സാഹചര്യങ്ങൾ വളരെ കടുത്തതാവുമ്പോൾ ഇടത്തരം സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകിയ വായ്പകളും പൊതുവായ പുനഃക്രമീകരണത്തിനുവിധേയമാക്കണോ എന്ന കാര്യത്തിൽ എസ്എൽബിസി / ഡിസിസി എന്നിവയാണ് ഒരു വീക്ഷണം കൈക്കൊള്ളേണ്ടത്. ഇപ്രകാരം ഒരു തീരുമാനമെടുക്കുമ്പോൾ, നിശ്ചിതകാലയളവിലേക്ക് തിരിച്ചടവ് നീട്ടിനൽകുന്നതിനാൽ, ഓരോ കേസിലും അക്കൗണ്ടിന്റെ സ്വഭാവവും അവരവരുടെ ആവശ്യങ്ങളും, തിരിച്ചടവിനുള്ള കഴിവും, പുതിയ വായ്പവേണ്ടിവരുന്നുണ്ടോ എന്നതൊക്കെ കണക്കിലെടുത്തുകൊണ്ട് ഓരോ ബാങ്കും യുക്തമായ തീരുമാനം എടുക്കണം.

4.3.2 ഏതു യൂണിറ്റിനും, അതിന്റെ പുനഃക്രമീകരണത്തിനു വായ്പ നൽകുന്നതിന് മുമ്പ്, അപ്രകാരം ചെയ്തു കഴിഞ്ഞാൽ ആ സംരംഭം ലാഭകരമായി പ്രവർത്തിക്കുമോ എന്നുള്ളതായിരിക്കണം ബാങ്കുകളുടെ പ്രഥമപരിഗണന.

4.4 ആസ്തിവർഗ്ഗീകരണം (Asset classification)

പുനഃക്രമീകരണം നടത്തികഴിയുമ്പോൾ അത്തരം വായ്പകളുടെ ആസ്തിവർഗ്ഗീകരണം താഴെപ്പറയും വിധമായിരിക്കും.

4.4.1 ഹ്രസ്വകാല ദീർഘകാല വായ്പകളുടെ പുനഃക്രമീകരിച്ച ഭാഗത്തെ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കേണ്ടതില്ല; നിലവിൽകിട്ടേണ്ട തുകയായി കണക്കാക്കിയാൽ മതി. (current dues) അതിനുശേഷം, ഈ ദീർഘകാല വായ്പകളുടെ ആസ്തിവർഗ്ഗീകരണം പുതുക്കിയ വ്യവസ്ഥകളനുസരിച്ച് നിയന്ത്രിക്കപ്പെടും. അങ്ങിനെയാണെങ്കിലും, ഇത്തരം പുനഃ സംഘടിപ്പിക്കപ്പെട്ട അക്കൗണ്ടുകൾക്ക് ബാങ്കിംഗ് റഗുലേഷൻ1 വകുപ്പ് അപ്പപ്പോൾ നിർദ്ദേശിക്കുംവിധം കൂടുതൽ തുക വകയിരുത്തേണ്ടത് ആവശ്യമാകും.

4.4.2 പുനഃസംഘടിപ്പിക്കപ്പെട്ട ഭാഗത്തിന്റേതല്ലാതെ, ബാക്കിവരുന്ന തുകയുടെ ആസ്തിവർഗ്ഗീകരണം, ആദ്യമുണ്ടായിരുന്ന വ്യവസ്ഥകൾക്ക് വിധേയമായിതുടരും. ഇതിന്റെ ഫലമായി, വായ്പനൽകുന്നബാങ്കിന്, വായ്പാകാരനിൽ നിന്നുകിട്ടേണ്ടുന്ന തുക വ്യത്യസ്ഥവിഭാഗങ്ങളിൽ വർഗ്ഗീകരിക്കേണ്ടിവരും.

ഉദാ. സ്റ്റാന്റേഡ്, സബ്സ്റ്റാൻഡേർഡ്, സംശയകരം, നഷ്ട ആസ്തി എന്നിങ്ങനെ.

