RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78517596

കോവിഡ്-19 ന് അനുബന്ധമായ ക്ലേശപരിഹാര രൂപരേഖ

ആര്‍ ബി ഐ/2020-21/16
ഡിഒആര്‍.നം.ബിപി.ബിസി/03/21.04.048/2020-21

ഓഗസ്റ്റ് 6, 2020

എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും (സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ)
എല്ലാ പ്രൈമറി (അര്‍ബന്‍) കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍/സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍/ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും
എല്ലാ ഓള്‍ ഇന്ത്യാ ധനകാര്യ സ്ഥപനങ്ങള്‍ക്കും
എല്ലാ ബാങ്കിങ്-ഇതര ധനകാര്യ കമ്പനികള്‍ക്കും (ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ ഉള്‍പ്പെടെ)

മാഡം/പ്രിയപ്പെട്ട സര്‍,

കോവിഡ്-19 ന് അനുബന്ധമായ ക്ലേശപരിഹാര രൂപരേഖ

വായ്പ എടുത്തവര്‍ ഒരു സാധാരണമായ സാഹചര്യത്തില്‍ തിരിച്ചടവ് മുടക്കം വരുത്തുന്നതിനെ കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2019 ജൂണ്‍ 7-ാം തീയതി പുറപ്പെടുവിച്ച പ്രുഡന്‍ഷ്യല്‍ ഫ്രെയിം വര്‍ക്ക് ഫോര്‍ റെസല്യൂഷന്‍ ഓഫ് സ്‌ട്രെസ്ഡ് അസറ്റ്‌സ്) ഡയറക്ഷന്‍സ് 2019, (''പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക്'') തത്ത്വാധിഷ്ഠിതമായ ഒരു പരിഹാര രൂപരേഖ അവതരിപ്പിക്കുന്നുണ്ട്. വായ്പയെടുത്തവര്‍ക്കുണ്ടാകാവുന്ന സാമ്പത്തിക പ്രയാസങ്ങളുടെ പേരില്‍ എന്തെങ്കിലും സൗജന്യങ്ങള്‍ അനുവദിച്ചു കൊണ്ടുള്ള ഏതൊരു പരിഹാര പദ്ധതിയും 'പ്രുഡന്‍ഷ്യല്‍ ഫ്രെയിം വര്‍ക്'1 മാര്‍ഗരേഖകള്‍ പ്രകാരം നടപ്പാക്കുമ്പോള്‍, ഉടമസ്ഥാവകാശത്തില്‍ ഒരു മാറ്റം ഉണ്ടാകുന്ന സാഹചര്യങ്ങളിലൊഴികെ, ആസ്തി വര്‍ഗീകരണത്തില്‍ ഒരു തരംതാഴ്ത്തല്‍ സംഭവിക്കുന്നു. ഉടമസ്ഥാവകാശത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ നിര്‍ദ്ദിഷ്ട സാഹചര്യങ്ങള്‍ക്ക് വിധേയമായി ആസ്തി വര്‍ഗീകരണം അതേ രൂപത്തില്‍ത്തന്നെ നിലനിര്‍ത്തുകയോ അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുകയോ ചെയ്യുവാനാകും.

2. കോവിഡ്-19 മഹാമാരിയുടെ സാമ്പത്തിക തിക്ത ഫലങ്ങള്‍ സമൂഹത്തിലെമ്പാടുമുള്ള വായ്പക്കാര്‍ക്ക് ഗണ്യമായ സാമ്പത്തിക ക്ലേശങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. നിലവിലുള്ള സംരംഭകര്‍ക്ക് കീഴില്‍ അന്യഥാ നല്ല ഒരു പ്രവര്‍ത്തനമികവ് പുലര്‍ത്തുന്ന അനേകം കമ്പനികളുടെ ദീര്‍ഘകാല ജീവനക്ഷമതയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതാണ് മഹാമാരിയുടെ ഫലമായുണ്ടാകുന്ന സാമ്പത്തികക്ലേശം. ബിസിനസിലേക്ക് പണമെത്തിക്കാനും പുറത്തേക്ക് പണം നല്‍കാനുമുള്ള കഴിവ് വികസിപ്പിച്ചെടുക്കുന്നതിന് അനുരൂപമല്ലാത്ത വിധത്തില്‍ അവയുടെ ഋണഭാരം വര്‍ധിക്കുന്നതാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള വ്യാപകമായ പ്രത്യാഘാതം വായ്പകള്‍ വീണ്ടെടുക്കാനുള്ള മുഴുവന്‍ പ്രക്രിയയെയും ബലഹീനമാക്കുകയും ധനകാര്യ സ്ഥിരതയ്ക്ക് കാര്യമായ ഭീഷണിയുയര്‍ത്തുകയും ചെയ്യും.

3. മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ പരിഗണിച്ച്, പരമപ്രധാനമായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയും, ആത്യന്തികമായി വായ്പക്കാരിലുണ്ടാകാവുന്ന പ്രത്യാഘാതത്തെ ലഘൂകരിക്കാനുമായും പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്കിന്റെ കീഴില്‍ ഒരു ജാലകം സജ്ജമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഉടമസ്ഥാവകാശത്തില്‍ മാറ്റമില്ലാതെ അര്‍ഹമായ കോര്‍പ്പറേറ്റ് വായ്പകളുടെയും വ്യക്തിഗത വായ്പകളുടെയും കാര്യത്തില്‍ അത്തരം വായ്പകളെ പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി സ്റ്റാന്‍ഡേര്‍ഡ് ഇനമായി വര്‍ഗീകരണം നിര്‍വഹിച്ചുകൊണ്ട് ഒരു ക്ലേശ പരിഹാര പദ്ധതി നടപ്പാക്കാന്‍ വായ്പാദായകര്‍ക്ക് അവസരമൊരുക്കാന്‍ വേണ്ടിയാണിത്. ഈ സംവിധാനത്തിന്റെ വിശദവിവരങ്ങള്‍ അനുബന്ധത്തില്‍ നല്‍കിയിരിക്കുന്നു.

4. ഈ സംവിധാനം കോവിഡ് -19 കാരണമായി ക്ലേശമനുഭവിക്കുന്ന വായ്പക്കാര്‍ക്ക് മാത്രമായിരിക്കുമെന്നത് വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ ഈ അനുബന്ധത്തില്‍ വിസ്തരിച്ചിരിക്കുന്ന മേല്‍വിചാര അതിരുകള്‍ക്ക് വിധേയമായി ക്ലേശ പരിഹാര പദ്ധതിയുടെ ജീവനക്ഷമത വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ നിര്‍ണ്ണയിക്കേണ്ടതും ആവശ്യമാണ്. ഇതിലേക്കായി ഓരോ വായ്പാ സ്ഥാപനവും അത്തരത്തിലുള്ള മൂല്യനിര്‍ണ്ണയം നടത്തുന്ന രീതി എപ്രകാരമുള്ളതെന്ന് വിശദമാക്കി ക്കൊണ്ടുള്ള, അവയുടെ ഭരണ നിര്‍വഹണ ബോര്‍ഡ് അംഗീകരിച്ച ഒരു നയം ആവിഷ്‌കരിക്കുകയും, ഓരോ യഥാര്‍ത്ഥ സ്ഥിതിയിലും പ്രയോഗിക്കാവുന്ന മാനദണ്ഡം എന്തായിരിക്കുമെന്ന് വ്യക്തമാക്കുകയും വേണം.

5. ഈ രൂപരേഖയ്ക്ക് കീഴില്‍ ക്ലേശ പരിഹാരത്തിനായി പരിഗണിക്കപ്പെടാനുള്ള യോഗ്യതാമാനദണ്ഡങ്ങള്‍ നിറവേറ്റാത്ത അക്കൗണ്ടുകള്‍ ഒന്നുകില്‍ പ്രുഡന്‍ഷ്യല്‍ ഫ്രെയിം വര്‍ക്കിന്റെ കീഴിലോ, അല്ലെങ്കില്‍ പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് ബാധകമല്ലാത്ത വായ്പാസ്ഥാപനങ്ങളുടെ നിര്‍ദ്ദിഷ്ട വിഭാഗങ്ങള്‍ക്ക് ബാധകമായിട്ടുള്ള പ്രസക്തമായ നിര്‍ദ്ദേശങ്ങള്‍ക്കനുസരണമായോ ക്ലേശപരിഹാരത്തിനായി പരിഗണിക്കുന്ന രീതി തുടരുന്നതായിരിക്കും.

6. ഈ സര്‍ക്കുലറില്‍ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ചില വിഭാഗങ്ങളില്‍പ്പെടുന്ന വായ്പാ സ്ഥാപനങ്ങള്‍ക്ക് പ്രുഡന്‍ഷ്യല്‍ ഫ്രയിംവര്‍ക്ക് അന്യഥാ ബാധകമല്ലെങ്കില്‍ക്കൂടിയും ഈ വായ്പാ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പകളെ ക്കൂടിയും ഈ സംവിധാനത്തിന്‍കീഴില്‍ വരുന്ന ഏതെങ്കിലും ക്ലേശ പരിഹാര രീതിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തദ്ഫലമായി, ഈ സംവിധാനത്തിന്‍ കീഴില്‍ നടപ്പാക്കുന്ന ഏതൊരു ക്ലേശ പരിഹാര പദ്ധതിയ്ക്കും ബാധകമായ നിര്‍ദ്ദിഷ്ട നിര്‍വഹണ സാഹചര്യങ്ങള്‍ പ്രതിപാദിക്കുന്ന പ്രുഡന്‍ഷ്യല്‍ ഫ്രയിംവര്‍ക്ക്, നിയമാനുസാരമായ ഇന്റര്‍ - ക്രെഡിറ്റര്‍ എഗ്രിമെന്റ് (ഐ.സി.ഐ)കള്‍ ഉള്‍പ്പെടെ ഒരു ക്ലേശ പരിഹാരപദ്ധതിയുടെ നിര്‍വഹണത്തിന് ബാധകമായിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും, ഈ സംവിധാനത്തിലെ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാത്ത രീതിയില്‍ എല്ലാ വായ്പാ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കുന്നതാണ്. ഈ പ്രമാണത്തില്‍ ഉപയോഗിച്ചിരിക്കുന്ന സംജ്ഞകള്‍, പ്രത്യേകമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്തിടത്തോളം, അവയ്ക്ക് പ്രുഡന്‍ഷ്യല്‍ ഫ്രെയിം വര്‍ക്കില്‍ നല്‍കിയിരിക്കുന്ന അതേ അര്‍ഥം തന്നെയായിരിക്കും.

