ബന്ധൻ ബാങ്ക് Ltd., - ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.
ഒക്ടോബർ 29, 2019 ബന്ധൻ ബാങ്ക് Ltd., - ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു. ഫെബ്രുവരി 22, 2013 ലെ സ്വകാര്യ മേഖലയിൽ പുതിയ ബാങ്കുകൾ തുടങ്ങുന്നതിനുള്ള അനുമതി എന്ന വിഷയത്തിലുള്ള മാർഗ നിർദ്ദേശങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പ്രൊമോട്ടർക്ക് കൈവശം വയ്ക്കാവുന്ന ഓഹരികളുടെ പരിധിയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ, അതോടൊപ്പം 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം വകുപ്പ് 22 പ്രകാരം റിസർവ് ബാങ്ക് ചുമത്തിയിട്ടുള്ള നിബന്ധനകൾ എന്നീ കാര്യങ്ങൾ പാലിക്കാത്തതിനാൽ ഒക്ടോബർ 29, 2019ലെ ഉത്തരവ് പ്രകാരം ബന്ധൻ ബാങ്കിന് ഒരു കോടി രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം 47A(1)(c), 46(4)(i) എന്നീ വകുപ്പുകളാൽ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ ന്യൂനതകളാണ് ഈ നടപടിക്ക് ആധാരമെന്നും ബാങ്കും ഇടപാടുകാരും തമ്മിൽ നടന്നിട്ടുള്ള ഇടപാടുകളുടെയും ഉടമ്പടികളുടെയും സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും വ്യക്തമാക്കുന്നു. പശ്ചാത്തലം മുകളിൽ പറഞ്ഞ ലൈസൻസിന് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങളും നിബന്ധനകളും, അനുസരിച്ചു് ആകെയുള്ള ഓഹരി മൂലധനത്തിന്റെ 40%ൽ കൂടുതൽ മൂലധനം ഹോൾഡിങ് കമ്പനിയ്ക്കുണ്ടെങ്കിൽ ബാങ്ക് പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനകം അത് 40% ൽ പരിമിതപ്പെടുത്തേണ്ടതാണ്. ആ നടപടി എടുക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടപ്പോൾ ലൈസൻസിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിന് പിഴ ചുമത്താതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അവ ബോധ്യപെടുത്തുന്നതിനായി കമ്പനിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി. കമ്പനിയുടെ മറുപടി പരിശോധിയ്ക്കുകയും അത് തീരെ തൃപ്തികരമല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും കമ്പനിയുടെ മറുപടിയും കമ്പനി നേരിട്ട് അവതരിപ്പിച്ച വാദങ്ങളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം നിർദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാൽ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസർവ് ബാങ്ക് എത്തുകയും ചെയ്തു. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/1051 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: