<font face="mangal" size="3">മാസ്റ്റർ ഡയറക്ഷൻ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (പ&# - ആർബിഐ - Reserve Bank of India
മാസ്റ്റർ ഡയറക്ഷൻ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (പ്രകൃതിദുരന്ത ബാധിത പ്രദേശങ്ങളിൽ ബാങ്കുകൾ കൈക്കൊള്ളേണ്ട ആശ്വാസ നടപടികൾ) ഡയറക്ഷനുകൾ 2018 - എസ്‌സിബി-കൾ
ആർബിഐ/എഫ്‌ഐഡിഡി/2018-19/64 ഒക്ടോബർ 17, 2018 എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെയും മാഡം/സർ, മാസ്റ്റർ ഡയറക്ഷൻ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (പ്രകൃതിദുരന്ത ബാധിത പ്രദേശങ്ങളിൽ ബാങ്കുകൾ കൈക്കൊള്ളേണ്ട ആശ്വാസ നടപടികൾ) ഡയറക്ഷനുകൾ 2018 - എസ്‌സിബി-കൾ പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങളിൽ ലഭ്യമാക്കേണ്ട ആശ്വാസ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബാങ്കുകൾക്കായി പുറപ്പെടുവിച്ചിരിക്കുന്ന മാർഗ നിർദ്ദേശ രേഖകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള '2017 ജൂലൈ 3-mw തീയതിയിലെ ഞങ്ങളുടെ മാസ്റ്റർ ഡയറക്ഷൻ എഫ്‌ഐഡിഡി.നം.എഫ്എസ്ഡി.ബിസി.8/05.10.001/2017-18 ദയവായി പരിശോധിക്കുക. ഈ വിഷയത്തിൽ നാളിതു വരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ മാർഗ നിർദ്ദേശരേഖകളെയും സമാഹരിച്ചു കൊണ്ടുള്ളതാണ് ഈ മാസ്റ്റർ സർക്കുലർ. ഈ മാസ്റ്റർ സർക്കുലറിൽ സംഗ്രഹിച്ചിരിക്കുന്ന സർക്കുലറുകളുടെ പട്ടിക അനുബന്ധത്തിൽ കൊടുത്തിരിക്കുന്നു. ദയവായി ഇത് കൈപ്പറ്റിയ വിവരം അറിയിക്കുക താങ്കളുടെ വിശ്വസ്തതയുള്ള (ജി.പി.ബോറാ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിൽ ബാങ്കുകൾ കൈക്കൊള്ളേണ്ട ആശ്വാസ നടപടികൾ) ഡയറക്ഷൻസ്, 2018 ബാങ്കിങ് റഗുലേഷൻ ആക്ട്, 1949-ലെ സെക്ഷനുകൾ 21ഉം 35എ യും പ്രകാരം നൽകപ്പെട്ടിരി ക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ട്, അനിവാര്യവും പൊതു താത്പര്യത്തിന് ഉചിതവുമെന്ന് ബോധ്യപ്പെട്ടിരിക്കുന്നതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇനി വിവരിക്കുന്ന ആജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നു. അധ്യായം I 1.1. ചുരുക്കപ്പേരും തുടക്കവും (എ) ഈ ആജ്ഞാപനങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങളിൽ ബാങ്കുകൾ കൈക്കൊള്ളേണ്ട ആശ്വാസ നടപടികൾ) ആജ്ഞാപനങ്ങൾ, 2018 എന്ന പേരിലായിരിക്കും വിശേഷിക്കപ്പെടുക. (ബി) ഈ ആജ്ഞാപനങ്ങൾ അവ റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റിൽ വിന്യസിക്കുന്ന തീയതി മുതൽക്ക് പ്രാബല്യത്തിൽ വരുന്നതായിരിക്കും. 1.2 പ്രയോഗ സാധ്യത ഈ ആജ്ഞാപനങ്ങളിലെ വ്യവസ്ഥകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഭാരതത്തിൽ പ്രവർത്തിക്കുവാൻ ലൈസൻസ് നൽകിയിട്ടുള്ള ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്ക് (സ്‌മോൾ ഫിനാൻസ് ബാങ്കുകൾ - എസ്എഫ്ബി - ഉൾപ്പെടുത്തിയും എന്നാൽ റീജിയണൽ റൂറൽ ബാങ്കുകൾ - ആർആർബി - ഒഴിവാക്കിയും) ബാധകമായിരിക്കും. അധ്യായം II 2.1 അതത് കാലത്തുണ്ടാകുന്ന പ്രകൃതി ദുരന്തം രാജ്യത്തിന്റെ ഒരു ഭാഗത്തല്ലെങ്കിൽ മറ്റ് ഭാഗങ്ങളിൽ മനുഷ്യ ജീവന് വൻഹാനി വരുത്തി വയ്ക്കുകയും സാമ്പത്തിക ഉദ്യമങ്ങൾക്ക് വ്യാപകമായ തോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഒരു പ്രകൃതി ദുരന്തം വരുത്തി വയ്ക്കുന്ന പൂർണ്ണനാശം എല്ലാ ഏജൻസികളിൽ നിന്നും വൻതോതിലുള്ള പുനരധിവാസ പ്രവർത്തനത്തിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നു. കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണാധികാരികൾ ഒരു പ്രകൃതി ദുരന്തം സംഭവിച്ചത് മൂലം കഷ്ടത്തിലായ ജനങ്ങൾക്കായി സാമ്പത്തിക പുനരധിവാസത്തിനുള്ള പദ്ധതികൾക്ക് രൂപം നൽകുന്നു. സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ ബാങ്കുകൾക്ക് നൽകിയിട്ടുള്ള വികസനോന്മുഖമായിട്ടുള്ള പങ്ക്, ഒരു പ്രകൃതി ദുരന്തം ബാധിച്ച ജനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിൽ സജീവമായ പിൻതുണ നൽകേണ്ട തിന്റെ ആവശ്യകത ചൂണ്ടി കാണിക്കുന്നു. 