താങ്കളുടെ വിശ്വസ്തതയുള്ള

(സൗരവ് സിന്‍ഹ)
ചീഫ് ജനറല്‍ മാനേജര്‍- ഇന്‍- ചാര്‍ജ്ജ് കോവിഡ് – 19


അനുബന്ധം

കോവിഡ് - 19 ന് അനുബന്ധമായ
ക്ലേശ പരിഹാര രൂപരേഖയുടെ നിബന്ധനകള്‍

താഴെ പ്രസ്താവിക്കുന്ന നിബന്ധനങ്ങള്‍ക്ക് വിധേയമായി ഈ രൂപ രേഖ കോര്‍പ്പറേറ്റ് വ്യക്തികളോ അല്ലാത്തതോ ആയ അര്‍ഹരായ വായ്പക്കാര്‍ക്ക് ബാധകമായിരിക്കുന്നതാണ്. ഈ അനുബന്ധത്തിന്റെ ഭാഗം എ വ്യക്തിഗത വായ്പകളുടെ ക്ലേശപരിഹാരത്തിനായുള്ള ആവശ്യക ഉപാധികളെ സംബന്ധിച്ചുള്ളതാണ്. ഭാഗം ബി ആകട്ടെ, മറ്റ് അര്‍ഹരായ വായ്പക്കാരുടെ ക്ലേശ പരിഹാരത്തെ സംബന്ധിച്ചിട്ടുള്ളതും. ഭാഗം സി നിര്‍ദ്ദേശിക്കുന്നത് ഈ സംവിധാനത്തിന്റെ കീഴില്‍ നടപ്പാക്കുന്ന ക്ലേശപരിഹാര പദ്ധതികള്‍ ബാധകമായ വായ്പകളുടെ മേല്‍വിചാര നടപടികളെയാണ്. ഭാഗം ഡി യില്‍ ചേര്‍ത്തിരിക്കുന്നത് ഈ രൂപരേഖ പ്രകാരം നടപ്പാക്കുന്ന ക്ലേശ പരിഹാര പദ്ധതികളുടെ കാര്യത്തില്‍ വായ്പാ സ്ഥാപനങ്ങള്‍ നിര്‍വഹിക്കേണ്ടുന്ന വെളിപ്പെടുത്തലുകളെയാണ്. ഈ ആവശ്യത്തിനായി വായ്പാ സ്ഥാപനങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നിച്ചടക്കം ചെയ്തിരിക്കുന്ന സര്‍ക്കുലറില്‍ അഭിസംബോധന ചെയ്തിരിക്കുന്ന സ്ഥാപനങ്ങളെയാണ്.

2. പ്രുഡന്‍ഷ്യല്‍ ഫ്രയിം വര്‍ക്കിന്റെ 25-28 ഖണ്ഡികകളില്‍ എടുത്തു പറഞ്ഞിരിക്കുന്ന ഒഴിവാക്കലുകള്‍ക്ക് ദോഷകരമാകാത്ത വിധത്തില്‍, ഈ രൂപരേഖ പ്രകാരമുള്ള ക്ലേശപരിഹാര പദ്ധതിയ്ക്കായി താഴെ പറയുന്ന വിഭാഗങ്ങളില്‍ പെടുന്ന വായ്പകാര്‍ക്ക് / വായ്പാ സൗകര്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

എ. 2020 മാര്‍ച്ച് 1 ലെ നിലയനുസരിച്ച് വായ്പാസ്ഥാപനങ്ങളില്‍ നിന്നുമുള്ള മൊത്തം വായ്പ 25 കോടി രൂപയോ അല്ലെങ്കില്‍ അതില്‍ കുറഞ്ഞതോ ലഭ്യമായിട്ടുള്ള എംഎസ്എംഇ വായ്പക്കാര്‍

ബി. 2016 ജൂലായ് 7-ാം തിയതിയിലെ മാസ്റ്റര്‍ ഡൈറക്ഷന്‍ എഫ് ഐ ഡി ഡി. സി.ഒ പ്ലാന്‍ 1/04.09.01/2016-17 (പുതുക്കിയതിന്‍ പ്രകാരം )യിലെ ഖണ്ഡിക 6.1 ലോ അല്ലെങ്കില്‍ പ്രത്യേക വിഭാഗം വായ്പാ സ്ഥാപനങ്ങള്‍ക്ക് ബാധകമായ മറ്റു പ്രസക്ത നിര്‍ദ്ദേശങ്ങളിലോ ഉള്‍പ്പെടുത്തിയിരിക്കുന്ന കൃഷി വായ്പകള്‍.

സി. അംഗങ്ങള്‍ക്ക് കാര്‍ഷിക വൃത്തിക്കായി വായ്പകള്‍ നല്‍കാന്‍ വേണ്ടിയുള്ള പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍ (പിഎസി) ഫാര്‍മേഴ്‌സ് സര്‍വ്വീസ് സൊസൈറ്റികള്‍ (എഫ്എസ്എസ്), ബൃഹത്ത് രൂപത്തിലുള്ള ആദിവാസി മള്‍ട്ടി പര്‍പ്പസ് സൊസൈറ്റികള്‍ (എല്‍എഎംപിഎസ്)എന്നിവയ്ക്ക് നല്‍കിയ വായ്പകള്‍.

ഡി. ധനകാര്യ സേവനദാതാക്കള്‍ക്ക്2 വായ്പാ സ്ഥാപനങ്ങള്‍ നല്‍കുന്ന കടം നല്‍കലുകള്‍.

ഇ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (ഉദാ: മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍), പാര്‍ലമെന്റിന്റെയോ അല്ലെങ്കില്‍ സംസ്ഥാന നിയമ നിര്‍മ്മാണ സഭയുടെയോ ഒരു ആക്ട് അനുസരിച്ച് സ്ഥാപിക്കപ്പെട്ട ഭരണസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വായ്പാ സ്ഥാപനങ്ങള്‍ നല്‍കുന്ന കടങ്ങള്‍.

എഫ്. ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ 2020 മാര്‍ച്ച് 1-നു ശേഷം ദി ഹൗസിങ് ഫിനാന്‍സ് കമ്പനീസ് (എന്‍എച്ച്ബി) ഡയറക്ഷന്‍സ്, 2010 മാസ്റ്റര്‍ സര്‍ക്കുലര്‍ ഖണ്ഡിക 2(1) (ഇസഡ്‌സി) (ii) പ്രകാരം പുന:ക്രമീകരിച്ച അക്കൗണ്ടുകളില്‍ നല്‍കിയിട്ടുള്ള കടങ്ങള്‍. പരാമര്‍ശിക്കപ്പെട്ട രൂപരേഖ പ്രകാരം മറ്റ് വായ്പാസ്ഥാപനങ്ങള്‍ ഒരു ക്ലേശ പരിഹാരപദ്ധതി ഉപയോഗിച്ചിട്ടില്ലെങ്കില്‍ മാത്രമായിരിക്കുമിത്. എന്നു വരികിലും, ഈ സര്‍ക്കുലര്‍ തീയതി മുതല്‍ക്ക്, കോവിഡ്19 മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതം കാരണമായി ആവശ്യമായി വന്ന ഏത് ക്ലേശ പരിഹാര നടപടിയും പരാമര്‍ശിക്കപ്പെട്ട രൂപ രേഖ പ്രകാരം മാത്രമായിരിക്കും കൈകാര്യം ചെയ്യപ്പെടുക.

3. ഈ രൂപ രേഖ പ്രകാരം അര്‍ഹരായ വായ്പക്കാര്‍ക്കായി ജീവനക്ഷമമായ ക്ലേശ പരിഹാര പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വായ്പാദായക സ്ഥാപനങ്ങള്‍ അവയുടെ ബോര്‍ഡുകള്‍ അംഗീകരിച്ച നയങ്ങള്‍ക്ക് രൂപം നല്‍കുന്നു. കോവിഡ് 19 മൂലം വൈഷമ്യമനുഭവിക്കുന്ന വായ്പക്കാര്‍ക്ക് മാത്രമേ ഈ രൂപരേഖ പ്രകാരം ക്ലേശ പരിഹാരപദ്ധതി പ്രകാരമുള്ള സൗകര്യം നല്‍കുന്നുള്ളൂ എന്നത് ഉറപ്പാക്കുകയും വേണം. ബോര്‍ഡ് അംഗീകരിക്കുന്ന നയത്തില്‍, മറ്റ് കാര്യങ്ങളോടൊപ്പം, വായ്പാദായകസ്ഥാപന നയത്തില്‍, മറ്റ് കാര്യങ്ങളോടൊപ്പം, വായ്പാദായക സ്ഥാപനങ്ങള്‍ ക്ലേശ പരിഹാര പദ്ധതി പരിഗണിക്കാന്‍ താത്പര്യപ്പെടുന്ന വായ്പക്കാരുടെ യോഗ്യതയെക്കുറിച്ച് വിശദമാക്കിയിരിക്കണം. ക്ലേശമനുഭവിക്കുന്ന വായ്പക്കാര്‍ക്ക് വേണ്ടി ഒരു ക്ലേശ പരിഹാര പദ്ധതി നടപ്പാക്കുന്നതിന്റെ ആവശ്യകത സമര്‍ത്ഥിക്കുന്നതിനായി യോഗ്യമായ ജാഗ്രതാ പരിഗണനകള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകതയും നയത്തില്‍ പ്രഖ്യാപിച്ചിരിക്കണം

4. ക്ലേശ പരിഹാര പദ്ധതിക്കായി പരിഗണിക്കപ്പെടുന്ന തിരിച്ചടയ്ക്കാന്‍ ബാക്കി നില്‍ക്കുന്ന വായ്പത്തുക കണക്കാക്കേണ്ടത് 2020 മാര്‍ച്ച് 1-ലെ അവസ്ഥ പ്രകാരമായിരിക്കും.

