RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78493136

വികസനപരവും നിയന്ത്രണാധികാര പരവുമായ നയങ്ങളെക്കുറിച്ചുള്ള കുറിപ്പ്

ഏപ്രിൽ 07, 2021

വികസനപരവും നിയന്ത്രണാധികാര പരവുമായ
നയങ്ങളെക്കുറിച്ചുള്ള കുറിപ്പ്

ഈ കുറിപ്പ് വിവിധ വികസനപരവും നിയന്ത്രണാധികാരപരവുമായ നയങ്ങളിൽ ഇനിപ്പറയുന്ന വിഷയങ്ങളിലുള്ള നടപടികളെക്കുറിച്ചുള്ളതാണ്.

(i) ലിക്വിഡിറ്റി കൈകാര്യ കർത്തൃത്വവും ഉദ്ദിഷ്ട മേഖലകൾക്കായുള്ള സഹായവും, (ii) നിയന്ത്രണാധികാരവും മേൽനോട്ടവും; (iii) ഋണ കൈകാര്യകർത്തൃത്വം; (iv) പേയ്മെന്റ്, സെറ്റിൽമെന്റ് രീതികൾ; (v) സാമ്പത്തിക ഉൾച്ചേർക്കൽ; (vi) വിദേശവാണിജ്യ വായ്പകൾ

1. ലിക്വിഡിറ്റി നടപടികൾ

ടിഎൽടിആർഒ ഓൺ ടാപ് സ്കീം - സമയപരിധി ദീർഘിപ്പിക്കൽ

ഒരുപോലെ തന്നെ ബാക്ക് വേഡ് ലിങ്കേജുകളും ഫോർവേഡ് ലിങ്കേജുകളുമുള്ളവയും, വളർച്ചയെ സംബന്ധിച്ചിടത്തോളം പലമടങ്ങ് പ്രഭാവമുള്ളവയുമായ നിർദ്ദിഷ്ട മേഖലകളിലെ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള ലിക്വിഡിറ്റി നടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ആർബിഐ 2020 ഒക്ടോബർ 9ന് ടിഎൽടിആർഒ ഓൺ ടാപ് പദ്ധതി പ്രഖ്യാപിക്കുകയും അതിന് 2021 മാർച്ച് 31 വരേയ്ക്കും പ്രാബല്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 2020 ഒക്ടോബർ 21ന് പ്രഖ്യാപിച്ച അഞ്ച് മേഖലകളെ കൂടാതെ കാമത്ത് കമ്മിറ്റി തെരഞ്ഞെടുത്ത 26 പീഢിത മേഖലകളെയും 2020 ഡിസംബർ 4ന് ടാപ് ടിഎൽടിആർഒ പ്രകാരം അർഹതയുള്ള മേഖലകളുടെ കൂട്ടത്തിൽപ്പെടുത്തുകയും എൻ ബി എഫ് സി കൾക്കുള്ള ബാങ്ക് വായ്പകളെയും 2021 ഫെബ്രുവരി 5ന് ഉൾപ്പെടുത്തുകയും ചെയ്തു. ഈ പദ്ധതി പ്രകാരം ബാങ്കുകൾക്ക് ലഭ്യമായ ലിക്വിഡിറ്റി കോർപ്പറേറ്റ് ബോണ്ടുകൾ, കൊമേഴ്സ്യൽ പേപ്പർ, ഈ മേഖലകളിൽ പ്രവർത്തനം നടത്തുന്ന കമ്പനികൾ പുറപ്പെടുവിക്കുന്ന നോൺ - കൺവേർട്ടിബിൾ ഡിബഞ്ചറുകൾ എന്നിവയിൽ വിന്യസിക്കേണ്ടതുമാണ്; ഈ മേഖലകളിൽ ബാങ്ക് വായ്പകൾ നൽകുവാൻ വേണ്ടിയും ഇത് ഉപയോ​ഗപ്പെടുത്താവുന്നതാണ്. ഈ സൗകര്യപ്രകാരം ബാങ്കുകൾ നടത്തുന്ന മുതൽമുടക്കുകൾ' ഹെൽഡ് ടു മച്യൂരിറ്റി' (എച്ച്ടിഎം) ആയി തരംതിരിക്കാവുന്നതും മൊത്തം മുതൽ മുടക്കിന്റെ 25 ശതമാനത്തിലധികം പോലും എച്ച് ടി എം പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്താൻ അനുവാദമുള്ളതുമാകുന്നു. ഈ സൗകര്യത്തിൻ കീഴിൽ നൽകുന്ന എല്ലാ വായ്പകളെയും വൻകിട വായ്പകളായി കണക്കാക്കുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുകയുമാണ്. ഈ പദ്ധതിയെ കുറിച്ച് നടത്തിയ ഒരു അവലോകനത്തിൽ ടിഎൽടിആർഒ ഓൺ ടാപ് സ്കീം 2021 സെപ്തംബർ 30 വരെയുള്ള ആറ് മാസക്കാലത്തേക്ക് കൂടി നീട്ടാൻ ഇപ്പോൾ തീരുമാനമായിട്ടുണ്ട്.

2. അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന ലിക്വിഡിറ്റി സൗകര്യം

കോവിഡ്-19 മഹാമാരിയുടെ അനന്തര ഫലങ്ങളുടെ പശ്ചാത്തലത്തിൽ സമ്പദ്ഘടനയിലേക്ക് വായ്പാ പ്രവാഹം അനുസ്യൂതം തുടരുന്നത് ഉറപ്പ് വരുത്താൻ വേണ്ടി എല്ലാ അഖിലേന്ത്യാ ധനകാര്യസ്ഥാപനങ്ങൾക്കും 2020 ഏപ്രിൽ -ഓ​ഗസ്റ്റ് കാലയളവിൽ മൊത്തം 75,000 കോടി രൂപയുടെ പ്രത്യേക റീഫൈനാൻസ് സൗകര്യം നൽകുകയുണ്ടായി. നാഷണൽ ബാങ്ക് ഫോർ അ​ഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലമെന്റ് (നബാർഡ്); സ്മാൾ ഇൻഡസ്ട്രീസ് ഡെവലമെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി); നാഷണൽ ഹൗസിങ് ബാങ്ക് (എൻഎച്ച്ബി), എക്സിം ബാങ്ക് എന്നിവയ്ക്കാണ് ഇപ്രകാരം റീഫൈനാൻസ് സൗകര്യം നൽകിയത്. ഈ സൗകര്യങ്ങൾ ഒരു വർഷക്കാലത്തേക്ക് ലഭ്യമായിരിക്കുന്നതാണ്. നബാർഡ്, സിഡ്ബി, എൻഎച്ച്ബി എന്നിവ 2020 ഏപ്രിൽ - മെയ് കാലയളവിൽ അവയ്ക്ക് നൽകിയ പണം തിരിച്ചടക്കുന്നതാണ്. ഇപ്പോഴും പ്രാരംഭദശയിൽത്തന്നെ കാണപ്പെടുന്ന സമ്പദ്ഘടനയുടെ വളർച്ചാപ്രവണതകൾ പരിപോഷിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ 2021-22 കാലയളവിൽ പുതുതായി 50,000 കോടി രൂപ കൂടി വായ്പകൾ നൽകാനായി അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. അതിൻ പ്രകാരം കൃഷിയ്ക്കും അനുബന്ധപ്രവർത്തനങ്ങൾക്കും ​ഗ്രാമീണ കാർഷികേതര മേഖല, ബാങ്കിങ്-ഇതര ധനകാര്യ കമ്പനികൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കും പിൻബലമേകാൻ ഒരു പ്രത്യേക ലിക്വിഡിറ്റി സൗകര്യമായി 25,000 കോടി രൂപ നബാർഡിന് നൽകുന്നാണ്. നാഷണൽ ഹൗസിങ് ബാങ്കിന് ഭവന നിർമ്മാണമേഖലയിൽ വിനിയോ​ഗിക്കുന്നതിന് ഒരു വർഷത്തേക്ക് 10,000 കോടി രൂപ നൽകും. സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി ഈ ലിക്വിഡിറ്റി സൗകര്യ പ്രകാരം ഒരു വർഷക്കാലത്തേക്ക് 15,000 കോടി രൂപ അനുവദിക്കുന്നതാണ്. ഇപ്പറഞ്ഞ മൂന്ന് ലിക്വിഡിറ്റി സൗകര്യങ്ങളും നിലവിലുള്ള പോളിസി റിപ്പോ നിരക്കിലായിരിക്കും ലഭ്യമാക്കുക.

II നിയന്ത്രണാധികാരവും മേൽനോട്ടവും

3. പെയ്മെന്റ് ബാങ്കുകളിലെ ഓരോ ഇടപാടുകാരന്റെ പേരിലും ദിനാന്ത്യത്തിൽ സൂക്ഷിക്കാവുന്ന പരമാവധി നീക്കിയിരിപ്പ് തുക 1 ലക്ഷം രൂപയിൽ നിന്നും 2 ലക്ഷം രൂപയായി ഉയർത്തുന്നു .