4.4.3 അധികമായി നൽകിയ വായ്പ സ്റ്റാന്റേർഡ് ആസ്തിയായി കണക്കാക്കപ്പെടുകയും, ഭാവിയിൽ അതിന്റെ ആസ്തി വർഗ്ഗീകരണം വായ്പ അനുവദിച്ചപ്പോഴുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്ക് വിധേയവുമായിരിക്കും.

4.4.4 ദുരിത ബാധിതർക്ക് ആശ്വാസം നൽകുന്ന കാര്യത്തിൽ ബാങ്കുകൾ മുൻകൈ എടുക്കുന്നു എന്ന ലക്ഷ്യം ഉറപ്പുവരുത്താനായി, വായ്പകളുടെ പുനഃസംഘടന, ദുരന്തം സംഭവിച്ച് മൂന്നുമാസത്തിനകം പൂർത്തിയാക്കിയാൽ മാത്രമേ, അപ്രകാരം പുനഃ സംഘടിപ്പിക്കപ്പെട്ട അക്കൗണ്ടിന് ആസ്തിവർഗ്ഗീകരണത്തിന്റെ ഗുണം ലഭിക്കൂ. അതികഠിനമായ ദുരന്താവസ്ഥയിൽ എസ്എൽബിസി / ഡിസിസി, ബാധിതമായ വായ്പകളെല്ലാം പുനഃസംഘടിപ്പിക്കുന്നതിന് ഈ കാലയളവ് പോരാതെവരുമെന്ന് കരുതുന്നുവെങ്കിൽ അതുടൻതന്നെ ആർബിഐയുടെ അതാത് മേഖലാ ഓഫീസിനെ സമീപിച്ച് കാലയളവ് ദീർഘിപ്പിക്കുന്നതിന് ആവശ്യപ്പെടേണ്ടതാണ്.

4.4.5 ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്ന സന്ദർഭങ്ങളിൽ രണ്ടാം തവണ പുനഃസംഘടിപ്പിക്കുമ്പോൾ അതേ ആസ്തി വർഗ്ഗീകരണ വിഭാഗത്തിൽ തന്നെ തുടരും. അങ്ങിനെ പുനഃ സംഘടിപ്പിക്കപ്പെട്ട ഒരു സ്റ്റാർഡേർഡ് ആസ്തി അക്കൗണ്ട്, പ്രകൃതി ദുരന്തം മൂലം രണ്ടാമതും പുനഃസംഘടിപ്പിക്കേണ്ടിവന്നാൽ അത് രണ്ടാമത്തെ പുനഃസംഘടനയെന്ന് കരുതപ്പെടില്ല. അതായത്, അതിന്, സ്റ്റാൻഡേർഡ് ആസ്തിയെന്ന വർഗ്ഗീകരണം തുടർന്നും ലഭിക്കും. എന്നിരുന്നാലും പുനഃസംഘടനയുടെ എല്ലാ മാനദണ്ഡങ്ങളും അതിന് ബാധകമായിരിക്കും.

4.5 ഇൻഷ്വറൻസ് തുകയുടെ വിനിയോഗം.

