<font face="mangal" size="3">നികുതി സംബന്ധിയായ ഫെഡറലിസത്തെക്കുറിച്ച് ച& - ആർബിഐ - Reserve Bank of India
നികുതി സംബന്ധിയായ ഫെഡറലിസത്തെക്കുറിച്ച് ചില ചിന്തകൾ - ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്തദാസ് 2019 മാർച്ച് 19ന് മുബൈയിൽ ഇന്ത്യൻ ഫിസ്‌കൽ ഫെഡറലിസം എന്ന ഗ്രന്ഥത്തിന്റെ പ്രകാശന വേളയിൽ നടത്തിയ പ്രഭാഷണം
ഡോ.വൈ.വി.റെഡ്ഡിയും ശ്രീ.ജി.ആർ.റെഡ്ഡിയും ചേർന്ന് രചിച്ച 'ഇന്ത്യൻ ഫിസ്‌കൽ ഫെഡറലിസം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമം നിർവഹിക്കാനായി ക്ഷണിക്കപ്പെട്ടതു വഴി ഞാൻ ആദരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ സമ്പദ്ഘടനയുമായും പൊതുനയവുമായി ഡോ.റെഡ്ഡിക്കുള്ള പ്രായോഗികമായ അനുഭവസമ്പത്തിൽ നിന്നും ശേഖരിച്ച ഫലപുഷ്ടിയുള്ള രചനയുടെ ഏറ്റവും പുതിയ രൂപമാണ് ഈ കൃതി. ഈ ഉൾക്കാഴ്ചയുള്ള വിവരണങ്ങൾ ഡോ.റെഡ്ഡിയുടെ ഔദ്യോഗിക ജീവിതത്തിലെ മിന്നൊളികളുമായും സ്ഥാപനത്തിലെ ഉൾവിവരങ്ങൾ അറിയാവുന്ന ഒരാളെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ആശയങ്ങളുമായി ഇഴചേർന്നിരിക്കുന്നു. 2. 1996-2002 കാലത്തെ ഡപ്യൂട്ടി ഗവർണറെന്ന നിലയ്ക്കുള്ള തന്റെ കാലയളവിനു ശേഷം 2003 - 2008 കാലത്ത് ഭാരതീയ റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിലുള്ള ഡോ.റെഡ്ഡിയുടെ യാത്ര അനേകം നാഴികക്കല്ലുകളാൽ അലങ്കൃതമാണ്. 2003 സെപ്റ്റംബറിൽ അധികാരമേൽക്കുന്ന അവസരത്തിൽ തന്റെ സമീപമെന്തെന്ന് വിശദീകരിക്കാനായി അദ്ദേഹം പറഞ്ഞ വാക്കുകൾ കൊണ്ട് ഗവർണർ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തെ ഉത്തമമായി വർണ്ണിക്കാവുന്നതാണ്. അദ്ദേഹം പറഞ്ഞത്, 'തുടർച്ചയും മാറ്റവും ഉചിത രൂപത്തിൽ മിശ്രണം ചെയ്യുന്നതായിരിക്കും' എന്നത്രെ. തീർച്ചയായും സ്ഥാനമൊഴിയുന്ന ഗവർണർ ഡോ.ബിമൽ ജലാൻ ഇതിന് നൽകിയ പ്രതികരണമെന്തായിരുന്നുവെന്ന് എടുത്തു പറഞ്ഞില്ലെങ്കിൽ അത് എന്റെ ഭാഗത്തുനിന്നുമുള്ള ഉപേക്ഷയായിരിക്കും. അദ്ദേഹം പറഞ്ഞത്, 'ഞാൻ ചെയ്തവയൊക്കെ ഡോ.റെഡ്ഡി മാറ്റിമറിക്കുകയും,അദ്ദേഹം (ഡപ്യൂട്ടി ഗവർണറെന്ന നിലയിൽ) നിർത്തിയിടത്തു നിന്നും തുടരുകയും ചെയ്യും' 3 ഒരു കേന്ദ്ര ബാങ്കിനെ സംബന്ധിച്ചിടത്തോളം മുൻകൈ എടുക്കാനുള്ള സന്നദ്ധത പരമപ്രധാനമാണ്. 