2014 നവമ്പർ 27ന് പുറപ്പെടുവിച്ചതും ഇപ്പോൾ നിലവിലിരിക്കുന്നതുമായ 'പെയ്മെന്റ് ബാങ്കുകൾക്ക് ലൈസൻസ് നൽകാനായുള്ള മാർ​ഗ രേഖകൾ' പ്രകാരം ഓരോ ഇടപാടുകാരന്റെ പേരിലും സൂക്ഷിക്കാവുന്ന പരമാവധി നിക്ഷേപ നീക്കിയിരിപ്പ് തുക 1 ലക്ഷം രൂപയാണ്. പെയ്മെന്റ് ബാങ്കുകളുടെ പ്രവർത്തനത്തെക്കുറിച്ച് നടത്തിയ ഒരു അവലോകനത്തിന്റെ അടിസ്ഥാനത്തിലും, എംഎസ്എംഇ-കൾ, ചെറുകിട വ്യാപാരികൾ, കച്ചവടക്കാർ എന്നിവരടക്കമുള്ള ഇടപാടുകാരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള അവയുടെ ത്രാണി വർധിപ്പിക്കാനുമായി ഓരോ ഇടപാടുകാരന്റെയും പേരിൽ ദിനാന്ത്യത്തിൽ സൂക്ഷിക്കാവുന്ന പരമാവധി നീക്കിയിരിപ്പുതുക 1 ലക്ഷം രൂപയിൽ നിന്നും 2 ലക്ഷം രൂപയായി ഉയർത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ വിഷയത്തിൽ പ്രത്യേകമായി ഒരു സർക്കുലർ പുറപ്പെടുവിക്കുന്നതായിരിക്കും.

4. ആസ്തി പുനർനിർമ്മാണ കമ്പനികൾ - കമ്മിറ്റി രൂപീകരണം

2002ൽ സെക്യൂരൈറ്റേഷൻ ആന്റ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആന്റ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് (സർഫേസി) ആക്ട് നിയമനിർമ്മാണത്തെത്തുടർന്ന് ഈ മേഖലയുടെ വികസനം സാധ്യമാക്കാനും എആർസികളുടെ സു​ഗമമായ പ്രവർത്തനത്തിന് സൗകര്യമൊരുക്കാനുമായി 2003ൽ ആസ്തി പുനർനിർമ്മാണ കമ്പനികൾക്കായി നിയന്ത്രണപരമായ മാർ​ഗരേഖകൾ പുറപ്പെടുവിച്ചിരുന്നു. അതിനുശേഷം ഏആർസികളുടെ എണ്ണവും വലുപ്പവും വർധിച്ചുവെങ്കിൽ കൂടിയും പീഢിത ആസ്തികളുടെ പ്രശ്നപരിഹാരത്തിനായുള്ള അവയുടെ ശേഷി ഇനിയും പൂർണ്ണമായി ഉപയോ​ഗിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ധനകാര്യ മേഖല ആവാസവ്യവസ്ഥിതിയിലെ എആർസി-കളുടെ പ്രവ‍ർത്തനത്തെക്കുറിച്ച് സമ​ഗ്രമായ ഒരു അവലോകനം നടത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ഈ കമ്മിറ്റി, ധനകാര്യ മേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഏആർസികളെ ശക്തമാക്കാൻ വേണ്ട ഉചിതമായ നടപടികളെക്കുറിച്ച് ശിപാർശചെയ്യേണ്ടതാണ് കമ്മിറ്റിയുടെ ഘടനയെക്കുറിച്ചും അതിന്റെ പരിശോധനാ വിഷയങ്ങളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ പ്രത്യേകമായി അറിയിക്കുന്നതായിരിക്കും.

