RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78524698

സ്വതന്ത്ര നിയന്ത്രണാധികാര സ്ഥാപനങ്ങളുടെ പ്രാധാന്യം - കേന്ദ്ര ബാങ്കിന്റെ അവസ്ഥ - Dr. വിരാൾ വി ആചാര്യ, ഡെപ്യൂട്ടി ഗവർണ്ണർ, ഭാരതീയ റിസർവ്വ് ബാങ്ക് - 2018 ഒക്ടോബർ 26ന് മുംബൈയിൽ നടത്തിയ എ.ഡി. ഷ്‌റോഫ് മെമ്മോറിയൽ ലെക്ചർ

ഒരു താരതമ്യവും പൂർണ്ണമല്ല; എങ്കിലും കൂടുതൽ നന്നായി ആശയങ്ങൾ പകർന്നു കൊടുക്കുന്നതിന് അത് സഹായിക്കുന്നു. ചിലപ്പോൾ പ്രായോഗികമായ അല്ലെങ്കിൽ പഠനപരമായ ഒരു കാര്യം പോലും സ്പഷ്ടവും സംക്ഷിപ്തവുമാക്കുന്നതിന് ഒരു അപ്രമാണിയെ പ്രമാണിയാക്കി അവതരിപ്പിക്കേണ്ടിവരും. എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് യഥാർത്ഥ ജീവിതത്തിൽനിന്നുള്ള ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നത് ആശയ വിനിമയം കൂടുതൽ അനായാസമാക്കുന്നു. എന്റെ പ്രഭാഷണ വിഷയത്തിന് പ്രത്യേകിച്ച് അനുയോജ്യമായിട്ടുള്ള 2010 ലെ ഒരു പൂർവ്വ ചരിത്രത്തോടുകൂടി ഞാൻ ആരംഭിക്കട്ടെ:

“കേന്ദ്ര ബാങ്കിലെ എന്റെ സമയം അവസാനിച്ചിരിക്കുന്നു. അതിനാൽ കർത്തവ്യം പൂർത്തീകരിച്ച സംതൃപ്തിയോടെ എന്റെ പദവി ഉപേക്ഷിക്കുവാൻ ഞാൻ തീരുമാനിക്കുന്നു.". അർജന്റീനയുടെ കേന്ദ്ര ബാങ്കിന്റെ പ്രധാനി മിസ്റ്റർ. മാർട്ടിൻ റീദ്രദോ 2010 ജനുവരി 29 വെള്ളിയാഴ്ച വൈകി ഒരു വാർത്താസമ്മേളനത്തിൽ അറിയിച്ചു. “നമ്മൾ ഇന്നത്തെ അവസ്ഥയിൽ എത്തിയത് സ്ഥാപനങ്ങളിന്മേലുള്ള ദേശിയ സർക്കാരിന്റെ സ്ഥിരമായ ചവിട്ടിമെതിക്കൽ കാരണമാണ്". അദ്ദേഹം തുടർന്നു. "അടിസ്ഥാനപരമായി രണ്ടു പ്രധാന കേവല ധാരണകളാണ് ഞാൻ പ്രതിരോധിക്കുന്നത്: തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ കേന്ദ്രബാങ്കിനുള്ള സ്വാതന്ത്ര്യവും കരുതൽ ധന വിനിയോഗം പണ-പരവും സാമ്പത്തികപരവുമായ സ്ഥിരതയ്ക്കു വേണ്ടിയുള്ളതാകണമെന്നുള്ള കാര്യവും".

ഈ നാടകീയ തിരോധാനത്തിന് നിദാനമായത് 2009 ൽ കാലാവധിയെത്തുന്ന പൊതുകടം തിരിച്ച് നൽകുന്നതിലേക്കായി ബൈസെന്റീനിയൽ സ്റ്റെബിലിറ്റി ആൻഡ് റെഡ്യൂസ്ഡ് ഇന്ഡറ്റെഡ് ഫണ്ട് രൂപീകരിക്കുന്നതിനായി ആ വർഷം ഡിസംബർ 14 ന് ക്രിസ്റ്റീന ഫെർണാണ്ടസിന്റെ അർജന്റീന സർക്കാർ പുറപ്പെടുവിച്ച ഒരു അടിയന്തിര ഉത്തരവായിരുന്നു. കേന്ദ്രബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് 6.6 ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള തുകയുടെ കൈമാറ്റമായിരുന്നു ഇതുകൊണ്ടു അർത്ഥമാക്കിയത്. കേന്ദ്രബാങ്കിന് 18 ബില്യൺ അമേരിക്കൻ ഡോളർ "അധിക കരുതൽ ധനം" ഉണ്ടെന്നായിരുന്നു അവകാശ വാദം.

[വാസ്തവത്തിൽ റീദ്രദോ ഫണ്ട് കൈമാറ്റം നിരസിച്ചു. അതുകാരണം 2010 ജനുവരി 7ന് അദ്ദേഹത്തിനെതിരായി സ്വഭാവദൂഷ്യവും കൃത്യവിലോപവും ആരോപിച്ചിറക്കിയ ഒരു അടിയന്തിര ഉത്തരവിനാൽ അദ്ദേഹത്തെ ശാസിക്കുവാൻ സർക്കാർ തയ്യാറായി. ഭരണഘടനാ വിരുദ്ധമായതിനാൽ ആ ശ്രമം വിഫലമായി].

ഇതിനെ തുടർന്നുള്ള സംഭവപരമ്പര 2001 ലെ സാമ്പത്തിക ദുരന്തത്തിന് ശേഷം അർജന്റീന നേരിട്ട ഏറ്റവും മോശമായ ഭരണഘടനാ പ്രതിസന്ധികളിൽ ഒന്നിന് തിരി കൊളുത്തി എന്നത് കൂടാതെ അതിന്റെ സോവറിൻ നഷ്ട സാദ്ധ്യതയുടെ ഒരു പുത്തൻ നിർണയത്തിലേയ്ക്കും വഴി തെളിച്ചു.

ഗവർണ്ണർ റീദ്രദോ രാജി വച്ച് ഒരു മാസത്തിനകം സർക്കാർ ബോണ്ടുകളുടെ വരുമാനവും, ബോണ്ടുതുക മടക്കിനൽകുന്നതിൽ വീഴ്ചയുണ്ടായാലുള്ള നഷ്ടം ഒഴിവാക്കുന്നതിനുള്ള ഇൻഷുറൻസിന്റെ പ്രീമിയം തുകയും ( സോവറിൻ ക്രെഡിറ്റ് ഡിഫാൾട്ട് സ്വാപ്പ് ആയി കണക്കാക്കുന്നത്) 2.5 ശതമാനത്തോളം, അതായത്‌ 250 ബേസിസ് പോയിന്റ്, (മുൻപുണ്ടായിരുന്നതിന്റെ ഏകദേശം നാലിലൊന്ന്) കുതിച്ചു കയറി.

ഗോൾഡ്മാൻ സാച്ചസ്സിലെ അർജന്റീനിയൻ വിശകലന വിദഗ്ധൻ ആയ ആൽബർട്ടോ റാമോസ് 2010 ഫെബ്രുവരി 7ന് എഴുതി: "സർക്കാരിന്റെ ബാദ്ധ്യതകൾ കൊടുത്തു തീർക്കാൻ കേന്ദ്രബാങ്കിന്റെ കരുതൽ ധനം വിനിയോഗിക്കുന്നത് വസ്തുനിഷ്ഠമായ ഒരു കാര്യമല്ല. കൂടാതെ അധിക കരുതൽ ധനം എന്നുള്ള ആശയം തന്നെ തീർച്ചയായും ഒരു ചർച്ചയ്ക്കു വിധേയമാക്കേണ്ടതുമാണ്. അത് സെൻട്രൽ ബാങ്കിന്റെ ബാലൻസ് ഷീറ്റിനെ ദുർബലപ്പെടുത്തുന്നതിന് പുറമെ സർക്കാരിന് തെറ്റായ പ്രോത്സാഹനവും പ്രദാനം ചെയ്യുന്നു. എന്തെന്നാൽ ചെലവാക്കലിന്റെ ത്വരിത വികാസം നിയന്ത്രിക്കുന്നതിനും 2010 ലെ ധനപരമായ അക്കൗണ്ടുകളുടെ ഏതെങ്കിലും വിധത്തിലുള്ള ഏകീകരണം സാദ്ധ്യമാക്കുന്നതിനും വേണ്ടി ഉണ്ടാകേണ്ട പ്രോത്സാഹനത്തെ അത് ദുർബലമാക്കുന്നു.”

അതിലും കൂടുതൽ വിനാശകാരിയായ, ഗവർണ്ണർ റീദ്രദോ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്ന, ഒരു അപകടം മുന്നിലേയ്ക്ക് വന്നു. 2010 ജനുവരി മാസത്തിന്റെ തുടക്കത്തിൽ ന്യൂയോർക് ന്യായാധിപനായ തോമസ് ഗ്രീസാ, ന്യൂയോർക്ക് ഫെഡറൽ റിസർവ്വ് ബാങ്കിൽ ഉണ്ടായിരുന്ന അർജന്റീന കേന്ദ്രബാങ്കിന്റെ അക്കൗണ്ട് മരവിപ്പിക്കുകയുണ്ടായി. ഇങ്ങനെ ചെയ്തത്, പ്രസ്തുത ബാങ്ക് ആ സമയം ഒരു സ്വയംഭരണ സ്ഥാപനമല്ലെന്നും അത് രാജ്യത്തിൻറെ എക്സിക്യൂട്ടീവ് സംവിധാനത്തിന്റെ അധികാരത്തിന് കീഴിലാണെന്നും നിക്ഷേപകർ അവകാശവാദം ഉന്നയിച്ചത് കൊണ്ടായിരുന്നു.

(മുകളിൽ സൂചിപ്പിച്ച സംക്ഷിപ്ത വിവരണം ഭാഗികമായി 2010 ജനുവരി 30 ന് ജൂഡ് വെബ്ബർ ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ “അർജെന്റീന കേന്ദ്ര ബാങ്ക് ചീഫ് രാജിവയ്ക്കുന്നു” എന്നതിനെയും 2010 ഫെബ്രുവരി 7 ന് യൂറോമണിയിൽ ജേസൺ മിഷേൽ എഴുതിയ “അർജന്റീന: റീദ്രദോ പുറത്താകുന്നതോടെ ബാങ്കിന്റെ സ്വാതന്ത്ര്യം അപകടത്തിൽ” എന്നതിനെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.)

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സമ്പദ്ഘടനയ്ക്ക് ഒരു സ്വതന്ത്ര കേന്ദ്ര ബാങ്ക് ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ് പ്രാധാന്യം അർഹിക്കുന്നത് എന്നതിനെപ്പറ്റി, അതായത്, സർക്കാരിന്റെ നിർവ്വഹണ വിഭാഗത്തിൽ നിന്നും സ്വതന്ത്രമായ ഒരു കേന്ദ്ര ബാങ്ക് എന്നതിനെപ്പറ്റിയുള്ള ഇന്നത്തെ എന്റെ അഭിപ്രായങ്ങളുടെ കേന്ദ്രസ്ഥാനത്തു ഉണ്ടാകുക പരമാധികാരിയുടെ അധികാരവിനിയോഗം, കേന്ദ്ര ബാങ്കറുടെ പുറത്താകൽ, കമ്പോളത്തിന്റെ പ്രക്ഷുബ്ധാവസ്ഥ എന്നിവയുടെ സങ്കീർണമായ പാരസ്പര്യം എന്നതായിരിക്കും. എന്തുകൊണ്ടാണ് കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യം തകർക്കൽ എന്ന അപകടം പ്രബലമായ ഒരു കൊടും വിപത്താകുന്നത് എന്ന് വിശദീകരിക്കുവാനും കൂടി ഞാൻ ശ്രമിക്കുന്നതാണ്. അത് ചെയ്യുമ്പോൾ "സെൽഫ്-ഗോൾ" പോലുള്ള മോശപ്പെട്ട സംഗതി എന്തെന്നാൽ സർക്കാരുകൾ (സമ്പദ്ഘടനയിലെ മറ്റുള്ളവരും) അവരുടെ ധനാഗമമാർഗ്ഗമായി പ്രയോജനപ്പെടുത്തുന്ന ഓഹരി കമ്പോളങ്ങളിൽ വിശ്വാസ പ്രതിസന്ധിയുടെ പരമ്പര സൃഷ്ടിക്കാൻ ഇത് കാരണമാകാം എന്നതാണ്.

രാജ്യങ്ങൾ എന്തുകൊണ്ട് വിജയിക്കുന്നു (അല്ലെങ്കിൽ പരാജയപ്പെടുന്നു)

ഈ സങ്കീർണ്ണ പാരസ്പര്യത്തിലേക്ക് കടക്കുന്നതിന് മുൻപ് കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യം കൂടുതൽ പൊതുവായ ഒരു പശ്ചാത്തലത്തിൽ വിശദീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞരുടെ പഠനാത്മക പ്രഭാഷണങ്ങൾ, രാജ്യങ്ങൾ സമൃദ്ധമാകുന്നതിൽ നിയമവാഴ്ചയുടെയും സർക്കാരുകളുടെ ഉത്തരവാദിത്വത്തിന്റെയും പരമ പ്രധാന പങ്ക് തിരിച്ചറിയുന്നു. ഫ്രാൻസിസ് ഫുക്കുയാമ (ദി ഒറിജിൻസ്‌ ഓഫ് പൊളിറ്റിക്കൽ ഓർഡർ, 2011) മതിയായ രാജ്യ-സ്ഥാപന നിർമ്മിതിയ്ക്കൊപ്പം ഈ രണ്ടു മൂലഘടകങ്ങളെയും പരിഗണിക്കുന്നു. കാരണമെന്തെന്നാൽ "ഡെന്മാർക്ക് സൃഷ്ടിയ്ക്ക്" - മറ്റു വിധത്തിൽ പറഞ്ഞാൽ സ്ഥിരതയുള്ള സമാധാനപരമായ, ഐശ്വര്യസമ്പന്നമായ, എല്ലാപേരെയും ഉൾക്കൊള്ളുന്ന സത്യസന്ധമായ സമൂഹ സൃഷ്ടിയ്ക്ക്- എല്ലാം അനിവാര്യമായി വരുന്നു.

ഡാരോൺ അസിമോഗ്‌ലുവും ജെയിംസ് റോബിൻസണും (എന്തുകൊണ്ട് രാഷ്ട്രങ്ങൾ പരാജയപ്പെടുന്നു, 2012) രാഷ്ട്രങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ജയപരാജയങ്ങൾ വിശദീകരിക്കുന്നതിൽ സ്ഥാപനങ്ങളുടെ ഗുണമേന്മയുടെ പ്രാധാന്യത്തെപ്പറ്റിയാണ് തങ്ങളുടെ കൃതിയിൽ സംഗ്രഹിക്കുന്നത്. ഇരട്ട രാജ്യങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ ഉദാഹരണമായി എടുത്ത്‌ (ദക്ഷിണ, ഉത്തര കൊറിയകൾ പോലെ) താഴെ പറയുന്ന വ്യതിരിക്തതയെ പുസ്തകം വിശദീകരിക്കുന്നു:

- സാമ്പത്തിക രാഷ്ട്രീയ ഉൾപെടുത്തൽ സ്ഥാപനങ്ങൾ നിയമ വാഴ്ച ഉറപ്പു നൽകുന്നതിനും നൈപുണ്യത്തെയും സർഗ്ഗാത്മകതയെയും പരിപോഷിപ്പിക്കുന്നതിനും സഹായകമായ വിധം തീരുമാനങ്ങളെടുക്കുന്നതിന് ബഹുസ്വരത ഉൾക്കൊള്ളുന്നു. അങ്ങനെയുള്ള സ്ഥാപനങ്ങളുടെ സാന്നിദ്ധ്യത്തിൽ സാമ്പത്തിക ശാസ്ത്രവും രാഷ്ട്രമീമാംസയും, മാറ്റങ്ങൾ വേദനിപ്പിക്കുന്ന ഒരുകൂട്ടം അനുഭോക്താക്കളുടെ തടവിലാകുകയില്ല.

- ഇതിന് വിരുദ്ധമായി, ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾ, ഭരണ നിർവ്വഹണം നടത്തുന്ന വിശിഷ്ട വിഭാഗത്തിന് രാജ്യത്തിൻറെ സാമ്പത്തിക രാഷ്ട്രീയ വിഭവങ്ങളുമായിട്ടുള്ള അടുപ്പം പരിമിതപ്പെടുത്തുകയും മാറ്റങ്ങളും നൂതന രീതികളും തടസ്സപ്പെടുത്തുകയും അങ്ങനെ സമയം കടന്നുപോകുമ്പോൾ രാജ്യ ശക്തിയെ നിശ്ചലാവസ്ഥയിലേക്കും നാശത്തിലേയ്ക്കും നയിക്കുകയും ചെയ്യുന്നു.

തങ്ങളുടെ വിജയമന്ത്രം യാഥാസ്ഥിതികത്വത്തെ വെല്ലുവിളിക്കുന്നതിലാണെന്നു സംരംഭകർ വിശ്വസിക്കുന്ന വിധമുള്ള മൂല്യസൃഷ്ടി, രാജ്യത്തിൻറെ പുറകോട്ടടിക്കുന്ന നയങ്ങളുമായി കൈകോർക്കുക, അപ്രകാരം സാദ്ധ്യമാകാത്തവരെ പുറം തള്ളുക, എന്നീ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന ഒന്നാണ് സാമ്പത്തിക ശാസ്ത്രം എന്ന് ന്യൂയോർക് യൂണിവേഴ്സിറ്റിയുടെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനെസ്സിൽ (NYU, Stern) വച്ച് പൂർവസുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളിൽ, അവർ അഭിപ്രായപ്പെടുക പതിവായിരുന്നു. സ്ഥാപനങ്ങളുടെ പ്രാധാന്യം കാണിക്കുന്നതിന് വേണ്ടിയുള്ള മികച്ച തത്വങ്ങളും സംജ്ഞാ ശാസ്ത്രവും കണക്കിലെടുക്കാതെ തന്നെ ജനാധിപത്യത്തിൽ പരക്കെ സ്വീകാര്യമായ സ്വത്തവകാശം, അതിന്റെ നടപ്പിലാക്കൽ, നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് സംവിധാനം എന്നിവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് വെറും അവകാശമായിട്ടല്ല, പ്രത്യുത സ്വതന്ത്രമായും ഫലപ്രദമായും യഥാർത്ഥത്തിൽ പ്രവർത്തിക്കാനും കൂടിയാണ്. സ്വതന്ത്രമായ കേന്ദ്ര ബാങ്ക് എന്ന സ്ഥാപനം കുറച്ച് മാത്രം കൊട്ടിഘോഷിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. കേന്ദ്ര ബാങ്ക് താരതമ്യേന പുത്തൻ ശിശു (പലതും ഒരു ശതാബ്ദത്തിന് താഴെ മാത്രം പ്രായമുള്ളവയാണ്) ആയതുകൊണ്ട് മാത്രമല്ല, അതിന്റെ സ്വാധീനം ദൂരവ്യാപകമാണെങ്കിലും പൊതുജനങ്ങളുമായി നേരിട്ടുള്ള ഇടപെടൽ പരിമിതമായതു കൊണ്ട് കൂടിയാണ് യഥാർത്ഥത്തിൽ അങ്ങനെ സംഭവിക്കുന്നത്.

സർക്കാരും കേന്ദ്ര ബാങ്കും - രണ്ടു ദ്വിങ്മണ്ഡലങ്ങളുടെ കഥ

ഒരു കേന്ദ്ര ബാങ്ക് സമ്പദ്ഘടനയ്ക്കു വേണ്ടി അനവധി പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നു. അത് പണലഭ്യതയെ നിയന്ത്രിക്കുന്നു; വായ്പകളിന്മേലുള്ള പലിശനിരക്ക് നിയന്ത്രിക്കുന്നു; വിനിമയനിരക്കു ഉൾപ്പെടെയുള്ള വിദേശ മേഖല കൈകാര്യം ചെയ്യുന്നു; സാമ്പത്തിക വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു; എടുത്തു പറയേണ്ടത് ബാങ്കുകളെ; - പലപ്പോഴും വായ്പാ വിപണിയെയും വിദേശ നാണ്യ വിപണിയെയും നിയന്ത്രിക്കുന്നു; ആഭ്യന്തര വിദേശ തലത്തിൽ സാമ്പത്തിക സ്ഥിരത ഉറപ്പു വരുത്തുകയും ചെയ്യുന്നു. ലോകമാകെ കേന്ദ്രബാങ്ക് രൂപീകരിച്ചിട്ടുള്ളത് സർക്കാരിൽ നിന്നും വേർപെട്ടാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അത് സർക്കാരിന്റെ നിർവ്വഹണവിഭാഗത്തിന്റെ ഒരു വകുപ്പല്ല; അതിന്റെ അധികാരങ്ങൾ പ്രസക്തമായ നിയമനിർമ്മാണത്തിലൂടെ പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ ഒരർത്ഥത്തിൽ സങ്കീർണവും സാങ്കേതികവും ആയതിനാൽ അവയുടെ തലപ്പത്തുള്ളതും ഭരണനിർവഹണം നടത്തുന്നതും സാങ്കേതിക വിദഗ്ദർ അല്ലെങ്കിൽ ആ പ്രവർത്തന മണ്ഡലത്തിലെ വിദഗ്ധരാണ് - പ്രത്യേകിച്ചും സാമ്പത്തിക ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിചക്ഷണർ, വാണിജ്യ ബാങ്കർമാർ, കൂടാതെ ചിലപ്പോൾ സർക്കാർ നിയമിക്കുന്ന സ്വകാര്യമേഖലയുടെ പ്രതിനിധികൾ എന്നിവരാണ്. ഈ രൂപകൽപന കേന്ദ്ര ബാങ്കുകളെ അവയുടെ അധികാരങ്ങൾ സ്വതന്ത്രമായി പ്രയോഗിക്കുവാൻ അനുവദിക്കപ്പെടണം എന്ന തത്വത്തിന്റെ സ്വീകാര്യത പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്.

എന്തുകൊണ്ടാണ് കേന്ദ്ര ബാങ്ക് സർക്കാരിൽ നിന്നും വേർപെട്ടു നിൽക്കുന്നത്? പ്രത്യേക ഉള്ളുണർവിനാൽ ഞാൻ മനസ്സിലാക്കുന്ന ഒരു വിശദീകരണം മുന്നോട്ടു വയ്ക്കാം.

(1) വിശദീകരണത്തിന്റെ ആദ്യ ഭാഗം കേന്ദ്രബാങ്കിന്റെ തീരുമാനങ്ങൾക്കതീതമായി സർക്കാരിന് തീരുമാനങ്ങളെടുക്കാനുള്ള മണ്ഡലവുമായി ബന്ധപ്പെട്ടിരിക്കുന്നു. പലതരത്തിലുള്ള പരിഗണനകളാൽ സർക്കാരിന് തീരുമാനങ്ങളെടുക്കുവാനുള്ള മണ്ഡലം ചുരുങ്ങിയതാണ്. ക്രിക്കറ്റ് കളിയുമായി താരതമ്യപ്പെടുത്തിയാൽ ഒരു ട്വന്റി20 കളിയുടെ ദൈർഘ്യം പോലെ. എല്ലായ്‌പോഴും ഏതെങ്കിലും വിധത്തിലുള്ള തെരഞ്ഞെടുപ്പുകൾ വരുന്നുണ്ടാകും - ദേശീയ, സംസ്ഥാന, ഇടക്കാല തെരഞ്ഞെടുപ്പുകൾ. തെരഞ്ഞെടുപ്പടുക്കുമ്പോൾ മുൻകാല പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സാർത്ഥകമാക്കുവാനുള്ള ധൃതി ഉണ്ടാകുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയാതാകുമ്പോൾ പകരം അടിയന്തിരമായി ജനപ്രിയ പദ്ധതികൾ ഒരുക്കേണ്ടത് ആവശ്യമായി തീരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രാധാന്യം കുറഞ്ഞു വരികയാണെങ്കിലും അടുത്ത കാലത്തു പോലും യുദ്ധങ്ങൾ നടത്തിയും ധനസഹായം നൽകിയും ഏതു വിധത്തിലും ജയിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി കണ്ടു വരുന്നു.

സർക്കാരുകളുടെ ഈ ഹ്രസ്വദൃഷ്ടി ലൂയി പതിനാലാമൻ ചരിത്രത്തിൽ വളരെ നന്നായി സംഗ്രഹിച്ചിട്ടുണ്ട് - "Apresmoi, le deluge! (എനിയ്ക്കു ശേഷം പ്രളയം!)"2 എന്ന് അദ്ദേഹം വിളംബരം ചെയ്തപ്പോൾ.