2.2 ദേശീയ ദുരന്ത നിയന്ത്രണ ചട്ടക്കൂട് പ്രകാരം ദുരിതബാധിത പ്രദേശങ്ങളിൽ ആശ്വാസനടപടികൾക്കായി രൂപം നൽകിയ രണ്ട് നിധികളാണുള്ളത് - നാഷണൽ ഡിസാസ്റ്റർ റസ്‌പോൺസ് ഫണ്ട് (എൻഡിആർഎഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ട് (എസ് ഡിആർഎഫ്) എന്നിവയാണവ. എൻഡിആർഎഫ് ചട്ടക്കൂടിൽ പന്ത്രണ്ട് ഇനങ്ങളിലുള്ള പ്രകൃതി ദുരന്തങ്ങൾ പരാമർശിക്കുന്നു. ചുഴലിക്കാറ്റ്, വരൾച്ച, ഭൂകമ്പം, അഗ്നിബാധ, പ്രളയം, സുനാമി, കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ, ഹിമപ്രവാഹം, വൻമഴ, കീടാക്രമണം, ശീതക്കാറ്റ്/അതിശൈത്യം എന്നിവയ്ക്കായുള്ള നോഡൽ പോയിന്റ് കൃഷി മന്ത്രാലയമാണ്. അവശേഷിക്കുന്ന എട്ടെണ്ണത്തിന്റെ കാര്യത്തിൽ ആവശ്യമായ ഭരണ നിർവഹണപരമായ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടുന്നതിനുള്ള നോഡൽ മന്ത്രാലയം ആഭ്യന്തര കാര്യ മന്ത്രാലയമാണ്. മറ്റ് കാര്യങ്ങളോടൊപ്പം ചെറുകിട നാമമാത്ര കർഷകരുൾപ്പെടെയുള്ള കർഷകർക്ക് സബ്‌സിഡികളും സാമ്പത്തിക സഹായവും അനുവദിക്കുന്നതുൾപ്പെടെ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അതത് കാലത്ത് ആശ്വാസമരുളാൻ ഭരണകൂടം (കേന്ദ്ര/സംസ്ഥാന ഗവൺമെന്റ്) അനേകം ആശ്വാസ നടപടികൾ സ്വീകരിച്ചു വരുന്നു. 2.3 നിലവിലെ വായ്പകൾ പുനഃക്രമീകരണം ചെയ്യുക, വായ്പക്കാരുടെ ഉയർന്നു വരുന്ന ആവശ്യങ്ങൾക്കായി പുതിയ വായ്പകൾ അനുവദിക്കുക എന്നീ മാർഗങ്ങളിലൂടെ ആശ്വാസനടപടികൾ ഏർപ്പെടുത്തുകയെന്നതാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെയുള്ള ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ നിർവഹിക്കാനുള്ള പങ്ക്. ഏകരൂപത്തിലുള്ളതും പ്രത്യേകം ചിട്ടപ്പെടുത്തിയതുമായ പ്രവർത്തനത്തിൽ ത്വരിതമായി ഏർപ്പെടാൻ ബാങ്കുകളെ പ്രാപ്തമാക്കുവാൻ വേണ്ടി ഈ ആജ്ഞാപന ങ്ങളിൽ ഇനിപ്പറയുന്ന നാല് പ്രത്യേക ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു - സ്ഥാപനപരമായ ചട്ടക്കൂട് (അധ്യായം III), നിലവിലെ വായ്പകളുടെ പുനഃസംഘടന (അധ്യായം IV), പുതിയ വായ്പകൾ അനുവദിക്കൽ (അധ്യായം V), മറ്റ് സഹായകമായ ആശ്വാസ നടപടികൾ (അധ്യായം VI) അധ്യായം III 3.1. പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള നയം/നടപടിക്രമം സ്വീകരിക്കുക ഒരു പ്രകൃതി ദുരന്തം സംഭവിക്കുന്ന പ്രദേശം, കാലം, അതിന്റെ തീവ്രത എന്നിവ മുൻകൂട്ടി നിരൂപിക്കാവുന്നവയല്ല. അക്കാരണത്താൽ ബാങ്കുകൾക്ക് അതിവേഗത്തിലും ഒരു തരത്തി ലുമുള്ള കാലവിളംബം കൂടാതെയും ഇത്തരം സംഭാവ്യാവസ്ഥകളിൽ ആവശ്യമായ ആശ്വാസവും സഹായവും നൽകാൻ കഴിയുന്ന രീതിയിൽ ബാങ്കുകളുടെ ഡയറക്ടർ ബോർഡ് ഉചിതമായി അംഗീകരിച്ച ഒരു പ്രവർത്തന രേഖാ ചിത്രം ഉണ്ടായിരിക്കേണ്ടത് അനുപേക്ഷ്യമാണ്. കൂടാതെ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെയും സ്‌മോൾ ഫിനാൻസ് ബാങ്കുകളുടെയും എല്ലാ ശാഖകളും ഡിവിഷണൽ/സോണൽ ഓഫീസുകളും ഈ സ്ഥിരമായ നിർദ്ദേശങ്ങൾ നന്നായറിയാവുന്നവയായിരിക്കണം. ജില്ലാ/സംസ്ഥാന ഭരണാധികാരികൾ ആവശ്യമായ പ്രഖ്യാപനം നടത്തിയാലുടൻ തന്നെ ഈ സ്ഥിരമായ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്. ഈ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ അധികാരികൾക്കും ജില്ലാ കളക്ടർക്കും ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദുരന്ത ബാധിത പ്രദേശത്ത് ബന്ധപ്പെട്ട അധികാരികൾ ഏറ്റെടുക്കുന്ന പ്രവർത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരും ഇപ്രകാരം അറിവുള്ളവരാകും. 3.2 ബാങ്കുകളുടെ ഡിവിഷണൽ/സോണൽ മാനേജരുടെ വിവേചനാധി കാരങ്ങൾ ജില്ലാ കൺസൾട്ടേറ്റീവ് കമ്മിറ്റി/സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി എന്നിവ തീരുമാനിക്കുന്ന കർമ പരിപാടികളെ സംബന്ധിച്ച് അവരുടെ ഹെഡ് ഓഫീസ്/കൺട്രോളിങ് ഓഫീസിൽ നിന്നും പുതുതായി അനുമതി തേടേണ്ട ആവശ്യം ഒഴിവാക്കാനായി ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെയും സ്‌മോൾ ഫിനാൻസ് ബാങ്കുകളുടെയും ഡിവിഷണൽ/സോണൽ മാനേജർമാർക്ക് നിശ്ചിത വിവേചാനാധികാരങ്ങൾ നൽകിയിരിക്കണം. മറ്റ് പല വിഷയങ്ങളുടെ കൂട്ടത്തിൽ, ചില വിഷയങ്ങളിൽ അത്തരം വിവേചനാധികാരങ്ങൾ മർമ പ്രധാനമാണ്. ധനസഹായത്തോത്, വായ്പകളുടെ ആവശ്യാധിഷ്ഠിത പുനഃസംഘടന, വായ്പാ കാലാവധി നീട്ടിക്കൊടുക്കൽ, മാർജിൻ, ഈട്, പ്രകൃതിദുരന്തത്തിന്റെ ഫലമായി ബാങ്ക് ധനസഹായത്തോടെ ആർജിച്ച ആസ്തികൾ നശിച്ചു പോകുകയോ നഷ്ടപ്പെടുകയോ ചെയ്ത സംഭവങ്ങളിൽ വായ്പക്കാരന്റെ മൊത്തം ബാധ്യത കണക്കിലെടുത്തുകൊണ്ട് പുതിയ വായ്പകൾ അനുവദിക്കുന്നത്, അത്തരം ആസ്തികൾ സൃഷ്ടിക്കുകയോ കേടുപാടുകൾ പരിഹരിക്കുകയോ ചെയ്യാനായി നൽകുന്ന പുതിയ വായ്പ എന്നിവയുൾപ്പെടുന്നു. 3.3 സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്എൽബിസി)/ഡിസ്ട്രിക്ട് കൺസൾ ട്ടേറ്റീവ് കമ്മിറ്റി (ഡിസിസി) യോഗങ്ങൾ 3.3.1 ഒരു സംസ്ഥാനത്തിന്റെ ഒരു വ്യാപകമായ പ്രദേശത്ത് പ്രകൃതി ദുരന്തം സംഭവിക്കുകയാണെങ്കിൽ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ കൺവീനർ ബാങ്ക് എസ്എൽബിസി-യുടെ ഒരു അടിയന്തര യോഗം വിളിച്ചു ചേർക്കേണ്ടതാണ്. കമ്മിറ്റി, സംസ്ഥാന സർക്കാർ അധികാരികളുടെ സഹകരണത്തോടെ, ആശ്വാസപദ്ധതി നടപ്പാക്കാ നായി ഏകോപനത്തോടു കൂടിയ ഒരു കർമ പരിപാടിക്ക് രൂപം കൊടുക്കണം. ദുരന്തം സംസ്ഥാനത്തിന്റെ ഒരു ചുരുങ്ങിയ പ്രദേശത്തെയോ അല്ലെങ്കിൽ ഏതാനും ജില്ലകളെയോ മാത്രമേ ബാധിച്ചിട്ടുള്ളുവെങ്കിൽ ഡിസ്ട്രിക്ട് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ കൺവീനർ ഒരു അടിയന്തരയോഗം വിളിച്ചു ചേർക്കണം. ഈ പ്രത്യേക എസ്എൽബിസി/ഡിസിസി യോഗത്തിൽ ഉചിതമായ ആശ്വാസ നടപടികൾക്ക് ദ്രുതഗതിയിൽ രൂപം നൽകുകയും നടപ്പാക്കുകയും ചെയ്യേണ്ടതിനായി ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്തേണ്ടതാണ്. 