5. എൻ ബി എഫ് സി-കൾ മുഖേന തുടർവായ്പകൾ നൽകാൻ ബാങ്കുകളെ അനുവദിക്കൽ

കയറ്റുമതി, തൊഴിൽ രം​ഗങ്ങളിലൂടെ സാമ്പത്തിക വളർച്ചയ്ക്കായി ​ഗണ്യമായ സംഭാവന നൽകുന്ന മേഖലകൾക്ക് വായ്പകൾ ലഭ്യമാക്കുന്നതിൽ എൻ ബി എഫ് സി-കൾ നിറവേറ്റുന്ന പങ്ക് അം​ഗീകരിച്ചുകൊണ്ടും, എൻ ബി എഫ് സികളുടെ ലിക്വിഡിറ്റി നില നിർത്തുകയെന്ന ഉദ്ദേശ്യത്തോടെയും, ബാങ്കുകൾ, രജിസ്റ്റർ ചെയ്യപ്പെട്ട എൻ ബി എഫ് സി-കളുടെ (എം എഫ് ഐ ഒഴികെയുള്ള) നൽകുന്ന വായ്പകളിൽ ഒരു ബാങ്കിന്റെ മൊത്തം മുൻ​ഗണനാ മേഖല വായ്പകളുടെ 5 ശതമാനം വരെയുള്ള വായ്പകളെ കൃഷി/എംഎസ്എംഇ/ ഭവനനിർമാണ മേഖലകളിൽ തുടർവായ്പകൾ നൽകുന്നതിനായി മുൻ​ഗണനാ മേഖല വായ്പകളായി 2020 മാർച്ച് 31 വരേയ്ക്കും തരം തിരിക്കാവുന്നതാണെന്ന് 2019 ഓ​ഗസ്റ്റിൽ തീരുമാനിച്ചിരുന്നു. ഈ ഇളവ് പിന്നിട് 2021 മാർച്ച് 31 വരേയ്ക്കും നീട്ടി. 2020 ഡിസംബർ ആയപ്പോഴേക്കും നിർദ്ദിഷ്ട മുൻ​ഗണനാ മേഖലകൾക്ക് തുടർവായ്പകൾ നൽകുന്നതിനായി 37,000 കോടി രൂപയോടടുത്ത തുക ബാങ്കുകൾ എൻ ബി എഫ് സി-കൾക്ക് നൽകിക്കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വേ​ഗത്തിലുള്ള സാമ്പത്തിക പുനഃപ്രാപ്തിക്ക് സഹായകരമാകാൻ വേണ്ടി ഈ മേഖലകളിലേക്കുള്ള വായ്പാ ലഭ്യത അനുസ്യൂതം തുടരണമെന്ന ഉദ്ദേശ്യത്തോടുകൂടി, തുടർ വായ്പകൾ നൽകാനായി ബാങ്കുകൾ എൻ ബി എഫ് സികൾക്ക് നൽകുന്ന വായ്പകളെ മുൻ​ഗണനാ മേഖല വായ്പകളുമായി തരംതിരിക്കാനുള്ള അനുമതിയുടെ കാലാവധി 2021 സെപ്തംബർ 30 വരെയുള്ള ആറ് മാസക്കാലത്തേക്ക് കൂടി നീട്ടിയിരിക്കുന്നു.

6. മുൻ​ഗണനാമേഖല വായ്പാ വിതരണത്തിനായുള്ള മാർ​​ഗരേഖകൾ- ഇ എൻ ഡബ്യൂആർ/ എൻഡബ്യൂആർ ഈടിൻമേൽ നൽകുന്ന വായ്പകളുടെ പരിധി ഉയർത്തൽ

ഒറ്റയായ കർഷകർക്ക് കാർഷികോത്പന്നങ്ങളുടെയും, വെയർഹൗസിങ് ഡെവലപ്മെന്റ് ആന്റ് റ​ഗുലേറ്ററി അതോറിട്ടി (ഡബ്യൂഡിആർഎ)യിൽ രജിസ്റ്റർ ചെയ്തതും അതിന്റെ നിയന്ത്രണാധികാരത്തിൻ കീഴിൽ പ്രവർത്തിക്കുന്നവയുമായ വെയർഹൗസുകൾ പുറപ്പെടുവിച്ചുള്ള നെ​ഗോഷ്യബിൾ വെയർഹൗസ് രസീതുകൾ (എൻഡബ്യൂആർ)/ഇലക്ടോണിക് എൻഡബ്യൂആർ (ഇ-എൻഡബ്യൂആർ) -ന്റെയും ഈട്/ചൂണ്ടിപ്പണയത്തിൻമേൽ കാർഷിക വായ്പകൾ നൽകുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ, ഡബ്യൂഡിആർഎ-യിൽ രജിസ്റ്റർ ചെയ്യപ്പെട്ടവയും അതിന്റെ നിയന്ത്രണാധികാരത്തിൻ കീഴിലുള്ളവയുമായ വെയർഹൗസുകൾ പുറപ്പെടുവിക്കുന്ന എൻഡബ്യൂആർ/ഇ-എൻഡബ്യൂആർ-ന്റെയും പിൻബലത്തോടെയുള്ള കാർഷികോത്പന്നങ്ങളുടെ ഈട് / ചൂണ്ടിപ്പണയത്തിന്മേൽ നൽകുന്ന വായ്പകളുടെ പരിധി ഒരാൾക്ക് 50 ലക്ഷം രൂപയിൽ നിന്നും 75 ലക്ഷം രൂപയാക്കി ഉയർത്താൻ തീരുമാനിച്ചിരിക്കുന്നു. മറ്റ് വെയർഹൗസ് രസീതുകളുടെ ഈടിന്മേൽ നൽകുന്ന മുൻ​ഗണനാ മേഖല വായ്പകളുടെ പരിധി ഒരാൾക്ക് 50 ലക്ഷം രൂപ എന്ന നിരക്കിൽ തുടരുന്നതായിരിക്കും. ഈ വിഷയത്തിലെ സർക്കുലർ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്.

III ഋണകൈകാര്യകർത്തൃത്വം

7. സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള വെയ്സ് ആന്റ് മീൻസ് അഡ്വാൻസസ് (ഡബ്യൂഎംഎ) വായ്പകളുടെ പരിധിയുടെ പുനരവലോകനം

സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും റിസർവ് ബാങ്ക് അനുവദിക്കുന്ന വെയ്സ് ആന്റ് മീൻസ് അഡ്വാൻസുക (ഡബ്യൂഎംഎ)ളുടെ പരിധികൾ അവലോകനം ചർച്ചചെയ്യുവാനും ബന്ധപ്പെട്ട് മറ്റ് വിഷയങ്ങൾ പരിശോധിക്കാനുമായി 2019 ഓ​ഗസ്റ്റിൽ റിസർവ്ബാങ്ക് ഒരു ഉപദേശകസമിതി (അധ്യക്ഷൻ: ശ്രീ സുധീർ ശ്രീവാസ്തവ) രൂപീകരിക്കുകയുണ്ടായി. നിലവിലുള്ള പരിധിയായ 32,225 കോടി രൂപ (2016 ഫെബ്രുവരിയിൽ നിശ്ചയിച്ചത്) യ്ക്ക് പകരം എല്ലാ സംസ്ഥാനങ്ങൾക്കുമായി 47,010 കോടി രൂപയുടെ പുതുക്കിയ മൊത്തം പരിധിയാണ് സമിതി ശിപാർശ ചെയ്തത്. ഏകദേശം 46% വർധനയാണ് ഉണ്ടായത്. 2021 ഏപ്രിൽ 1 മുതൽക്ക് 2021 സെപ്തംബർ 30 വരെയുള്ള ആറ് മാസക്കാലയളവിലേക്ക് ഉയർന്ന നിരക്കിലുള്ള ഇടക്കാല ഡബ്യൂഎംഎ പരിധിയായ 51560 കോടി രൂപ (മഹാമാരിക്കാലത്ത് അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെ തരണം ചെയ്യുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും സഹായിക്കാനായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് അനുവദിച്ച നിലവിലുള്ള പരിധിക്കുമേൽ 60 ശതമാനം വർധനയോടെ) തുടരാനും കൂടി സമിതി ശിപാർശ ചെയ്യുകയുണ്ടായി. രണ്ട് ശിപാർശകളും റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.

IV സാമ്പത്തിക ഉൾച്ചേർക്കൽ

8. സാമ്പത്തിക ഉൾച്ചേർക്കൽ സൂചിക

ലോക വ്യാപകമായി സ്ഥായിയായ ആസകല വികസനം കൈവരിക്കുന്നതിന് പ്രാപ്തമാക്കുന്ന ഒരു മുഖ്യഘടകമായിട്ടാണ് സാമ്പത്തിക ഉൾച്ചേർക്കൽ കണക്കാക്കപ്പെടുന്നത്. സർക്കാരിനും റിസർവ് ബാങ്കിനും മറ്റ് നിയന്ത്രണാധികാരികൾക്കും ഇത് ഒരു കാതലായ മേഖലയാണ്. ഈ വിഷയത്തിൽ വർഷങ്ങളായി ഒട്ടേറെ നടപടികൾ സ്വീകരിക്കുകയും ഗണ്യമായ പുരോ​ഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക ഉൾച്ചേർക്കലിന്റെ വ്യാപ്തി അളക്കുവാനായി റിസർവ് ബാങ്ക് ഒരു സൂചിക നിർമിക്കുകയും, ആനുകാലികമായി ഒരു 'സാമ്പത്തിക ഉൾച്ചേർക്കൽ സൂചിക - ഫിനാൻഷ്യൽ ഇൻക്ളൂഷൻ ഇൻഡെക്സ് (എഫ്ഐ ഇൻഡെക്സ്) - പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും. ഈ എഫ് ഐ ഇൻഡെക്സ് അനവധി മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതും രാജ്യത്തെ സാമ്പത്തിക ഉൾച്ചേർക്കലിന്റെ ആഴത്തെയും പരപ്പിനെയും പ്രതിഫലിപ്പിക്കുന്നതുമായിരിക്കും. തുടക്കമെന്ന നിലയിൽ മുൻവർഷത്തെ മാർച്ചിൽ അവസാനിക്കുന്ന ധനകാര്യ വർഷത്തേക്കുള്ള എഫ് ഐ സൂചിക വാർഷികാടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