ഇതിന് വിപരീതമായി, കേന്ദ്ര ബാങ്ക് ഓരോ ദിവസവും ജയിക്കാൻ ശ്രമിച്ചും എന്നാൽ പ്രധാനമായിട്ടും അതിജീവിച്ച് അടുത്ത സെഷൻ ജയിക്കാൻ ഒരു അവസരം ലഭിക്കാൻ വേണ്ടിയും അങ്ങനെ തുടർന്നും കളിക്കുന്ന ഒരു ടെസ്റ്റ് മാച്ച് പോലെയാകുന്നു. പ്രത്യേകിച്ച് ഒരു കേന്ദ്ര ബാങ്ക് രാഷ്ട്രീയ സമ്മർദ്ദത്തിനും ഭാവിയിലെ പ്രേരിത അവഗണനയ്ക്കും വിധേയമാക്കപ്പെടുന്നില്ല. കേന്ദ്ര ബാങ്കർമാർ തെരെഞ്ഞെടുക്കപ്പെടാതെ നാമനിർദ്ദേശം ചെയ്യപ്പെടുന്നു എന്നത് കൊണ്ട് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അവരുടെ ചക്രവാളസീമ തെരെഞ്ഞെടുപ്പുപരിധിയും യുദ്ധകാലപരിധിയും കണക്കിലെടുക്കേണ്ട ആവശ്യമുള്ള സർക്കാരിന്റേതിനേക്കാൾ ദൈർഘ്യമേറിയതാകുന്നു. തങ്ങളുടെ നയതീരുമാനങ്ങൾ ഉടനുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അവർക്കു കൃത്യമായും കണക്കിലെടുക്കേണ്ടതുണ്ട്. എന്നാൽ കേന്ദ്ര ബാങ്കർമാർക്കു തങ്ങളുടെയും സർക്കാരിന്റെയും നയസമീപനങ്ങളുടെ ദീർഘകാല അനന്തര ഫലങ്ങൾ എന്തൊക്കെയാകുമെന്നുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ കഴിയുന്ന വിധം ഒരു ഇടവേള എടുക്കുന്നതിനും പുനർചിന്തിക്കുന്നതിനും സാദ്ധ്യമാകുന്നു. യഥാർത്ഥത്തിൽ കേന്ദ്രബാങ്കർമാർ തങ്ങളുടെ അനുശാസനത്താൽ വ്യാപാരസംബന്ധവും ധനപരവുമായ പരിവൃത്തികളിന്മേൽ സമ്പദ്ഘടനയെ സുസ്ഥിരമാക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ് എന്നതിനാൽ മദ്ധ്യകാലം കടന്നു ദീർഘകാലത്തേക്ക് അവരുടെ നോട്ടം എത്തേണ്ടതുണ്ട്. ഒട്ടും അതിശയോക്തി ഇല്ലാതെ പറയട്ടെ, കേന്ദ്രബാങ്കുകൾ വിശ്വാസ്യത വളർത്തുന്നതിന് വിഷമമേറിയ തീരുമാനങ്ങളുടെ ഒരു ശ്രേണി തന്നെ തിരഞ്ഞെടുക്കുന്നതിലേക്കു പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഹ്രസ്വകാല ലാഭങ്ങൾ ത്യജിച്ച് വിലസ്ഥിരത, സാമ്പത്തിക സ്ഥിരത എന്നീ ദീർഘകാല നേട്ടങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നു.

(2) കേന്ദ്ര ബാങ്ക് എന്തുകൊണ്ടാണ് സർക്കാരിൽ നിന്നും വേർപെട്ടു നിൽക്കുന്നത് എന്നതിന്റെ വിശദീകരണത്തിന്റെ രണ്ടാം ഭാഗം ഇനി പറയുന്ന നിരീക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു - അതായത് കേന്ദ്രബാങ്ക് കൈകാര്യം ചെയ്യുന്നതിന്റെ അല്ലെങ്കിൽ സ്വാധീനിക്കുന്നതിന്റെ (പണ സൃഷ്ടി, വായ്പാ സൃഷ്ടി, വിദേശ മേഖല കൈകാര്യം ചെയ്യൽ, സാമ്പത്തിക സ്ഥിരത എന്നിവ) കൂടുതലും ഉൾക്കൊള്ളുന്നത് സമ്പദ്ഘടനക്ക്‌ പ്രയോജനകരമാകുന്ന, ലീനമായ, ശ്രദ്ധിക്കപ്പെടുന്ന പ്രയോജനങ്ങളാണെങ്കിലും അതിന്റെ സഹചാരിയായ സാമ്പത്തിക അതിപ്രസരം അല്ലെങ്കിൽ അസ്ഥിരത എന്നിവയിൽ നിന്നുള്ള ചെലവുകളുടെ രൂപത്തിൽ പ്രത്യക്ഷപെടുന്നതിനുള്ള സാദ്ധ്യത കൂടിയുണ്ട്. ഉദാഹരണത്തിന്

(i) പണത്തിന്റെ അധികലഭ്യത സർക്കാർ കമ്മി നികത്തുന്നതിന് പണം നൽകുന്നതുൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ ശ്രമരഹിതമായി സൗകര്യപ്പെടുത്തുമെങ്കിലും അതു യഥാകാലം സമ്പദ്ഘടനയെ കൂടുതൽ തപിപ്പിക്കുകയും അമിതമായ പണപ്പെരുപ്പ സമ്മർദ്ദപരമ്പരയ്‌ക്ക്‌ തുടക്കം കുറിയ്ക്കുകയോ അല്ലെങ്കിൽ അവസാനം പണലഭ്യത കർശനമായും കുറക്കേണ്ട വിധത്തിൽ ഉള്ള ഒരു പ്രതിസന്ധി ഉണ്ടാകാൻ പോലും കാരണമാകുകയോ ചെയ്യും.

(ii) അമിതമായി പലിശ നിരക്കുകൾ താഴ്ത്തൽ അല്ലെങ്കിൽ / കൂടെ ബാങ്കുകളുടെ മൂലധനം, വേഗം പണമാക്കി മാറ്റാവുന്ന ആസ്തി, ഇവയുടെ നിശ്ചിത പരിധിയിൽ അയവു വരുത്തൽ എന്നിവ കൂടുതൽ വായ്പാ ലഭ്യതയിലേക്കും ആസ്തിവില പെരുപ്പത്തിലേക്കും ശക്തമായ ഹ്രസ്വകാലസാമ്പത്തിക വളർച്ച എന്ന തോന്നലിലേക്കും നയിക്കുന്നു. എന്നാൽ അമിതമായ വായ്പാ വളർച്ചയോടൊപ്പം തെറ്റായ നിക്ഷേപങ്ങൾ, ആസ്തിവില തകർച്ച, ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കും ആരംഭം കുറിക്കുന്നു.

(iii) സമ്പദ് വ്യവസ്ഥയിലേക്ക്‌ വിദേശനിക്ഷേപത്തിന്റെ പെരുവെള്ളപ്പാച്ചിൽ അനുവദിക്കുന്നത് താത്കാലികമായി സർക്കാർ ബാക്കിപത്രം വിപുലമാക്കുകയും പുറംതള്ളപ്പെട്ട സ്വകാര്യമേഖലയ്ക്കും സാമ്പത്തിക സഹായത്തിന് വേണ്ടിയുള്ള സമ്മർദ്ദങ്ങൾക്കും അയവു വരുത്തുകയും ചെയ്യുമെങ്കിലും ഭാവിയിൽ ഇതിന്റെ നിർഗമനം സമ്പദ്ഘടനയ്ക്കു പ്രതികൂല അവസ്ഥ സൃഷ്ടിച്ചുകൊണ്ട് ഉണ്ടാകുന്ന വിനിമയ നിരക്കിന്റെ തകർച്ചയുടെ ആരംഭം ആയിരിക്കും.

(iv) മേൽനോട്ട നിയന്ത്രണ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് വായ്പാനഷ്ടം ഇല്ലാതാക്കുന്നത് ഹ്രസ്വകാലത്തിൽ സാമ്പത്തിക സ്ഥിരതയുടെ ഒരു പൊയ്മുഖം സൃഷ്ടിച്ചേക്കാം. എന്നാൽ ഭാവിയിൽ അനിവാര്യമായും ലോലമായ ആ ചീട്ടുകൊട്ടാരം താഴെ പതിക്കുക തന്നെ ചെയ്യും - ഫലമോ നികുതിദായകന് ഭാരമേറ്റാൻ അധിക നികുതിയും ഉല്പാദന നഷ്ടവും.

എല്ലായ്പ്പോഴും സ്ഥിതി ഇതാകണമെന്നില്ലെങ്കിലും സുസ്ഥിര വളർച്ചയ്ക്ക് വേണ്ടിയുള്ള സർക്കാർ ഇടപെടലുകൾ പലപ്പോഴും മുൻ‌കൂർ പണം ചിലവാക്കിയുള്ള ഘടനാപരമായ പരിഷ്കാരമാകുന്നു. എങ്ങനെ ആയാലും ജനപ്രിയ ചെലവിനങ്ങൾ സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും, അല്ലെങ്കിൽ അനുഭോക്താക്കളെ നീരസപ്പെടുത്തേണ്ടതായി വരും. അതിനു വേണ്ടിയുള്ള യുക്തമായ പരിഹാരം എന്ന നിലയിൽ സർക്കാരിന് ഹ്രസ്വകാലനേട്ടങ്ങൾക്ക്‌ വേണ്ടിയുള്ള തന്ത്രങ്ങൾ പിന്തുടരുന്നതിന് കേന്ദ്ര ബാങ്കിനോട് ആവശ്യപ്പെടാം/ അതിന് ഉത്തരവ് കൊടുക്കാം/ നിർദ്ദേശങ്ങൾ നൽകാം. എന്നാൽ അതു കൊണ്ട് സമ്പദ്ഘടനയിൽ ടെയിൽ റിസ്കുകൾ സൃഷ്ടിക്കപ്പെടുന്നു. സമ്പദ്ഘടനയെ ഇത്തരം ഹ്രസ്വകാല അപചയങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് സർക്കാരിന്റെ നിർവഹണ വിഭാഗത്തിൽ നിന്നും സുരക്ഷിത ദൂരത്തിലാണ് കേന്ദ്ര ബാങ്ക് ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്

കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യം അട്ടിമറിക്കുന്നു

കേന്ദ്ര ബാങ്ക് ഔപചാരികമായി രൂപീകരിച്ചിട്ടുള്ളത് സർക്കാരിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നായിട്ടാണെങ്കിലും തീരുമാനങ്ങളെടുക്കുവാനുള്ള അതിന്റെ അധികാര സീമ ഹ്രസ്വകാല നേട്ടങ്ങൾക്ക്‌ വേണ്ടി പരിമിതപ്പെടുത്താനുള്ള പല മാർഗങ്ങളും സർക്കാരിനുണ്ട്.

i. കേന്ദ്ര ബാങ്കിന്റെ ഗവർണർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയ നിർണായക സ്ഥാനങ്ങളിലേക്ക് സാങ്കേതിക വിദഗ്ധരല്ലാത്ത സർക്കാർ/ സർക്കാർ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക.

ii. സ്ഥിരമായി ഉരസ്സലിനും നിയമപരമായി കേന്ദ്രബാങ്കിനുള്ള അധികാരങ്ങളുടെ ശോഷണത്തിനും വേണ്ടി വിടാതെ പിന്തുടരുക, അതിനായി തുടർച്ചയായ നിയമഭേദഗതികൾ നടപ്പിൽ വരുത്തുക.

iii. ചട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള കേന്ദ്ര ബാങ്ക് നയങ്ങളെ തടസ്സപ്പെടുത്തുകയോ എതിർക്കുകയോ ചെയ്യുക, പകരം സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലോടു കൂടി വിവേചനാധികാരപരവും അല്ലെങ്കിൽ കൂട്ടുചേർന്നുമുള്ള തീരുമാനങ്ങൾ എടുക്കൽ.

iv. നിയമപരമായി ദുർബല അധികാരങ്ങളോടുകൂടിയ സമാന്തര നിയന്ത്രണ ഏജൻസികൾ രൂപീകരിക്കുക. ഒപ്പം/ കൂടാതെ നിയന്ത്രണരഹിതം അല്ലെങ്കിൽ അല്പം മാത്രം നിയന്ത്രണമുള്ള സാമ്പത്തിക മദ്ധ്യവർത്തി പ്രവർത്തനങ്ങൾ നടത്തുന്ന, കേന്ദ്രബാങ്കിന്റെ പ്രവർത്തനപരിധിക്ക്‌ വെളിയിൽ പ്രവർത്തിക്കുന്ന, സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക.3, 4

ഇത്തരം ശ്രമങ്ങൾ വിജയിച്ചാൽ സാമ്പത്തിക വ്യവസ്ഥയിൽ നയപരമായ ഹ്രസ്വദൃഷ്ടിയുടെ പ്രോത്സാഹനത്തിന് പ്രേരകമാകുകയും അത് സ്ഥൂലമായ സാമ്പത്തിക സുസ്ഥിരതയ്ക്കു പകരമായി ഇടവിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്കു് നിദാനമാകുകയും ചെയ്യും.

അതുകൊണ്ട് കേന്ദ്ര ബാങ്കിന് സ്വാതന്ത്ര്യം എന്നുള്ളതിന് നിരവധി കാരണങ്ങളുണ്ട്. കേന്ദ്ര ബാങ്കിന് സ്വാതന്ത്ര്യം പ്രദാനം ചെയ്യുകയും അത് പരിപാലിക്കപ്പെടുകയും ചെയ്യേണ്ടത് സമ്പദ്ഘടനയുടെ ഉൾക്കൊള്ളൽ പരിഷ്കാരത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. നേരെ മറിച്ച് അത്തരം സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം തകർക്കുന്നത് പിന്നോട്ടടിക്കലും ചൂഷണവുമാണ്.

i. കേന്ദ്ര ബാങ്ക് നയങ്ങളെ നേർപ്പിക്കുന്നതിനു വേണ്ടി സർക്കാർ അടിക്കടി ശ്രമിക്കുന്നത് കാണുമ്പോൾ, കൂടാതെ കേന്ദ്ര ബാങ്കിനെ അത്തരം നടപടികളിലേക്ക് നിർബന്ധിച്ച് ഫലപ്രദമായി എത്തിക്കുകയും ചെയ്യുമ്പോൾ, ബാങ്കുകളും സ്വകാര്യമേഖലയും മൂല്യസൃഷ്ടിക്കും വളർച്ചയ്ക്കും വേണ്ടി നിക്ഷേപിക്കുന്നതിന് പകരം അവരവർക്ക് ഇണങ്ങുന്ന നയങ്ങൾക്കായി സ്വാധീനിക്കാൻ കൂടുതൽ സമയം ചിലവഴിക്കുന്നു. പൊതുനന്മയുടെ ചെലവിലാണ് ഇങ്ങനെ ചെയ്യുന്നത്.

ii. കേന്ദ്ര ബാങ്കിന്റെ ഭരണത്തിന്റെ അടിസ്ഥാനം തകർക്കപെടുമ്പോൾ ഇഷ്ടം പോലെ സംവാദത്തിലേർപ്പെടുന്നതിനും സ്വതന്ത്രമായി ചിന്തിക്കുന്നതിനും മാറ്റങ്ങൾ കൊണ്ട് വരുന്നതിനും കഴിവുള്ള അതിസമർത്ഥരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും സാദ്ധ്യമല്ലാതാകുന്നു. കേന്ദ്രബാങ്കിന്റെ അധികാരങ്ങൾക്കുണ്ടാകുന്ന തേയ്മാനം അതിന്റെ മാനവ മൂലധനതേയ്മാനത്തിനും കാലാന്തരത്തിൽ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും ക്ഷയത്തിനും കാരണമാകുന്നു.

iii. പ്രധാനപ്പെട്ട മദ്ധ്യവർത്തി പ്രവർത്തന മേഖല കേന്ദ്ര ബാങ്കിന്റെ അധികാരപരിധിക്ക്‌ പുറത്താകുമ്പോൾ ഷാഡോ ബാങ്കിങ് നടക്കുകയും അതിൽ സ്വകാര്യ മേഖലയിലെ ഒരു ചെറിയ വിഭാഗത്തിന് നേട്ടങ്ങളുണ്ടാകുകയും ചെയ്യുമെങ്കിലും ബാങ്കിങ് വ്യവസ്ഥയ്ക്കുണ്ടാകാവുന്ന അപചയങ്ങൾ നിമിത്തം വന്നു ചേരുന്ന സാമ്പത്തിക ദൗർബല്യങ്ങൾ കാരണം പിൻതലമുറയ്ക്കു വലിയ വില നൽകേണ്ടി വന്നേക്കാം.

തീരുമാനങ്ങളെടുക്കുന്നതിൽ കേന്ദ്ര ബാങ്കിന്റെയും സർക്കാറിന്റെയും ഭാഗത്തുള്ള യോജിപ്പില്ലായ്മയുടെ കാരണം, കേന്ദ്ര ബാങ്ക് ഔപചാരികമായി സർക്കാരിന്റെ നിർവഹണ വിഭാഗത്തിൽ നിന്നും വേർപെട്ടതാണെന്ന് രണ്ടു പക്ഷവും മനസ്സിലാക്കി അംഗീകരിക്കുന്നിടത്തോളം കാലം കേന്ദ്ര ബാങ്കിന്റെ പ്രവർത്തനത്തിൽ ഒരു പൊരുത്തക്കേടും ഉണ്ടാകില്ല. കേന്ദ്രബാങ്കിന്റെ പക്ഷത്തു തെറ്റുകളുണ്ടാകാം എങ്കിലും അത് പൊതുവായി പറഞ്ഞാൽ പാർലമെന്റിന്റെ പരിശോധനയ്ക്കു വിധേയമായതിനാലും സുതാര്യ മാനദണ്ഡങ്ങളാലും അതിലൂടെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തമുണ്ട്. ഇപ്രകാരം സ്ഥാപനത്തിന്റെ സ്വാതന്ത്ര്യം, സുതാര്യത, പൊതുജനങ്ങളോടുള്ള ഉത്തരവാദിത്ത്വം എന്നിവ കേന്ദ്ര ബാങ്കിന്റെ സ്വയംഭരണാവകാശത്തെ സമതുലിതമാക്കുക മാത്രമല്ല കൂടുതൽ ബലപ്പെടുത്തുക കൂടി ചെയ്യുന്നു. എന്നാൽ കേന്ദ്ര ബാങ്കിന്റെ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകളും എതിർപ്പുകളും അതിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു.

"കിസ് ഓഫ് ഡെത്ത്” (മരണ ചുംബനം) - കമ്പോളങ്ങളുടെ ഉഗ്രകോപം

സർക്കാരിലെ ദീർഘദൃഷ്ടിയുള്ള നേതാക്കൾ സ്ഥൂലസമ്പദ്ഘടനയുടെ സ്ഥിരതയ്ക്കു വേണ്ടി നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ കെല്പുള്ളവരായിരിക്കും. ഉദാഹരണത്തിന് സാമ്പത്തിക മേഖലയിലെ പ്രവർത്തന ഫലങ്ങൾക്ക്‌ ദീർഘകാലസ്വഭാവം ലഭിച്ചത് കേന്ദ്ര ബാങ്കിന് തീരുമാനങ്ങൾ എടുക്കുന്നതിലും അതിന്റെ പ്രധാനപ്രവർത്തനങ്ങൾ നടത്തുന്നതിലും ലഭിച്ച സ്വാതന്ത്ര്യം കൊണ്ടായിരുന്നു. സ്ഥിരതയുള്ള സാമ്പത്തിക സമൃദ്ധിയുടെ ഒഴിച്ചുകൂടാൻ വയ്യാത്ത ഘടകമാണ്‌ സ്വതന്ത്ര കേന്ദ്ര ബാങ്ക് എന്ന സമഗ്ര വീക്ഷണം നഷ്ടപ്പെടുമ്പോൾ, കേന്ദ്ര സർക്കാരിന്റെ ഹ്രസ്വ ദൃഷ്ടി സാർവത്രികമാകുമ്പോൾ, കേന്ദ്ര ബാങ്കിനെയും അതിന്റെ തീരുമാനങ്ങളെയും അത് ബാധിക്കുമ്പോൾ നിർഭാഗ്യകരമായ അപകടങ്ങൾ നടന്നേക്കാം. സ്ഥൂല സാമ്പത്തിക വ്യവസ്ഥയുടെ കൈകാര്യം ചെയ്യൽ, സ്ഥിരത കൈവരിക്കലും ദിശാബോധം നഷ്ടപെടലും തമ്മിലുള്ള ഒരു വടംവലി ആയിത്തീർന്നേക്കാം. ദൈനംദിന പ്രവർത്തന തീരുമാനങ്ങൾ അധികാര വടംവലിയിലേക്ക്‌ നയിക്കുന്നു. അതോടൊപ്പം തന്നെ അതിന്റെ സ്വാതന്ത്ര്യം കരണ്ടു നശിപ്പിക്കുന്ന ആസന്നമായ സമ്മർദ്ദങ്ങൾക്ക് മുന്നിൽ വിശ്വാസ്യത നിലനിർത്താൻ പിന്നോട്ട് വളയാൻ നിർബന്ധിതമാകുമ്പോൾ പോലും അതിന്റെ സ്വാതന്ത്ര്യത്തിൽ കടിഞ്ഞാണിടാനുള്ള എതിർശ്രമങ്ങൾ വർധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ ബലതന്ത്രം പ്രവർത്തിക്കുമ്പോൾ കമ്പോളങ്ങൾ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. അസ്ഥിരത വളരുകയും കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യത്തിലും വിശ്വാസ്യതയിലും ഭംഗം വരുകയും ചെയ്യുമ്പോൾ കമ്പോളങ്ങൾ ബോണ്ട് വരുമാനത്തിന് പ്രഹരമേല്പിക്കുകയും വിനിമയ നിരക്കുകൾ ഇടിയുകയും ചെയ്യുന്നു.

ഞാൻ വിശദീകരിക്കാം:

ആധുനിക സമ്പദ് വ്യവസ്ഥകൾ ഒട്ടുമിക്കതും സ്വയം പര്യാപ്തമല്ല. അവർ നിക്ഷേപങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്നത് മൂലധന കമ്പോളങ്ങളെയാണ്. സർക്കാരുകളെ സംബന്ധിച്ച് ഇതു പ്രത്യേകിച്ചും ശരിയാണ്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിദേശ നാണ്യങ്ങളിലുള്ള കൂടിയ സോവറിൻ അല്ലെങ്കിൽ അതുപോലുള്ള ഡെറ്റ് വിപണിയിൽ കാണുന്നത്. പണപ്പെരുപ്പവും സാമ്പത്തിക അസ്ഥിരതയും പോലുള്ള ദീർഘകാല നഷ്ടസാദ്ധ്യതകൾ പെരുകുമ്പോൾ കമ്പോളങ്ങൾ സോവറിൻ ഡെറ്റ് പിടിച്ചെടുക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾ എല്ലാം വർജ്ജിക്കുകയും ചെയ്തേക്കാം. അങ്ങനെ സംഭവിച്ചാൽ അത് സമ്പദ് വ്യവസ്ഥയിലെ വിദേശ മേഖലയ്ക്ക് നഷ്ടസാദ്ധ്യത വരുത്തിക്കൊണ്ട് വിദേശവിനിമയ നിക്ഷേപ കമ്പോളങ്ങളിലേക്കും ഉടനടി കടന്നെത്തുന്നു.

അതിനാൽ കേന്ദ്ര ബാങ്കിനും കേന്ദ്ര സർക്കാരിനും ഇടയിൽ (പൊതുവെ, നിയന്ത്രണ സ്ഥാപനങ്ങൾ) അങ്ങോട്ടുമിങ്ങോട്ടും ഓടി കളിക്കുന്ന മൂന്നാമത്തെ കളിക്കാരൻ - കമ്പോളം - അതിന്റെ സാന്നിധ്യം ഒരു പ്രധാന വിലയിരുത്തൽ പ്രക്രിയയാണ്. കമ്പോളത്തിന് കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യം കുറക്കുന്നതിനെതിരെ സർക്കാരിനെ അച്ചടക്കം പഠിപ്പിക്കാൻ കഴിയും. അതോടൊപ്പം സർക്കാരിന്റെ അതിക്രമങ്ങൾക്ക് വില കൊടുപ്പിക്കാനും കമ്പോളത്തിന് കഴിയുന്നതാണ്. രസകരമായ ഒരു കാര്യം, സർക്കാർ സമ്മർദ്ദത്തിന് കീഴിലാകുമ്പോൾ ഉത്തരവാദിത്ത ബോധത്തോടും സ്വതന്ത്രമായും ഇരിക്കാൻ കമ്പോളം കേന്ദ്ര ബാങ്കുകളെ കൂടി നിർബന്ധിതരാക്കുന്നു.5

മുഖവുരയിൽ ഞാൻ വിശദീകരിച്ച 2010 ലെ അർജന്റീനയിലെ സംഭവകഥയിലെ പ്രക്ഷോഭവും കുറ്റപ്പെടുത്തലുകളും കൂടാതെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഈ വർഷം പ്രത്യക്ഷപ്പെട്ട കമ്പോളത്തിലെ സോവറിൻ ബോണ്ട് കറൻസി മെൽറ്റ് ഡൌൺ കേന്ദ്ര ബാങ്കിന്റെ നാണ്യ നയ തീരുമാനങ്ങളിൽ ഉണ്ടായ സർക്കാർ ഇടപെടലുകൾ ത്വരിതപ്പെടുത്തുകയുണ്ടായി. കേന്ദ്ര ബാങ്കിന്റെ തീരുമാന പ്രക്രിയയെ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ആഗ്രഹം ഇടയ്ക്കിടക്ക് പൊതുജനങ്ങളെ അറിയിക്കാൻ ശ്രമിച്ചതും ഒരു കാരണമാണ്. ഒരവസരത്തിൽ ഉയരുന്ന പണപ്പെരുപ്പത്തിന്റെയും വർധിക്കുന്ന ധനകമ്മിയുടെയും പശ്ചാത്തലത്തിൽ നിരക്ക് കുറയ്ക്കൽ നാശം വരുത്തി. മറ്റൊന്നിൽ പണപ്പെരുപ്പം രണ്ടക്കത്തിലായിരുന്നപ്പോൾ പലിശ നിരക്ക്‌ വർധനയുടെ "ദ്രോഹങ്ങളെ" കുറിച്ച് ഭരണത്തിലെ ഉന്നതന്മാരുടെ പൊതുപ്രഖ്യാപനമായിരുന്നു.