3.3.2 ദുരന്തം രൂക്ഷമായ പ്രദേശങ്ങളിൽ പ്രയോഗത്തിൽ വരുത്തിയ ആശ്വാസ നടപടികൾ, എസ്എൽബിസി/ഡിസിസി തീരുമാനിക്കും പ്രകാരം പ്രത്യേകമായി രൂപീകരിച്ച ടാസ്‌ക്‌ഫോഴ്‌സ്/സബ്കമ്മിറ്റി മുഖേന പ്രതിവാര/ദ്വൈവാര യോഗങ്ങളിൽ അതത് കാലത്ത് പുനരവലോകനം ചെയ്യേണ്ടതാണ്. 3.4 വ്യാപ്തി സ്റ്റേറ്റ് ഗവൺമെന്റ്/അധികാരികൾ പ്രഖ്യാപിക്കുന്നതിൻ പ്രകാരമുള്ള ഒരു പ്രകൃതി ദുരന്തം ബാധിച്ച വരും, ഈ മാർഗ നിർദ്ദേശരേഖയുടെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ സന്നദ്ധരായ കർഷകരുടെയും വായ്പക്കാരുടെയും കാര്യത്തിൽ ഈ മാസ്റ്റർ ഡയറക്ഷൻസ് ബാധകമായിരിക്കും. 3.5 പ്രകൃതിദുരന്ത പ്രഖ്യാപനം 3.5.1 ഒരു പ്രകൃതി ദുരന്തത്തിന്റെ പ്രഖ്യാപനം കേന്ദ്ര/സംസ്ഥാന ഗവൺമെന്റുകളുടെ അധികാരത്തിൽപ്പെട്ട വിഷയമാണെന്നത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഒരു ദേശീയ ദുരന്തം പ്രഖ്യാപിക്കുന്നതിലും വിളംബരങ്ങളും സാക്ഷ്യപത്രങ്ങളും പുറപ്പെടുവിക്കുന്നതിലും ഏകരൂപത്തിലുള്ള ഒരു നടപടിക്രമം പിന്തുടർന്നു പോരുന്നില്ല എന്നതാണ്. വിവിധ സംസ്ഥാനങ്ങളിൽ വിളംബരങ്ങളും സാക്ഷ്യപത്രങ്ങളും അന്നേവാരി, പെയ്‌സ്‌വാരി, ഗിർദാവരി എന്നിങ്ങനെയുള്ള വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. എന്നുവരികിലും വായ്പകളുടെ പുനഃക്രമീകരണമുൾപ്പെടെ കാർഷിക വായ്പകളുടെ കാര്യത്തിൽ ലഭ്യമാക്കുന്ന ആശ്വാസനടപടികളുടെ പൊതുധാരയായി നിൽക്കുന്നത്, വിളനാശം 33%-മോ അതിലധികമോ ആയി നിർണ്ണയിക്കപ്പെട്ടിരിക്കണമെന്നതാണ്. ഈ നഷ്ടം നിർണ്ണയിക്കുന്നതിൽ ചില സംസ്ഥാനങ്ങളിൽ വിളനാശം കണക്കാക്കാൻ ക്രോപ് കട്ടിങ് പരീക്ഷണങ്ങൾ നടത്തുന്പോൾ മറ്റിടങ്ങളിൽ ഇതിനായി കാഴ്ചയിലൂടെയുള്ള കണക്കെടുപ്പിനെയും ദൃഷ്ടിഗോപരമായ ധാരണകളെയും ആശ്രയിക്കുകയാണ് ചെയ്യുന്നത്. 3.5.2 വ്യാപകമായ വെള്ളപ്പൊക്കം പോലുള്ള അനിയന്ത്രിതമായ സാഹചര്യങ്ങളിൽ നിലവിലുള്ള വിളകളിലേറെയും നഷ്ടമാകുകയോ/കൃഷിഭൂമിയും മറ്റ് ആസ്തികൾക്കും വ്യാപകമായി രീതിയിൽ നാശനഷ്ടണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ എസ്എ്ൽബിസി/ഡിസിസിയുടെ ഒരു പ്രത്യേക യോഗം വിളിച്ചു കൂട്ടി സംസ്ഥാന ഗവൺമെന്റ/ജില്ലാ ഭരണാധികാരികൾ ഈ വിഷയം ചർച്ച ചെയ്യേണ്ടതാണ്. ഈ യോഗത്തിൽ ബന്ധപ്പെട്ട സർക്കാർ അധികാരി/ജില്ലാ കളക്ടർ പങ്കെടുത്ത് 'അന്നേവാരി' (വിളനാശത്തിന്റെ ശതമാനം - ഏത് പേരിൽ അറിയപ്പെട്ടാലും) കണക്കാക്കുന്നതിൽ ക്രോപ് കട്ടിങ് പരീക്ഷണങ്ങൾ നടത്താതിരുന്നതിനുള്ള കാരണങ്ങളും കാഴ്ചയിലൂടെയുള്ള കണക്കെടുപ്പും ദൃഷ്ടിഗോചരമായ ധാരണകളും അടിസ്ഥാനമാക്കി ദുരന്ത ബാധിതർക്ക് സഹായമെത്തിക്കാനുള്ള തീരുമാനവും വിശദീകരിക്കേണ്ടതാണ്. 3.5.3 എന്നാൽ മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളിലും, ഈ തീരുമാനങ്ങൾ പ്രകാരമുള്ള നടപടികൾ കൈക്കൊള്ളുന്നതിന് മുമ്പ് 33 ശതമാനമോ അതിലധികമോ വിളനാശം സംഭവിച്ചിട്ടുണ്ട് എന്ന് എസ്എൽബിസി/ഡിസിസിക്ക് പൂർണമായ ബോധ്യം വരേണ്ടതാണ്. അധ്യായം IV ഒരു പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ ജനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളി ലുണ്ടാകുന്ന തടസ്സം, സാമ്പത്തിക ആസ്തികളുടെ നഷ്ടം/കേടുപാട് എന്നിവയും അവരുടെ വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷിയെ ഗുരുതരമായി ബാധിക്കുന്നതാണ്. അക്കാരണത്താൽ നിലവിലുള്ള വായ്പ പുനഃസംഘടിപ്പിക്കുക മുഖേന വായ്പാതിരിച്ചടവിൽ ആശ്വാസം നൽകേണ്ടത് ആവശ്യമായി വന്നേയ്ക്കാം. 4.1 കാർഷിക വായ്പകൾ: ഹൃസ്വകാല ഉത്പാദന ധനസഹായം (വിളവായ്പകൾ) 4.1.1 പ്രകൃതി ദുരന്തം സംഭവിച്ച സമയത്ത് തിരിച്ചടവിൽ കുടിശ്ശികയുള്ള വായ്പകളൊഴി കെയുള്ള എല്ലാ ഹൃസ്വകാല വായ്പകളും പുനഃസംഘടിപ്പിക്കലിന് അർഹമായിരിക്കും. ഹൃസ്വകാല വായ്പയുടെ മുതലും, പ്രകൃതിദുരന്തം സംഭവിച്ച വർഷത്തെപലിശകയും ചേർത്ത് ടേംലോണാക്കി മാറ്റും. 4.1.2 ദുരന്തത്തിന്റെ രൂക്ഷത, സാമ്പത്തിക ആസ്തികൾക്ക് സംഭവിച്ച നഷ്ടം/കേടുപാട്, അവ കാരണമായി ഉണ്ടായ ദുരിതം എന്നിവയെ ആശ്രയിച്ച് പുനഃസംഘടിപ്പിക്കപ്പെട്ട വായ്പയുടെ തിരിച്ചടവ് കാലാവധിയിൽ മാറ്റമുണ്ടാകും. നഷ്ടം 33 ശതമാനത്തിനും 50 ശതമാനത്തിനു മിടയ്ക്കാണെങ്കിൽ ഒരു വർഷത്തെ മൊറോട്ടോറിയം കാലമുൾപ്പെടെ പരമാവധി രണ്ടു വർഷം തിരിച്ചടവുകാലാവധി ലഭിക്കും. വിളകൾക്ക് സംഭവിച്ച നഷ്ടം 50 ശതമാനമോ അതിലധികമോ ആണെങ്കിൽ ഒരു വർഷത്തെ മൊറോട്ടോറിയം കാലമുൾപ്പെടെ തിരിച്ചടവു കാലാവധി പരമാവധി അഞ്ച് വർഷത്തേക്ക് വരെ നീട്ടിക്കൊടുക്കാവുന്നതാണ്. 