എ. വ്യക്തിഗത വായ്പകളിലെ ക്ലേശ പരിഹാരം

5. വായ്പാസ്ഥാപനങ്ങള്‍ വ്യക്തികള്‍ക്കായി നല്‍കുന്ന വ്യക്തിഗത വായ്പ3 കളിലെ ക്ലേശ പരിഹാരത്തെ സംബന്ധിക്കുന്ന ഭാഗമാണിത്. എന്നു വരികിലും, വായ്പാ സ്ഥാപനങ്ങള്‍ അവയുടെ സ്വന്തം സ്റ്റാഫിന് നല്‍കിയിട്ടുള്ള വായ്പകള്‍ ഈ രൂപരേഖ പ്രകാരം പരിഗണിക്കപ്പെടാന്‍ അര്‍ഹമായിരിക്കുകയില്ല.

6. 2020 മാര്‍ച്ച് 1-ലെ കണക്ക് പ്രകാരം സ്റ്റാന്‍ഡേഡ് വായ്പയായി തരംതിരിച്ചിട്ടുള്ളവയും, 30 ദിവസത്തിലധികം കുടിശ്ശികയാകാത്തവയുമായ വായ്പകള്‍ മാത്രമായിരിക്കും ഈ രൂപ രേഖ പ്രകാരമുള്ള ക്ലേശ നടപടികള്‍ക്ക് അര്‍ഹമായിരിക്കുക.

7. അര്‍ഹരായ വായ്പക്കാരുടെ അക്കൗണ്ടുകള്‍ ഈ രൂപ രേഖ പ്രകാരമുള്ള ക്ലേശ പരിഹാര നടപടികള്‍ ആരംഭിക്കുന്ന തീയതി വരേയ്ക്കും സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍ തുടര്‍ന്നവയായിരിക്കണം. ഈ ഉദ്ദേശ്യത്തിനായി പ്രാരംഭ തീയതിയെന്നത് ഈ രൂപ രേഖ പ്രകാരമുള്ള ക്ലേശ പരിഹാരപദ്ധതി പ്രകാരം മുന്നോട്ട് നീങ്ങാനായി വായ്പക്കാരനും വായ്പാ സ്ഥാപനവും തമ്മില്‍ സമ്മതിച്ച തീയതിയായിരിക്കും.

8. ഈ രൂപരേഖ പ്രകാരമുള്ള ക്ലേശ പരിഹാരപദ്ധതി 2020 ഡിസംബര്‍ 31 ലും വൈകാതെ ആരംഭിച്ചിരിക്കുകയും, ആരംഭത്തീയതി മുതല്‍ക്ക് 90 ദിവസത്തിനകം നടപ്പിലാക്കിയിരിക്കുകയും ചെയ്യേണ്ടതാണ്. എന്നു വരികിലും കഴിയും വേഗം നടപ്പാക്കാനായി വായ്പാ സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടതാണ്.

9. ക്ലേശ പരിഹാര പദ്ധതികളില്‍ മറ്റ് പലതിനോടുമൊപ്പം തിരിച്ചടവ് പുന:ക്രമീകരണം, സംഭൃതമായ അല്ലെങ്കില്‍ സംഭൃതമാകാനുള്ള ഏതെങ്കിലും പലിശയുടേതോ മറ്റൊരു വായ്പാ സൗകര്യങ്ങളോടുള്ളതോ ആയ രൂപാന്തരീകരണമോ അല്ലെങ്കില്‍ പരമാവധി രണ്ടു കൊല്ലമെന്ന പരിധിയ്ക്ക് വിധേയമായി വായ്പക്കാരന്റെ വരുമാന ഗതിയെക്കുറിച്ചുള്ള ഒരു വിലയിരുത്തലിനെ ആധാരമാക്കി അനുവദിക്കുന്ന മൊറോട്ടോറിയമോ പെടാം. ഇതിനനുയോജ്യമായ രീതിയില്‍ വായ്പയുടെ ആകപ്പാടെയുള്ള പൊതു ഭാഗവും സാനുപാതികമായി പരിഷ്‌കരിക്കപ്പെടുന്നതായിരിക്കും. മൊറോട്ടോറിയം അനുവദിക്കുകയാണെങ്കില്‍ അതിന്റെ കാലാവധി ക്ലേശപരിഹാരപദ്ധതി നടപ്പാക്കപ്പെടുന്നയുടന്‍തന്നെ പ്രാബല്യത്തില്‍ വരുന്നതായിരിക്കും.

10. താഴെപ്പറയുന്ന എല്ലാ നിബന്ധനകളും പാലിക്കപ്പെടുകയാണെങ്കില്‍മാത്രമേ ക്ലേശ പരിഹാരപദ്ധതി നടപ്പിലായെന്ന് കരുതപ്പെടുകയുള്ളൂ:

എ. വായ്പാസ്ഥാപനങ്ങളും വായ്പക്കാരും തമ്മില്‍ അവശ്യംവേണ്ടുന്ന ഉടമ്പടികള്‍ ഒപ്പു വയ്ക്കുക.പാര്‍ശ്വസ്ഥ ഈട് എന്തെങ്കിലുമുണ്ടെങ്കില്‍ അവയുടെ രേഖകള്‍ ഹാജരാക്കുക, ബന്ധപ്പെട്ട എല്ലാ പ്രമാണങ്ങളും ഒപ്പിട്ടു വാങ്ങുക. തുടങ്ങിയ നടപടി ക്ലേശപരിഹാര പദ്ധതിക്ക് അനുയോജ്യമായ രീതിയില്‍ വായ്പാസ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ടതാണ്.

ബി. വായ്പാ വ്യവസ്ഥകളിലും നിബന്ധനകളിലും വരുന്ന മാറ്റങ്ങള്‍ കൃത്യമായും വായ്പാസ്ഥാപനങ്ങളുടെ കണക്കു പുസ്തകങ്ങളില്‍ പ്രതിഫലിക്കപ്പെട്ടിരിക്കണം.

സി. പുതുക്കിയ വ്യവസ്ഥകളനുസരിച്ച് വായ്പക്കാരന്‍ വായ്പാസ്ഥാപനത്തില്‍ കുടിശ്ശികക്കാരനായിരിക്കാന്‍ പാടുള്ളതല്ല.

11. മുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന കാലക്രമത്തിന് വിരുദ്ധമായി നടപ്പാക്കപ്പെടുന്ന ഏത് ക്ലേശപരിഹാരപദ്ധതിയും പ്രുഡന്‍ഷ്യല്‍ഫ്രെയിംവര്‍ക്കിന്റേയോ, അല്ലെങ്കില്‍ പ്രുഡന്‍ഷ്യല്‍ ഫ്രെയിം വര്‍ക്ക് ബാധകമല്ലാത്ത പ്രത്യേക വിഭാഗം വായ്പാ സ്ഥാപനങ്ങള്‍ക്ക് ബാധകമായ പ്രസക്തമായ നിര്‍ദ്ദേശങ്ങളുടേയോ അടിസ്ഥാനത്തിലായിരിക്കണം പൂര്‍ണ്ണമായും നിയന്ത്രിക്കപ്പെടുക.

ബി. മറ്റ് വായ്പകള്‍ക്കായുള്ള ക്ലേശപരിഹാരം

12. ഭാഗം 'എ'യില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വിഭാഗങ്ങളില്‍ വായ്പാസ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള അര്‍ഹരായ മറ്റു വായ്പകള്‍ക്കു ബാധകമായവയാണ്. ഭാഗം 'ബി' യില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

13. പരാമര്‍ശിക്കപ്പെട്ട രൂപരേഖ പ്രകാരം സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍ തരംതിരിക്കപ്പെട്ടിട്ടുള്ളവയും2020 മാര്‍ച്ച 1-ലെ നിലയനുസരിച്ച് 30 ദിവസത്തിലധികം കുടിശ്ശികയാകാത്തതുമായ വായ്പാ അക്കൗണ്ടുകള്‍ക്ക് മാത്രമായിരിക്കും ക്ലേശ പരിഹാര പദ്ധതിയില്‍ പരിഗണിക്കപ്പെടാനുള്ള അര്‍ഹത. കൂടാതെ പദ്ധതിയുടെ പ്രാരംഭ തിയ്യതി വരേയ്ക്കും ഈ അക്കൗണ്ടുകള്‍ സ്റ്റാന്‍ഡേഡ് വിഭാഗത്തില്‍ തുടന്‍ന്നവയുമായിരിക്കണം.

14. വായ്പക്കാരന് ഒരൊറ്റ വായ്പാ സ്ഥാപനത്തില്‍ നിന്നു മാത്രമാണ് വായ്പ അനുവദിക്കപ്പെട്ടിരിക്കുന്നതെങ്കില്‍., വായ്പക്കാരന്റെ അപേക്ഷ പ്രകാരം ക്ലേശ പരിഹാര പദ്ധതിയ്ക്കുള്ള തീരുമാനമെടുക്കേണ്ടത് വായ്പാസ്ഥാപനത്തിന്റെ ഭരണ നിര്‍വ്വഹണ ബോര്‍ഡ് അംഗീകരിച്ച നയത്തിനനുസരണമായിരിക്കണം. അത് രൂപരേഖയുടെ അതിരുകള്‍ക്കകത്തുനിന്നുകൊണ്ടുമായിരിക്കണം. ഈ ഉദ്ദേശ്യത്തിനായി പദ്ധതിയുടെ പ്രാരംഭത്തീയതിയായി കണക്കാക്കേണ്ടത്, ഈ രൂപരേഖപ്രകാരം ഒരു പരിഹാരപദ്ധതിയുമായി മുന്നോട്ടു പോകാന്‍ വായ്പക്കാരനും വായ്പാസ്ഥാപനവും സമ്മതിച്ച തീയതിയായിരിക്കും.

15. വായ്പക്കാരന് അനേകം വായ്പാസ്ഥാപനങ്ങള്‍ വായ്പ നല്‍കിയിട്ടുണ്ടെങ്കില്‍ ബാക്കി നില്‍ക്കുന്ന വായ്പയുടെ(ഫണ്ട് അധിഷ്ഠിതമോ ഫണ്ട് ഇതര അധിഷ്ഠിതമോ) 75 ശതമാനം വായ്പ നല്‍കിയ എണ്ണത്തില്‍ 60 ശതമാനത്തില്‍ കുറയാതെയുള്ള വായ്പാ സ്ഥാപനങ്ങള്‍ പരിഹാര പദ്ധതിയ്ക്ക് സമ്മതിച്ചാല്‍ ക്ലേശ പരിഹാര പദ്ധതിയാരംഭിച്ചതായി കണക്കാക്കാവുന്നതാണ്.