യഥാർത്ഥത്തിൽ കുറ്റപ്പെടുത്തൽ ഉയർന്നു വരുന്ന കമ്പോളങ്ങൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല. വർധിക്കുന്ന പണപ്പെരുപ്പത്തിന്റെയും ധനകമ്മിയുടെയും സമയത്ത്‌ ലോകത്തിലെ ഏറ്റവും വലിയ സുരക്ഷിത സമ്പദ് വ്യവസ്ഥയിൽ പണഞെരുക്കം ഏർപ്പെടുത്തുന്നതിൽ സർക്കാരിന്റെ ഭയവും നിരാശയും പൊതുവായി വെളിവാക്കുമ്പോൾ നിക്ഷേപകരുടെ മനസ്സിൽ ഉയരുന്നത് അതിന്റെ കരുതൽ ധനനില അതിനു ശേഷം വെറുതെ വിശ്വസിക്കാനാവില്ല എന്നാണ്. (കേന്ദ്ര ബാങ്കിന് സ്വാതന്ത്ര്യം ലഭിക്കേണ്ട കാലം കഴിഞ്ഞു - ഒരു സംവാദം, ദി എക്കണോമിസ്റ്, ഒക്ടോബർ 20, 2018)

ബാർക്കിലിയിലെ കാലിഫോർണിയ സർവകലാശാലയിലെ എക്കണോമിക്സ്/ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ ബാരി ഐക്കൺഗ്രീൻ അടുത്ത കാലത്തു (2018) എഴുതിയ കമ്പോളത്തിന്റെ പങ്കിനെകുറിച്ചുള്ള വിമർശനാത്‌മക വിലയിരുത്തൽ അതിഗംഭീരമായിട്ടുണ്ട്.

“എന്തുകൊണ്ടാണ് രാജ്യങ്ങൾ വൈദഗ്ധ്യം കണക്കിലെടുത്തു നിയമിക്കപ്പെട്ട സാങ്കേതിക വിദഗ്ധർക്ക് നാണ്യ നയതീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ചാർത്തികൊടുക്കുന്നത് എന്നതിന് ശരിയായ കാരണങ്ങളുണ്ട്. അവർക്ക്‌ ദീർഘമായ കാഴ്ചപ്പാടുണ്ട്. ഹ്രസ്വകാല നേട്ടങ്ങൾക്ക്‌ വേണ്ടി നാണ്യ നയ കാര്യങ്ങളിൽ കൃത്രിമത്വം കാണിക്കാനുള്ള പ്രലോഭനത്തെ പ്രതിരോധിക്കാൻ അവർക്ക്‌ കഴിയും. ചരിത്രം കാണിച്ച് തന്നിട്ടുള്ളത് പോലെ ദീർഘകാല സ്ഥിരതയുടെ ആനുകൂല്യം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. ഈ പ്രവർത്തനങ്ങളിന്മേലാണ് തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കൾ ശരിയായിട്ടോ തെറ്റായിട്ടോ വിധിക്കപ്പെടുന്നത്.

ചിന്താശീലമുള്ള രാഷ്ട്രീയ നേതാക്കൾ ഇതു മനസിലാക്കുന്നു. കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യത്തെ അവർ പിന്തുണക്കുകയും കേന്ദ്ര ബാങ്കിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ എല്ലാ രാഷ്ട്രീയക്കാരും ചിന്താശീലരല്ല. ദീർഘകാല നേട്ടങ്ങൾക്ക്‌ വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ പോലും എല്ലാവർക്കുമില്ല. നിയമിക്കപെട്ടവർ അവരുടെ ആഗ്രഹങ്ങൾക്ക് മുൻപിൽ തല കുനിച്ചില്ലെങ്കിൽ അവർ സന്തോഷവാന്മാരാകില്ല. കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യത്തിലും കൂടുതൽ വിശാലമായി പറഞ്ഞാൽ കീഴ്‌നടപ്പുകളെയും പാരമ്പര്യ സ്ഥാപനങ്ങളെയും അവർ മാനിക്കുന്നില്ല, അത് കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യത്തിലായാലും അധികാരം പങ്കു വയ്ക്കുന്നതിലായാലും.

അവർ കമ്പോളങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം.”

ബാരി ഐക്കൺഗ്രീൻ സൂക്ഷ്മമായി വീക്ഷിക്കുന്നത് എന്തെന്നാൽ ഒരു സർക്കാർ, കമ്പോളങ്ങളിൽ ശ്രദ്ധ വയ്ക്കുന്നു എങ്കിൽ കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യം വാസ്തവത്തിൽ അതിന്റെ ശക്തിയാണെന്നും കേന്ദ്ര ബാങ്ക് ഒരു വിധത്തിൽ അതിന്റെ യഥാർത്ഥ സുഹൃത്താണെന്നും മനസിലാക്കുന്നു. അപ്രിയ സത്യങ്ങൾ അറിയിക്കുകയും സർക്കാർ നയങ്ങളുടെ പ്രതികൂല ദീർഘകാല അനന്തര ഫലങ്ങൾ കഴിയുന്നിടത്തോളം ദൂരീകരിക്കുന്ന ഒരു സുഹൃത്.

ഇതെല്ലാം എങ്ങനെ റിസർവ് ബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു

പരേതനായ ദീന ഘട്ട്ഘട റിസർവ് ബാങ്കിനെ പണ്ഡിതോചിതമായി വിലയിരുത്തുന്നുണ്ട്. അധികാരങ്ങളുടെ വേർപെടുത്തലിനെയും ഉരസ്സലിനെയും പറ്റിയുള്ള ഒരു പഠനത്തിലെ (2005) വിലയിരുത്തലുകൾ താഴെ കൊടുക്കുന്ന സംവാദത്തിൽ ഒരു പാട് ആശ്രയിച്ചിട്ടുണ്ട്. പിൽക്കാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ നാളതീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ പശ്ചാത്തലത്തിൽ കേന്ദ്ര ബാങ്കിന്റെ സ്വയംഭരണവും സ്വാതന്ത്ര്യവും എന്ന വിഷയത്തെപ്പറ്റിയുള്ള മറ്റു വിശിഷ്ടമായ ചർച്ചകൾ ഉൾക്കൊള്ളുന്നതാണ് മുൻ ഗവർണർമാരായ ഡോ. സി രംഗരാജൻ, (1993), ഡോ. വൈ.വി. റെഡ്‌ഡി (2001, 2007) എന്നിവരുടെ പ്രസംഗങ്ങൾ. മറ്റു ഗവർണർമാരും ഡെപ്യൂട്ടി ഗവർണർമാരും താഴെ പറയും പോലെ തുടർന്ന് വരുന്ന ഈ പ്രമേയം അവരുടെ കാലത്തു സജീവമാക്കിയിരുന്നു. റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യം എന്നുള്ളത് എന്തായാലും രാഷ്ട്രം മുറുകെപ്പിടിക്കുന്ന ഒരു വെല്ലുവിളിയയായി തുടരുന്നു.

റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യ പുനഃസ്ഥാപനത്തിനുള്ള മുന്നേറ്റം

റിസർവ് ബാങ്കിന് പലവിധങ്ങളായ പ്രധാന അധികാരങ്ങളും ലഭിച്ചിട്ടുള്ളത് 1934 ലെ റിസർവ് ബാങ്ക് നിയമം, 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം എന്നിവ വഴിയാണ്. ഇക്കാലമത്രയും റിസർവ് ബാങ്കിന്റെ പ്രവർത്തന സ്വാതന്ത്ര്യം പുനഃസ്ഥാപിക്കൽ ഫലപ്രദമായി നടപ്പിൽ വരുത്തുവാൻ ഭരണത്തിൽ വരുന്ന സർക്കാരുകളും അനവധി സാമ്പത്തിക വിദഗ്ധരും നിരവധി കമ്മിറ്റികളും (അവരുടെ റിപ്പോർട്ടിൽ കൂടി) വലിയ കാൽവയ്പുകൾ നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പുരോഗതിയുള്ള മൂന്നു മേഖലകൾ ഞാൻ സ്പർശിക്കാം:

(1) നാണയനയം: സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സോഷ്യലിസ്റ്റ് നയങ്ങൾക്കനുസൃതമായി എല്ലാ തരത്തിലുമുള്ള പലിശ നിരക്കുകൾ നടപ്പിൽ വരുത്തുകയും സമ്പദ്ഘടനയുടെ വിവിധ മേഖലകൾക്ക്‌ വായ്പ വകയിരുത്തലുകൾ നടത്തുകയുമുണ്ടായി. 1990 കളിൽ പലിശനിരക്കുകൾ സ്വതന്ത്രമാക്കിയപ്പോൾ നാണ്യ നയത്തിന് ഒരു പുതിയ മാനം വന്നു. നിരക്കുകൾ നിശ്ചയിക്കാൻ ആരംഭത്തിൽ ഒരു ബഹുവിധ സൂചക സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഒരു ലക്‌ഷ്യം ഒരു ഉപാധി എന്ന ടിൻബർഗ്ഗാൻ തത്വത്തിന് എതിരായിരുന്നു ധന നയത്തിന്റെ ബഹുവിധ ഉദ്ദേശങ്ങൾ. പലിശ നിരക്ക് സംവിധാനം കൊണ്ട് നേടുന്നതെന്താണെന്നു മനസ്സിലാക്കുവാനും പ്രചരിപ്പിക്കുവാനും പ്രയാസമുണ്ടായിരുന്നു. ഈ സമീപനം റിസർവ് ബാങ്ക് ഗവർണർ എന്ന ഏക വ്യക്തിയുടെ തലത്തിൽ മാത്രം നിയന്ത്രണത്തിന്റെ വിവേചനാധികാരവും നാണ്യ നയ തീരുമാനവും ഒതുക്കി നിർത്തി. ഇതു സർക്കാരിന് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സമ്മർദ്ദം പ്രയാഗിക്കുന്നത് എളുപ്പമാക്കി.

നോബൽ പുരസ്‌കാര ജേതാക്കളായ ഫിൻ കിഡ് ലാൻഡ്, എഡ്‌വേഡ്‌ പ്രിസ്കോട് എന്നിവരുടെ രചനകളിൽ 1970 കളിലും 1980 കളിൽ ആദ്യവും, ചൂണ്ടിക്കാട്ടിയ കാലവുമായി ഒത്തുപോകാതിരിക്കൽ പ്രശ്‍നം ഒഴിവാക്കുവാൻ വിവേചനത്തെക്കാൾ ചട്ടങ്ങൾ ആണ് മെച്ചം എന്ന അടിസ്ഥാനത്തിലുള്ള കൃത്യമായ ഒരു സംവിധാനമാണ് ഇത്. വിവേചനാടിസ്ഥാനത്തിലുള്ള പണ നയം സർക്കാർ സമ്മർദ്ദങ്ങൾക്ക് വിധേയമായി അനിയന്ത്രിതമായ പണപ്പെരുപ്പത്തെ സ്പർശിക്കാതെ അവസാനിക്കും. എന്നാൽ ചട്ടങ്ങൾക്ക് വിധേയമായ പണനയത്തെ വളയ്ക്കാനും പണപ്പെരുപ്പത്തെ തൊടാതെ മാറ്റി നിർത്താനും പ്രയാസമാണ്.6

2013 സെപ്റ്റംബറിൽ പണപ്പെരുപ്പത്തോടും അത് സംബന്ധമായ പ്രതീക്ഷകളോടും അന്നത്തെ ഗവർണർ രഘുറാം ജി രാജൻ യുദ്ധപ്രഖ്യാപനം നടത്തി. 2014 ൽ നാണ്യ നയ ചട്ടക്കൂട് പരിഷ്കരിക്കാനും ബലപ്പെടുത്താനും ഊർജിത് പട്ടേൽ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് പുറപ്പെടുവിച്ചു. അവസാനമായി നാണ്യ നയ കമ്മിറ്റി (MPC) രൂപീകരിക്കുവാൻ 2016 ഓഗസ്റ്റിൽ റിസർവ് ബാങ്ക് നിയമം പരിഷ്കരിക്കുകയും ചെയ്തു.