4.1.3 പുനഃസംഘടിപ്പിക്കപ്പെട്ട എല്ലാ വായ്പാ അക്കൗണ്ടുകളിലും ഏറ്റവും കുറഞ്ഞത് ഒരു വർഷത്തേയ്ക്ക് മൊറോട്ടോറിയം നൽകുന്ന കാര്യം പരിഗണിക്കുന്നതായിരിക്കും. ഇങ്ങനെയുള്ള പുനഃസംഘടിപ്പിക്കപ്പെട്ട വായ്പകൾക്ക് ബാങ്ക് അധികമായ പാർശ്വസ്ഥ ഈടിന് നിർബന്ധിക്കാൻ പാടില്ല. 4.2 കാർഷിക വായ്പകൾ: ദീർഘകാല (മുതൽമുടക്ക്) വായ്പ 4.2.1 വായ്പയെടുത്തയാളുടെ തിരിച്ചടവുശേഷിയും പ്രകൃതി ദുരന്തത്തിന്റെ പ്രകൃതവും കണക്കിലെടുത്തു കൊണ്ട് നിലവിലുള്ള ടേംലോൺ തവണകൾ പുനഃക്രമീകരിക്കുന്നതാണ്. 4.2.1.1 പ്രകൃതി ദുരന്തം മൂലം ആ വർഷത്തെ വിളമാത്രം നശിക്കുകയും ഉത്പാദനപരമായ ആസ്തികൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം, ബാങ്കുകൾ പ്രകൃതി ദുരന്തം സംഭവിച്ച വർഷത്തെ വായ്പതവണകളുടെ തിരിച്ചടവ് പുനഃക്രമീകരിച്ചു നൽകുകയും തിരിച്ചടവു കാലാവധി ഒരു വർഷത്തേയ്ക്ക് നീട്ടിക്കൊടുക്കുകയും ചെയ്യും. ഈ സംവിധാനപ്രകാരം മുൻവർഷങ്ങളിൽ മനഃപൂർവം കുടിശ്ശിക വരുത്തിയ തവണകൾ പുനഃക്രമീകരണത്തിന് അർഹമായിരിക്കുകയില്ല. വായ്പയെടുത്തവരുടെ പലിശയടവു കാലാ വധിയും ബാങ്കുകൾക്ക് നീട്ടിക്കൊടുക്കേണ്ടതായി വരും. 4.2.1.2 ഒരു പ്രകൃതി ദുരന്തത്തിൽ ഉത്പാദനപരമായ ആസ്തികൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുകൾ സംഭവിക്കുകയും, വായ്പയെടുത്തവർക്ക് ഒരു പുതിയ വായ്പ ആവശ്യമായി വരികയും ചെയ്യുമ്പോൾ വായ്പയെടുത്തയാളുടെ ആകമാനമായ തിരിച്ചടവു ശേഷിയും, ഒപ്പം അയാളുടെ മൊത്തം കടബാധ്യത (പഴയ ടേംലോൺ, പുനഃസംഘടിപ്പിക്കപ്പെട്ട വിള വായ്പ എന്നിവയുണ്ടെങ്കിൽ അതും, പുതുതായി നൽകുന്ന വിളവായ്പ/ടേം ലോൺ എന്നിവ) യിൽ നിന്നും ഗവൺമെന്റ് ഏജൻസികളിൽ നിന്നും ലഭിച്ച സബ്‌സിഡികളും ഇൻഷ്വറൻസ് പദ്ധതികളിൽ നിന്നും ലഭിക്കുന്ന നഷ്ടപരിഹാരവും കുറച്ചതിനു ശേഷമുള്ള സ്ഥിതിയുടെ അടിസ്ഥാനത്തിലായിരിക്കും തിരിച്ചടവു കാലാവധി നീട്ടിക്കൊടുക്കുന്നതിലൂടെയുള്ള വായ്പാ പുനഃക്രമീകരണം നിർണയിക്കുക. പുനഃസംഘടിപ്പിക്കപ്പെട്ട ടേംലോണിനും പുതുതായി അനുവദിക്കുന്ന ടേംലോണിനും നൽകുന്ന തിരിച്ചടവു കാലാവധി ഓരോ വായ്പയുടെ കാര്യത്തിലും വ്യത്യസ്തമായിരിക്കാമെങ്കിലും, പൊതുവേ തിരിച്ചടവു കാലാവധി അഞ്ചു വർഷത്തിലധികമായിരിക്കുകയില്ല. 4.3 മറ്റ് വായ്പകൾ 4.3.1 ഒരു പ്രകൃതി ദുരന്തത്തിന്റെ രൂക്ഷതയെ ആശ്രയിച്ച്, കാർഷിക വായ്പകൾ കൂടാതെ മറ്റെല്ലാ വായ്പകൾക്കും പൊതുവായ ഒരു പുനഃക്രമീകരണം ആവശ്യമാണോ എന്ന കാര്യം എസ്എൽബിസി/ഡിസിസിക്ക് പരിഗണിക്കാവുന്നതാണ്. മേൽപ്പറഞ്ഞ മറ്റ് വായ്പകളിൽ അനുബന്ധപ്രവർത്തനങ്ങൾക്ക് നൽകിയ വായ്പകൾ, ഗ്രാമീണ കൈത്തൊഴിലുകാർ, കച്ചവടക്കാർ, സൂക്ഷ്മ/ചെറുകിട വ്യവസായ യൂണിറ്റുകൾ അല്ലെങ്കിൽ രൂക്ഷമായ സ്ഥിതികളിൽ ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്കുള്ള വായ്പകൾ ഉൾപ്പെടും. അങ്ങനെയുള്ള ഒരു തീരുമാനം കൈക്കൊള്ളുന്ന പക്ഷം, എല്ലാ വായ്പകളിലെയും റിക്കവറി നിർദിഷ്ട കാലത്തേയ്ക്ക് നീട്ടിക്കൊടുക്കമ്പോൾ വായ്പയെടുത്ത ഓരോരുത്തരുടെയും ആവശ്യം ബാങ്കുകൾ വിലയിരുത്തുകയും അവരുടെ അക്കൗണ്ടിന്റെ സ്വഭാവം, തിരിച്ചടവ് ശേഷി, പുതിയ വായ്പകളുടെ ആവശ്യകത എന്നിവ കണക്കിലെടുത്തു കൊണ്ട് ഓരോ ബാങ്കിനും ഉചിതമായ തീരുമാനങ്ങളെടുക്കാവുന്നതാണ്. 4.3.2 ഏതെങ്കിലും യൂണിറ്റിന് അതിന്റെ പുനരധിവാസത്തിനായി വായ്പ നൽകാനുള്ള പ്രാഥമിക പരിഗണന ആ സംരംഭത്തിന്റെ ജീവനക്ഷമതയെക്കുറിച്ചുള്ള ബാങ്കിന്റെ വിലയിരുത്ത ലായിരിക്കും. 4.4 ആസ്തി വർഗ്ഗീകരണം പുനഃസംഘടിപ്പിക്കപ്പെടുന്ന വായ്പകളുടെ ആസ്തി വർഗ്ഗീകരണത്തിന്റെ അവസ്ഥ താഴെപ്പറയും പ്രകാരമായിരിക്കും: 4.4.1 ഹൃസ്വകാല വായ്പയുടെയും, ഒപ്പം ദീർഘകാല വായ്പയുടെയും പുനഃസംഘടിപ്പിക്കപ്പെട്ട ഭാഗം തനത് കാല ബാധ്യതയായി കണക്കാക്കുന്നതും എൻപിഎ-ആയി തരംതിരിക്കേണ്ട ആവശ്യമില്ലാത്തതുമാണ്. ഈ ടേംലോണുകളുടെ ആസ്ഥി വർഗ്ഗീകരണം ഇനിമേൽ പുതുക്കിയ വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലായിരിക്കും. എന്നിരുന്നാലും, ഡിപ്പാർട്ട്മെന്റ് ഓഫ് ബാങ്കിങ് റഗുലേഷൻ അതത് കാലത്ത് നിർദ്ദേശിക്കുന്നതിൻ പ്രകാരം, പുനഃസംഘടിപ്പിക്കപ്പെട്ട സ്റ്റാൻഡേഡ് വായ്പ്കൾക്കായി ബാങ്കുകൾ ഉയർന്ന കരുതിവയ്ക്കൽ ചെയ്യേണ്ടതാണ്. മാത്രമല്ല, 'സ്റ്റാൻഡേഡ് ആസ്തിക'ളായി തരംതിരിച്ച ഇത്തരം അക്കൗണ്ടുകളിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനം ഡിബിആർ മാർഗ നിർദേശ രോഖകളിൽ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് പരിഗണിക്കേണ്ടതാണ്. 