16. ഈ രൂപ രേഖ പ്രകാരമുള്ള ക്ലേശ പരിഹാര പദ്ധതി 2020 ഡിസംബര്‍ 31 നപ്പുറം പോകാതെ ആരംഭിക്കേണ്ടുന്നതും, ആരംഭതീയതി മുതല്‍ 180 ദിവസത്തിനകം നടപ്പാക്കിയിരിക്കേണ്ടതുമാണ്.

17. അനേകം വായ്പാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ അവസ്ഥകളിലും ക്ലേശ പരിഹാര നടപടി ആരംഭിക്കുകയും തദ്ഫലമായി ഒരു ക്ലേശ പരിഹാര പദ്ധതി നടപ്പാക്കേണ്ടി വരികയും ചെയ്യുമ്പോള്‍, പദ്ധതിയുടെ പ്രാരംഭ തീയതി മുതല്‍ക്കു 30 ദിവസത്തിനകം ഐസിഎ (ഇന്റര്‍ ക്രെഡിറ്റ് എഗ്രിമെന്റ്) എല്ലാ വായ്പാസ്ഥാപനങ്ങളും ചേര്‍ന്നു ഒപ്പു വയ്‌ക്കേണ്ടതാണ്. ഭവന വായ്പാ കമ്പനികളുടെ കാര്യത്തില്‍, മാസ്റ്റര്‍ സര്‍ക്കുലര്‍- ദി ഹൗസിങ് ഫിനാന്‍സ് കമ്പനീസ്(എന്‍ എച്ച് ബി) ഡയറക്ഷന്‍സ് 2010 ന്റെ ഖണ്ഡിക്. 2(1)(ഇസഡ് സി) ii പ്രകാരം അക്കൗണ്ട് പുന:ക്രമീകരിച്ചിട്ടുണ്ടോ എന്ന് പരിഗണിക്കാതെതന്നെ ഈ നിബന്ധന ബാധകമായിരിക്കും.

18. ക്ലേശ പരിഹാര നടപടി ആരംഭിക്കുകയോ, എന്നാല്‍ ബാക്കി നില്‍ക്കുന്ന മൊത്തം വായ്പത്തുകയുടെ , (ഫണ്ട് അധിഷ്ഠിതമോ ഫണ്ട് ഇതര അധിഷ്ഠിതമോ ആയ) മൂല്യത്തിന്റെ 75 ശതമാനത്തില്‍ കുറവായിരിക്കുകയും വായ്പാസ്ഥാപനങ്ങളില്‍ 60 ശതമാനത്തില്‍ കുറയാതെയായിരിക്കുകയും ചെയ്യുന്ന അവസ്ഥകളില്‍ പദ്ധതി ആരംഭിച്ച് 30 ദിവസത്തിനകം വായ്പാസ്ഥാപനങ്ങള്‍ ഐസിഎ ഒപ്പ് വയ്ക്കാത്തപക്ഷം പദ്ധതി നടപ്പാക്കല്‍ അസാധുവായതായി കരുതപ്പെടുന്നതാണ്. അത്തരം വായ്പക്കാരുടെ കാര്യത്തില്‍ രൂപരേഖ പ്രകാരം ക്ലേശ പരിഹാര നടപടികള്‍ വീണ്ടും ആരംഭിക്കുവാന്‍ കഴിയുകയില്ല.

19. ഈ സര്‍ക്കുലര്‍ പ്രകാരമുള്ള വായ്പാ സ്ഥാപനങ്ങളല്ലാതെ മറ്റാരെങ്കിലും വായ്പക്കാരന് വായ്പ നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന പക്ഷം അവര്‍ക്കു കൂടി ഐസിഎ ഒപ്പുവയ്ക്കാവുന്നതാണ്. അത്തരം വായ്പാദായകര്‍ ഐസിഎ യില്‍ ഒപ്പു വയ്ക്കാത്തപക്ഷം അവര്‍ ഐസിഎ യുടെ നിബന്ധന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ്ണമായും ബാധ്യസ്ഥരായിരിക്കും.

20. ക്ലേശ പരിഹാര പദ്ധതി നടത്തിപ്പിനെ കുറിച്ച് ഐസിഎ യില്‍ ഒപ്പു വച്ച കക്ഷികള്‍ക്കിടയില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അവയെല്ലാം ഐസിഎ യുടെ വ്യവസ്ഥകളനുസരിച്ച് തീര്‍പ്പാക്കേണ്ടതാണ്. അത്തരം തര്‍ക്കങ്ങളില്‍ റിസര്‍വ് ബാങ്ക് മദ്ധ്യസ്ഥത വഹിക്കുന്നതല്ല. ഐസിഎ യില്‍ ഒപ്പു വച്ച ഒരു കക്ഷിയ്ക്ക് എന്തെങ്കിലും തര്‍ക്കം ഉന്നയിക്കാനുണ്ടെങ്കില്‍ ആ കക്ഷിയ്ക്ക് ഒരു നിവര്‍ത്തി മാര്‍ഗം ലഭ്യമാക്കുന്ന ഒരു തര്‍ക്ക പരിഹാര സംവിധാനം ഐസിഎയില്‍ ഉള്‍പ്പെട്ടിരിക്കുന്നുണ്ടെന്നത് വായ്പാ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്.

21. ക്ലേശ പരിഹാര പദ്ധതിയുടെ ആവശ്യകോപാധികളും അവ നടപ്പിലാക്കിയതിനെത്തുടര്‍ന്നുള്ള മേല്‍ വിചാര നടപടികളും പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് ബാധകമല്ലാത്തവയുള്‍പ്പെടെയുള്ള എല്ലാ വായ്പാസ്ഥാപനങ്ങള്‍ക്കും സംയുക്തമായി പ്രയോഗിക്കുന്നു എന്നതിനാല്‍ പരിഹാര പദ്ധതിയുടെ പ്രയോഗ വേളകളിലും തുടര്‍ന്ന് വായ്പാസ്ഥാപനങ്ങള്‍ക്കിടയില്‍ അറിയിപ്പുകള്‍ പങ്കു വയ്ക്കാന്‍ വേണ്ടിയുള്ള ഉചിതമായ സംവിധാനങ്ങള്‍ ഐസിഎയില്‍ ഉണ്ടായിരിക്കണം.

22. മേല്‍പറഞ്ഞ കാലപരിധികളിലേതെങ്കിലും എപ്പോഴെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം ബന്ധപ്പെട്ട വായ്പക്കാരനെ സംബന്ധിച്ചിടത്തോളം ക്ലേശ പരിഹാര പദ്ധതി നടത്തിപ്പ് ഉടന്‍ അവസാനിക്കുന്നതായിരിക്കും. മേല്‍ പറഞ്ഞ കാല പരിധികള്‍ ലംഘിച്ചു കൊണ്ട് ഏതെങ്കിലും ക്ലേശ പരിഹാര പദ്ധതി നടപ്പാക്കുന്ന പക്ഷം അത് പ്രുഡന്‍ഷ്യല്‍ ഫ്രെയിം വര്‍ക്കിന്റേയോ പ്രുഡന്‍ഷ്യല്‍ ഫ്രെയിം വര്‍ക്ക് ബാധകമല്ലാത്ത പ്രത്യേക വിഭാഗം വായ്പാസ്ഥാപനങ്ങള്‍ക്ക് ബാധകമായ പ്രസക്ത നിര്‍ദ്ദേശങ്ങള്‍ക്കോ പൂര്‍ണ്ണമായും വിധേയമായിരിക്കും. ഈ രൂപരേഖ പ്രകാരം ഒരിക്കലും ക്ലേശ പരിഹാര പദ്ധതി ആരംഭിച്ചിട്ടില്ലാത്ത പോലെയായിരിക്കും ഈ അവസ്ഥ പരിഗണിക്കപ്പെടുക.

വിദഗ്ധ സമിതി

23. ധനകാര്യ മാനദണ്ഡങ്ങള്‍ ശിപാര്‍ശചെയ്യുവാന്‍ വേണ്ടി റിസര്‍വ് ബാങ്ക് ഒരു സമിതിയ്ക്ക് രൂപം നല്‍കുന്നതായിരിക്കും. ഈ സമിതിയുടെ അഭിപ്രായത്തില്‍ ഓരോ ക്ലേശ പരിഹാര പദ്ധതിയ്ക്കും ആവശ്യമായ അനുമാനങ്ങളെ ഘടകങ്ങളായി പിരിക്കേണ്ടുന്ന ധനകാര്യ മാനദണ്ഡങ്ങളായിരിക്കും സമിതി ശിപാര്‍ശ ചെയ്യുക. ഓരോ വിഭാഗത്തിനും വേണ്ടിയുള്ള പ്രത്യേക മാനദണ്ഡ ശ്രേണികളും അത്തരം ശിപാര്‍ശകളില്‍ നിര്‍ദ്ദേശിക്കപ്പെടുന്നതാണ്. മറ്റ് കാര്യങ്ങളോടൊപ്പം ലിവറേജ്, ലിക്വിഡിറ്റി, ഡെബ്റ്റ് സര്‍വ്വീസബിലിറ്റി മുതലായ വശങ്ങളെ ഉള്‍ക്കൊള്ളുന്നവയായിരിക്കും ഈ ധനകാര്യ മാനദണ്ഡങ്ങള്‍. ഈ സമിതി വിദ്ഗ്ധ സമിതിയെന്നപേരിലായിരിക്കും അറിയപ്പെടുക.

24. വിദ്ഗ്ധ സമിതി ധനകാര്യ മാനദണ്ഡങ്ങളുടെയും പ്രത്യേക വിഭാഗങ്ങള്‍ക്കും അഭിലക്ഷണീയമായ മാനദണ്ഡശ്രേണികളുടെയും പട്ടിക റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കുന്നതും തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഈ മാനദണ്ഡങ്ങള്‍ക്ക് എന്തെങ്കിലും ഭേദഗതി ഉണ്ടെങ്കില്‍ അവയും നിര്‍ദ്ദേശിച്ചു കൊണ്ട് 30 ദിവസത്തിനകം വിവരം പരസ്യപ്പെടുത്തുന്നതായിരിക്കും.