നാണ്യ നയ കമ്മിറ്റിയിൽ ഗവർണർ ഉൾപ്പെടെ 3 റിസർവ് ബാങ്ക് അംഗങ്ങളും പുറത്തു നിന്നും സർക്കാർ നിയമിക്കുന്ന 3 അംഗങ്ങളും ഉണ്ട്. ഗവർണർക്ക്‌ കാസ്റ്റിംഗ് വോട്ടവകാശം ഉണ്ടായിരിക്കും. MPCയ്ക്ക് മദ്ധ്യകാലാടിസ്ഥാനത്തിൽ ഉപഭോക്തൃവിലസൂചിക (CPI) അടിസ്ഥാനമാക്കിയ പണപ്പെരുപ്പ നിരക്ക് 4 % എന്ന അയവുള്ള ലക്‌ഷ്യം നിയമപരമായി നൽകിയിട്ടുണ്ട്. ലക്‌ഷ്യം നേടുന്നതിനുള്ള പ്രവർത്തന സ്വാതന്ത്ര്യവും MPC പ്രമേയത്തിന്റെ സുതാര്യതയും അത് സംബന്ധിച്ച ഉത്തരവാദിത്തവും ഉള്ളപ്പോൾ തന്നെ സംക്ഷിപ്ത രൂപത്തിൽ ഓരോ കമ്മിറ്റി അംഗത്തിന്റെയും തീരുമാനങ്ങൾ, നാണ്യ നയ റിപ്പോർട്ട്, തുടർച്ചയായി മൂന്നു പാദങ്ങളിലെ പണപ്പെരുപ്പ ലക്ഷ്യത്തിൽ നിന്നും +/-2 ശതമാനത്തിൽ കൂടുതൽ ചാഞ്ചല്യമുണ്ടെങ്കിൽ അത് സംബന്ധിച്ച് സർക്കാരിന് രേഖാമൂലമുള്ള ഒരു റിപ്പോർട്ട് എന്നിവയും MPC സമർപ്പിക്കേണ്ടതാണ്.

രണ്ടു വർഷം പ്രായമായ MPC, ദീർഘ കാല ബോണ്ട് വരുമാനം കുറക്കുന്നതിനും വിനിമയ നിരക്ക് സുസ്ഥിരമാക്കുന്നതിനും സ്ഥിര പരിശ്രമം നടത്തിയിട്ടുണ്ട്.

MPC പണനയത്തിന് സ്ഥാപനപരമായ ഒരു അടിത്തറ നൽകി എന്നത് അവിതർക്കിതമാണ്. കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യത്തിന്റെ ഈ വശം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിയമ ഭേദഗതികൾ നടത്തിയതിന് കാണിച്ച ദീർഘദർശനത്തിനും ധന നയത്തിൽ ഇടപെടാതിരിക്കുന്നതിനും(പുറമെ നിന്നുള്ളവരെ നിയമിക്കുന്നതൊഴിച്ച്) സർക്കാർ വളരെ ബഹുമതി അർഹിക്കുന്നു.

(2) കടം കൈകാര്യം ചെയ്യൽ: സ്വാതന്ത്ര്യാനന്തരം പല ദശകങ്ങൾ സർക്കാർ അതിന്റെ ധനകമ്മി നികത്തുവാൻ ഹ്രസ്വകാല ട്രഷറി ബില്ലുകളെയാണ് ഉപയോഗിച്ചിരുന്നത്. അസാധാരണമാം വിധം കുറഞ്ഞ പലിശ നിരക്കുണ്ടായിരുന്ന ഇവ വിറ്റിരുന്നത് റിസർവ് ബാങ്കായിരുന്നു. റിസർവ് ബാങ്കിന്റെ പൊതുകമ്പോള ഇടപെടലുകളും പ്രാഥമികമായി സർക്കാരിന്റെ ബോണ്ട് ആദായം കൈകാര്യം ചെയ്യുന്നതിനായിരുന്നു. ഇങ്ങനെ സർക്കാരിന്റെ അമിതമായ ചിലവഴിക്കൽ പണമാക്കി മാറ്റിയത് റിസർവ് ബാങ്കാണ്. ഒട്ടും അതിശയോക്തി ഇല്ലാതെ പറയട്ടെ, ഭാരതത്തിൽ ഉയർന്ന പണപ്പെരുപ്പം നിലനിന്നത് മിൽട്ടൺ ഫ്രീഡ്മാൻ, തോമസ് സർജന്റ് എന്നീ നോബൽ ജേതാക്കളെ തൃപ്‌തിപ്പെടുത്തുവനായിരുന്നു. പണപരവും സാമ്പത്തികവും ആയ പ്രതിഭാസമാണ് ഉയർന്ന പണപ്പെരുപ്പം എന്ന് എപ്പൊഴും വാദിച്ചിരുന്നവരാണ് ഈ രണ്ടു പേരും.

അവസാനം കമ്മിയെ പണമാക്കിമാറ്റുന്ന പണപ്പെരുപ്പ അപകട സാദ്ധ്യതയുള്ള ഈ പ്രക്രിയ 1994-97 കാലത്തു സർക്കാരും റിസർവ് ബാങ്കും ചേർന്ന് പരിമിതപ്പെടുത്തുകയുണ്ടായി. 2003 ലെ ഫിസ്കൽ റെസ്പോണ്സിബിലിറ്റി ആൻഡ് ബഡ്ജറ്റ് മാനേജ്‌മന്റ് നിയമം (FRBM നിയമം) റിസർവ് ബാങ്കിനെ സർക്കാർ സെക്യൂരിറ്റി വില്പനയിൽ നിന്നും തടഞ്ഞു. വിദേശ നാണ്യ ഇടപെടലുകൾ കൊണ്ട് ആഭ്യന്തര പണവിതരണത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നിർവീര്യമാക്കാനും സമ്പദ്ഘടനയുടെ പണസംബന്ധമായ ആവശ്യങ്ങൾക്കും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ നടപ്പിലാക്കി. ഈ മാറ്റങ്ങൾ വഴി സർക്കാരിന്റെ കടബാദ്ധ്യത കൈകാര്യം ചെയ്യൽ റിസർവ് ബാങ്കിന്റെ ഉത്തരവാദിത്തമായി.

കൂടുതലായി, നിയമപരമായ പണലഭ്യതാ അനുപാതവും(SLR) പണം കരുതൽ അനുപാതവും(CRR) ഏതാണ്ട് യുക്തമായ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഉദാഹരണത്തിന് പണലഭ്യതാ അനുപാതത്തിന്റെ കാര്യത്തിൽ അത് ക്രമമായി കുറച്ചു കൊണ്ട് വരുന്നുണ്ട്; അത് ബാസൽ III ലിക്വിഡിറ്റി കവറേജ് അനുപാതവുമായി ഒത്തു പോകണം എന്ന ലക്ഷ്യത്തോടെ.

(3) വിനിമയ നിരക്ക് കൈകാര്യം ചെയ്യൽ: സ്വാതന്ത്ര്യശേഷം പഞ്ചവത്സര പദ്ധതികളിൽ വിനിമയ നിരക്കുൾപ്പെടെയുള്ള നിരക്കുകൾ സ്ഥിര സംഖ്യകളായി കണക്കിലെടുത്തിരുന്നു; എങ്ങനെയായാലും രൂപയുടെ യഥാർത്ഥ മൂല്യം കമ്പോള വിലകൾക്കനുസരിച്ചും സ്ഥൂല സമ്പദ് വ്യവസ്ഥ സ്ഥിതിക്കനുസരിച്ചും മാറികൊണ്ടിരിക്കുന്നതിനാൽ സ്റ്റെർലിങ് നിക്ഷേപത്തിന് നീതീകരിക്കാനാകാത്ത പ്രഹരമേൽക്കേണ്ടി വന്നു. രൂപയുടെ അടിസ്ഥാന യഥാർത്ഥ വിലയേയും വലിയ തോതിൽ ബാധിച്ചു. പക്ഷെ സർക്കാർ കമ്മിയെ നിരുപാധികമായി താങ്ങി നിർത്തിയിരുന്ന നാണ്യ നയവും കടം കൈകാര്യം ചെയ്യലും നിമിത്തം യഥാർത്ഥത്തിൽ ഇത് വെളിയിൽ വന്നില്ല. വിനിമയ നിരക്ക് സ്ഥിരമായി നിർത്തിയിരുന്നതിനാൽ അതിലെ അസന്തുലിതാവസ്ഥ ഒഴിവാക്കാനാകാത്ത വിധം വർധിക്കുന്നത് ഒരു നിശ്ശബ്ദ കാഴ്ചക്കാരനായി റിസർവ് ബാങ്കിന് നോക്കി നിൽക്കേണ്ടി വന്നു (അക്കാലത്തു ലോകം മുഴുവൻ ആ സ്ഥിതിയിലായിരുന്നു എന്ന് വാദിക്കാം). 1993 ന് ശേഷം വിനിമയ നിരക്ക് പൂർണമായും ഒരു സ്ഥിര നിരക്കായിരിക്കുന്നതിൽ നിന്നും ക്രമേണ മാറി, എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും കമ്പോള നിയന്ത്രിത നിരക്കായി രൂപപ്പെട്ടു. റിസർവ് ബാങ്ക് വിദേശ മൂലധന ഒഴുക്കിനെ വരുതിയിലാക്കാൻ കരുതൽ ധന മാനേജ്മെന്റും വിവേക പൂർവമായ മറ്റു നിയന്ത്രണങ്ങളും അണിനിരത്തുന്നു. പലിശ നിരക്ക് നയത്തിനായി പണ പെരുപ്പ സംബന്ധമായ അയവുള്ള തീരുമാനവും ധനകമ്മി നികത്തൽ ഇനി ഒരിക്കലും പണ-പര പ്രവർത്തനങ്ങളുടെ ഉദ്ദേശമല്ലാത്തതിനാലും ആഗ്രഹിക്കുന്ന തരത്തിലുള്ള വിനിമയ നിരക്ക് കൈകാര്യം ചെയ്യൽ റിസർവ് ബാങ്കിന് അധീനമായിരിക്കുന്നു.

റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യം നിലനിർത്തുന്നതിനുള്ള വെല്ലുവിളികൾ

റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യം നില നിർത്തുന്നതിൽ വിടാതെ നിൽക്കുന്ന കുറച്ച് പ്രധാന ദൗർബല്യങ്ങൾ നില നിൽക്കുന്നു. റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യത്തെ ഉറപ്പിക്കാൻ വേണ്ടി അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും ഭാരതത്തിലെ സാമ്പത്തിക മേഖലയുടെ മൂല്യനിർണയ പരിപാടിയിൽ (FSAP-2017) ഏതാനും ചില പ്രത്യേക മേഖലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ FSAP ഭാരതത്തെ ‘ഭൗതികമായി അനുവർത്തനത്തിൽ അല്ല’ എന്ന് വിലയിരുത്തുന്നു.

(1) പൊതുമേഖലാ ബാങ്കുകളുടെ നിയന്ത്രണം: പൊതുമേഖലാ ബാങ്കുകൾക്കെതിരെ പൂർണ തോതിലുള്ള നടപടികൾ എടുക്കാൻ നിയമപരമായി റിസർവ് ബാങ്കിന് പരിമിതികളുണ്ട്. എന്നാൽ സ്വകാര്യ മേഖല ബാങ്കുകളെ സംബന്ധിച്ച് അങ്ങനെയല്ല. ആസ്തി പിടിച്ചെടുക്കൽ, നിലവിലുള്ള ബോർഡിനെയും മാനേജ്മെന്റിനെയും ഒഴിവാക്കി പകരം സ്ഥാപിക്കൽ, ലൈസൻസ് പിൻവലിക്കൽ, ലയനം അല്ലെങ്കിൽ വില്പന എന്നീ നടപടികൾ സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ ആകാമെങ്കിലും പൊതുമഖല ബാങ്കുകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണാധികാരങ്ങൾ ഉടമസ്ഥാവകാശം കണക്കിലെടുത്താവണം എന്ന നിലപാടിനെപറ്റി 2018 മാർച്ചിൽ ഗവർണർ പട്ടേൽ നടത്തിയ പ്രസംഗത്തിൽ റിസർവ് ബാങ്കിന്റെ ഈ പരിമിതികളുടെ പ്രധാന പ്രത്യാഘാതങ്ങൾ എടുത്തു കാട്ടിയിരുന്നു. FSAP യിൽ നിന്നും ആവർത്തിക്കുന്നത് (ഖണ്ഡിക 39 - ഉത്തരവാദിത്വങ്ങൾ, ഉദ്ദേശങ്ങൾ, അധികാരങ്ങൾ, സ്വാതന്ത്ര്യം എന്നിവ സമാഹരിച്ചു കൊണ്ട്, ബേസൽ കോർ പ്രിൻസിപ്പിൾസ് ഡീറ്റൈൽഡ് അസ്സെസ്സ്മെന്റ് റിപ്പോർട്ട്) "റിസർവ് ബാങ്ക് സ്വകാര്യ മേഖലാ ബാങ്കുകളിന്മേൽ പ്രയോഗിക്കുന്ന എല്ലാ അധികാരങ്ങളും പൊതുമേഖലാ ബാങ്കുകളുടെ മേലും പ്രയോഗിക്കുവാൻ നിയമം ഭേദഗതി ചെയ്യണം; പ്രത്യേകിച്ചും ബോർഡ് അംഗങ്ങളെ നീക്കൽ, ലയനങ്ങൾ, ലൈസൻസ് പിൻവലിക്കൽ ..... റിസർവ് ബാങ്ക് ലൈസൻസ് പിൻവലിക്കുമ്പോൾ സർക്കാരിന് അപ്പീൽ നൽകുവാനുള്ള അവകാശവും റദ്ദു ചെയ്യണം. നിയമപരമായ മാറ്റങ്ങൾ വരുത്താൻ പ്രയാസമാണെങ്കിൽ നാണ്യ നയത്തിന്റെ കാര്യത്തിൽ അടുത്ത കാലത്തു ചെയ്തത് പോലെ റിസർവ് ബാങ്കിന്റെ പ്രവർത്തന അധികാരത്തിനും മേൽനോട്ടത്തിനും നിയന്ത്രണത്തിനും ഉള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്ന കരാറിന്റെ ഒരു ചട്ടക്കൂട് സ്വീകരിക്കുന്ന കാര്യം റിസർവ് ബാങ്കും സർക്കാരും പരിഗണിക്കണം"