4.4.2 പുനഃസംഘടിപ്പിക്കപ്പെട്ട ഭാഗത്തിലുൾപ്പെടാത്ത അവശേഷിക്കുന്ന ബാധ്യതയുടെ കാര്യത്തിലെ ആസ്ഥി വർഗ്ഗീകരണം ആരംഭത്തിലെ വ്യവസ്ഥകളെയും വായ്പ അനുവദിച്ചപ്പോൾ പ്രസ്താവിച്ചിരുന്ന നിബന്ധനകളെയും ആശ്രയിച്ച് തുടരുന്നതാ യിരിക്കും. അതിൻപ്രകാരം, വായ്പയെടുത്തയാളിൽ നിന്നുള്ള കടബാധ്യതകൾ വായ്പ നൽകിയ ബാങ്ക് തരം തിരിക്കുന്നത് ഗുണനിലവാരമുള്ളവ, ഗുണ നിലവാരം കുറഞ്ഞവ, സംശയകരമായവ, നഷ്ടം സംഭവിച്ചവ എന്നിങ്ങനെ വ്യത്യസ്തമായ വർഗ്ഗീകരണ വിഭാഗങ്ങളായിട്ടായിരിക്കും. 4.4.3 എന്തെങ്കിലും വായ്പ അധികമായി നൽകുന്നുണ്ടെങ്കിൽ അതിനെ 'ഗുണനിലവാരമുള്ള ആസ്തിയായി കണക്കാക്കുന്നതും ഭാവിയിലെ അതിന്റെ ആസ്തി വർഗ്ഗീകരണം വായ്പ അനുവദിക്കുമ്പോഴത്തെ വ്യവസ്ഥകളും നിബന്ധനകളും പ്രകാരമായിരിക്കും. 4.4.4 ദുരന്ത ബാധിതരായ വ്യക്തികൾക്ക് ആസ്വാസമെത്തിക്കുന്നതിൽ ബാങ്കുകൾ മുൻകൈയെടുക്കാൻ സന്നദ്ധമാണെന്നത് ഉറപ്പാക്കാനായി, സർക്കാർ പ്രകൃതി ദുരന്തത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയ തീയതി മുതൽക്ക് മൂന്നു മാസത്തിനകം പുനഃസംഘടന പൂർത്തിയാക്കിയാൽ മാത്രമേ പുനഃസംഘടിപ്പിക്കപ്പെട്ട അക്കൗണ്ടിന്റെ ആസ്തി വർഗ്ഗീകരണം കൊണ്ടുള്ള പ്രയോജനം ലഭ്യമാകൂ. രൂക്ഷമായ ദുരന്തത്തിന്റെ കാര്യത്തിൽ, അത് ബാധിച്ച വായ്പകളുടെ പുനഃക്രമീകരികരണത്തിന് മേൽപ്പറഞ്ഞ കാലയളവ് പര്യാപ്തമല്ല എന്ന് എസ്എൽബിസി/ഡിസിസി കാണുകയാണെങ്കിൽ, അവർ ആർബിഐയുടെ ബന്ധപ്പെട്ട റീജിയണൽ ഡയറക്ടർ വഴി മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ഓഫീസിലെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആന്റ് ഡെവലപ്‌മെന്റ് ചീഫ് ജനറൽ മാനേജരെ സമീപിക്കേണ്ടതാണ്. വായ്പാ പുനഃസംഘടന, വ്യവസ്ഥ ചെയ്ത സമയപരിധിക്കകം പൂർത്തിയാക്കാനാവാത്തതിന്റെ കാരണങ്ങളും സമയപരിധി നീട്ടിക്കൊടുക്കുന്നത് വഴി പ്രതീക്ഷിക്കുന്ന അനന്തര ഫലങ്ങളും അപേക്ഷയിൽ വിശദമായി നൽകിയിരിക്കണം. റീജിയണൽ ഡയറക്ടരുടെ വ്യക്തമായ ശിപാർശകളോടെ ലഭിക്കുന്ന അത്തരം അപേക്ഷകൾ ഓരോ കാര്യത്തിന്റെയും അർഹതയനുസരിച്ച് പരിഗണിക്കപ്പെടുന്നതായിരിക്കും. 4.4.5 പ്രകൃതിദുരന്തങ്ങളുടെ ആവർത്തനം മൂലം, രണ്ടാമത്തെയോ അല്ലെങ്കിൽ അതിലുമധികമോ തവണ പുനഃസംഘടിപ്പിക്കപ്പെടുന്ന അക്കൗണ്ടുകൾ ഓരോ പുനഃസംഘടനയിലും അതേ ആസ്തിവർഗ്ഗീകരണ വിഭാഗത്തിൽ തുടരുന്നതായിരിക്കും. അതിൻപ്രകാരം, പുനഃസംഘടിപ്പിക്കപ്പെട്ട ഗുണനിലവാരമുള്ള ഒരു ആസ്തിയുടെ കാര്യത്തിൽ, ഒരു പ്രകൃതി ദുരന്തം മൂലം തുടർന്നും പുനഃസംഘടന ആവശ്യമായി വരുമ്പോൾ അത് രണ്ടാമത്തെ പുനഃസംഘടനയായി കണക്കാക്കുകയില്ല. അതായത്, ഗുണനിലവാരമുള്ള ആസ്തിയെന്ന വർഗ്ഗീകരണം തുടർന്നും നിലനിൽക്കുന്നതാണ്. എന്നാൽ പുനഃസംഘടന യെക്കുറിച്ചുള്ള മറ്റ് എല്ലാ മാനദണ്ഡങ്ങളും ബാധകമായിരിക്കും. 4.5 ഇൻഷ്വറൻസ് തുകയുടെ ഉപയോഗപ്പെടുത്തൽ 4.5.1 വായ്പകളുടെ പുനഃക്രമീകരണം സംബന്ധിച്ച് മുകളിൽ പരാമർശിച്ച നടപടികൾ കർഷകർക്ക് ആശ്വാസം നൽകാൻ ഉദ്ദേശിച്ചുള്ളവയാണ്. എന്നാൽ മാതൃകാപരമായി നഷ്ടങ്ങൾക്ക് പരിഹാരം നൽകുന്നത് ഇൻഷ്വറൻസ് തുകയാണ്. കൃഷി മന്ത്രാലയത്തിന്റെ കൃഷിവകുപ്പിലെ കോ-ഓപ്പറേഷൻ ആന്റ് ഫാർമേഴ്‌സ് വെൽഫെയർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ പ്രകാരം, നാഷണൽ അഗ്രികൾച്ചറൽ ഇൻഷ്വറൻസ് സ്‌കീം (എൻഎഐഎസ്) & മോഡിഫൈഡ് നാഷണൽ അഗ്രികൾച്ചറൽ ഇൻഷ്വറൻസ് സ്‌കീം (എംഎൻഎഐഎസ്) എന്നിവയ്ക്ക് പകരമായി 2016 ലെ ഖരീഫ് കാലം മുതൽക്കുള്ള പ്രാബല്യത്തോടെ പ്രധാൻ മന്ത്രി ഫാസൽ ബിമാ യോജന (പിഎംഎഫ്ബിവൈ) നിലവിൽ വന്നിരിക്കുന്നു. പ്രൈം മിനിസ്റ്റർ ഫാസൽ ബിമ, യോജന (പിഎംഎഫ്ബിവൈ) പ്രകാരം വിളംബരപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലെ വിളംബരപ്പെടുത്തിയിട്ടുള്ള വിളകൾക്കായി എല്ലാ വിധത്തിലുള്ള കാലിക കാർഷിക പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള വായ്പകൾക്ക് നിർബന്ധമായും ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതാണ്. പ്രത്യേകമായി എടുത്തു പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വിളവെടുപ്പിനു ശേഷമുള്ള നഷ്ടസാധ്യതകൾ ഉൾപ്പെടെ വിളയുടെ ജീവിത ചക്രത്തിലെ എല്ലാ ഘട്ടങ്ങളിലും ഈ പരിരക്ഷയുണ്ടായിരിക്കണം. ഇൻഷ്വർ ചെയ്ത വിളകളുടെ പരിരക്ഷ, ഈടാക്കിയ പ്രീമിയം മുതലായ കാര്യങ്ങൾ വിലയിരുത്തുവാനായി www.agri-insurance-gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ വിള ഇൻഷ്വറൻസിനു വേണ്ടിയുള്ള യൂണിഫൈഡ് പോർട്ടലിൽ ബാങ്കുകൾ കർഷകരുടെ വിശദ വിവരങ്ങൾ വിന്യസിക്കേണ്ടതാണ്. 