2008 ന് മുമ്പുള്ള കാലഘട്ടത്തിൽ നഷ്ടസാധ്യതകൾ രൂപപ്പെട്ടു കൊണ്ടിരുന്നപ്പോൾ ഡോ.റെഡ്ഡിക്ക് അതിനെക്കുറിച്ച് മുൻകൂട്ടി ഉണർവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ നിന്നും അടർത്തിയെടുത്ത 'അതിതാപനം' എന്ന വാക്ക് ഇന്ത്യയിലെ നാണ്യനയത്തിന്റെ ശബ്ദകോശത്തിൽ ഇടം പിടിച്ചു. ഇന്ത്യയെപ്പോലെയുള്ള കാഴ്ചക്കാരുടെ മേൽ അനന്തരഫലങ്ങളുളവാക്കാൻ സാധ്യതയുള്ള ധനകാര്യ അതിക്രമങ്ങൾ വികസിത രാജ്യങ്ങളിൽ രൂപമെടുത്ത അവസരത്തിൽ അദ്ദേഹം ദൃഡചിത്തതയോടെ ഇന്ത്യയുടെ പ്രതിരോധം തീർക്കാൻ ഒരുക്കങ്ങൾ ചെയ്തു - ബാങ്കിങ് വ്യവസ്ഥയിൽ മൂലധന നിക്ഷേപ ചാഞ്ചാട്ടങ്ങളെ നേരിടാനായി കരുതൽ ധനം കെട്ടിപ്പടുത്തു; അസംരക്ഷിത ആസ്തി വിഭാഗങ്ങൾക്കായി നഷ്ടസാധ്യതാ ഗുരുത്വത്തെ പുനർ നിർണയിച്ചു; അന്തർ ബാങ്ക് ബാധ്യതകളുടെ വിവേകപൂർവമായ പരിധികൾ നിശ്ചയിച്ചു. ചുരുക്കത്തിൽ, ലോകം ഒരു ചാക്രിക ചലനത്തിന് അനുകൂലമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ, ഡോ. റെഡ്ഡി വക്രരേഖയ്ക്ക് മുന്നേ തന്നെ ഒരു ചാക്രിക ചലനത്തിന് പ്രതികൂലമായ സമീപനം സ്വീകരിച്ചു പിൽക്കാലത്തുണ്ടായ സംഭവങ്ങൾ വെളിപ്പെടുത്തിയത് പോലെ തന്നെ ഈ പുറങ്കോട്ടകൾ 2008-09 കാലത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കെടുതികളിൽ നിന്നും ഇന്ത്യൻ സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിൽ നിർണ്ണായകമായിത്തീർന്നു. 4. ഡോ. റെഡ്ഡിയുടെ പ്രവൃത്തിയുടെ ഉത്സുകനായ ഒരു അനുയായിയായിരുന്നു ഞാൻ. ദേശീയ തലത്തിലും ഉപ-ദേശീയ തലങ്ങളിലും നിരവധി വർഷങ്ങളോളം നികുതി സംബന്ധവും ധനകാര്യപരവുമായ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നതിനാൽ ഈ പുസ്തകത്തിന്റെ പ്രതിപാദ്യം ലഭ്യമാക്കിയ അവസരത്താൽ പ്രോത്സാഹിതനായി ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ സ്വന്തം ചിന്തകളിൽ ചിലവ ഞാൻ പങ്ക് വയ്ക്കുകയാണ്. 5 നികുതി സംബന്ധിയായ ഒരു പരിപ്രേക്ഷ്യത്തിൽ വീക്ഷിക്കുമ്പോൾ, ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് മൂന്ന് പ്രധാനപ്പെട്ട ഘടകങ്ങളാണുള്ളത് : (1) ഭരണഘടനയുടെ ഒന്നാം വകുപ്പിൽ പറയുന്നത്, ഭാരതമെന്ന ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു സമാജമായിരിക്കുമെന്നാണ്; (2) ഭരണഘടനയുടെ ഏഴാം പട്ടികയിൽ വ്യത്യസ്ത ലിസ്റ്റുകളിലായി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കു