(2) റിസർവ് ബാങ്കിന്റെ ബാക്കിപത്രത്തിന്റെ ശക്തി

കേന്ദ്ര ബാങ്കിന്റെ പ്രവർത്തനഫലമായി എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ അത് വഹിക്കുന്നതിന് മതിയായ കരുതലുകൾ, ലാഭം പങ്കു വയ്ക്കുന്നതിന് ഉചിതമായ ചട്ടങ്ങൾ (മൂലധന വർധന, കരുതൽധന വർധന എന്നിവയ്ക്ക് ബാധകമായ ചട്ടങ്ങൾ ഉൾപ്പെടെ) എന്നിവ കേന്ദ്ര ബാങ്കിന് സർക്കാരിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിന്റെ പ്രധാന അംശങ്ങളായി പരിഗണിക്കുന്നു. (ഉദാഹരണത്തിന് മോസർ-ബോഹെം, 2006 കാണുക.) ഇക്കാര്യത്തിൽ തുടർന്നുപോകുന്ന, ശല്യപ്പെടുത്തുന്ന പ്രശ്നമാണ് റിസർവ് ബാങ്കിന്റെ മിച്ചം സർക്കാരിന് കൈമാറുന്നതിനുള്ള ചട്ടങ്ങൾ (കോജൻസിസ്‌, 2018 "റിസർവ് ബാങ്കിന്റെ മൂലധന മിച്ചമായി സർക്കാർ കണക്കാക്കുന്നത് 3.6 ലക്ഷം കോടി രൂപ, അത് മിച്ചമായി കണക്കാക്കി ആവശ്യപെടുന്നു) ഈ പ്രശ്‍നം ഞാൻ എന്റെ മുഖവുരയിൽ സൂചിപ്പിച്ച അർജന്റീനിയൻ ഉദാഹരണവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. രാകേഷ് മോഹൻ (2018) അദ്ദേഹത്തിന്റെ മൂന്നു ഭാഗങ്ങളുള്ള ‘റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റിനെ രക്ഷിക്കൂ’ എന്ന അടുത്ത കാലത്തെ ലേഖന പരമ്പരയിൽ ഈ വിഷയം സമർത്ഥമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. അതിൽ അദ്ദേഹം എന്ത് കൊണ്ട് ഒരു കേന്ദ്ര ബാങ്കിന് സമ്പത് വ്യവസ്ഥക്ക് വേണ്ടിയുള്ള പ്രധാന പ്രവർത്തനങ്ങൾ പൂർണമായി നിർവഹിക്കുവാൻ ഒരു ശക്തമായ ബാലൻസ് ഷീറ്റ് വേണമെന്ന് വിശദീകരിക്കുന്നു.

അദ്ദേഹത്തിന്റെ പ്രധാന വാദമുഖങ്ങൾ ഞാൻ താഴെ ഉദ്ധരിക്കുന്നു:

ഒന്നാമത്തേത്, ….. ചിലവുകൾ ഫണ്ട് ചെയ്യുവാൻ സർക്കാർ തന്നെ പുതിയ സെക്യൂരിറ്റികൾ പുറപ്പെടുവിക്കുന്നു എങ്കിൽ ദീർഘകാല ധനപര അനന്തര ഫലങ്ങൾ ഒന്ന് തന്നെ ആയിരിക്കും. റിസർവ് ബാങ്കിന്റെ മൂലധനത്തെ സഹായിക്കുന്നത് വഴി കാലാന്തരത്തിൽ സർക്കാരിന് പുതിയ വരുമാനമൊന്നും സൃഷ്ടിക്കപെടുന്നില്ല, ഹ്രസ്വ കാലത്തേക്ക് വെറുതെ കിട്ടുന്ന പണമെന്നത് ഒരു ഭ്രമം മാത്രം.

" രണ്ടാമത്തേത്, ... ധനപരമായ വിവേകം പാലിക്കുന്നതിനുള്ള സർക്കാറിന്റെ ഉദ്ദേശത്തിൽ എത്ര തന്നെ വിശ്വാസം ഉണ്ടെങ്കിലും ഇപ്രകാരമുള്ള കൈമാറ്റം നടത്തുമ്പോൾ ആ വിശ്വാസം നഷ്ടമാകും.

"മൂന്നാമത്തേത്...തത്വത്തിൽ പൂജ്യത്തിന് താഴെയുള്ള ലെവൽ ഉൾപ്പെടെ വിശാല പരിധിയിലുള്ള മൂലധന ലെവലുകളോട് കൂടി കേന്ദ്ര ബാങ്കിന് നാണ്യ നയം ഉചിതമായി നടപ്പിലാക്കാൻ കഴിയും. എന്നാൽ പ്രയോഗത്തിൽ ഇതിന് ധന കമ്പോളങ്ങളിലും പൊതുജനങ്ങൾക്കിടയിലും വിശ്വാസ്യത നഷ്ടപ്പെടുന്നു. അങ്ങനെയായാൽ അതിന് മൂലധന അപര്യാപ്തത ഉണ്ടെന്നു കാണുകയോ ഗണനീയമായ വിധം നഷ്ടം ഉണ്ടാകുകയോ ചെയ്താൽ അതിന്റെ ലക്‌ഷ്യം നേടാൻ കഴിയാതെ വരുന്നു.

കേന്ദ്ര ബാങ്കിന്റെ നഷ്ട സാദ്ധ്യതയെ സംബന്ധിച്ചുള്ള ഭയം മിഥ്യയാണോ? ഇന്റർനാഷണൽ ബാങ്ക് ഫോർ സെറ്റിൽമെന്റിന്റെ (BIS) അഭിപ്രായത്തിൽ 108 കേന്ദ്ര ബാങ്കുകളിൽ 43 എണ്ണം 1984 നും 2005 നും ഇടയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും നഷ്ടം റിപ്പോർട്ട് ചെയ്തു. ചിലർ വാദിക്കുന്നത് സർക്കാരിന് എല്ലായ്‌പോഴും കേന്ദ്ര ബാങ്കിന് ആവശ്യമെങ്കിൽ വീണ്ടും മൂലധനം നൽകാം എന്നാണ്. തത്വത്തിൽ ഇത് തീർച്ചയായും സത്യമാണ്. എന്നാൽ പ്രയോഗത്തിൽ, ഭാരതത്തിന്റെ കാര്യത്തിലെന്ന പോലെ, താരതമ്യേന ഉയർന്ന കടം - GDP അനുപാതമുള്ള, സർക്കാറുകൾ പോലും ധനപരമായ സമ്മർദ്ദങ്ങളിൽ പെട്ട് വിഷമിക്കുന്ന സാഹചര്യങ്ങളിൽ ഇത് വളരെ പ്രയാസകരമാണ്. അത് പോലെ പ്രധാനമാണ് കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യത്തിന് വരുന്ന ശോഷണവും, യാഥാർഥ്യത്തിലും കൂടുതൽ പ്രാധാന്യത്തോടെ, ദർശനത്തിലും......

ഒരിക്കൽ കൂടി, വിവേകം പുലർന്നു … കേന്ദ്ര ബാങ്കിന്റെ ബാലൻസ് ഷീറ്റ് സർക്കാർ റെയ്ഡ് ചെയ്തില്ല.”

(3) നിയന്ത്രണ പരിധി: അന്തിമ പ്രശ്‍നം നിയന്ത്രണ പരിധിയുടേതാണ്. ഏറ്റവും അടുത്ത കാലത്തുള്ള സംഭവം ഒരു പ്രത്യേക പേയ്മെന്റ്റ് റെഗുലേറ്ററെ നിയമിച്ച് പേയ്മെന്റും, സെറ്റിൽമെന്റും സംവിധാനങ്ങളിൽ ബാങ്കിന്റെ അധികാരം മറികടക്കാനുള്ള ശുപാർശയാണിത്. ഈ ശുപാർശയ്ക്കെതിരെയുള്ള വിയോജനക്കുറിപ്പ് 2018 ഒക്ടോബർ 19 ന് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമാപനം

നന്ദിയുടെയും സമർപ്പണത്തിന്റെയും പുനർചിന്തനത്തിന്റെ ചില കുറിപ്പുകളോടെ ഞാൻ അവസാനിപ്പിക്കട്ടെ. ശ്രി മലെഗാമിനെ അദ്ദേഹത്തിന്റെ വിജ്ഞാനം കൊണ്ടും ചിന്തയിലുള്ള വ്യക്തത കൊണ്ടും സൂക്ഷ്മഗ്രഹണ സാമർഥ്യം കൊണ്ടും വ്യക്തിപരമായി ഞാൻ ആരാധിക്കുന്നു. അദ്ദേഹം റിസർവ് ബാങ്കിലെ ബോർഡ് അംഗം ആയിരുന്നു. ഈ വർഷത്തെ എ ഡി ഷ്‌റോഫ് മെമ്മോറിയൽ ലെക്ച്ചർ നടത്താൻ എന്നെ ക്ഷണിച്ചതിന് ഞാൻ താങ്കൾക്ക് നന്ദി പറയുന്നു.

പരേതനായ അർദഷീർദറബഷാ ഷ്‌റോഫ് ഐക്യ രാഷ്ട്ര സഭയുടെ യുദ്ധാനന്തര സാമ്പത്തിക നാണ്യ ക്രമീകരണങ്ങളെ കുറിച്ചുള്ള 1944 ലെ “ബ്രെട്ടൻ വുഡ്‌സ് കോൺഫറൻസിൽ” പങ്കെടുത്ത പ്രതിനിധി സംഘത്തിലെ അനൗദ്യോഗിക അംഗമായിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയുടെയും ലോക ബാങ്കിന്റെയും എക്സിക്യൂട്ടീവ് ബോർഡിൽ ഭാരതത്തിന് സ്ഥിര അംഗത്വം നേടിയെടുക്കുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ദൗത്യം. നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല. 1954ൽ ഫ്രീ ഫോറം എന്റർപ്രൈസസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. പൊതു ചർച്ചകളിലൂടെ സ്വാതന്ത്ര്യാനന്തരം ഭാരത സർക്കാരിൽ ഉടലെടുത്ത സോഷ്യലിസ്റ്റ് പ്രവണതകൾക്ക് എതിർ വാദങ്ങൾ അവതരിപ്പിക്കുകയായിരുന്നു ഫോറം ചെയ്തിരുന്നത്. സുചേതാ ലാൽ രചിച്ച എ ഡി ഷ്‌റോഫ് - ടൈറ്റൻ ഓഫ് ഫിനാൻസ് & ഫ്രീ എന്റർപ്രൈസ്(2000) എന്ന ജീവചരിത്രത്തിൽ ലോക ബാങ്കിന്റെ ഏറ്റവും ജനസമ്മതരായ പ്രസിഡണ്ട്മാരിൽ ഒരാളായ ജോർജ് വുഡ്‌സ് അദ്ദേഹത്തിനെ കുറിച്ച് പറഞ്ഞ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് :

“തന്റെ അഭിപ്രായങ്ങൾ ഒളിച്ചു വച്ച വ്യക്തിയാണ് എ ഡി ഷ്‌റോഫ് എന്ന് ആർക്കും കുറ്റപ്പെടുത്താനാവില്ല. അദ്ദേഹത്തിന്റെ ജീവിത സായാഹ്‌ന വർഷങ്ങളിൽ ഭാരതത്തിൽ അത്തരം അഭിപ്രായങ്ങൾ ഒരു ഫാഷനായിരുന്നില്ല. എന്നാലും അദ്ദേഹത്തെ പോലെ അപൂർവം ദേശ സ്നേഹികൾ മാത്രമേ ഭാരതത്തിൽ ഉറച്ച നിക്ഷേപ അവസരങ്ങൾക്കായി മൂലധനം നൽകുന്നവരുടെ ഇടയിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുവാൻ ശ്രമിച്ചിട്ടുള്ളു”.