4.5.2 ഒരു പ്രകൃതി ദുരന്ത ബാധിത പ്രദേശത്ത് നൽകിയിരുന്ന വായ്പകൾ പുനഃസംഘടിപ്പിക്കുന്ന അവസരത്തിൽ ഒരു ഇൻഷ്വറൻസ് കമ്പനിയിൽ നിന്നും എന്തെങ്കിലും ഇൻഷ്വറൻസ് തുക ലഭിക്കാനായുണ്ടെങ്കിൽ അക്കാര്യവും ബാങ്കുകൾ കണക്കാക്കണം. വായ്പയെടുത്തയാൾക്ക് പുതിയ വായ്പകൾ അനുവദിച്ചിരിക്കുന്ന അവസ്ഥകളിൽ ഇൻഷ്വറൻസ് തുക 'പുനഃസംഘടിപ്പിക്കപ്പെട്ട അക്കൗണ്ടുകളിൽ വരവു വയ്‌ക്കേണ്ടതാണ്. എന്നാൽ ക്ലെയിം ലഭിക്കുമെന്ന് ന്യായമായും തീർച്ചയുള്ള വായ്പയുടെ കാര്യത്തിൽ, ഇൻഷ്വറൻസ് ക്ലെയിം ലഭിക്കുവാൻ കാത്തിരിക്കാതെ തന്നെ ബാങ്കുകൾ തന്മയീഭാവത്തോടെ പ്രവർത്തിക്കുകയും നിലവിലെ വായ്പ പുനഃസംഘടിപ്പിക്കുന്നതും പുതിയ വായ്പകൾ അനുവദിക്കുന്നതും പരിഗണിക്കേണ്ടതാണ്. 5.1 പുതിയ വായ്പകൾ അനുവദിക്കൽ 5.1.1 വായ്പകൾ പുനഃക്രമീകരിക്കാൻ എസ്എൽബിസി/ഡിസിസി തീരുമാനമെടുത്തു കഴിഞ്ഞാൽ, ഹൃസ്വകാല വായ്പകളുടെ പരിവർത്തനം നടന്നുകൊണ്ടിരിക്കെത്തന്നെ, ഓരോ വിളകളുടെയും, കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയുടെയും അടിസ്ഥാനത്തിൽ, നിലവിലിരിക്കുന്ന മാർഗനിർദ്ദേശരേഖകൾ പ്രകാരമുള്ള ധനസഹായത്തോതനുസരിച്ച് ദുരന്ത ബാധിതരായ കർഷകർക്ക് പുതിയ വിളവായ്പകൾ ബാങ്കുകൾ അനുവദിക്കുന്നതാണ്. 5.1.2 കൃഷിക്കും അനുബന്ധപ്രവർത്തനങ്ങൾ (കോഴി വളർത്തൽ, മത്സ്യകൃഷി, മൃഗസംരക്ഷണം മുതലായവ)ക്കായും നൽകുന്ന ബാങ്ക് ധനസഹായം, നിലവിലുള്ള സാമ്പത്തിക ആസ്തികളുടെ കേടുപാടുകൾ നീക്കുക, പുതിയ ആസ്തികൾ ആർജിക്കുക എന്നിവ പോലുള്ള വിവിധ ഉദ്ദേശ്യങ്ങൾക്കായി നൽകുന്ന ദീർഘകാല വായ്പകളുടെ കാര്യത്തിലും ആവശ്യമായി വന്നേയ്ക്കാം അത് പോലെ തന്നെ ഒരു പ്രകൃതി ദുരന്തം ബാധിച്ച പ്രദേശങ്ങളിലെ ഗ്രാമീണ കൈത്തൊഴിലുകാർ, സ്വയം തൊഴിലിലേർപ്പെട്ടിരിക്കുന്നവർ, സൂക്ഷ്മ-ചെറുകിട വ്യവസായ യൂണിറ്റുകൾ മുതലായവർക്കും അവരുടെ ഉപജീവനത്തിന് താങ്ങായി പുതിയ ബാങ്ക് വായ്പകൾ ആവശ്യമായിരിക്കാം. വായ്പയെടുത്ത ദുരന്ത ബാധിതർക്ക് അവരുടെ ആവശ്യകതയും ഇതര വിഷയങ്ങളോടൊപ്പം, പുതിയ വായ്പകൾ അനുവദിക്കു ന്നതിലുള്ള യോഗ്യമായ നടപടിക്രമവും പരിഗണിച്ചു കൊണ്ട് അവരുടെ ആവശ്യം കണക്കാക്കുകയും അവർക്ക് അനുവദിക്കേണ്ടതായ വായ്പയുടെ അളവ് നിശ്ചയിക്കുകയും ചെയ്യാവുന്നതാണ്. 5.1.3 നിലവിൽ വായ്പയെടുത്തവർക്ക് എന്തെങ്കിലും പാർശ്വസ്ഥ ഈട് കൂടാതെ തന്നെ ആഹാരാവശ്യത്തിനായി 10,000 രൂപ വരെയുള്ള വായ്പകളും ബാങ്കുകൾക്ക് അനുവദിക്കാവുന്നതാണ് എന്നാൽ, ബാങ്കിന്റെ വിവേചനാധികാരമുപയോഗിച്ച് ഈ പരിധി 10,000 രൂപയ്ക്ക് മുകളിൽ ഉയർത്താവുന്നതാണ്. 5.2 വ്യവസ്ഥകളും നിബന്ധനകളും 5.2.1 ജാമ്യം, ഈട്, മാർജിൻ 5.2.1.1 ഒരു വ്യക്തിഗത ജാമ്യം ഇല്ലെന്ന പേരിൽ മാത്രമായി വായ്പ നിഷേധിക്കാൻ പാടില്ല. വെള്ളപ്പൊക്കത്താൽ കേടുപാടുകൾ സംഭവിക്കുകയോ അല്ലെങ്കിൽ നാശം സംഭവിക്കുകയോ വഴി നിലവിലുള്ള ഈടിന് ശോഷണമുണ്ടായിട്ടുണ്ടെങ്കിൽ, അധികമായി നൽകാൻ പുതിയ ഈട് ഇല്ലെന്ന കാരണത്താൽ മാത്രമായി സഹായം നിഷേധിക്കാവുന്നതല്ല. ഈടിന്റെ (നിലവിലുള്ളതും പുതിയ വായ്പ വഴി ആർജിക്കാനിരിക്കുന്നതുമായ) മൂല്യം വായ്പത്തു കയേക്കാൾ കുറവാണെങ്കിൽപ്പോലും പുതിയ വായ്പ നൽകേണ്ടതാണ്. പുതിയ വായ്പകളുടെ കാര്യത്തിൽ ബാങ്ക് അനുതാപ പൂർവമായ ഒരു നിലപാട് സ്വീകരിക്കേണ്ടതാണ്. 5.2.1.2 വിളയുടെ ചൂണ്ടിപ്പണയത്തിലും/വ്യക്തിഗത ഈടിലും മുമ്പ് വിളവായ്പകൾ (ടേംലോണായി പരിവർത്തനം ചെയ്യപ്പെട്ടവ) അനുവദിച്ചിട്ടുണ്ടായിരിക്കുകയും, ഇപ്പോൾ പരിവർത്തിത വായ്പക്ക് വേണ്ടി ഈടായി ഭൂമിയുടെ ബാധ്യതയോ പണയമോ നൽകാൻ വായ്പയെടുത്തയാൾക്ക് കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, അധികമായ ഈടിനു വേണ്ടി ഭൂമി നൽകാൻ അയാൾക്ക് കഴിയുന്നില്ല എന്ന കാരണത്താൽ മാത്രമായി അയാൾക്ക് വായ്പ നിഷേധിക്കാവുന്നതല്ല. വായ്പക്കാരൻ ഇതിനകം തന്നെ ഭൂമിയുടെ ബാധ്യത/പണയം ഈടായി നൽകി ഒരു ടേം ലോൺ എടുത്തു കഴിഞ്ഞിരിക്കുന്നുവെങ്കിൽ പരിവർത്തിത വായ്പയുടെ ഈടിനായി ഈ ഭൂമിയുടെ മേൽ രണ്ടാമത്തെ ബാധ്യത രേഖപ്പെടുത്തി ബാങ്ക് തൃപ്തിപ്പെടേണ്ടതാണ്. പരിവർത്തിത വായ്പകൾ അനുവദിക്കുവാൻ വേണ്ടി ബാങ്കുകൾ മൂന്നാം കക്ഷി ജാമ്യത്തിന് നിർബന്ധിക്കാൻ പാടുള്ളതല്ല. 5.2.1.3 വായ്പയ്ക്ക് ഈടായി ഭൂമി നൽകുന്നുവെങ്കിൽ, തങ്ങളുടെ വസ്തുവിന്റെ ആധാരം പോലുള്ളതോ, അല്ലെങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പാട്ടക്കാർക്ക് ലഭിച്ച രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പോലുള്ളതോ ആയ തെളിവുകൾ നഷ്ടപ്പെട്ടുപോയ കർഷകരുടെ കാര്യത്തിൽ, അവരുടെ മൂലാധാരത്തിന്റെ അഭാവത്തിൽ റവന്യൂ വകുപ്പ് അധികാരികളിൽ നിന്നും ലഭിക്കുന്ന ഒരു സാക്ഷ്യപത്രം സ്വീകരിച്ച് അവർക്ക് ബാങ്കുകൾ വായ്പ നൽകേണ്ടതാണ്. ഭരണഘടനയുടെ ആറാം പട്ടികയിൽ പ്രസ്താവിക്കുന്ന പ്രകാരം ഭൂമി സമുദായത്തിന്റെ വകയായിട്ടുള്ള പ്രദേശങ്ങളിൽ സമുദായ അധികൃതർ നൽകുന്ന സാക്ഷ്യപത്രം സ്വീകരിക്കാവുന്നതാണ്. 