4.5.1 വായ്പകളുടെ പുനഃസംഘടനയുടെ, മുകളിൽ പറഞ്ഞിട്ടുള്ള നടപടികൾ കർഷകർക്ക് ആശ്വാസം നൽകാനുദ്ദേശിക്കുമ്പോൾ, ഇൻഷ്വറൻസ് തുകകൾ മാതൃകാപരമായി അവരുടെ നഷ്ടങ്ങൾ നികത്താൻ ലഭ്യമാക്കണം. കൃഷി, സഹകരണ, കർഷകക്ഷേമ വിഭാഗം പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം, ഇപ്പോൾ നിലവിലുള്ള നാഷണൽ അഗ്രികൾച്ചറൽ ഇൻഷുറൻസ് പദ്ധതി (NAIS) പരിഷ്‌കരിച്ച നാഷണൽ ഇൻഷുറൻസ് പദ്ധതി (MNAIS) എന്നിവയ്ക്ക് പകരം 2016 ഖാരിഫ് കാലം തുടങ്ങി, പ്രധാൻമന്ത്രി ഫാസൽ ബീമായോജന (PMBY) നടപ്പിൽവന്നു. ഈ പദ്ധതിയനുസരിച്ച് കൃഷിവായ്പകൾക്ക്, വിളചക്രത്തിലെ ഏതു ഘട്ടത്തിലും, ചില പ്രത്യേകസന്ദർഭങ്ങളിൽ വിളവെടുപ്പിനുശേഷമുണ്ടാവുന്ന നഷ്ടങ്ങൾക്കും ഉൾപ്പെടെ ഈ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ഇതിനുവേണ്ടി ബാങ്കുകൾ കർഷകരുടെ വിവരങ്ങൾ, വിളഇൻഷുറൻസിനു വേണ്ടിയുള്ള യൂണിഫൈഡ് പോർട്ടലിൽ (ഇത് www.agri-insurance.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്.), ചേർക്കണം. ഇത് വിള ഇൻഷ്വറൻസ് ലഭ്യത, കിട്ടിയ പ്രിമീയം തുടങ്ങിയ കാര്യങ്ങൾ കണക്കാക്കാൻ എളുപ്പമാവും.

4.5.2 പ്രകൃതി ദുരന്തം നേരിട്ട പ്രദേശങ്ങളിലെ വായ്പകൾ പുനഃസംഘടിപ്പിക്കുമ്പോൾ, ബാങ്കുകൾ ഇൻഷ്വറൻസ് കമ്പനികളിൽ നിന്നും കിട്ടാൻ സാദ്ധ്യതയുള്ള തുകകളും കൂടികണക്കിലെടുക്കണം. വായ്പാക്കാരന് പുതിയ വായ്പ അനുവദിച്ചിട്ടുണ്ടെങ്കിൽ, ബാങ്കുകൾ കിട്ടുന്ന ഇൻഷ്വറൻസ് തുകകൾ, പുനഃസംഘടിപ്പിക്കപ്പെട്ട അക്കൗണ്ടുകളിൽ വരവുവയ്ക്കണം. എന്നാൽ ബാങ്കുകൾ സഹതാപമനോഭാവത്തോടു കൂടി പ്രവർത്തിക്കണം; കിട്ടുമെന്നുറപ്പുള്ള കേസുകളിൽ ഇൻഷ്വറൻസ് തുക കിട്ടുന്നത് കാത്തിരിക്കാതെ തന്നെ പുനഃസംഘടനയും പുതിയ വായ്പകൾ അനുവദിക്കുന്ന കാര്യവും പരിഗണിക്കണം.

അദ്ധ്യായം V
പുതിയ വായ്പകൾ

5.1 പുതിയ വായ്പകൾ

5.1.1 SLBC / DCC വായ്പകൾ പുനസംഘടിപ്പിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ, ഹ്രസ്വകാല വായ്പകൾ മാറ്റുന്നതിനു മുമ്പ്, ഇപ്പോൾ നിലവിലുള്ള നിർദ്ദേശങ്ങൾ പ്രകാരം2, വിള, കൃഷി ഭൂമിയുടെ വിസ്തൃതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വായ്പാത്തോത് അനുസരിച്ച് പുതിയ വിളവായ്പകൾ ദുരിതബാധിതരായ കർഷകർക്കുനൽകാം.