V പെയ്മെന്റ് സിസ്റ്റം

9 കേന്ദ്രീകൃത പേയ്മെന്റ് സമ്പ്രദായങ്ങൾ (സെൻട്രലൈസ്ഡ് പെയ്മെന്റ് സിസ്റ്റംസ് - സിപിഎസ്) ആർടിജിഎസ് -ഉം നെഫ്ട് - ബാങ്ക് - ഇതര കമ്പനികൾക്ക് നൽകുന്ന അം​ഗത്വം.

ആർബിഐ പ്രവർത്തിപ്പിക്കുന്ന കേന്ദ്രീകൃത പെയ്മെന്റ് സമ്പ്രദായങ്ങൾ (സിപിഎസ്-കൾ) ആർടിജിഎസ്, നെഫ്ട് എന്നിവ - ഇത് വരേയ്ക്കും ബാങ്കുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ചുരുക്കം ചില അപവാദങ്ങൾ ക്ലിയറിങ് കോർപ്പറേഷനുകൾ, തിരഞ്ഞെടുക്കപ്പെട്ട ഡെവല‍പ്മെന്റ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള സവിശേഷ കമ്പനികൾ മാത്രമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പെയ്മെന്റ് രം​ഗത്ത് പ്രവർത്തിക്കുന്ന ബാങ്ക് - ഇതര കമ്പനികൾ (ഉദാഹരണത്തിന്, പ്രീപെയ്ഡ് പെയ്മെന്റ്, ഇൻസ്ട്രമെന്റ് (പിപിഐ) പുറപ്പെടുവിക്കുന്നവർ, കാർഡ് നെറ്റ് വർക്കുകൾ, വൈറ്റ് ലേബൽ എടിഎം (ഡബ്ല്യൂ എൽ എ) സംവിധാനം പ്രവർത്തിപ്പിക്കുന്നവർ, ട്രേഡ് റിസീവബിൾസ് ഡിസ്ക്കൗണ്ടിങ് സിസ്റ്റം (ടിആർഇഡിഎസ്) പ്ലാറ്റ് ഫോറങ്ങൾ എന്നിവയുടെ പങ്ക് പ്രാധാന്യത്തിലും വ്യാപ്തിയിലും വർധിച്ചിട്ടുണ്ട്. ഇതിന് കാരണം ഇവ അതിന്യൂതന സാങ്കേതിക വിദ്യകൾ കണ്ടുപിടിച്ചതും ഉപയോക്താക്കൾക്ക് ആവശ്യാനുസരണമുള്ള സേവനങ്ങൾ നൽകുന്നതുമാണ്. ഈ ചലനം ശക്തമാക്കാനും, പെയ്മെന്റ് സമ്പ്രദായങ്ങളിൽ ബാങ്ക്-ഇതര സ്ഥാപനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമായി ഘട്ടംഘട്ടമായി. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൻ കീഴിൽ, പെയ്മെന്റ് സമ്പ്രദായ ഓപ്പറേറ്റർമാരെ കേന്ദ്രീകൃത പെയ്മെന്റ് സമ്പ്രദായങ്ങളിൽ (സിപിഎസ്) നേരിട്ട് അം​ഗത്വമെടുക്കാൻ പ്രാപ്തരാക്കാൻ ഉദ്ദേശിക്കുന്നു. ഇടപാടുകൾ തീർപ്പാക്കുന്നതിൽ ഉണ്ടാകാവുന്ന നഷ്ടം ലഘൂകരിക്കാനും ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ എല്ലാ വിഭാ​ഗം ഉപയോക്താക്കളിൽ എത്തിക്കാനും ഈ സൗകര്യം വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നുവരികിലും, ഈ സിപിഎസ്-കളിൽ ഈ സ്ഥാപനങ്ങൾക്ക് അവരുടെ ഇടപാടുകൾ തീർപ്പാക്കുന്നതിലേക്കായി റിസർവ് ബാങ്കിൽ നിന്നും എന്തെങ്കിലും ലിക്വിഡിറ്റി സൗകര്യങ്ങൾ ലഭിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല. ഈ വിഷയത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുന്നതായിരിക്കും.