മായുള്ള വിഷയങ്ങൾ നീക്കി വയ്ക്കുന്നുണ്ട്. കവിഞ്ഞു കിടക്കുന്ന ചുമതലകൾ ഒരു പ്രത്യേകമായ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു; (3) അസൽ കേന്ദ്ര നികുതികളുടെയും മറ്റനേകം ഗ്രാന്റുകളുടെയും ലംബവും തിരശ്ചീന വുമായ കൈമാറ്റം ശിപാർശ ചെയ്യുന്നതിനായി ഓരോ അഞ്ചു കൊല്ലത്തിലും ഫിനാൻസ് കമ്മീഷന് രൂപം നൽകാൻ ഭരണഘടനയുടെ 280ആം വകുപ്പ് നിയമപരമായ വ്യവസ്ഥവച്ചിരിക്കുന്നു. 6 കഴിഞ്ഞ ചില ദശാബ്ദങ്ങളായി ഈ ഭരണഘടനാ സംവിധാനങ്ങളുടെ യഥാർഥ പ്രവർത്തനം വളരെയധികം ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. തുടരെത്തുടരെ നിയമിതമാകുന്ന ഫിനാൻസ് കമ്മീഷനുകൾ മറനീക്കി പുറത്തു വരുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കൈകാര്യം ചെയ്യുവാനായുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇന്ത്യയെപ്പോലുള്ള ഊർജസ്വലമായ ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ചർച്ചകൾ തുടർന്നു കൊണ്ടേയിരിക്കും. ഭൂരാഷ്ട്രതന്ത്രപരമായ ആപത്.സാധ്യതകൾ നിമിത്തമായി പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷയ്ക്കുമായി ഭീമമായ ചെലവ് നേരിടേണ്ടി വരുന്നു. പ്രകൃതി ദുരന്തങ്ങളും അത്യാഹിതങ്ങളും സംഭവിക്കുന്പോൾ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി വൻതുകൾ ചെലവാക്കേണ്ടി വരുന്നു. സമാന്തരമായി, ജനങ്ങളുടെയും, മുഴുവൻ രാജ്യത്തിന്റെയും ആശയാഭി ലാഷങ്ങൾക്കനുസൃതമായി വികസന പദ്ധതികൾക്കായി കൂടുതൽ പണം വിനിയോഗിക്കാൻ സർക്കാർ നിർബദ്ധമാകുന്നു. 7 റിയൽ ഇക്കോണമി (ചരക്ക് – സേവനധാര സംബന്ധിയായ) യിലെ ഇത്തരം വികാസപരിണാമങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനവും നമ്മുടെ ഭരണഘടനയിൽ ആഴ്ന്നിറങ്ങിയിട്ടുള്ള ചില സവിശേഷതകളും ഉയർത്തിയിട്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേണ്ടതായുണ്ട്. ഇത്തരം ചില പ്രശ്‌നങ്ങളെ പ്രമുഖമാക്കിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്രകാരം ചെയ്യുമ്പോൾ തിടുക്കത്തിൽ എനിക്ക് എടുത്തു പറയേണ്ടത്, ഞാൻ ഇവിടെ പ്രസ്താവിക്കാൻ പോകുന്ന കാര്യങ്ങൾ ഒരു കൊല്ലത്തിലധികം കാലം ഞാൻ ഒരു അംഗമായി പ്രവർത്തിച്ചിരുന്ന 15-ആം ധനകാര്യ കമ്മീഷന്റെ ചർച്ചകളെയോ അല്ലെങ്കിൽ ചിന്താഗതിയെയോ പ്രതിനിധാനം