5.1.2 കൃഷിയ്ക്കും, അനുബന്ധപ്രവർത്തനങ്ങൾക്കും (കോഴിവളർത്തൽ, മത്സ്യകൃഷി, മൃഗസംരക്ഷണം തുടങ്ങിയവ), സാമ്പത്തിക ആസ്തികളുടെ കേടുതീർക്കൽ, പുതിയ ആസ്തികൾ കൈവരിക്കൽ തുടങ്ങി മറ്റനവധി ആവശ്യങ്ങൾക്കും ദീർഘകാല വായ്പകൾക്ക് ബാങ്കുകളുടെ സഹായം ആവശ്യമായിവരും. അതുപോലെ ദുരിതബാധിത ഗ്രാമങ്ങളിലെ കരകൗശല പണിക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, ചെറുതും ഇടത്തരവും വിഭാഗത്തിൽ പെട്ട വ്യവസായ യൂണിറ്റുകൾ തുടങ്ങിയവയ്ക്കും, അവരുടെ ജീവിതവൃത്തി നിലനിർത്താൻ പുതിയ ബാങ്ക് വായ്പകൾ വേണ്ടിവരും. മറ്റ് കാര്യങ്ങൾക്കു പുറമെ, ദുരിത ബാധിതരുടെ വായ്പാവശ്യങ്ങളും,

വായ്പകൾ അനുവദിക്കാനുള്ള ഉചിതമായ നടപടികളും പരിഗണനയിലെടുത്തുകൊണ്ട്, ബാങ്കുകൾ അവരുടെ ആവശ്യങ്ങൾ കണക്കാക്കുകയും വായ്പയുടെ തുക നിർണ്ണയിക്കുകയും ചെയ്യണം.

5.1.3 നിലവിലെ വായ്പക്കാർക്ക് 10,000 രൂപ വരെ നിത്യോപയോഗങ്ങൾക്കുള്ള ഒരു വായ്പാ, സമാന്തര ജാമ്യമൊന്നുമില്ലാതെ അനുവദിക്കണം. ബാങ്കിന്റെ വിവേചനാധികാരമുപയോഗിച്ച് ഈ വായ്പാപരിധി, 10,000/- നു മുകളിലേക്കും വർദ്ധിപ്പിക്കാം.

5.2 നിബന്ധനകളും വ്യവസ്ഥകളും

5.2.1 ജാമ്യം, സെക്യൂരിറ്റി, മാർജിൻ

5.2.1.1 വ്യക്തിജാമ്യമില്ല എന്ന കാരണത്താൽ വായ്പ നിക്ഷേധിക്കരുത്. നിലവിലെ സെക്യൂരിറ്റി, വെള്ളപ്പൊക്കം മൂലം കേടുവരുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ, കൂടുതൽ പുതിയ സെക്യൂരിറ്റി തരുന്നില്ല എന്ന കാരണത്താൽ മാത്രം സഹായം നിക്ഷേധിക്കാൻ പാടില്ല. നിലവിലുള്ളതും, പുതിയ വായ്പ ഉപയോഗിച്ച് കൈക്കൊള്ളുന്നതുമായ സെക്യൂരിറ്റിയുടെ മൂല്യം വായ്പത്തുകയെക്കാൾ കുറവായിരുന്നാലും, വായ്പ അനുവദിക്കാം. പുതിയ വായ്പകൾ നൽകുന്ന കാര്യത്തിൽ ഉദാരമായ ഒരു സമീപനം സ്വീകരിക്കണം.

5.2.1.2 വിളവായ്പ (പിന്നീട് ദീർഘകാലാവായ്പയായി മാറ്റിയ) മുമ്പ് വ്യക്തിജാമ്യത്തിലോ, വിളപണയമായി സ്വീകരിച്ചോ ആണ് അനുവദിക്കപ്പെട്ടെതെങ്കിലും, മാറ്റിയെടുക്കുന്ന വായ്പയ്ക്ക് വായ്പക്കാരന് ഭൂമി പണയമായോ അതിൽ ബാദ്ധ്യത രേഖപ്പെടുത്തിയോ നൽകാൻ കഴിയാതെ വരുമ്പോഴും, ഭൂമിപണയമായി നൽകാൻ കഴിയുന്നില്ല എന്ന അടിസ്ഥാനത്തിൽ മാത്രം, വായ്പമാറ്റിയെടുക്കുന്നത് നിഷേധിക്കാൻ പാടില്ല. വായ്പക്കാരൻ ഒരു ദീർഘകാല വായ്പ ഭൂമിപണയപ്പെടുത്തിയോ, അതിൽ ബാദ്ധ്യത രേഖപ്പെടുത്തിയോ, എടുത്തിട്ടുണ്ടെങ്കിൽ, പുതിയ ദീർഘകാല വായ്പയ്ക്ക്, ഒരു രണ്ടാം ബാദ്ധ്യത (Second charge) ആയി ബാങ്ക് സ്വീകരിച്ച് തൃപ്തിപ്പെടണം. മൂന്നാമതൊരാളിന്റെ ആൾജാമ്യം വായ്പ ഇപ്രകാരം മാറ്റിയെടുക്കുന്നതിന് നിർബന്ധിക്കാൻ പാടില്ല.

