<font face="mangal" size="3px">ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേ - ആർബിഐ - Reserve Bank of India
ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളെക്കുറിച്ച് ആർബിഐ മുന്നറിയിപ്പ് നൽകുന്നു
ജൂലൈ 22, 2022 ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളെക്കുറിച്ച് 10 വർഷത്തേക്ക് പ്രവർത്തന രഹിതമായ സേവിംഗ്സ്/ കറന്റ് അക്കൗണ്ടുകളിലെ ബാലൻസുകൾ, അല്ലെങ്കിൽ കാലാവധി പൂർത്തിയായി 10 വർഷത്തിനുള്ളിൽ ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റുകൾ എന്നിവ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളായി തരം തിരിച്ചിരിക്കുന്നു. ഈ തുകകൾ ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിപാലിക്കുന്ന “ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ്” (DEA) ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു. എന്നിരുന്നാലും, നിക്ഷേപകർക്ക് ബാധകമായ പലിശ സഹിതം അത്തരം നിക്ഷേപങ്ങൾ കൈവശം വച്ചിരിക്കുന്ന ബാങ്കുകളിൽ നിന്ന് പിന്നീടുള്ള കാലയളവിൽ ക്ലെയിം ചെയ്യാൻ അർഹതയുണ്ട്. എങ്കിലും, കാലാകാലങ്ങളിൽ ബാങ്കുകളും ആർബിഐയും പൊതുജന ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തിയിട്ടും, ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രവണത കാണുന്നു. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് പ്രധാനമായും നിക്ഷേപകർ തുടരാൻ ഉദ്ദേശിക്കാത്ത സേവിംഗ്‌സ്/കറന്റ് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാത്തത് മൂലമോ അല്ലെങ്കിൽ കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങൾക്കായി ബാങ്കുകളിൽ റിഡംപ്ഷൻ ക്ലെയിമുകൾ സമർപ്പിക്കാത്തതിനാലോ ആണ്. മരണപ്പെട്ട നിക്ഷേപകരുടെ അക്കൗണ്ടുകളുടെ കാര്യത്തിൽ, നോമിനികൾ/ നിയമപരമായ അവകാശികൾ ബന്ധപ്പെട്ട ബാങ്കിൽ(കളിൽ) ക്ലെയിം ചെയ്യാൻ മുന്നോട്ടുവരാത്ത കേസുകളും ഉണ്ട്. അത്തരം നിക്ഷേപകരെയും മരണമടഞ്ഞ നിക്ഷേപകരുടെ നോമിനികളെ/ നിയമപരമായ അവകാശികളെയും സഹായിക്കുന്നതിന്, തിരിച്ചറിയാൻ കഴിയുന്ന ചില വിശദാംശങ്ങളോടെ തങ്ങളുടെ വെബ്‌സൈറ്റിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകൾ ഇതിനകം ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരം നിക്ഷേപങ്ങൾ ക്ലെയിം ചെയ്യുന്നതിനായി ബന്ധപ്പെട്ട ബാങ്കിനെ തിരിച്ചറിയാനും സമീപിക്കാനും പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2022-2023/S84 |