5.2.1.4 മാർജിൻ നിബന്ധന വേണ്ടെന്നു വക്കുകയോ, അല്ലെങ്കിൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്ന ഗ്രാന്റ്/സബ്‌സിഡി വായ്പയുടെ മാർജിനു വേണ്ടി പരിഗണിക്കുകയോ ചെയ്യേണ്ടതാണ്. 5.3 പലിശനിരക്ക് 5.3.1 മാസ്റ്റർ ഡയറക്ഷൻസ് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ലോണുകൾക്കും അഡ്വാൻ സുകൾക്കുമുള്ള പലിശ നിരക്ക്) ഡയറക്ഷൻസിനനുസൃതമായിരിക്കും പലിശ നിരക്ക്. എന്നാൽ, തങ്ങളുടെ വിവേചനാധികാരത്തിന്റെ പരിധിയിൽ നിന്നു കൊണ്ട് വായ്പക്കാരുടെ പ്രയാസങ്ങളെ അനുതാപപൂർവ്വം പരിഗണിച്ച് ബാങ്കുകൾ ദുരന്തബാധിതരായ ജനങ്ങൾക്ക് പലിശനിരക്കിൽ സൗജന്യങ്ങൾ നൽകേണ്ടതാണ്. തനത് കാലത്തെ ബാധ്യതകളിൽ വരുന്ന കുടിശ്ശികയിൻമേൽ പിഴപ്പലിശ ചുമത്താൻ പാടില്ല. ബാങ്കുകൾ കൂട്ടുപലിശ ഈടാക്കുന്നതും ഉചിതമായ രീതിയിൽ നീട്ടിവയ്ക്കേണ്ടതാണ്. പരിവർത്തിത/പുനഃക്രമീകൃത വായ്പകളിൻമേൽ പിഴപ്പലിശ ചുമത്താൻ പാടില്ലാത്തതും, ഇതിനകം എന്തെങ്കിലും പിഴപ്പലിശ ചുമത്തിയിട്ടുണ്ടെങ്കിൽ അത് ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ്. പ്രകൃതി ദുരന്തത്തിന്റെ സ്വഭാവത്തെയും രൂക്ഷതയെയും അടിസ്ഥാനമാക്കി, ആശ്വാസ നടപടികൾ സ്വീകരിക്കുന്ന ബാങ്കുകൾക്കിടയിൽ അവരുടെ സമീപനത്തിന് ഏകരൂപം നൽകുമാറ്, വായ്പക്കാർക്ക് നൽകാൻ കഴിയുന്ന പലിശ നിരക്ക് സൗജന്യത്തിന്റെ കാര്യത്തിൽ എസ്എൽബിസി/ഡിസിസി ഒരു തീരുമാനമെടുക്കേണ്ടതാണ്. 5.3.2 അതത് കാലത്ത് ഭാരത സർക്കാർ വിളംബരപ്പെടുത്തിയിരിക്കും പ്രകാരം, ഹൃസ്വകാല വിളവായ്പകൾ എടുക്കുകയും, ഒരു പ്രകൃതി ദുരന്തത്താൽ കഷ്ടപ്പെടുകയും ചെയ്യുന്ന കർഷകർക്ക് ആശ്വാസമേകാനായി, പുനഃസംഘടിപ്പിക്കപ്പെട്ട വായ്പത്തുകയിൻമേൽ ആദ്യത്തെ വർഷത്തേക്ക് ബാങ്കുകൾക്ക് 2 ശതമാനം പലിശ സഹായം ലഭ്യമാക്കുന്ന തായിരിക്കും. പുനഃസംഘടിപ്പിക്കപ്പെട്ട അത്തരം വായ്പകൾക്ക് രണ്ടാമത്തെ വർഷം മുതൽ സാധാരണ പലിശ നിരക്ക് ബാധകമായിരിക്കും. അധ്യായം VI 6.1 'നിങ്ങളുടെ ഇടപാടുകാരനെ അറിയുക' (കെവൈസി) മാനദണ്ഡങ്ങളിലെ ഇളവുകൾ ഒരു പ്രകൃതി ദുരന്തം പ്രതികൂലമായി ബാധിക്കുകയോ അവരുടെ സ്ഥലത്ത് നിന്നും മാറിത്താമസിക്കേണ്ടി വരികയോ ചെയ്യുന്ന അനേകം പേർക്കും അവരുടെ വ്യകതിഗത രേഖകളും തിരിച്ചറിയൽ രേഖകളും കൈവശമുണ്ടായിരിക്കയില്ല എന്ന കാര്യം അംഗീകരിക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങളിൽ, ഫോട്ടോയോടൊപ്പം ഒപ്പ് അല്ലെങ്കിൽ വിരൽമുദ്ര ബാങ്ക് ഉദ്യോഗസ്ഥന്റെ മുന്നിൽ വച്ച് രേഖ്പപെടുത്തി ഒരു ബേസിക് സേവിങ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങേണ്ടതാണ്. അക്കൗണ്ടിലെ നീക്കിയിരിപ്പു തുക 5000 രൂപ അല്ലെങ്കിൽ ആശ്വാസമായി അനുവദിക്കപ്പെട്ട തുക (അത് ഉയർന്നതാണെങ്കിൽ) അല്ലെങ്കിൽ അക്കൗണ്ടിൽ വരവ് വയ്ക്കുന്ന മൊത്തം തുക 1,00,000 രൂപ അല്ലെങ്കിൽ ആശ്വാസമായി അനുവദിക്കപ്പെട്ട തുക, ഒരു വർഷം ലഭിച്ചത് ഉയർന്നതാണെങ്കിൽ) എന്നിങ്ങനെ വരുന്ന സാഹചര്യങ്ങൾക്ക് മേൽപ്പറഞ്ഞ നിബന്ധന ബാധകമായിരിക്കും. 6.2 ബാങ്കിങ് സേവനത്തിലേയ്ക്ക് പ്രവേശനമാർഗം നൽകൽ 6.2.1 ബാങ്കുകൾ പ്രകൃതി ദുരന്തം ബാധിച്ച അവരുടെ ശാഖകൾ ആർബിഐയുടെ ബന്ധപ്പെട്ട റീജിയണൽ ഓഫീസിനെ അറിയിച്ചുകൊണ്ട് താത്കാലിക പരിസരങ്ങളിൽ പ്രവർത്തിപ്പി ക്കേണ്ടതാണ്. താത്കാലിക പരിസരണങ്ങളിൽ 30 ദിവസത്തിൽ കൂടുതൽ തുടരണമെങ്കിൽ ആർബിഐയുടെ ബന്ധപ്പെട്ട റീജിയണൽ ഓഫീസിൽ നിന്നും ബാങ്കുകൾ പ്രത്യേക അനുമതി നേടേണ്ടതാണ്. ദുരന്ത ബാധിതപ്രദേശങ്ങളിൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനായി, ആർബിഐയ്ക്ക് അറിയിപ്പ് നൽകി ഉപഗ്രഹ ശാഖകൾ, എക്സ്റ്റൻഷൻ കൗണ്ടറുകൾ എന്നിവ സ്ഥാപിക്കുകയോ അല്ലെങ്കിൽ മൊബൈൽ ബാങ്കിങ് സൗകര്യങ്ങൾ മുതലായവ ഒരുക്കുകയോ ചെയ്യുവാനുള്ള സംവിധാനങ്ങളും ബാങ്കുകൾ ഏർപ്പെടുത്തേണ്ടതാണ്. 6.2.2 ദുരന്തബാധിതരായ ജനങ്ങളുടെ പണത്തിനായുള്ള അടിയന്തരമായ ആവശ്യങ്ങളെ നേരിടാനായി എടിഎമ്മുകൾ പുനസ്ഥാപിക്കുകയോ അല്ലെങ്കിൽ അത്തരം സൗകര്യങ്ങൾ ലഭിക്കുന്നതിനാവശ്യമായ ഇതര സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്ന കാര്യത്തിന് ബാങ്കുകൾ തക്കതായ പ്രാധാന്യം നൽകേണ്ടതാണ്. 