5.2.1.3 അസ്സൽ ഭൂരേഖകളില്ലാതെ ഭൂമിപണയമായി സ്വീകരിക്കുമ്പോൾ, പ്രമാണങ്ങൽ, രജിസ്റ്റർചെയ്ത പങ്ക് കൃഷിക്കാരുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നി രേഖകൾ നഷ്ടപ്പെട്ടതായി റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കണം.

5.3 പലിശ നിരക്ക്

പലിശ നിരക്കുകൾ റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും. ബാങ്കുകളുടെ വിവേചനാധികാരങ്ങൾക്കുള്ളിൽ, ദുരിതബാധിതരായ ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സഹാതാപകരമായ സമീപനം സ്വീകരിക്കുമെന്നും, ഇളവുകളനുവദിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നിലവിലുള്ള അക്കൗണ്ടുകളിലെ മുടങ്ങിപ്പോയതവണകൾക്ക് പിഴപ്പലിശ ഈടാക്കുന്നത് ഒഴിവാക്കണം. കൂട്ടുപലിശ ഈടാക്കുന്നകാര്യം മാറ്റിവയ്ക്കുന്നത് വേണ്ടരീതിയിൽ പരിഗണിക്കണം. പുനസംഘടിപ്പിക്കപ്പെട്ടതും, തവണകൾ ക്രമീകരിച്ചതുമായ വായ്പാ അക്കൗണ്ടുകളിൽ പിഴപ്പലിശ ചുമത്തരുത്. അപ്രകാരം ചുമത്തിയിട്ടുണ്ടെങ്കിൽ അത് ഈടാക്കുന്നത് മാറ്റിവയ്ക്കുന്നകാര്യം പരിഗണിക്കണം. പലിശയിളവിന്റെ കാര്യത്തിൽ ബാങ്കുകൾ ആശ്വാസം നൽകുന്നത് ഏകീകൃതമായ രൂപത്തിലാകാൻ വേണ്ടി, പ്രകൃതിക്ഷോഭത്തിന്റെ സ്വഭാവവും ഉഗ്രതയും അടിസ്ഥാനപ്പെടുത്തി, എസ്എൽബിസി / ഡിസിസി ഒരു സമീപനം സ്വീകരിക്കേണ്ടതാണ്.