10. പ്രീപെയ്ഡ് പെയ്മെന്റ് ഇൻസ്ട്രമെന്റ് (പിപിഐ)കളുടെ പരസ്പര പ്രവർത്തന ക്ഷമതയും അക്കൗണ്ട് പരിധി 2 ലക്ഷം രൂപയായി ഉയർത്തലും

പെയ്മെന്റ് ഉപകരണ (കാർഡുകൾ, വാലെറ്റുകൾ മുതലായവ പോലുള്ള) ങ്ങളുടെ അനുകൂലതമമായ ഉപയോ​ഗം പ്രോത്സാഹിപ്പിക്കാനും, ഈ ഉപകരണങ്ങൾ സ്വീകരിക്കുവാൻ ആവശ്യമായ അടിസ്ഥാന സൗകര്യ (പിഒഎസ് ഉപായങ്ങൾ, എടിഎം, ക്യൂ ആർ കോഡുകൾ, ബിൽ-പെയ്മെന്റ് ടച്ച് പോയിന്റുകൾ മുതലായവ പോലുള്ള) ങ്ങളുടെ ദൗർലഭ്യവും പരി​ഗണിച്ച്, ഉപകരണങ്ങൾ പുറപ്പെടുവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ബാങ്കുകൾ അല്ലെങ്കിൽ ബാങ്ക് - ഇതര സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള പരസ്പര പ്രവർത്തനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് ഊന്നിപ്പറഞ്ഞിരിക്കുന്നു. 2017 ഒക്ടോബർ 11ന് പുറപ്പെടുവിച്ച ''മാസ്റ്റർ സർക്കുലർ ഓൺ ഇഷ്യൂയൻസ് ആന്റ് ഓപ്പറേഷൻ ഓഫ് പിപിഐ'', ബാങ്കുകൾ അല്ലെങ്കിൽ ബാങ്ക് - ഇതര സ്ഥാപനങ്ങൾ എന്നിവ പുറപ്പെടുവിക്കുന്നു പിപിഐ-കൾ തമ്മിലുള്ള പരസ്പര പ്രവർത്തന ക്ഷമത ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനായുള്ള അനുക്രമണ ചിത്രം വരച്ചുകാട്ടുന്നുണ്ട്. അതിനുശേഷം, 2018 ഒക്ടോബറിൽ പുറപ്പെടുവിച്ച മാർ​ഗ രേഖകൾ, സ്വമേധയാ ആയ ഒരടിസ്ഥാനത്തിലാണെങ്കിൽ കൂടിയും, പിപിഐ-കൾ പൂർണ-കെവൈസി നിബന്ധനകൾ പാലിക്കുന്നവയായാതിനാൽ ഉപകരണങ്ങളുടെ പരസ്പര പ്രവർത്തനത്തിന് സൗകര്യമൊരുക്കി. രണ്ട് വർഷങ്ങൾ കടന്നുപോയെങ്കിൽ കൂടിയും സമ്പൂർണ്ണ - കെവൈസി പിപിഐ-കൾ എന്ന സ്ഥിതിയിലേക്കും, അക്കാരണത്താൽ പരസ്പര പ്രവർത്തനക്ഷമതയിലേക്കുമുള്ള ​ഗമനവും ഇനിയും സാരവത്തായിട്ടില്ല. അക്കാരണത്താൽ സമ്പൂർണ്ണ - കെവൈസി പിപിഐ-കൾക്കും ഉപകരണങ്ങൾ സ്വീകരിക്കുന്ന എല്ലാ അടിസ്ഥാന സംവിധാനങ്ങൾക്കും പരസ്പര പ്രവർത്തന ക്ഷമത നിർബന്ധിതമാക്കാൻ തീരുമാനിച്ചിരിക്കുന്നു. പിപിഐകൾ സമ്പൂർണ്ണ കൈവൈസിയിലേക്ക് പരിവർത്തനം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി അത്തരം പിപിഐ-കളുടെ നീക്കിയിരുപ്പുതുകയുടെ പരിധി നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്നും രണ്ട് ലക്ഷം രൂപയായി വർധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധമായ നിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുന്നതായിരിക്കും.