ചെയ്യുന്നില്ല എന്ന കാര്യമാണ്. (7.1) കഴിഞ്ഞ നിരവധി ദശാബ്ദങ്ങളായി നികുതി സംക്രമണം, സംസ്ഥാനങ്ങൾക്ക് നൽകേണ്ട ഗ്രാന്റുകൾ, നികുതി സംബന്ധിയായ സംയോജനം എന്നിവയിൽ ധനകാര്യ കമ്മീഷനുകൾ വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. ഒരു തലത്തിൽ, ഓരോ ധനകാര്യ കമ്മീഷനും അതിന്റെ നൂതനമായതും പുതുമയുള്ളതുമായ ചിന്താഗതിയ്ക്കനുസൃതമായ ഒരു ചട്ടക്കൂട് നിർമിക്കേണ്ടിയിരിക്കുന്നു; മറ്റൊരു തലത്തിൽ, കേന്ദ്ര ഫണ്ടുകളുടെ പ്രവാഹം – വിശേഷിച്ചും സംസ്ഥാനങ്ങളിലേയ്ക്കുള്ള – സംബന്ധിച്ച് ഒരു തോതിലുള്ള നിശ്ചിതത്വം ഉണ്ടായിരിക്കത്തക്കവിധം ധനകാര്യ കമ്മീഷനുകൾ തമ്മിൽ ഒരു സ്പഷ്ടമായ പൂർവ്വാപരബന്ധം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത നിലനിൽക്കുകയും ചെയ്യുന്നു. ജിഎസ്.ടി നടപ്പിലാക്കിയതിനു ശേഷമുള്ള അന്തരീക്ഷത്തിൽ ഇക്കാര്യം മുമ്പെന്നത്തേക്കാളുമേറെ നിർണ്ണായകമായിത്തീർന്നിരിക്കുന്നു. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, ധനകാര്യ കമ്മീഷനുകൾ തമ്മിൽ നിരന്തരത്വവും മാറ്റവും ഉണ്ടായിരിക്കേണ്ടതുണ്ട്. ഇക്കാരണത്താൽ ധനകാര്യ കമ്മീഷൻ സ്ഥിരമായ പദവി നൽകണമെന്ന ഒരു ആവശ്യം കൂടുതലായി തോന്നിക്കുന്നുണ്ട്. കമ്മീഷന്, അടുത്ത ധനകാര്യ കമ്മീഷൻ പൂർണമായ തോതിൽ രൂപീകൃതമാകുന്നതുവരെയുള്ള ഇടക്കാലത്ത് ഒരു കൃശഗാത്രമായ സ്ഥാപനമായി പ്രവർത്തിക്കാവുന്നതാണ്. ഇടയ്ക്കുള്ള ഈ കാലയളവിൽ ധനകാര്യ കമ്മീഷന്റെ ശിപാർശകൾ നടപ്പാക്കുന്നതി ലുണ്ടാകാവുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുവാനും അതിന് കഴിയും. (7.2) അധികാര വികേന്ദ്രീകരണമെന്ന തത്ത്വം മെച്ചമായി പ്രാവർത്തിക മാകുന്നത്, ഒരു ഉത്തരവാദിത്തം നിറവേറ്റാൻ ഏത് തട്ടിലുള്ള ഭരണ കർത്തൃത്വമാണോ ഏറ്റവും അനുയോജ്യമെന്നതിനെ അടിസ്ഥാന മാക്കി അധികാരങ്ങളും പ്രവർത്തനങ്ങളും ഏൽപ്പിച്ചു കൊടുക്കുമ്പോഴാണ്. നഗര – ഗ്രാമ സ്വയംഭരണ സ്ഥാപനങ്ങൾക്കായി ചില പ്രവൃത്തികൾ വിട്ടുകൊടുക്കുന്നതിന് ഭരണഘടനയിൽ നേരത്തെതന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഈ പ്രാദേശിക സ്ഥാപനങ്ങൾക്കുള്ള ഫണ്ടുകൾ ഏൽപ്പിക്കുന്ന വിഷയം വരുമ്പോൾ ഇക്കാര്യത്തിൽ ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ടെന്ന സ്ഥിതിയാണ് ദൃശ്യമാകുന്നത്. അത് കൊണ്ട്, ഭരണഘടനയുടെ 243-1 വകുപ്പ് പ്രകാരമുള്ള അനുശാസനയനുസരിച്ച് ഓരോ അഞ്ചു വർഷം കൂടുമ്പോഴും സംസ്ഥാന ധനകാര്യ കമ്മീഷനുകൾ രൂപീകരിക്കേണ്ടതും അവയുടെ ആരോഗ്യകരമായ പ്രവർത്തനത്തിനായുള്ള സംവിധാനങ്ങൾ സജ്ജമാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഭരണഘടനയുടെ 243-1-ആം വകുപ്പിലെ വ്യവസ്ഥയും 280-ആം വകുപ്പിലെ വ്യവസ്ഥയും അനുരൂപമാണെങ്കിൽക്കൂടിയും അതിന്റെ നിർവഹണത്തിൽ പോരായ്മകളുണ്ടായിട്ടുണ്ട്. അതിനു കാരണങ്ങളുണ്ടായിരിക്കാം, എന്നാൽ അവ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കപ്പെടേണ്ടതാണ്. (7.3) സഹകരണ ഫെഡറലിസം വളർത്തിയെടുക്കുന്നതിനായി അടുത്ത കാലങ്ങളിലുണ്ടായ പ്രാരംഭങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിൽ പുതിയ അധ്യായങ്ങൾ തുറന്നിട്ടുണ്ട്. പരമാധികാരം പങ്കിടുക എന്ന തത്ത്വത്തിലധിഷ്ഠിതമായാണ് ജി.എസ്.ടി കൗൺസിൽ പ്രവർത്തിക്കുന്നത്. ഡോ.വൈ.വി.റെഡ്ഡിയും ശ്രീ.ജി.ആർ.റെഡ്ഡിയും അവരുടെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നത് പോലെ, കൗൺസിലിനു ഗുണകരമായ രീതിയിൽ രണ്ട് തലങ്ങളിലുമുള്ള സർക്കാരുകൾ അവരുടെ നികുതി സംബന്ധിയായ സ്വയംഭരണാവകാശം പരിത്യജിച്ചതിനെ, നികുതിയുടെ ഏകീഭാവത്തിന്റെ നേട്ടങ്ങൾ കൊയ്യാനുള്ള ഒരു 'വച്ചുമാറ്റം' എന്ന നിലയിൽ കണ്ടാൽ മതിയാകും. യഥാർഥത്തിൽ ജിഎസ്.ടിയുടെ ഇന്ത്യൻ മാതൃക ഇന്ത്യൻ ഫെഡറലിസത്തിന്റെ അന്തസ്സാരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എത്രയായാലും ഇന്ത്യ, സംസ്ഥാനങ്ങളുടെ ഒരു സമാജമാണ്. ഈ സമാജത്തിൽ രണ്ടു കൂട്ടരും – കേന്ദ്രവും സംസ്ഥാനങ്ങളും – നികുതി സംബന്ധമായി ശക്തമാകേണ്ടതുണ്ട്. ഈ വിഷയം കൈകാര്യം ചെയ്യേണ്ടത് ധനകാര്യ കമ്മീഷനാണെങ്കിലും, ഇപ്പോൾ ജിഎസ്.ടി കൗൺസിലിന്റെ മുന്നിലുള്ള വെല്ലുവിളിയായിരിക്കുന്നത്, നികുതി – ജിഡിപി അനുപാതം ഉയർത്തുവാൻ വേണ്ടി ജിഎസ്.ടി യുടെ സമ്പൂർണ്ണ സാധ്യതകളെ സാക്ഷാത്.ക്കരിക്കുകയെന്നതും മത്സരസ്വഭാവം വളർത്താൻ വേണ്ടി സമ്പദ്ഘടനയിലെ മറ്റ് മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയെന്നതുമത്രെ. ഉദാഹരണമായി, ജിഎസ്.