എല്ലാ വിനയത്തോടും കൂടി, “രാജ്യനന്മക്കായി നയങ്ങളെ വിമർശിക്കാനുള്ള” എ ഡി ഷ്‌റോഫിന്റെ സ്വാതന്ത്ര്യത്തെ അനുകരിച്ചു കൊണ്ട് ഇന്നത്തെ അവസരം സ്വതന്ത്ര നിയന്ത്രണ സ്ഥാപനങ്ങളുടെ പ്രാധാന്യം, പ്രത്യേകിച്ച് സ്റ്റേറ്റിന്റെ അമിതമായ ആധിപത്യത്തിൽ നിന്നും സ്വതന്ത്രമായ ഒരു കേന്ദ്ര ബാങ്കിന്റെ പ്രമേയമാണ് ഞാൻ തിരഞ്ഞെടുത്തത്. ഈ പ്രമേയം പെട്ടെന്ന് വികാരവിക്ഷുബ്ധമാക്കുമെങ്കിലും നമ്മുടെ സമ്പദ്ഘടനയുടെ ഭാവിക്ക്‌ അതിനേക്കാളും അമിത പ്രാധാന്യമുള്ളതാണെന്ന് ഞാൻ വാദിക്കുന്നു. അദ്ദേഹത്തിന്റെ സ്വതന്ത്ര സാമ്പത്തിക ചർച്ചകൾക്കും നയ രൂപീകരണത്തിനും അദ്ദേഹം സൃഷ്ടിച്ചിട്ടുള്ള അനശ്വര പാരമ്പര്യത്തോടു ഞാൻ അല്പമെങ്കിലും നീതി പുലർത്തിയിട്ടുണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഈ പ്രക്രിയയിൽ റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യം തേടുന്നതിൽ പ്രത്യേകിച്ചും നാണ്യ നയ ചട്ടക്കൂടിന്റെ കാര്യത്തിൽ നമ്മൾ നല്ല പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെ ന്ന് നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ ധനപരവും സ്ഥൂല സാമ്പത്തികപരവുമായ സ്ഥിരത കൈവരിക്കാൻ വേണ്ടി റിസർവ് ബാങ്കിന് പൊതുമേഖലാ ബാങ്കുകൾക്ക് മേൽ മേൽനോട്ട നിയന്ത്രണ അധികാരങ്ങളിലും അതിന്റെ ബാലൻസ് ഷീറ്റിന്റെ ശക്തിപ്പെടുത്തലിലും നിയന്ത്രണ പ്രവർത്തന വ്യാപ്തിയിലും ഫലപ്രദമായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ തുടരേണ്ടതുണ്ട്. അത് ശരിയായ ഒരു തിരഞ്ഞെടുക്കലിന്റെ കാര്യം മാത്രമാണ്. രാഷ്ട്രങ്ങൾക്ക് വലിയ അപകടമുണ്ടാക്കുന്ന തരത്തിൽ കേന്ദ്ര ബാങ്കുകളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്ന ലോകത്തിന്റെ പല ഭാഗങ്ങളും സാക്ഷ്യം വഹിക്കുന്ന ഒരു കാഴ്ചയാണ് ഞാൻ വിവരിച്ചിട്ടുള്ളത്.

എന്റെ മുൻ NYU സ്റ്റെൻ സഹപ്രവത്തകൻ, വിൽ സിൽബർ, അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ ജീവചരിത്രത്തിൽ, വോൾകാർ: ദി ട്രയംഫ് ഓഫ് പെർസിസ്റ്റൻസ് (2012) എങ്ങനെയാണ്‌ 1980കളിൽ അന്നത്തെ ഫെഡറൽ റിസർവ് ഗവർണർ പോൾ വോൾക്കർ പണപ്പെരുപ്പ നിയന്ത്രണത്തിനായി പലിശ നിരക്ക് നിശ്ചയിക്കുന്നതിൽ പിശുക്കൻ സമീപനമാണ് കൈക്കൊണ്ടതെന്ന് വളരെ വിശദമായി വിവരിക്കുന്നുണ്ട്. പ്രസിഡന്റ് റീഗന്റെ വികസനോന്മുഖ, കമ്മി അടിസ്ഥാന പ്രകടന പത്രികയുടെ കുറഞ്ഞ നിരക്കിന് വേണ്ടിയുള്ള സമ്മർദ്ദങ്ങളെ എതിർത്തു നിന്നതിന് പുറമെ തുടർന്ന് പോകുന്ന ഉയർന്ന ധന കമ്മിയുടെ അപകടങ്ങളെ പറ്റി വോൾക്കർ പ്രസിഡന്റിനെ ബോധ്യപ്പെടുത്തുകയും അതിന്റെ ഫലമായി ധന കമ്മിയ്ക്കു കടിഞ്ഞാണിടുകയും പണ പെരുപ്പത്തെ കൂടുതൽ മെരുക്കുകയും ചെയ്തു. വോൾക്കറുടെ പണപ്പെരുപ്പത്തെക്കുറിച്ചുള്ള കടുത്ത നിലപാടും സർക്കാരിന്റെ ധനപരമായ പരിപാടികളുടെ അപകടങ്ങളെ സംബന്ധിച്ച തുറന്ന മനസ്സും ഫെഡറൽ റിസർവിനെ വാസ്തവത്തിൽ പ്രസിഡന്റ് റീഗന്റെ യഥാർത്ഥ സുഹൃത്താക്കി മാറ്റി എന്നാണ് എനിക്ക് വാദിക്കാനുള്ളത്.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യത്തിന്മേൽ സർക്കാർ പക്ഷത്തു നിന്നും കൂടുതൽ പരിഗണന പ്രതീക്ഷിച്ച് കഴിയുന്നു. അതെ സമയം സ്വതന്ത്ര കേന്ദ്ര ബാങ്കർമാർ ഭയപ്പാടില്ലാതെ തുടരുകയും ചെയ്യന്നു. കേന്ദ്ര ബാങ്കുകളുടെ സ്വാതന്ത്ര്യം മാനിക്കാത്ത സർക്കാരുകൾ ഉടനെയോ അല്ലെകിൽ പിന്നീടോ പണപരമായ കമ്പോളങ്ങളുടെ കോപം നേരിടുകയും സാമ്പത്തികാഗ്നി ജ്വലിപ്പിക്കുകയും, ഒരു പ്രധാന നിയന്ത്രണ സ്ഥാപനത്തിന് നാശം വരുത്തുന്ന ആ ദിവസം പരിതപിക്കുകയും ചെയ്യും. എന്നാൽ ഇവരുടെ എതിർ ചേരിയിൽ നിൽക്കുന്ന സ്വതന്ത്രമായ കേന്ദ്ര ബാങ്കുള്ളവർക്ക്‌ ചെലവ് കുറഞ്ഞ കടമെടുപ്പ്, അന്താരാഷ്ട്ര നിക്ഷേപക സ്നേഹം, കൂടുതൽ ജീവിത കാലയളവ് എന്നിവ സന്തോഷത്തോടെ അനുഭവിക്കാനാകും.


1 ഈ പ്രമേയം ഒരു പ്രസംഗത്തിന്റെ വിഷയമാക്കി സമഗ്ര പഠനം നടത്തുവാൻ നിർദ്ദേശിച്ചതിനും ദിവംഗതനായ ദീനഘടഘട്ടയുടെ ഈ വിഷയത്തിലെ പഠനങ്ങൾ പരിചയപ്പെടുത്തിയതിനും തുടർച്ചയായ പ്രോത്സാഹനത്തിനും മാർഗനിർദ്ദേശങ്ങൾക്കും ഭാരതീയ റിസർവ് ബാങ്ക് ഗവർണർ Dr. ഉർജിത് R പട്ടേലിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. നിരന്തരമായ ചർച്ചകളിലൂടെ ഈ വിഷയത്തിൽ ഉൾക്കാഴ്ച നല്കാൻ സഹായിച്ച റിസർവ് ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണറും യാൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ രാകേഷ് മോഹൻ; റിസർവ് ബാങ്ക് കേന്ദ്ര ബോർഡിൽ അംഗമായിരുന്ന കാലയളവിൽ ബിൽ,മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷനിലെ Dr. നചികേത് മോർ; എന്റെ സഹപ്രവർത്തകൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായ N S വിശ്വനാഥൻ; എക്സിക്യൂട്ടീവ് ഡയറക്ടറും പണ നയ സമിതി അംഗവുമായ Dr. മൈക്കിൾ D പത്ര; കൂടാതെ റിസർവ് ബാങ്കിലെ ജോസ് കാട്ടൂർ, മൃദുൽ സഗ്ഗർ, വിനീത് ശ്രീവാസ്‌തവ എന്നിവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

2 സാമ്പത്തിക മേഖലയിലെ നയങ്ങൾക്കുണ്ടകുന്ന കുഴപ്പങ്ങളും അതുമായി ബന്ധപ്പെട്ട അപകട സാദ്ധ്യതകളായ സാമ്പത്തിക മാന്ദ്യം, economic repression എന്നിവയും; പണമൊഴുക്കും പണ ചിലവും കാലാകാലങ്ങളിൽ വർധിപ്പിക്കുന്ന ജനപ്രീതിക്കായുള്ള സർക്കാരിന്റെ അന്ധമായ നയങ്ങളുടെ പൂർണവും താത്വികവും സൈദ്ധാന്തികവുമായ വിശകലനത്തിന് ആചാര്യ & രാജൻ (2013) കാണുക.

3 വീടിന്റെ ഉടമസ്ഥതയും ഈടു നൽകലും പിന്താങ്ങിയിരുന്ന അമേരിക്കയിലെ സർക്കാർ സ്പോൺസേർഡ് സ്ഥാപനങ്ങളുടെ സാന്നിധ്യം നല്ല ഉദാഹരണമാണ്. ഈ സ്ഥാപനങ്ങൾ ഫെഡറൽ റിസർവിന്റെ നിയന്ത്രണ പരിധിയ്ക്കു വെളിയിലാണെങ്കിലും തുടർച്ചയായി വരുന്ന സർക്കാരുകൾ ജനപ്രീതിക്കായി ഇത്തരം സ്ഥാപനങ്ങളെ ഉപയോഗിക്കുകയും അത് സമ്പദ് മേഖലയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും 2007-08 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനും തുടർന്ന് ആഗോള സാമ്പത്തിക തകർച്ചയ്ക്കും കാരണമാകുകയും ചെയ്തു. (വിശദമായ വിവരങ്ങൾക്ക് ആചാര്യ, വാൻ നിയൂവെർബർഗ്, റിച്ചാർഡ്സൺ, വൈറ്റ്, 2011 കാണുക)

4 വ്യവസ്ഥാനുസാരമായി പ്രാധാന്യമുള്ള ഷാഡോ ബാങ്കിങ് മേഖലയിലും കേന്ദ്ര ബാങ്കിന് നിയന്ത്രണാധികാരങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ചർച്ച - ആചാര്യ (2015) കാണുക.

5 മൈക്കിൾ പത്രയുടെ രസകരമായ നിർദ്ദേശം - സർക്കാരിന്റെയും കേന്ദ്ര ബാങ്കിന്റെയും കടമകളെ കുറിച്ച് വ്യക്തമായ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിന് പുറമെ ലോക വ്യാപാര സംഘടനയിലുള്ളത് മാതിരി തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാനുള്ള ഒരു വേദിയും ഉണ്ടാകേണ്ടതാണ്. ഒരു റഫറിയുടെ സാന്നിധ്യം അഭിപ്രായ വ്യത്യാസങ്ങളെ ലക്ഷ്യബോധത്തോടെ ഉൾകൊള്ളാനും തീരുമാനത്തിലെത്തുവാനുള്ള ചക്രവാളങ്ങൾ പ്രത്യക്ഷപ്പെടുത്താനും സഹായിക്കുന്നു. കേന്ദ്ര ബാങ്കിനും കേന്ദ്ര സർക്കാരിനും (അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്താൽ) "അവിടെ പോകുക, തർക്കിക്കുക, അവശനായി പക്ഷെ, വിവേകത്തോടെ തിരിച്ച് വരിക, കാരണം വിധികർത്താക്കൾ ഒരാളെ വിജയിയായി പ്രഖാപിച്ചിരിക്കുന്നു"

6 അനിവാര്യമായ നിയമപരമായും സ്ഥാപന സംബന്ധിയായും ഉള്ള വ്യവസ്ഥകൾ, പ്രാഥമികമായി ഫലപ്രദമായ പണ നയം ആവിഷ്കരിക്കുന്നതിനുള്ള കേന്ദ്ര ബാങ്കിന്റെ പ്രവർത്തന സ്വാതന്ത്ര്യം, എന്നിവയെ കുറിച്ചുള്ള സൈദ്ധാന്തികമായ അടിസ്ഥാനം രൂപപ്പെടുത്തിയ ബുറ്റെർ, സൈബർട് (2000) കാണുക

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?