11. ബാങ്ക് - ഇതര സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന സമ്പൂർണ്ണ - കൈവൈസി പിപിഐകളിൽ നിന്നും പണം പിൻവലിക്കാനുള്ള അനുവാദം നൽകൽ

നിലവിൽ, ബാങ്കുകൾ പുറപ്പെടുവിക്കുന്ന സമ്പൂർണ-കൈവൈസി പിപിഐകൾക്ക് മാത്രമാണ് പണം പിൻവലിക്കാനുള്ള അനുവാദം നൽകിയിരിക്കുന്നത്. ഈ സൗകര്യം എടിഎം, പിഒഎസ് ടെർമിനലുകൾ എന്നിവയിലൂടെ ലഭ്യമാണ്. അത്തരം പിപിഐ കൾ കൈവശമുള്ളവർക്ക് അവരുടെ ആവശ്യാനുസരണം പണം പിൻവലിക്കാമെന്ന ആശ്വാസം ഉള്ളതിനാൽ പണം കയ്യിൽ കൊണ്ടുനടക്കാൻ താത്പര്യം കുറയുകയും അതിൻഫലമായി അവർ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ സാധ്യതയേറുകയും ചെയ്യുന്നു. ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒരു നടപടിയെന്ന നിലയിൽ ബാങ്ക് - ഇതര പിപിഐ പുറപ്പെടുവിക്കുന്ന സ്ഥാപനങ്ങളുടെ സമ്പൂർണ്ണ കൈവൈസി പിപിഐ-കൾക്കും കൂടി, ഒരു പരിധിക്ക് വിധേയമായി, പണം പിൻവലിക്കാനുള്ള അനുവാദം നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഈ നടപടിയും, ഒപ്പം പരസ്പര പ്രവർത്തനത്തിനുള്ള കൽപ്പനയും കൂടി ചേരുമ്പോൾ, അത് സമ്പൂർണ - കെവൈസി പിപിഐകളിലേക്കുള്ള ​ഗമനം ഉത്തേജിപ്പിക്കുകയും, ഒപ്പം തന്നെ, ടയർ III മുതൽ VI വരെയുള്ള കേന്ദ്രങ്ങളിൽ ഉപകരണങ്ങൾ സ്വീകരിക്കാനുള്ള അടിസ്ഥാന സംവിധാനത്തിന് അത് തുണയാകുകയും ചെയ്യും. ആവശ്യമായ നിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുന്നതായിരിക്കും.

VI വിദേശ വാണിജ്യ കടം വാങ്ങലുകൾ

12 എക്സ്റ്റേണൽ കൊമേഴ്സ്യൽ ബോറോയിങ് (ഇസിബി) വഴി ലഭ്യമാകുന്ന പണം സ്ഥിര നിക്ഷേപങ്ങളിൽ സൂക്ഷിക്കുന്നതിനുള്ള കാലയളവിലെ ഇളവ്

നിലവിലെ ഇസിബി ചട്ടക്കൂടിൻ കീഴിൽ, ഇസിബി വായ്പകൾക്ക്, ഇസിബി വഴിലഭ്യമാകുന്ന പണം ഇന്ത്യയിലുള്ള എഡി കാറ്റ​ഗറി - 1 ബാങ്കുകളിൽ പരമാവധി 12 മാസക്കാലത്തേക്ക് സ്ഥിര നിക്ഷേപമായി സൂക്ഷിക്കാൻ അനുവാദമുണ്ട്. ഇപ്രകാരം വായ്പയെടുത്തവർക്ക്, അവർ ഇതിനകം ഇസിബി കളിൽ നിന്നും പിൻവലിച്ച പണം, കോവിഡ്-19 കാരണമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും മൂലം ഉപയോ​ഗിക്കുന്നതിൽ നേരിടുന്ന പ്രയാസം കണക്കിലെടുത്ത്, മുൻ പറഞ്ഞ നിബന്ധന, ഒരു ഒറ്റത്തവണ നടപടിയെന്ന നിലയിൽ അവർക്ക് ആശ്വാസം നൽകുകയെന്ന ഉദ്ദേശ്യത്തോടെ ഇളവ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. അപ്രകാരം 2020 മാർച്ച് 1നോ അതിന് മുൻപോ ഇസിബി-യി​ൽ നിന്നും പിൻവലിക്കപ്പെട്ടതും ഉപയോ​ഗിക്കാത്തതുമായ പണം 2022 മാർച്ച് 1 വരേയ്ക്കും എഡി കാറ്റ​ഗറി - 1 ബാങ്കുകളിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കാവുന്നതാണ്. ഈ വിഷയത്തിൽ മാർ​ഗരേഖകൾ പ്രത്യകം പുറപ്പെടുവിക്കുന്നതാണ്.

യോ​ഗേഷ് ദയാൽ
(ചീഫ് ജനറൽ മാനേജർ)

പ്രസ് റിലീസ്: 2021-2022/17

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?