അദ്ധ്യായം VI
മറ്റ് അനുബന്ധ നടപടികൾ

6.1 'നിങ്ങളുടെ കസ്റ്റമറെ അറിയുക' (KYC) നിബന്ധനകളിലെ ഇളവുകൾ

ഒരു വലിയ പ്രകൃതി ദുരന്തത്തെ നേരിട്ട് സ്ഥലം മാറേണ്ടിവന്നവർക്കും, പ്രതികൂലാനുഭവങ്ങൾ നേരിട്ടവർക്കും അവരുടെ വ്യക്തിപരമായ രേഖകളും, തിരിച്ചറിയൽ രേഖകളും കൈവശമുണ്ടാവില്ല എന്ന കാര്യം കണക്കിലെടുക്കേണ്ടതുണ്ട്. അങ്ങിനെയുള്ളവരെ, അവരുടെ ഫോട്ടോയും, ഒപ്പോ അല്ലെങ്കിൽ വിരലടയാളമോ, ബാങ്കുദ്യോഗസ്ഥന്റെ മുമ്പിൽവച്ചെടുത്തശേഷം, ഒരു ലഘു അക്കൗണ്ട് (Small account) തുടങ്ങാൻ അനുവദിക്കണം. ഈ നിർദ്ദേശം 50000 രൂപയിൽ കൂടുതൽ നീക്കിയിരുപ്പല്ലാത്ത അക്കൗണ്ടുകൾക്കും, ദുരിതാശ്വാസം അനുവദിച്ചതുൾ (ഇതിൽ കൂടുതലായാലും) പ്പെടെ ഒരു ലക്ഷം രൂപയിൽ കൂടുതൽ അടവുവരാത്ത അക്കൗണ്ടുകൾക്കും, ദുരിതാശ്വാസം ലഭിച്ചത് (50,000 രൂപയിൽ കൂടുതൽ) ഒരു വർഷത്തിൽ ഒരു ലക്ഷം രൂപയിൽ കവിയാത്ത അക്കൗണ്ടുകൾക്കും ബാധകമാണ്.

6.2 ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള അവസരം

6.2.1 പ്രകൃതി ദുരന്തങ്ങൾ ബാധിച്ച സ്ഥലങ്ങളിലുള്ള ബാങ്ക് ശാഖകൾക്ക്, ആർബിഐയുടെ അതാത് മേഖലാ ഓഫീസുകളെ അറിയിച്ചശേഷം, താല്കാലിക ആസ്ഥാനങ്ങളിൽ പ്രവർത്തിക്കാം. ഇപ്രകാരം താല്ക്കാലിക കെട്ടിടങ്ങളിൽ 30 ദിവസങ്ങളിൽ കൂടുതൽ പ്രവർത്തിക്കണമെങ്കിൽ ആർബിഐ യുടെ അതാത് മേഖലാ ഓഫീസുകളിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങണം. ദുരിത ബാധിത പ്രദേശങ്ങളിൽ സാറ്റലൈറ്റ് ഓഫീസുകളോ, എക്‌സ്‌റ്റെൻഷൻ കൗണ്ടറുകളോ ചലിക്കുന്ന ബാങ്ക് സൗകര്യങ്ങളോ വഴി, റിസർവ് ബാങ്കിനെ അറിയിച്ചശേഷം ബാങ്കിടപാടുകൾ സാദ്ധ്യമാക്കാനുള്ള നടപടികളും ബാങ്കുകൾക്കെടുക്കാവുന്നതാണ്.

6.2.2 ദുരിത ബാധിതരുടെ രൊക്കം പണത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ എടിഎമ്മുകൾ പുനഃ പ്രവർത്തിപ്പിക്കുന്നതിലൂടെയും, മറ്റ് സംവിധാനങ്ങൾ ഏർപ്പാടുചെയ്തും സാദ്ധ്യമാക്കേണ്ടതാണ്.

6.2.3 ബാങ്കുകളുടെ വിവേചനാധികാരമുപയോഗിച്ച്, ദുരിത ബാധിതരുടെ സ്ഥിതിയ്ക്ക് ആശ്വാസമേകുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാം. എടിഎം ഫീസ് ഒഴിവാക്കാം. എടിഎമ്മിൽ നിന്നു പണം പിൻവലിക്കാനുള്ള പരിധി വർദ്ധിപ്പിക്കാം. ഓവർഡ്രാഫ്റ്റ് ഫീസ് ഒഴിവാക്കാം. സ്ഥിരനിക്ഷേപങ്ങൾ കാലാവധിയെത്തുംമുമ്പ് പിൻവലിക്കുമ്പോൾ ഈടാക്കുന്ന പിഴ ഒഴിവാക്കാം. ക്രെഡിറ്റ് കാർഡിന്മേൽ, ലേറ്റ്ഫീ ഈടാക്കാതിരിക്കാം. വായ്പാത്തവണകൾ അടയ്ക്കാതിരുന്നതിനുള്ള പിഴ ഒഴിവാക്കാം. കൂടാതെ, ക്രെഡിറ്റ് കാർഡുള്ളവർക്ക് അതിന്മേലുള്ള ബാക്കി തുക ഒന്നോ രണ്ടോ വർഷത്തിനകം അടച്ചുതീർക്കാവുന്നതരത്തിൽ ഇഎംഐ നിശ്ചയിച്ചുനൽകാം. ദുരിത ബാധിതർക്ക് നേരിടേണ്ടിവരുന്ന കഷ്ടതകൾ പരിഗണിച്ച്, കാർഷിക വായ്പകളിമേലുള്ള സാധാരണ പലിശയൊഴിച്ചുള്ള, മറ്റ് ചിലവുകൾ അക്കൗണ്ടിൽ ചിലവെഴുതുന്നത് ഒഴിവാക്കാം.