6.2.3 ദുരന്തബാധിതരായ ജനങ്ങളുടെ അവസ്ഥയുടെ തീവ്രത കുറക്കുന്നതിനായി ബാങ്കുകൾക്ക് തങ്ങളുടെ വിവേചാധികാരമുപയോഗിച്ചുകൊണ്ട് മറ്റ് നടപടികളും തുടങ്ങി വയ്ക്കാവുന്നതാണ്. എടിഎം ഫീസുകൾ ഉപേക്ഷിക്കുക, എടിഎംൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള പരിധി ഉയർത്തുക, ഓവർഡ്രാഫ്ടിനും സ്ഥിര നിക്ഷേപങ്ങളിൽ നിന്നും കാലാവധിക്കു മുമ്പേ പണം പിൻവലിക്കുന്നതിനും/ക്രെഡിറ്റ് കാർഡുകൾ/വായ്പയുടെ മറ്റ് തവണ അടവുകൾ തുടങ്ങിയ വയ്ക്കായി ചുമത്തുന്ന ഫീസുകൾ ഉപേക്ഷിക്കുകയെന്നതും, ക്രെഡിറ്റ് കാർഡ് കയ്യിലുള്ളവർക്ക് അവരുടെ ബാക്കി നിൽക്കുന്ന ബാധ്യത ഒന്നോ രണ്ടോ വർഷത്തിൽ പ്രതിമാസ തവണകളായി പരിവർത്തനം ചെയ്ത് കൊടുക്കുക എന്നിവയാണ് ബാങ്കുകൾക്ക് ഏർപ്പെടുത്താവുന്ന ഇതര ആശ്വാസ നടപടികൾ. കൂടാതെ, ദുരന്ത ബാധിത ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് അവരുടെ കാർഷിക വായ്പാ അക്കൗണ്ടിൽ സാധാരണ പലിശയൊഴികെ ഈടാക്കിയ മറ്റ് ചാർജുകളും വേണ്ടെന്നു വയ്ക്കാവുന്നതാണ്. അധ്യായം VII ലഹളകളുടെയും കലാപങ്ങളുടെയും കാര്യങ്ങളിൽ മാർഗ നിർദ്ദേശ രേഖകളുടെ പ്രയോഗ ക്ഷമത 7.1 ലഹള/ കലാപ ബാധിതരായ ആളുകൾക്ക് പുനരധിവാസ സഹായമെത്തിക്കാൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെടുന്ന അവസരങ്ങളിൽ, അതിനായി മുമ്പ് പ്രസ്താവിച്ച മാർഗ നിർദ്ദേശരേഖകൾ ബാങ്കുകൾ പൊതുവേ പിന്തുടരേണ്ടതാണ്. എന്നാൽ ലഹള/കലാപം ബാധിച്ചവരെന്ന് സംസ്ഥാന ഭരണകൂടം വേണ്ട വിധം തിരിച്ചറിഞ്ഞ അർഹരായ ആളുകൾക്ക് മാത്രമാണ് മാർഗ നിർദ്ദേശ രേഖകൾ പ്രകാരമുള്ള സഹായം നൽകുന്നതെന്ന കാര്യം ബാങ്കുകൾ ഉറപ്പ് വരുത്തേണ്ടതുണ്ട്. സംസ്ഥാനത്തിന്റെയോ ഒരു പ്രദേശത്തിന്റെയോ ഏറിയ ഭാഗങ്ങളെയും ബാധിക്കുന്ന വൻതോതിലുള്ള ലഹളകൾ ഉണ്ടാകുമ്പോഴും, ലഹള/കലാപ ബാധിതരായ ആളുകളെ തിരിച്ചറിയുവാൻ സംസ്ഥാന ഭരണകൂടത്തിന് നിർവാഹമില്ലാത്ത അവസ്ഥ ഉണ്ടാകുമ്പോഴും, എസ്എൽബിസിയുടെ പ്രത്യേക തീരുമാനത്തിന് വിധേയമായി 'അർഹരായ ആളുകളെ' തിരിച്ചറിയാനുള്ള ഭാരം ബാങ്കുകൾക്കായിരിക്കും. 7.2 സംസ്ഥാന സർക്കാരിൽ നിന്നും അഭ്യർത്ഥന/വിവരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ലഭിച്ചതിനു ശേഷം ബാങ്കുകൾക്ക് അറിയിപ്പ് നൽകുക, തുടർന്ന് ബാങ്കുകൾ അവരുടെ ശാഖകൾക്ക് നിർദ്ദേശങ്ങൾ നൽകുക എന്നീ നടപടിക്രമങ്ങൾ ലഹളബാധിതർക്ക് സഹായമെത്തിക്കുന്നതിൽ സാധാരണഗതിയിൽ കാലത്താമസത്തിനിടയാക്കും. ലഹളബാധിതർക്ക് ത്വരിതഗതിയിൽ സഹായമെത്തിക്കുന്നത് ഉറപ്പു വരുത്തുവാൻ വേണ്ടി എടുത്ത തീരുമാനപ്രകാരം, ലഹള/കലാപമുണ്ടായാലുടൻ ജില്ലാ കളക്ടർ ഡിസിസിയുടെ ഒരു യോഗം വിളിച്ചു കൂട്ടാൻ ലീഡ് ബാങ്ക് ഓഫീസറോട് ആവശ്യപ്പെടേണ്ടതും, ആവശ്യമെന്ന് കണ്ടാൽ, കലാപം/ലഹള ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നേരിട്ട നാശത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്. ലഹള/കലാപം നിമിത്തമായി ജീവനും സ്വത്തിനും വ്യാപകമായ നാശം സംഭവിച്ചിരിക്കുന്നുവെന്ന് ഡിസിസിക്ക് ബോധ്യമായാൽ, മുകളിൽപ്പറഞ്ഞ മാർഗ നിർദ്ദേശരേഖകൾ പ്രകാരമുള്ള ആശ്വാസ നടപടികൾ ലഹള/കലാപ ബാധിതരായ ജനങ്ങൾക്കായി സ്വീകരിക്കേണ്ടതാണ്. ഒരു ഡിസ്ട്രിക്ട് കൺസൾട്ടേറ്റീവ് കമ്മിറ്റി നിലവിലില്ലാത്ത സ്ഥലങ്ങളിൽ, കലാപബാധിതരായ ആളുകൾക്ക് സഹായമെത്തിക്കുന്നത് പരിഗണിക്കാനായി ബാങ്കർമാരുടെ ഒരു യോഗം വിളിച്ചുകൂട്ടാൻ ജില്ലാ കളക്ടർ സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ കൺവീനറോട് അഭ്യർത്ഥിക്കേണ്ടതാണ്. ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടും, അതിൻമേൽ എസ്എൽബിസി/ഡിസിസി കൈക്കൊള്ളുന്ന തീരുമാനവും രേഖപ്പെടുത്തേണ്ടതും യോഗത്തിന്റെ മിനിട്ട്‌സിന്റെ ഭാഗമാക്കേണ്ടതുമാണ്. യോഗനടപടികളുടെ ഒരു പകർപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബന്ധപ്പെട്ട റീജിയണൽ ഓഫീസിലേയ്ക്ക് അയച്ചു കൊടുക്കേണ്ടതാണ്. അധ്യായം VIII 8.1 ഒരു കേന്ദ്രികൃത സിസ്റ്റത്തിലൂടെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം ശേഖരിക്കുവാനും സങ്കലനം ചെയ്യുവാനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പ്രതിഷ്ഠിതമായ പോർട്ടൽ (https://dbie.rbi.org.in/DCP/) വികസിപ്പിച്ചെടു ത്തിട്ടുണ്ട്. ബാങ്കുകൾ സ്വീകരിച്ച ആശ്വാസ നടപടികളെയും പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ ഇറക്കിയ വിജ്ഞാപനത്തെയും സംബന്ധിക്കുന്ന ഡാറ്റാ ഫയലുകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പോർട്ടലിൽ ലഭ്യമാണ്. 8.2 ബാങ്കുകൾ ആശ്വാസ നടപടികളെക്കുറിച്ചുള്ള ശരിയായ പ്രതിമാസ ഡാറ്റ അടുത്ത മാസം 10-mw തീയതിയോടെ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. പ്രകൃതി ദുര ന്തമോ/ആശ്വാസ നടപടികളോ റിപ്പോർട്ട് ചെയ്യാനില്ലാത്തപക്ഷം ഒരു 'NIL' സ്റ്റേറ്റ്മെന്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. 8.3 എസ്എൽബിസി/ബാങ്കുകൾ ആശ്വാസ നടപടികൾ സ്വീകരിക്കാനിട യാക്കിയ പ്രകൃതിദുരന്തത്തെക്കുറിച്ച് സംസ്ഥാന/ജില്ലാ ഭരണാധികാരികൾ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ എസ്എൽബിസി കൺവീനർ ബാങ്ക് അപ് ലോഡ് ചെയ്യേണ്ടതാണ്. മാസ്റ്റർ ഡയറക്ഷൻ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിൽ ബാങ്കുകൾ സ്വീകരിക്കേണ്ട ആശ്വാസനടപടികൾ) ഡയറക്ഷൻസ്, 2018
|