25. ക്ലേശ പരിഹാര പദ്ധതി ആരംഭിക്കുന്ന സമയത്ത് വായ്പാസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകള്‍ മൊത്തം 1500 കോടിയോ അതിലധികമോ വരുന്നതായ എല്ലാ അക്കൗണ്ടുകളുടെയും കാര്യത്തില്‍ ഈ ജാലകത്തിലൂടെ നടപ്പാക്കുന്ന ക്ലേശ പരിഹാര പദ്ധതികളുടെ സൂക്ഷ്മ പരിശോധന നടത്തേണ്ടുന്ന ഉത്തരവാദിത്വം കൂടി വിദഗ്ധ സമിതിയ്ക്ക് ഉണ്ടായിരിക്കും. വായ്പാസ്ഥാപനങ്ങളുടെ വാണിജ്യ വിഷയകമായ നിര്‍ണ്ണയ രീതികളില്‍ ഇടപെടലുകള്‍ നടത്താതെ , തീരുമാനിച്ചതിന്‍ പ്രകാരമുള്ള എല്ലാ നടപടി ക്രമങ്ങളും ബന്ധപ്പെട്ട കക്ഷികള്‍ പാലിക്കുന്നുണ്ടോ എന്ന് സമിതി പരിശോധിക്കുകയും ദൃഢീകരിക്കുകയും ചെയ്യേണ്ടതാണ്.

26. വിദഗ്ധ സമിതിയുടെ കാര്യാലയം ഇന്‍ഡ്യന്‍ ബാങ്ക്‌സ് അസോസിയേഷനിലായിരിക്കും. സമിതിയുടെ അംഗങ്ങള്‍ക്കുള്ള പ്രതിഫലവും സമിതിയുമായും അതിന്റെ സെക്രട്ടറിയേറ്റുമായും ബന്ധപ്പെട്ട എല്ലാ ചെലവുകളും റിസര്‍വ് ബാങ്ക് വഹിക്കുന്നതായിരിക്കും.

ക്ലേശ പരിഹാര പദ്ധതിയുടെ അനുവദനീയമായ സാമാന്യലക്ഷണങ്ങള്‍

27. ക്ലേശ പരിഹാര പദ്ധതിയില്‍ 'പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക്' 13-ാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന ഏത് പ്രവര്‍ത്തനവും ഉള്‍പ്പെടും. എന്നാല്‍ വായ്പക്കാരുമായുള്ള ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ തുടര്‍ന്നും പ്രുഡന്‍ഷ്യല്‍ ഫ്രെയിം വര്‍ക്കിന്റെ വ്യവസ്ഥകളനുസരിച്ചോ, അല്ലെങ്കില്‍ പ്രുഡന്‍ഷ്യല്‍ ഫ്രെയിം വര്‍ക്ക് ബാധകമല്ലാത്ത പ്രത്യേക വിഭാഗം വായ്പാസ്ഥാപനങ്ങള്‍ക്ക് ബാധകമായ എന്തെങ്കിലും പ്രസക്ത നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവയനുസരിച്ചോ ആയിരിക്കും കൈക്കൊള്ളുന്നത്. ക്ലേശ പരിഹാര പദ്ധതിയില്‍ കോവിഡ് 19 മൂലം വായ്പക്കാര്‍ അനുഭവിക്കുന്ന ധനകാര്യ ക്ലേശം ലഘൂകരിക്കാന്‍ അധികമായി വായ്പാ സൗകര്യങ്ങള്‍ അനുവദിക്കുന്നതും കൂടി ഉള്‍പ്പെട്ടിരിക്കും. നിലവിലുള്ള കടത്തിന്റെ പുനരിടപാടുകള്‍ ഒന്നുമില്ലെങ്കില്‍ക്കൂടിയും.

28. വായ്പാ സ്ഥാപനങ്ങള്‍ക്ക്, തിരിച്ചടവിനുള്ള മൊറോട്ടോറിയം വഴിയോ, അല്ലാതെയോ വായ്പാ തിരിച്ചടവിന് അവശേഷിക്കുന്ന സമയപരിധി രണ്ട് കൊല്ലത്തില്‍ കവിയാതെയുള്ള കാലയളവിലേക്ക് നീട്ടി നല്‍കാവുന്നതാണ്. മൊറോട്ടോറിയം അനുവദിക്കുകയാണെങ്കില്‍ അതിന്റെ കാലയളവ് ക്ലേശ പരിഹാര പദ്ധതി നടപ്പാക്കാന്‍ ആരംഭിച്ചയുടന്‍ തന്നെ പ്രാബല്യത്തില്‍ വരുന്നതാണ്.

29. ഈ പദ്ധതിയില്‍ ഉപയോഗിക്കപ്പെടുന്ന പരിഷ്‌ക്കരിച്ച അനുമാനങ്ങള്‍ വിദഗ്ധ സമിതി തീരുമാനിച്ച ധനകാര്യ മാനദണ്ഡങ്ങളിലെ ഘടകമായിരിക്കുകയും അത്തരം മാനദണ്ഡങ്ങള്‍ക്കായുള്ള ശ്രേണികള്‍ റിസര്‍വ് ബാങ്ക് പരസ്യപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും.

മറ്റ് കടപ്പത്രങ്ങളിലേക്കുള്ള രൂപാന്തരീകരണവും മൂല്യ നിര്‍ണ്ണയവും

30. കടത്തിന്റെ ഒരു ഭാഗം ഓഹരിയായോ അല്ലെങ്കില്‍ മറ്റ് വിറ്റഴിക്കാവുന്ന, വായ്പക്കാരന്‍ പുറപ്പെടുവിക്കുന്ന രൂപഭേദം വരുത്താനാവാത്ത ഋണപത്രങ്ങളായോ രൂപാന്തരം ചെയ്യുവാനുള്ള സൗകര്യം ക്ലേശ പരിഹാര പദ്ധതിയിലുണ്ട്. ഇതിനായി തവണകളായി കടം വീട്ടുന്നതിലേക്കായുള്ള പട്ടികയും, അത്തരത്തിലുള്ള ഋണപത്രങ്ങളുടെ പലിശച്ചീട്ടും ക്ലേശ പരിഹാര പദ്ധതി നടപ്പാക്കിയതിനു ശേഷം വായ്പാസ്ഥാപനങ്ങളുടെ കണക്കു പുസ്തകങ്ങളിലെ കട സംബന്ധമായ വ്യവസ്ഥകള്‍ക്ക് സമാനമായിരിക്കണമെന്ന നിബന്ധനയുണ്ട്. ബന്ധപ്പെട്ട വായ്പാ സ്ഥാപനങ്ങള്‍ അത്തരം കടപ്പത്രങ്ങള്‍ കൈവശം വയ്ക്കുന്നത് അവയ്ക്ക് ബാധകമായ നിക്ഷേപങ്ങള്‍ക്ക് വിധേയമായിരിക്കും.

31 ഓഹരി പത്രങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കില്‍ , അവയുടെ മൂല്യനിര്‍ണ്ണയം പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് അനുബന്ധത്തിലെ 19 (സി)യും 19 (ഡി)യും ഖണ്ഡികകളില്‍ പ്രതിപാദിച്ചിരിക്കുന്ന വ്യവസ്ഥകളനുസരിച്ചായിരിക്കണം നിര്‍വഹിക്കേണ്ടത്. എന്നാല്‍ കടപ്പത്രങ്ങളുടെ മൂല്യനിര്‍ണ്ണയം നിര്‍വഹിക്കേണ്ടത്. എന്നാല്‍ കടപ്പത്രങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തേണ്ടത് 2015 ജൂലൈ 1-ാം തീയതിയിലെ മാസ്റ്റര്‍ സര്‍ക്കുലര്‍- പ്രുഡന്‍ഷ്യല്‍ നോംസ് ഫോര്‍ ക്ലാസിഫിക്കേഷന്‍, വാല്യൂവേഷന്‍ ആന്റ് ഓപ്പറേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട് ഫോളിയോ ബൈ ബാങ്ക്‌സ് (അതാത് കാലത്ത് ഭേദഗതി മെച്ചപ്പെടുംപ്രകാരം) -ലെ 3.7.1 ഖണ്ഡികയില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ചോ, അല്ലെങ്കില്‍ വായ്പാസ്ഥാനങ്ങളുടെ നിശ്ചിത വിഭാഗങ്ങള്‍ക്ക് ബാധകമായ നിര്‍ദ്ദശങ്ങളനുസരിച്ചോ ആയിരിക്കണം.

32. വായ്പാസ്ഥാപനങ്ങള്‍ കടത്തിന്റെ ഏതെങ്കിലും ഭാഗം മറ്റേതെങ്കിലും കടപ്പത്രങ്ങളായി രൂപഭേദം ചെയ്യുന്നവെങ്കില്‍ അവയെ ഒരു രൂപ നിരക്കില്‍ മൊത്തമായി മുല്യ നിര്‍ണ്ണയം ചെയ്യേണ്ടതാണ്.

മറ്റ് ഭാവങ്ങള്‍

33. വായ്പാസ്ഥാപനങ്ങള്‍ നല്‍കിയിരിക്കുന്ന മൊത്തം വായ്പത്തുക ക്ലേശപരിഹാര പദ്ധതി ആരംഭിക്കുന്ന അവസരത്തില്‍ 100 കോടി രൂപയോ അതിലധികമോ ആണെങ്കില്‍ അത്തരം അക്കൗണ്ടുകളുടെ കാര്യത്തില്‍ ക്ലേശ പരിഹാരപദ്ധതി പ്രകാരം മൂല്യനിര്‍ണ്ണയം നിര്‍വഹിക്കേണ്ടത് പ്രുഡന്‍ഷ്യല്‍ ഫ്രെയിം വര്‍ക്ക് പ്രകാരം റിസര്‍വ് ബാങ്ക് അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലുമൊരു ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി (സിആര്‍എ) മുഖേനയുള്ള സ്വതന്ത്രമായ ഒരു ഋണമൂല്യനിര്‍ണ്ണയത്തിലൂടെയായിരിക്കണം.

34. ക്ലേശ പരിഹാരപദ്ധതിയിലെ മറ്റൊരു വ്യവസ്ഥ പ്രകാരം കണ്‍സോര്‍ഷ്യം അല്ലെങ്കില്‍ ബഹുവിധ ബാങ്കിങ് സംവിധാനങ്ങള്‍ മുഖേനയുള്ള വായ്പാ അക്കൗണ്ടുകളില്‍ ക്ലേശ പരിഹാരപദ്ധതി നടപ്പാക്കിയതിനുശേഷം വായ്പക്കാരന് കിട്ടുന്ന എല്ലാ പണം വരവുകളും, വായ്പാസ്ഥാപനങ്ങള്‍ക്ക് വായ്പക്കാരന്‍ നല്‍കുന്ന എല്ലാ തിരിച്ചടവുകളും, ഒപ്പം ക്ലേശപരിഹാര പദ്ധതിയുടെ ഭാഗമായി വായ്പക്കാരന് കൂടുതലായി എന്തെങ്കിലും വായ്പാവിതരണം വായ്പാസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കില്‍ അവ നല്‍കേണ്ടതും വായ്പാസ്ഥാപനങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ നിലനിര്‍ത്തുന്ന ഒരു എസ്‌ക്രോ അക്കൗണ്ട് മുഖാന്തിരമായിരിക്കണം.

35. മുകളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുവെന്നത് ഉറപ്പ് വരുത്താനായി വായ്പാസ്ഥാപനങ്ങള്‍ എസ്‌ക്രോ നിര്‍വ്വഹണാധികാരിയുമായി ഒരു ഔപചാരിക ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടതുണ്ട്. എസ്‌ക്രോ നിര്‍വ്വഹണാധികാരിയുടെയും വായ്പാസ്ഥാപനങ്ങളുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും ,ഒപ്പം വായ്പാ സ്ഥാപനങ്ങള്‍ വായ്പാവിതരണവുമായി ബന്ധപ്പെട്ട അവരുടെ ബാധ്യതകള്‍ സമയബന്ധിതമായി നിറവേറ്റുന്നുവെന്നത് ഉറപ്പുവരുത്താനായി കരാര്‍ പ്രകാരം ഒരു നിര്‍വ്വഹണ സംവിധാനം എസ്‌ക്രോ നിര്‍വ്വഹണാധികാരിയ്ക്ക് ലഭ്യമാണെന്നതും ഉടമ്പടിയില്‍ സവിസ്തരം പ്രതിപാദിച്ചിരുന്നു.

സി. ആസ്തി വര്‍ഗ്ഗീകരണവും കരുതിവയ്ക്കലും

36. ക്ലേശപരിഹാരപദ്ധതി ആരംഭിച്ചു കഴിഞ്ഞ വായ്പക്കാരുടെ കാര്യത്തില്‍, അവരുടെ ഇടക്കാല ധനപര ആവശ്യങ്ങള്‍ നിറവേറ്റുവാനായി അവര്‍ക്ക് അധികമായി ഏതെങ്കിലും വായ്പ ക്ലേശപരിഹാര പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് തന്നെ അനുവദിച്ചിട്ടുണ്ടെങ്കില്‍ ആ വായ്പയെ പദ്ധതി നടപ്പാക്കല്‍ തീയതിവരേയ്ക്കും സ്റ്റാന്‍ഡേഡ് ആസ്തിയായി വര്‍ഗ്ഗീകരണം നടത്താവുന്നതാണ്. ഇടക്കാലത്ത് അത്തരം വായ്പകളുടെ കാര്യത്തില്‍ വായ്പക്കാരന്റെ യഥാര്‍ത്ഥ പ്രകടനം എന്തായിരുന്നുവെന്നത് പരിഗണിക്കേണ്ടതില്ല.

37. എന്നുവരികിലും, ക്ലേശപരിഹാര പദ്ധതി നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ നടപ്പാക്കിയിട്ടില്ലാത്ത പക്ഷം,അധികമായി നല്‍കിയ വായ്പയുടെ ആസ്തി വര്‍ഗ്ഗീകരണം അധിക വായ്പയുടെ കാര്യത്തില്‍,അല്ലെങ്കില്‍ ബാക്കിയുള്ള വായ്പാസൗകര്യങ്ങളുടെ കാര്യത്തില്‍ വായ്പക്കാരന്റെ യഥാര്‍ത്ഥ പ്രകടനം ഏതിലാണോ മോശമായത്, ആ വായ്പയുടെ അടിസ്ഥാനത്തിലായിരിക്കും.

38. ഒരു ക്ലേശപരിഹാര പദ്ധതി അതിന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപ്പാക്കിയിരിക്കുന്നതെങ്കില്‍, വായ്പക്കാരുടെ അക്കൗണ്ടുകളില്‍ സ്റ്റാന്‍ഡേഡ് ആയി തരം തിരിച്ചിരിക്കുന്നവ പദ്ധതി നടത്തിപ്പിനു ശേഷവും അതേപടി തുടരും. എന്നാല്‍ പദ്ധതിയുടെ ആരംഭത്തിനും നടത്തിപ്പിനുമിടയില്‍ എന്‍ പി എ വിഭാഗത്തിലേക്ക് വഴുതിപ്പോയ വായ്പാ അക്കൗണ്ടുകള്‍ പദ്ധതി നടപ്പാക്കിയ തീയതിയില്‍ സ്റ്റാന്‍ഡേഡ് ആയി ഉയര്‍ത്തേണ്ടതാണ്.

39. ഈ സംവിധാന പ്രകാരം ഒരു ക്ലേശപരിഹാര പദ്ധതി നടപ്പാക്കിയിരിക്കുന്ന വ്യക്തിഗത വായ്പകളുടെ കാര്യത്തില്‍ നടപ്പാക്കിയ തീയതി മുതല്‍ വായ്പാസ്ഥാപനങ്ങള്‍ കരുതിവയ്ക്കലുകള്‍ നടത്തണം. അത് പദ്ധതി നടപ്പാക്കുന്നതിനു തൊട്ടു മുമ്പ് ഐ ആര്‍ എ സി മാനദണ്ഡങ്ങള്‍ പ്രകാരം നിലവിലിരുന്ന കരുതിവയ്ക്കലിന്റേയോ, അല്ലെങ്കില്‍ പദ്ധതി നടപ്പാക്കിയതിനു ശേഷമുള്ള അവശിഷ്ട കടത്തിന്റെ 10 ശതമാനമോ ഇവയില്‍ ഏതാണ് കൂടുതല്‍,അതായിരിക്കണം കരുതിവയ്ക്കല്‍.

40. ഈ സംവിധാനമനുസരിച്ച് ഒരു ക്ലേശപരിഹാര പദ്ധതി നടപ്പിലാക്കപ്പെട്ട മറ്റ് വായ്പാ അക്കൗണ്ടുകളില്‍ പദ്ധതി ആരംഭിച്ച് 30 ദിവസങ്ങള്‍ക്കകം ഐ സി എ ഒപ്പു വച്ച വായ്പാസ്ഥാപനങ്ങള്‍ പദ്ധതി നടപ്പാക്കിയ തീയതി മുതല്‍ക്കുള്ള കരുതിവയ്ക്കലുകള്‍ നടത്തണം. നടപ്പാക്കുന്നതിന് തൊട്ടു മുന്‍പ് ഐ ആര്‍ എസി മാനദണ്ഡങ്ങള്‍ പ്രകാരം നടത്തിയ കരുതിവയ്ക്കലുകളോ,അല്ലെങ്കില്‍ പദ്ധതി നടപ്പാക്കിയതിനു ശേഷം ഐ സിഎ യില്‍ ഒപ്പ് വച്ച കക്ഷികള്‍ക്ക് കൈവശമുള്ള, നിബന്ധന 30 പ്രകാരം പുറപ്പെടുവിച്ച കടപ്പത്രങ്ങള്‍ ഉള്‍പ്പെടെ മൊത്തം ഋണത്തിന്റെ 10 ശതമാനമോ, ഏതാണ്ട് ഉയര്‍ന്നത്,അത്രയു മായിരിക്കണം കരുതിവയ്ക്കലുകള്‍.

41. എന്നുവരികിലും, പദ്ധതി ആരംഭിച്ച് 30 ദിവസങ്ങള്‍ക്കകം ഐ സി എ യില്‍ ഒപ്പു വയ്ക്കാത്ത വായ്പാ സ്ഥാപനങ്ങള്‍, ആ തീയതിയില്‍ അവരുടെ കണക്കു പുസ്തകങ്ങളില്‍ കാണുന്ന കടത്തിന്റെ 20 ശതമാനമോ, അല്ലെങ്കില്‍ ഐ ആര്‍ എ സി മാനദണ്ഡ പ്രകാരം ആവശ്യമായതോ ഇവയില്‍ ഏതാണ് ഉയര്‍ന്നത്, ആ അളവിലുള്ള കരുതിവയ്ക്കലാണ് നടത്തേണ്ടത്. ഐ സി എ യില്‍ പ്രാരംഭത്തില്‍ ഒപ്പ് വയ്ക്കാന്‍ കഴിയാതിരുന്നതു മൂലം നിബന്ധന 18 പ്രകാരം പദ്ധതി നടത്തിപ്പ് അസാധുവായിത്തീര്‍ന്ന അക്കൗണ്ടുകളില്‍പ്പോലും, മുന്‍പ് പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കുകയും എന്നാല്‍ ഐ സി എ ഒപ്പ് വയ്ക്കാതിരിക്കുകയും ചെയ്ത വായ്പാ സ്ഥാപനങ്ങള്‍ അവര്‍ വഹിക്കുന്ന കടത്തിന്റെ 20 ശതമാനം കരുതിവയ്ക്കലുകള്‍ നടത്താന്‍ ബാധ്യസ്ഥരാണ്.

42. അത്തരം വായ്പക്കാരുടെ കാര്യത്തില്‍ 2020 ഏപ്രില്‍ 17-ാം തീയതിയിലെ സര്‍ക്കുലര്‍ ഡിഒആര്‍. നം.ബിപി.ബിസി.63/21.04.048/2019-20 പ്രകാരം എന്തെങ്കിലും വിധത്തിലുള്ള അധികമായ കരുതിവയ്ക്കലുകള്‍ വായ്പാസ്ഥാപനങ്ങള്‍, സൂക്ഷിക്കുന്നുണ്ടെങ്കില്‍, അവ തിരിച്ചെഴുതാത്തിടത്തോളം, ഈ സൗകര്യപ്രകാരം എല്ലാ കാര്യങ്ങളിലും വേണ്ടിവരുന്ന കരുതല്‍ ആവശ്യകോപാധികളെ നേരിടാനായി ഉപയോഗിക്കാവുന്നതാണ്.

43. പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് 17-ാം ഖണ്ഡിക പ്രകാരം അധികമായി നടത്തിയ കരുതിവയ്ക്കലുകള്‍ എന്തെങ്കിലും ഉള്ള പക്ഷം, അത് ഈ സംവിധാനത്തിന്‍ കീഴില്‍ ക്ലേശ പരിഹാര പദ്ധതി ആരംഭിക്കുന്ന സമയത്ത് അസ്ഥിരപ്പെടുത്തേണ്ടതാണ്.എന്നു വരികിലും, പദ്ധതി ആരംഭിച്ച് 180 ദിവസത്തിനകം അത് നടപ്പാക്കിയില്ലെങ്കില്‍, ഈ ജാലകത്തിന്‍ കീഴില്‍ ഒരു ക്ലേശ പരിഹാര പദ്ധതി ആരംഭിച്ചതേയില്ല എന്ന് കണക്കാക്കി പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് പ്രകാരമുള്ള കരുതിവയ്ക്കലുകള്‍ നടത്തേണ്ടുന്ന ബാധ്യതയുണ്ട്.

കരുതിവയ്ക്കലുകളുടെ അസ്ഥിരപ്പെടുത്തല്‍

44. ഈ സംവിധാനപ്രകാരം ക്ലേശപരിഹാര പദ്ധതിയ്ക്ക് വിധേയമാക്കിയ വ്യക്തിഗത വായ്പകളുടെ കാര്യത്തില്‍ വായ്പക്കാരന്‍ അയാളുടെ കടത്തിന്റെ എറ്റവും കുറഞ്ഞത് 20 ശതമാനം തിരിച്ചടച്ച്,പദ്ധതി നടപ്പാക്കിയതിനുശേഷം അക്കൗണ്ട് എന്‍ പി എ യിലേക്ക് വഴുതിപ്പോകാതെ നോക്കുന്ന പക്ഷം മുകളില്‍ പ്പറഞ്ഞ കരുതി വയ്ക്കലുകളുടെ പകുതി തിരിച്ചെഴുതാവുന്നതാണ്. വായ്പക്കാരന്‍ തന്റെ അവശിഷ്ട കടത്തിന്റെ 10 ശതമാനം കൂടി തിരിച്ചടച്ച് അക്കൗണ്ട് എന്‍ പി എ യിലേക്ക് വഴുതി പ്പോകാതെ നോക്കുന്നപക്ഷം, കരുതിവയ്ക്കലില്‍ അവശേഷിക്കുന്ന പകുതിഭാഗവും തിരിച്ചെഴുതാവുന്നതാണ്.

45. മറ്റ് വിഭാഗങ്ങളില്‍പ്പെടുന്ന വായ്പകളുടെ കാര്യത്തില്‍ ഐസിഎ ഒപ്പു വച്ചവര്‍ വച്ചുകൊണ്ടിരിക്കുന്ന കരുതിവയ്ക്കലുകള്‍ 44-ാം ഉപാധിയില്‍ നിര്‍ദ്ദേശിച്ചിരിക്കും പ്രാകം തിരിച്ചെഴുതേണ്ടതാണ്. എന്നുവരികിലും ഐസിഎ യില്‍ ഒപ്പ് വയ്ക്കാത്തവര്‍ അവരുടെ വായ്പക്കാര്‍ക്ക് നല്‍കിയ കടത്തിന്റെ 20 ശതമാനം തിരിച്ചടയ്ക്കുമ്പോള്‍ കരുതി വയ്ക്കലിന്റെ പകുതിയും, പിന്നീട് 10 ശതമാനം തിരിച്ചടയ്ക്കുമ്പോള്‍ ബാക്കി പകുതിയും തിരിച്ചെഴുതാവുന്നതാണ്. ഐ ആര്‍ എ സി യുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഇപ്രകാരം ചെയ്യേണ്ടത്.

പദ്ധതിനിര്‍വ്വഹണാനന്തര പ്രവര്‍ത്തനം

46. വ്യക്തിഗത വായ്പകളെ സംബന്ധിച്ചിടത്തോളം ഈ സംവിധാനമനുസരിച്ച് ക്ലേശ പരിഹാര പദ്ധതി നിര്‍വ്വഹണത്തിനുശേഷം തുടര്‍ന്നുള്ള ആസ്തി വര്‍ഗ്ഗീകരണം 2015 ജൂലൈ 1-ാം തീയതിയില്‍ മാസ്റ്റര്‍ സര്‍ക്കുലര്‍- പ്രുഡന്‍ഷ്യല്‍ നോംസ് ഓണ്‍ ഇന്‍കം റെക്കൊഗ്നിഷന്‍, അസ്സറ്റ് ക്ലാസിഫിക്കേഷന്‍ ആന്റ് പ്രൊവിഷനിങ് ടു അഡ്വാന്‍സസ് - ല്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡത്തിനോ, അല്ലെങ്കില്‍ വായ്പാസ്ഥാപനങ്ങളുടെ പ്രത്യേക വിഭാഗത്തിന് ബാധകമായിട്ടുള്ള മറ്റ് പ്രസക്ത നിര്‍ദ്ദേശങ്ങള്‍ക്കോ വിധേയമായിട്ടാവണം നിര്‍വഹിക്കേണ്ടത്.

47. വ്യക്തിഗത വായ്പകള്‍ അല്ലാതെയുള്ള വായ്പകളുടെ കാര്യത്തില്‍ മേല്‍നോട്ട കാലയളവില്‍ ഐ സി എ യില്‍ ഉള്‍പ്പെട്ട ഏതെങ്കിലും വായ്പാസ്ഥാപനത്തില്‍ വായ്പക്കാരന്‍ എന്തെങ്കിലും വായ്പ കുടിശ്ശിക വരുത്തുകയാണെങ്കില്‍ അത് 30 ദിവസകാലത്തേക്കുള്ള ഒരു അവലോകനത്തിന് വഴി തുറക്കും.

ഈ സന്ദര്‍ഭത്തില്‍ മേല്‍നോട്ട കാലയളവ് എന്നത് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്, ക്ലേശപരിഹാര പദ്ധതി നിര്‍വ്വഹണത്തീയതി മുതല്‍ വായ്പക്കാരന്‍ തന്റെ അവശിഷ്ട കടത്തിന്റെ 10 ശതമാനം തിരിച്ചടയ്ക്കുന്നതു വരെയുള്ള സമയ ദൈര്‍ഘ്യമെന്നാണ്. ഏറ്റവുമധികം കാലം മൊറോട്ടോറിയത്തോടു കൂടിയ വായ്പയുടെ ആദ്യതവണത്തെ പലിശ, അല്ലെങ്കില്‍ മുതല്‍സംഖ്യയുടെ (ഏതാണോ ഒടുവില്‍ വരുന്നത്) തിരിച്ചടവ് തീയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലം എന്ന നിബന്ധനയ്ക്ക് വിധേയമായിട്ടായിരിക്കും ഇത് നിശ്ചയിക്കുക.

48. അവലോകന കാലഘട്ടത്തിന്റെ അവസാനത്തില്‍ ഐ.സി എ യില്‍ ഉള്‍പ്പെട്ട ഏതെങ്കിലും വായ്പാ സ്ഥാപനത്തില്‍ വായ്പക്കാരന് കുടിശ്ശികയുണ്ടെങ്കില്‍, ഐ സി എ യില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വായ്പാ സ്ഥാപനങ്ങളിലും വായ്പക്കാരന്റെ ആസ്തി വര്‍ഗ്ഗീകരണം എന്‍ പി എ ആയി തരം താഴ്ത്തപ്പെടുന്നതാണ്. ഇപ്രകാരം ചെയ്യുന്നത് ക്ലേശപരിഹാര പദ്ധതിയുടെ നിര്‍വ്വഹണത്തീയതിയോ അല്ലെങ്കില്‍ പദ്ധതി നിര്‍വഹണത്തിന് മുന്‍പ് വായ്പക്കാരനെ എന്‍ പി എ ആയി തരംതിരിച്ച തീയതിയോ, ഇവയില്‍ ഏതാണ് ആദ്യം വരുന്നത്, ആ തീയതി മുതല്‍ക്കായിരിക്കും.

49. എല്ലാ കാര്യങ്ങളിലും, പിന്നീടുള്ള വര്‍ഗ്ഗീകരണ പദവിയുയര്‍ത്തുന്നത് പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്കിന്‍ കീഴിലുള്ള ഒരു പുതിയ പുന:സംഘടനയ്‌ക്കോ, അല്ലെങ്കില്‍ പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് ബാധകമല്ലാത്ത പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വായ്പാ സ്ഥാപനങ്ങള്‍ക്ക് ബാധകമായ പ്രസക്ത നിര്‍ദ്ദേശങ്ങള്‍ക്കോ വിധേയമായിട്ടായിരിക്കും

50. എന്‍ പി എ ആയി തരംതിരിക്കപ്പെടാതെ മേല്‍നോട്ട കാലഘട്ടം പൂര്‍ത്തിയാക്കപ്പെടുന്ന പക്ഷം ആസ്തി വര്‍ഗ്ഗീകരണ മാനദണ്ഡങ്ങള്‍ 2015 ജൂലൈ 1-ാം തീയതിയിലെ മാസ്റ്റര്‍ സര്‍ക്കുലര്‍ പ്രുഡന്‍ഷ്യല്‍ നോംസ് ഓണ്‍ ഇന്‍കം റെക്കൊഗ്നിഷന്‍, അസ്സറ്റ് ക്ലാസിഫിക്കേഷന്‍ ആന്റ് പ്രൊവിഷനിങ് പെര്‍ട്ടെയിനിങ് ടു അഡ്വാന്‍സ്-ല്‍ പ്രസ്താവിച്ചിരിക്കുന്ന മാനദണ്ഡങ്ങളിലേക്കോ അല്ലെങ്കില്‍ പ്രത്യേക വിഭാഗത്തിലുള്‍പ്പെടുന്ന വായ്പാ സ്ഥാപനങ്ങളുടെ പ്രസക്ത നിര്‍ദ്ദേശങ്ങളിലേക്കോ പൂര്‍വസ്ഥിതി പ്രാപിക്കുന്നതായിരിക്കും.