അദ്ധ്യായം VII
ലഹളകളും അസ്വസ്ഥതകളും : നിർദ്ദേശങ്ങളുടെ ഉപയുക്തത

ലഹളകളുടേയും മറ്റ് അസ്വസ്ഥകളേയും സംബന്ധിച്ച്
ഈ നിർദ്ദേശങ്ങളുടെ ഉപയുക്തത.

7.1 ലഹളകളും മറ്റ് അസ്വസ്ഥതകളും ബാധിച്ച ആളുകൾക്ക് പുനരധിവാസ സഹായങ്ങൾ നൽകണമെന്ന് ആർബിഐ പറയുമ്പോഴൊക്കെ, മേല്പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ, അക്കാര്യത്തിനുവേണ്ടി ബാങ്കുകൾ അനുവർത്തിക്കണം. എന്നാൽ, അധികാരികൾ, യഥാർത്ഥത്തിൽ ദുരിതമനുഭവിച്ചവരാണ് എന്ന് കണ്ടെത്തിയവർക്കുമാത്രം, ഈ നിർദ്ദേശങ്ങളനുസരിച്ച് സഹായം നൽകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

7.2 സംസ്ഥാന ഗവൺമെന്റിൽ നിന്നും വിവരവും, അഭ്യർത്ഥനയും ലഭിച്ചശേഷം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ബാങ്കുകൾക്കും, ബാങ്കുകൾ അതിനുശേഷം ശാഖകൾക്കും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ, ദുരിതബാധിതർക്ക് സഹായം നൽകുന്നതിന് കാലതാമസമുണ്ടാകാം. ദുരിതബാധിതർക്ക് അതിവേഗത്തിൽ തന്നെ സഹായം ലഭിക്കുന്നതിന് വേണ്ടി, ലഹളയും അസ്വാസ്ഥ്യങ്ങളും സംഭവിച്ചാലുടൻ ജില്ലാകളക്ടർ ലീഡ്ബാങ്ക് ഓഫീസറോട് ഡിസിസിയുടെ ഒരു യോഗം വിളിക്കാൻ ആവശ്യപ്പെടണം. ഈ യോഗത്തിൽ, സംഭവങ്ങളെ സംബന്ധിച്ചും, ജീവനും സ്വത്തിനുമുണ്ടായ നഷ്ടങ്ങളുടെ വ്യാപ്തിയെ സംബന്ധിച്ചുമുള്ള ഒരു റിപ്പോർട്ട് സമർപ്പിക്കണം. ജീവനും സ്വത്തിനും വ്യാപകമായ നാശനഷ്ടം ഉണ്ടായതായി ഡിസിസിയ്ക്ക് ബോദ്ധ്യപ്പെട്ടാൽ മേൽ കാണിച്ച നിർദ്ദേശങ്ങളനുസരിച്ച്, ദുരിതബാധിതർക്ക് സഹായമെത്തിക്കാം. ഡിസ്ട്രിക്ട് കൺസൾറ്റേറ്റീവ് കമ്മിറ്റികളില്ലാത്ത പ്രദേശങ്ങളിൽ, കളക്ടർ, സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ കൺവീനറോട്, ബാങ്കുകളുടെ ഒരു യോഗം വിളിച്ചുകൂട്ടാനും ദുരിതബാധിതർക്ക് സഹായം നൽകാനും ആവശ്യപ്പെടണം. കളക്ടർ സമർപ്പിച്ച റിപ്പോർട്ടും, ഡിസിസി / എസ്എൽബിസി അതിന്മേലൈടുത്ത തീരുമാനങ്ങളും രേഖപ്പെടുത്തണം. ഇത് യോഗത്തിന്റെ മിനിട്ട്‌സ് ആയി കരുതണം. ഈ നടപടികളുടെ ഒരു കോപ്പി റിസർവ് ബാങ്കിന്റെ അതാത് മേഖലാ ഓഫീസുകൾക്ക് സമർപ്പിക്കണം.