ടി കൗൺസിലിന് അതിന്റെ പ്രവർത്തന മേഖല വിസ്തൃതമാക്കാനും ദേശീയ അഭിപ്രായ സമന്വയത്തിന് രൂപം നൽകാനായുള്ള പരിഷ്‌കാരങ്ങളുടെ മറ്റ് മേഖലകളിൽ പ്രവർത്തിക്കാനും സമ്മതമാണോ? (7.4) എന്നു വരികിലും സഹകരണ ഫെഡറലിസം ആലസ്യം ജനിപ്പിച്ചുകൂടാ. സഹകരണ ഫെഡറലിസത്തിനരികെയായി മത്സരസ്വഭാവമുള്ള ഫെഡറലിസവും ഉണ്ടായിരിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളെ 'ബിസിനസ്സ് ചെയ്യുന്നതിലെ ആയാസ'ത്തിന്റെ മാനദണ്ഡത്തിൽ പദവി തിരിക്കുന്ന രീതി കാരണമായി സംസ്ഥാനങ്ങൾക്കിടയിൽ വളരെ ആരോഗ്യകരമായ മത്സരത്തിന് വഴി തുറന്നിട്ടുണ്ട്. ആരോഗ്യം, ജലപരിപാലനം, എസ്.ഡിജി നടപ്പാക്കൽ എന്നീ വിഷയങ്ങളിൽ നീതി ആയോഗ് വികസിപ്പിച്ചെടുത്ത സൂചികകൾക്ക് സമാനസ്വഭാവമുള്ള ആരോഗ്യകരമായ മത്സരത്തിന് വേദിയൊരുക്കാനുള്ള അന്തർലീന ശക്തിയുണ്ട് 'ആസ്പിറേഷണൽ ഡിസ്ട്രിക്ട്‌സ്' എന്ന പദ്ധതി മത്സരത്തിനും വികസനത്തിനും വേണ്ടി അത്തരത്തിലുള്ള മറ്റൊരു മാതൃകയാണ്. (7.5) ദേശീയവും ഉപദേശീയവുമായ തലങ്ങളിൽ നികുതി സംബന്ധമായ ഏകീകരണത്തിനായുള്ള സഞ്ചാരപാതയുടെ കാര്യത്തിൽ രാജ്യത്ത് ഇപ്പോൾ ഒരു പൊതുധാരണയുണ്ട്. നികുതിപരമായ കമ്മിലക്ഷ്യങ്ങളും ഋണ-ജിഡിപി അനുപാതങ്ങളും കർക്കശമായി പാലിക്കുമ്പോൾത്തന്നെ, 'പൊതുധാരണ പ്രകാരമുള്ള വ്യയസംഹിത' യെ അടിസ്ഥാനമാക്കി ആരോഗ്യകരമായ വ്യയആസൂത്രണം ഏറ്റെടുക്കേണ്ടതും തുല്യപ്രാധാന്യമുള്ള സംഗതിയാണ്. നികുതിപരമായ ഏകീകരണത്തിന്റെ ഉദ്ദേശ്യങ്ങളിൽ വെള്ളം ചേർക്കാതെ തന്നെ സാമൂഹിക – സാമ്പത്തിക വെല്ലുവിളികളെ കൈകാര്യം ചെയ്യാൻ ഇതാവശ്യമാണ്. 8 ഇതൊക്കെയാണ് ഇന്നത്തെ ഈ ചടങ്ങിൽ പങ്കെടുക്കുമ്പോൾ എന്റെ മനസ്സിലേക്ക് കടന്നു വന്ന ചില ചിന്തകൾ. ഇത് പോലുള്ളചുവട് വയ്പുകൾ നികുതിപരമായ ഫെഡറലിസത്തെയും നമ്മുടെ സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള നികുതിസംബന്ധിയായ ആരോഗ്യത്തെയും ശക്തിപ്പെടുത്തുന്നതിൽ നമ്മെ ഒരുപാട് ദൂരം മുന്നോട്ട് നയിക്കും. ഡോ.വൈ.വി.റെഡ്ഡിയും ശ്രീ.ജി.ആർ.റെഡ്ഡിയും ചേർന്ന് രചിച്ച ഈ ഗ്രന്ഥം സ്വതന്ത്രമായ ചർച്ചകൾക്ക് വഴി വയ്ക്കുകയും, നികുതി സംബന്ധിയായ ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നതിന് ഉതകുകയും ചെയ്യുമെന്ന് എനിക്ക് തീർച്ചയുണ്ട്. പുതിയ ഗ്രന്ഥരചനയിൽ ഞാൻ ഡോ.വൈ.വി.റെഡ്ഡിയെയും ശ്രീജി.ആർ.റെഡ്ഡിയെയും അഭിനന്ദിക്കുകയും അവരോടും, ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കാനായി ഇവിടെ സന്നിഹിതനാകാൻ എനിക്ക് അവസരം നൽകിയ സംഘാടകരോടും ഞാൻ നന്ദി പറയുന്നു. |