51. ഈ ജാലകത്തിന്‍ കീഴില്‍ പുലര്‍ത്തുവാന്‍ നിര്‍ബന്ധിതമായ കരുതിവക്കലുകള്‍ തിരിച്ചെഴുതപ്പെട്ടിട്ടില്ലാത്തോളം, ഇനിപ്പറയുന്ന കാര്യങ്ങള്‍ക്കായി ലഭ്യമായിരിക്കും: (i) ഒരു ക്ലേശ പരിഹാര പദ്ധതി നടപ്പാക്കിയ അക്കൗണ്ടുകളിലേതെങ്കിലും പിന്നീട് എന്‍ പി എ ആയി തരം തിരിക്കപ്പെടുമ്പോള്‍; ഒപ്പമായി, (ii) ഒരു പ്രത്യേക അക്കൗണ്ടിന്റെ കാര്യത്തില്‍ പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് ബാധകമാകുന്ന ഘട്ടത്തില്‍, പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് 17-ാം ഖണ്ഡികയില്‍ പറയുന്നതിന്‍പടി അധികമായി കരുതിവയ്ക്കലുകള്‍ ആവശ്യമായി വരുമ്പോള്‍

ഡി. വെളിപ്പെടുത്തലുകളും ക്രെഡിറ്റ് റിപ്പോര്‍ട്ടിങ്ങും

52. പാദവാര്‍ഷിക സ്റ്റേറ്റ്‌മെന്റുകള്‍ പ്രകാശനം ചെയ്യുന്ന വായ്പാ സ്ഥാപനങ്ങള്‍ കുറഞ്ഞപക്ഷം മാര്‍ച്ച് 31, 2021, ജൂണ്‍ 30, 2021, സെപ്തംബര്‍ 30, 2021 എന്നീ തീയതികളില്‍ അവസാനിക്കുന്ന പാദവര്‍ഷങ്ങളിലെ അവരുടെ ധനകാര്യ സ്റ്റേറ്റ്‌മെന്റുകളില്‍, ഈ സര്‍ക്കുലറിനോടൊപ്പമുള്ള ഫോര്‍മാറ്റ്‌ - എ യില്‍ വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതാണ്. കൂടാതെ ഈ വായ്പാ സ്ഥാപനങ്ങള്‍ഇതോടൊപ്പമുള്ള ഫോര്‍മാറ്റ് - ബി യിലും ഓരോ അര്‍ധവര്‍ഷത്തിലും സെപ്തംബര്‍30, മാര്‍ച്ച് 31, എന്നീ തീയതികളില്‍ 2021 സെപ്തംബര്‍ 30 ന് അവസാനിക്കുന്ന അര്‍ധവര്‍ഷം മുതല്‍ക്ക് ധനകാര്യ സ്റ്റേറ്റുമെന്റുകളില്‍ വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതാണ്. ക്ലേശ പരിഹാര പദ്ധതി നടപ്പാക്കിയ എല്ലാ അക്കൗണ്ടുകളും ഒന്നുകില്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നതുവരെയോ അല്ലെങ്കില്‍ പൂര്‍ണ്ണമായും എന്‍ പി എ യിലേക്ക് വഴുതിപ്പോകുകയോ ചെയ്യുന്നതുവരെയോ ഇവയില്‍ഏതാണോ ആദ്യം സംഭവിക്കുന്നത്,അത് വരേയ്ക്കും, വെളിപ്പെടുത്തലുകള്‍ തുടരേണ്ടതാണ്.

53. ധനകാര്യ സ്റ്റേറ്റുമെന്റുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മാത്രം പ്രകാശനം ചെയ്യുവാന്‍ ബാധ്യസ്ഥരായ വായ്പാ സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക ധനകാര്യ സ്റ്റേറ്റുമെന്റുകളില്‍ മറ്റ് നിര്‍ദ്ദിഷ്ട വെളിപ്പെടുത്തലുകളോടൊപ്പം ക്ലേശ പരിഹാര പദ്ധതി സംബന്ധമായ വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതാണ്.

54. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന ഈ സൗകര്യം ഉപയോഗപ്പെടുത്തി ഒരു ക്ലേശ പരിഹാര പദ്ധതി നടപ്പിലാക്കിയിരിക്കുന്ന വായ്പക്കാരുടെ കാര്യത്തില്‍ വായ്പാ സ്ഥാപനങ്ങള്‍ നല്‍കുന്ന ക്രെഡിറ്റ് റിപ്പോര്‍ട്ടിങ് അക്കൗണ്ടിന്റെ 'പുന:സംഘടിപ്പിക്കപ്പെട്ട' അവസ്ഥ പ്രതിഫലിപ്പിക്കുന്നതായിരിക്കും. ക്ലേശ പരിഹാര പദ്ധതിയില്‍ പുനരാലോചനകള്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍, പ്രുഡന്‍ഷ്യല്‍ രൂപരേഖ പ്രകാരം അതിനെ പുന:സംഘടനയായി തരംതിരിക്കുന്നതായിരിക്കും.


ഫോര്‍മാറ്റ് - എ

മാര്‍ച്ച് 31, 2021, ജൂണ്‍ 30, 2021, സെപ്തംബര്‍ 30, 2021 തീയതികളില്‍ അവസാനിക്കുന്ന
പാദവര്‍ഷങ്ങളില്‍ നടത്തുന്ന വെളിപ്പെടുത്തലുകളുടെ ഫോര്‍മാറ്റ്‌

വായ്പക്കാരന്‍ ഉള്‍പ്പെടുന്ന വിഭാഗം (എ)
ഈ ജാലകത്തിന്‍ കീഴില്‍ ക്ലേശപരിഹാര പദ്ധതി നടപ്പാക്കപ്പെട്ട അക്കൗണ്ടുകളുടെ എണ്ണം
(ബി)
പദ്ധതി നിര്‍വഹണത്തിന് മുന്‍പ് (എ) യില്‍ പറഞ്ഞിരിക്കുന്ന അക്കൗണ്ടുകളിലെ വായ്പത്തുക
(സി)
(ബി) യില്‍ മറ്റ് കടപ്പത്രങ്ങളായി മാറ്റിയ മൊത്തം ഋണത്തിന്റെ തുക
(ഡി)
പദ്ധതിയുടെ ആരംഭത്തിനും നിര്‍വ്വഹണത്തിനുമിടക്ക് എന്തെങ്കിലും അധിക വായ്പകള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അത്‌
(ഇ)
ക്ലേശപരിഹാരപദ്ധതി നടപ്പാക്കിയത് മൂലം കരുതി വയ്ക്കലുകളില്‍ ഉണ്ടായ വര്‍ധന
വ്യക്തിഗത വായ്പകള്‍          
കോര്‍പ്പറേറ്റ് വ്യക്തികള്‍*          
ഇവയില്‍ എംഎസ് എം ഇ- കള്‍          
മറ്റുള്ളവ          
ആകെ          
*ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്ക് റപ്പ്റ്റ്‌സി കോഡ്, 2016 ന്റെ സെക്ഷന്‍ 3(7) ല്‍ നിര്‍വചിക്കപ്പെട്ടിരിക്കും പ്രകാരം

ഫാര്‍മാറ്റ് - ബി

സെപ്തംബര്‍ 30, 2021 മുതല്‍ക്ക് അര്‍ധവര്‍ഷാടിസ്ഥാനത്തില്‍ നടത്തേണ്ടുന്ന
വെളിപ്പെടുത്തലുകള്‍ രേഖപ്പെടുത്തുന്ന ഫോര്‍മാറ്റ്‌

വായ്പക്കാരന്‍ ഉള്‍പ്പെടുന്ന വിഭാഗം ക്ലേശപരിഹാരപദ്ധതി നടപ്പാക്കിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ഡേഡ് ആയി തരം തിരിക്കപ്പെട്ട അക്കൗണ്ടുകളിലെ വായ്പ - കഴിഞ്ഞ അര്‍ധവര്‍ഷ ാവസാനത്തെ നില (എ) യില്‍ കഴിഞ്ഞ അര്‍ധ വര്‍ഷത്തില്‍ എന്‍പിഎയിലേക്ക് വഴുതിപ്പോയ മൊത്തം വായ്പ (എ) യില്‍ കഴിഞ്ഞ അര്‍ധ വര്‍ഷം എഴുതിത്തള്ളിയ തുക (എ) യില്‍ വായ്പക്കാര്‍ അര്‍ധവര്‍ഷത്തില്‍ തിരിച്ചടച്ച തുക ക്ലേശപരിഹാരപദ്ധതി നടപ്പാക്കിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ഡേഡ് ആയി തരം തിരിക്കപ്പെട്ട അക്കൗണ്ട ുകളിലെ വായ്പ -ഈ അര്‍ധവര്‍ഷ ാവസാനത്തെ നില
വ്യക്തിഗത വായ്പകള്‍          
കോര്‍പ്പറേറ്റ് വ്യക്തികള്‍ *          
ഇവയില്‍ എംഎസ് എം ഇ- കള്‍          
മറ്റുള്ളവ          
ആകെ          
*ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്ക് റപ്പ്റ്റ്‌സി കോഡ്, 2016 ന്റെ സെക്ഷന്‍ 3(7) ല്‍ നിര്‍വചിക്കപ്പെട്ടിരിക്കും പ്രകാരം

1. ഈ സര്‍ക്കുലറില്‍ എവിടെയൊക്കെ ''പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക്'' എന്ന സംജ്ഞ ഉപയോഗിക്കുന്നുവോ, അത് കൊണ്ട് ഉദ്ദേശിക്കുന്നത് '2019 ജൂണ്‍ 7-ാം തീയതിയിലെ' ദി ''പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് ഫോര്‍ റെസല്യൂഷന്‍ ഓഫ് സ്‌ട്രെസ്ഡ് അസറ്റ്‌സ് ഡയറക്ഷന്‍സ് ''ആണ്.

2. ധനകാര്യ സേവന ദാതാക്കള്‍ എന്നതിന് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി ആക്ട്, 2016-ന്റെ സെകഷന്‍ 3 ന്റെ സബ്‌സെക്ഷന്‍ 17-ല്‍ പറഞ്ഞിരിക്കുന്ന അതേ അര്‍ത്ഥം തന്നെയായിരിക്കും.

3. ഈ സര്‍ക്കുലറിനെ സംബന്ധിച്ചിടത്തോളം, 'വ്യക്തിഗത വായ്പകള്‍' എന്നതിന് '' എക്‌സ് ബി ആര്‍ എല്‍ റിട്ടേണ്‍സ്'' - ഫാര്‍മൊണെസേഷന്‍ ഓഫ് ബാങ്കിങ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന വിഷയത്തെക്കുറിച്ചുള്ള 2018 ജനുവരി 4-ലെ സര്‍ക്കുലര്‍ ഡിബിആര്‍.നമ്പര്‍ .ബി.പി.ബിസി.99/08.13.100/2017-18-ല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന അതേ അര്‍ഥം തന്നെയായിരിക്കും.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?