അനുബന്ധം

പ്രമാണിക നിർദ്ദേശം - റിസർവ് ബാങ്ക് ഇൻഡ്യ (പ്രകൃതിദുരന്ത പ്രദേശങ്ങളിൽ ബാങ്കുകൾ സ്വീകരിക്കേണ്ട സഹായനടപടികൾ) നിർദ്ദേശങ്ങൾ 2017

പ്രാമാണിക നിർദ്ദേശങ്ങൾക്ക് ഉപോൽബലകമായ സർക്കുലറുകളുടെ ക്രോഡികരിച്ച പട്ടിക.

No. സർക്കുലർ നമ്പർ തീയതി വിഷയം
1 RPCD.No.PS.BC.6/PS.126-84 2.8.1984 പ്രകൃതി ദുരന്തങ്ങൾ സംഭവിച്ച പ്രദേശങ്ങളിൽ എടുക്കേണ്ട സഹായനടപടികളുടെ പുതുക്കിയ നിർദ്ദേശങ്ങൾ
2 RPCD.No.PLFS.BC.38/PS.126-91/92 21.9.1991 ലഹകളകൾ / വർഗ്ഗീയാസ്വാസ്ഥ്യങ്ങൾ കാരണം ദുരിതമനുഭവിക്കുന്നവർക്കുള്ള ബാങ്കുകളുടെ സഹായം
3 RPCD.No.PLFS.BC.59/05.04.02/92-93 6.1.1993 പ്രകൃതി ക്ഷോഭങ്ങൾ സംഭവിച്ച പ്രദേശങ്ങളിൽ ബാങ്കുകൾ എടുക്കേണ്ട ആശ്വാസ നടപടികൾ (കൺസംപഷൻ വായ്പകൾ)
4 RPCD.No.PLFS.BC.128/05.04.02/97-98 20.6.1998 പ്രകൃതിദുരന്തബാധിതകർക്ക് വേണ്ടിയുള്ള ആശ്വാസ നടപടികൾ - കാർഷിക നടപടികൾ.
5 RPCD.PLFS.BC.No.42/05.02.02/2005-06 1.10.2005 ബാങ്കിംഗ് സിസ്റ്റത്തിൽ നിന്നുമുള്ള കാർഷിക / അനുബന്ധവായ്പകളുടെ പ്രയാണത്തെ സംബന്ധിച്ച ഉപദേശക സമിതി.
6 FIDD No.FSD.BC.12/05.10.001/2015-16 21.8.2015 പ്രകൃതി ദുരന്തം സംഭവിച്ച പ്രദേശങ്ങളിൽ ബാങ്കുകൾ കൈക്കൊള്ളേണ്ട ആശ്വാസ നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
7 FIDD NO.FSD.BC.27/05.10.001/2015-16 30.06.2016 ഇൻഷ്വറൻസ് തുകകളുടെ വിനിയോഗം

1 വരുമാനം കണക്കിലെടുക്കുന്നതു സംബന്ധിച്ച വിവേക പൂർവ്വമായ മാനദണ്ഡങ്ങൾ, ആസ്തികളുടെ വർഗ്ഗീകരണം തുടങ്ങിയ DBR ന്റെ പ്രാമാണിക സർക്കുലർ

2 www.rbi.org.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയെ സംബന്ധിച്ച പ്രമാണിക സർക്കുലർ.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?